കടുവയെയും ആനയെയും വിറപ്പിച്ച് നിർത്തും, തക്കം കിട്ടിയാൽ കൊല്ലും; കാട്ടിലെ പുപ്പുലിയാണ് ഈ നായ്ക്കൾ


വിജയകുമാർ ബ്ലാത്തൂർ കൊന്നുതിന്നുക എന്നതല്ല ഇവരുടെ രീതി, കുറച്ചുകൂടി ഭീകരമാണ്. ചാവുന്നതിനുമുന്നേതന്നെ തിന്നുതുടങ്ങും.എല്ലില്‍ നിന്നും മാംസം പൂര്‍ണ്ണമായും വേര്‍പെടുത്തി മാറ്റി എടുക്കാന്‍ അറിയാം.

ധോൽ അഥവാ കാട്ടുനായ | ഫോട്ടോ : ഡേവിഡ് രാജു

മ്മുടെ കാട്ടിലെ ഏറ്റവും കിടുക്കികള്‍ ആരാവും എന്ന് ചോദിച്ചാല്‍ കടുവ, ആന, പുള്ളിപ്പുലി, കരടി, കാട്ടുപോത്ത് എന്നിങ്ങനെ പല മൃഗങ്ങളുടേയും പേരാവും ആദ്യം മനസില്‍ വരിക. പക്ഷെ ഇവരെയെല്ലാം വിറപ്പിച്ച് നിര്‍ത്തുന്ന, തക്കം കിട്ടിയാല്‍ കൊല്ലാനും മടിക്കാത്ത ഒരു കൂട്ടരുണ്ട്. ധോള്‍ എന്ന് വിളിക്കുന്ന ഇന്ത്യന്‍ കാട്ട്‌നായകള്‍. കന്നടയില്‍ ചെന്നായ എന്ന അര്‍ത്ഥം വരുന്ന തോല എന്ന വാക്കില്‍ നിന്നാവാം ധോള്‍ എന്ന പേരുവന്നത് എന്നു കരുതപ്പെടുന്നു. ചാരച്ചെന്നായയുടെയും ( gray wolf) ചുവന്ന കുറുക്കന്റേയും ( red fox) ശരീര സ്വഭാവങ്ങള്‍ കൂടിച്ചേര്‍ന്നതുപോലെ തോന്നും. അതേസമയം ഇവരുടെ നീളന്‍ നട്ടെല്ലും മെലിഞ്ഞ കാലുകളും പൂച്ചസാമ്യം തോന്നിക്കും. മാംസം കടിച്ചുകീറാനുള്ള കഴിവിനായി വികസിച്ച മുഖപേശികള്‍ മൂലം തലയ്ക്ക് കഴുതപ്പുലിയോടാണ് സാമ്യം. വളരെ സംഘടിതരായ, ബുദ്ധിയും തന്ത്രവും അടവുകളും ഉള്ള വേട്ടസമൂഹങ്ങളാണ് ഇവരുടേത്. കാട്ടിലെ ശരിയായ വേട്ടക്കാര്‍ ധോള്‍ ആണ്. കടുവ കഷ്ടപ്പെട്ട് ഒരു ഇരയെ കീഴ്‌പ്പെടുത്തി കൊന്നുകഴിയുമ്പോഴേക്കും അതിനെ ഭീഷണിപ്പെടുത്തി ഓടിച്ച് തീറ്റ ചിലപ്പോള്‍ ഇവര്‍ സ്വന്തമാക്കും

പുള്ളിപ്പുലികളെ പേടിപ്പിച്ച് മരത്തില്‍ ഓടിച്ച് കയറ്റും. ഇഷ്ട മൃഗങ്ങളായ പുള്ളിമാനേയും മ്ലാവിനേയും കാട്ടുപന്നിയേയും കിട്ടിയില്ലെങ്കില്‍ ഗടാഗടിയന്‍ കാട്ട്‌പോത്തിനെ വരെ വിരട്ടിഓടിച്ച് അതിന്റെ കുഞ്ഞിനെ തട്ടും.

നായകളോടും ചെന്നായകളോടും കുറുനരിക്കുറുക്കന്മാരോടും കാഴ്ച സാമ്യമുണ്ടെങ്കിലും അവയൊക്കെ ഉള്‍പ്പെടുന്ന കനിസ് ജനുസില്‍ പെട്ടവരല്ല ഇവര്‍. ക്യുവോണ്‍ (Cuon) എന്ന ജനുസില്‍ പെട്ടവരാണ് ധോളുകള്‍. ഇവരല്ലാതെ ആ ജനുസില്‍ വേറെ ജീവികളും ഇല്ല. Cuon alpinus എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ കാട്ട് നായ്ക്കള്‍, Asian wild dog, Asiatic wild dog, Indian wild dog, whistling dog, red dog, mountain wolf എന്നൊക്കെയുള്ളപ്പേരുകളിലാണ് വിളിക്കപ്പെടുന്നത്.

കാട്ടുനായ സംഘം | ഫോട്ടോ : ഡേവിഡ് രാജു

അധികാരം പ്രകടിപ്പിക്കാത്ത നേതാവ്

ഒരു ആല്‍ഫ മെയിലും അതുമായി ഇണചേരാനും പ്രസവിക്കാനും മാത്രം അനുവാദമുള്ള ഒന്നോ രണ്ടോ പെണ്‍ കാട്ട്‌നായകളും ഉണ്ടാകും ഒരു കൂട്ടത്തില്‍. ഏഴു മുതല്‍ ഇരുപത് അംഗങ്ങള്‍ വരെയുള്ള കൂട്ടമായാണ് സാധാരണ ഇവരെ കാണുക. ചിലപ്പോള്‍ 40 വരെ അംഗങ്ങളുള്ള വന്‍ സംഘവും ഉണ്ടാകും. . പരസ്പരസ്‌നേഹത്തോടെയും വിശ്വാസത്തോടെയും അനുസരണയോടെയും ചേര്‍ന്നുനില്‍ക്കുന്നവര്‍ മാത്രമുള്ള ഒരു 'ക്ലാന്‍ ' ആയിരിക്കും ഒരോ ഗ്രൂപ്പും. നേതാവായി ഒരാള്‍ ഉണ്ടെങ്കിലും കര്‍ശനമായ അധികാര ശ്രേണീരീതികള്‍ ഇവരിലില്ല. സാമൂഹ്യ ജീവിതം നയിക്കുന്ന മറ്റ് മൃഗങ്ങളിലെ നേതാവിനെപ്പോലെ കാട്ട്‌നായ് നേതാവ് തന്റെ അധികാരസൂചനയും ഗര്‍വും പ്രകടിപ്പിക്കുന്ന പെരുമാറ്റങ്ങള്‍ മറ്റ് അംഗങ്ങള്‍ക്ക് മുന്നില്‍ പ്രകടിപ്പിക്കുകയൊന്നുമില്ല. അതിനാല്‍ കൂട്ടത്തിലെ നേതാവ് ആരെന്ന് നമുക്ക് പെട്ടെന്ന് മനസ്സിലാകുകയുമില്ല. എന്നാലും സംഘാംഗങ്ങള്‍ നേതാവിനോടുള്ള സ്ഥാന ബഹുമാനം പ്രകടിപ്പിക്കുന്ന പെരുമാറ്റങ്ങള്‍ കാണിക്കുകയും ചെയ്യും. അംഗങ്ങള്‍ തമ്മില്‍ മൂപ്പിളമ പ്രശ്‌നത്തില്‍ പരസ്പരം പൊരുതലും വളരെ അപൂര്‍വ്വം ആണ്. ഇണചേരല്‍ പ്രായം ആയാല്‍ ചിലര്‍ മറ്റ് ക്ലാനുകളിലെ ഇണപ്രായം ആയവരെ കണ്ടാല്‍ നേതാവിന്റെ അനിഷ്ടം നോക്കാതെ ഒളിച്ചോടി കടന്നുകളയും എന്നുമാത്രം. അവര്‍ പുതിയ ടെറിട്ടറികള്‍ കണ്ടെത്തി സ്വന്തം സംഘം വളര്‍ത്തിക്കൊണ്ടുവരും. പെണ്ണിനങ്ങള്‍ക്ക് 10 മുതല്‍ 17 കിലോ വരെ ഭാരം ഉണ്ടാകും. ആണുങ്ങള്‍ 15 മുതല്‍ 21 കിലോ വരെ ഭാരം കാണും. ചെമ്പന്‍ രോമങ്ങളുള്ള ശരീരം ആണിവരുടേത്. കട്ടിരോമാവരണമുള്ള വാലിന്റെ അഗ്രം കറുപ്പു നിറത്തിലുള്ളതാണ്.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

