സിക്കാഡ ചീവീടുകൾ
വീര്‍ത്ത തേനീച്ചയെപ്പോലെ കാഴ്ചയില്‍ തോന്നുന്ന പ്രാണിയാണ് ചീവീട്. എന്നാല്‍ക്രിക്കറ്റുകള്‍ തുള്ളന്മാരെപ്പോലെ ഉള്ള കുഞ്ഞ് പ്രാണികള്‍ ആണ്. രണ്ടിനെയും നമ്മള്‍ ചീവിടെന്ന് മാറി വിളിക്കുന്നു. പക്ഷെരണ്ടും വ്യത്യസ്ത ജീവികളാണ്.
ചീവീടിന്റെ ഒച്ച കേള്‍ക്കാത്തവരുണ്ടാവില്ല. പക്ഷെ അതിനെ കണ്ടവര്‍ അധികം കാണില്ല. കാത് തുളക്കുന്ന ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ഏത് ദിശയില്‍ നിന്ന്, എത്ര ദൂരത്ത് നിന്നാണ് ഒച്ച വരുന്നത് എന്നത് തിരിച്ചറിയാന്‍ നമുക്ക് പ്രയാസമാണ്. ഒരേ നിലയില്‍ തന്നെ നില്‍ക്കുന്ന പിച്ച് ആയിരിക്കും ഉണ്ടാകുക. ചെറുപ്പത്തിന്റെ കൗതുകങ്ങളില്‍' ക്രീഈ' ശബ്ദത്തിന്റെ ഉറവിടം തേടി നടന്ന് ആളെ കണ്ടെത്തിയ ഓര്‍മ്മകള്‍ ചിലര്‍ക്കുണ്ടാകും. അതിനെ പിടിച്ച് തീപ്പെട്ടിയില്‍ ഇട്ടുവെച്ച് ഈര്‍ക്കില്‍ കഷണം ഉള്ളിലോട്ട് കയറ്റിത്തിരിച്ച് വോളിയം, ഓണ്‍ ഓഫ് നോബുകള്‍ ഉണ്ടാക്കി പേടിപ്പിച്ച് പ്രവര്‍ത്തിപ്പിച്ച കുഞ്ഞ് റേഡിയോക്കഥകളും അതില്‍പ്പെടും. ( തുമ്പികളെക്കൊണ്ട് കല്ലെടുപ്പിച്ച ക്രൂരന്മാരാണ് ഇന്നത്തെ പല വയസന്മാരും).

ചില ചീവീടു സംഘം 125 ഡെസിബല്‍ വരെയുള്ള കൊടുംശബ്ദം ഉണ്ടാക്കും. ഷഡ്പദങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ഭീകര ശബ്ദം ഉണ്ടാക്കാന്‍ കഴിവുള്ളവര്‍ ചീവീടുകളാണ് .
സത്യത്തില്‍ സ്വന്തം ശബ്ദം സഹിക്കാന്‍ കഴിയാതെ ''ചെവി'' അടച്ചാണ് ഇവര്‍ ശബ്ദം ഉണ്ടാക്കുക. അല്ലെങ്കില്‍ സ്വന്തം ടിമ്പാനം തന്നെഅടിച്ച് പോവും.
വളരെ അടുത്ത് നിന്ന് ചീവീടിന്റെ ശബ്ദം നീണ്ടനേരം കേള്‍ക്കുന്നത് ചിലപ്പോള്‍ നമ്മുടെ കാതിന്റെ പരിപ്പ് ഇളക്കുകയും, കേള്‍വി വരെ നഷ്ടമാവാന്‍ കാരണമാവുകയും ചെയ്യും. ചില കുഞ്ഞ് ഇനങ്ങളുടെ ശബ്ദം വളരെ ഉയര്‍ന്ന പിച്ചിലായതിനാല്‍ നമുക്ക് കേള്‍ക്കാന്‍ പറ്റുകയുമില്ല.
