ലാർവകൾക്ക് ല‍ഞ്ച് ബോക്സ് കരുതിവെക്കും,കൂറയെ പാരലൈസ് ചെയ്ത് തിന്നും; വേട്ടാളൻ വെറുമൊരു വേട്ടാവളിയനല്ല


വിജയകുമാർ ബ്ലാത്തൂർകടന്നൽ | By Dulneth Wijewardana - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=112960344

പിണങ്ങി ദേഷ്യം പിടിച്ച് ''മുഖം വീര്‍പ്പിച്ച്'' ഇരിക്കുന്ന ആളെ ഉപമിക്കാന്‍ ''കടന്നല്‍ കുത്തിയപോലെ' എന്ന പ്രയോഗം ആണല്ലോ നമ്മള്‍ സാധാരണ ഉപയോഗിക്കാറുള്ളത്. സത്യത്തില്‍ മുഖം വീര്‍ക്കലൊന്നും ദേഷ്യഭാവം വരുമ്പോള്‍ നടക്കുന്നില്ല. ചിരി മാഞ്ഞ്, ചുണ്ട് ചേര്‍ത്ത്പിടിച്ച് , മുഖ മസിലുകള്‍ വലിച്ച് പിടിക്കുന്നതിനാണ് മുഖം വീര്‍പ്പിക്കല്‍ എന്ന് നാം പറയുന്നത്. കടന്നല്‍ കുത്തേറ്റാല്‍ പക്ഷെ മുഖം ശരിക്കും വീര്‍ക്കും. കണ്ടാല്‍ ആളെ മനസിലാക്കാന്‍ പോലും പറ്റാത്തവിധം ചീര്‍ത്ത് വരും. കുത്തിന് അസഹ്യമായ വേദനയും ഉണ്ടാകും. തേനീച്ചകളുടെ കുത്ത്‌പോലല്ല കടന്നലുകളുടെ കുത്ത്. തേനീച്ചകളുടേത് പോലെ വിഷമുള്ള് കുത്തോടെ പറിഞ്ഞ് പോകാത്തതിനാല്‍ ഒരു കടന്നലിന് തന്നെ നമ്മളെ പലതവണ കുത്താന്‍ പറ്റും.

കടന്നൽക്കൂട് | UNI

കടന്നല്‍കൂട്ടില്‍ കല്ലെറിഞ്ഞാല്‍

' കടന്നല്‍ കൂട്ടില്‍ കല്ലെറിയുക' എന്നതും മലയാളത്തിലെ ഒരു ശൈലിയാണല്ലോ. ശരിയ്ക്കും കടന്നല്‍ കൂട്ടില്‍ കല്ലെറിഞ്ഞാല്‍ എന്താണ് സംഭവിക്കുക എന്നത് പലര്‍ക്കും വലിയ ധാരണ ഇല്ല. പടപോലെ അവര്‍ ഇറങ്ങി വന്നാല്‍ ബ്രഹ്‌മനും തടുക്കാനാവില്ല. കൂടുതല്‍ കടന്നലുകളുടെ കുത്തേറ്റാല്‍ ചിലപ്പോള്‍ അപൂര്‍വ്വം ചിലര്‍ക്ക് ഗുരുതരമായ അലര്‍ജി റിയാക്ഷനുകള്‍ വഴി മരണം വരെ സംഭവിക്കാവുന്ന Anaphylaxis അടക്കമുള്ള ലക്ഷണങ്ങള്‍ ഉണ്ടാവാം. കുത്തേറ്റ് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ലക്ഷണങ്ങള്‍ ആരംഭിക്കാം. തലകറക്കം, ബോധക്ഷയം, ഛര്‍ദ്ദി, ചുമ, മുഖം ചുവന്നു തടിക്കുക തുടങ്ങിയവയാണ് ആദ്യ ലക്ഷണങ്ങള്‍. കൂടുതല്‍ ഗുരുതരമായാല്‍ ശരീരമാസകലം ചൊറിഞ്ഞു തടിക്കുക, ശ്വാസനാളിയില്‍ നീര്‍വീക്കം ഉണ്ടാവുക, ശ്വാസതടസം, രക്ത സമ്മര്‍ദ്ദം കൂടുക, കോമാ തുടങ്ങിയ അവസ്ഥയുണ്ടാകും. മിനിറ്റുകള്‍ക്കുള്ളില്‍ മരണം വരെ സംഭവിക്കാം, എല്ലാവരിലും അനാഫിലാക്‌സിസ് വരില്ല, വളരെ ചെറിയൊരു ശതമാനം ആള്‍ക്കാരിലേ ഇതുവരൂ. പക്ഷേ, വന്നാല്‍ മരണകാരണമാവാം. ചിലരില്‍ ഈ ലക്ഷണങ്ങള്‍ രൂപപ്പെടാന്‍ കൂടുതല്‍ സമയം എടുത്തതെന്നും വരാം. ഒന്നോ രണ്ടോ കുത്തുകള്‍ മാത്രമേ ഉള്ളൂവെങ്കില്‍ അപകടം ആകണമെന്നില്ല. എങ്കിലും നിരവധി കുത്തുകള്‍ ഏറ്റാല്‍ അലര്‍ജിക്ക് റിയാക്ഷന്‍ കൂടാതെ ഇതിന്റെ വിഷബാധയുമുണ്ടാകാം. രക്തക്കുഴലുകള്‍ വികസിക്കുക, രക്ത സമ്മര്‍ദ്ദം താഴുക, ഫിറ്റ്‌സ് ഉണ്ടാവുക, തലവേദന, ശര്‍ദ്ദില്‍ തുടങ്ങിയ ലക്ഷണങ്ങളും പ്രകടിപ്പിക്കും. ചിലപ്പോള്‍ വൃക്കകള്‍ പ്രവര്‍ത്തന രഹിതമാകുവാനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ കടന്നല്‍ കുത്ത് അത്ര നിസാരമായി കാണാന്‍ പാടില്ല. പക്ഷെ , കടന്നലുകളുടെ കൂട് നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് തോന്നുമ്പോള്‍ മാത്രമേ സാധാരണയായി അവ കൂട്ടമായി ആക്രമിക്കാറുള്ളു. പരുന്തുകള്‍ ഇവയുടെ കൂട്ടില്‍ വിളയാട്ടം നടത്തിയ ഉടനെ നമ്മള്‍ സമീപത്തെത്തിയാലും കുത്ത് ഉറപ്പാണ്. അല്ലാതെ അവ മനുഷ്യരെ വെറുതേ ആക്രമിക്കുന്നത് കുറവാണ്.

ഏറ്റവും അപകടകാരികള്‍ ആയ വെസ്പ ജനുസിലെ ഹോണെറ്റുകള്‍ (Hornets) ആണ് കടന്നല്‍ എന്ന പേരിന് ശരിയ്ക്കും അര്‍ഹര്‍. ഇത് greater banded hornet ( Vespa tropica) . ഇവ തേനീച്ചകലെപ്പോലെ സാമൂഹിക ജീവിതം നയിക്കുന്നവരാണ്. By Filippo Turetta - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=80344766

കടന്നലുകള്‍ കാക്കത്തൊള്ളായിരം

കടന്നലുകളുടെ ലോകം ഒരു കടലാണ്. Apocrita സബ് ഓര്‍ഡരില്‍ പെട്ടവയെ ആണ് വാസ്പുകള്‍ എന്ന് പൊതുവേ പറയുന്നത്. ഉറുമ്പുകളിലും തേനീച്ചകളിലും പെടാത്തവര്‍. അതിനാല്‍ തന്നെ വളരെ അധികം ഇനങ്ങള്‍ വാസ്പുകളുടെ കൂട്ടത്തില്‍ ഉണ്ട്. മറ്റുള്ള പ്രാണികളുടെയും അവയുടെ ലാര്‍വകളിലും മുട്ടകളിലും ഒക്കെ മുട്ടയിട്ട് സ്വന്തം കുഞ്ഞുങ്ങളെ വളര്‍ത്തുന്ന പാരസൈറ്റോഡ് വാസ്പുകള്‍ മുതല്‍ ഒരോ ഇനം ആല്‍ മരത്തിന്റേയും പരാഗണത്തിന് സഹായിക്കുന്ന പ്രത്യേക ഇനം കുഞ്ഞ് വാസ്പുകള്‍ ഉള്‍പ്പേടുന്ന ഫിഗ് വാസ്പുകള്‍ വരെ വിശാല ലോകം.
പതിനായിരക്കണക്കിന് ഇനങ്ങള്‍ ഇവയില്‍ ഉണ്ട്. ഉയര്‍ന്ന മരക്കൊമ്പുകളിലും കെട്ടിടങ്ങളിലും കൂട്ടമായി പറ്റിപ്പിടിച്ച് ഞാന്ന് കിടക്കുന്ന , വന്‍ തേനീച്ച, മലന്തേനീച്ച , പായിത്തേനീച്ച എന്നൊക്കെ പലനാടുകളില്‍ പലപേരിലറിയപ്പെടുന്ന Apis dorsata എന്ന ഇനം തേനീച്ചകളേയും നമ്മള്‍ തെറ്റായി കടന്നല്‍ എന്ന് വിളിക്കാറുണ്ട്. ( ഇവരും ചിലപ്പോള്‍ പ്രകോപിപ്പിക്കപ്പെട്ടാല്‍ ഓടിച്ച് കുത്തുന്നവരായതിനാലാവും ഇങ്ങനെ വിളിക്കുന്നത്).

asian giant hornet |By I, KENPEI, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=2804961

ശരിയ്ക്കും കടന്നല്‍

ഏറ്റവും അപകടകാരികള്‍ ആയ വെസ്പ ജനുസിലെ ഹോണെറ്റുകള്‍ (Hornets) ആണ് കടന്നല്‍ എന്ന പേരിന് ശരിയ്ക്കും അര്‍ഹര്‍. അതില്‍ ഏറ്റവും ഭീകരന്മാര്‍ Asian giant hornet ( Vespa mandarinia), greater banded hornet ( Vespa tropica) തുടങ്ങിയവരാണ്.
തേനീച്ചകളെപ്പോലെ കൂടുണ്ടാക്കി സാമൂഹ്യ ജീവിതം നയിക്കുന്നവരാണ് ഇവരും. .രാജ്ഞിയും വേലക്കാരികളും ഉള്ള സംഘജീവിതം . ട്രോപ്പിക്കല്‍ പ്രദേശങ്ങളില്‍- ദക്ഷിണേഷ്യ, ന്യൂഗിനി, പടഞ്ഞാറന്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ കാണപ്പെടുന്നവരാണ് വെസ്പ ട്രോപ്പിക്ക. രാജ്ഞിയ്ക്ക് മൂന്നു സെന്റീമീറ്ററോളം വലിപ്പം ഉണ്ടാകും . വേലക്കാരികള്‍ രണ്ടര സെന്റീമീറ്ററിനടുത്ത് വലിപ്പം ഉള്ളവരാകും. തല കടും ബ്രൗണ്‍ നിറമോ ഇളം ചുവപ്പ് നിറമോ ഉള്ളതാകും. കറുത്ത ശരീരത്തില്‍ കുറുകെ മഞ്ഞ നിറമുള്ള അടയാളം ഉണ്ടാകും.

കടന്നൽക്കൂട്

താപനിയന്ത്രണ സംവിധാനമുള്ള കടന്നല്‍ കൂടുകള്‍

കൂടുകള്‍ സാധാരണയായി തറയില്‍ നിന്ന് മൂന്നു മീറ്റര്‍ ഉയരത്തില്‍ മരക്കൊമ്പുകളിലും പൊത്തുകളിലും ചിലപ്പോള്‍ മണ്ണിനടിയിലും ആണുണ്ടാകുക. ഒരു കുടത്തിന്റെ വലിപ്പത്തില്‍ ഇലകള്‍ക്കിടയില്‍ കൂടുണ്ടാകും. ദ്രവിച്ച മരത്തടികള്‍ ചവച്ചുണ്ടാക്കിയ പള്‍പ്പും ഉമിനീരും ഒക്കെ ചേര്‍ത്താണ് കൂടുണ്ടാക്കുന്നത്. വളരെ ചെറിയ ഒരുകൂടുണ്ടാക്കി രാജ്ഞി മുട്ടയിട്ട് വളര്‍ത്തിയാണ് പതുക്കെപതുക്കെ പുതിയ കോളനി വളര്‍ന്ന് ഭീമാകാരമാകുന്നത്. എല്ലാ ഭാഗവും അടച്ചതുപോലുള്ള കൂടിന്റെ ഉള്ളിലെ താപനിയന്ത്രണസംവിധാനം വളരെ സങ്കീര്‍ണ്ണമാണ് . മറ്റ് പ്രാണികളേയും വേറെ ഇനം കടന്നലുകളേയും തേനീച്ചകളേയും ആക്രമിച്ച് കൊന്നു ഭക്ഷിക്കുന്നവരാണിവര്‍. തേനും മധുരക്കള്ളും മരക്കറയും അഴുകിയ പഴങ്ങളും ഒക്കെ ഇഷ്ടമാണ്. തേനീച്ചക്കൂടുകളില്‍ വന്‍ റൈഡുകള്‍ നടത്തുന്നത് വലിയ നാശം വരുത്തും. തേനീച്ച കര്‍ഷകര്‍ക്ക് ഇതൊരു പ്രശ്‌നം തന്നെയാണ്. കൂടുകളില്‍ കയറി ലാര്‍വകളെ തട്ടിയെടുത്ത് സ്വന്തം കൂട്ടിലെ കുഞ്ഞുങ്ങള്‍ക്ക് തീറ്റയായി എത്തിച്ച്‌കൊടുക്കുന്നതുപോലുള്ള പണികളില്‍ ഏര്‍പ്പെട്ട ജോലിക്കാരികളെയാണ് നമ്മള്‍ കോളനികള്‍ക്ക് പുറത്ത് പറന്നുകളിക്കുന്നതായി കാണുന്നത്. മറ്റ് പലതരം കടന്നലുകളുടെയും കീടങ്ങളുടെയും എണ്ണം നിയന്ത്രിക്കുന്നതില്‍ ഇവര്‍ക്ക് പ്രധാന പങ്ക് ഉണ്ട്.