ഇണചേരല്‍ കാലം ഒക്ടോബര്‍ അവസാനം മുതല്‍ ജനുവരി വരെ ആണ്. മറ്റ് നായ വര്‍ഗക്കാരെപ്പോലെ ഇണചേരലിനിടയില്‍ ലിംഗം കുരുക്കിക്കഴിയുന്ന ഏര്‍പ്പാടൊന്നും ഇവര്‍ക്കില്ല. പൂച്ചകള്‍ ഇണചേരും പോലെയാണ് കാട്ട്‌നായ്ക്കളുടെ ഇണചേരല്‍. ഗര്‍ഭകാലം 60-63 ദിവസം ആണ്. ഒരു പ്രസവത്തില്‍ ശരാശരി അഞ്ചാറ് കുട്ടികളുണ്ടാവും. ഏറ്റവും കൂടുതല്‍ മുലകള്‍ ഉള്ള സസ്തനിയാണിവര്‍ 16 മുലകള്‍ ഉണ്ടാകും പെണ്‍ നായകള്‍ക്ക്. പാറകളുടെ അടിയിലെ വിടവുകള്‍, മണ്ണിനടിയിലെ വലിയ മാളങ്ങള്‍ ഒക്കെയാണ് കൂടുകളായുണ്ടാവുക. ഒരേ സമയം ഒറ്റ മടയില്‍ തന്നെ രണ്ട് പെണ്‍പട്ടികള്‍ പ്രസവിച്ച് കിടക്കുന്നുപോലും ഉണ്ടാകും. രണ്ട് മാസത്തോളം അമ്മ കുഞ്ഞുങ്ങളെ മുലയൂട്ടും. ഈ കാലമത്രയും തീറ്റ എത്തിച്ച് നല്‍കുന്നത് സംഘാംഗങ്ങളുടെ പണിയാണ്. എല്ലാവരും കൂടിയാണ് ഇവരെ ശുശ്രൂഷിക്കലും തീറ്റലും കുഞ്ഞുങ്ങളെ സംരക്ഷിക്കലും ഒക്കെ . ഒന്നോ രണ്ടോ ആണ്‍ നായ്കള്‍ മറ്റുള്ളവര്‍ വേട്ടയ്ക്ക് പോകുന്ന സമയം കൂടിന് കാവലായി നില്‍ക്കും. കാവല്‍ക്കാര്‍ക്കുള്ള ഭക്ഷണവും വേട്ടയാടാന്‍ പോയവര്‍ കൊണ്ടുവരും. ആറുമാസം പ്രായമായാന്‍ കുഞ്ഞുങ്ങളും വേട്ടപരിശീലനത്തിനായി സംഘത്തിനോടൊപ്പം കൂടും. പതിനാറ് വര്‍ഷം വരെ ഇവര്‍ സംരക്ഷണത്തില്‍ ജീവിച്ച് കണ്ടിട്ടുണ്ട്. വന്യതയില്‍ ഇവരുടെ ആയുസ് എത്രയാണെന്ന് കൃത്യമായി അറിയില്ല.

രണ്ട് കാലുകൾ മണ്ണിൽ കുത്തി നായ്ക്കളിൽ നിന്ന് വിഭിന്നമായി മൂത്രമൊഴിക്കുന്ന കാട്ടുനായ | ചിത്രം: ഡേവിഡ് രാജു

കൈകുത്തി മൂത്രമൊഴിക്കുന്ന കാട്ടുനായ

നായ മൂത്രമൊഴിക്കുന്നതുപോലെ എന്നൊരു പ്രയോഗം ഉണ്ടല്ലോ. കല്ലിലോ മൈല്‍ കുറ്റിയിലോ ഒരുകാല്‍ പൊക്കി മൂത്രം തൂവി പോകല്‍. സത്യത്തില്‍ അത് ടെറിട്ടറികള്‍ അടയാളപ്പെടുത്തല്‍ കൂടി ആണല്ലോ. കാട്ട് നായ്ക്കളുടെ മൂത്രം ഒഴിക്കല്‍ വളരെ രസകരമാണ്. ആണ്‍ നായകള്‍ പലപ്പോഴും പിറകിലെ രണ്ട് കാലും ഉയര്‍ത്തിപ്പിടിച്ച് കൈകുത്തി നിന്നാണ് മൂത്രമൊഴിക്കുക. ജിംനാസ്റ്റിക്ക് താരങ്ങള്‍ കൈകുത്തി ബാറില്‍ ഉയര്‍ന്ന് നില്‍ക്കും പോലെ തോന്നും. മറ്റ് നായകളെ പോലെ മൂത്രം തൂവി ടെറിട്ടറി അടയാളപ്പെയ്യടുത്തല്‍ ധോളുകള്‍ ചെയ്യാറില്ല. നിലം മാന്തി അടയാളപ്പെടുത്തുന്ന രീതിയും ഇല്ല. ചെന്നായകളെപ്പോലെ ഉറക്കെ ഓലിയിടുകയില്ല. കടുവകളുടെ മുന്നില്‍ പെട്ടെന്ന് പെട്ടുപോയാലും മറ്റും അപൂര്‍വമായി മാത്രം സാധാ നായകളെപ്പോലെ കുരക്കുന്ന ശബ്ദം ഉണ്ടാക്കാറുണ്ട്. കനത്ത പൊന്തകളിലൂടെ ഓടുന്നതിനിടയില്‍ സംഘാംഗങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കാനും ഒരോരാളോടും പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കാനും ചില ചൂളം വിളി ശബ്ദങ്ങള്‍ ഇവര്‍ ഉണ്ടാക്കും. അതിനാല്‍ വിസിലിങ് ഡോഗുകള്‍ എന്നും ഇവര്‍ക്ക് പേരുണ്ട്. മുരളുകയും ചിനക്കുകയും ഒക്കെയാണ് പരസ്പര ആശയകൈമാറ്റത്തിനും മുന്നറിയിപ്പിനും ഒക്കെയായി ഉപയോഗിക്കുന്ന മറ്റ് ശബ്ദങ്ങള്‍. വാലു താഴ്തലും , നിവര്‍ത്തിപ്പിടിക്കലും, ചെവി ഉയര്‍ത്തലും താഴ്ത്തലും രോമങ്ങള്‍ വിതര്‍ത്ത് പിടിക്കലും ഒക്കെ പലതരം അവസരങ്ങള്‍ക്കനുസരിച്ച് പെരുമാറ്റത്തിന്റെ ഭാഗമായി കാണാം. നക്കലും ചേള പൊക്കലും ഒക്കെ സ്‌നേഹ , ദേഷ്യ പ്രകടനങ്ങളാണ്.

ഫോട്ടോ: ലത പ്രഭാകരൻ

കൊന്നു തിന്നലല്ല രീതി, ചാവുന്നതിനു മുമ്പേ തിന്നു തുടങ്ങും

പുലര്‍കാലമാണ് ഇവരുടെ ഇഷ്ടവേട്ടസമയം . നിലാവുള്ള രാത്രികളിലും വേട്ടനടത്തും . പകലൊക്കെയും ഭക്ഷണം കിട്ടും വരെ തിരഞ്ഞ് ഓടിക്കൊണ്ടിരിക്കും കൊന്നുതിന്നുക എന്നതല്ല ഇവരുടെ രീതി. കുറച്ചുകൂടി ഭീകരമാണ്. ചാവുന്നതിനുമുന്നേതന്നെ തിന്നുതുടങ്ങും. എല്ലില്‍ നിന്ന് മാംസം പൂര്‍ണ്ണമായും വേര്‍പെടുത്തി മാറ്റി എടുക്കാന്‍ അറിയാം. ഭക്ഷണത്തില്‍ മാംസം തന്നെയാണ് പ്രധാന പങ്ക്. വലിയ ഊര്‍ജ്ജം ആവശ്യമുള്ളതാണ് ഇവരുടെ വേട്ട ഓട്ടങ്ങള്‍. സാധാരണ നായകള്‍ മിശ്രഭുക്കുകളായി പരിണാമം സംഭവിച്ചവയാണല്ലോ. അവയുടെ പല്ലുകള്‍ അത്തരത്തില്‍ പരിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ധോലുകള്‍ക്ക് മാംസ ഭക്ഷണത്തിന് മാത്രം ഉതകും വിധം പരിണമിച്ചതാണ് പല്ലുകള്‍. ഒറ്റ ഇരിപ്പിന് നാലുകിലോ മാംസം വരെ ഇവര്‍ അകത്താക്കും. വലിയ ഓട്ടങ്ങള്‍ക്ക് ശേഷമാകും നൂറു കിലോ വരെ ഭാരം ഉള്ള വലിയ കുളമ്പ് ജീവികളെ ഇവര്‍ കൊല്ലുക. പുള്ളിമാനും മ്ലാവും പന്നിയും മാത്രമല്ല കരുത്തരായ കാട്ടുപോത്തിന്റെ കുഞ്ഞുങ്ങളെപ്പോലും വേട്ടയാടി കൊല്ലും. അസമില്‍ ഒരു ആനക്കുട്ടിയെ കൊന്നതായി റിപ്പോര്‍ട്ട് ഉണ്ട്. സംഘത്തിലെ പിള്ളേര്‍ക്കാണ് തീറ്റയില്‍ മുൻഗണന. അവര്‍ക്ക് മാംസം പൊളിച്ചും കീറിയും ഒക്കെ ഒരുക്കി നല്‍കും.കുടല്‍മാലയും മറ്റും തിന്നാതെ ഒഴിവാക്കും.