നമ്മള്‍ വിളിക്കുന്നതെല്ലാം ചീവീടല്ല, ക്രിക്കറ്റ് വേറെ സിക്കാഡ വേറെ

വിളിക്കുന്ന ക്രിക്കറ്റ് ചീവീട് (വലത്)
ചീവീട് എന്ന പേരിലും ഉണ്ട് ചില പ്രശ്‌നങ്ങള്‍. കുറുക്കന്‍( Fox) കുറുനരി (Jackal) പേരിലെ പോര് പോലെ തന്നെ. ക്രീ ശബദമുണ്ടാക്കുന്ന സിക്കാഡകള്‍ക്കും ക്രിക്കറ്റുകള്‍ക്കും മലയാളത്തില്‍ ചീവീട് എന്ന ഒറ്റ പേര് തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ കുറുക്കനും കുറുനരിയും പോലെ രണ്ടും വ്യത്യസ്ത ജീവികള്‍ ആണ്. ചില സീസണുകളില്‍ കാട് മുഴുവന്‍ പറന്നും മരച്ചില്ലകളിലും ഇലകളിലും പിടിച്ച് നിന്നും ശബ്ദനിറവ് ഉണ്ടാക്കുന്നവരാണ് സിക്കാഡകള്‍. വീര്‍ത്ത തേനീച്ചയെപ്പോലെ കാഴ്ചയില്‍ തോന്നുന്ന പ്രാണി. എന്നാല്‍ ക്രിക്കറ്റുകള്‍ തുള്ളന്മാരെപ്പോലെ ഉള്ള കുഞ്ഞ് പ്രാണികള്‍ ആണ്. പലതിനും കറുത്ത നിറമാണ്. മണ്ണില്‍ഒറ്റക്ക് കഴിയുന്ന ഇവര്‍ ഉണ്ടാക്കുന്ന ശബ്ദവും വ്യത്യസ്തമാണ്, അവര്‍ കൂട്ടമായി ഒച്ചവെക്കുന്നവരല്ല.
ക്രിക്കറ്റുകളെ ചീവീട് എന്നതുകൂടാതെ മലയാളത്തില്‍ മണ്ണട്ട , കീരാങ്കീരി, കീരാങ്കിരിക്ക എന്നൊക്കെയുള്ള പേരില്‍ വിളിക്കാറുണ്ട്
ചീവീടില്‍ നിന്നോ അതോ സിംഹവാലന്‍ കുരങ്ങില്‍ നിന്നോ സൈലന്റ് വാലിക്ക് പേര് വീണത്
സൈലന്റ് വാലി നഷണല്‍ പാര്‍ക്കിനെക്കുറിച്ച് പറയുമ്പോള്‍ ആദ്യം പറയുന്ന കാര്യം അവിടെ ചീവീടിന്റെ ശബ്ദം ഇല്ല എന്നതാണ്. അങ്ങിനെയാണ് സൈലന്റ് വാലിക്ക് ആ പേര് കിട്ടിയത് എന്നും. എന്നാല്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ സര്‍ജനും സസ്യ ഗവേഷകനും ആയ റോബര്‍ട്ട് ബൈറ്റ് 1857ല്‍ ആണ് ഈ മനോഹര ജൈവ വൈവിധ്യ പ്രദേശം പുറം ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ട് വന്നത്. പൊതുവെ സ്ഥിരം മഴയും ഈര്‍പ്പവുമുള്ള പ്രദേശമായിരുന്നതിനാല്‍ സിക്കാഡകള്‍ കുറവായതിനാലാണ് അവര്‍ നിശബ്ദ താഴ്വര എന്ന മനോഹര പേര് നല്‍കിയത്. അതല്ല ഇവിടെ മാത്രം കാണുന്ന സിംഹവാലന്‍ കുരങ്ങുകളുടെ ശാസ്ത്രനാമമായ Macaca silenus ലെ silenus ആണ് സയലന്റ് വാലി എന്നപേര് വരാന്‍ കാരണം എന്നും കരുതുന്നവരുണ്ട്. പാണ്ഡവര്‍ പാഞ്ചാലിയ്ക്കും കുന്തിയ്ക്കും ഒപ്പം അജ്ഞാതവാസം ചിലവഴിച്ചത് ഇവിടെ ആയിരുന്നു എന്നും , സൈരന്ധ്രി വനം എന്നത് വെള്ളക്കാര്‍ സൈലന്റ് വാലി ആക്കിയതാണ് എന്നും മിത്തുകളില്‍ വിശ്വസിക്കുന്നവര്‍ പറയാറുണ്ട്.
കുന്തിപ്പുഴയും, സൈരന്ധ്രി അക്ഷയ പാത്രം കഴുകിയ പാത്രക്കടവും ഒക്കെ ഉള്ളതിനാല്‍ കഥക്ക് ഒരു കനപ്പും കൂടി ഉണ്ട്. മഴയുടെ അളവില്‍ ഉണ്ടായ വ്യത്യാസംകൊണ്ടാവാം സൈലന്റ് വാലിയിലും സിക്കാഡകളെ കണ്ട് തുടങ്ങി.

