സർവതും കരളുന്ന തുരപ്പനാണീ എലികൾ, ശപിക്കരുത്; പല്ലാണ് എല്ലാറ്റിനും കാരണം


വിജയകുമാർ ബ്ലാത്തൂർഅലുമിനിയവും പ്ലാസ്റ്റിക്കുമടക്കം കരണ്ടു തിന്നാൻ ഈ എലികൾക്കിത് എന്തിന്റെ കേടാന്ന് ചിന്തിക്കുന്നവരുണ്ടാകാം. അപഹസിക്കാനും വെറുക്കാനും വരട്ടെ. ഈ സ്വഭാവത്തിനു പിന്നിൽ തക്കതായ കാരണമുണ്ട്.

പ്രതീകാത്മക ചിത്രം | Canva

എലി ഭയമുണ്ടോ, എങ്കിൽ മുസോഫോബിയ തന്നെ

ള്ള പെരുച്ചാഴി, ഭൂലോക തുരപ്പന്‍ എന്നീ പ്രയോഗങ്ങള്‍ ഇരട്ടപ്പേരായും വിശേഷണമായും ചിലരുടെ സ്വഭാവം സൂചിപ്പിക്കാന്‍ പൊതുവെ നമ്മള്‍ ഉപയോഗിക്കാറുണ്ടല്ലോ. പെരുച്ചാഴിയും തുരപ്പനെലിയും വീട്ടെലിയും ചുണ്ടെലിയും ഒക്കെ നമ്മുടെ നാട്ടില്‍ ഇഷ്ടം പോലെ ഉള്ളതിനാല്‍ ഇവരെ ആരെയെങ്കിലും ഇടയ്‌ക്കൊക്കെ മുഖാമുഖം കാണാത്ത ഒരാളും കേരളത്തില്‍ ഉണ്ടാവുകയും ഇല്ല. ഇവരെകൊണ്ടുള്ള എന്തെങ്കിലും ഒരു ശല്യം ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരാളും കാണുകയും ഇല്ല. ധാന്യങ്ങളും കിഴങ്ങുകളും കട്ട്തിന്നുന്നത് മാത്രമല്ല പലതും കരണ്ട് ദ്വാരമുണ്ടാക്കി നശിപ്പിച്ച് ഉപയോഗശൂന്യമാക്കുകയും ചെയ്യും. അത്രമാത്രം നമ്മുടെ ജീവിതത്തിന്റെ ഭാഗമായതിനാല്‍ ഭാഷയില്‍ ഏറ്റവും കൂടുതല്‍ ചൊല്ലുകള്‍ ഏതെങ്കിലും ജീവിയെ ചേര്‍ത്ത് ഉള്ളത് എലിയെക്കുറിച്ചാണ്. . പുന്നെല്ല് കണ്ട എലി എന്നതു മുതല്‍ നെല്ല് പത്തായത്തിലുണ്ടെങ്കില്‍ എലി പാലക്കാട് നിന്നു വരും തുടങ്ങി എത്രയോ ചൊല്ലുകള്‍ ദൈനംദിന ഉപയോഗത്തില്‍ നമുക്ക് കേള്‍ക്കാം.മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീ, എലിയേപ്പേടിച്ച് ഇല്ലം ചുടുക, പുലി പോലെ വന്നത് എലിപോലെ പോയി. പൂച്ചയില്ലാത്ത വീട്ടില്‍ എലി ഗന്ധര്‍വ്വന്‍തുള്ളും

തുടങ്ങി എത്രയോ ചൊല്ലുകളില്‍ എലി വില്ലനായുണ്ട്. എത്രവലിയ ജന്തു സ്‌നേഹിയും കെണി വെച്ചും വിഷം കൊടുത്തും എലികളെ കൊല്ലുന്നതില്‍ എതിര്‍പ്പ് പറഞ്ഞ് കേട്ടിട്ടില്ല. ഏതോ തട്ടിന്‍പുറത്തെ, എലി മഹാസമ്മേളനത്തില്‍ പ്രധാന അജണ്ടയായി മുഴങ്ങിയ , ''പൂച്ചയ്ക്കാര് മണികെട്ടും? ' എന്ന വെല്ലുവിളിയോളം കുഴക്കുന്ന ചോദ്യമെന്തുണ്ട്? സങ്കീര്‍ണ്ണവും അപകടകരവും അസാദ്ധ്യവും ആയ പ്രശ്‌ന പരിഹാര ചിന്തകളെ കുറിക്കാന്‍, ലളിതവും ആലോചാനമൃതവുമായ വേറെ ഏത് ഭാഷാപ്രയോഗമുണ്ട്? കട്ടക്കയം ചെറിയാന്‍ മാപ്പിളയെ 'ക്രൈസ്തവകാളിദാസന്‍' എന്ന ഖ്യാതിയെ അവമതിക്കാനായി ഉണ്ടാക്കിയ പഴയകാല ശ്ലോകത്തില്‍ പറയുന്നതുപോലെ ''പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍ തട്ടിന്‍പുറത്താഖു മൃഗാധിരാജന്‍'' തന്നെ ആയിരുന്നു.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

പതിനായിരം വര്‍ഷം മുമ്പാണ് ആഫ്രിക്കന്‍ വൈല്‍ഡ് കാറ്റുകള്‍ ഈജിപ്തിലും മിഡില്‍ ഈസ്റ്റിലും ആദ്യമായി മെരുക്കപ്പെട്ടത് എന്നാണ് കരുതപ്പെടുന്നത്. കൃഷി മനുഷ്യര്‍ ആരംഭിച്ചതോടെ ധാന്യങ്ങള്‍ ധാരാളം ഒരിടത്ത് നിന്നുതന്നെ കിട്ടുമെന്നതിനാല്‍ എലികളും അതുപോലുള്ള കരണ്ടു തീനികളും മനുഷ്യ വാസകേന്ദ്രങ്ങളുടെയും കൃഷിയിടങ്ങളുടെയും സമീപം തഞ്ചിക്കൂടാന്‍ തുടങ്ങി. കൃഷിയും ധാന്യപ്പുരയും സ്ഥിരമായപ്പോള്‍ സ്വാഭാവികമായും അത് തേടിയെത്തുന്ന എലികളെ എളുപ്പത്തില്‍ തിന്നാന്‍ കിട്ടും എന്നതിനാല്‍ മരുഭൂമിയില്‍ തീറ്റതേടി അലഞ്ഞിരുന്ന കാട്ട്പൂച്ചകള്‍ മനുഷ്യവാസ സ്ഥലങ്ങളുടെ സമീപം തന്നെ തിരിഞ്ഞ്കളിച്ച്കാണും.. നൈല്‍ നദിക്കരയിലെ കൃഷിക്കാരിലാരൊക്കെയോ ആണ് മനുഷ്യരോട് അധികം പേടിയും അകല്‍ച്ചയും കാണിക്കാത്ത ചില കാട്ട്പൂച്ചകളെ മീന്‍ കൊടുത്ത് വശീകരിച്ച് എലികളെപിടിക്കാനായി കൂടെ കൂട്ടിയിരിക്കുക. അവയില്‍ നല്ല മെരുക്കം കാണിച്ചവയുടെ പരമ്പരകളില്‍ കൂടൂതല്‍ മെരുക്കമുള്ളവയെ തിരഞ്ഞെടുത്ത് വളര്‍ത്തിയാണ് നൂറ്റാണ്ടുകളിലൂടെ വീട്ടുപൂച്ചകള്‍ ഉണ്ടായത്. സ്ഥിരമായ ഏര്‍പ്പാട് ആയതിനാലാകാം പതിയെ എലിപിടുത്തത്തില്‍ പൂച്ചകള്‍ വളരെ വിദഗ്ദരായി , വര്‍ഷങ്ങള്‍ കഴിയെ, തലമുറകള്‍ നീങ്ങവെ എലികളുടെ ആജന്മശത്രുക്കളായും പൂച്ചകള്‍ മാറി. അഥവാ നമ്മല്‍ മാറ്റി.എലികളെ സംബന്ധിച്ച് പൂച്ചഎന്നും പുലിയാണ് എന്തൊക്കെ എലിക്കെണികളും വിഷവും ഉണ്ടെങ്കിലും ഇപ്പോഴും എലി നിയന്ത്രണത്തിന് പൂച്ചകളോളം നല്ല പരിഹാരം വേറെ ഇല്ല എന്ന് തന്നെ പറയാം. പല സ്ഥലങ്ങളിലേക്കും മനുഷ്യര്‍ എലി നിയന്ത്രണത്തിനായി കൊണ്ടുപോയാണ് വീട്ട് പൂച്ചകള്‍ ലോകത്തെങ്ങും എത്തപ്പെട്ടതു തന്നെ.

