ഉമിനീര്‍ ആന്റിസെപ്റ്റിക്, മുറിവുകള്‍ നക്കി ഉണക്കും, കാട് തരിശാകാതെ കാക്കും | കടുവ പുപ്പുലി തന്നെ


വിജയകുമാർ ബ്ലാത്തൂർPremium

ഫോട്ടോ : ഡേവിഡ് രാജു

വന്‍ ആളൊരു കടുവയാണ് എന്നൊന്നും ആരും നമ്മുടെ നാട്ടില്‍ സാധാരണമായി വിശേഷിപ്പിക്കാറില്ല. പകരം 'ലെവന്‍ പുലിയാണ് കേട്ട , പുപ്പുലി' എന്നൊക്കെയാണല്ലൊ പറയുക. അതിശക്തനും സമര്‍ത്ഥനും എതിരില്ലാത്തവനുമാണ് എന്ന അര്‍ത്ഥത്തിലാണ് പാതി കളിയായി ഇങ്ങനെ വിളിക്കുന്നത്. മണികണ്ഠനയ്യപ്പന്‍ പുലിപ്പാലിനുപോയി മുലകുടിക്കുഞ്ഞുങ്ങളുള്ള ഈറ്റപ്പുലിയുടെ പുറത്തേറി വരുന്നതായാണല്ലോ കഥ. പക്ഷെ അയ്യപ്പന്‍ കടുവയുടെ പുറത്തേറിവരുന്നതായാണ് ചിത്രങ്ങളിലും സിനിമകളിലും കാണുക. അതുപോലെതന്നെ കൊല്ലുന്നതൊക്കെയും കടുവകളെയാണെങ്കിലും എന്തിനാണ് പുലിമുരുകന്‍ എന്ന് കഥാപാത്രത്തിന് പേര് കിട്ടിയത് എന്തുകൊണ്ടെന്നും ആദ്യം ഒന്നമ്പരക്കും. പുള്ളികള്‍ ദേഹത്തുള്ള പുലികളെ പുള്ളിപ്പുലി എന്ന് വേറെതന്നെ വിളിക്കാറുള്ളതുപോലെ, കടുവകളെ 'വരയന്‍ പുലി' എന്ന് വിളിച്ചാല്‍ പ്രശ്‌നം തീരുമല്ലോ. ജനിതക പ്രത്യേകതകള്‍ മൂലം മെലാനിന്‍ പിഗ്മെന്റിന്റെ അതിപ്രസരം കൊണ്ട് പുള്ളി അടയാളങ്ങള്‍ വ്യക്തമാകാത്തവിധം മങ്ങി മൊത്തം കറുത്ത നിറത്തില്‍ കാണുന്ന പുള്ളിപ്പുലി വകഭേദങ്ങളെയാണല്ലോ നമ്മള്‍ കരിമ്പുലി എന്നും വിളിക്കുന്നത്.(കരിമ്പുലിയുടെ ദേഹത്ത് മങ്ങിയ പുള്ളികള്‍ ശ്രദ്ധിച്ച് നോക്കിയാല്‍ കാണാം, അതിനാല്‍ കരിമ്പുലി പുള്ളിപ്പുലിതന്നെ ). അപ്പോള്‍ 'നരി' ആരാണ് എന്ന ചോദ്യം വരും. നിന്നെയൊക്കെ നരിപിടിച്ച് പോകട്ടെ എന്ന് ശപിക്കുമ്പോള്‍ മനസില്‍ ഉദ്ദേശിക്കുന്നത് ആരുപിടിക്കട്ടെ എന്നാവും? ഈ പദം നമ്മെ ശരിയ്ക്കും ചിലപ്പോള്‍ 'പുലിവാലു പിടിപ്പിക്കും'. ഇടശ്ശേരിയുടെ പൂതപ്പാട്ടില്‍ മകനെ തിരഞ്ഞുകൊണ്ട് നടക്കുന്ന നങ്ങേലിയെ ആദ്യം പേടിപ്പിച്ചോടിക്കാനാണ് പൂതം ശ്രമിക്കുന്നത്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

''നരിയായും പുലിയായും'' ചെന്ന പൂതത്തോട് കൂസാതെ ''തരികെന്റെ കുഞ്ഞിനെ'' എന്നാണ് നങ്ങേലി പറയുന്നത്. അപ്പോള്‍ നരിയും പുലിയും രണ്ടാണോ എന്ന സംശയം വീണ്ടും ബാക്കിയാകും. പുലിയ്ക്കും കടുവയ്ക്കും കുറുക്കനും വവ്വാലിനും ഒക്കെ നരി, കുറുനരി, നരിച്ചീര്‍ എന്നൊക്കെ പേരു വിളിക്കുന്നുമുണ്ട്. പണ്ട് കാലത്ത് ഈ വലിയ മാര്‍ജ്ജാരന്മാരെ ഒക്കെ പിടികൂടാന്‍ ആശാരിമാര്‍ പണിയുന്ന കെണികള്‍ക്ക് 'നരിമഞ്ച 'എന്നായിരുന്നു വിളിച്ചിരുന്നതും.