ഹെമിപ്‌റ്റെറ ഓര്‍ഡറില്‍ Cicadidae കുടുംബത്തില്‍ പെട്ട ഷഡ്പദമായ സിക്കാഡകള്‍ അന്റാര്‍ട്ടിക്കയില്‍ ഒഴികെ സര്‍വ ഇടങ്ങളിലും ഉണ്ട്. മൂവായിരത്തി ഇരുന്നൂറോളം സ്പീഷിസുകളെ ഇതുവരെയായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇനിയും എത്രയോ സ്പീഷിസുകളെ തിരിച്ചറിയാനുണ്ട്. വലിയ ഉരുളന്‍ തലയും വ്യക്തമായി വേര്‍തിരിഞ്ഞ് നില്‍ക്കുന്ന രണ്ട് ഉണ്ടക്കണ്ണുകളും ( സംയുക്ത നേത്രങ്ങള്‍ ) ഇവര്‍ക്ക് ഉണ്ടാകും. കൂടാതെ രണ്ട് കണ്ണുകള്‍ക്കിടയിലുള്ള സ്ഥലത്ത് കാഴ്ചഗ്രാഹികളായ മൂന്ന് ഓസിലികളും ഉണ്ടാകും. കണ്ണുകളുടെ നിറം സ്പീഷിസുകളനുസരിച്ച് വ്യത്യാസപ്പെടാറുണ്ട്. ചെങ്കണ്ണന്മാരാണ് കൂടുതല്‍. തലയില്‍ വളരെ ചെറിയ രണ്ട് സ്പര്‍ശനികള്‍ കാണും. സുതാര്യമായ മുഞ്ചിറകുകള്‍ക്ക് മൊത്തം ശരീരത്തിനേക്കാള്‍ കൂടുതല്‍ നീളമുണ്ടാകും. ആണ്‍ ചീവീടുകളാണ് ശബ്ദമുണ്ടാക്കുന്നത്. പ്രധാനമായും ഇണകളെ വിളിക്കുന്നതാണ്. അപൂര്‍വ്വമായി ചിലയിനം പെണ്‍ സിക്കാഡകളും ശബ്ദമുണ്ടാക്കും. ശബ്ദം തിരിച്ചറിയുന്നതിനുള്ള ടിമ്പാനങ്ങള്‍ ആണിനും പെണ്ണിനും ഉണ്ട്. വയറിനടിയിലെ ടിംബല്‍സ് എന്നുവിളിക്കുന്ന ഒരു ജോഡി പാളികള്‍ അതിവേഗം തുറന്നടച്ച് വിറപ്പിച്ചാണ് ശബ്ദമുണ്ടാക്കുന്നത്. ശരീരത്തിന്റെ ഉള്‍ഭാഗം കുറേയേറെ പൊള്ളയായതിനാല്‍ ഡ്രം പോലെ പ്രവര്‍ത്തിക്കുന്നതിനാല്‍റസണന്‍സ് വഴി ഇത്രയും ഉയര്‍ന്ന ശബ്ദം ഉണ്ടാക്കാന്‍ പറ്റുന്നു.
