'നീയൊക്കെ വെറും പുഴു'; അധിക്ഷേപവാക്കല്ല, ഒരു ജീവിതകാലമാണ് പുഴു


വിജയകുമാർ ബ്ലാത്തൂർമണ്ണിര, കൃമി, പരാദവിര എന്നിവയെയെല്ലാം പുഴുക്കള്‍ എന്ന് ചിലപ്പോള്‍ പറയാറുണ്ടെങ്കിലും  'പുഴു' എന്നാല്‍ പൊതുവേ ഈച്ചകളുടേയും പലതരം ശലഭങ്ങളുടേയും വണ്ടുകളുടേയും പലതരം പ്രാണികളുടേയും കുഞ്ഞുങ്ങളാണ്. അല്ലാതെ പുഴു എന്നൊരു പൂര്‍ണ്ണ ജീവി ഇല്ല.

'പുഴു' എന്നാൽ പൊതുവേ ഈച്ചകളുടേയും ശലഭങ്ങളുടേയും വണ്ടുകളുടേയും പലതരം പ്രാണികളുടേയും കുഞ്ഞുങ്ങളാണ്. ഒരു പൂർണ്ണ ജീവി അല്ല പുഴു പകരം അതൊരു ജീവിതകാലഘട്ടമാണ് | ഫോട്ടോ : വിജയകുമാർ ബ്ലാത്തൂർ

പുശു, പുയു, പുഷു എന്നിങ്ങനെ തെറ്റായി പലപേരില്‍ നമ്മള്‍ കുഞ്ഞായിരുന്നപ്പോഴും ചിലര്‍ മുതിര്‍ന്ന് കഴിഞ്ഞും വിളിക്കുന്ന പുഴു ആളൊരു സംഭവം ആണ്. ഇപ്പഴും ഇഴഞ്ഞ് നീങ്ങുന്ന ഒരു ചെറിയ പുഴുവിനെ കാണുമ്പോള്‍ മനസ്സിൽ തികട്ടിവരുന്ന വികാരം എന്താണ്? അകം നിറയെ അറപ്പും വെറുപ്പും കുമിയുന്നത് എന്തുകൊണ്ടാണ്? എത്രയോ നിസാരക്കാരന്‍ എന്ന് സൂചിപ്പിക്കാന്‍ ' നീയൊക്കെ എനിക്ക് വെറും പുഴുവാണ്' എന്ന് അവജ്ഞയോടെ ചിലര്‍ പറയാറുണ്ട്. ''നീയൊക്കെ പുഴുത്ത് ചത്തുപോകും ' എന്നതാണല്ലൊ ഏറ്റവും കടുത്ത ക്രൂര ശാപവാക്കുകള്‍. പാമ്പ് കടിയേറ്റ് ഏഴുദിവസത്തിനുള്ളില്‍ മരിക്കുമെന്നു മുനിശാപമുണ്ടായി ഭയന്നു അതീവ സുരക്ഷയില്‍ കഴിഞ്ഞിരുന്ന പരീക്ഷിത്ത് രാജാവിനെ കൊല്ലാനായി പഴത്തില്‍ ഒരു പുഴുവായി തക്ഷകന്‍ വന്നെന്ന ഒരു കഥയില്‍ മാത്രമാണ് പുഴു ഒരു ഭീകര കഥാപാത്രമായുള്ളത്. ഇഴയുന്ന ജീവികള്‍ക്ക് വിഷമുണ്ടാകും എന്ന ഉള്‍പ്പേടിയാകും പാമ്പിനോടെന്ന വിധമുള്ള പുഴുപ്പേടിക്ക് ഒരു കാരണം. സാധു മണ്ണിരയേ തൊട്ടാല്‍ പോലും ചിലര്‍ ഭയന്ന് വിറയ്ക്കും. ചിലര്‍ക്ക് പുഴുക്കളെക്കാണുമ്പോള്‍ കടുത്ത ഭയവും ഓക്കാനവും ശര്‍ദ്ധിയും വിറയലും വരെ ഉണ്ടാകാറുണ്ട്.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

പുഴു എന്ന വാക്ക് കേള്‍ക്കുമ്പോള്‍, തൊട്ടാല്‍ ചൊറിയുന്ന രോമം നിറഞ്ഞ കമ്പിളിപ്പുഴുവിനേയും ശവത്തില്‍ നുരയ്ക്കുന്ന വെളുത്ത പുഴുവിനേയും ആണ് പലര്‍ക്കും ആദ്യം ഓര്‍മ്മ വരിക. മാര്‍ക്കറ്റില്‍ നിന്ന് അധികൃതര്‍ പിടിച്ച പഴകിയ മത്സ്യമാംസങ്ങളേക്കുറിച്ചുള്ള വാര്‍ത്തകളില്‍ മാത്രമല്ല ആശ്രയമില്ലാത്ത ചില കിടപ്പുരോഗികളുടെ ശരീരവ്രണങ്ങളിലും പുഴുവരിച്ച കാര്യവും ഇടയ്ക്ക് പുറത്ത് വരാറുണ്ടല്ലൊ. ആര്‍ക്കും ഇഷ്ടമില്ലാത്ത അസത്ത്.

മണ്ണിരകളേയും കൃമിയും നാടവിരയും പോലുള്ള പരാദ വിരകളേയും വെള്ളത്തിലുള്ള പല വിരകളേയും നമ്മള്‍ പുഴുക്കള്‍ എന്ന് ചിലപ്പോള്‍ പറയാറുണ്ടെങ്കിലും 'പുഴു' എന്നാല്‍ പൊതുവേ ഈച്ചകളുടേയും പലതരം ശലഭങ്ങളുടേയും വണ്ടുകളുടേയും പലതരം പ്രാണികളുടേയും കുഞ്ഞുങ്ങളെയാണ് ഉദ്ദേശിക്കുന്നത്. അല്ലാതെ പുഴു എന്നൊരു പൂര്‍ണ്ണ ജീവി ഇല്ല.

മുട്ടവിരിഞ്ഞ് പുറത്തിറങ്ങുന്ന ഈ കുഞ്ഞുങ്ങള്‍ക്ക് പല പേരുകള്‍ ഉണ്ട്. ഈച്ചകളുടെ കുഞ്ഞുങ്ങള്‍ക്ക് മാഗട്ടുകള്‍ എന്നും ശലഭങ്ങളുടേയും മറ്റും കുഞ്ഞ് ലാര്‍വ പുഴുക്കള്‍ക്ക് കാറ്റര്‍പില്ലറുകള്‍ എന്നും ആണ് പേര്. ഇവ പല ഘട്ടങ്ങളിലൂടെ കടന്ന് പോയി പിന്നീട് പ്യൂപ്പയായി കുറച്ച് നാളുകള്‍ കഴിഞ്ഞാണ് പൂര്‍ണ്ണ രൂപികളായ പ്രാണിയായി പുറത്ത് വരിക. ചിറകുമായി പറന്ന് നടക്കുന്ന അതിന്റെ യഥാര്‍ത്ഥ ജീവിതം ചിലപ്പോള്‍ വളരെകുറഞ്ഞ ദിവസങ്ങളോ മണിക്കൂറുകളോ മാത്രമേ ഉണ്ടാകൂ എങ്കിലും ഇതിനിടയിലെ പുഴുക്കാലം ഏറെ നീണ്ടതാകാനും മതി.

പുഴു ഒരു ജീവിയല്ല, ജീവിതകാലമാണ്

ഇന്‍സെക്ള്റ്റുകളുടെ കൂട്ടത്തിലുള്ള ഡൈപ്‌റ്റെറ എന്ന ഓര്‍ഡറില്‍ വരുന്ന ഫ്‌ലൈകളുടെ മുട്ട വിരിഞ്ഞിറങ്ങുന്ന ലാര്‍വ്വകളാണ് മാഗട്ടുകള്‍ എന്ന് വിളിപ്പേരുള്ള അറപ്പുളവാക്കുന്ന, കാലുകള്‍ ഒട്ടും ഇല്ലാത്ത കുഞ്ഞി പുഴുക്കള്‍. ഡൈപ്‌റ്റെറ എന്നാല്‍ രണ്ട് ചിറകുള്ളവര്‍ എന്നാണര്‍ത്ഥം. ഇവരുടെ പിഞ്ചിറകുകള്‍ മുരടിച്ച് കുഞ്ഞ് ഹാള്‍ട്ടറുകള്‍ ആയി മാറീട്ടുണ്ടാകും. ഈ ഹാള്‍ട്ടറുകളാണ് പറക്കുമ്പോഴുള്ള ബാലന്‍സിങ്ങിനും പെട്ടന്ന് വെട്ടി തിരിയാനും ഒക്കെ സഹായിക്കുന്നത്. നമ്മള്‍ക്ക് വളരെ പരിചിതരായ വീട്ടീച്ചകള്‍ മാത്രമല്ല , നിരവധിയിനം ഈച്ചകളുണ്ട് ഈ ഓര്‍ഡറില്‍. ഇവയുടെ ഒക്കെയും ജീവഘട്ടങ്ങളിലൊന്നാണ് ഈ പുഴുജീവിതകാലം. ഈച്ചക്കുഞ്ഞിന് വളര്‍ന്ന് പ്യൂപ്പാവസ്ഥയിലെത്താനുള്ളത്രയും കാലത്തേക്ക് വേണ്ട ഭക്ഷണം ഉറപ്പ് കിട്ടുന്ന സ്ഥലം നോക്കിയാണ് അമ്മ ഈച്ച മുട്ടയിടുക. ലാര്‍വ്വപ്പുഴുവിന് കടിച്ച് തിന്നാന്‍ പല്ലൊന്നും ഇല്ല. ജ്യൂസു പോലെ അഴുകി ദ്രാവകരൂപത്തിലായിക്കിട്ടണം വലിച്ച്കുടിച്ച് വളരാന്‍. ചിലയിനങ്ങള്‍ക്ക് മാത്രമേ തുരന്നുകയറിതിന്നാനുള്ള കഴിവുള്ളു.

ചില ഈച്ചകള്‍ നൂറുകണക്കിന് എണ്ണം വെച്ച് മുട്ടകള്‍ ഓരോരിടങ്ങളില്‍ ഒറ്റ തട്ടാണ്. മധുരമുള്ള പഴമായാലും, മലമായാലും , കോഴിവേസ്റ്റായാലും , ചത്തഎലിയായാലും, നമ്മുടെ ദേഹത്തെയും മൃഗങ്ങളിലേയും വൃത്തിയാക്കാത്ത വ്രണമായാലും സന്തോഷം. ഇങ്ങനെ മുട്ടയിടുന്ന അന്‍പതിലധികം വ്യത്യസ്ഥ സ്പീഷിസ് ഈച്ചകള്‍ നമ്മുടെ നാട്ടിലുണ്ട്. ഇവര്‍ ഓരോരുത്തരും മുട്ടകളിടുന്ന സ്ഥലം തീരുമാനിക്കുന്നതില്‍ ചില പ്രത്യേക പരിഗണനകള്‍ കൊണ്ടു നടക്കുന്നവരാണ്. മുട്ടയിടാന്‍ സൗകര്യമുള്ള ഇടം നോക്കി ഈച്ച പറന്നുനടക്കും.

Cory Doctorow, CC BY-SA 2.0 <https://creativecommons.org/licenses/by-sa/2.0>, via Wikimedia Commons

മരിച്ച വ്യക്തികളുടെ മൂക്കില്‍ പഞ്ഞിവെക്കുന്നത് ഈച്ചകള്‍ ഉള്ളില്‍ കയറാതിരിക്കാനും കൂടിയാണ്

മനുഷ്യരുടെ അടക്കം ജീവനില്ലാത്ത ശരീരകോശങ്ങള്‍ അന്വേഷിച്ച് ചില ഇനങ്ങള്‍ പറക്കുകയാവും. അതുകൊണ്ടാണ് ജീവന്‍ പോയി നിമിഷങ്ങള്‍ക്കകം ഈച്ചകള്‍ ശവത്തിനടുത്ത് എത്തുന്നത്. മൂക്കിലും തുറന്ന് കിടക്കുന്ന വായിലും കയറി മ്യൂക്കസില്‍ മുട്ടയിടാനാണ് ഇഷ്ടം . മരിച്ച വ്യക്തികളുടെ മൂക്കില്‍ പഞ്ഞിവെച്ച് തുറന്ന വായ അടച്ച് കെട്ടുന്നത് ഈച്ചകള്‍ ഉള്ളില്‍ കയറാതിരിക്കാനും കൂടിയാണ്. വിളറിയ വെള്ള കുഞ്ഞരിമണിപോലുള്ള വളരെ ചെറിയ മുട്ടകള്‍ സാധാരണയായി എട്ടുമുതല്‍ ഇരുപത് മണിക്കൂര്‍ കൊണ്ട് വിരിയും. വിരിഞ്ഞിറങ്ങിയ ലാര്‍വപ്പുഴുക്കളുടെ തലഭാഗം നേര്‍ത്തരൂപത്തിലാണുണ്ടാകുക. കൊളുത്തോടുകൂടിയ ഒരു വായും കാണും. തടിച്ച പിറകുവശത്ത് കിഡ്‌നിരൂപത്തിലുള്ള രണ്ട് അടയാളങ്ങളുണ്ടാകും . അതിലൂടെയാണ് ശ്വാസം കഴിക്കുന്നത്. പിന്നെ വിശ്രമമില്ലാതെ തീറ്റയോട് തീറ്റയാണ് . വിരിയുമ്പോള്‍ കുഞ്ഞന്മാരാണെങ്കിലും പിന്നീട് മൂന്നു നാല് സെന്റീമീറ്റര്‍ വരെ നീളമുള്ള ഉരുളന്‍ കുട്ടപ്പന്മാരായി വളരും. നാലുമുതല്‍ പത്തു ദിവസം കൊണ്ട് പുതിയ ഘട്ടത്തിലേക്ക് മാറാനുള്ള തയ്യാറെടുപ്പു പൂര്‍ത്തിയാക്കും. അഴുകിയ പരിസരങ്ങള്‍ വിട്ട് ഉറച്ച ഉണങ്ങിയ ഇരുണ്ട സ്ഥലം തേടി ഇഴഞ്ഞ് നീങ്ങും. പറ്റിയ സ്ഥലം കിട്ടിയാല്‍ പുറത്തെ പാളി കനപ്പിച്ച് തവീട്ട്‌നിറമുള്ള കൂടാക്കി ഉള്ളില്‍ ഒളിച്ച് പ്യൂപ്പാവസ്ഥയിലേക്ക് കടക്കും. ദിവസങ്ങള്‍ കൊണ്ട് ഈച്ചയായി രൂപാന്തരം നടത്തി കൂടുപൊളിച്ച് പുറത്തിറങ്ങിപ്പറപറക്കും.

മണിക്കൂറിനുള്ളില്‍ തന്നെ പെണ്ണീച്ച ഇണചേര്‍ന്ന് മുട്ടയിടല്‍ തുടങ്ങും. ഒറ്റ ഇണചേരല്‍ തന്നെ ജീവിതത്തില്‍ ധാരാളമാണ്. പിന്നെ ആണീച്ചയെ അടുപ്പിക്കുകപോലുമില്ല. ജീവിതകാലത്ത്, ചാവും വരെ ഇട്ടുക്കൂട്ടേണ്ട പതിനായിരക്കണക്കിന് മുട്ടകളെ മുഴുവന്‍ സജീവമാക്കാനുള്ളത്രയും ബീജം ശേഖരിച്ച് സൂക്ഷിക്കാന്‍ ഒറ്റ ഇണചേരലില്‍ അതിനു കഴിയും.

ജീവനുള്ള മനുഷ്യരുടെയോ മറ്റ് സസ്തനികളുടെയോ ശരീരത്തില്‍ ഇത്തരം മാഗട്ടുകള്‍ വളരുന്ന അവസ്ഥയ്ക്ക് മൈയാസിസ് (Myiasis) എന്നാണ് പറയുക. കിടപ്പ് രോഗികളിലെ വൃത്തിയാക്കാത്ത വ്രണങ്ങളില്‍ ഇത് കാണാറുണ്ട്. തുറന്ന് കിടക്കുന്ന വ്രണങ്ങളും, മലമൂത്രവിസര്‍ജ്ജ്യങ്ങളില്‍ കുതിര്‍ന്ന തുണികളും ഒക്കെ ഈച്ചകളെ ആകര്‍ഷിക്കും . നൂറുകണക്കിന് മുട്ടയിട്ട് കൂട്ടിയാണ് പഹയര്‍ പോകുക. ചിലയിനം ഈച്ച മുട്ടകള്‍ മൂക്കിലൂടെയും ചെവിയിലൂടെയും ഭക്ഷണത്തിലൂടെയും ഉള്ളിലെത്തി അവിടെ വളരുന്നതും അപൂര്‍വ്വമായി സംഭവിക്കാറുണ്ട്.. നാല്‍ക്കാലി മൃഗങ്ങളുടെ ശരീരത്തിലെ വ്രണങ്ങളില്‍ ഇത്തരം ഈച്ചകള്‍ മുട്ടയിട്ട് പുഴുക്കളായി വളരുന്നത് വളരെ സാധാരണമാണ്. വാലുകൊണ്ട് ആട്ടിയോടിച്ചും ചെവിയാട്ടിയും നക്കിയും ഒക്കെ ഈച്ചയെ അകറ്റാന്‍ പാവങ്ങള്‍ ശ്രമിക്കുമെങ്കിലും കിട്ടിയ അവസരം മുതലാക്കാന്‍ ഈച്ചകള്‍ക്ക് അറിയാം. ആട്ടും നക്കും കിട്ടാന്‍ വിഷമം ഉള്ള ശരീര ഭാഗങ്ങള്‍ ആണ് ഇവര്‍ തിരഞ്ഞെടുക്കുക. നമ്മുടെ സാധാരണ വീട്ടീച്ചകള്‍ പക്ഷെ ഇത്തരം പ്രശ്‌നക്കാരല്ലെങ്കിലും കുഴപ്പക്കാരായ ഇനങ്ങളുടെ മുട്ടകളുടെ വാഹകരായി പ്രവര്‍ത്തിക്കാറുണ്ട്. ഈച്ചലാര്‍വ്വകള്‍ വ്രണത്തിലെ അഴുകിയ ശരീരകലകള്‍ തിന്നുതീര്‍ക്കുന്നതിനൊപ്പം വിസര്‍ജ്ജിക്കുകയും ചെയ്യും. അവിടം കൂടുതല്‍ ബാക്ടീരിയകള്‍ക്ക് വളരാനുള്ള നല്ല സ്ഥലമാക്കിമാറ്റുന്നതിനാല്‍ വ്രണത്തിന്റെ വലിപ്പം കൂടിക്കൊണ്ടിരിക്കും. വേദനയും വലിയ അസ്വസ്ഥതകളും ഉണ്ടാക്കും. അണുബാധ അവസാനം ചിലപ്പോള്‍ മരണത്തിലേക്ക് വരെ മൃഗങ്ങളെ കൊണ്ടെത്തിക്കും.

ബ്ലാക്ക് സോള്‍ജിയര്‍ ഫ്‌ലൈകളാണ് സാധാരണയായി നമ്മുടെ അടുക്കള മാലിന്യങ്ങള്‍ കൊണ്ടിടുന്ന പൈപ്പ് കമ്പോസ്റ്റിലും മറ്റും മുട്ടയിട്ട് പുഴുക്കളായി പുറത്ത് വരുന്നത് . നല്ല വലിപ്പമുള്ളവയാണ് ഇവയുടെ പുഴുക്കള്‍. സാധാരണ ഈച്ചകളെപ്പോലെ ഉപദ്രവകാരികളും ശല്യക്കാരും അല്ല ഈ ഈച്ചകള്‍. വീട്ടിനുള്ളില്‍ അധികം കറങ്ങി നടക്കില്ല. കണ്ട ഭക്ഷണത്തില്‍ വന്നിരുന്നു തുപ്പി വൃത്തികേടാക്കില്ല. അതിനാല്‍ ഇവര്‍ രോഗം പരത്തുകയുമില്ല എന്നു മാത്രമല്ല മറ്റ് ഈച്ചകളുടെ എണ്ണം പെരുകുന്നത് തടയുകയും ചെയ്യും. ഇവയെ ഉപയോഗിച്ച് വ്യാവസായികമായി പുഴുക്കളെ വളര്‍ത്തുന്നുണ്ട്. കോഴികള്‍ക്കും മത്സ്യങ്ങള്‍ക്കും ഭക്ഷണമായി ഇവ ഉപയോഗിക്കുന്നു.

ചൊറിയൻ പുഴു

ചൊറിയന്‍ പുഴുക്കള്‍

ചൊറിയന്‍പുഴുക്കള്‍ എന്ന് നമ്മള്‍ വിളിക്കുന്ന രോമം കൊണ്ട് പൊതിഞ്ഞ ഇനം പുഴുക്കള്‍ ഭൂരിഭാഗവും നിശാശലഭ ലാര്‍വകളാണ്. ആയിരക്കണക്കിന് നിശാശലഭങ്ങള്‍ നമ്മുടെ നാട്ടില്‍ തന്നെ ഉണ്ട്. പലതിനേയും ഇതുവരെ തിരിച്ചറിയുകയും പേര്‍ നല്‍കുകയും പോലും ചെയ്തിട്ടില്ല. കൂടാതെ ലാര്‍വകള്‍ നിരവധി തവണ അവയുടെ പുറം പാളി പൊഴിച്ച് പുതു രൂപത്തിലേക്ക് മാറുകയും ചെയ്യുന്നതിനാല്‍ ഇത്തരം മോത്ത് കാറ്റര്‍പില്ലറുകളെ തിരിച്ചറിയാനാകുന്ന വിദഗ്ധര്‍ നമ്മുടെ നാട്ടില്‍ കുറവാണ്. ഇവയുടെ ദേഹത്തെ ഈ രോമങ്ങള്‍ പ്രധാനമായും ഇരപിടിയന്മാരെ ഒഴിവാക്കാന്‍ ഉള്ള പരിണാമപരമായി ആര്‍ജ്ജിച്ച അനുകൂലനങ്ങള്‍ ആണ്. എങ്കിലും ചിലയിനം കുയിലുകളും മറ്റും ഈ കമ്പിളിപ്പുഴുക്കളെയും കൊത്തിതിന്നാറുണ്ട്. രോമങ്ങളുടെ അഗ്രത്തില്‍ തൊട്ടാല്‍ ഉടന്‍ അറ്റ് പോകുന്ന വിഷ മുനകള്‍ ഉണ്ടാവും. തൊടുമ്പോള്‍ ആ മുനകള്‍ തൊലിയിലും മ്യൂക്കസ് പാളിയിലും കയറിയാണ് വേദനയും അലര്‍ജിയും വിഷം മൂലം ഉള്ള ചൊറിച്ചിലും നീര്‍ക്കെട്ടും ഒക്കെ ഉണ്ടാകുന്നത്. ചില മോത്ത് കാറ്റര്‍പില്ലറുകളെതൊട്ടാല്‍ ഷോക്കടിച്ചപോലുള്ള അനുഭവം ഉണ്ടാകും. Lonomia ജനുസില്‍ പെട്ട ദക്ഷിണ അമേരിക്കന്‍ സില്‍ക്ക് മോത്തുകളുടെ കാറ്റര്‍പില്ലറുകളുടെ രോമത്തിലെ വിഷാംശങ്ങള്‍ രക്തം കട്ടപിടിക്കാന്‍ അനുവദിക്കാത്ത ആന്റി കൊയാഗുലന്റുകള്‍ അടങ്ങിയതാണ്. ഈ പുഴുവിനെ സ്പര്‍ശിച്ചാല്‍ രക്തം വാര്‍ന്ന് മരണം വരെ സംഭവിക്കാം. ചിലവ ഉള്ളിലെ അസിഡിക്കായ ദഹനരസങ്ങള്‍ തൂവി ശത്രുക്കളെ ഓടിപ്പിക്കും. ചിലവ രൂക്ഷഗന്ധങ്ങളുള്ള രാസഘടകങ്ങള്‍ സ്രവിപ്പിച്ച് നാറ്റിച്ച് അകറ്റും.

ജിയോ മീറ്റര്‍ നിശാശലഭ ലാര്‍വ

Geometridae കുടുംബത്തില്‍ പെട്ട ജിയോ മീറ്റര്‍ നിശാശലഭ ലാര്‍വകളുടെ സഞ്ചാരം രസകരമാണ്. നമ്മള്‍ വിരലുകള്‍ നിവര്‍ത്തിയും ചുരുക്കിയും ചാണ്‍ അളവ് എടുക്കുന്നതുപോലെ ഭൂമിയെ അളന്നാണ് ഇവരുടെ സഞ്ചാരം. തലഭാഗം ഒരിടത്ത് ഉറപ്പിച്ച് പിന്‍ഭാഗം അങ്ങോട്ട് വലിച്ചടുപ്പിക്കും. പിന്നെ പിന്‍ഭാഗം ഉറപ്പിച്ച് തല ഉയര്‍ത്തി മുന്നോട്ട് നീട്ടി അവിടെ പിടിക്കും. ഇങ്ങനെ വേഗം നടന്ന് പോകും .

പല രൂപത്തിലും വര്‍ണ്ണത്തിലും ഉള്ള ശലഭ പുഴുക്കള്‍ ഉണ്ട്. വിഷാംശമുള്ള സസ്യഭാഗങ്ങള്‍ തിന്നു വളരുന്ന ഇനം പുഴുക്കള്‍ ഇരപിടിയന്മാര്‍ക്കുള്ള അപായ സിഗ്‌നലായി കടും വര്‍ണ്ണമുള്ളവയാകും. ഒരു തവണ ഈ പുഴുവിനെ തിന്ന് കഷ്ട്‌പെട്ട പക്ഷികളും മറ്റും പിന്നീട് ഇതിനെ കണ്ടാല്‍ ഒഴിവാക്കാന്‍ ആണ് ഈ സിഗ്‌നല്‍ കളറുകള്‍. ചില ശലഭ ലാര്‍വകള്‍ക്ക് ഇരപിടിയന്മാരെ ആശയക്കുഴപ്പത്തിലാക്കാന്‍ വലിയ കണ്‍പൊട്ടടയാളങ്ങള്‍ ഉണ്ട്. ചുറ്റുപാടുകളില്‍ നിന്നും ശത്രുക്കള്‍ക്ക് ഒട്ടും തിരിച്ചറിയാന്‍ കഴിയാത്തവിധം കാമോഫ്‌ലാഷ് തന്ത്രമുള്ളവരും ഉണ്ട്. ചത്തതുപോലെ അഭിനയിക്കുന്നവരുണ്ട്. പല തരം ശബ്ദങ്ങള്‍ ഉണ്ടാക്കുന്നവയുണ്ട്. തല ഉയര്‍ത്തിപ്പിടിച്ചും തെറിച്ചും ഭയപ്പെടുത്താന്‍ ശ്രമിക്കുന്നവരുണ്ട്. ബകന്മാരേപ്പോലെ ഇലകളും സസ്യഭാഗങ്ങളും നിര്‍ത്താതെ തിന്നുന്നവരാണ് ഭൂരിപക്ഷവും. എങ്കിലും ഒരു ശതമാനം ഇനങ്ങള്‍ മറ്റ് പ്രാണികളെ തിന്നുന്നവരാണ്. ചിലയിനങ്ങള്‍ സ്വന്തം ആള്‍ക്കാരെതന്നെ തിന്നുന്നവരും ഉണ്ട്. സര്‍പ്പ ശലഭം എന്നൊക്കെ വിളിക്കുന്ന അറ്റ്‌ലസ് മോത്തുകളേപ്പോലുള്ള ചില നിശാശലഭങ്ങള്‍ക്ക് വായഭാഗം ഒട്ടും വികസിച്ചിട്ടുണ്ടാവില്ല അതിനാല്‍ അവര്‍ക്ക് ഒന്നും തിന്നാനും കുടിക്കാനും പറ്റില്ല. അതിനാല്‍ ഇണചേരാനുള്ള പറക്കലിനും മറ്റും വേണ്ട ഊര്‍ജ്ജവും പുഴുവായിരുന്ന കാലം തിന്ന് ശരീരത്തില്‍ സ്റ്റോക്ക് ചെയ്തിരിക്കും.

വലിയതോതില്‍ കൃഷി നാശം ഉണ്ടാക്കുന്നവരാണ് മോത്ത് ലാര്‍വപ്പുഴുക്കള്‍. സില്‍ക്കും മറ്റും നിര്‍മ്മിക്കാന്‍ ആവശ്യമായ കൊക്കൂണുകള്‍ ഇവയുടെ പ്യൂപ്പക്കൂടുകളാണെന്ന സഹയവും ഉണ്ട്.

ശലഭപ്പുഴുവിനെ റാഞ്ചാനായി വരുന്ന പാരസിറ്റോയിഡ് വാസ്പ് |
By Ian Alexander - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=64722508

പാരസൈറ്റോയിഡ് വാസ്പുകള്‍ എന്ന അതിസമര്‍ത്ഥരുണ്ട്. അവ നോക്കി വെക്കുന്നത് ശലഭപ്പുഴുക്കളെയാണ്. ഒത്ത അവസരം കിട്ടിയാല്‍ ഈ പുഴുവിന്റെ തലയില്‍ മുട്ടയിട്ട് പരാദക്കടന്നല്‍ സ്ഥലം കാലിയാക്കും. അതൊരു എട്ടിന്റെ പണിയാണ് - എന്നറിയാവുന്ന കാറ്റര്‍പില്ലറുകള്‍, കടന്നല്‍ ചിറകടി ശബ്ദം കേട്ട മാത്രയില്‍ തല ഉയര്‍ത്തി പിടിച്ച് വിറപ്പിച്ച് നില്‍ക്കും. ദേഹത്ത് മുട്ടയിടാനുള്ള ചാന്‍സ് കുറക്കാനായും ഒറ്റനോട്ടത്തില്‍ ദേഹ വിസ്തൃതി കുറഞ്ഞ് തോന്നാനും മുട്ടയിടാനുള്ള അവസരവും സൗകര്യവും ഇരിപ്പിടവും കുറക്കാനും ആണ് ഈ തലയുയര്‍ത്തി പിടിച്ചുള്ള പിടച്ചില്‍. കടന്നല്‍ ഇട്ട് പോയ മുട്ട വിരിയാന്‍ അധിക ദിവസം വേണ്ട. നിശാശലഭ ലാര്‍വ തലയിലെ മുട്ടക്കാര്യം ഒക്കെ മറന്ന് പോവും. വര്‍ണശലഭമായി രൂപാന്തരണത്തിനായി കൊക്കൂണ്‍ നിര്‍മിച്ച് പ്യൂപ്പാവസ്ഥയില്‍ കിടപ്പാവും - ഈ സമയത്തേക്ക് പരാദക്കടന്നല്‍ മുട്ട വിരിഞ്ഞ് കുഞ്ഞന്‍ പുഴുക്കള്‍ പുറത്ത് വരും. പിന്നെ തീറ്റയായി - പാവം ശലഭ പ്യൂപ്പയെ തന്നെ. കുറേശെയായി തിന്ന് വളര്‍ന്ന് അതും പ്യൂപ്പയാകും. അവസാനം കൊക്കൂണില്‍ നിന്ന് പുറത്ത് വരിക വര്‍ണശലഭമൊന്നും ആവില്ല. നല്ല കിടിലന്‍ കടന്നല്‍ ആവും. പരിണാമപരമായി പരാദക്കടന്നലുകള്‍ ദേഹത്ത് മുട്ടയിട്ട് സ്ഥലം കാലിയാക്കുന്നത് ഒഴിവാക്കാനായി ഉള്ളില്‍ കൊണ്ട് നടക്കുന്ന ശീലം മൂലം ഇത്തരം പല പുഴുക്കളും നമ്മള്‍ താളത്തില്‍ ശബ്ദമുണ്ടാക്കുമ്പോള്‍ തലയുയര്‍ത്തിപ്പിടിച്ച് നൃത്തം ചെയ്യുന്നതുപോലെ വിറച്ച് കളിക്കുന്നത് കാണാം.

മൃഗാത്തിന്റെ ജ‍ഡം പുഴുവരിച്ച നിലയിൽ | By TimVickers - Own work, Public Domain, https://commons.wikimedia.org/w/index.php?curid=6859809

പ്രിയപ്പെട്ട മധുരമാങ്ങയിലും പലതരം പഴങ്ങളിലും ഉള്ളില്‍ നൂല്‍ വണ്ണമുള്ള കുഞ്ഞ് പുഴുക്കളിഴയുന്നതു കാണുമ്പോഴുള്ള സങ്കടം പറയാന്‍ കഴിയില്ല. റവയിലും അരിയിലും പഴകിയ പാലിലും ഒക്കെ പുഴുക്കളായി അവതരിക്കുന്നത് പലതരം ഈച്ചകളുടേയും ഇന്‍സെക്റ്റുകളുടെയും മുട്ട വിരിഞ്ഞിറങ്ങുന്ന മഹാന്മാരാണ്.

പല്ല് കേടുവരുത്തി വലിയ കുഴിയാക്കി മാറ്റുന്നത് പുഴുക്കളാണ് എന്ന പഴയ ഏതോ ചിന്തയില്‍ നിന്നാണ് പുഴുപ്പല്ല് എന്ന പ്രയോഗം വന്നത്. നമ്മുടെ നാട്ടിലും പണ്ട് അങ്ങാടിമുക്കുകളില്‍ വാചകക്കസര്‍ത്തുകൊണ്ട് ആളുകളെ കൂട്ടി, പല്ല്പറിയും ദന്തചികിത്സയും നടത്തുന്ന സൂത്രശാലികളായ വൈദ്യന്മാര്‍ കാണിക്കുന്ന ഒരുഗ്രന്‍ നമ്പരുണ്ട്. അയാളുടെ അത്ഭുത മരുന്നിന്റെ ശക്തിതെളിയിക്കുന്ന ഒരു ഷോ. കാണികളില്‍ ആരെയെങ്കിലും വിളിച്ച് കേടുള്ള പല്ലില്‍ അയാളുടെ മരുന്നു മുക്കിയ പഞ്ഞിക്കഷണം കടിച്ച്പിടിക്കാന്‍ പറയും . അത് പുറത്തെടുക്കുമ്പോള്‍ അനങ്ങുന്ന വെള്ള പുഴുക്കളെക്കാണിച്ച് അമ്പരപ്പിക്കും. ഒന്നുകില്‍ ആ രോഗി അയാളുടെ മാജിക്ക് സഹായി ആയിരിക്കും. അല്ലെങ്കില്‍ മുങ്കൂട്ടി പഞ്ഞിയില്‍ കരുതിയ പുഴുക്കളെ കാണിച്ച് നമ്മളെ പറ്റിക്കല്‍. ഇപ്പഴും പല്ല് വേദനയുള്ളവരുടെ കവിളില്‍ പച്ചമരുന്നു തേച്ച്പിടിപ്പിച്ച് ഉള്ളിലെപുഴുക്കളെ പുറത്തിറക്കികാണിക്കുന്ന തട്ടിപ്പുകള്‍ പലയിടത്തും നാട്ടുചികിത്സയെന്നുപറഞ്ഞ് നടത്താറുണ്ട്. ഭക്ഷണാവശിഷ്ടങ്ങളില്‍ സൂക്ഷ്മജീവികളും ബാക്ടീരിയകളും വളര്‍ന്ന് ഇനാമലുകള്‍ ശോഷിപ്പിച്ച് ഉള്ളിലെ പള്‍പ്പിനകത്തേക്ക് കയറി അവിടെയും ഗുലുമാലാക്കുന്ന പരിപാടിയാണല്ലോ പല്ല് കേടുവരല്‍. ഇവിടെ ഈച്ചമുട്ടകള്‍ എത്താനുള്ള സാദ്ധ്യതകുറവാണ്. വാപൊളിച്ച് നില്‍ക്കുന്നവരെ നാം കളിയാക്കി 'ഉപദേശിക്കാറുണ്ടല്ലോ, ''ഈച്ച കയറും'' എന്ന്. കാര്യം ശരിയാണ് വൃത്തിയാക്കാത്ത മോണയും പല്ലുകളും അഴുക്കും വായിലുള്ളവരെ ഈച്ചകളും വെറുതെ വിടില്ല. വായ തുറന്ന് ഉറങ്ങുന്നവരെ സൗകര്യത്തിന് കിട്ടിയാല്‍ ഈച്ച കയറി മുട്ടയിട്ട് കടന്നുകളയും. അങ്ങിനെ അപൂര്‍വ്വമായി മാത്രം വായ്ക്കുള്ളില്‍ പുഴുക്കള്‍ നിറഞ്ഞിരിക്കുന്ന കേസുകള്‍ നമ്മുടെ നാട്ടിലും ഉണ്ടാകാറുണ്ട്.

പുഴുക്കള്‍ കൊണ്ടുള്ള പ്രയോജനങ്ങൾ

പഴയകാലത്ത് ചിലതരം പഴക്കമേറിയ വ്രണങ്ങള്‍ വൃത്തിയാക്കാന്‍ ചികിത്സകര്‍ പ്രത്യേകതരം മാഗട്ടുകളെ ഉപയോഗിച്ചിരുന്നു. മള്‍ബറിപ്പുഴുക്കളും സില്‍ക്കുവസ്ത്രങ്ങളും നമുക്ക് നൂറ്റാണ്ടുകള്‍ മുമ്പേ പരിചിതമാണല്ലൊ. നമ്മള്‍ വളര്‍ത്തുന്നത് ആകെ സില്‍ക്ക് നിര്‍മാണത്തിന് വേണ്ടി ഇതിനേ മാത്രമാണ്. മീന്‍പിടുത്തത്തിന് ഇരയായും ചൂണ്ടയില്‍ കൊരുത്താനും കോഴിത്തീറ്റയായും ഒക്കെ മാഗട്ടുകളെ ഉപയോഗിക്കുന്നുണ്ട്. ഇത്തരം ആവ്ശ്യങ്ങള്‍ക്കായി മാഗട്ട് വളര്‍ത്തുഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉണങ്ങാത്ത വ്രണങ്ങളിലെ അഴുകിയ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ Phaenicia sericata സ്പീഷിസില്‍ പെട്ട ഈച്ചകളുടെ അണുമുക്തമാക്കിയ പുഴുക്കളെ ഉപയോഗിച്ച് അപൂര്‍വ്വമായി ചികിത്സ നടത്തുന്നുണ്ട്. ഭാവിയില്‍ പുഴുക്കളോടുള്ള അറപ്പ് മാറുന്നകാലത്ത് , അറവുമാലിന്യങ്ങളെക്കൂടി ഭക്ഷണമാക്കനുള്ള പദ്ധതിയുടെ ഭാഗമായി , പ്രോട്ടീന്‍ സമ്പുഷ്ടമായ പുഴു കൃഷിഫാമുകള്‍ നമ്മുടെ നാട്ടിലും വരും. പാലില്‍ വളര്‍ത്തുന്ന പുഴുക്കളെ ഇപ്പോള്‍ തന്നെ ഭക്ഷണമായി ഉപയോഗിക്കുന്നവര്‍ ലോകത്ത് ചിലയിടങ്ങളില്‍ ഉണ്ട്. ഫോറെന്‍സിക്ക് പരിശോധനകളില്‍ മാഗട്ടുകളുടെയും സമീപത്തെ പ്യൂപ്പകളേയും നിരീക്ഷിച്ച് ശവത്തിന്റെ കാലപ്പഴക്കം തീരുമാനിക്കാന്‍ പോലീസ് സര്‍ജന്മാരെ സഹായിക്കും.

Content Highlights: Bandhukkal Mithrangal column on Puzhu,caterpillar,maggots worms,Vijayakumar blathur

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022

Most Commented