റബ്ബർ മരം | Getti mage
ആധുനിക കേരളത്തിന്റെ ചരിത്രത്തിലും സാമ്പത്തികരംഗത്തും ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു മരവും അതില്‍ നിന്നു കിട്ടുന്ന ഉത്പന്നവും ആണ് റബര്‍. എങ്ങനെയാണ് ബ്രസീല്‍ സ്വദേശിയായ റബര്‍ അവിടെനിന്നും തെക്കുകിഴക്കന്‍ ഏഷ്യയില്‍ എത്തി അവിടം ലോകസ്വാഭാവിക റബറിന്റെ തലസ്ഥാനം ആയി മാറ്റിയത്? അതോടൊപ്പം റബര്‍ കേരളത്തിലും എത്തിയത്?
വ്യവസായവിപ്ലവത്തില്‍ ഒഴിച്ചുകൂടാനാവാത്തതും നാള്‍തോറും ആവശ്യം കൂടിക്കൂടിവന്നതുമായ ഒരു ഉത്പന്നമായിരുന്നു റബര്‍. പല ചെടികളും മുറിക്കപ്പെട്ടാല്‍ വരുന്ന പാലില്‍ ഉള്ള ലാറ്റക്‌സ് വേര്‍തിരിച്ചാണ് റബര്‍ ഉണ്ടാക്കിയിരുന്നത്. ഒടുവില്‍ ആണ് ഏറ്റവും വിജയം കണ്ട ഇന്നത്തെ റബര്‍ മരത്തില്‍ മനുഷ്യന്‍ എത്തിച്ചേര്‍ന്നത്. ബ്രസീല്‍ സ്വദേശിയാണ് റബര്‍ മരം. 1879 മുതല്‍ റബറിന്റെ ആവശ്യം ബ്രസീലിലെ ആമസോണിയ ഭാഗത്ത് വരുത്തിയ മാറ്റം വളരെയേറെയാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍വനങ്ങളിലേക്ക് കടന്നുചെന്ന് കോളനികള്‍ വ്യാപിപ്പിച്ചു, വന്‍ നഗരങ്ങള്‍ വളര്‍ന്നുവന്നു. ധാരാളം കുടിയേറ്റത്തൊഴിലാളികള്‍ എത്തി, സമ്പത്തുണ്ടായി, സാംസ്‌കാരിക സാമൂഹ്യസാഹചര്യങ്ങള്‍ അടിമുടി മാറ്റപ്പെട്ടു. റബര്‍ കൃഷിയ്ക്ക് വലിയതോതില്‍ തൊഴിലാളികളെ ആവശ്യമായിരുന്നു. ഇന്നു നമുക്ക് പരിചയമുള്ള തോട്ടങ്ങള്‍ പോലെയല്ല അന്നത്തെ ബ്രസീലിലെ റബര്‍. കാട്ടില്‍ മറ്റുമരങ്ങളോടൊപ്പം സ്വാഭാവികമായി വളരുന്ന, പല വലിപ്പത്തിലുള്ള, അവിടിവിടെയായി നില്‍ക്കുന്ന വന്യവൃക്ഷത്തില്‍ നിന്നും വേണമായിരുന്നു വിളവെടുക്കാന്‍.
1855 -ല്‍ 2100 ടണ്‍ റബര്‍ ആമസോണില്‍ നിന്നും കയറ്റുമതി ചെയ്തത് 1879 ആയപ്പോഴേക്കും 10000 ടണ്‍ ആയി. അമേരിക്കയിലും യൂറോപ്പിലും ഉള്ള റബറിന്റെ ഉയര്‍ന്ന ആവശ്യകത റബറിനെ വലിയ ലാഭമുള്ള ബിസിനസ് ആക്കിമാറ്റി. നഗരങ്ങള്‍ വലുതായി, റബറിന്റെ മികവില്‍ ബ്രസീലില്‍ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട നഗരങ്ങളിലൊന്നായി മനൗസ്. പുതിയ തീവണ്ടിപ്പാതകള്‍ വന്നു. ആമസോണിലെ കൊടും കാടുകള്‍ വെട്ടിത്തെളിച്ച് നിര്‍മ്മിച്ച ചെകുത്താന്റെ റെയില്‍റോഡ് എന്നറിയപ്പെട്ട പാത നിര്‍മ്മിക്കുന്ന സമയത്ത് ആറായിരത്തോളം തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമായി. പുതിയ റബര്‍ മരങ്ങള്‍ തേടി ആള്‍ക്കാര്‍ വനത്തിന്റെ ഉള്ളിലേക്ക് കടന്നുചെന്നു. തങ്ങളുടെ കൈവശമുള്ള സ്ഥലങ്ങള്‍ രക്ഷിക്കാന്‍ ബ്രസീലും ബൊളീവിയയും സൈന്യത്തെ വരെ നിയോഗിക്കേണ്ടിവന്നു.

റബര്‍ ഉത്പാദനത്തിലെ മികവ് ബ്രസീലിനെ സമ്പന്നതയിലേക്ക് നയിച്ചുകൊണ്ടിരുന്ന കാലത്ത് മറ്റൊന്നുകൂടി സംഭവിക്കുന്നുണ്ടായിരുന്നു. ബ്രിട്ടീഷുകാരനായ ഹെന്റി വിക്കാം ബ്രസീലില്‍ നിന്നും എഴുപതിനായിരം റബര്‍ കായകള്‍ (മോഷ്ടിച്ചെന്നുതന്നെ പറയാം) 1876 ജൂണ്‍ 15 -ന് ലണ്ടനിലെ ക്യൂ ഗാര്‍ഡനില്‍ എത്തിച്ചു. ഇങ്ങനെ കടത്തിക്കൊണ്ടുവന്ന 70000 കായകളില്‍ 2700 എണ്ണം മാത്രമേ മുളച്ചുള്ളുവെങ്കിലും അത് അവര്‍ക്ക് ആവശ്യത്തിനുണ്ടായിരുന്നു. ഈ തൈകളില്‍ നിന്നു ബ്രിട്ടീഷുകാര്‍ ശ്രീലങ്ക, ഇന്തോനേഷ്യ, മലേഷ്യ, തായ്ലാന്റ് എന്നിവിടങ്ങളില്‍ റബര്‍ തോട്ടങ്ങള്‍ ഉണ്ടാക്കി.
ബ്രസീലിലെ കൊടുംകാടുകളില്‍ ചെന്ന് സ്വാഭാവികമായി അവിടെയിവിടെ ഉള്ള റബര്‍മരങ്ങളില്‍ നിന്നും കറ ശേഖരിക്കുന്നതും, കൃത്യമായി അകലത്തില്‍ നട്ടുപിടിപ്പിച്ച് ശാസ്ത്രീയമായി കറശേഖരിക്കുന്നതും മികവിന്റെ കാര്യത്തില്‍ വളരെവ്യത്യാസമുള്ളതായിരുന്നു. ബ്രസീലില്‍ ആവട്ടെ റബറിന്റെ ഇലകളെ ബാധിക്കുന്ന ഒരു രോഗം വലിയ പ്രശ്‌നവുമായിരുന്നു. താമസിയാതെ ബ്രസീലിനേക്കാള്‍ നല്ല ലാഭത്തില്‍ റബര്‍ തെക്കുകിഴക്കേ എഷ്യയിലെ തോട്ടങ്ങളില്‍ നിന്നും ബ്രിട്ടീഷുകാര്‍ക്ക് ലഭിച്ചു. അതോടെ ബ്രസീലിലെ റബര്‍ ഉത്പാദനത്തിന്റെ അവസാനമായി എന്നുതന്നെ പറയാം.

അങ്ങനെയിരിക്കേ രണ്ടാം ലോകമഹായുദ്ധമെത്തി. റബര്‍ ഉത്പാദനമേഖലകള്‍ മുഴുവന്‍ ജപ്പാന്റെ കൈയ്യിലായി. സഖ്യകക്ഷികള്‍ക്ക് റബര്‍ ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ എല്ലാം അടഞ്ഞു. പെട്ടെന്നുതന്നെ അമേരിക്ക ബ്രസീലില്‍ റബര്‍ അന്വേഷിച്ച് എത്തി. അവിടെ ആവശ്യമുള്ള റബര്‍ ഉത്പാദിപ്പിക്കാന്‍ ഏതാണ്ട് ഒരുലക്ഷത്തോളം ആള്‍ക്കാരെ വേണ്ടിയിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നും ബലം പ്രയോഗിച്ച് റബര്‍ ഉത്പാദനസ്ഥലങ്ങളിലേക്ക് ആള്‍ക്കാരെ കൊണ്ടുവന്നു. യുദ്ധാവശ്യത്തിന് അമേരിക്കയ്ക്ക് വേണ്ട റബര്‍ നല്‍കുകയാണ് ലക്ഷ്യം. ഈ ജോലിക്കാര്‍ റബര്‍ സൈനികര്‍ എന്നാണ് അറിയപ്പെട്ടതുപോലും. നിരവധി തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഒരൊറ്റ തോട്ടത്തില്‍ മാത്രം 50000 നാട്ടുകാരെ കൊണ്ട് തുടങ്ങിയ റബര്‍ കൃഷി നടത്തിയിടത്ത് ബാക്കിയായവര്‍ വെറും 8000 മാത്രമായിരുന്നു. അടിമത്തവും ക്രൂരതയും വ്യാപകമായിരുന്നു. ചാട്ടയടിയും കൊലപാതകവും സാധാരണമായിരുന്നു.
മിക്ക തൊഴിലാളികള്‍ക്കും അത് അവരുടെ അവസാനയാത്ര ആയിരുന്നു. പരിചയമില്ലാത്ത സ്ഥലത്ത് മലേറിയയാലും മഞ്ഞപ്പനിയാലും ഏതാണ്ട് 30000 തൊഴിലാളികള്‍ മരണമടഞ്ഞു. കൊടുംകാട്ടില്‍ പുലികള്‍, പാമ്പുകള്‍, തേളുകള്‍ എന്നിവയും അവരെ നേരിട്ടു. യുദ്ധം കഴിഞ്ഞതോടെ ജപ്പാനില്‍ നിന്നും മോചിതയായ ഇന്തോനേഷ്യ, മലേഷ്യ, തായ്ലാന്റ് എന്നിവിടങ്ങളില്‍നിന്നു വീണ്ടും റബര്‍ ലഭിച്ചുതുടങ്ങിയതോടെ ബ്രസീലിലെ റബര്‍ വ്യവസായത്തിന് വീണ്ടും അവസാനമായി.

Also Read
റബര്‍ വിത്തുകള്‍ മോഷ്ടിച്ചുകൊണ്ടുവന്ന ഹെന്റി വിക്കാമിന്റെ പ്രവൃത്തി ലോകത്തേറ്റവും വലിയ ജൈവകൊള്ള എന്നാണ് അറിയപ്പെടുന്നത്. തങ്ങളുടെ സാമ്പത്തിക മേഖല തകര്‍ക്കപ്പെടാന്‍ കാരണക്കാരനായ വിക്കാം ബ്രസീലില്‍ കൊള്ളക്കാരന്‍ എന്നറിയപ്പെട്ടെങ്കിലും അദ്ദേഹത്തിന് റബര്‍ തെക്കേഷ്യയില്‍ വ്യാപിപ്പിക്കാനുള്ള സംഭാവനകള്‍ക്ക് ബ്രിട്ടന്‍ സര്‍ പദവി നല്‍കി ആദരിച്ചു. അദ്ദേഹത്തിന്റെ പ്രവൃത്തി ധാരാളം അടിമകളെയും ആമസോണ്‍ വനത്തിന്റെ വലിയ ഭാഗങ്ങളെയും രക്ഷിച്ചിട്ടുണ്ടാവാം.
ഇക്കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ തന്റെ കാര്‍ വ്യവസായസാമ്രാജ്യത്തിനു വേണ്ടത്ര റബര്‍ കിട്ടാന്‍ ഹെന്രി ഫോര്‍ഡും ശ്രമിക്കുന്നുണ്ടായിരുന്നു. ആ കഥയും അറിയാം.
റബറിന്റെ ആവശ്യം കൂടിക്കൂടിവരികയും ബ്രിട്ടീഷുകാരുടെ കൈവശമുള്ള ഏഷ്യന്‍പ്രദേശങ്ങളില്‍ റബര്‍ കൃഷി വ്യാപിക്കുകയും ചെയ്തകാലത്താണ് ഹെന്റി ഫോര്‍ഡ് അമേരിക്കയില്‍ തന്റെ ഫോര്‍ഡ് കമ്പനി നിര്‍മ്മിക്കുന്ന കാറുകളുടെ ടയറുകള്‍ക്കായി ബ്രിട്ടീഷുകാരുടെ അടുത്തുനിന്നും വന്‍തോതില്‍ റബര്‍ വാങ്ങേണ്ടിവന്നിരുന്നത്. അക്കാലത്ത് തെക്കേഷ്യയിലും തെക്കുകിഴക്കേഷ്യയിലുമായിരുന്നു പ്രധാനമായും റബര്‍ കൃഷിചെയ്തിരുന്നത്. തന്റെ കമ്പനിയുടെ ലാഭത്തിന്റെ വലിയൊരു ഭാഗം ഇങ്ങനെ ടയര്‍ വാങ്ങി നഷ്ടപ്പെടാതിരിക്കാന്‍ എവിടെയെങ്കിലും റബര്‍ കൃഷിചെയ്യുന്നതേപ്പറ്റി ഫോര്‍ഡ് ആലോചിച്ചു. എന്നാല്‍പ്പിന്നെ റബറിന്റെ ജന്മദേശമായ ബ്രസീലില്‍ തന്നെയാവുന്നതാണല്ലോ ഉത്തമം എന്നുകരുതി അദ്ദേഹം ആമസോണ്‍ പ്രദേശത്ത് റബര്‍ കൃഷി ചെയ്യാനായി അങ്ങോട്ടു വച്ചുപിടിച്ചു.
1920 കാലം. ഫോര്‍ഡ് കമ്പനി ബ്രസീലില്‍ എത്തി. റബര്‍കൃഷി ചെയ്യാനായി മുപ്പത്തഞ്ച് ലക്ഷം ഏക്കര്‍ സ്ഥലം വാങ്ങി. (കേരളത്തിന്റെ വലിപ്പത്തിന്റെ മൂന്നിലൊന്നിലേറെ). കരാര്‍ പ്രകാരം നികുതി ഒഴിവായിക്കിട്ടിയ ഫോര്‍ഡ് ലാഭത്തിന്റെ 9 ശതമാനം ബ്രസീല്‍ സര്‍ക്കാരിനു നല്‍കണമായിരുന്നു. അമേരിക്കന്‍രീതിയിലുള്ള ഒരു കോളനി സ്ഥാപിക്കാന്‍ തീരുമാനിച്ച ഫോര്‍ഡ് അതിനു ഫോര്‍ഡ്ലാന്റിയ എന്ന പേരും കൊടുത്തു.
.jpg?$p=d717617&&q=0.8)
റബര്‍ നിര്‍മ്മിക്കാന്‍ 10000 പേര്‍ ഉള്‍ക്കൊള്ളുന്ന ഒരു വ്യാവസായികനഗരം സ്ഥാപിക്കുകയായിരുന്നു ഫോര്‍ഡ് ലക്ഷ്യമിട്ടത്. ആധുനികമായ ഒരു ആശുപത്രി, വൈദ്യുതപ്ലാന്റ്, ഗോള്‍ഫ് കോഴ്‌സ്, ഹോട്ടല്‍, ജീവനക്കാര്‍ക്ക് താമസിക്കുവാനുള്ള ആയിരക്കണക്കിനു കൊച്ചുവീടുകള്‍ എന്നിവ നിര്‍മ്മിച്ചു, താമസിയാതെ മറ്റുസ്ഥാപനങ്ങളും ഉണ്ടായിവന്ന അവിടം ഒരു പ്രത്യേക സമൂഹമായി വികസിച്ചുവന്നു. ഫോര്‍ഡിന്റെ അമേരിക്കന്‍ കമ്പനിയിലെ ജീവനക്കാരെ നാട്ടുകാരായ ബ്രസീലുകാരോടൊപ്പം ആമസോണില്‍ ഫാക്ടറിയിലേക്ക് അയച്ചു. കര്‍ശനമായ നിയമങ്ങള്‍ നടപ്പിലാക്കിയ അവിടെ നിര്‍ബന്ധിതമായി ഇംഗ്ലീഷ് പഠിക്കേണ്ടതുണ്ടായിരുന്നു. മദ്യം, പുകയില, സ്ത്രീകള്‍ എന്തിനു ഫുട്‌ബോളിനുപോലും അവിടെ വിലക്കുണ്ടായിരുന്നു. ജോലിക്കാരുടെ വീടുകളില്‍പ്പോലും ഈ വിലക്കുനിലനിന്നിരുന്നുവെന്നുമാത്രമല്ല അതുപരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ അവരുടെ വീടുകളില്‍ പരിശോധനയും നടത്തിയിരുന്നു.
എന്നാല്‍ വിചാരിച്ചപോലെയൊന്നും കാര്യങ്ങള്‍ നീങ്ങിയില്ല. ഫോര്‍ഡ് നട്ട റബര്‍മരങ്ങള്‍ക്കു തീരെ വളര്‍ച്ചയുണ്ടായിരുന്നില്ല. ഫോര്‍ഡ് നിയമിച്ച മാനേജര്‍മാര്‍ക്കാവട്ടെ മധ്യരേഖാപ്രദേശത്തെ കൃഷികളെപ്പറ്റി അറിവും ഉണ്ടായിരുന്നില്ല. കഷ്ടകാലത്തിന് ഒരു ഇലപ്പുള്ളിരോഗം ബാക്കിയുള്ള റബര്‍ മരങ്ങളെയും കാര്യമായി ബാധിച്ചു. നാട്ടുകാര്‍ക്ക് അവര്‍ക്ക് ശീലമില്ലാതിരുന്ന അമേരിക്കന്‍ ഭക്ഷണങ്ങളാണ് നല്‍കിയിരുന്നത്. നാടന്‍ ഭക്ഷണങ്ങള്‍ക്കായി സമരം ചെയ്ത ജീവനക്കാര്‍ അമേരിക്കന്‍രീതിയില്‍ ഭക്ഷണമുണ്ടാക്കുന്നയാളെയും മാനേജര്‍മാരെയും ഓടിച്ച് കാട്ടില്‍ക്കയറ്റിയപ്പോള്‍ അവരെ തിരികെക്കൊണ്ടുവരാന്‍ പട്ടാളം വരെ എത്തേണ്ടിവന്നു. 1920 കളുടെ അവസാനമായപ്പോഴേക്കും മലേറിയയും പടര്‍ന്നുപിടിച്ചതോടെ ജീവനക്കാര്‍ സമരത്തിലേക്കുനീങ്ങി. ജാലകങ്ങള്‍ തല്ലിത്തകര്‍ത്ത അവര്‍ റോഡുകളില്‍ വാഹനങ്ങള്‍ മറിച്ചിട്ടു. മൂന്നുനാളത്തെ സമരത്തിനുശേഷം ജോലി പുനരാരംഭിച്ചെങ്കിലും റബര്‍ കൃഷിക്കായി കാട്ടിലേക്ക് ദശലക്ഷക്കണക്കിനു ഡോളര്‍ ചൊരിഞ്ഞതിന്റെ ഫലമൊന്നും കാണാനുണ്ടായിരുന്നില്ല. തോല്‍വി സ്വീകരിച്ച ഫോര്‍ഡ് നദിക്ക് കുറെക്കൂടിത്താഴെ ബെല്‍റ്റെറ എന്ന പ്രദേശത്ത് പുതിയൊരു സ്ഥലം വാങ്ങി കൃഷി തുടങ്ങാന്‍ ശ്രമിച്ചെങ്കിലും കാര്യമൊന്നും ഉണ്ടായില്ല. 38000 ടണ്‍ റബര്‍ ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യം വച്ചിടത്തുനിന്നും ആകെക്കിട്ടിയത് 750 ടണ്‍ മാത്രമായിരുന്നു
1945 -ല്‍ രണ്ടുകോടി ഡോളറോളം (ഇന്നത്തെ മൂല്യമനുസരിച്ച് 20 കോടി ഡോളര്‍) നഷ്ടം വരുത്തിയ റബര്‍ കൃഷിയില്‍ നിന്നും ഫോര്‍ഡ് പൂര്‍ണ്ണമായും പിന്മാറി. വെറും രണ്ടര ലക്ഷം ഡോളര്‍ നല്‍കി ബ്രസീല്‍ സര്‍ക്കാര്‍ ഫോര്‍ഡ്‌ലാന്റിയ തിരികെ വാങ്ങി. ഇത്രവലിയ നിക്ഷേപം നടത്തിയിരുന്നെങ്കിലും ഫോര്‍ഡ് ഒരിക്കലും ഈ മേഖല സന്ദര്‍ശിച്ചിരുന്നില്ല. ഇന്നും ടൂറിസ്റ്റുകളെ ആകര്‍ഷിച്ചുകൊണ്ട് ഫോര്‍ഡ്‌ലാന്റിയയുടെ അവശിഷ്ടങ്ങള്‍ ആമസോണിന്റെ ഉള്‍ക്കാടുകളില്‍ നിലനില്‍ക്കുന്നു. 2000 ങ്ങളില്‍ 90 പേര്‍ മാത്രമുണ്ടായിരുന്ന ഈ സ്ഥലത്ത് 2017 ല്‍ മൂവായിരത്തോളം ആള്‍ക്കാര്‍ താമസിക്കുന്നുണ്ട്.
1876 ൽ ഹെന്റി വിക്കാം കൊണ്ടുവന്ന വിത്തുകളിൽ നിന്നും ഉണ്ടായ റബർ മരങ്ങൾ തെക്കുകിഴക്കേഷ്യയിലും ശ്രീലങ്കയിലും എത്തി. ശ്രീലങ്കയിൽ നിന്നും 28 തൈകൾ നിലമ്പൂരിൽ എത്തിച്ചു, അതിൽ നിന്നും രണ്ടെണ്ണം 1880 ൽ തിരുവിതാംകൂർ രാജാവായ വിശാഖം തിരുനാളിന് നൽകി. അതിലൊന്ന് തിരുവനന്തപുരത്തെ മ്യൂസിയത്തിലെ ഉദ്യാനത്തിൽ ആണ് നട്ടത്. ഇന്നും ആ റബർ മരം അവിടെ തല ഉയർത്തി നിൽക്കുന്നതുകാണാം. മുപ്പതോ നാൽപ്പതോ വർഷം മാത്രം തോട്ടങ്ങളിൽ റബർ മരങ്ങൾ സംരക്ഷിക്കുമ്പോൾ നൂറ്റാണ്ടൊന്നുകഴിഞ്ഞിട്ടും ആദ്യമായി കേരളത്തിൽ എത്തിയമരം ബാക്കിയായത് അഭിമാനിക്കാവുന്ന കാര്യമാണ്. നൂറിലേറെ വർഷം പ്രായമുള്ള റബർ മരങ്ങൾ എങ്ങനെയാവും ഉണ്ടാവുക എന്ന് നമുക്ക് അറിയാൻ ഈ മരം മാത്രമാണ് വഴി, ഇതുപോലെ ചുവട്ടിൽ നിന്നുതന്നെ തായ്‌ത്തടിയോളം വലിപ്പമുള്ള ശിഖരങ്ങളുമായി നിൽക്കുന്ന, സ്വാഭാവികവളർച്ചയെ തടസ്സപ്പെടുത്താത്ത റബർ മരങ്ങൾ ഒരുപക്ഷേ ബ്രസീലിലെ വനങ്ങളിൽ മാത്രമേ ഉണ്ടാവുകയുള്ളൂ. ഈ മരത്തിന്റെയാവട്ടെ ശിഖരങ്ങൾ മുറിക്കുകയോ പാൽ ശേഖരിക്കാനായി ടാപ് ചെയ്യുകയോ ചെയ്തിട്ടില്ല. മനുഷ്യൻ ഇടപെടാതിരിക്കുമ്പോൾ മരങ്ങൾക്ക് എങ്ങനെയാവും ഉണ്ടാവുക എന്നതിന് ഉദാഹരണമാണ് ഈ റബർ മരം.
റബർ അനുബന്ധിയായ ഗവേഷണങ്ങൾക്കുവേണ്ടി 1955 ൽ രൂപം കൊണ്ടതാണ് റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഇതിന്റെ ആസ്ഥാനം കോട്ടയത്താണ്. ഇന്നും ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന റബറിന്റെ 70 ശതമാനത്തിലേറെ കേരളത്തിലാണ്, അതിൽത്തന്നെ നാലിലൊന്നും കോട്ടയത്താണ്. എന്നാൽ ലോക റബർ ഉൽപ്പാദനരംഗത്ത് ഇന്ത്യയുടെ സംഭാവന കേവലം ഏഴുശതമാനം മാത്രമാണ്. തായ്‌ലന്റും ഇന്തോനേഷ്യയും വിയറ്റ്നാമും ആണ് റബർ ഉൽപ്പാദനത്തിൽ ലോകത്തെ മുൻപന്തിയിൽ ഉള്ള രാജ്യങ്ങൾ.
പെട്രോളിയത്തിൽ നിന്നും കൃത്രിമറബർ നിർമ്മിക്കുന്നത് 1930 കളിൽ തുടങ്ങി., രണ്ടാം ലോകമഹായുദ്ധകാലത്ത് സ്വാഭാവിക റബർ ഉൽപ്പാദനമേഖലകൾ മിക്കതും ജപ്പാന്റെ അധീനതയിൽ ആയപ്പോൾ കൃത്രിമറബറിന്റെ ഉൽപ്പാദനം പാരമ്യത്തിലെത്തി. പെട്രോളിയം, കൽക്കരി, പ്രകൃതിവാതകം എന്നിവയിൽ നിന്നെല്ലാം കൃത്രിമറബർ നിർമ്മിക്കാം. പല ആവശ്യങ്ങൾക്കും പലതരം റബറുകളും ഇങ്ങനെ രൂപപ്പെടുത്താനാവും. ചൂടിനേയും രാസവസ്തുക്കളെയും പ്രതിരോധിക്കാനുള്ള കഴിവ് കൃത്രിമറബറിന് കൂടുതൽ ആണെങ്കിലും സ്വാഭാവിക റബറിനേക്കാൾ പാരിസ്ഥിതികസൗഹൃദമല്ല കൃത്രിമ റബർ. അതിന്റെ ഉൽപ്പാദനത്തിന് പെട്രോളിയമാണ് വേണ്ടതെന്നതും കൂടുതൽ ഊർജ്ജം വേണ്ടിവരുമെന്നതും കൃത്രിമറബറിനെ അത്ര പ്രിയമല്ലാതാക്കുന്നുണ്ട്.
Content Highlights: history of rubber,rubber trees of brazil,britishers stole the saplings,eco stories,spread worldwide
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..