ഭൂമിയില്‍ എറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന കെണി എലികളെപ്പിടിക്കാനാവും. പ്രധാനശത്രുതന്നെയാണിവര്‍. പൂച്ചകള്‍ മനുഷ്യരുടെ ഇഷ്ടവളര്‍ത്ത് മൃഗം ആയത് എലിപ്പേടികൊണ്ട്കൂടിയാണ്. കണ്ണൂരില്‍ അറക്കല്‍ രാജവംശക്കാരുടെ പാണ്ടിക ശാലകളില്‍ എലിശല്യം കൂടിയപ്പോള്‍ അവിടെ പൂച്ചകളെ ധാരാളം വളര്‍ത്താന്‍ തീരുമാനിച്ചിരുന്നു. അവയെ ആകര്‍ഷിച്ച് നിര്‍ത്താനും തീറ്റാനും ദിവസവും ധാരാളം മീന്‍ വേണ്ടി വന്നപ്പോള്‍ ഉണ്ടാക്കിയ നികുതിയാണ് 'പൂച്ചക്കാണം'.

ഫോട്ടോ : സി. സുനിൽകുമാർ

ഭൂമിയിലെ സസ്തനികളില്‍ 40% ഉള്‍പ്പെടുന്നത് റോഡന്റുകള്‍ എന്നു വിളിക്കുന്ന കരണ്ടുതീനിയിനങ്ങളിലാണ്.

മരണം വരെ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ജോഡി ഉളിപ്പല്ലുകള്‍ മേലിലും താഴെയും താടിയില്‍ ഉള്ളവരാണിവര്‍. മുള്ളന്‍പന്നിയും അണ്ണാനും ഒക്കെ ഈ ഇനത്തില്‍ പെട്ടവര്‍ ആണ്. മുയലുകള്‍ക്കും ഇതുപോലെ കരണ്ടു തിന്നുന്ന സ്വഭാവം ഉള്ളതിനാല്‍ മുമ്പ് അവരേയും Rodentia ഓര്‍ഡറില്‍ പെടുന്ന റോഡന്റുകള്‍ ആയി കണക്കാക്കിയിരുന്നു. അവയുടെ മേല്‍ത്താടിയില്‍ ഒരു ജോഡിയ്ക്ക് പകരം രണ്ട് ജോഡി ഉളിപ്പല്ലുകള്‍ ഇത്തരത്തില്‍ നില്‍ക്കാതെ വളരുന്നവ ആണ്. 1912 നു ശേഷം അവര്‍ Lagomorpha എന്ന ഒര്‍ഡറില്‍ ആണ് പെടുത്തിയിരിക്കുന്നത്.

Also Read

ഐഎഫ്എഫ്കെയിലെ ചകോരം, ഉപ്പനെന്നും ചെമ്പോത്തെന്നും ...

പ്രസവിക്കും മുമ്പെ കുഞ്ഞിന് പാൽ നൽകുന്ന, ...

BANDHUKAL MITHRANGAL

ഒരു വർഷം പട്ടിണി കിടന്നാലും ചാവില്ല, ശല്യമായി ...

BANDHUKAL MITHRANGAL

പ്ലാനിങ്ങും സംഘടനാ സംവിധാനവും, കുലത്തെ ...

നാവ് ഉള്ളിലേക്ക് വലിച്ച്, ഉമിനീരും പതയും ...