കടന്നലുകളെ കണ്ടാല്‍ ഒരു വമ്പന്‍ ഭീമനുറുമ്പ് ദേഹം നിറയെ മഞ്ഞയോ ചുകപ്പോ നിറമുള്ള കുറുകെ വരകളോടെ, ചിറകു വളര്‍ന്ന് വീശി പറന്നുനടക്കുന്നതായും ഒറ്റനോട്ടത്തില്‍ തോന്നും. ഉറുമ്പിന്റെ കൂട്ടത്തിലും തേനീച്ചയുടെ കൂട്ടത്തിലും പെടുത്താന്‍പറ്റാത്തവരാണ് കടന്നല്‍ വര്‍ഗ്ഗക്കാര്‍. ഇവയില്‍ ഭൂരിപക്ഷവും ഒറ്റയ്ക്ക് ജീവിക്കുന്നവരാണ്. അവരിൽ ചിലരെ പരിചയപ്പെടാം.

വേട്ടാളൻ അഥവാ പോട്ടർ വാസ്പുകൾപായ കടന്നലുകളെപ്പോലെ സാമൂഹ്യജീവിതമല്ല വേട്ടാളന്റേത്. ഇരതേടലും കൂടൊരുക്കലും ഒക്കെ തനിച്ചാണ്. | By Bruce Marlin - Own work http://www.cirrusimage.com/bees_wasps_potter.htm, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=20204071

വേട്ടാളന്‍

ഏതാ ഈ വേട്ടാവളിയന്‍' എന്ന ചോദ്യത്തിലും പുച്ഛം കലര്‍ന്ന ചോദ്യം മലയാളത്തില്‍ വേരെ ഉണ്ടാവില്ല. ആരാണ് വേട്ടാവളിയന്‍ എന്ന് ചോദിച്ചാല്‍ അറിയുകയും ഇല്ല. വേട്ടാളന്‍, വളിയന്‍ എന്നിവ ചേര്‍ത്ത് ഉണ്ടാക്കിയ പുതിയ വാക്കാകാം. വേട്ടാളന്‍ എന്നത് ഒറ്റയ്ക്ക് മണ്‍കൂടൊരുക്കുന്ന പലയിനം വാസ്പുകള്‍ക്ക് പൊതുവായി പറയുന്ന പേരാണ്. ലക്ഷണമൊത്ത ഒരു കുടം പോലെ മനോഹരമായി കുഴച്ച മണ്ണുകൊണ്ട് കൂടൊരുക്കുന്ന, Vespidae കുടുംബക്കാരായ- പോട്ടര്‍ വാസ്പുകളെയാണ് പൊതുവെ വേട്ടാളന്‍ എന്ന് വിളിക്കുന്നത്. ചെക്കാലി, കുളവി എന്നും ചിലയിടങ്ങളില്‍ വിളിക്കാറുണ്ട്. ''കസ്യെദം ഭവനം പരുത്തി ഭസിതം സിന്ധൂല്‍ഭവമ്മഞ്ഞളു - ന്ധാത്രിമാഗധികാ തഥൈവ കുനടി ജാത്യാ: പ്രസൂനാനിച ' എന്ന് ആറു നൂറ്റാണ്ടെങ്കിലും പഴക്കമുള്ള ആലത്തൂര്‍ മണിപ്രവാളമെന്ന വൈദ്യ ഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നുണ്ട്. കസ്യെദം ഭവനം വേട്ടാളിയന്‍ കൂടാണ് . കൂടിന്റെ മണ്ണ് മരുന്നായി ഉപയോഗിക്കാമെന്നാണ് അതില്‍ പറയുന്നത്. കസ്യ ഇദം ഭവനം? ഇതാരുടെ വീട് എന്നാണ് ചോദ്യം. മണ്ണ് നനച്ച് കുഴച്ച് ശേഖരിച്ച് പലതവണ അങ്ങഓട്ടും ഇങ്ങോട്ടുമായി ചുമന്ന് പറന്ന് മനോഹരമായ സൃഷ്ടികഴിഞ്ഞ് , സമാനതയില്ലാത്ത തന്റെ എഞ്ചിനീയറിങ്ങ് വൈദഗ്ധ്യം തെല്ലൊന്ന് അകന്നു നിന്ന് നോക്കിഅവള്‍ ഇങ്ങനെ അത്ഭുതപ്പെടുമെന്ന നാട്ടുവിശ്വാസമാണ് ഈ പേരിന് നിദാനം.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

പായ കടന്നലുകളെപ്പോലെ സാമൂഹ്യജീവിതമല്ല വേട്ടാളന്റേത്. ഇരതേടലും കൂടൊരുക്കലും ഒക്കെ തനിച്ചാണ്.. കൂടിന് കേടുവരുത്താന്‍ വരുന്നവരെ പെണ്‍ വേട്ടാളന്മാര്‍ അപൂര്‍വ്വം ചിലപ്പോള്‍ ഒരു കുത്ത് കാച്ചും . ആണ്‍കടന്നലുകള്‍ അതിനും ഇല്ല. സാധാരണയായി കറുപ്പോ ബ്രൗണോ നിറത്തിലുള്ളതാണ് ഇവയുടെ ശരീരം. വെള്ള, മഞ്ഞ ചുകപ്പ്, ഓറഞ്ച് നിറങ്ങളേതെങ്കിലും കൊണ്ടോ ഇവയുടെ ചേരുവയിലുള്ളതോ ആയ തിളങ്ങുന്ന വരകളും കുറികളും കൊണ്ട് ദേഹത്ത് മനോഹര ഡിസൈനും കാണും, കടന്നലുകളെ തിന്നാന്‍ വരുന്ന ഇരപിടിയന്‍ പക്ഷികള്‍ക്ക്, വിഷമുള്ള, അരുചിയുള്ള തങ്ങളെ അബദ്ധത്തിലെങ്ങാന്‍ തിന്നല്ലേ എന്നും, തിന്നാല്‍ ഖേദിക്കും എന്ന ഓര്‍മ്മിപ്പിക്കലിനുള്ള തിരിച്ചറിയല്‍ അപകട മുന്നറിയിപ്പ് സിഗ്‌നല്‍. മറ്റു കടന്നല്‍ ഇനങ്ങളെപോലെ വിശ്രമിക്കുമ്പോള്‍ ചിറകുകള്‍ നീളത്തില്‍ കൂട്ടിപ്പിടിക്കുന്ന സ്വഭാവം ഇവര്‍ക്കും ഉണ്ട്. മണ്ണ് കുഴച്ച് മനോഹരമായ കുഞ്ഞ് മണ്‍ കുടരൂപത്തിലുള്ള കൂടുകള്‍ ഉണ്ടാക്കുന്നതിനാല്‍ പോട്ടര്‍ വാസ്പ് എന്നും മേസണ്‍ വാസ്പ് എന്നും ഇംഗ്‌ളീഷില്‍ പേരുണ്ട്. കൂടുണ്ടാക്കുന്നത് താമസിക്കാനൊന്നുമല്ല- മുട്ടയിട്ട് വിരിയിക്കാന്‍ മാത്രമായുള്ള ഗര്‍ഭഗൃഹം. . വിവിധ സ്പീഷിസുകള്‍ വ്യത്യസ്ത രൂപത്തിലുള്ള കൂടുകള്‍ പണിയും. കാറ്റും വെളിച്ചവും കുറഞ്ഞ, മഴയും വെയിലും ഏല്‍ക്കാത്ത മറയുള്ള ഇടങ്ങളാണ് കൂടുപണിയാന്‍ തിരഞ്ഞെടുക്കുക. ചിലവ മതിലുകളിലും തറയിലും ഉള്ള ദ്വാരങ്ങളിലാണ് കൂടുണ്ടാക്കുക. ചിലര്‍ വീട്ടു മച്ചിലും മര ഉരുപ്പടികളിലും ഒക്കെ കൂടുണ്ടാക്കും. കുഴച്ച മണ്‍ തരികളും ഉമിനീരും വെള്ളവും പശയും ഒക്കെ ഉപയോഗിച്ച് ഒന്ന് രണ്ട് മണിക്കൂര്‍ കൊണ്ട് അകം പൊള്ളയായ , ചിലപ്പോള്‍ ഒന്നിലധികം അറകളുള്ള മണ്‍ കൂജ രൂപത്തിലുള്ള കൂട് പണിയും. സ്പീഷിസുകള്‍ക്കനുസരിച്ച് ആകാരവും ഉറപ്പും വ്യത്യാസമായിരിക്കും. വിദഗ്ധര്‍ക്ക് കൂട് നോക്കി ഇനം പറയാനാകും . കൂടൊരുക്കല്‍ വലിയ അധ്വാനവും സര്‍ഗ്ഗാത്മകതയും വേണം. . അങ്ങോട്ടും ഇങ്ങോട്ടുമായി ആയിരക്കണക്കിന്‍ പറക്കല്‍ ചിലപ്പോള്‍ വേണ്ടി വരും. ഇണചേര്‍ന്നുകഴിഞ്ഞ പെണ്‍ വേട്ടാളന്റെ മാത്രം ഉത്തരവാദിത്തമാണീ കൂടു പണി. തുന്നാരന്മാരെപ്പോലെ ഇണയെ ആകര്‍ഷിക്കാന്‍ കെട്ടുന്നതല്ല.

മഡ് വാസ്പിന്റെ കൂട് പൊളിച്ചപ്പോൾ. കൂട്ടിൽ കടന്നനലിന്റെ ലാർവകൾക്ക് തിന്നാനായി കൊണ്ടു വന്ന ചിലന്തി ഉൾപ്പെടെയുള്ള ജീവികളെ കാണാം

നോൺവെജ് മാത്രം ഭക്ഷിക്കുന്ന കുഞ്ഞുങ്ങൾ

കൂടൊരുങ്ങി മുട്ടയിടും മുമ്പ് മറ്റൊരു വലിയ ഉത്തരവാദിത്വമുണ്ട്. മുട്ട വിരിഞ്ഞ് ലാര്‍വ പുറത്ത് വന്നാല്‍ തിന്ന് വളരാന്‍ വേണ്ട ഭക്ഷണമത്രയും മുങ്കൂറായി ശേഖരിക്കലാണ് അടുത്ത പണി. കടന്നലുകള്‍ പൂന്തേനും പൂമ്പൊടിയും ഒക്കെയാണ് ഭക്ഷിക്കുക. പക്ഷെ മുട്ടവിരിഞ്ഞിറങ്ങുന്ന ലാര്‍വ്വകള്‍ തേനും പൂമ്പൊടിയും ഒന്നും തിന്നില്ല. നല്ല ജീവനുള്ള നോണ്‍ വെജ് ഭക്ഷണം തന്നെ വേണം. തിന്ന് വളര്‍ന്ന് പ്യൂപ്പാവസ്ഥയിലേക്ക് പോകുന്നതുവരെയുള്ള കാലത്തേക്ക് ആവശ്യമുള്ളത്ര ഭക്ഷണം മുങ്കൂറായി ഒരുക്കി വെക്കും. വണ്ടുകളുടേയും ശലഭങ്ങളുടെയും ലാര്‍വ്വകള്‍ , ചിലന്തികള്‍ തുടങ്ങിയവയെ അന്വേഷിച്ച് കണ്ടെത്തി, പിടികൂടി കൊല്ലാതെ കുത്തിമയക്കി മരവിപ്പിച്ച് കൂട്ടില്‍ കൊണ്ട് വെക്കും. എന്നിട്ട് അതില്‍ മുട്ടയിട്ടശേഷം കൂടിന്റെ വായ്ഭാഗം കൂടി മണ്ണുകോണ്ടടച്ച് സീല്‍ ചെയ്ത് അടുത്ത കൂടുണ്ടാക്കാന്‍ പറന്നുപോകും. പിന്നെ പഴയകൂട്ടിലെ കുഞ്ഞ് വിരിഞ്ഞോ വളര്‍ന്നോ എന്നൊന്നും അന്വേഷണമൊന്നും ഇല്ല. കൂട്ടിനുള്ളിലെ മുട്ട വിരിഞ്ഞിറങ്ങുന്ന ലാര്‍വ്വപ്പുഴു അമ്മക്കടന്നല്‍ ഒരുക്കിവെച്ച് പോയ ലഞ്ച്‌ബോക്‌സിലെ, പാതിജീവനോടെ കിടക്കുന്ന ഭക്ഷണപ്പുഴുക്കളെ ബകനെപ്പോലെ തിന്ന് തുടങ്ങും. പിന്നീട് പ്യൂപ്പ സമാധിയും കഴിഞ്ഞ് വളര്‍ച്ചപൂര്‍ത്തിയായി കൂടു പൊളിച്ച് പുറത്തിറങ്ങി ചിറകു വീശി തേനും പൂമ്പൊടിയും ഇണയും തേടി പറന്നുപോകും. ജീവചക്രം പൂര്‍ത്തിയാക്കാന്‍ ആഴ്ചകള്‍ മുതല്‍ ഒരു വര്‍ഷത്തിലധികം സമയം വരെ എടുക്കും.