ധാരാളം കുഞ്ഞുങ്ങള്‍ ഒരോ പ്രസവത്തിലും ഉണ്ടാകുന്നതിനാല്‍ അവരെ പോറ്റാന്‍ വേണ്ടി തന്നെ നന്നായി കഷ്ടപ്പെടണം. കിലോമീറ്ററുകള്‍ വിസ്താരമുള്ളതാണ് ഒരോ സംഘത്തിന്റെയും ടെറിട്ടറികള്‍. ഒരു ദിവസം തന്നെ ഇവര്‍ എത്രയോ കിലോമീറ്റര്‍ സഞ്ചരിക്കും. സംഘമായി, മാറിമാറി ഇരയെ ഓടിച്ച് ക്ഷീണിപ്പിക്കലാണ് പ്രധാന തന്ത്രം. കഴിയുന്നതും വളഞ്ഞിട്ട് ഓടിച്ച് വെള്ളത്തില്‍ ഇറക്കാന്‍ ശ്രമിക്കും. അവിടെ ഇവര്‍ക്ക് കൂടുതല്‍ മേല്‍ക്കൈ കിട്ടും. തീറ്റകഴിഞ്ഞ് ധാരാളം വെള്ളം കുടിക്കുന്ന ശീലവും ഉണ്ട്. സ്റ്റ്രാറ്റജി, ടീം, സ്പീഡ് - ഇതുമൂന്നും കൃത്യമായി സമ്മിശ്രം ചെയ്തതാണിവരുടെ ആക്രമണ തന്ത്രം. വേട്ടയാടല്‍ വലിയ ഊര്‍ജ്ജ ചിലവുള്ള പരിപാടിയായതിനാല്‍ അല്ലാത്ത സമയങ്ങളില്‍ വെറുതേ അലഞ്ഞ് കളിക്കില്ല. ഉള്ള ഊര്‍ജ്ജം നഷ്ടപ്പെടുത്താന്‍ ശ്രമിക്കാതെ തണലുകളില്‍ വിശ്രമിക്കുകയാണ് ചെയ്യുക.

ക്രിപാകര്‍, സേനാനി എന്നിവര്‍ ചേര്‍ന്ന് ബന്ദിപ്പൂരിലും , മുതുമലയിലും ഷൂട്ട് ചെയ്ത് 2006 ല്‍ നാഷണല്‍ ജിയോഗ്രാഫിക് ചാനലിനു വേണ്ടി നിര്‍മ്മിച്ച 'വൈല്‍ഡ് ഡോഗ് ഡയറീസ്' എന്ന വന്യജീവി സിനിമയാണ് ഇവയുടെ പ്രത്യേക ജീവിതരീതികളെക്കുറിച്ച് ലോകത്തിന് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയത്. 12 വര്‍ഷത്തോളം കാട്ട് നായകളുടെ പിറകെ നടന്നാണ്, ഇവര്‍ ഇരുവരും സംഘജീവിതത്തിലെ കൗതുകങ്ങള്‍ ലോകത്തിന് കാട്ടിക്കൊടുത്തത്. അതിനിടയില്‍ രണ്ടാളും ഒരു തവണ വീരപ്പന്റെ തടവിലും പെട്ടു. IUCN കാട്ട് നായകളെ വംശ നാശ ഭീഷണിയിലായ മൃഗങ്ങളുടെ കൂട്ടത്തിലാണ് പെടുത്തിയിരിക്കുന്നത്. 2500 ഓളം കാട്ട് നായകള്‍ മാത്രമേ ബാക്കിയുള്ളു എന്നാണ് കരുതപ്പെടുന്നത്. വളര്‍ത്ത് നായകളില്‍ നിന്നും സംക്രമിച്ച പലതരം രോഗങ്ങളും വളര്‍ത്ത് മൃഗങ്ങളെ ആക്രമിക്കുന്നതിനാല്‍ ഗ്രാമീണര്‍ കൊന്നുതീര്‍ത്തും, ഇരകള്‍ കുറഞ്ഞതും ഇവയുടെ സ്വാഭാവിക ആവാസ മേഖലകളുടെ നാശവും ഒക്കെയാവാം ഇവയുടെ എണ്ണത്തില്‍ ഇത്രയധികം കുറവു വരാന്‍ കാരണം.

Content Highlights: Bandhukkal mithrangal,dhole,Indian wild dogs,Vijayakumar Blathur,environment,mathrubhumi

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented