കൺപോലയില്ലാത്തതിനാൽ നാവുകൊണ്ടാണ് കണ്ണുതുടച്ച് വൃത്തിയാക്കുന്നത് (Photo: By JonRichfield - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=66444146)
- മൂത്രമൊഴിക്കാതെ യൂറിക്കാസിഡ് കാഷ്ഠത്തില്‍ കളയുന്ന പല്ലി
- പെണ്പല്ലികള്ക്ക് പ്രവര്‍ത്തന ക്ഷമമായ ബീജം ഒന്‍പത് മാസത്തോളം ഉള്ളില്‍ സൂക്ഷിച്ച് വെക്കാനുള്ള കഴിവുണ്ട്.
ഓന്തുകള്‍, അരണകള്‍, ഉടുമ്പുകള്‍ എന്നിവയൊക്കെ പകല്‍ സജീവമാകുന്ന ഉരഗജീവികളാണെങ്കിലും ഇവരുടെ അടുത്ത ബന്ധുക്കളായ പല്ലികള്‍ പൊതുവെ രാത്രിസഞ്ചാരികളാണ്. മനുഷ്യരായ നമുക്കില്ലാത്ത കാഴ്ചക്കഴിവുകള് ഉള്ളവരായതിനാല്‍ മങ്ങിയ നിലാവെളിച്ചത്തില്‍ പോലും വര്‍ണങ്ങള്‍ തിരിച്ചറിയാന്‍ പറ്റുന്നവരാണ് പല്ലികള്‍. രൂപ സാമ്യം കൊണ്ട് പാമ്പുകളെ ഓര്മ്മിപ്പിക്കുമെന്നതിനാല് എല്ലാ ജാതി ഉരഗങ്ങളോടും മനുഷ്യര്‍ക്ക് പൊതുവെ ഇഷ്ടം കുറവാണ്. ആദിമമായ വിഷഭയവും ജീവഭയവും സംശയത്തോടെ ഇടപെടാന്‍ നമ്മളെ ശീലിപ്പിച്ചിട്ടുണ്ട്. പേടിയും അറപ്പും കൂടിക്കുഴഞ്ഞ ഒരു ബന്ധം മാത്രമേ പലതുമായും നമുക്ക് ഉള്ളു. കൂട്ടത്തില്‍ മനുഷ്യര്‍ക്ക് ഏറ്റവും പേടികുറഞ്ഞ ഉരഗം പല്ലിയാണ്. പ്രധാന കാരണം വീട്ടുപല്ലികള് മനുഷ്യര്‍ക്കൊപ്പം പരിണമിച്ച് ഉണ്ടായവ ആയതിനാല്‍ ഇവയെ നമുക്ക് വളരെ പണ്ടുമുതലേ കണ്ടും കൊണ്ടും പരിചയവും ഉണ്ട് എന്നതാവാം. ഗുഹാ ജീവിയായ കാലം മുതല്‍ ഇവര്‍ നമുക്കൊപ്പം താമസം തുടങ്ങിയതാണ്. കത്തിച്ച് വെച്ച പന്തങ്ങള്ക്കരികിലെത്തുന്ന രാശലഭങ്ങളേയും മറ്റ് പ്രാണികളേയും തിന്നാനായി വിളക്കിനരികിലെ പാറവിള്ളലുകളില് ഒളിച്ച് കഴിഞ്ഞ കാലം മുതല്‍ !. പിന്നെ പലതരം വിളക്കുകള്‍ വന്നു , വൈദ്യുതി വന്നു. വീട്ടു ചുമരുകള്‍ മിനുപ്പാര്‍ന്നു , മച്ചുകള്‍ മാറി. പക്ഷെ പല്ലി അതിലൂടെയെല്ലാം പിടിച്ച് നടക്കാനാകുന്ന കാലുകളുമായി മനുഷ്യര്‍ക്കൊപ്പം പരിണമിച്ച് വളര്‍ന്നു. വീട്ടിനുള്ളില്‍ എത്തുന്ന കൂറകളും , ചിതലുകളും ,ശലഭങ്ങളും , കൊതുകുകളും, ചിലന്തികളും ഒക്കെ ആണ് ഇവരുടെ ഭക്ഷണം. .
കീടങ്ങളുടെയും പ്രാണികളുടെയും ശല്യം വീട്ടകങ്ങളില്‍ കുറക്കുന്ന സഹായികളായിട്ടും നമ്മള് പ്രത്യേക പരിഗണനയും സ്നേഹവുമൊന്നും പല്ലികള്‍ക്ക് കൊടുക്കാറില്ല.
ചലിപ്പിക്കാനാകുന്ന കണ്പോള ഇല്ല
ഗെക്കോനിഡെ കുടൂംബത്തില്‍ പെട്ടതാണ് നമ്മള്‍ക്ക് പരിചയമുള്ള പല്ലികളെല്ലാം. ഉണ്ടക്കണ്ണും ദ്വാരച്ചെവിയും ചെതുമ്പലുകളും പലതരം ഡിസൈനുകളും ആയി വീട്ടിലും പുറത്തും ആയി ലോകത്ത് ഉഷ്ണമേഖലാ പ്രദേശങ്ങളിലൊക്കെ പലതരം പല്ലികളുണ്ട്. ഇവരുടെയൊക്കെ പ്രത്യേകത ചലിപ്പിക്കാനാവുന്ന കണ്പോളകള് ഇല്ല എന്നതാണ്. അതിനാല്‍ സധാസമയവും കണ്ണ് തുറന്ന് തന്നെ കിടക്കും. അതിനാല്‍ നനക്കാനും കണ്ണിലെ അഴുക്കുകള്‍ തുടച്ച് മാറ്റാനും പല്ലികള്‍ നീളന്‍ നാവുകൊണ്ട് നക്കി വൃത്തിയാക്കുകയാണ് ചെയ്യുക. ഇരുണ്ട മറവുകളില്‍ ഉറങ്ങുന്ന സമയം കണ്ണടച്ചില്ലെങ്കിലും പ്രശ്നമൊന്നുമില്ല. കൃഷ്ണമണിയിലെ നീളന്‍ വിടവ് ചുരുക്കി ഉള്ളിലേക്ക് പ്രകാശം കടക്കാത്തതുപോലെ ആക്കാന്‍ കഴിയും . Eublepharidae കുടുംബത്തിലെ ചില പല്ലിസ്പീഷിസുകള്ക്ക് പക്ഷെ ചലിപ്പിക്കാന്‍ കഴിയുന്ന കണ്‍പോളകളുണ്ട്, എന്നാല്‍ മറ്റ് പല്ലികളെപ്പോലെ മച്ചിലൂടെ താഴെ വീഴാതെ നടക്കാന്‍ സഹായിക്കുന്ന സംവിധാനം കാലുകളില്‍ ഇല്ലതാനും.
പല്ലി ചിലച്ചു, സത്യം

വീട്ടകങ്ങളില്‍ കുറക്കുന്ന സഹായി | By Sumasa - Own work,
CC BY-SA 4.0, wiki common
മറ്റ് ലിസാര്‍ഡുകളില്‍ നിന്നും പല്ലികളെ വ്യത്യസ്തരാക്കുന്നത് ഇവര്‍ക്കു മാത്രമുള്ള പ്രത്യേകതരം ഒച്ചയുണ്ടാക്കല്‍ കഴിവുകള്‍ ആണ്. ടിക് ടിക്ക് എന്നതു മുതല്‍ പല ശബ്ദങ്ങള്‍ ഇവ ഉണ്ടാക്കും. ചിലക്കുക എന്നാണ് അത്തരം ശബ്ദങ്ങള്‍ക്ക് പൊതുവെ പറയുക. അപായ സന്ദേശങ്ങള്‍ കൈമാറാനും , പരസ്പര ആശയ വിനിമയത്തിനും , ഇണചേരല്‍ വിളിയായും ഒക്കെയാണ് ഈ ശബ്ദമുണ്ടാക്കല്‍. നമ്മള് വീട്ടു- നാട്ട്കാര്യങ്ങള് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പല്ലി ചുമരിലോ മച്ചിലോ നിന്ന് ടിക്, ടിക് ടിക് എന്ന് ചിലച്ച് ശബ്ദമുണ്ടാക്കിയാല് , ''പല്ലി ചിലച്ചു , സത്യം! ' എന്നു പറയുന്നവരുണ്ട്. ശരിയെന്ന് ടിക്ക് മാര്‍ക്ക് ഇടലാണ് പല്ലി ചെയ്തത് എന്ന് ഉറപ്പായി വിശ്വസിക്കുന്നവര്‍ ഇന്ത്യയിലും നേപ്പാളിലും ഒക്കെ ഇഷ്ടം പോലെ ഉണ്ട് . ഹിന്ദി, നേപ്പാളി ഭാഷകളില്‍ 'ടീക്ക്' എന്ന വാക്കിന് 'ശരി' എന്നാണല്ലൊ അര്‍ത്ഥം. അങ്ങിനെ കിട്ടിയതാവാം ഈ ശരിവെക്കല് സര്‍ട്ടിഫിക്കറ്റ്.

അന്ധവിശ്വാസങ്ങളുടെ ഇര
ഇതു കൂടാതെ പല്ലി നമ്മുടെ മുന്നിലോ, ദേഹത്തൊ ഒക്കെ വീണാല്‍ പല പല ലക്ഷണങ്ങള്‍ പറഞ്ഞ് മനുഷ്യരെ ഗുലുമാലാക്കാന് 'ഗൗളി ശാസ്ത്രം' എന്ന തട്ടിപ്പ് അന്ധവിശ്വാസ പരിപാടി പണ്ടേ ഇവിടെ ഉണ്ട്. ഗര്ഗ്ഗന്, വരാഹന്‍, മാണ്ഡ്യന്‍, നാരദന് തുടങ്ങിയ ഋഷീശ്വരന്മാരാണ് ഗൗളി(പല്ലി) ശാസ്ത്രം നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് ഇവര്‍ പറയുക. പലനിറങ്ങളിലും പലമാതൃകയിലും കണ്ടുവരുന്ന ഗൗളിയുടെ ഓരോ ചലനങ്ങളും ഓരോ അവയവങ്ങളില്‍ വീണാല്‍ ഉണ്ടാകുന്ന ഫലങ്ങളെ പ്രവചിക്കാനാവും എന്നാണ് ഇവരുടെ അവകാശ വാദം. വലത് ചുമലില്‍ വീണാല്‍ ഭാഗ്യവും ഇടതു ചുമലില്‍ വീണാല്‍ അപശകുനവും ആണെന്ന് വിശ്വസിക്കുന്നവരുണ്ട്. ഒരു വ്യക്തിക്കു വരാന്‍ പോകുന്ന പല അശുഭ സൂചനകളും ഗൗളി മലന്നടിച്ച് വീണും ചത്തും കരഞ്ഞും കാണിച്ച് തരും എന്നാണ് ഇവര്‍ പറയുന്നത്. (പല്ലിക്ക് വേറെ ജോലിയൊന്നും ഇല്ലല്ലോ) . പൂച്ചക്ക് മുന്നിലേക്ക് കൈവിട്ട് വീണാല്‍ പല്ലിയുടെ കഷ്ടകാലമാണ് എന്ന കാര്യത്തില്‍ മാത്രം ആര്‍ക്കും സംശയം വേണ്ട. ഇബ്രാഹിം നബിയെ എറിയപ്പെട്ട അഗ്നി ആളിക്കത്തിക്കാന്‍ സഹായിച്ചതിനാല്‍ പല്ലിയെ ഒറ്റയടിക്ക് കൊല്ലുന്നവര്‍ക്ക് നൂറു പുണ്യം എന്ന ഹദീസ് ഉണ്ടത്രെ. അത് വിശ്വസിച്ച് പല്ലികളെ ഒറ്റയടിക്ക് കൊല്ലുന്ന ആളുകള്‍ ഇപ്പഴും നമ്മുടെ നാട്ടിലും ഉണ്ട്. ആളുകളുടെ അന്ധവിശ്വാസം പല്ലികളുടെ കുലം മുടിക്കാതിരുന്നാല്‍ മതിയായിരുന്നു.

മൂത്രമൊഴിക്കാതെ യൂറിക്കാസിഡ് കാഷ്ഠത്തില്‍ കളയുന്ന പല്ലി
വലിയ ശല്യക്കാരല്ലെങ്കിലും അവിടെയുമിവിടെയും കാഷ്ടിച്ച് വെക്കുന്നവരെന്ന പരാതി പല്ലികളെക്കുറിച്ചുണ്ട്. കൂടാതെ ചിലപ്പോള്‍ മച്ചില്‍ നിന്ന് കൈവിട്ട് , മൂടാതെ വെച്ച ചൂടുള്ള ഭക്ഷണപ്പാത്രങ്ങളില്‍ വീണ് ചത്ത് മലച്ച് ആകെ സീന്‍ കോണ്ട്രാ ആക്കുകയും ചെയ്യും. സധാരണയായി യാതൊരു ഗുരുതര വിഷവും ഇല്ലെങ്കിലും പല്ലി വീണ ഭക്ഷണം കഴിച്ചാല്‍ വലിയ അപകടം വരും എന്നാണ് പലരും കരുതിയിരിക്കുന്നത്. വിഷജീവിയൊന്നും അല്ലെങ്കിലും പല രാജ്യക്കാരും പല്ലിക്ക് വിഷമുണ്ട് എന്ന വിശ്വാസക്കാരാണ്. ഉറങ്ങുന്ന ഒരാളുടെ മുഖത്ത് കൂടെ പല്ലി ഓടിയാല്‍ , ചര്‍മ്മരോഗം പിടിപെടും എന്ന വിശ്വാസം ചില അറബി നാടുകളിലുണ്ട്. പല്ലി മൂത്രത്തില്‍ തൊട്ടാല്‍ കുഷ്ടം വരുമെന്നു വിശ്വസിക്കുന്നവരും ഉണ്ട്. പക്ഷെ പല്ലികള്‍ മൂത്രമൊഴിക്കുന്ന പരിപാടിക്കാരല്ല. ഉള്ള യൂറിക്കാസിഡ് വെള്ളനിറത്തില്‍ കാഷ്ടത്തിനൊപ്പംതന്നെ പുറത്ത് കളയുകയാണ് ചെയ്യുക. ''എന്റെ മൂത്രം ഇതല്ല, ഞാന്‍ മൂത്രമൊഴിക്കാറില്ല എന്ന്'' പല്ലി വന്ന് പറയില്ലല്ലൊ. അതിനാല്‍ ഇതുപോലുള്ള വിശ്വാസങ്ങള്‍ ഇനിയും കുറേക്കാലം തുടരും.

CC BY-SA 3.0, wiki common
Hemidactylus ജീനസില്‍ പെട്ടവരാണ് വീട്ടു പല്ലികള്‍ . ഇവര്‍ മനുഷ്യ വാസസ്ഥലവുമായി വേഗം ഇണങ്ങിച്ചേര്‍ന്ന് ജീവിക്കാന്‍ കഴിവുള്ളവരാണ് . വീട്ടിനു പുറത്തും ഇവ ജീവിക്കുമെങ്കിലും കഴിവതും വീടുകളാണ് സുഖവാസത്തിന് തിരഞ്ഞെടുക്കുക. കുടിലെന്നോ ബംഗ്ലാവെന്നോ വ്യത്യാസമില്ല - ഗ്രാമമെന്നോ നഗരമെന്നോ വേര്‍തിരിവില്ല. കപ്പലുകള്‍ ലോക സഞ്ചാരം തുടങ്ങിയതോടെ തെക്കനേഷ്യയില്‍ നിന്നും ലോകത്തെങ്ങും ഇവര്‍ പടര്‍ന്നു.
പല്ലികള്‍ പലവിധം
ഏഷ്യന്‍ വീട്ടു പല്ലി ( Asian house gecko) , പസഫിക്ക് വീട്ട് പല്ലി ( Pacific house gecko ) , ചുമര് പല്ലി ( wall gecko) , വീട്ടുപല്ലി ( house lizard) , ചന്ദ്ര ഗൗളി( moon lizard.) എന്നൊക്കെ പേരില്‍ അറിയപ്പെടുന്നതാണ് Hemidactylus frenatus എന്ന നാട്ട്പല്ലി. ഈ ഇനമാണ് സാധാരണയായി നമ്മുടെ വീടുകളില്‍ കാണുന്ന പല്ലികളില്‍ ഒന്ന് . കൂടാതെ Hemidactylus brookii (Spotted House Gecko) എന്ന 'വീട്ടു പല്ലിയും കൂടി നമ്മുടെ വീടുകളില്‍ കാണാം. സാഹസിക സഞ്ചാരിയും ബംഗാളില്‍ ജനിച്ച ബ്രിട്ടീഷ് സേനാ ഓഫീസറും സരോവക്കിലെ ആദ്യ വെള്ളക്കാരനായ രാജാവുമായ സര് ജയിംസ് ബ്രൂക്കിനോടുള്ള ആദരവിനായാണ് പല്ലിക്ക് ഈ പേര് നല്‍കിയിരിക്കുന്നത്. പരിണാമ സിദ്ധാന്ത ആശയത്തില്‍ ഡാര്‍വിനോളം ആദരവ് അര്‍ഹിക്കുന്ന നാച്വറലിസ്റ്റായ ആല്‍ഫ്രഡ് റസല്‍ വാലസിന് (Alfred Russel Wallace) സഹായങ്ങള്‍ ചെയ്തത് ബ്രൂക്ക് ആയിരുന്നു. പക്ഷെ ഏറ്റവും പുതിയ ചില പഠനങ്ങള്‍ നമ്മുടെ നാട്ടിലെ പല്ലി Hemidactylus brookii തന്നെയാണോ എന്ന സംശയം ഉന്നയിക്കുന്നുണ്ട്. ഇവ ബൊര്‍ണിയോ, മലേഷ്യ എന്നിവിടങ്ങളില്‍ മാത്രമേ ഉള്ളു എന്നാണ് ചില ഗവേഷകര്‍ അവകാശപ്പെടുന്നത്.
കേരളത്തില്‍ 31 ഇനം
2015 ല്‍ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ചെക്ക് ലിസ്റ്റ് പ്രകാരം 21 തരം പല്ലികളെയാണ് കേരളത്തില്‍ ഉള്ളതായി കണക്കാക്കിയിരുന്നത്. സന്ദീപ് ദാസ് , സിദ്ധാര്‍ത്ഥ്, ജാഫര്‍ പാലോട്ട്, ദീപക്, സൂര്യനാരായണന്, സൗനക് എന്നീ ഗവേഷകര്‍ അട്ടപ്പാടിയില്‍ നിന്നും കണ്ടെത്തി 2022 ജനുവരിയില്‍ ശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പുതിയ ഒരു പല്ലിയും ചേര്‍ന്ന് ഇപ്പോള്‍ കേരളത്തില്‍ 31 ഇനം പല്ലികള്‍ ഉള്ളതായാണ് കണക്കാക്കുന്നത്. കേരള വന ഗവേഷണ കേന്ദ്രം മുന്‍ ഡയറക്ടര്‍ ആയിരുന്ന ഡോ.ഈസയോടുള്ള ആദരവായി Hemidactylus easai എന്ന് ആണ് പുതിയ പല്ലിക്ക് പേരിട്ടിരിക്കുന്നത്.
വീട്ടുപല്ലിയും , നാട്ടുപല്ലിയും കൂടാതെ ചിത്രകന്‍, പുള്ളി, വരയന്‍ , ചിതല് ,ആനമല, കുട്ടിവിരലന്‍, പ്രസാദി എന്നീ പേരുകളുള്ള പല്ലികളും ബെഡോമിയുടെ മരപ്പല്ലി തൊട്ട് , പൊന്നന് , ഇന്ത്യന്‍, പൊന്മുടി, കൊട്ടിയൂര്‍ ,നീലഗിരി, സ്വിസ്പാറ, വയനാടന്‍ എന്നൊക്കെ പേരുള്ള മരപ്പല്ലികളും ഇവിടെ ഉണ്ട്. അതും കൂടാതെ കൊല്ലഗന് തറപ്പല്ലികളേപ്പോലുള്ള തറപ്പല്ലികളും .
പെണ്പല്ലികള്ക്ക് പ്രവര്‍ത്തന ക്ഷമമായ ബീജം ഒന്‍പത് മാസത്തോളം ഉള്ളില്‍ സൂക്ഷിച്ച് വെക്കാനുള്ള കഴിവുണ്ട്.

Own work, CC BY 4.0, wiki common
മൂക്ക് കൊണ്ട് തൊട്ടുരുമ്മി തുടങ്ങുന്ന പ്രണയ കേളി
പല്ലികളുടെ ഇണചേരല്‍ രസകരമാണ് . ആണ് പല്ലികള്‍ക്ക് അല്പം വലിപ്പക്കൂടുതലുണ്ടാകും ആണ് പല്ലി ഇണചേരും മുമ്പ് ചില പ്രണയലീലകള്‍ ആടും. മൂക്കുകൊണ്ട് പലതവണ പെണ്പല്ലിയെ തൊട്ടുരുമ്മും. പിന്നെ കഴുത്തിന് തമാശയ്ക്ക് കടിക്കും , കടിച്ചെടുക്കാന്‍ നോക്കും . ഇണചേര്‍ന്ന് മൂന്നു നാല് ആഴ്ചകള്‍ക്ക് ശേഷം ഉറപ്പുള്ള തോടുള്ള രണ്ട് മുട്ടകളിടും. പെണ്പല്ലികള്ക്ക് പ്രവര്‍ത്തന ക്ഷമമായ ബീജം ഒന്‍പത് മാസത്തോളം ഉള്ളില്‍ സൂക്ഷിച്ച് വെക്കാനുള്ള കഴിവുണ്ട്. അതുപയോഗിച്ച് ഈരണ്ട് മുട്ടകള്‍ വീതം ഇടും . വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ ആറു മാസം മുതല്‍ ഒരുവര്‍ഷം വരെ കാലം കൊണ്ട് പ്രായപൂര്ത്തിനേടും . രസകരമായ കാര്യം, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാണുന്ന Garnots gecko എന്ന ഇനങ്ങളുടെ ആണ് പല്ലികളെ ഇതുവരെയും ഗവേഷകര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പാര്ത്തെനോജെനിസ് പ്രതിഭാസം വഴി പെണ് പല്ലികള്‍ തന്നെ സ്വയം സിക്താണ്ഡങ്ങള്‍ ഉണ്ടാക്കി പ്രത്യുത്പാദനം നടത്തുന്നതായാണ് കരുതപ്പെടുന്നത്.
പല്ലിച്ചൊല്ലുകള്
'പല്ലിമുട്ട' പോലെ എന്നത് കഴഞ്ചി എന്നൊക്കെ പറയുന്നതുപോലുള്ള ഒരു നാടന്‍ അളവാണ്. ജീരകമിഠായിയേക്കാള് അല്പം വലിപ്പം കൂടിയ ഉണ്ട മിഠായകള്‍ക്ക് 'പല്ലിമിഠായി' എന്നായിരുന്നല്ലൊ പണ്ട് പേര്. കൂടാതെ 'പല്ലി ഉത്തരം താങ്ങിയത് പോലെ' എന്നൊരു ചൊല്ലുണ്ട് നമ്മുടെ നാട്ടില്‍ - ഉത്തരത്തില്‍ നില്ക്കുന്ന പല്ലി ഉത്തരം താഴോട്ട് വീഴാതെ താനാണ് താങ്ങി നിര്‍ത്തുന്നത് എന്ന് ഭാവിക്കുന്നു എന്നര്‍ത്ഥത്തില്‍ , ഒരു കാര്യവുമില്ലെങ്കിലും സര്‍വ്വ ഉത്തരവാദിത്വവും തന്റെ ചുമലിലാണ്, ഞാനില്ലെങ്കില്‍ കാണാമായിരുന്നു എന്ന ഭാവത്തില്‍ നില്‍ക്കുന്നവരെ കളിയാക്കാനാണ് ഈ പ്രയോഗം.
പാദങ്ങളിലെ വിടര്‍ന്ന വിരലുകള്‍ക്കടിയില്‍ ലാമെല്ല

By Bjørn Christian Tørrissen - Own work by uploader,
http://bjornfree.com/galleries.html, CC BY-SA 3.0, wiki common
ചുമരിലും മച്ചിലും താഴോട്ട് വീഴാതെ നടക്കാനും നില്‍ക്കാനും പല്ലിയെ സഹായിക്കുന്നത് കൈകാലുകളിലെ വിരലുകളുടെ പ്രത്യേകതയാണ്. ടെഫ്ലോണ്‍ ഒഴിച്ച് ഒരുവിധം വസ്തുക്കളിലെല്ലാം പിടിച്ച് കയറാനും നടക്കാനും പല്ലിക്ക് പറ്റും. പാദങ്ങളിലെ വിടര്‍ന്ന വിരലുകള്‍ക്കടിയില്‍ ലാമെല്ല എന്നറിയപ്പെടുന്ന കോരിക പോലുള്ള അതി സൂക്ഷ്മമായ രോമസമാന സീറ്റകള്‍ ഉണ്ട്. ഇവ കാലും സ്പര്‍ശിക്കുന്ന പ്രതലവും തമ്മിലുള്ള 'വാന്‍ഡര്‍വാള്‍സ് ബലം' വര്ദ്ധിപ്പിക്കുന്നതുമൂലമാണ് വീഴാതെ തലകുത്തനെ മച്ചില്‍ പറ്റിപ്പിടിച്ച് നടക്കാന്‍ കഴിയുന്നത് എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അതുമാത്രമല്ല സ്പര്‍ശനം മൂലമുണ്ടാകുന്ന ഇലക്ട്രൊസ്റ്റാറ്റിക് ഇന്റെറാക്ഷനുകളാണ് ഈ അതുഭുതത്തിന് പിറകില്‍ എന്നാണ് പുതിയ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

By Charles J. Sharp - Own work, CC BY-SA 4.0,wikimedia common
അത്ര സുഖകരമല്ല വാല്‍മുറി പരിപാടി
ഒരു രക്ഷയും ഇല്ലാത്ത അവസ്ഥയില്‍ ശത്രുക്കള്‍ക്ക് മുന്നില്‍നിന്നും ജീവന് കാക്കാന്‍ അവസാന അടവായ വാല് മുറിച്ചിട്ട് രക്ഷപ്പെടുന്ന പരിപാടിയാണല്ലോ പല്ലികളില്‍ നാം കാണുന്ന വലിയ കൗതുകം . സ്വവിഛേദനം ( Autotomy) എന്നാണിതിനു പറയുക. വാലിലെ പേശികളിലേക്ക് പ്രത്യേക രീതിയില്‍ കൂടുതല്‍ ബലം പ്രയോഗിച്ചാണ് പല്ലി വാല്മുറിക്കുന്നത്. മുറിഞ്ഞറ്റുപോയാലും കുറച്ച് നേരം കൂടി ചാടിക്കളിക്കുന്ന വാലിലേക്ക് ഇരപിടിയന്റെ ശ്രദ്ധ ആകര്‍ഷിപ്പിച്ച് തെറ്റിദ്ധരിപ്പിച്ച് അതിനിടയില്‍ സ്കൂട്ടാകുന്ന പരിപാടി . മുറിഞ്ഞുപോയ വാല് പിന്നീട് വളര്‍ന്ന് വരും എന്നതിനാല്‍ വലിയ പ്രശ്നവും ഇല്ല. എങ്കിലും വാല്‍മുറി പരിപാടി അത്ര സുഖകരമായ ഏര്‍പ്പാടൊന്നും അല്ല. വലിയ ഊര്‍ജ്ജവും അധ്വാനവും ചിലവുമുണ്ട്. ക്ഷാമകാലത്തേക്കുള്ള ഭക്ഷ്യ ശേഖരം കൂടിയാണ് വാല്. ഒട്ടകത്തിന്റെ പൂഞ്ഞയിലേതുപോലെ കൊഴുപ്പ് കൂട്ടിവെച്ചിരിക്കുന്നത് വാലിലാണ്. അതിനാല്‍ അത്യാവശ്യ ഘട്ടങ്ങളിലേ വാല് മുറിച്ചിട്ട് രക്ഷപ്പെടാന്‍ പല്ലി മുതിരുകയുള്ളു. ശത്രു സ്ഥലം വിട്ടാല്‍ പല്ലി തിരിച്ചെത്തി അനാഥമായി കിടക്കുന്ന സ്വന്തം വാല് തിന്ന് നഷ്ടം കുറക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഇതുപോലെ വളര്‍ച്ചാ ഘട്ടങ്ങളില്‍ ഉറപൊഴിച്ചിടുമ്പോഴും അതും തിന്ന് വയര്‍ നിറക്കാന്‍ ഇവര്‍ ശ്രമിക്കും. മഡഗാസ്കറില്‍ മാത്രം കണ്ടുവരുന്ന Uroplatus phantasticus എന്ന ഇനം പല്ലിയുടെ വാല് വളരെ രസകരമാണ്. കാഴ്ചയില്‍ ഉണങ്ങി, പരന്നു ചുരുണ്ട ഇല എന്നു തന്നെതോന്നും . satanic leaf-tailed gecko, eyelash leaf-tailed gecko , phantastic leaf-tailed gecko എന്നൊക്കെ ഇതിന് പേരുണ്ട്.

ദക്ഷിണാഫ്രിക്കയിലും നമീബിയ, അങ്കോള തുടങ്ങിയ പ്രദേശങ്ങളിലും കാണപ്പെടുന്ന Pachydactylus rangei,എന്ന നമീബിയന്‍ മണല്‍ പല്ലിയുടെ കാലുകളിലെ വിരലുകള്‍ക്കിടയില്‍ പരസ്പരം ബന്ധിപ്പിക്കുന്ന പാടയുണ്ട്. അതിനാല്‍ മണലിലൂടെ അതിവേഗത്തില്‍ ഓടി രക്ഷപ്പെടാന്‍ ഇവര്‍ക്ക് കഴിയും. ഉത്തര മഡഗാസ്കറില്‍ കാണപ്പെടുന്ന Phelsuma laticauda എന്ന സ്വര്ണ്ണപ്പൊടിയന് പകല്‍ പല്ലി ( gold dust day gecko) പ്രാണികളെകൂടാതെ തേനും കുടിക്കുന്ന ശീലക്കാരാണ്. തിളങ്ങുന്ന പച്ചക്കളറുള്ള ഇവരുടെ കണ്ണീന്റെ മേല്‍ഭാഗത്ത് നീല നിറമുള്ള മനോഹര അടയാളം തൊലിയില്‍ ഉണ്ടാകും. കാഴ്ചയില്‍ ഏറ്റവും മനോഹര രൂപമുള്ള പല്ലികള്‍ ഇവരാകും.
Content Highlights: bandhukkal mithrangal column on Gecko and lizard, vijayakumar blathur, wildlife,environment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..