കടന്നലിന്റെ കൂട് പൊളിച്ചപ്പോൾ കിട്ടിയ ചിലന്തി ഉൾപ്പെടെയുള്ള ജീവികൾ, ഇവയെ കൊല്ലാതെ ലാർവകൾക്ക് തിന്നാനായി കൂട്ടിനുള്ളിൽ ശേഖരിക്കുന്ന രീതി വേട്ടാളനുണ്ട്

കാഴ്ചയില്‍ ചെറിയ ഉള്‍ഭയമൊക്കെ ഉണ്ടാക്കുന്നവരാണെങ്കിലും ഇവരെകൊണ്ട് മനുഷ്യര്‍ക്ക് ശല്യമൊന്നും ഇല്ല. വീടിനുള്ളില്‍ പണിയുന്ന മണ്‍കൂടുകള്‍ നമുക്ക് ഉടച്ച്കളയേണ്ടുന്ന പണിതരും എന്നു മാത്രം.. അപ്പോള്‍ ചിലപ്പോള്‍ പുറത്ത് ചാടുന്ന സദ്യയ്‌ക്കൊരുങ്ങി ഭക്ഷണമായ പൂമ്പാറ്റലാര്‍വകളെകണ്ട് പലപ്പോഴും അതാണ് കടന്നലിന്റെ കുഞ്ഞ് എന്ന് തെറ്റിദ്ധരിച്ച്‌പോകാറുണ്ട് പലരും. നൂറുകണക്കിന് ഉപദ്രവകാരികളായ കൃഷിനശിപ്പിക്കുന്ന ശല്യക്കാരായ പുഴുക്കളെ ഭാവി മക്കള്‍ക്ക് തീറ്റക്കായി എടുത്തുകൊണ്ടുപോയി സഹായിക്കുന്നതുകൂടാതെ നല്ല പരാഗണ സഹായികളും കൂടിയാണ് വേട്ടാളൻ. അങ്ങിനെ ഇവര്‍ നല്ല കര്‍ഷക മിത്രങ്ങളും കൂടിയാണ്. മനുഷ്യര്‍ ആദ്യമായി മണ്‍കുടങ്ങള്‍ ഡിസൈന്‍ ചെയ്യാനുള്ള മാതൃക കണ്ട് പഠിച്ചത് ഇവരുടെ അടുത്ത് നിന്ന് തന്നെയാകാം. വേട്ടാളന്‍ പിടിച്ചു കൊണ്ടു പോകുന്ന പുഴു വേട്ടാളന്റെ കുട്ടിയായാണ് മാറുക എന്ന ഒരു വിശ്വാസം പണ്ട് ഉണ്ടായിരുന്നു.

മണ്‍കൂടുകാര്‍

വലിയ ഭംഗിയൊന്നും ഇല്ലാതെ ചെളിമണ്ണ് കട്ട ഉരുട്ടി പതിച്ച് വെച്ചപോലുള്ള കൂടുകള്‍ ജനാലപ്പടിയിലും മച്ചിലും ഒക്കെ ഉണ്ടാക്കുന്നവരേയും വേട്ടാളന്‍ എന്നു തന്നെയാണ് നമ്മള്‍ വിളിക്കുക. പക്ഷെ അവര്‍ കലാകാരന്മാരായ പോട്ടര്‍ വാസ്പുകളെപ്പോലെ സൗന്ദര്യവും സിമട്രിയും ഉള്ള മണ്‍കൂടല്ല ഉണ്ടാക്കുക. Mud dauber (or 'mud wasp' or 'dirt dauber എന്നൊക്കെ വിളിക്കപ്പെടുന്ന ഇവര്‍ Sphecidae അല്ലെങ്കില്‍ Crabronidae കുടുംബത്തില്‍ പെട്ടയിനം വാസ്പുകള്‍ ആണ്. ഇവര്‍ കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുമ്പോള്‍ തീറ്റയായി കൊണ്ട് വെച്ച് നിറക്കുക പലപ്പോഴും വിഷം കുത്തി കോമയിലാക്കിയ ചിലന്തികളെആണ്. ഒരു അറയില്‍ തന്നെ നിരവധിയെണ്ണത്തെ കുത്തി നിറച്ചിട്ടുണ്ടാകും. ഒരു മണ്‍കൂട്ടില്‍ തന്നെ 42 വ്യത്യസ്ത ഇനത്തില്‍ പെട്ട 42 ചിലന്തികളെ , പഴയ പ്രൈവറ്റ് ബസ് കണ്ടക്ടര്‍മാരെപ്പോലെ കുത്തിനിറച്ച് വെച്ചിരിക്കുന്നത് ഈ ലെഖകന്‍ കണ്ടിട്ടുണ്ട്.

പേപ്പർ വാസ്പ് കൂടുകൾ

പേപ്പര്‍ വാസ്പുകള്‍

Vespidae കുടുംബത്തിലെ Polistinae ഉപകുടുംബക്കാരെയാണ് പേപ്പര്‍ വാസ്പുകള്‍ എന്ന് വിളിക്കുന്നത്. ഇവരും പള്‍പ്പ് കൊണ്ട് ഇത്തരത്തില്‍ കൂടുകള്‍ പണിയുന്നവരാണ്. മച്ചിലും കസേരകളുടെ അടിയിലും ഒക്കെ, പുറത്തേക്ക് തുറന്ന നിരവധി അറകളോട് കൂടിയ ചെറിയ കൂടുകള്‍ കാണാം. ചെക്കാലി , കുളവി എന്നൊക്കെ പലനാടുകളില്‍ പല പേരുകള്‍ പേപ്പർ വാസ്പുകൾക്ക് ഉണ്ട്. നിവര്‍ത്തിയ കുടപോലെയുണ്ടാകും കൂടുകള്‍ . കൂട് പിടിപ്പിച്ചിരിക്കുക ഉറപ്പുള്ള നേര്‍ത്ത ഒരു തണ്ടിലാവും. ഉറൂമ്പുകളെ ആകറ്റുന്ന ദ്രവം ഈ കണക്ഷന്‍ ഭാഗത്ത് തൂവിവെക്കും.

വെസ്പ സ്‌കൂട്ടര്‍ഹെഡ് ലൈറ്റിന് ഇരുഭാഗവുമായി ആന്റിനപോലെ നീണ്ടു തുറിച്ചു നില്‍ക്കുന്ന ഹാന്‍ഡില്‍ ബാറുകളുള്ള തലഭാഗം. ഉള്ളില്‍ എഞ്ചിനുള്ളതിനാല്‍ തടിച്ചുരുണ്ട് വീര്‍ത്തുന്തിയ പിന്‍ഭാഗം. നടുവില്‍ പരസ്പരം ചേര്‍ത്തുനിര്‍ത്താന്‍ നേര്‍ത്തുമെലിഞ്ഞ ലോഹത്തണ്ട്. പുതിയ സ്‌കൂട്ടറിന്റെ ഡിസൈന്‍ കണ്ടയുടന്‍ കമ്പനി ഉടമയായ എന്രിക്കോ പിയാജിഓ വിളിച്ച് പറഞ്ഞു 'വെസ്പ' - ലാറ്റിന്‍- ഇറ്റാലിയന്‍ ഭാഷകളില്‍ അതിനര്‍ത്ഥം കടന്നല്‍ എന്നാണ്. ശരിക്കും ഒരു കടന്നലിന്റെ രൂപം ഓര്‍മ്മിപ്പിക്കുന്ന ആ വാഹനമോഡലിന് 1946 ല്‍ 'വെസ്പ' എന്ന് പേര് തീരുമാനമായി.

ശലഭപ്പുഴുവിനെ റാഞ്ചാനായി വരുന്ന പാരസിറ്റോയിഡ് വാസ്പ്| By Ian Alexander - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=64722508

പാരസൈറ്റോയിഡ് കടന്നലുകള്‍

പ്രെഡേറ്ററുകള്‍ക്കും പാരസൈറ്റുകള്‍ക്കും ഇടയിലാണ് പാരാസൈറ്റോയ്ഡുകളുടെ സ്ഥാനം. ഇരയെ പെട്ടന്ന് തന്നെ കൊന്നു തിന്നുന്ന ഇരപിടിയന്മാരുടെ സ്‌ട്രാറ്റര്‍ജിക്കും, ഹോസ്റ്റിനെ കൊല്ലാതെ കാലാകാലം ചൂഷണം ചെയ്തു ജീവിക്കുന്ന സാധാരണ പാരാസൈറ്റ് സ്‌ട്രാറ്റര്‍ജിക്കും ഇടയിലാണ് ഹോസ്റ്റിനെ ക്രമേണ ആഹാരമാക്കി ഒടുവില്‍ ഇല്ലാതെയാക്കുന്ന പാരാസൈറ്റോയ്ഡ് പ്രത്യുല്പാദന തന്ത്രം. മുട്ടകളോ ലാര്‍വകളോ പ്യൂപ്പകളോ മുതിര്‍ന്ന ജീവികളോ പാരാസൈറ്റോയ്ഡുകളാല്‍ ഹോസ്റ്റായി ഉപയോഗിക്കപ്പെടാം

പാരസൈറ്റോയിഡ് സ്വഭാവമുള്ള കടന്നലുകളുള്ള സ്‌പെസിഡെ കുടുംബത്തില്‍ പെട്ട പ്രിയോനിക്‌സ് ജനുസിലെ കടന്നലുകള്‍ പുല്‍ച്ചാടികളെ വേട്ടയാടുകയും തിന്നുന്നതില്‍ പ്രത്യേക താത്പര്യമുള്ളവരാണ്. അറക്കവാള്‍ പോലുള്ള കാല്‍ത്തലകളാണ് ഇവയ്ക്ക് ഉള്ളത് (പ്രിയോണിക്‌സ് എന്ന പേര് അങ്ങിനെ കിട്ടിയതാണ്. Prion -saw, Onyx - claw) അവയുടെ വലിപ്പത്തിന്റെ പല മടങ്ങ് ഭാരം വലിച്ച് കൊണ്ട് പോവാന്‍ അവര്‍ക്ക് കഴിയും.

പെണ്‍ കടന്നലുകള്‍ മുട്ടയിടാറാകുമ്പോള്‍ നല്ല സ്ഥലം കണ്ടെത്തി കുഴി ഒരുക്കും - എന്നിട്ട് തടിമിടുക്കുള്ള ഉഗ്രന്‍ പുല്‍ച്ചാടിയെ വേട്ടയാടിപ്പിടിക്കും - കൊല്ലില്ല - നിശ്ചിത അളവ് മാത്രം വിഷം കുത്തിവെച്ച് പാരലൈസ് ചെയ്യും - എന്നിട്ട് അതിനെ വലിച്ചിഴച്ച് കുഴിയില്‍ ജീവനോടെ ഇട്ട് മൂടും. മൂടുന്നതിന് മുമ്പ് പുല്‍ച്ചാടിയുടെ മേലെ ഒരു മുട്ടയിട്ട് വെക്കും. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞിനുള്ള മുന്‍കൂര്‍ ഭക്ഷണമാണ് പാതി ജീവനോടെ മണ്ണിനുള്ളില്‍ കിടക്കുന്ന പുല്‍ച്ചാടി. തളര്‍ന്ന് മയങ്ങുന്ന പുല്‍ച്ചാടിയെ തിന്ന് വളര്‍ന്ന് ജീവ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി ഇരതേടാന്‍ പ്രാപ്തി നേടുമ്പോള്‍ പുതു കടന്നല്‍ പറന്ന് പോകും.

മരതകക്കൂറ കടന്നൽ | അഥവാ emarald cockroach wasp| By Sharadpunita - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=17692302

മരതക കൂറക്കടന്നല്‍

മരതക കൂറക്കടന്നല്‍ (emerald cockroach wasp) എന്നു വിളിപ്പേരുള്ള സുന്ദര വര്‍ണ്ണ ജീവിയാണ് Ampulex compressa. ഒറ്റയാന്മാരായി ഏകാന്ത ജീവിതം നയിക്കുന്നവരാണ് രണ്ട് സെന്റീമീറ്ററിനടുത്ത് മാത്രം വലിപ്പമുള്ള ഈ കുഞ്ഞന്‍ കടന്നലുകള്‍. ശരീരത്തിന് ലോഹത്തിളക്കമുള്ള നീലിമകലര്‍ന്ന മരതക പച്ച നിറമുള്ളതിനാല്‍ ജ്വല്‍ വാസ്പ് എന്നും വിളിക്കാറുണ്ട്. പിറകിലെ രണ്ട് ജോഡി കാലുകളുടെ തുടഭാഗത്തെ ചുവപ്പ് നിറം ഇവയെ തിരിച്ചറിയാന്‍ സഹായിക്കും. ആണ്‍ കടന്നലിന്റെ ഇരട്ടി വലിപ്പമുള്ളതാണ് പെണ്‍ കടന്നലുകള്‍. ഇണ ചേര്‍ന്ന് മുട്ടയിടാനും കുഞ്ഞുങ്ങളെ വിരിയിക്കാനും ഇവര്‍ ചെയ്യുന്ന അതിശയകാര്യങ്ങള്‍ അമ്പരപ്പിക്കുന്നതാണ്.

ന്യൂറോ സയന്‍സും ഫാര്‍മക്കോളജിയും വികസിച്ചിട്ട് അത്രയധികം കാലമായിട്ടില്ലെങ്കിലും ദശലക്ഷക്കണക്കിന് വര്‍ഷം മുമ്പേ തന്നെ പാറ്റകളുടേ തലയിലെ ന്യൂറോണുകളുടേയും ഗാംഗ്‌ളിയകളുടേയും സ്ഥാനവും പ്രവര്‍ത്തനവും കൃത്യമായി അറിവുള്ള വമ്പന്‍ ന്യൂറോ സര്‍ജന്മാര്‍ ആണ് ഇവയിലെ പെണ്‍ കടന്നലുകള്‍.

കൂറയെ പാരലൈസ് ചെയ്ത് കടത്തി കൊണ്ടുപോകുന്ന മരതകക്കൂറ കടന്നൽ | By JMGM - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=63335605

ഇണ ചേര്‍ന്ന് കഴിഞ്ഞാല്‍ മുട്ടയിടേണ്ട സമയമാകുമ്പോള്‍ പെണ്‍കടന്നല്‍ മണ്ണില്‍ ഒരു മാളം ഒരുക്കും. നമ്മുടെ വീട്ടിലും പുറത്തും സാധാരണ കാണുന്ന പാറ്റയെന്നും കൂറയെന്നും വിളിക്കുന്ന Periplaneta americana യെ അന്വേഷിച്ച് കറങ്ങിയടിക്കും. വലിപ്പത്തില്‍ തന്നേക്കാള്‍ നിരവധി മടങ്ങ് വലിപ്പവും കരുത്തും ഉള്ള പാറ്റയ്ക്ക് ചുറ്റും തന്ത്രപരമായി നീങ്ങും. അവസരം കിട്ടുമ്പോള്‍ സമര്‍ത്ഥമായി അതിന്റെ തലയില്‍ കയറി കടിച്ച് പിടിക്കും. പാറ്റ ഇതിനെ കുടഞ്ഞ് കളയാന്‍ ശ്രമിക്കുന്നതിനിടയില്‍ പിന്‍ഭാഗത്തെ വിഷമുള്ള് കൊണ്ട് കൂറയുടെ മുങ്കാലുകളുടെ ഇടയില്‍ മര്‍മത്തില്‍, സ്ഥാനം തെറ്റാതെ കൃത്യമായി നാഡീവ്യൂഹത്തിലെ പ്രോ തൊറാസിക് ഗാങ്ങ്‌ളിയോണില്‍ (prothoracic ganglion ) ന്യൂറോ ടോക്‌സില്‍ കടത്തും. ചെറിയ അളവിലുള്ള വിഷം രണ്ട് മൂന്ന് മിനിറ്റിനുള്ളില്‍ പാറ്റയുടെ മുങ്കാലുകളെ താത്കാലികമായി കുറച്ച് നേരത്തേക്ക് പാരലൈസ് ചെയ്യിക്കാനുള്ളതാണ്. മുന്നോട്ട് ഓടാനാവാതെ അന്തം വിട്ട് നില്‍ക്കുന്ന കൂറയെ ഇത്തിരി നേരം കഴിഞ്ഞ് രണ്ടാമത് ഒന്നു കൂടി കുത്തും. കൂറയുടെ തലയിലെ സബ് ഇസൊഫാഗിയല്‍ ഗാങ്‌ലിയോണ്‍ (subesophageal ganglion) കൃത്യമായി തിരഞ്ഞ് കണ്ടെത്തിയാണ് രണ്ടാം കുത്ത്. അതില്‍ വിഷത്തിലെ അളവിലും മിശ്രണത്തിലും മാറ്റമുണ്ടാകും. ന്യൂറോറിസപ്റ്ററുകളെ ബ്‌ളോക്ക് ചെയ്യുന്നതിനാല്‍ അതോടെ പാറ്റയ്ക്ക് സ്വന്തം ഇഷ്ടം പോലെ നടക്കന്‍ കഴിയാതാവും. മനസ് കൈമോശം വരും. ചലനത്തിന് താളം നഷ്ടമാകും. രക്ഷപ്പെടാനുള്ള സ്വാഭാവിക റിഫ്‌ലക്‌സുകള്‍ തടയപ്പെടും. പ്രേത സിനിമകളിലെ സോംബി തന്നെ പാവം. കുറച്ച് ദിവസങ്ങളോളം നിലനില്‍ക്കുന്ന ഈ സ്വഭാവ പരിണാമം Hypokinesia എന്ന പ്രത്യേക അവസ്ഥയില്‍ പാറ്റയെ എത്തിക്കുന്നു. കുറച്ച് നേരം കാത്തിരുന്നതിന് ശേഷം മരതക കടന്നല്‍ പാറ്റയുടെ ഏറ്റവു സഹായക ഇന്ദ്രിയ ആന്റിനയായ മീശ രോമങ്ങള്‍ കടിച്ച് മുറിച്ച് കളയും. അതില്‍ നിന്നൂറുന്ന ആന്തരിക ദ്രാവകം എനര്‍ജി ഡ്രിങ്കു പോലെ രസിച്ച് വലിച്ച് കുടിക്കും. (ഒരു ഡ്രാക്കുള ചിരി കൂടി BGM ആയി നല്‍കിയാല്‍ പൊളിക്കും!) മെലിഞ്ഞുണങ്ങിയ പാപ്പാന്‍ 'ഇടത്താനേ - വലത്താനേ'' എന്നു പറഞ്ഞ് ആനയെ നടത്തികൊണ്ട് കൊണ്ട് പോകുന്നത് പോലെ ആ പാവം പാറ്റയുടെ മുറിഞ്ഞ മീശ തുമ്പില്‍ കടിച്ച് വലിച്ച് കൂട്ടി നടത്തിക്കും. മടിയന്‍ നായയെ തുടലില്‍ പിടിച്ച് വലിച്ച് നടത്തിക്കുന്നതു പോലെയും നമുക്ക് തോന്നും. ആദ്യമേ ഒരുക്കിയ മാളത്തില്‍ പാറ്റയെ നടത്തി എത്തിച്ച് മലര്‍ത്തി കിടത്തും. അതിന്റെ കാലുകള്‍ക്ക് ഇടയില്‍ വെളുത്ത അരിമണിപോലുള്ള കുഞ്ഞ് മുട്ടയിട്ട് വെക്കും. പാറ്റയെ തേടുന്ന മറ്റ് ഇരപിടിയന്മാര്‍ കാണാതിരിക്കാന്‍ മാളത്തിന്റെ കവാടം കുഞ്ഞ് കല്ലും മണ്ണും ചുള്ളിക്കഷണവും ഒക്കെകൊണ്ട് ഭദ്രമായി അടച്ച് വെക്കും. അടുത്ത മുട്ടയിടാന്‍ വേറെയൊരു കൂറയെ തപ്പി കടന്നല്‍ സ്ഥലം വിടും.

ഈച്ചയുടെ പ്യൂപ്പയ്ക്കുള്ളിൽ ദ്വാരമിട്ട് കടന്ന് അതിനെ തിന്ന് ജീവിക്കുന്ന കടന്നൽ. | Public Domain, https://commons.wikimedia.org/w/index.php?curid=10888298

ആ മാളത്തിലെ ഇരുളില്‍ പൂര്‍ണ്ണ ബോധത്തോടെ എന്താണ് സംഭവം എന്ന് പോലും മനസിലാക്കാതെ ഒന്നും ചെയ്യാനാകാതെ വെറുതേ കിടക്കുന്ന ആ സാധു പാറ്റയേക്കുറിച്ച് ഓര്‍ത്ത് നോക്കുമ്പോള്‍ നമ്മുടെ മനസു പിടയും. ഓടാനോ രക്ഷപ്പെടാനോ തീറ്റ അന്വേഷിക്കാനോ ഉള്ള റിഫ്‌ലക്‌സുകള്‍ തടയപ്പെട്ട് പാവം കൂറ ദിവസങ്ങളോളം അതില്‍ ചുമ്മാ അനങ്ങാതെ കീടക്കും. മൂന്നു ദിവസം കഴിയുമ്പോള്‍ മുട്ട വിരിയും. ലാര്‍വകുഞ്ഞ് ജീവനുള്ള കൂറയുടെ പുറം ഭാഗം കുറേശ്ശെ തിന്ന് വളരും, പലതവണ ഉറപൊഴിച്ച് വലിപ്പം വര്‍ദ്ധിപ്പിക്കും. പിന്നെയാണ് ഏറ്റവും ക്രൂരമായ പണി! ലാര്‍വപ്പുഴു പാറ്റയുടെ ജീവനുള്ള ശരീരത്തിനുള്ളിലേക്ക് തുരന്ന് കയറും. ഉള്ളിലെത്തി പാറ്റയുടെ ആന്തരികാവയവങ്ങള്‍ തിന്ന്തീര്‍ക്കാന്‍ തുടങ്ങും. അപ്പഴും പാറ്റയ്ക്ക് ഓടാനോ ഇതിനെ കുടഞ്ഞ് കളഞ്ഞ് രക്ഷപ്പെടാനോ തോന്നില്ല എന്നു മാത്രം. ലാര്‍വയുടെ അവസാനത്തെ ഉറപൊഴിക്കല്‍ കഴിയുമ്പോഴേക്കും കൂറയുടെ ഉള്ള് പൊള്ളയായി കാണും. ജീവന്‍ പോയ കൂറയുടെ ഉള്ളില്‍ ലാര്‍വ നൂലുകള്‍ കൊണ്ട് കൊക്കൂണ്‍ ഉണ്ടാക്കി പ്യൂപ്പാവസ്ഥയില്‍ കിടക്കും. അവസാനം പുതിയ കടന്നലായി പാറ്റയുടെ ഉള്ളില്‍ നിന്ന് നൂണ് പുറത്തിറങ്ങി മാളത്തിന്റെ വാതില്‍ പൊളിച്ച് ചിറകുകള്‍ വിടര്‍ത്തി പറന്ന് പോകും. തന്റെ ജീവിതം ആരംഭിക്കും. പെണ്ണാണെങ്കില്‍ ഇണ ചേര്‍ന്ന് വീണ്ടും നിരവധി ഡസന്‍ കൂറകളുടെ അന്തക മുട്ടകള്‍ ഇടാന്‍ വേണ്ടിയാണ് യാത്ര .

മറ്റ് ജീവികളുടെ ഉള്ളില്‍ ജീവിക്കുന്ന പരാദജന്മങ്ങള്‍ ജീവലോകത്ത് നിരവധിയുണ്ട്. പക്ഷെ മരതക കടന്നലുകളുടെ കുഞ്ഞുങ്ങളുടെ ഈ Parasitoidism വളരെ സങ്കീര്‍ണമാണ്. മറ്റു പല വാസ്പുകളും (നമ്മുടെ വേട്ടാളന്‍മാര്‍ വരെ) ശലഭങ്ങളുടെയും വണ്ടുകളുടെയും ഒക്കെ ലാര്‍വകളെ വിഷം കുത്തി അബോധാവസ്ഥയിലാക്കി കൂട്ടില്‍ കെണ്ട് വന്ന് അതിന് മുകളില്‍ മുട്ടയിട്ട് പോകുന്ന ശീല മുണ്ടെങ്കിലും രക്ഷപ്പെടാനുള്ള സ്വാഭാവിക റിഫ്‌ലക്‌സുകള്‍ തടയുന്ന വിധം കൃത്യതയോടെ ന്യൂറോണ്‍ കണ്ടെത്തി അതില്‍ തന്നെ വിഷം കുത്തിവെക്കുന്ന പരിപാടി ആര്‍ക്കും ഇല്ല.

പാരസൈറ്റോയിഡ് വാസ്പുകളില്‍ ചില അതിസമര്‍ത്ഥരുണ്ട്. അവ നോക്കി വെക്കുന്നത് ശലഭങ്ങളുടേയും നിശാശലഭങ്ങളുടേയും ഒക്കെ കാറ്റര്‍ പില്ലറുകളെയാണ്. ഒത്ത അവസരം കിട്ടിയാല്‍ ഈ പുഴുവിന്റെ തലയില്‍ മുട്ടയിട്ട് പരാദക്കടന്നല്‍ സ്ഥലം കാലിയാക്കും. അതൊരു എട്ടിന്റെ പണിയാണ് - എന്നറിയാവുന്ന കാറ്റര്‍പില്ലറുകള്‍, കടന്നല്‍ ചിറകടി ശബ്ദം കേട്ട മാത്രയില്‍ തല ഉയര്‍ത്തി പിടിച്ച് വിറപ്പിച്ച് നില്‍ക്കും. ദേഹത്ത് മുട്ടയിടാനുള്ള ചാന്‍സ് കുറക്കാനായി ഒറ്റനോട്ടത്തില്‍ ദേഹ വിസ്തൃതി കുറഞ്ഞ് തോന്നാനും മുട്ടയിടാനുള്ള അവസരവും സൗകര്യവും ഇരിപ്പിടവും കുറക്കാനും ആണ് ഈ തലയുയര്‍ത്തി പിടിച്ചുള്ള പിടച്ചില്‍. കടന്നല്‍ ഇട്ട് പോയ മുട്ട വിരിയാന്‍ അധിക ദിവസം വേണ്ട. നിശാശലഭ ലാര്‍വ തലയിലെ മുട്ടക്കാര്യം ഒക്കെ മറന്ന് പോവും.. വര്‍ണശലഭമായി രൂപാന്തരണത്തിനായി കൊക്കൂണ്‍ നിര്‍മിച്ച് പ്യൂപ്പാവസ്ഥയില്‍ കിടപ്പാവും - ഈ സമയത്തേക്ക് പരാദക്കടന്നല്‍ മുട്ട വിരിഞ്ഞ് കുഞ്ഞന്‍ പുഴുക്കള്‍ പുറത്ത് വരും. പിന്നെ തീറ്റയായി - പാവം ശലഭ പ്യൂപ്പയെ തന്നെ. കുറേശെയായി തിന്ന് വളര്‍ന്ന് അതും പ്യൂപ്പയാകും. അവസാനം കൊക്കൂണില്‍ നിന്ന് പുറത്ത് വരിക വര്‍ണശലഭമൊന്നും ആവില്ല. നല്ല കിടിലന്‍ കടന്നല്‍ ആവും. കുയിലുകളെ പോലെ മറ്റുള്ളവരുടെ കൂട്ടില്‍ മുട്ടയിട്ട് വളര്‍ത്തുന്ന കുക്കൂ വാസ്പുകള്‍ കൂടാതെ അതിലും സമര്‍ഥരായവരും ഉണ്ട്. ഇരന്ന് തിന്നുന്നവരെ തുരന്നു തിന്നുന്നവര്‍ എന്ന് കേട്ടിട്ടില്ലെ. ചില പരാദക്കടന്നലുകള്‍ പാരസൈറ്റോയിഡ് കടന്നലുകള്‍ കയറിക്കൂടിയ ഇടത്ത് കയറി ഹോസ്റ്റിനെ തിന്നു വളര്‍ന്ന പാരസൈറ്റോയ്യിഡ് കടന്നല്‍ക്കുട്ടിയെ തിന്നു വളരാന്‍ അവിടെ മുട്ടയിട്ട് പോകുന്ന ഇനം കടന്നലുകളും ഉണ്ട്.

Content Highlights: Bandhukkal mithrangal,greater banded hornet,vespa tropica,wasp,kadannal,mathrubhumi latest,environme


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023

Most Commented