കേരളത്തില്‍ ഇപ്പോള്‍ ''വരയന്‍ പുലി'' യായ കടുവയെക്കുറിച്ച് കൂടുതല്‍ അറിയേണ്ടത് വളരെ അത്യാവശ്യമായിരിക്കുന്നു. പത്തന്‍പത് വര്‍ഷം മുമ്പ് വളരെ അപൂര്‍വ്വമായി മാത്രമേ നമ്മുടെ നാട്ടിലുള്ളവര്‍ കടുവകളെ കണ്ടിട്ടുള്ളു. മൃഗശാലകളിലും സര്‍ക്കസിലും കണ്ട ഓര്‍മ്മ മാത്രമേ പലര്‍ക്കും ഉള്ളൂ. ഇപ്പോള്‍ നാടുകളില്‍ കടുവകളിറങ്ങിയ വാര്‍ത്തയില്ലാത്ത ദിവസങ്ങളില്ല എന്നായിട്ടുണ്ട്. എത്രയോ ആടുമാടുകള്‍ മാത്രമല്ല ആളുകളും കടുവകളുടെ ആക്രമണത്താല്‍ കൊല്ലപ്പെടുന്നുണ്ട്.

ചൂടിൽ നിന്ന് രക്ഷനേടാനായി ചെറിയ കുളത്തിലെ വെള്ളത്തിൽ കളിക്കുന്ന വെള്ള കടുവകൾ
| ഫോട്ടോ: വി. രമേഷ് / മാതൃഭൂമി

കാട്ടിലെ രാജാവ് സിംഹം എന്നൊക്കെ പറയുമെങ്കിലും നമ്മുടെ മനസിലുള്ളതുപോലുള്ള കൊടും 'കാട്ടി'ലല്ലല്ലോ അവര്‍ ജീവിക്കുന്നത്. ആഫ്രിക്കയിലെ സിംഹ ഭൂമികളും ഗുജറാത്തിലെ ഗിര്‍വനവും ഒക്കെ കണ്ടാല്‍ നമുക്ക് മനസിലാകും ഇവരുടെ 'കാട്'' എങ്ങിനെയുള്ളതാണെന്ന്. ഗിര്‍ വനം മാത്രമാണ് ലോകത്ത് സിംഹവും കടുവയും മുഖാമുഖം കാണാന്‍ സാദ്ധ്യതയുള്ള ഏക സ്വാഭാവിക ഇടം. വളരെകുറഞ്ഞ സാദ്ധ്യത മാത്രമേ അതിനും ഉള്ളു. കഴിഞ്ഞ 27 വര്‍ഷത്തിനുള്ളില്‍ ആദ്യമായി ഒരു കടുവയെ 2019 ല്‍ ആണ് ഗുജറാത്തിലെ ലുനാവാഡയില്‍ കാമറ ട്രാക്കില്‍ കണ്ടുകിട്ടിയത്. അത് മദ്ധ്യപ്രദേശിലെ രാതാപാനി ടൈഗര്‍ റിസര്‍വില്‍ നിന്നും രണ്ടുകൊല്ലം കൊണ്ട് 300 കിലോമീറ്റര്‍ സഞ്ചരിച്ച് അവിടെ എത്തിയതാവും എന്നാണ് കരുതുന്നത്. കണ്ടെത്തി കുറച്ച്ദിവസങ്ങള്‍ക്കകം തന്നെ അത് പട്ടിണിമൂലം ചത്തുപോകുകയും ചെയ്തു. തരിശായ പുല്‍പ്പരപ്പുകളും കുറ്റിച്ചെടികളും ഉള്ള പ്രദേശങ്ങള്‍ ആണ് സിംഹങ്ങള്‍ അധിവസിക്കുന്ന ആഫ്രിക്കയിലേയും ഗുജറാത്തിലേയും പ്രദേശങ്ങള്‍ അധികവും. എന്നാല്‍ ഏതുതരം കാട്ടിലും കടുവ അതിജീവിക്കും. സുന്ദര്‍ബനിലെ കണ്ടല്‍ കാടുകളില്‍ പോലും കടുവകള്‍ ഉണ്ട്. കണ്ടാമൃഗങ്ങളെപ്പോലും കൊന്നു തിന്നും - ആനയേ വരെ ആക്രമിക്കും. സ്വന്തം വര്‍ഗ്ഗക്കാരെപ്പോലും തിന്നും. ഏതുതരം കാടായാലും അതിജീവിക്കാന്‍ ആകുമെന്നതിനാല്‍ അവിടെയൊക്കെയും ആരെയും കൂസാത്ത രാജാവ് കടുവ തന്നെയാണ്. ഇനി 'കടുവയെ പിടിക്കുന്ന കിടുവ' വരണം! ആ സ്ഥാനം തെറിക്കണമെങ്കില്‍. ആരെയും പേടിക്കാത്ത ശക്തന്‍ ! കരയിലും മരത്തിലും വെള്ളത്തിലും ഒക്കെ ഒരുപോലെ കരുത്ത്കാട്ടാന്‍ കഴിയുന്ന വമ്പര്‍.

ഫോട്ടോ : ഡേവിഡ് രാജു

മാര്‍ജ്ജാരകുലത്തില്‍ വലിപ്പത്തിലും കരുത്തിലും മേല്‍കൈ ഇവര്‍ക്കാണ്. ഭക്ഷ്യ ശൃംഖലയുടെ ഏറ്റവും മുകളിലെ ഇരപിടിയന്‍ ഇവരാണ്. കാട്ടുപോത്തും വലിയ മാനുകളും കാട്ട് പന്നിയും ഒക്കെയാണ് ഇഷ്ട ഭക്ഷണങ്ങള്‍. മുതലയും കുരങ്ങും മുയലും മയിലും മീനും കരടിയും ഒന്നിനേയും ഒഴിവാക്കില്ലതാനും. മുള്ളമ്പന്നികളെവരെ തിന്നാന്‍ നോക്കി അബദ്ധത്തില്‍പ്പെടാറും ഉണ്ട്. കാട്ടിയേപ്പോലുള്ള വമ്പന്മാരെ തൊട്ടടുത്ത് വെച്ച്, അരികില്‍ നിന്നോ പിറകില്‍ നിന്നോ പതുങ്ങി വന്ന് ചാടി കഴുത്തില്‍ കടിച്ച് തൊണ്ടക്കൊരള്‍ മുറിച്ചാണ് കൊല്ലുക. ഒറ്റ ഇരിപ്പില്‍ 18- 30 കിലോഗ്രാം മാംസം വരെ തിന്നും. പിന്നെ രണ്ട് മൂന്നു ദിവസം ഭക്ഷണം ഒന്നും വേണ്ട. രാത്രിയില്‍ 6-10 മൈല്‍ വരെ ഇവ ഇരതേടി സഞ്ചരിക്കും. കൊന്ന ഇടത്ത് വെച്ച് തന്നെ ഇവ ഇരയെ തിന്നുന്ന പതിവില്ല. വലിച്ച് മാറ്റി വെക്കും. വെള്ളം കുടിക്കാനും മറ്റും പോകുന്നെങ്കില്‍ ഇലകളും കല്ലും പുല്ലും ഒക്കെ കൊണ്ട് കൊന്ന ഇരയുടെ ശരീരം മൂടി വെക്കും.

ഇവരുടെ നാവിലെ ഉറപ്പുള്ള പാപ്പിലോകള്‍ അരം കൊണ്ട് രാകും പോലെ എല്ലിലെ ഇറച്ചി ഉരച്ചെടുക്കാന്‍ സഹായിക്കും.

Panthera tigris tigris എന്ന ബംഗാള്‍ കടുവയാണ് ഇന്ത്യയിലും ബംഗ്ലാദേശിലും നേപ്പാളിലും ഭൂട്ടാനിലും ചൈനയിലും കാണുന്ന ഇനം. വേറെയും സബ് സ്പീഷിസ് കടുവകള്‍ ഉണ്ട്. സൈബീരിയയില്‍ കാണുന്ന മറ്റൊരു സബ് സ്പീഷിസ് ഉണ്ട്. Panthera tigris al­taica. ഇന്തോ ചൈനീസ് കടുവയായ Panthera tigris cor­betti കംബോഡിയ, മ്യാന്മര്‍, ചൈന , ലാവോസ്, തായ്‌ലാന്റ് , വിയറ്റ്‌നാം തുടങ്ങിയ പ്രദേശങ്ങളില്‍ കാണുന്നു. ദക്ഷിണ ചൈന കടുവയായ Panthera tigris amoyen­sis ദക്ഷിണ- മദ്ധ്യ ചൈനയില്‍ ആണ് കാണപ്പെടുന്നത്. സുമാത്ര ദ്വീപില്‍ മാത്രം കാണുന്ന Panthera tigris suma­trae ഇനം സുമാത്രന്‍ കടുവയും ഉണ്ട്. ബാലി, ജാവന്‍ , കാസ്പിയന്‍കടുവകള്‍ വംശനാശം സംഭവിച്ചു കഴിഞ്ഞു.

ഇളം തവിട്ട് രാശിയുള്ള ഓറഞ്ച് നിറമുള്ള രോമാവരണത്തില്‍ കറുത്ത വരകളാണ് കടുവകളുടെ പ്രത്യേകത. വയറിനും നെഞ്ചിലും കഴുത്തിലും കാലുകള്‍ക്കും ഒക്കെ ഓറഞ്ച് നിറം കുറഞ്ഞ് വെളുപ്പാര്‍ന്ന രോമങ്ങളാണുണ്ടാവുക. കവിളിലും കണ്ണിനു മുകളിലും ചെവിക്ക് പിറകിലും വെളുത്ത രോമകൂട്ടം ഉണ്ടാവും. ഓറഞ്ച് നിറമുള്ള വാലില്‍ കറുത്ത ചുറ്റടയാളങ്ങള്‍ കാണാം. 'കടുവയുടെ വരകള്‍ മായ്ക്കാന്‍ കഴിയില്ല' എന്ന് തമാശയ്ക്ക് പറയുന്നതല്ല.. രോമം ഷേവ് ചെയ്താല്‍ അതിനടിയിലും അടയാളം കാണം.

ഒരോ കടുവയുടെയും മുഖത്തേയും ദേഹത്തേയും വരകള്‍ വ്യത്യസ്തമാണ്. നമ്മുടെ വിരലടയാളം പോലെ ഈ മാര്‍ക്കുകള്‍ നോക്കിയാണ് ഇവയെ തിരിച്ചറിയുന്നത്.

ക്യാമറ ട്രാക്കുകളില്‍ കിട്ടുന്ന കടുവകളുടെ ചിത്രങ്ങളില്‍ നിന്നും ആവര്‍ത്തനം പറ്റാതെ കൃത്യമായി എണ്ണം എടുക്കുന്നതും ഈ പ്രത്യേകതയെ അടിസ്ഥാനമാക്കിയാണ്. ആണും പെണ്ണും കടുവകള്‍ തമ്മില്‍ വലിപ്പത്തില്‍ ഉള്ള വ്യത്യാസമല്ലാതെ പെട്ടന്ന് തിരിച്ചറിയാനുള്ള മറ്റ്ബാഹ്യ രൂപ പ്രത്യേകതകള്‍ ഒന്നും ഇല്ല. നൂറിലധികം വരകള്‍ ഉണ്ടാകും കടുവയുടെ ദേഹത്ത്. ഈ കറുത്ത വരകള്‍ പുല്ലിലും മറ്റുമൊളിച്ച് മറഞ്ഞ് നില്‍ക്കാനും ഇരകളുടെ കണ്ണില്‍ പെടാതെ കമോഫ്‌ലാഷിനും ഇവരെ സഹായിക്കുന്നുണ്ട്.. പാദങ്ങള്‍ക്കടിയില്‍ മൃദുവായ പാഡുകള്‍ ഉള്ളതിനാല്‍ ഒട്ടും ശബ്ദം ഉണ്ടാക്കാതെ ഇവയ്ക്ക് നടക്കാനാകും. നിരവധിതരം ശബ്ദങ്ങള്‍ ഇവ ഉണ്ടാക്കും . ഗര്‍ജ്ജനവും അമറലും അലറലും കരച്ചിലും മുറുമുറുക്കലും ചീറലും ഒക്കെയായി പലതരം ആശയ വിനിമയ ശബ്ദങ്ങള്‍. എങ്കിലും പൂച്ചകളെപ്പോലെ മുരളാറില്ല. മുങ്കാലുകളിലെ പത്തി വളരെ വലുതും ശക്തിയുള്ളതും ആണ്. അതുകൊണ്ടുള്ള ഒരടി മതി ഒരാളുടെ കഥകഴിയാന്‍. അല്ലെങ്കില്‍ എല്ലുകള്‍ തവിട്‌പൊടിയാകാന്‍. ആണിന്റേയും പെണ്ണിന്റേയും മുന്‍ കൈപ്പത്തിയ്ക്ക് വലിപ്പത്തിലും രൂപത്തിലും ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകും.

PHOTO : PTI

പൂച്ചകളെപ്പോലെ വെള്ളത്തില്‍ ഇറങ്ങാന്‍ മടിയുള്ളവരല്ല കടുവകള്‍. വെള്ളത്തില്‍ അര്‍മാദിച്ച് നീന്തിക്കളിക്കാന്‍ ഇഷ്ടമാണിവര്‍ക്ക്. വളരെ നേരം നീന്താന്‍ ഇവര്‍ക്ക് പറ്റും. അതിനാല്‍ കടുവയെകണ്ടാല്‍ പുഴയിലേക്ക് ഓടീട്ട് കാര്യമില്ല. 20 വര്‍ഷത്തിനടുത്താണ് ഇവരുടെ ആയുസെങ്കിലും കാട്ടില്‍ അവ പതിനഞ്ച് വര്‍ഷത്തിലധികമൊന്നും ബാക്കിയാവാറില്ല. പ്രായമേറുന്നതോടെ ടെറിട്ടറി യുദ്ധങ്ങളും പരിക്കും ഒക്കെ ഇവരെ കൊലയ്ക്ക് കൊടുക്കും. ഒരു മുള്ളന്‍ പന്നിയെ തിന്നാന്‍ ശ്രമിച്ച് മുഖത്തും നാവിലും ഊരിപ്പോവാതെ മുള്ളുതറച്ച് കീറ്റന്നാല്‍ പോലും അത് കടുവയുടെ അന്ത്യത്തിന് കാരണമാവാം.

ഇവയുടെ ഉമിനീരിന് ആന്റിസെപ്റ്റിക്ക് കഴിവുള്ളതിനാല്‍ സ്വന്തം ശരീരത്തില്‍ വന്ന മുറിവുകള്‍ നക്കി ഉണക്കാന്‍ പറ്റും .

വലിയ ഓട്ടക്കാരല്ലെങ്കിലും ചെറുദൂരം അതിവേഗത്തില്‍ ഓടി ഇരയെ കീഴ്‌പ്പെടുത്താന്‍ ഇവര്‍ക്ക് കഴിയും. രൂക്ഷഗന്ധമുള്ളതാണ് ഇവയുടെ മൂത്രം. ടെറിട്ടറിയിലേക്ക് മറ്റുള്ളവര്‍ അതിക്രമിച്ച് കടക്കുന്നത് തടയാന്‍ അടയാളമായാണ് ഇത് തൂവി വെക്കുന്നത്. ശബ്ദം കൊണ്ട് മാത്രമല്ല മുഖ ചേഷ്ടകള്‍ കൊണ്ടും ആശയ വിനിമയം നടത്തും. ബാല്യക്കാരുടെ മൂക്കിന്റെ അഗ്രം പിങ്ക് നിറമുള്ളതാണെങ്കിലും വയസാകുന്നതോടെ അതു കറുപ്പ് നിറത്തിലാകും. മുഖത്തും കണ്ണിനു മുകളിലും മൂക്കിനു സമീപവും ഒക്കെയുള്ള പ്രത്യേക നീളന്‍ രോമങ്ങള്‍ ഇരുളില്‍ തൊട്ടറിയാന്‍ സഹായിക്കുന്നു. നമുക്ക് കാഴ്ച സാദ്ധ്യമാകാന്‍ വേണ്ടുന്നതിന്റെ ആറിലൊരുഭാഗം പ്രകാശം മാത്രമുള്ളപ്പോള്‍ പോലും കടുവയ്ക്ക് വ്യക്തമായി കാണാന്‍ കഴിയും. അതിനാല്‍ രാത്രിയിലെ നിലാവെളിച്ചവും നക്ഷത്രത്തിളക്കങ്ങളും തന്നെ മതി പലതും കാണാന്‍. കണ്ണിനും പിറകിലുള്ള ടപെറ്റം ലുസിഡം (tapetum lucidum ) എന്ന ഭാഗം ഉള്ളില്‍ കയറിയ പ്രകാശത്തെ വീണ്ടും പ്രതിഫലിപ്പിക്കുന്നതിനാലാണ് രാത്രിക്കാഴ്ചകള്‍ സാദ്ധ്യമാകുന്നത്. ഇവരുടെ കണ്ണിലേക്ക് പ്രകാശം രാത്രി നേരിട്ടടിച്ചാല്‍ തിളങ്ങുന്നതായി കാണുന്നത് ഇതുകൊണ്ടാണ്. കണ്ണുകള്‍ തലയുടെ അരികുകളിലല്ലാതെ മുഖത്തിന്റെ മുന്നിലായാണുള്ളത്. അതിനാല്‍ കടുവകള്‍ക്കും മുന്നിലുള്ള ഇരയിലേക്കുള്ള ദൂരവും ഡെപ്തും കൃത്യമായും അറിയാനാകും.

2018 ലെ കണക്കുപ്രകാരം ആകെ 2,603-3,346 എണ്ണം ബംഗാള്‍ കടുവകള്‍ ഉണ്ടാകും എന്നാണ് കരുതുന്നത്. ഒത്ത വളര്‍ച്ചയെത്തിയ ആണ്‍ കടുവ 200-260 കിലോ ഭാരം ഉണ്ടാവും. ഇണചേരല്‍ കാലത്ത് ഒഴിച്ച് ഇവരെ ജോഡികളായി കാണാറില്ല. ഒറ്റയ്ക്കാണ് ഇരതേടല്‍. സ്വന്തം അധികാര പരിധികള്‍ മൂത്രമാര്‍ക്കിങ്ങ് ചെയ്തും മരത്തൊലികളില്‍ നഖമുരച്ചുണ്ടാക്കുന്ന പോറലുകള്‍ വഴിയും അടയാളപ്പെടുത്തിവെക്കും. വലിയ പ്രദേശം വേണം ഇരതേടാന്‍. ഇഷ്ടം പോലെ വെള്ളവും കിട്ടണം. ഇരകള്‍ കുറവാണെങ്കില്‍ അതിന്റെ പരിധി വീണ്ടും കൂടും. ഒരു എക്കോ സിസ്റ്റത്തില്‍ ഇവരുടെ എണ്ണം കൃത്യമായിരിക്കണം അല്ലാതെ ഇവ കൂടിയാലും കുറഞ്ഞാലും പ്രശ്‌നമാണ്.

കുളമ്പുകാരായ മേഞ്ഞു തിന്നുന്ന മൃഗങ്ങള്‍ പെരുകി, എല്ലാ പച്ചപ്പും തിന്നുതീര്‍ത്ത് കാട് തരിശാകാതെ ബാക്കിയാകുന്നത് കടുവകളുള്ളതിനാലാണ്.

കടുവകളുടെ എണ്ണം വല്ലാതെ പെരുകുന്നതും പ്രശ്‌നമാണ്. വളരെ വലിയ പ്രദേശം ഓരോ കടുവയ്ക്കും സ്വന്തമായി വേണം. 75 മുതല്‍ 100 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണം വരെ ഒരോ ആണ്‍ കടുവയും സ്വന്തമായി കരുതി കാക്കും. ആഹാരം, വെള്ളം , ഒളിച്ച് കഴിയാനുള്ള സൗകര്യം ഇതൊക്കെ ആശ്രയിച്ച് ടെറിട്ടറി വലിപ്പത്തില്‍ വ്യത്യാസം ഉണ്ടാവും. ഓരോ ആണ്‍ കടുവയുടെയും സാമ്രാജ്യത്തിലേക്ക് വേറെ ആണ്‍ കടുവ കയറിയാല്‍ യുദ്ധം ഉറപ്പാണ്. ടെറിട്ടറിക്കുള്ളില്‍ ഒന്നിലധികം പെണ്‍ കടുവകള്‍ ഉണ്ടാകും. അവര്‍ക്കും പ്രത്യേകമായ ടെറിട്ടറികള്‍ കാണും. പ്രത്യേകമായ ഇണചേരല്‍ കാലമൊന്നും ഇല്ല. നാലഞ്ച് കൊല്ലം കൊണ്ടാണ് ആണ്‍ കടുവ പ്രായപൂര്‍ത്തിയെത്തുക. 3-4 കൊല്ലം കൊണ്ട് പെണ്‍ കടുവയും. ഇടവിട്ടുള്ള ഇണചേരല്‍ പ്രക്രിയ ദിവസങ്ങളോളം നീണ്ടുനില്‍ക്കും. ആ സമയം മാത്രമാണ് ആണ്‍ കടുവയെ കൂടെ കാണുക. 104-106 ദിവസമാണ് ഗര്‍ഭകാലം. 1 മുതല്‍ 4 കുഞ്ഞുങ്ങള്‍ വരെ ഒരു പ്രസവത്തില്‍ ഉണ്ടാകും. 3 മുതല്‍ 6 മാസം വരെ മുലകുടിക്കും. പിറന്നു വീഴുന്ന കുഞ്ഞുങ്ങള്‍ പൂച്ചക്കുട്ടികളെപ്പോലെതന്നെ കണ്ണുകീറാത്ത നിലയില്‍ ആണുണ്ടാകുക. ചെവിയും കേള്‍ക്കാത്ത വെറും നിസഹായര്‍. അമ്മക്കടുവയുടെ മണം പിടിച്ച് കാഴ്ചയില്ലാത്ത കുഞ്ഞുങ്ങള്‍ ഇഴഞ്ഞ് നടന്ന് അപകടത്തില്‍ പെടാറുണ്ട്. ചിലപ്പോള്‍ ആണ്‍ കടുവകള്‍ കുഞ്ഞുങ്ങളെ തിന്നാറും ഉണ്ട് .കുഞ്ഞുങ്ങള്‍ സ്വന്തമായി ആഹാരം തേടി തുടങ്ങും വരെ അമ്മയ്‌ക്കൊപ്പം ആണുണ്ടാകുക. എങ്കിലും പെറ്റ് വീഴുന്ന കുഞ്ഞുങ്ങളില്‍ പകുതിയും അതിജീവിക്കാറില്ല. 2-3 വയസായാല്‍ കുഞ്ഞുങ്ങള്‍ അമ്മയെ വിട്ട് പുതിയ വേട്ടപ്രദേശങ്ങള്‍ തേടിപ്പോകും. അങ്ങിനെ വേറെ ആണ്‍ കടുവയുടെ മേഖലയില്‍ എത്തിയാല്‍ ചിലപ്പോള്‍ കഥകഴിഞ്ഞെന്നും വരും. ആണ്‍ കുഞ്ഞുങ്ങള്‍ കുറേക്കൂടി ദൂരം കടന്നുപോകുമെങ്കിലും പെണ്‍ മക്കള്‍ അടുത്ത പ്രദേശത്ത് തന്നെ കഴിയും. പെണ്‍കടുവകള്‍ അതിനാല്‍ എല്ലാ വര്‍ഷവും പ്രസവിക്കില്ല. കുഞ്ഞുങ്ങള്‍ പിരിഞ്ഞാല്‍ വീണ്ടും പെണ്‍ കടുവ ഇണചേരലിനു ശ്രമിക്കും. കാടിന്റെ വലിപ്പം കൂടാതെ കടുവകളുടെ എണ്ണം മാത്രം അനിയന്ത്രിതമായി കൂടിയാല്‍ അവ കാടിന് താങ്ങാനാവാതാവും. പുതിയ കടുവകളും പരിക്ക് പറ്റി സ്വന്തം ടെറിട്ടറിയില്‍ നിന്നും പുറത്താക്കപ്പെട്ടവരും കാടതിര്‍ത്തികളോട് ചേര്‍ന്ന് ജീവിക്കാനാരംഭിക്കും. അവിടെ എളുപ്പത്തില്‍ വളര്‍ത്തുമൃഗങ്ങളെ തിന്നാന്‍ കിട്ടുന്നു. ചിലപ്പോള്‍ മനുഷ്യരെതന്നെ അവര്‍ കൊന്നു തിന്നുന്നു.

ഫോട്ടോ : AP

ഹിന്ദു മത വിശ്വാസ പ്രകാരം കടുവയാണ് ദുര്‍ഗയുടെ വാഹനം. സമുദ്രഗുപ്തന്റെ കാലത്തെ നാണയങ്ങളില്‍ കടുവയെ കൊല്ലുന്നതായി ചിത്രീകരിച്ചിരുന്നു. സ്വന്തം രാജ്യ ചിഹ്നമായും , ആയുധങ്ങളിലും പട്ടാളക്കാരുടെ യൂണിഫോമിലും ഒക്കെ കടുവയുടെ രൂപം മൈസൂര്‍ സുല്‍ത്താനയ ടിപ്പു ഉപയോഗിച്ചിരുന്നു . വെള്ളക്കാരോടുള്ള പക പ്രകടിപ്പിക്കാന്‍ മരം കൊണ്ട് പണിതീര്‍ത്ത ഒരു യന്ത്രക്കടുവയുണ്ടായിരുന്നു അദ്ദേഹത്തിന്. ഒരു വെള്ളക്കാരനെ ആക്രമിച്ച് കൊല്ലുന്നതുപോലെ മെക്കാനിക്കലായി ചലിക്കുന്നതും കൂടെ വെള്ളക്കാരന്റെ കരച്ചില്‍ ശബ്ദവും കടുവയുടെ അലറലും അതില്‍ നിന്നു കേള്‍ക്കാം. പല രാജ്യങ്ങളുടേയും ദേശീയമൃഗം കടുവ ആണ്. കടുവയുടെ രൂപം ചേര്‍ത്ത കൊടികള്‍ പല രാജ്യങ്ങളിലും ഉണ്ട്.

കടുവകളുടെ എണ്ണം കഴിഞ്ഞ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഒരു ലക്ഷത്തോളം ഉണ്ടായിരുന്നത് കുറഞ്ഞു കുറഞ്ഞ് ഗുരുതരാവസ്ഥയില്‍ എത്തിയിരുന്നു. അവയുടെ വംശ നാശം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പല സംരക്ഷണ പ്രവര്‍ത്തനങ്ങളും പല രാജ്യങ്ങളിലും ആരംഭിച്ചത്. ഇന്ത്യയില്‍ അത് വളരെ വിജയകരമായിരുന്നു. സാധാരണ നിലയില്‍ കടുവയുടെ ഭക്ഷണം അല്ല മനുഷ്യന്‍ എങ്കിലും പലകാരണങ്ങള്‍ കൊണ്ടും കടുവകള്‍ നരഭോജികളായി മാറാറുണ്ട്. വാര്‍ദ്ധക്യം, പരിക്കുകള്‍ ഒക്കെ കൊണ്ട് ഇരതേടാന്‍ വിഷമമുള്ള കടുവകളാണ് കാടുകളില്‍ നിന്നും പുറത്തിറങ്ങി മനുഷ്യരെ ഭക്ഷണമാക്കുന്നത്. പഴയ രാജാക്കന്മാരും ബ്രിട്ടീഷ് ഓഫീസര്‍മാരും നേരമ്പോക്കിനും വെറും രസത്തിനും വേണ്ടിയായിരുന്നു വലിയതോതില്‍ കടുവ വേട്ടകള്‍ നടത്തിയിരുന്നത്. നീലഗിരി പ്രദേശത്ത് തോട്ടങ്ങള്‍ പണിയുന്നതിന്റെ ഭാഗമായി ബ്രിട്ടീഷുകാര്‍ ശിക്കാരികളെ വെച്ച് ആയിരക്കണക്കിന് കടുവകളേയും പുലികളേയും കൊന്നൊടുക്കിയിരുന്നു. അതിനു ശേഷം ഇപ്പോഴാണ് വീണ്ടും കടുവകളുടെ എണ്ണം കൂടാന്‍ തുടങ്ങിയത്. ചില കാലങ്ങളില്‍ ജിം കോര്‍ബെറ്റിനെപ്പോലെയുള്ളവര്‍ വടക്കെ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ കൃഷിക്കാര്‍ക്ക് ഭീഷണിയായ നര്‍ഭോജി കടുവകളേയും ധാരാളം കൊന്നിട്ടുണ്ട്. കടുവത്തോലിനു വേണ്ടിയും നഖത്തിനും അസ്ഥിയ്ക്കും ഒക്കെ പ്രത്യേക ഔഷധ ഗുണം ഉണ്ടെന്ന അന്ധവിശ്വാസം കൊണ്ടും ആണ് ഏറ്റവും കൂടുതല്‍ കടുവ വേട്ട ഈകാലത്തും പല രാജ്യങ്ങളിലും നടക്കുന്നത്.

കടുവയും സിംഹവും ചേർന്നുണ്ടായ ലൈഗർ. ഇടതു വശത്ത് പെൺ ലൈഗർ. വലതു വശത്ത് ആൺ ലൈഗർ
By Hkandy - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=2567702

സ്വാഭാവിക പരിസരങ്ങളില്‍ നടക്കാറില്ലെങ്കിലും സിംഹവും കടുവയും തമ്മില്‍ പരീക്ഷണ ശാലകളില്‍ ഇണചേര്‍ത്ത് സങ്കരം സാദ്ധ്യമാണ്. അങ്ങിനെ ആണ്‍ സിംഹവും പെണ്‍ കടുവയും ചേര്‍ന്നുണ്ടാകുന്ന കുഞ്ഞുങ്ങളെ ലൈഗര്‍ (liger )എന്നും ആണ്‍ കടുവയ്ക്ക് പെണ്‍ സിംഹത്തില്‍ ഉണ്ടാകുന്ന കുഞ്ഞിന് ടൈഗൊന്‍ (tigon) എന്നും ആണ് .

ലൈഗർ കുഞ്ഞുങ്ങൾ | Getty images

ഇത് വളരെ അപൂര്‍വ്വമായേ സംഭവിക്കാറുള്ളൂ. ഇവയ്ക്ക് പ്രത്യുത്പാദന ശേഷി ഉണ്ടാവില്ലെങ്കിലും ലൈഗറുകള്‍ സിംഹത്തേയും കടുവയേയും കടത്തിവെട്ടുന്ന നീളവും ഭാരവും ഉള്ള അത്യുഗ്ര ജീവിയാകും. മാതാപിതാക്കളേക്കാള്‍ വലിപ്പം കൂടിയ , പത്ത് പന്ത്രണ്ടടി നീളവും 350-450 കിലോയിലധികം ഭാരവുമുള്ളവയാകും അവര്‍. സിംഹത്തില്‍ നിന്നുള്ള വളര്‍ച്ച പ്രേരക ജീനുകള്‍ സജീവമായി നില്‍ക്കുകയും കടുവയില്‍ നിന്നും അവയെ നിരുത്സാഹിപ്പിക്കുന്ന ജീനുകള്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാല്‍ ടൈഗണുകള്‍ മാതാപിതാക്കളുടെ വലിപ്പത്തിനപ്പുറം വളരില്ല. ഈ സങ്കര സന്തതികള്‍ പ്രജനന ശേഷി ഇല്ലാത്തവരാണ് എങ്കിലും പെണ്‍ ടൈഗോണ്‍ ഏഷ്യന്‍ ആണ്‍ സിംഹവുമായി ഇണചേര്‍ത്ത് ലൈടൈഗോണ്‍ (litigons ) എന്ന രണ്ടാം തലമുറ ജീവിയെ ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും ഇവയുടെ വംശ സംരക്ഷണത്തിന് ദോഷം ചെയ്യും എന്നതിനാല്‍ ഇത്തരം സങ്കരജനന പദ്ധതികള്‍ നിരുത്സാഹപ്പെടുത്തുകയാണിപ്പോള്‍ ചെയ്യുന്നത്.

Content Highlights: Bandhukkal mithrangal on tiger


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


pranav

ഭിന്നശേഷിക്കാരിയെ വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരബലാത്സംഗം; ബന്ധുക്കൾ കണ്ടത് തളർന്നുകിടക്കുന്ന യുവതിയെ

Jan 26, 2023


07:22

നിക്ഷേപകരെ വലയിലാക്കാൻ പ്രവീൺ റാണ പറഞ്ഞ കണക്കുകൾ...| Praveen Rana Investment Fraud Part 02

Jan 26, 2023

Most Commented