കടുവയെയും ആനയെയും വിറപ്പിച്ച് നിർത്തും, ...

ബ്യൂബോനിക്ക് പ്ലേഗു മുതല്‍ ഇപ്പഴും മാരകമായ എലിപ്പനി വരെ നാല്‍പ്പതോളം രോഗങ്ങള്‍ പകര്‍ത്തുന്നത് ഇവരാണ്. 1347-51 കാലത്ത് പടര്‍ന്നുപിടിച്ച 'ബ്ലാക്ക് ഡെത്ത്' എന്നു വിളിക്കുന്ന പ്ലേഗ് ( ചെള്ളുകള്‍ വഴി എലികളിലൂടെ പടര്‍ന്നത് ) യൂറോപ്പില്‍ മാത്രം രണ്ടര കോടി ആളുകളെ കൊന്നൊടുക്കീട്ടുണ്ട്. ഇപ്പോഴും മനുഷ്യരുടെ മരണത്തിന് കാരണക്കാരാകുന്ന ജീവികളില്‍ പ്രധാനസ്ഥാനം ഇവര്‍ക്ക് തന്നെയാണ്.

എന്തിനാണിവര്‍ സര്‍വതും കരണ്ടുകൊണ്ടിരിക്കുന്നത് എന്നതിന് ഒരു കാരണം ഉണ്ട്. ബുക്കും മരവും പ്ലാസ്റ്റിക്കും തിന്നാന്‍ പറ്റാത്തപലതും ഇങ്ങനെ കരണ്ട് നശിപ്പിക്കും. വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍, പാത്രങ്ങള്‍ എന്നിവയൊക്കെ കടിച്ച് മുറിച്ച് നാശമാക്കും. കോണ്‍ക്രീറ്റും അലുമിനിയവും ചിരട്ടയും വരെ ഇവര്‍ കരളും. ബോറടി മാറ്റാനും നമുക്ക് ഉപദ്രവം ചെയ്യണം എന്ന് ചിന്തിച്ചും അല്ല ഈ കരളല്‍ . നമ്മുടെയൊക്കെ പല്ലുകള്‍ കുട്ടിയായ കാലം, മുളച്ച് വലുതായാല്‍ പിന്നെ ഒരിക്കലും വളരുകയില്ലല്ലോ. എന്നാല്‍ ഇവരുടെ ഉളിപ്പല്ലുകള്‍ ജീവിതകാലം മുഴുവന്‍ വളര്‍ന്നുകൊണ്ടേ ഇരിക്കും. പല്ലുകള്‍ എന്തിലെങ്കിലും ഉരച്ച് നീളം കുറച്ചില്ലെങ്കില്‍ ഒന്നും തിന്നാന്‍ പറ്റാത്ത വിധത്തില്‍ പല്ല് വായില്‍ നിന്ന് പുറത്തേക്ക് നീണ്ടുകളയും. കൂടാതെ നല്ല മൂര്‍ച്ചയുണ്ടെങ്കില്‍ മാത്രമേ ഉറപ്പുള്ള പരിപ്പുകളും ധാന്യങ്ങളും ഒക്കെ കടിച്ച് മുറിക്കാനും മറ്റും ഇവര്‍ക്ക് കഴിയു. അതിനാലാണ് എപ്പഴും കരണ്ടു രാകി പല്ല് മൂര്‍പ്പിച്ച് വെക്കുന്നത്.

എലികളെ അകാരണമായി ഭയപ്പെടുന്നതിന് മുസൊഫോബിയ എന്നാണ് പറയുക. എലികളെ കാണുന്നത് പലര്‍ക്കും അറപ്പും പേടിയും ഒക്കെ ഉണ്ട്. തഞ്ചത്തില്‍ കിട്ടിയാല്‍ അതിനെ തല്ലിക്കൊല്ലുക എന്നത് തന്നെയാണ് എല്ലാവരുടെയും ഏക ചിന്ത.
എന്നാല്‍ , മിക്കി മൗസും ടോം ആന്റ് ജെറിയിലെ പോലുള്ള ആനിമേഷന്‍ കാര്‍ട്ടൂണ്‍ പുസ്തകങ്ങളും സിനിമകളും ഇവയോടുള്ള പൊതു മനോഭാവം ചെറുതായി മാറ്റീട്ടുണ്ട്. സ്റ്റുവര്‍ട്ട് ലിറ്റില്‍ പോലുള്ള സിനിമകളും വന്നതോടെ എലിയെ കൊഞ്ചിക്കാനും ആളുകളുണ്ടായി. പലയിടങ്ങളിലും അല്‍ബിനോ റാറ്റുകളെ മാത്രമല്ല സാധാരണ എലികളേയും പെറ്റായി വളര്‍ത്തുന്നവരുണ്ട്. രാജസ്ഥാനിലെ കര്‍ണിമാതാ ക്ഷേത്രം എലികളെ ആരാധിക്കാനായുള്ളതാണ്. ഹിന്ദുമതത്തിലെ ദൈവമായ ഗണപതിയുടെ വാഹനം എലിയാണ് . പുതിയ മരുന്നുകളുടെ പരീക്ഷണഘട്ടങ്ങളില്‍ എലികളെയാണ് ഉപയോഗിക്കുന്നുണ്ട്.

ചൈനയിൽ പരീക്ഷണത്തിനായി എലികളെ മയക്കി കിടത്തിയിരിക്കുന്നു | Getty images

കറുത്ത എലി അഥവാ എലി

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പരിണമിച്ചുണ്ടായി പിന്നീട് കച്ചവട സംഘങ്ങള്‍ക്കൊപ്പം ലോകം മുഴുവന്‍ പടര്‍ന്ന എലികളാണ് Rattus rattus എന്ന ഇനം. വീട്ടെലി , തട്ടിന്‍പുറത്തെലി, കപ്പല്‍ എലി എന്നൊക്കെ ഇവരെയാണ് വിളിക്കുന്നത്. കറുത്ത എലി എന്ന് വിളിക്കുമെങ്കിലും അടിഭാഗം നിറം കുറഞ്ഞ , കറുപ്പു മുതല്‍ ഇളം തവിട്ട് നിറം വരെ ഇവരെ കാണാം. മിശ്രഭോജികളായ ഇവര്‍ ഒരുവിധം എല്ലാം തിന്നും. ചെറിയ പക്ഷികള്‍, ഷഡ്പദങ്ങള്‍ തുടങ്ങിയവ വരെ തിന്നും. ഒരു വിധം എല്ലാ കാര്‍ഷിക ഉത്പന്നങ്ങളും ഇവര്‍ക്ക് ഇഷ്ടമായതിനാല്‍ കൃഷിക്കാര്‍ക്ക് വലിയ ശല്യക്കാരാണ്. മുളപൂക്കുന്ന കാലത്ത് ഇവയുടെ എണ്ണം ക്രമാതീതമായി കൂടും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് വലിയ ദുരിതം വരുത്തിവെക്കാറുണ്ട്. പ്ലേഗ് പരത്തുന്നതില്‍ ഇവരായിരുന്നു പ്രധാന സ്ഥാനത്തുണ്ടായിരുന്നത്. പലതരം ബാക്ടീരിയകളുടെയും വൈറസുകളുടെയും വാഹകര്‍ കൂടിയാണിവര്‍. നല്ല ശ്രവണ ശേഷിയുള്ളതിനാല്‍ ഇരപിടിയന്മാരില്‍ നിന്നും മനുഷ്യരുടെ മുന്നില്‍ നിന്നും വേഗത്തില്‍ ഓടി ഒളിക്കാന്‍ ഇവര്‍ക്ക് അറിയാം .

കറുത്ത എലി | By Kilessan - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=9002871

തവിടന്‍ എലി

Rattus norvegicus എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന എലികള്‍ ആണിവര്‍. brown rat, common rat, street rat, sewer rat, Hanover rat, Norway rat, brown Norway rat, Norwegian rat, wharf rat എന്നെല്ലാം ഇവര്‍ക്ക് പേരുണ്ട്. വടക്കന്‍ ചൈനയില്‍ ഉരുത്തിരിഞ്ഞ് അന്റാര്‍ട്ടിക്ക ഒഴികെ ലോകം മുഴുവന്‍ പടര്‍ന്നവരാണിവര്‍. മനുഷ്യര്‍ ഉള്ളിടത്തെല്ലാം ഇവരുണ്ട് എന്നു പറയാം. ഇവയെ സെലക്റ്റീവ് ബ്രീഡിങ്ങ് നടത്തി നിരവധി ഫാന്‍സി വളര്‍ത്ത് എലികളെ ഉണ്ടാക്കീട്ടുണ്ട് .ലാബ്രട്ടറി പരീക്ഷണങ്ങള്‍ക്കായുള്ള മോഡല്‍ ജീവിയായും ഇത്തരം എലികളെ ഉപയോഗിക്കുന്നുണ്ട് .Rattus ranjiniae (Kerala rat / നെല്ലെലി , Rattus satarae (Sahyadris forest rat / സഹ്യാദ്രി കാട്ടെലി) എന്നിവര്‍ കൂടി റാറ്റസ് ജനുസില്‍ ഇവിടെ ഉണ്ട്.

തവിടൻ എലി | By AnemoneProjectors (talk) - Brown Rat (Rattus norvegicus)Uploaded by Snowmanradio, CC BY-SA 2.0, https://commons.wikimedia.org/w/index.php?curid=15187853

പെരുച്ചാഴി

ഇവരുടെ കൂട്ടത്തിലെ തടിമ്മാടന്മാരാണ് പെരുച്ചാഴികള്‍. പന്നിയെലി എന്നും ഇവരെ പേരു വിളിക്കാറുണ്ട്. ഗ്രേറ്റര്‍ ബാന്‍ഡിക്കൂട്ട് റാറ്റ് (Greater Bandicoot Rat) എന്ന് പേരുള്ള ഇവരുടെ ശാസ്ത്ര നാമം ബാന്‍ഡിക്കൂട്ട ഇന്‍ഡിക്ക (Bandicota indica) എന്നാണ്. ഇരുണ്ട തവിട്ട് നിറമുള്ള കട്ടി രോമക്കാരാണ് പെരുച്ചാഴികള്‍. കാലും വാലും ഒക്കെ കറുത്ത നിറത്തിലാവും. 27-29 സെ.മീ ശരീരനീളമുള്ള ഇവരുടെ വാലിനും അത്രതന്നെ നീളം ഉണ്ടാകും വാലില്‍ രോമം ഉണ്ടാവില്ല. ജീവിത കാലത്ത് എട്ടു പത്ത് പ്രസവം ഇവര്‍ ചെയ്യും അതിലോരോന്നിലും 8 മുതല്‍ 14 കുഞ്ഞുങ്ങള്‍ വരെ ഉണ്ടാകും. കുഞ്ഞുങ്ങള്‍ പ്രസവിക്കുമ്പോള്‍ കണ്ണു കീറാത്ത , രോമമില്ലാത്ത രൂപത്തിലാണുണ്ടാകുക. അന്‍പത് അറുപത് ദിവസം കൊണ്ട് അവ പ്രായപൂര്‍ത്തിയാകും. ഒരു വര്‍ഷം വരെ ഇവര്‍ ജീവിക്കും. ശരീരത്തിലെ രോമങ്ങള്‍ എടുത്ത്പിടിച്ച് കൂടുതല്‍ വലിപ്പം തോന്നിപ്പിച്ച് പൂച്ചകളേയും നായകളേയും വരെ ഇവര്‍ പേടിപ്പിച്ച് ഓടിക്കാന്‍ ശ്രമിക്കും. പ്രത്യേക ശബദങ്ങള്‍ ഉണ്ടാക്കി ഭയപ്പെടുത്തും. കെട്ടിടത്തിനടിയില്‍ ഒക്കെ വലിയ മാളങ്ങള്‍ പണിയുന്നതിനാല്‍ ഇവര്‍ എല്ലാവര്‍ക്കും വലിയ തലവേദന ആണ്. ഭക്ഷണ മാലിന്യക്കുഴികള്‍ക്കടുത്തും മറ്റും ഇവരെ സ്ഥിരം കാണാം. Leptospirosis അടക്കം നിരവധി രോഗങ്ങള്‍ ഇവര്‍ മനുഷ്യരിലേക്ക് പടര്‍ത്തുന്നുണ്ട്.

പെരുച്ചാഴി| By sunnyjosef - http://portugal.inaturalist.org/observations/48544040, CC BY 4.0, https://commons.wikimedia.org/w/index.php?curid=107348271

തുരപ്പനെലികള്‍

ബന്‍ഡിക്കോട്ട ബംഗാളന്‍സിസ് (Bandicota bengalensis) എന്ന തുരപ്പനെലികള്‍ . പെരുച്ചാഴിയുടെ വലിപ്പമില്ലെങ്കിലും വലിയ എലികളാണ് തുരപ്പനെലികള്‍. മണ്ണില്‍ വളരെ നീളത്തിലുള്ള മാളങ്ങള്‍ ഉണ്ടാക്കി ജീവിക്കുന്നവരാണിവര്‍. തെലുങ്കില്‍ പന്നി എലി എന്നര്‍ത്ഥം വരുന്ന പാണ്‍ദി കൊക്കു എന്ന വാക്കില്‍ നിന്നാണ് bandicoot എന്ന പേര് ഇതിന് കിട്ടിയത്. വാലിന് ശരീരത്തേ അപേക്ഷിച്ച് നീളം കുറവായിരിക്കും വയലിലും പറമ്പിലും ആണിവര്‍ സാധാരണ കഴിയുക. മാളങ്ങളില്‍ ധാന്യം സൂക്ഷിക്കാനും ഉറങ്ങാനും ഒക്കെ വേറെ വേറെ സ്ഥലങ്ങള്‍ ഉണ്ടാകും. ഒരു മാളത്തില്‍ സാധാരണയായി ഒരു എലി മാത്രമേ ഉണ്ടാകൂ. വിളവെടുപ്പ് കാലത്ത് ഇവര്‍ മാളങ്ങളിലേക്ക് ധാരാളം ധാന്യങ്ങള്‍ കൊണ്ടുപോകും എന്നതിനാല്‍ കൃഷിക്കാരുടെ പ്രധാന ശത്രുക്കള്‍ കൂടിയാണ്. അപകടം മണത്താല്‍ ഇവയും രോമങ്ങള്‍ എടുത്ത് പിടിച്ചും മുരണ്ടും ഭയപ്പെടുത്താന്‍ ശ്രമിക്കും.

വെള്ളച്ചുണ്ടെലി | Picture : EPA

ചുണ്ടെലി

Mus musculus എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്നവരാണ് House mouse എന്ന ചുണ്ടെലികള്‍ . ഓടാനും ചാടാനും കയറാനും ഒക്കെ നാലുകാലുകളും ഉപയോഗിക്കുമെങ്കിലും ഇവര്‍ ഭക്ഷണം കഴിക്കുമ്പോഴും പൊരുതുമ്പോഴും മറ്റും ട്രൈപ്പോഡ് വെച്ചതുപോലെ മുങ്കാല്‍ ഉയര്‍ത്തിപ്പിടിച്ച് , പിന്‍ കാലുകള്‍ രണ്ടിനും കൂടി വാലുകൊണ്ട് ഒരു സപ്പോര്‍ട്ട് കൊടുത്താണ് ഉയര്‍ന്ന് നില്‍ക്കുക.
Mus booduga (Little Indian field mouse / ചെറുചുണ്ടെലി, Mus famulus (Servant mouse / കാട്ടുചുണ്ടെലി, Mus platythrix (Flat-haired mouse / മുള്ളന്‍ ചുണ്ടെലി എന്നിങ്ങനെയും ചുണ്ടെലികള്‍ നമ്മുടെ നാട്ടില്‍ ഉണ്ട്.

Content Highlights: Bandhukkal Mithrangal,rats rodents,vijayakumar blathur,environment, mathrubhumi latest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented