
തേനീച്ച | Photo : AFP
"പെണ്ണീച്ചകള്‍ മാത്രമേ കൂടിന് അപകടം വരുത്താന്‍ വരുന്നവരെ ഓടിച്ചിട്ട് കുത്തുകയുള്ളു. ഓരോ ആണീച്ചയും ഒരേ ജനിതക ഘടനയുള്ള പത്ത് ദശലക്ഷം ബീജാണുക്കള്‍ നിര്‍മ്മിക്കാന്‍ കഴിവുള്ളവയാണ്. അഞ്ചു മുതല്‍ പത്തൊന്‍പത് ആണീച്ചകളുമായി വരെ ഇണചേര്‍ന്ന് തന്റെ ജീവിതകാലം മുഴുവനും ഇട്ടുകൂട്ടേണ്ട ആയിരക്കണക്കിന് മുട്ടകള്‍ക്ക് വേണ്ടത്ര ബീജം തന്റെ ഉള്ളിലുള്ള സ്പെര്‍മാത്തിക്ക എന്ന ബീജ ശേഖരണിയില്‍ നിറച്ച് വെക്കലാണ് പെണ്ണീച്ചയുടെ ലക്ഷ്യം". നിസ്സാരക്കാരല്ല തേനീച്ചകൾ. ഇത്തവണ ബന്ധുക്കൾ മിത്രങ്ങൾ പംക്തി ചർച്ച ചെയ്യുന്നത് തേനീച്ചകളുടെ അത്ഭുത ലോകത്തെ കുറിച്ചാണ്
ഇരുപതിനായിരത്തോളം ഇനം ബീ ഇനങ്ങള്‍ ഉണ്ടെങ്കിലും അവയില്‍ നാല്‍പ്പത്തിമൂന്ന് സബ് സ്പീഷിസുകളുള്പ്പെടെ എട്ട് തേനീച്ച സ്പീഷിസുകളാണ് ഇതുവരെയായി തിരിച്ചറിഞ്ഞിട്ടുള്ളത്. അവയില്‍ ആക്രമണസ്വഭാവം കുറവുള്ളതും കൂടുകളുണ്ടാക്കി, കൃഷിക്കാര്‍ ഇണക്കിവളര്ത്തുന്നതുമായ ഇനമാണ് Apis cerana indica എന്ന ഇന്ത്യന്‍ തേനീച്ച. നമ്മുടെ നാട്ടില്‍ സാധാരണയായി കാണുന്ന ഇവര്‍ക്ക് ഞൊടിയന്‍ എന്നും പേരുണ്ട്. കാടുകളിലെ വന്മരങ്ങളുടെ കൊമ്പുകളിലും നഗരങ്ങളിലെ വന്‍ കെട്ടിടങ്ങളുടെ പുറം ഭാഗത്തും പാലങ്ങളുടെ അടിയിലും ഒക്കെ കാണുന്നവയാണ് Apis Dorsata എന്ന ഇനത്തില്‍ പെട്ട പെരുന്തേനീച്ചകള്‍. വന്‍ തേനീച്ച എന്നും പേരുണ്ട്. . ശല്യപ്പെടുത്തിയില്ലെങ്കില്‍ ശാന്തസ്വഭാവം കാണിക്കുന്നവരാണെങ്കിലും പ്രകോപിപ്പിക്കപ്പെട്ടാല്‍ നന്നായി ആക്രമിക്കും. കുറഞ്ഞ എണ്ണം തേനീച്ചകളുടെ കുത്ത് തന്നെ മാരകം ആകാം. ചില പ്രദേശങ്ങളില്‍ ഇത്തരം കൂടുകളെ കടന്നല്‍ക്കൂട് എന്ന് തെറ്റായി വിളിക്കാറുണ്ട്. പരുന്തുകള്‍ ഇവയുടെ കൂട് ആക്രമിക്കുകയും ലാര്‍വ്വപ്പുഴുക്കളെ ഭക്ഷണമാക്കുകയും ചെയ്യാറുണ്ട്. കരടികള്‍ വന്മരങ്ങളില് പോലും കയറി ഇവരുടെ തേനട അടര്ത്തികഴിക്കും. ഈ ഇനത്തില്‍ പെട്ട ഈച്ചകള്‍ ഒരുഅടി മുതല്‍ നാല് അടി വരെ നീളമുള്ള , അര്‍ദ്ധവൃത്താകൃതിയില്‍ ഞാഴ്ന്നുകിടക്കുന്ന വലിയ ഒറ്റ അട മാത്രമേ ഉണ്ടാക്കുകയുള്ളു. ഇവരെ കൂടാതെ Tetragonula iridipennis എന്ന ചെറു തേനീച്ചയും Apis florea എന്ന കോല്ത്തേനീച്ചയും നമ്മുടെ നാട്ടില്‍ ഉണ്ട്.

By Peterwchen - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=93871840
മികച്ച സാമൂഹിക ജീവിതം നയിക്കുന്ന പ്രാണികളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നവരാണ് തേനീച്ചകള്‍. ഉറുമ്പുകളും ചിതലുകളും ചിലയിനം കടന്നലുകളും ഇവരെപ്പോലെ സാമൂഹിക ജീവിതം നയിക്കുന്നവരാണ്. മനുഷ്യ കഥകളില്രാജാവിന്റെ ഭാര്യയായതിന്റെ അധികാരവും നെഗളിപ്പും ഉള്ള ഒരാള്‍ മാത്രമാണല്ലോ റാണീ. പക്ഷെ യൂസോഷ്യല്‍ ഇന്സെക്ള്റ്റുകളുടെ കാര്യത്തില്‍ കോളനിയുടെ എല്ലാമെല്ലാം റാണിയാണ്. തേനീച്ചക്കാര്യത്തില് രാജാവെന്നൊരു കഥാപാത്രമേ ഇല്ല. . കോളനിയുണ്ടാക്കും മുമ്പ് കന്യകയായിരുന്ന അവളുമായി വിവാഹപ്പറക്കലിനിടയില് ഇണചേര്‍ന്ന് അപ്പോള്‍ തന്നെ മരിച്ച് പോയ കുറച്ച് കരുത്തരായ ആണ് ഡ്രോണ്‍ തേനീച്ചകളെ അങ്ങിനെ വിളിക്കുന്നതില്‍ കാര്യവും ഇല്ല. സ്വന്തം തേനീച്ചക്കൂട്ടില്‍ നിന്ന് ജീവിതത്തില്‍ പിന്നെ ഒരിക്കലുംറാണി ഇണചേരുന്നും ഇല്ല. കൂട്ടിലെ ഏറ്റവും വലിപ്പവും ഭംഗിയും ഉള്ളആളായതിനാല് റാണിയെ നമുക്ക് തിരിച്ചറിയാന്‍ എളുപ്പമാണ്. റാണിയുടെ ഭക്ഷണം ചെറുപ്പക്കാരികളായ പെണ്ണീച്ചകളുടെ തലയിലെ ഒരു ഗ്രന്ഥിയില്‍ നിന്നൂറുന്ന റോയല്‍ ജെല്ലിയാണ്. രണ്ടോ മൂന്നോ വര്‍ഷത്തോളം ജീവിക്കുന്ന റാണി ഇണചേരാനും കൂടുപിരിയാനുമായിരണ്ട് പ്രാവശ്യം മാത്രമേ ജീവിതത്തില്‍ കൂടിന്റെ വെളിയിലിറങ്ങുന്നുള്ളു.
സാമൂഹ്യജീവികളായി കോളനി നിര്‍മിച്ച് ജീവിക്കുന്ന തേനീച്ചക്കോളനികളില്‍ ആയിരക്കണക്കിന് തേനീച്ചകള്‍ ഉണ്ട്. ഭൂരിഭാഗവും പെണ് ഈച്ചകളാണെങ്കിലും അവര്‍ക്കാര്‍ക്കും അണ്ഡാശയങ്ങള്‍ വികസിക്കാത്തതിനാല്‍ ഇണചേര്‍ന്ന് കുഞ്ഞുങ്ങളെ ഉണ്ടാക്കാനുള്ള കഴിവില്ല. ലൈംഗിക പ്രത്യുത്പാദന രീതി അനുസരിച്ച്, ആണുമായി ഇണചേരലിലൂടെ അണ്ഡവും ബീജവും ചേര്‍ന്ന് സിക്താണ്ഡമായി മുട്ടയും ലാര്‍വയും പ്യൂപ്പയും ഒക്കെ ആയി വിവിധ സ്വഭാവമുള്ള തേനീച്ചകളെ ഉണ്ടാക്കാന്‍ കൂട്ടത്തിലെ രാജ്ഞിക്ക് മാത്രമേ കഴിയു.

റാണി രണ്ട് തരം മുട്ടകളിടാന്‍ കഴിവുള്ളവരാണ്. ബീജസങ്കലനം നടന്നതും നടക്കാത്തതും ആയ മുട്ടകള്‍ അവര്‍ക്ക് ഇടാന്‍ കഴിയും. ബീജസങ്കലനം നടന്നതില്‍ നിന്നും പെണ്ണീച്ചകളും ബീജസങ്കലനം നടക്കാത്തതില്‍ നിന്നും ആണീച്ചകളും ഉണ്ടാകുന്നു. മുട്ടവിരിഞ്ഞിറങ്ങുന്ന ലാര്വക്കുഞ്ഞുങ്ങള്ക്ക് കൊടുക്കുന്ന ഭക്ഷണം വളരെപ്രധാനം ആണ്. ആദ്യത്തെ മൂന്ന് ദിവസം ചെറുപ്പക്കാരി പെണ്ണീച്ചകളുടെ തലയിലെ ഗ്രന്ഥികളില്‍ നിന്നും സ്രവിക്കുന്ന റോയല്ജെല്ലിയും പിന്നീട് പൂമ്പൊടിയും തേനും ചേര്‍ത്തുണ്ടാക്കുന്ന ബീബ്രെഡും ആണ് ലാര്‍വ കുഞ്ഞുങ്ങള്‍ക്ക് നല്‍കുക. എങ്കിലും പെണ്ണീച്ചകള്‍ക്ക് അവയുടെ അണ്ഡാശയങ്ങള്‍ വികസിക്കുകയില്ല. അതിനാല്‍ അവയ്ക്കൊന്നും പ്രത്യുത്പാദന കഴിവ് ഉണ്ടാവില്ല. ഇവര്‍ക്ക് ആണീച്ചകളുമായി ഇണചേരാനും മുട്ടയിടാനും ഉള്ള കഴിവ് സാധാരണഗതിയില്‍ ഉണ്ടാവില്ല. ഒരു തേനീച്ചക്കൂടിന്റെ പൊതുവായ എല്ലാ പരിപാലനവും ഇവരാണ് ചെയ്യുന്നത്. തേനും പൂമ്പൊടിയും ശേഖരിക്കല്‍ , കൂട് വൃത്തിയാക്കല്‍, റാണിക്ക് തീറ്റകൊടുക്കല്‍, ലാര്‍വ്വപ്പുഴുക്കളെ തീറ്റല്‍, കൂടിന് കാവല്‍ നില്ക്കല് , അറ നിര്‍മ്മിക്കല്‍ , അറയില്‍ തേന്‍ സംസ്കരിച്ച് സൂക്ഷിക്കല്‍ എല്ലാം ഇവരുടെ ഡ്യൂട്ടിയാണ്. റാണിയീച്ചയ്ക്കും ആണീച്ചയ്ക്കും ഇല്ലാത്ത വിഷമുള്ള് ഇവര്‍ക്കുണ്ട്.
പെണ്ണീച്ചകള്‍ മാത്രമേ കൂടിന് അപകടം വരുത്താന്‍ വരുന്നവരെ ഓടിച്ചിട്ട് കുത്തുകയുള്ളു.
എന്തെങ്കിലും കാരണവശാല്‍ റാണി ഇല്ലാതാവുകയോ കൂട് പിരിഞ്ഞ് പോവുകയോ ചെയ്താല്‍ മുതിര്‍ന്ന വേലക്കാരി ഈച്ചകള്‍ വെറും റോയല്‍ജെല്ലി മാത്രം നല്കി കുറച്ച് പെണ് ലാര്‍വകളെ പ്രത്യേകമായി വളര്‍ത്താന്‍ ആരംഭിക്കും. അവയുടെ അണ്ഡാശയങ്ങള്‍ പൂര്‍ണ്ണമായി വളര്‍ത്തി പ്രത്യുത്പാദനകഴിവുള്ള പെണ്ണാക്കി, അവയെ ഭാവി 'റാണികന്യക'യാക്കി മാറ്റുന്നു. റോയല്‍ജെല്ലി മാത്രം ഭക്ഷിക്കുന്ന പെണ് ലാര്വ്വകളേ റാണിയായി മാറുകയുള്ളൂ ജീവിതകാലം മുഴുവനും റാണി റോയല്‍ ജെല്ലി ഭക്ഷിക്കും.
പാര്‍ത്തനോജനിസിസ്-ഇണചേരാതെ ഈച്ചക്കോപ്പി കുഞ്ഞുങ്ങള്‍
രാജ്ഞിയുടെ ഉള്ളിലെ കുറേ അണ്ഡങ്ങള്‍ ബീജ സങ്കലനം നടക്കാതെ തന്നെ പാര്‍ത്തനോജെനിസിസ് വഴി മുട്ടയായി, വിരിഞ്ഞ് ഒരേപോലുള്ള ആണ് തേനീച്ചകുഞ്ഞുങ്ങളായി മാറും. ഇതാണ് ഈച്ചക്കോപ്പികളായ ആണുങ്ങള്. (ഈച്ചക്കോപ്പി എന്ന പ്രയോഗത്തിന് വള്ളിപുള്ളി വ്യത്യാസമില്ലാത്ത തനിപ്പകര്‍പ്പ് എന്നാണല്ലോ മലയാളത്തില്‍ അര്‍ത്ഥം. പണ്ടാരോ ഒരു ബുക്ക് പകര്‍ത്തിയെഴുതുമ്പോള്‍ മുമ്പ് എങ്ങിനെയോ പേജിനിടയില്‍ കുടുങ്ങി, ചത്ത് പരന്ന് പടമായിക്കിടന്ന ഒരു ഈച്ചയേയും ബുക്കിലെ ഭാഗമാണെന്ന് കരുതി അതുപോലെ വരച്ച് വെച്ചു എന്നാണ് കഥ). സ്വന്തം ഫോട്ടോക്കോപ്പി പോലുള്ള പകര്‍പ്പ് കുഞ്ഞുങ്ങളെ ചില മാര്‍ഗങ്ങളിലൂടെ കൃത്രിമമായി സൃഷ്ടിക്കാന്‍ ക്ലോണിങ്ങ് സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ നമുക്ക് സാധ്യമായിട്ടുണ്ടല്ലൊ. . എന്നാല്‍ പ്രകൃത്യാ തന്നെ പല ജീവികളിലും ഇത്തരം തനിപ്പകര്‍പ്പ് തലമുറകള്‍ ഉണ്ടാക്കാനുള്ള കഴിവുണ്ട്. ആണുമായി ഇണചേരാതെ തന്നെ പെണ്ണ് നേരിട്ട് കുഞ്ഞുങ്ങളെ ഉണ്ടാക്കുന്ന പ്രതിഭാസമാണത്. പാര്‍ത്തനോജെനിസിസ് (Parthenogenesis) എന്നാണ് അതിനു പറയുക. 'കന്യക' എന്നും ' സൃഷ്ടിക്കുക' ജനിപ്പിക്കുക എന്നും അര്‍ത്ഥം വരുന്ന parthénos, génesis എന്നീ ഗ്രീക്ക് വാക്കുകള്‍ ചേര്‍ന്നുണ്ടായതാണ് ഈ പദം. പല ജീവികളിലും ഇത്തരം പ്രത്യുത്പാദനം സ്ഥിരമായോ അപൂര്‍വ്വമോ നടക്കാറുണ്ട്. അച്ഛനില്ലാതെ പിറക്കുന്ന അമ്മയീച്ചക്കോപ്പി മക്കള്‍! അകശേരുകികളായ ( invertebrates ) ചിലയിനം പരാദവിരകള്‍, തേളുകള്‍, മുഞ്ഞകള്‍ (ആഫിഡ്), ചെള്ളുകള്‍, ഈച്ചകള്‍, ചുള്ളിപ്രാണികള്‍, പരാദക്കടന്നലുകള്‍ എന്നിവയിലൊക്കെ ഇത്തരം പ്രത്യുത്പാദനം നടക്കുന്നുണ്ട്. കശേരുകികളായ (vertebrate) ചിലയിനം മത്സ്യങ്ങള്‍, ഉരഗങ്ങള്‍, ഉഭയജീവികള്‍ അപൂര്‍വ്വം പക്ഷികള്‍ എന്നിവയിലും ഒക്കെയായി ലോകത്തെങ്ങുമായി രണ്ടായിരത്തിലധികം സ്പീഷിസുകളില്‍ ഇത്തരം പാര്‍ത്തനോജെനിസിസ് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതായി മനസിലാക്കീട്ടുണ്ട്.

ആണ് പെണ് ഗാമറ്റുകളിലെ രണ്ട് പകുതി സെറ്റ് ക്രോമോസോമുകള്‍ യോജിച്ചാണല്ലോ സാധാരണയായി സിക്താണ്ഡം വഴി കുഞ്ഞ് ഉണ്ടാവുക. അവയാണ് പെണ് ഈച്ചകള്‍. രാജ്ഞി തേനീച്ചയുടെ ഉള്ളിലെ അണ്ഡകോശങ്ങളുടെ രൂപീകരണസമയത്ത് 32 ക്രോമോസോമുകളുള്ള (ഡിപ്ലോയിഡ് ) കോശം 16 എണ്ണമുള്ള (ഹാപ്ലോയിഡ് ) ഗാമറ്റുകള്‍ ആയി മാറും. അങ്ങിനെ ഹാപ്ലോയിഡ് അണ്ഡം ഉണ്ടാകുന്നു. ആ അണ്ഡം സ്വയം തന്നെ സിക്താണ്ഡമായി, മുട്ടയായി പരിണമിച്ച്, വിരിഞ്ഞ് ഉണ്ടാകുന്നതാണ് ആണ് ഈച്ചകള്‍ എന്ന മടിയന്മാര്. ഇവരെ ഡ്രോണുകള്‍ എന്നും വിളിക്കാറുണ്ട്. സാങ്കേതികമായി പറഞ്ഞാല്‍ ഈ ഡ്രോണീച്ചകള്‍ക്ക് അമ്മ മാത്രമേ ഉള്ളു. ആണായി കണക്കാക്കുന്ന ഇവന്റെ ജനിതക വൃക്ഷത്തില്‍ പിറകിലോട്ട് പോയാല്‍ , ഒരു അമ്മ (പെണ്) മാത്രമേ ഉള്ളു. പിറകിലോട്ട് ഒന്നുകൂടി പോയാല്‍ അവിടെ അമ്മ (പെണ്) അമ്മയുടെ അച്ഛന് (ആണ്) എന്ന് രണ്ടു ജനിതക വ്യക്തി സാന്നിദ്ധ്യം കാണാം. മൂന്നു തലമുറ പിറകിലോട്ട് പോയാല്‍ മൂന്നു അംഗങ്ങള്‍ ഉള്ളതായി കാണാം. നാലു തലമുറ പിറകിലോട്ട് പോയാല്‍ അവിടെ അഞ്ച് അംഗങ്ങള്‍ കാണാം. 1,1,2,3,5,8 ... ഇങ്ങനെ ഫിബിനാച്ചി സീക്വന്‍സില്‍ നമുക്ക് പിറകോട്ട് സഞ്ചരിക്കാം. ഈ ആണീച്ചകള്‍ക്ക് ആകെ ഒരു ജോലി മാത്രമേ ഉള്ളു . ഇണചേരുക എന്നത് മാത്രം ! കൂടിന്റെ നിര്‍മ്മാണത്തിലോ, തേനും പൂമ്പൊടിയും ശേഖരിക്കലോ ഒന്നും ഇവരുടെ വിഷയമേ അല്ല. തീറ്റത്തേന്‍പോലും വേലക്കാരി ഈച്ചകള്‍ കൊണ്ടു കൊടുക്കണം. ഇവര്‍ക്കാണെങ്കില്‍ ശത്രുക്കളേയും ശല്യക്കാരേയും ഓടിക്കാന്‍ കുത്താനുള്ള മുള്ളും വിഷവും ഇല്ലതാനും. (എങ്കിലും, ചിലപ്പോള്‍ ശല്യപ്പെടുത്തിയാല്‍ ഇല്ലാത്ത മുള്ളുകൊണ്ട് ഞാനിപ്പം കുത്തുമേ എന്ന ഭാവത്തില്‍ അടുത്തേക്ക് വന്ന് പേടിപ്പിക്കല് മിമിക്രി ഒക്കെ ചെയ്യാനും ഇവര്‍ക്ക് അറിയാം) സ്വന്തം കൂട്ടിലെ പുതുതായി വിരിഞ്ഞ് വളര്‍ന്ന കന്യാകുമാരികളായ ഭാവി രാജ്ഞി ഈച്ചകളോട് ഇവര്‍ ഇണചേരില്ല. അതിന് അവസരം കിട്ടാതിരിക്കാന്‍ ആ ഈച്ചയും ശ്രദ്ധിക്കും. ഇണ ചേരല്‍ ഒരിക്കലും കൂട്ടില്‍ വെച്ചല്ല താനും.

ആകാശത്തെ ഇണചേരല്‍
തുറസായ ആകാശത്ത് വെച്ചാണ് ഇണചേരല്‍ മഹാമഹം നടക്കുക. അതിനാണ് ഡ്രോണ്‍ രൂപം. ഓരോ ആണീച്ചയും ഒരേ ജനിതക ഘടനയുള്ള പത്ത് ദശലക്ഷം ബീജാണുക്കള്‍ നിര്‍മ്മിക്കാന്‍ കഴിവുള്ളവയാണ്. കന്യാകുമാരികള്‍ ഇണ ചേരല്‍ പ്രായമെത്തുമ്പോള്‍ കൂട്ടില്‍ നിന്നിറങ്ങി വിവാഹപൂര്‍വയാത്ര നടത്തിനോക്കും. ഡ്രോണ്‍ പയ്യന്മാര് സമ്മേളിച്ച സ്ഥലവും സൗകര്യവും പരിശോധിച്ച റിയാനാണിത്. അതിന് ശേഷം ഇണ ചേരാനായി പ്രമാദമായ നുപ്റ്റിയല്‍ ഫ്ലൈറ്റ് നടത്തുന്നു. നേരത്തെ നോട്ട് ചെയ്ത ആണുങ്ങളുടെ സമ്മേളന ഗ്രൗണ്ടിന് മുകളിലൂടെ - ഫിറമോണ്‍ സ്രവിപ്പിച്ച് കൊണ്ട് വശീകരണ പറക്കല്‍ !. ക്വീന്‍സ് സബ്സ്റ്റന്‍സ് എന്ന മാദക ദ്രവ്യമാണ് അത്. അതിലെ ഓക്സി ഡിക്കിനോയിക് ആസിഡ് ഡ്രോണീച്ചകളെ ആകര്‍ഷിക്കും. വലിയ കണ്ണുകളും നല്ല കാഴ്ചയും ഉള്ള ഡ്രോണ്‍ പയ്യന്മാര് കന്യകളെ വേഗം തിരിച്ചറിയും. പറന്ന് പോകുന്ന കന്യകയ്ക്ക് പിറകെ എല്ലാവരും വെച്ച് പിടിക്കും. ഏറ്റവും കരുത്തോടെ വേഗത്തില്‍ തുരത്തി എത്തുന്ന ബലവാനുള്ളതാണ് ഇണ ചേരല്‍ അവസരം. പത്ത് മുതല്‍ നാല്‍പ്പത് മീറ്റര്‍ വരെ ഉയരത്തില്‍ വെച്ചാണ് ഇണചേരല്‍ നടക്കുക. ഇണയെ കിട്ടിയാല്‍ ഉടന്‍ ആണീച്ച മുകളില്‍ നിന്ന് അതിനേ ആറുകാലുകളും ചേര്‍ത്ത് ഇറുക്കിപ്പിടിക്കും. വലിയ അളവില്‍ ബീജാണുക്കളും മറ്റുസഹായക ദ്രവങ്ങളും ശേഖരിക്കാനും കൈമാറാനും പറ്റും വിധമുള്ള രൂപസംവിധാനമുള്ളതാണ് ഇവരുടെ ലൈംഗീകാവയവമായ എന്‍ഡോഫാലസ്. ഇത് ശരീരത്തിനുള്ളില്‍ ആണ് സാധാരണ ഉണ്ടാകുക എങ്കിലും ഇണ ചേരുന്ന സമയത്ത് ആണീച്ചയുടെ ശരീരത്തിനുള്ളില്‍ നിറഞ്ഞിരിക്കുന്ന രക്തസമാനമായ എന്‍ഡോലിംഫ് വലിയ അളവില്‍ ഈ അവയവത്തിലേക്ക് അതി ശക്തമായി കുതിച്ച് നിറയുകയും, ഇത് അകം പുറം മറിഞ്ഞ് ശക്തിയോടെ പെണ്ണീച്ചയുടെ വിഷമുള്ളിന്റെ അടിയിലെ തുറന്ന ദ്വാരത്തിലൂടെ അകത്തേക്ക് തള്ളിക്കയറുകയും ചെയ്യും. ഇത്തരത്തിലുള്ള എന്‍ഡോഫാലസടക്കമായുള്ള സ്ഖലന പമ്പിങ് പൊട്ടല്‍ ശബ്ദം നമുക്ക് ശ്രദ്ധിച്ചാല്‍ കേള്‍ക്കാന്‍ കഴിയും. ഈ അവയവത്തിന്റെ അടി ഭാഗത്തുള്ള കൊളുത്തുകള്‍ ഈ സമയം പെണ്ണീച്ചയുമായി ഇറുക്കി നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. എന്നാല്‍ അതി ശക്തവും പൂര്‍ണ്ണവുമായ സ്ഖലന വിസ്ഫോടനം ഡ്രോണിന് സ്വനിയന്ത്രണം നഷ്ടമാക്കുകയും ലിംഗാവയവഭാഗം മുറിഞ്ഞ്, അറ്റ് മാറി, ബോധം മറിഞ്ഞ് അത് തെറിച്ച് വീഴുകയും ചെയ്യും. അതോടെ ഡ്രോണന്റെ മരണവും സംഭവിക്കും. മൂന്നു നാല് സെക്കന്റ് മാത്രം നീളുന്ന ഹ്രസ്വഭീകര ഇണചേരലാണ് നടക്കുക. ജീവിതത്തില്‍ ഒരേയൊരു ഇണചേരല്‍ മാത്രമേ സാധ്യമാകൂ എന്നര്‍ത്ഥം. ഇതോടെ നവ റാണിയാകേണ്ടവള്‍ പിന്തിരിയും എന്ന് കരുതേണ്ട. അഞ്ചു മുതല്‍ പത്തൊന്‍പത് ആണീച്ചകളുമായി വരെ ഇത്തരത്തില്‍ ഇണചേര്‍ന്ന് തന്റെ ജീവിതകാലം മുഴുവനും ഇട്ടുകൂട്ടേണ്ട ആയിരക്കണക്കിന് മുട്ടകള്‍ക്ക് വേണ്ടത്ര ബീജം തന്റെ ഉള്ളിലുള്ള സ്പെര്‍മാത്തിക്ക എന്ന ബീജ ശേഖരണിയില്‍ നിറച്ച് വെക്കലാണ് പെണ്ണീച്ചയുടെ ലക്ഷ്യം. ചിലപ്പോള്‍ കാലാവസ്ഥ മോശമാണെങ്കില്‍ പല ദിവസങ്ങള്‍ വീണ്ടും വന്ന് ഇണചേര്‍ന്ന് ആവശ്യമായത്ര ബീജം ശേഖരിച്ച് അവള് നിറയ്ക്കും. ആറു ദശലക്ഷം ബീജാണുക്കളെ ഇത്തരത്തില്‍ പല ആണീച്ചകളില്‍ നിന്നായി ഇത് ശേഖരിക്കുമത്രെ. പിന്നീട് വര്‍ഷങ്ങളോളം മുട്ടയിടല്‍ മാത്രമാണ് രാജ്ഞിയുടെ പ്രധാന തൊഴില്‍. നിരവധി ആണ് ഈച്ചകള്‍ക്ക് ഒരു പെണ്ണീച്ചയുമായി ഇണചേര്‍ന്ന് ചാവാന്‍ അവസരം ലഭിക്കുന്നുണ്ടെങ്കിലും പ്രത്യുത്പാദന ശേഷിയുള്ള കന്യകയീച്ചകളുടെ എണ്ണവുമായി തട്ടിക്കുമ്പോള്‍ ആണുങ്ങളുടെ എണ്ണം വളരെ ഏറെയാണ്. അതിനാല്‍ ആയിരത്തില്‍ ഒന്നിനുപോലും ജീവിതത്തില്‍ ഇണചേര്‍ന്ന് ഒന്നു മരിക്കാനുള്ള ഭാഗ്യം കിട്ടണം എന്നില്ല.
ഇണചേര്‍ന്ന് ബീജസങ്കലനം വഴി മുഴുവന്‍ സെറ്റ് ക്രോമോസോമും അടങ്ങിയ ഇനങ്ങളാണല്ലോ പെണ് വേലക്കാരി ഈച്ചകളായി മാറുക. നേരത്തെ പറഞ്ഞ ക്വീന്‍സ് സബ്സ്റ്റന്റ് തന്നെയാണ് ഇവരെ അണ്ഡാശയമില്ലാത്ത, ലൈംഗിക ആഗ്രഹങ്ങളില്ലാത്ത നിര്‍ഗുണ വേലക്കാരികള്‍ മാത്രമായി പരിവര്‍ത്തിപ്പിക്കുന്നത്. ഷഡ്പദങ്ങളിലെ പെണ്ണുങ്ങളില്‍ അണ്ഡം നിക്ഷേപിക്കാനുള്ള സംവിധാനമായ ഓവി പൊസിറ്ററുകള്‍ എന്ന സംവിധാനമാണ് കോളനിയെ രക്ഷിക്കാനുള്ള ആക്രമ വിഷ സഞ്ചിയുള്ള മുള്ളായി മാറിയതും രാജ്ഞിയില്‍ നിന്ന് ലഭിക്കുന്ന ഈ മായിക വസ്തു കൊണ്ട് തന്നെ. സീസണ് നോക്കി, സ്വാമിങ്ങ് എന്ന കൂട്ടപറക്കല്‍ നടത്തി, കാത്തിരിപ്പ് സമ്മേളനം നടത്തി, ഭാഗ്യം കൊണ്ട് ഒരു ഇണചേരല്‍ നടത്തല്‍ മാത്രമാണ് അച്ഛനില്ലാത്ത ഈച്ചക്കോപ്പി ആണീച്ച ഡ്രോണുകളുടെ ഏക ധര്‍മ്മം എന്നു പറഞ്ഞ് അവരെ വെറും മടിയന്മാര് എന്ന് വിളിച്ച് കൊച്ചാക്കുന്നതും ശരിയല്ല. കൂട്ടില്‍ ഒരു പണിയും ഇല്ലാതെ ഉണ്ടുറങ്ങി കഴിയുന്ന ഇവര്‍ ചില സഹായങ്ങള്‍ ഒക്കെ ചില സമയം കോളനിയ്ക്ക് ചെയ്യും. ഏതെങ്കിലും കാരണത്താല്‍ കൂട്ടിനുള്ളിലെ താപ നിയന്ത്രണം പാളുന്നു എന്നുകണ്ടാല്‍. അടിയന്തിരമായി മറ്റ് ഈച്ചകള്‍ക്കൊപ്പം ഇവരും ജാഗരൂകരാകും. കൂട്ടിലെ ചൂട് വല്ലാതെ കുറഞ്ഞ് തണുപ്പ് കൂടുന്നതായി കണ്ടാല്‍ സ്വന്തം ശരീരം ശക്തിയില്‍ ഏറെ നേരം വിറപ്പിച്ച് കൂട്ടിലെ ചൂട് കൂട്ടാന്‍ ഇവരും സഹായിക്കും. കൂട്ടിലെ ചൂട് കൂടിയാല്‍ ചിറകുകള് അടിച്ച് കാറ്റ് ഉണ്ടാക്കി തണുപ്പിക്കാനും ഇവരും വേലക്കാരി ഈച്ചകള്‍ക്ക് ഒപ്പം കൂടും
തേനീച്ചകള്‍ എങ്ങിനെയാണ് പരസ്പരം ആശയവിനിമയം ചെയ്യുന്നത് എന്നത് വളരെപ്പണ്ട് മുതലേ ഗവേഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ധാരാളം തേന്‍ നിറഞ്ഞ പൂക്കളുള്ള ഒരു മരം ദൂരെ കണ്ട ഒരു തേനീച്ച എങ്ങനെയാണ് കൃത്യമായി കൂട്ടിലെ മറ്റുള്ളവര്‍ക്ക് ആ സ്ഥലം ഗൂഗിള്‍ മാപ്പ് കാട്ടിക്കൊടുക്കുമ്പോലെ കൃത്യമായി പറഞ്ഞുകൊടുക്കുന്നത് എന്നത് പലരേയും അമ്പര്പ്പിച്ചിട്ടുണ്ട്. .തേനീച്ച കോളനിയിലെ പെണ് തേനീച്ചകളാണല്ലൊ ജോലിക്കാര്‍. അവരാണ് പലദൂരം താണ്ടി ഇത്തിരി മധുരം എവിടെയെങ്കിലുമുണ്ടോ എന്നന്വേഷിച്ച് പാറി നടന്ന്, കോളനിക്കാവശ്യമായ തേനും പൂമ്പൊടിയും എല്ലാം ശേഖരിച്ച് കൊണ്ടുവരുന്നത്. പറന്ന് പറന്ന് ഒറ്റക്കൊരുതേനീച്ച ഒരു വലിയപൂന്തോട്ടത്തില് എത്തിയാല്‍ പൂക്കളില്‍ നിന്നും സന്തോഷത്തോടെ തേനും പൂമ്പൊടിയും ശേഖരിച്ച് കൂട്ടിലേക്ക് കുതിച്ച് പറന്നൊരു തിരിച്ച് വരവുണ്ട്.. ''യുറേക്കാ'' എന്ന് വിളിച്ച് പറയുന്നതു പോലെ..'ഞാനിതാ തേന്‍ നിറഞ്ഞ ഒരിടം കണ്ടെത്തിയിരിക്കുന്നു...ഹൂറേ..' എന്ന് മറ്റുള്ളവരെ അറിയിക്കാനുള്ള ആവേശത്തോടെയാണ് വരവ്. അതിന് ചില ചിട്ടവട്ടവും കൃത്യമായ അനുഷ്ടാനചടങ്ങും ഉണ്ട്. . ആദ്യം എല്ലാവരുടേയും ശ്രദ്ധ തന്നിലേക്ക് തിരിപ്പിക്കും. മറ്റ് തേനീച്ചകളുടെ മുകളില്‍ കയറി ചറപറനടത്തമാണ് അതിനുള്ള പണി. . അതിന്റെ കൂടെ ശരീരത്തിന്റെ പിന്‍ഭാഗം ശക്തിയില്‍ ഇരുദിശയിലെക്കും വിറപ്പിക്കുകയും ചെയ്യും. . മറ്റുള്ളവര്‍ക്ക് കാര്യം മനസിലാകാന്‍ അതുമതി. എല്ലാവരും ഇത്തിരി മാറി നില്ക്കും. മുക്കവലയില്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ നാടോടിസര്ക്കസുകാര് ചെണ്ടമുട്ടി തലകുത്തിമറിഞ്ഞ് കസര്‍ത്തു കാട്ടി പെട്ടന്ന് വേദി ഒരുക്കുന്നതുപോലെ. വിവരം പറയാന്‍ വന്ന തേനീച്ചയ്ക്കും ഒരു വേദി ഒരുങ്ങും. പിന്നെ ഒരുഉഗ്രന്‍ ഡാന്‍സാണ്. ചുറ്റും കൂടിയ വേലക്കാരി ഈച്ചകള്‍ അത് സശ്രദ്ധം നിരീക്ഷിക്കും അവര്‍ക്ക് ആ ഡാന്‍സ് വെറും ഡപ്പാം കുത്തുകളിയല്ല. പുതിയ തേനിടത്തിലേക്ക് എത്തിച്ചേരാനുള്ള റൂട്ട് മാപ്പാണത്. കാള്‍ ഫോണ്‍ ഫിഷ് ( Karl von Frisch )എന്ന ആസ്ട്രിയന്‍ ശാസ്ത്രജ്ഞനാണ് തേനീച്ചകള്‍ ആശയവിനിമയം ചെയ്യാന്‍ ഈ ഡാന്‍സ് പരിപാടിയാണ് ഉപയോഗിക്കുന്നത് എന്ന് ആദ്യമായി സമര്‍ത്ഥിച്ചത്. 1927 ല്‍ പ്രസിദ്ധീകരിച്ച ''നൃത്തംചെയ്യുന്ന തേനീച്ചകള്‍'' എന്ന പുസ്തകത്തിലാണ് ഈ കാര്യം അദ്ദേഹം വിശദീകരിച്ചത്... ഇവ എങ്ങനെ പരസ്പരം ആശയവിനിമയം നടത്തുന്നു എന്ന വിഷയത്തില്‍ ദീര്‍ഘമായ പഠനങ്ങള്‍ പിന്നീട് അദ്ദേഹം നടത്തി. ഈ പഠനങ്ങളും കൂടി ഉള്‍പ്പെട്ട കണ്ടെത്തലുകള്‍ക്കാണ് വൈദ്യശാസ്ത്രം / ശരീരശാസ്ത്രം വിഭാഗത്തില്‍ 1973 ലെ നോബേല്‍ പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചത് .
തിരിച്ചെത്തിയ വേലക്കാരികള്‍ക്ക് രണ്ട് വിധത്തിലുള്ള ഡാന്‍സുണ്ട്. ഒന്ന് വട്ടത്തിലും വേറൊന്ന് എട്ട് എന്നെഴുതുന്ന വിധത്തിലും. നടത്തവും ഓട്ടവും കൂടിക്കുഴഞ്ഞ ഒരു നൃത്തം. 'എട്ടിന്റെ പണി' എന്നൊരു ഭാഷാപ്രയോഗമുണ്ടല്ലൊ. എന്നാല്‍ എട്ടിന്റെ ഡാന്‍സിലൂടെയാണ് തേനീച്ചകളുടെ ആശയവിനിമയ പരിപാടി നടത്തുന്നത്. ആ നൃത്തം ശ്രദ്ധിച്ചാല്‍ മാത്രം മതി. തേന്‍ എവിടെയാണുള്ളതെന്ന് ദിശയും ദൂരവും ഒക്കെ കിറുകൃത്യമായി മറ്റു തേനീച്ചകള്‍ക്ക് മനസിലാവാന്‍. പിന്നെ അമാന്തിക്കില്ല, വേലക്കാരി ഈച്ചകള്‍ അങ്ങോട്ട് വെച്ച് പിടിക്കും. ഒട്ടും ആശയക്കുഴപ്പമോ സംശയമോ ഇല്ലാതെ കൃത്യമായി പൂന്തോട്ടത്തില്‍ എത്തും.

തേനീച്ച നൂറു മീറ്ററിനുള്ളിലാണ് തേന്‍ കണ്ടതെങ്കില്‍ കൂടിന്റെ ലംബമായി നിന്ന് ഒരു ഭാഗത്തേക്ക് വൃത്തരൂപത്തില്‍ ഓടുന്നു. എന്നിട്ട് തിരിഞ്ഞ് നിന്നശേഷം എതിര് ദിശയിലേക്കും വൃത്തരൂപത്തില്‍ ഓടും. ഇതാണ് റൗണ്ട് ഡാന്‍സ്.. തേനും പൂമ്പൊടിയും ഉള്ള സ്ഥലം കൂട്ടില്‍ നിന്നും നൂറു മീറ്ററില്‍ കൂടുതലാണെങ്കില്‍ തിരിച്ച് വന്ന തേനീച്ച 'വാഗിള്‍ ഡാന്‍സ്' (Waggle Dance) ആണ് ചെയ്യുക. ആദ്യം അവ അതിന്റെ പിന്‍ഭാഗം വേഗത്തില്‍ കുലുക്കി നേരെ ഓടും .പിന്നെ അത് തിരിഞ്ഞ് അര്‍ദ്ധവൃത്താകൃതിയില്‍ ഓടും .തിരിഞ്ഞ് .ഒന്നുകൂടി പഴയതുപോലെ നേരെ കുലുക്കി ഓട്ടം പിന്നെ എതിര് ദിശയില്‍ അര്‍ദ്ധവൃത്തത്തില്‍ ഓട്ടം. 8 എന്ന് എഴുതിയ പോലെയുണ്ടാകും ഈ ഓട്ടഡാന്സ് പരിപാടി. തേന്‍ കണ്ട ഇടത്തിലേക്കുള്ള ദൂരത്തിന്റെ കൃത്യ സൂചനല്കുന്നതാണ് പിന്‍ഭാഗം കുലുക്കി ചറപറ ഓട്ടത്തിന്റെ വേഗത - അതിനെടുക്കുന്ന സമയം എന്നിവ. കുലുക്കിഓട്ടം ഒരു സെക്കന്റാണെങ്കില്‍ ഏകദേശം ഒരു കിലോമീറ്റര്‍ ദൂരത്തായിരിക്കും തേന്‍ എന്നുറപ്പാണ്. ആറു കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം പോലും കൃത്യതയോടെ തേനീച്ചകള്‍ ഈ ഡാന്‍സിലൂടെ കൈമാറുന്നുണ്ട്. സൂര്യന്റെ സ്ഥാനത്തെ ആധാരമാക്കി എട്ട് എന്ന എഴുത്തിന്റെ നടുവിലൂടെ നേര് രേഖയിലുള്ള കുലുക്കിയോട്ടത്തിന്റെ കോണളവ് കൃത്യമായ ദിശാസൂചനയായിരിക്കും. ഇതിനിടയില്‍ കൊണ്ടുവന്ന തേനും പൂമ്പൊടിയും രുചിക്കാന്‍ മറ്റുള്ളവര്‍ക്ക് കുറേശെ നല്‍കുകയും ചെയ്യും .അതുവഴി ഏത് ഇനം പൂവാണ്, എത്രമാത്രം തേനുള്ളതാണ് തുടങ്ങിയ വിവരവും കൈമാറും. മേഘാവൃതമായ കാലാവസ്ഥയില്‍ സൂര്യനെ കാണാന്‍ കഴിയാത്ത സമയത്തും തേനീച്ച സ്ഥലനിര്‍ണയം നടത്തും.
തേനീച്ചകള്‍ക്ക് വര്‍ണ്ണക്കാഴ്ചകള്‍ കാണാന്‍ കഴിയും എന്ന് തെളിയിച്ചതും കാള്‍ ഫോണ്‍ ഫിഷ് തന്നെയാണ്. അവയുടെ നിറക്കാഴ്ച നമ്മുടേതില്‍ നിന്ന് വ്യത്യാസമാണ്. ദൃശ്യപ്രകാശ സ്പെക്ട്രത്തില്‍ ചുവപ്പ് വര്‍ണ്ണത്തില്‍ നിന്ന് പിറകിലേക്ക് അല്പം ഒരു ഷിഫ്റ്റ് ഉണ്ടെന്ന് മാത്രം. ചുവപ്പ് നിറം കാണാനാവില്ലെങ്കിലും പകരം അവയ്ക്ക് അള്‍ട്രാ വയലറ്റ് ദൃശ്യമാകും.
തേനീച്ചകളെ പറ്റിച്ച് , തെറ്റിദ്ധരിപ്പിച്ച് പരാഗണം സാദ്ധ്യമാക്കുന്ന ചിലയിനം ഓര്‍ക്കിഡുകള്‍ ഉണ്ട്. ഒഫ്രിസ് സ്ഫീഗോഡെസ് (Ophryssphegodes) എന്ന ഒരിനം ഓര്‍ക്കിഡ് ആണ്ട്രീന നൈഗ്രോയെനീയ (Andrenanigroaenea) എന്ന തേനീച്ചയെ സ്വന്തം പരാഗണത്തിന്നായി മിമിക്രിപ്പരിപാടി വഴി അതി സമര്‍ത്ഥമായി ഉപയോഗിക്കുന്നത് കൗതുകകരമായ കാര്യമാണ്. ഒഫ്രിസ് സ്ഫീഗോഡെസ് ഓര്‍ക്കിഡിന്റെ പൂക്കള്ഒറ്റനോട്ടത്തില് പെണ് ആണ്ട്രീന തേനീച്ചയുടെ അതേ രൂപം ഉള്ളതാണ്. നിറവും രൂപവും എല്ലാം അതു അനുകരിച്ചിട്ടുണ്ടാകും. അതുകൂടാതെ തേനീച്ചകള്‍ ആശയ വിനിമയത്തിന് ഉപയോഗിക്കുന്ന രാസരൂപങ്ങളായ ഫിറൊമോണിന്റെ സമാന സ്വഭാവം ഉള്ള സ്രവങ്ങള്‍ ഒഫ്രിസ് അതിന്റെ പൂക്കളില്‍ ഉണ്ടാക്കി വെച്ചിരിക്കും. ഇണയേത്തേടി നടക്കുന്ന ആണീച്ച പൂവിനുള്ളില്‍ നിന്നും പ്രസരിക്കുന്ന വ്യാജ ഫിറമോണ്‍ ഗന്ധത്താല്‍ നയിക്കപ്പെട്ട് ഓര്ക്കിഡിനടുത്തെത്തും. പെണ് തേനീച്ചയേപ്പോലെ തോന്നിക്കുന്ന ആണ്ട്രിനപ്പൂ കണ്ട് മനസില്‍ ലഡു പൊട്ടും. പൂവുമായി ഇണചേരാന്‍ ശ്രമിക്കും. അബദ്ധം മനസിലാക്കി കുറച്ച്കഴിയുമ്പോള്‍ പറന്നു പോകും. പക്ഷെ പൂവുമായി ഇണചേരാന്‍ ശ്രമിക്കുന്നതിനിടയില്‍ ഓര്‍ക്കിഡിന്റെ പരാഗരേണുക്കാള് എല്ലാം ചേര്‍ന്നുള്ള കുല (Pollinia) ഈച്ചയുടെ ദേഹത്ത് പറ്റിപ്പിടിക്കും. ഈ പരാഗരേണുക്കുലയുമായി പറന്നു പോകുന്നതിനിടയില്‍ ഇതുപോലെ വേറൊരു പൂകണ്ട് തെറ്റിദ്ധരിച്ച് അബദ്ധം വീണ്ടും ഉണ്ടാകാം. പൂവുമായി തെറ്റിദ്ധരിച്ച് ഇണചേരാന്‍ ശ്രമിക്കുമ്പോള്‍ നേരത്തെ പറ്റിപ്പിടിച്ചിരുന്ന പരാഗരേണുകുല ഈ പുതിയ ഒഫ്രിസിന്റെ പരാഗണ സ്ഥലത്ത് പറ്റിപിടിക്കുകയും, അങ്ങനെ പരാഗണം നടക്കുകയും ചെയ്യും. ആണ്ട്രീന ഈച്ച വീണ്ടും വീണ്ടും പറ്റിക്കപ്പെടുന്നതിനാല് ഒഫ്രിസ് ഓര്ക്കിഡിന്സ്വന്തം പരാഗണം മുറ തെറ്റാതെ നടക്കും. .
ആനകള്‍ക്ക് തേനീച്ചകളെ ഭയമായതിനാല്‍ ആനകളെ തടയാന്‍ ഉപയോഗിക്കുന്ന ഒരു രീതിയാണ് ബീ ഫെന്‍സിങ്ങ്. തേനീച്ചക്കൂടുകള്കൊണ്ടുള്ള മതില് !.സാധാരണ കമ്പി വേലികളൊക്കെ ആനകള്‍ വളരെ വേഗം തകര്‍ക്കുന്നതിനാല്‍ അത്തരം വേലികളില്‍ കൃത്യമായ അകലത്തില്‍ തേനീച്ച കൂടുകള്‍ തൂക്കിയിട്ടാണ് തേനീച്ച മതില് ഉണ്ടാക്കുന്നത്.രണ്ടു കൂടുകള്‍ക്ക് ഇടയിലൂടെ ആനകള്‍ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചാല്‍ കമ്പികള്‍ അനങ്ങുമ്പോള്‍ തേനീച്ചകളെ പ്രകോപിപ്പിച്ച് കൂട്ടമായി ആനകളെ ആക്രമിക്കാന്‍ കാരണമാകും. ആനകള്‍ അതിനാല്‍ ഈച്ചയുടെ മൂളിച്ച കേള്‍ക്കുന്ന സ്ഥലം ഒഴിവാക്കിപ്പോകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..