കാഴ്ചയില്‍ തുള്ളനെ പോലുള്ള ഈ ക്രിക്കറ്റ് ചീവീടുകള്‍ ശബ്ദമുണ്ടാക്കുന്നത് വേറെ തരത്തില്‍ ആണ്. ചിറകുകളുടെ അഗ്രം പ്രത്യേക രീതിയില്‍ പരസ്പരം ഉരച്ചുണ്ടാക്കുന്ന- Stridulation കിരുകിരുപ്പ് ശബ്ദമാണവരുടെ 'ക്രീഈ'
മണ്ണട്ട ചീവീടുകള്‍ അഥവാ ക്രിക്കറ്റ് ചീവീട്
ഓര്‍ത്തൊപ്‌റ്റെറ ഓര്‍ഡറില്‍ Grylloidea സൂപ്പര്‍ ഫാമിലിയില്‍ ഉള്‍പ്പെട്ട മറ്റൊരു തരം ഷഡ്പദങ്ങളാന് മണ്ണട്ട ചീവീടുകള്‍. കാഴ്ചയില്‍തുള്ളനേപോലുള്ള ഈ ക്രിക്കറ്റ് ചീവീടുകള്‍ ശബ്ദമുണ്ടാക്കുന്നത് വേറെ തരത്തില്‍ ആണ്. ഉരുളന്‍ ശരീരവും നീണ്ട ആന്റിനകളും ഉള്ളവരാണിവര്‍. പിറകിലും ഒരു ജോഡി നീളന്‍ കൊമ്പുകള്‍ (സെര്‍സികള്‍) ഉണ്ടാകും. ചാട്ടക്കാരായതിനാല്‍ പിങ്കാലുകളുടെ തുടഭാഗം നന്നായി തടിച്ചവയാകും. രണ്ട് ജോഡി ചിറകുകളില്‍ മുഞ്ചിറകുകള്‍കൈറ്റിന്‍ കൊണ്ട് നിര്‍മ്മിച്ച ഉറപ്പുള്ള എലിട്ര എന്ന കവചം ആയി രൂപപ്പെട്ടിരിക്കും . ഇതിന്റെ അഗ്രം പ്രത്യേക രീതിയില്‍ പരസ്പരം ഉരച്ചുണ്ടാക്കുന്ന- Stridulation കിരുകിരുപ്പ് ശബ്ദമാണവരുടെ 'ക്രീഈ' . പിഞ്ചിറകുകള്‍ എലിട്രയ്ക്ക് ഉള്ളില്‍ ആണുണ്ടാകുക. പറക്കുമ്പോള്‍ മാത്രമേ അതു കാണുകയുള്ളു. ഭൂരിഭാഗം ഇനങ്ങളും പറക്കാന്‍ കഴിയാത്തവയും ആണ്. പെണ്‍ ക്രിക്കറ്റുകള്‍ക്ക് പൊതുവെ ശബ്ദമുണ്ടാക്കാനുള്ള കഴിവില്ല ( ചില സിക്കാഡകളും ചിറകുകള്‍ ഉരച്ച് ശബ്ദം ഉണ്ടാക്കുന്നതായി കണ്ടിട്ടുണ്ട് )
സിക്കാഡകള്‍ പകലും പുലര്‍ച്ചെയും സന്ധ്യയ്ക്കും ഒക്കെ മാത്രമേസജീവമാകുകയുള്ളു. എന്നാല്‍ ക്രിക്കറ്റുകള്‍ രാത്രി ഇഷ്ടക്കാരാണ്.
ഇണകളെ ആകര്‍ഷിക്കാനും അപകട മുന്നറിയിപ്പിനും കൂട്ടത്തോടെ ഒച്ചയുണ്ടാക്കി ശത്രുക്കളെ പേടിപ്പിച്ചോടിക്കാനും ഒക്കെയാണ് സിക്കാഡാകളും ക്രിക്കറ്റുകളും ശബ്ദപ്പരിപാടി ഉപയോഗിക്കുന്നത്. ഈ ശബ്ദങ്ങള്‍ മിമിക്ക് ചെയ്ത് വഞ്ചിച്ച് ചതിയില്‍ പെടുത്തുന്ന മറ്റ് ജീവികള്‍ ഉണ്ട്.
ചീവീടുകളുടെ വിശേഷങ്ങള്‍

നിംഫില്‍ നിന്ന് ഉറപൊഴിച്ച് സിക്കാഡ ഒഴിച്ചിട്ട ശരീര അവശിഷ്ടം
| വിജയകുമാർ ബ്ലാത്തൂർ
ഇണയെ ആകര്‍ഷിക്കാന്‍ ആണ്‍ ചീവീടുകള്‍ ഒരുക്കുന്ന മഹാസിംഫണിയാണ് പശ്ചിമഘട്ടത്തിലെ നമ്മുടെ കാടുകളുടെ ഐശ്വര്യ ശബ്ദനിറവ് എന്നറിയാമല്ലൊ. സിനിമയിലും നാടകത്തിലും കാട് എന്ന വാക്ക് വന്നാലുടന്‍ പശ്ചാത്തല ശബ്ദമായി ചീവീടിന്റെ 'ക്രീഈഈ' സൗണ്ട് എഫക്റ്റ് റെഡി. രാത്രിയും ഏകാന്തതയും പ്രേതഭവനവുമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. സത്യത്തില്‍ സിക്കാഡ സംഘങ്ങള്‍ പാതിരാത്രി ഒച്ചവെക്കാറില്ല. ക്രിക്കറ്റുകളാണ് രാത്രിക്കാളികള്‍. കൂടാതെ പലതരം കാറ്റ്ഡിഡുകളും തുള്ളന്മാരും ക്രിക്കറ്റുകളെപ്പോലെ ഒച്ചയുണ്ടാക്കും. പക്ഷെ അവരൊന്നും സിക്കാഡകളെപ്പോലെ ഇങ്ങനെ നൂറുകണക്കിന് കൂട്ടമായി സിംഫണി അവതരിപ്പിക്കില്ല. കാട്ടില്‍ സഞ്ചരിച്ചവര്‍ക്ക് ചിലകാലങ്ങളില്‍ ഇത് അനുഭവപ്പെട്ടിട്ടും ഉണ്ടാകും. പകല്‍ മൈലുകളോളം സിക്കാഡ ക്കൂട്ടങ്ങളുടെ ഉയര്‍ന്ന ആവൃതി ശബ്ദം എത്തും. ഒരു എത്തും പിടിയും കിട്ടാത്ത ഇടങ്ങളില്‍നിന്നൊക്കെ ആയിരക്കണക്കിന് പേര്‍ ചേര്‍ന്ന് അലോസര ശബ്ദം ഒരുക്കും. പകല്‍ മേഘം മൂടി ഇരുള്‍ പരക്കുമ്പോള്‍ കരച്ചില്‍ നിര്‍ത്തും.
വളരെ നീണ്ടകാലം അജ്ഞാതവാസം നടത്തി കൃത്യമായ ഇടവേളകളില്‍ പുറത്തേക്ക് വന്ന് ചെറിയ ജീവിതം ജീവിച്ച് ഇണചേര്‍ന്ന് മുട്ടയിട്ട് മറയുന്ന പ്രത്യേക ജീവിതമാണ് സിക്കാഡ ചീവീടുകളുടേത്. സാധാരണയായി രണ്ട് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയാണ് അജ്ഞാതവാസകാലം. എല്ലാ വര്‍ഷവും വേനലവസാനത്തോടെ ഇവ മണ്ണിനുള്ളിലെ ഒളിവിടത്തില്‍ നിന്നും കൂട്ടമായി പുറത്ത് വരും. വടക്കേ അമേരിക്കയില്‍ കണ്ടുവരുന്ന പീരിയോഡിക്കല്‍ സിക്കാഡകളില്‍പെട്ട Magicicada ജീനസില്‍ പെട്ട സിക്കാഡ നിംഫുകള്‍ ( മുട്ട വിരിഞ്ഞ് ഉണ്ടാകുന്ന കുഞ്ഞുങ്ങള്‍) പതിനേഴു വര്‍ഷം മണ്ണില്‍ കഴിഞ്ഞു കൂട്ടിയതിനുശേഷമാണ് അഞ്ചാറ് ആഴ്ച മാത്രം ആയുസ്സുള്ള 'യഥാര്‍ത്ഥ ജീവിതം' ജീവിച്ച് തീര്‍ക്കാന്‍ പുറത്ത് വരുന്നത്.

അമ്മ ചീവീടുകള്‍ ഈര്‍ച്ചവാള്‍ മുനയുള്ള പിന്‍ഭാഗത്തെ സംവിധാനം കൊണ്ട് മരത്തടികള്‍ തുരന്നും വിള്ളലുകളില്‍ ഇറുക്കികയറ്റിയും മുട്ടകള്‍ ഇട്ടു വെക്കും . എന്നിട്ട് ചത്ത് തീരും. വിരിഞ്ഞ് പുറത്തിറങ്ങുന്ന, അരിമണിപോലുള്ള വെളുത്ത നിംഫുകള്‍ കുഞ്ഞിക്കാലുകള്‍ ഇഴച്ച് മരത്തിനു മുകളിലേക്ക് ഓടിക്കയറും. ശാഖകളുടെ തുഞ്ചത്ത് എത്തും. അവിടെ നിന്ന് കൈവിട്ട് താഴേക്ക് വീഴും.( ഏറ്റവും ദൂരേക്ക് എത്താനുള്ള തന്ത്രം) മണ്ണില്‍ തുരന്ന് കയറി മരത്തിന്റെ വേരുപടലം കണ്ടെത്തും. രണ്ടര മീറ്റര്‍ വരെ ആഴത്തില്‍ ഇവര്‍ എത്തും. വായ്ഭാഗം കൊണ്ട് വേരു തുരന്ന് മരത്തിന്റെ സൈലം ദ്രാവകം ഊറ്റിക്കുടിച്ച് സുഖമായ വിശ്രമമാണ് പിന്നെ വര്‍ഷങ്ങളോളം. ജീവഘട്ട പരിവര്‍ത്തനങ്ങള്‍ ഈ കാലത്ത് നടക്കും. വളര്‍ച്ച പൂര്‍ത്തിയായാല്‍ , അഞ്ച് ഉറപൊഴിക്കലുകള്‍ കഴിഞ്ഞാല്‍ , കൃത്യമായ സമയത്ത് ഒരു പ്രത്യേക ഇനങ്ങള്‍ മുഴുവനും ഒന്നിച്ച് കൂട്ടമായി മണ്ണില്‍ നിന്നു പുറത്ത് വരും. ഈ നിംഫുകളെല്ലാം ബങ്കറില്‍ നിന്ന് പുറത്തിറങ്ങിയ പട്ടാളക്കാര്‍ ഓടും പോലെ ഒരേ ഓട്ടമാണ്. തൊട്ടടുത്ത മരങ്ങളിലേക്ക്. മരങ്ങളില്‍ കയറി അതിന്റെ തടിയില്‍ ഇറുക്കിപ്പിടിപ്പിച്ച ശേഷം നിംഫിനുള്ളില്‍ നിന്നു ഉടുപ്പഴിച്ച് മാറ്റി ഇറങ്ങും പോലെ ഉറപൊഴിച്ച് കളഞ്ഞ് പുതു ജീവിതം തുടങ്ങും- ചിറകുകളുള്ള പൂര്‍ണ്ണ ചീവീടായി . കൂട്ടത്തോടെ പറന്നും മരക്കൊമ്പുകളില്‍ വിശ്രമിച്ചും മരനീരൂറ്റിക്കുടിച്ചും ഇണചേരാനുള്ള തയ്യാറെടുപ്പ് തുടങ്ങും. ഇണചേര്‍ന്ന് കഴിഞ്ഞാല്‍ പെണ്‍ സിക്കാഡ മരക്കൊമ്പുകളില്‍ തൊലിഅടര്‍ത്തി അതിനിടയില്‍ മുട്ടകള്‍ ഇട്ടുകൂട്ടും. അതോടെ അതിന്റെ ജന്മലക്ഷ്യം കഴിയും. മരക്കൊമ്പുകളില്‍ നിറയെ പൊഴിച്ച് കളഞ്ഞ സിക്കാഡ ഉറകള്‍ ബാക്കികാണാം.

ഇരപിടിയന്മാരെ അതി ജീവിക്കുന്ന ചീവീട് വിദ്യകള്‍
പക്ഷികള്‍, അണ്ണാന്മാര്‍, വാവലുകള്‍, തൊഴുകൈയ്യന്‍ പ്രാണികള്‍, കടന്നലുകള്‍ , ചിലന്തികള്‍ ഒക്കെ സിക്കാഡകളുടെ അന്തകരാണ്. എങ്കിലും ഇരപിടിയന്മാരില്‍ നിന്നു രക്ഷപ്പെടാന്‍ ഇവര്‍ക്കും camoflague അനുകൂലനം ഉണ്ട്. മരത്തൊലികളില്‍ നിന്നാല്‍ ഇവയെ കണ്ട് പിടിക്കാന്‍ വളരെ വിഷമം ആണ്. അല്‍പമൊക്കെ സുതാര്യമായ ചിറകുകള്‍ ദേഹത്തോടും മരത്തടിയോടും ഒക്കെ ചേര്‍ത്ത് അമര്‍ത്തിപ്പിടിച്ചിരിക്കും. ചിലപ്പോള്‍ ഭയന്നാല്‍ ചത്തതുപോലെ അഭിനയിക്കാനും ഇവര്‍ക്ക് അറിയാം.
രക്ഷപ്പെടാന്‍ യാതൊരു സംവിധാനവും ഇല്ലാത്ത ഇവ പക്ഷെ നീണ്ട കാലത്തെ അജ്ഞാതവാസമാണ് അതിജീവനത്തിന്റെ ഒരു തന്ത്രമായി ഉപയോഗിക്കുന്നത്. കോടിക്കണക്കിനായി ഒന്നിച്ച് പുറത്തേക്ക് വരുന്ന തന്ത്രം. എണ്ണത്തിലുള്ള വിസ്‌ഫോടനം ! സ്വാഭാവിക ഇരപിടിയന്മാരുടെ ആയുസിലും എത്രയോ കൂടുതലാണ് ഇവര്‍ ഒളിച്ച് കിടക്കുന്ന കാലം. തീറ്റ കിട്ടാതെ പട്ടിണിക്കിട്ട് ഇരപിടിയന്മാരുടേ എണ്ണം ക്ഷയിപ്പിക്കുന്നതിനുള്ള സൂപ്പര്‍ സൂത്രം. വേറൊരു തന്ത്രം എണ്ണിയാലൊടുങ്ങാത്തത്രയും കൂട്ടമായി അവതരിച്ച് ഇരപിടിയന്മാരെ തീറ്റിച്ച് വശം കെടുത്തുക എന്നതാണ്. തിന്നുമടുപ്പിക്കുക എന്ന് ചുരുക്കം. ദശലക്ഷക്കണക്കിന് സിക്കാഡകള്‍ ഒന്നിച്ച് പുറത്തിറങ്ങിയാല്‍ എത്ര ഇരപിടിയന്‍ ശത്രുക്കളുണ്ടായാലും, എങ്ങനെയൊക്കെ തിന്നുതീര്‍ത്താലും പിന്നെയും ബാക്കികാണും ഏറെ പോറലേല്‍ക്കാത്ത സിക്കാഡകള്‍. പരമ്പര നിലനിര്‍ത്താന്‍ ആവശ്യമുള്ളത്രയും എണ്ണം അപ്പോഴും ബാക്കികാണും. അവര്‍ ഇണചേര്‍ന്ന് മുട്ടയിട്ട് വംശംകുറ്റിയറ്റുപോകാതെ കാത്തോളും. ഇവര്‍. നമ്മുടെ നീലക്കുറിഞ്ഞികള്‍ പന്ത്രണ്ട് കൊല്ലം കഴിയുമ്പോള്‍ ഒന്നിച്ച് പൂക്കുന്നതുപോലെ ഒന്നിച്ച് മണ്ണിനടിയില്‍ നിന്ന് കൃത്യമായ വര്‍ഷം കണക്കാക്കുന്നത് എങ്ങിനെ എന്ന് പഠനങ്ങള്‍ നടന്നിട്ടുണ്ട്. നിംഫുകളുടെ ആന്തരിക മോളിക്കുലാര്‍ ക്ലോക്കുകളാണ് വര്‍ഷക്കണക്കുകള്‍ വെച്ച് തീരുമാനം തീര്‍പ്പാക്കുന്നത്. മരത്തിന്റെ വാര്‍ഷിക ഇലപൊഴിയലുമായി ബന്ധപ്പെട്ട് വേരുകളില്‍ ഉള്ള സൈലം ദ്രാവകത്തിന്റെ സ്വഭാവ വ്യത്യാസം നിംഫുകള്‍ക്ക് മനസിലാക്കാന്‍ കഴിയും. ഇതിനെ അടിസ്ഥാനമാക്കി അവ വര്‍ഷക്കണക്ക് കൂട്ടുകയാണ് ചെയ്യുന്നത്. പുറത്തേക്കിറങ്ങേണ്ട വര്‍ഷം പുറത്തെ ചൂടിനെ തിരിച്ചറിഞ്ഞ് ഏറ്റവും അനുകൂല സമയം എല്ലാവരും ഒന്നിച്ച് മണ്ണ് തുരന്ന് പുറത്തേക്കിറങ്ങും.

അമേരിക്കയിലെ മധ്യകിഴക്കന്‍ സ്റ്റേറ്റുകളില്‍ പീരിയോഡിക്കല്‍ സിക്കാഡകളില്‍ പെട്ട ബ്രൂഡ് ടെന്‍ ഇനങ്ങളിലെ മൂന്നിനങ്ങള്‍ പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കഴിഞ്ഞ ജൂണ്‍ മാസത്തോടെ ജീവന ഉത്സവ മേളത്തില്‍ ആയിരുന്നു. ലക്ഷക്കണക്കിന് എണ്ണം പുറത്തേക്കുവന്നത് വലിയ വാര്‍ത്ത ആയിരുന്നു. കുട്ടികള്‍ സ്‌കൂളുകളില്‍ വലിയ സിക്കാഡ ആഘോഷത്തിലായിരുന്നു. റസ്റ്റാറന്റുകളില്‍ പുതിയ സിക്കാഡ വിഭവങ്ങള്‍ നിരന്നു. പല തരം സിക്കാഡ ഫ്രൈകള്‍ - സിക്കാഡ വൈന്‍ വരെ ലഭ്യമായിരുന്നു.
കാറുകളുടെ ചില്ലുകളില്‍ പടപട വന്നിടിക്കുന്നതും കൂടാതെ ഗ്ലാസ് താഴ്ത്തി ഓടിക്കുന്നവരുടെ ദേഹത്ത് കയറി ബേജാറാക്കി അപകടങ്ങള്‍ വരെ ഉണ്ടാക്കുകയും ചെയ്തു. പാര്‍ക്കുകളിലൊക്കെ ശബ്ദോത്സവം നിറഞ്ഞു. മൊത്തം ജ ഗ പൊ ഗയായിരുന്നു. സിക്കാഡകളുടെ ചിറകുകള്‍ വെള്ളം കൊണ്ട് നനയാത്ത തരം ആണ്. കൂടാതെ ബാക്റ്റീരിയകളെ അകറ്റി നിര്‍ത്താനും ബാക്ടീരിയകളെ കൊല്ലാനുള്ള കഴിവ് കവചത്തിനുണ്ട്. വിയര്‍ത്ത് അത് കാറ്റില്‍ ഉണക്കി നമ്മള്‍ ശരീരത്തിന്റെ ചൂട് കുറക്കുന്നതുപോലെയുള്ള ചില സവിശേഷ കഴിവുകള്‍ ചിലയിനം സിക്കാഡകള്‍ക്കും ഉണ്ട്. മരുഭൂമിയില്‍ കാണുന്ന Diceroprocta apache പോലുള്ള ഇനങ്ങള്‍ ശരീര ഊഷ്മാവ് 39 ഡിഗ്രി സെന്റീഗ്രേഡ് കടന്നാല്‍ , ചെടികളില്‍ നിന്നും ആവശ്യത്തിലധികം ദ്രാവകം ഊറ്റിഎടുത്ത് അത് ശരീരത്തിലെ ദ്വാരങ്ങളിലൂടെ പുറത്തേക്ക് കളഞ്ഞ് ആവിയാക്കി ശരീരം തണുപ്പിക്കും. ഇത്തരത്തില്‍ അഞ്ച് ഡിഗ്രി വരെ ചൂട് കുറക്കാന്‍ ഇവയ്ക്ക് പറ്റും.

പലതരം ഫംഗസുകള്‍ സിക്കാഡകള്‍ക്ക് ആപത്ത് ഉണ്ടാക്കുന്നുണ്ട്. Massospora cicadina എന്ന ഇനം ഫംഗസ് 13-17 വര്‍ഷം കൂടുമ്പോള്‍ പുറത്ത് വരുന്ന സിക്കാഡകളെ ആക്രമിക്കുന്ന ഫംഗസ് ആണ്. ഇതിന്റെ സ്‌പോറുകള്‍ അത്രകാലവും മണ്ണില്‍ ഡോര്‍മന്റായി കിടക്കുകയും ചെയ്യും. സിക്കാഡകളുടെ ശരീരത്തില്‍ എത്തിയാല്‍ അവ വളര്‍ന്ന് ശരീരത്തിന്റെ പിന്‍ഭാഗം നശിപ്പിച്ച്, കൊല്ലാതെ തന്നെ സ്‌പോറുകളുടെപിറകില്‍ ഒരു പ്ലഗ്ഗായി പിടിച്ച്നില്‍ക്കും. ഇവയില്‍ മാജിക്ക് മഷ്രൂമുകളില്‍ ഉള്ളതുപോലുള്ള psilocybin, cathinone തുടങ്ങിയ രാസഘടകങ്ങള്‍ ഉണ്ട്. അവ സിക്കാഡകളുടെ സ്വഭാവത്തെ മാറ്റിത്തീര്‍ക്കുകയും ആണ്‍ സിക്കാഡകള്‍ക്ക് ഇണചേരാനുള്ള ആര്‍ത്തി കൂട്ടുകയും ചെയ്യും. ആക്രാന്തം പിടിച്ച ആണ്‍ സിക്കാഡകള്‍ മറ്റ് ആണ്‍ സിക്കാഡകളുമായി പോലും ഇണ ചേരാന്‍ ശ്രമിക്കും. അങ്ങിനെ കൂടുതല്‍ ഇടങ്ങളിലേക്കും അംഗങ്ങളിലേക്കും ഫംഗസ് പടരാന്‍ സഹായിക്കും.
content highlights: Complete information about Crickets and Cicada's, Bandhukkal Mithrangal, Vijayakumar Blathur


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..