നമ്മുടെ നാട്ടിൽ സർവ്വസാധാരണമായി കാണുന്ന അണ്ണാൻ-jungle palm squirrel | By Davidvraju - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=61734378
പൂവാലന് അണ്ണാര്ക്കണ്ണന്' എന്നത് നമുക്ക് ഏറ്റവും ഇഷ്ടവും പരിചിതവുമായ മൃഗ വിശേഷണം ആണല്ലോ. വലിയ മാവിന് ചുവട്ടില്‍ കാറ്റ് വരാനും അണ്ണാറക്കണ്ണന് വരാനും കാത്തിരുന്ന ബാല്യകാല ഓര്മ്മകളുള്ളവരാണ് ഇപ്പോഴത്തെ വയോധികരില്‍ പലരും. ''അണ്ണാറക്കണ്ണാ തൊണ്ണൂറുവാലാ എനിക്കൊരു മാമ്പഴം തായോ'' എന്ന് കെഞ്ചി ,അണ്ണാന് കയറി നിന്ന് കടിച്ചു തിന്നുന്നതിനിടയില്‍ ഞെട്ടടര്‍ന്ന് വീഴുന്ന മാങ്ങയ്ക്കായി കാത്തു നിന്ന ഓര്‍മകള്‍ അയവിറക്കുന്നവര്‍!
അണ്ണാന്മാരുടെ അഭിമാനമാണ് അവരുടെ രോമം നിറഞ്ഞ, വിതുര്ന്ന അലങ്കാരവാല്. ചിലച്ച് ഒച്ചവെക്കുമ്പോള്‍ താളാത്മകമായി വാലും അതോടൊപ്പം കുലുക്കും. പരസ്പര ആശയകൈമാറ്റങ്ങള്‍ക്ക് മാത്രമായല്ല ഭയന്നാല്‍ അപായ സൂചനകള്‍ നല്‍കാനും വാലിളക്കിയുള്ള ഡാന്‍സുകള്‍ സഹായിക്കുന്നുണ്ട്. വാലാണ് അണ്ണാനെ അണ്ണാനാക്കുന്നത് എന്ന് പറയാം. രോമ സമൃദ്ധമായ വാലുള്ള എന്നര്‍ത്ഥം വരുന്ന പ്രാചീന ഗ്രീക്ക് ഭാഷയിലെ skiouros എന്ന പദത്തില്‍ നിന്ന് ഉണ്ടായതാണ് squirrel എന്ന പേര്. പല സഹായങ്ങളാണ് ഇവര്‍ക്ക് വാലുകൊണ്ടുള്ളത്.
അണ്ണാന്റെ വാല് മാഹാത്മ്യം
ശരീരത്തില്‍ കാണുന്ന രോമങ്ങളില്‍ നിന്നും വ്യത്യാസം ഉണ്ട് വാലിലെ രോമങ്ങള്‍ക്ക്. ശരീരരോമങ്ങളില്‍ കാണുന്ന കുഞ്ഞു ചുരുളന്‍ അടി രോമങ്ങളായ അണ്ടര്‍ കോട്ട് രോമങ്ങള്‍ വാലില്‍ ഇല്ല. എല്ലാം നീളമുള്ള മേല്‍ രോമങ്ങള്‍ മാത്രം. ഈ രോമങ്ങള്‍ എഴുന്നു പിടിപ്പിച്ച് ഉള്ളതിലധികം വലിപ്പം തോന്നിപ്പിക്കാന്‍ ഇവര്‍ക്ക് കഴിയും. വാല് കൂടെ കൊണ്ട്നടക്കാവുന്ന ഒരു കമ്പിളി പുതപ്പ് പോലെ അണ്ണാനെ തണുപ്പില്‍ സഹായിക്കുന്നുണ്ട്. മഴയും വെയിലും കുറേശെ തടയുന്ന കുടയായും വാല് രക്ഷിക്കും. തണുപ്പില്‍ ചുരുണ്ട്കൂടി കിടന്ന ശേഷം വാലുകൊണ്ട് ഒരു സ്വയം പുതപ്പിക്കല്‍ ആണ് നടത്തുക. വാലിലെ രക്തക്കുഴലുകളില്‍ കൂടുതല്‍ രക്തമൊഴുക്കി പുറത്ത് കൊടും ചൂട് ഉള്ളപ്പോള്‍ ശരീരം തണുപ്പിക്കാന്‍ ഇവര്‍ക്ക് പറ്റും. ഉയര മരച്ചില്ലകളിലൂടെ ഓടുന്നതിനിടയില്‍ ബാലന്‍സ് തെറ്റി താഴെ വീഴാതെ കാക്കുന്നതും വാല് തന്നെ. രോമം നിറഞ്ഞ വാല് താഴോട്ടുള്ള ചാട്ടങ്ങളില്‍ ഒരു പാരച്യൂട്ടുപോലെ പ്രവര്‍ത്തിച്ച് വേഗത നിയന്ത്രിക്കാനും നിലത്ത് തൊടുമ്പോഴുള്ള ആഘാതം കുറക്കാനും സഹായിക്കുന്നുണ്ട്. വലിയ നീന്തല്കാരല്ലെങ്കിലും വെള്ളത്തില്പ്പെട്ടാല് നീന്താന്‍ ഇവരെ ഇതേ വാലുതന്നെ സഹായിക്കും.

മഴയത്ത് കുടയായും തണുപ്പത്ത് കമ്പിളിയായും രോമസമൃദ്ധമായ വാല് അണ്ണാനെ സഹായിക്കും. ഓടുന്നതിനിടയില്‍ ബാലന്‍സ് തെറ്റാതെ കാക്കുന്നതും വാല് തന്നെ.
അണ്ണാറക്കണ്ണനും തന്നാലായത്
ദേഹത്ത് തലമുതല്‍ വാലുവരെ നീളുന്ന വ്യക്തമായ വെളുപ്പ് വരകളാണല്ലോ ഇവരുടെ സൗന്ദര്യ രഹസ്യം. മൂന്നു വരയുള്ളവരും അഞ്ചു വരയുള്ളവരും ഇന്ത്യയില്‍ ഉണ്ട്. രാമായണ കഥയില്‍ സീതാന്വേഷണത്തിനായി ലങ്കയിലേക്ക് സേതു പണിയുന്ന സമയം വലിയ വലിയ പാറകളും കല്ലുകളും സമുദ്രത്തില്‍ ഇട്ടു വാനരപ്പട ടിപ്പര്‍ ലോറി മോഡലില്‍ ജോലി ചെയ്യുന്നതിനിടയില്‍ ഒരു കുഞ്ഞ് അണ്ണാനും അതില്‍ പങ്കാളിയായത്രെ. സമുദ്രത്തില്‍ ഇറങ്ങി നനഞ്ഞ ശേഷം മണലില്‍ വീണുരുണ്ട് ദേഹം മുഴുവന്‍ മണല്‍ പറ്റിപ്പിടിപ്പിച്ച് അതുമായി ഓടി പാലത്തില്‍ കുടഞ്ഞിട്ടുകൊണ്ടിരുന്നു. അണ്ണാന്റെ പണിയെ ഉദ്ദേശിച്ച് ഉണ്ടായ ശൈലിയാണ് അണ്ണാറക്കണ്ണനും തന്നലായത് എന്ന്. തന്നാല്‍ ആകുന്ന ചെറിയ സഹായം എന്നൊക്കെ അര്‍ത്ഥം വരുന്ന പ്രയോഗമായി അതുമാറി. ശ്രീരാമന് ഇതുകണ്ട് സ്നേഹത്തോടെ അതിനെ കൈയിലെടുത്ത് മുതുകത്ത് തലോടിയെന്നും അങ്ങിനെയാണ് അണ്ണാന്റെ ദേഹത്ത് നീളത്തില്‍ ഇങ്ങനെ വെളുത്ത വരകള്‍ ഉണ്ടായത് എന്നുമാണ് കഥ.
അണ്ണാന് മൂത്താലും മരം കേറ്റം മറക്കുമോ? ആന വാ പൊളിക്കുന്നത് കണ്ടിട്ട് അണ്ണാന് വാ പൊളിച്ചാല്‍ കാര്യമില്ല, അണ്ണാനാശിച്ചാല്‍ ആനയാകുമോ? തുടങ്ങിയ ശൈലികള്‍ കേള്‍ക്കാത്തവരുണ്ടാവില്ല. ഇവയില്‍ ചിലതിലൊക്കെ അണ്ണാന് വെറും നിസാരക്കാരനാണ് എന്ന ധ്വനിയുണ്ട്. . അവരുടെ രൂപത്തോടും കായിക ശക്തിയോടും ഉള്ള ഒരു പുച്ഛം ! . സത്യത്തില്‍ അണ്ണാറക്കണ്ണന്മാര് അത്ര നിസാരക്കാരല്ല.നല്ല തന്ത്ര ശാലികളാണ്. ഭക്ഷണസ്ഥലത്തേക്കുള്ള എളുപ്പ വഴികള്‍ കണ്ടെത്താനും നാവിഗേറ്റ് ചെയ്യാനും അതി സമര്‍ത്ഥരാണ്. പഞ്ഞ മാസത്തിലേക്ക് ഭക്ഷണം മുങ്കൂര്‍ ശേഖരിച്ച് വെക്കുന്നതില്‍ ഇവരെപ്പോലെ ശുഷ്കാന്തിയുള്ള വേറെ ആരുണ്ട്?
അണ്ണാറക്കൊട്ടനോടുള്ള ഇഷ്ടം
കരണ്ട് തീനി കുടുംബം ആയ സ്ക്വിറിഡെയില് (Sciuridae) പെട്ടതാണ് അണ്ണാന്മാര്. അണ്ണാക്കൊട്ടന്‍, അണ്ണാറക്കണ്ണന്, അണ്ണി, തുടങ്ങിയ ഓമനത്തമുള്ള പേരുകള്‍ ഇവര്‍ക്ക് നമ്മള് നല്കീട്ടുണ്ട്. എങ്കിലും കണ്ണന്, കൊട്ടന് തുടങ്ങിയ വിശേഷണങ്ങള്‍ ഇവരെ ചേര്‍ത്തുവിളിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. കാഴ്ചയിലെ ഇഷ്ടവും ചിലക്കുമ്പോള്‍ ഉള്ള ശബ്ദവും വാലിളക്കലും ഒക്കെയായിരിക്കാം ഓമനത്തം നിറഞ്ഞ വിശേഷണങ്ങള്‍ നല്കാന് കാരണം. പല നാട്ടിലും ഉള്ള കുട്ടിക്കഥകളില്‍ ഒരു അണ്ണാരക്കണ്ണന് കഥാപാത്രം ഉറപ്പാണ്.
.jpg?$p=3a4af13&w=610&q=0.8)
കാട്ട് വരയണ്ണാനെയാണ് നമ്മള് അണ്ണാറക്കണ്ണന് എന്ന് വിളിക്കുന്നത്
കാട്ടുവരയണ്ണാന്‍ ( Jungle Palm Squirrel -Western Ghats Striped Squirrel) എന്ന മൂന്നുവര പുറത്തുള്ള അണ്ണാറക്കണ്ണന്മാര് കേരളത്തില്‍ കാടുകളിലും അതിനോട് ചേര്‍ന്ന പ്ലാന്റേഷനുകളിലും മാത്രമാണ് ഉള്ളത് എന്നായിരുന്നു പലരും ധരിച്ചിരുന്നത്. അതിന്റെ പേരും അങ്ങിനെയാണ് കൊടുത്തിരിക്കുന്നത്. എന്നാല്‍ Funambulus tristriatus എന്ന ശാസ്ത്ര നാമമുള്ള ഇവരെയാണ് കേരളത്തില്‍ എല്ലായിടത്തും വളരെ സാധാരണമായി കാണുന്നത്. എന്നാല്‍ അണ്ണാറക്കണ്ണന് എന്ന് പൊതുവെ എല്ലാവരും പറയുന്നതും വിശ്വസിക്കുന്നതും Funambulus palmarum (Indian palm squirrel , three-striped palm squirrel) ഇനം ആണെന്നാണ്. ടെക്സ്റ്റ് ബുക്കുകളിലും അങ്ങിനെതന്നെയാണുള്ളത്. എന്നാല്‍ ഇതില്‍ പിശകുണ്ടെന്നും ഈ ഇനം പാലക്കാടുപോലുള്ള വരണ്ട പ്രദേശങ്ങളിലും ചിന്നാറില്‍ ചിലയിടങ്ങളിലും മാത്രമേ കണ്ടിട്ടുള്ളു എന്നുമാണ് സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ ഡോ. ജാഫര്‍ പാലോട്ട് പറയുന്നത്.

Indian palm squirrel നിന്നും വ്യത്യസ്തമായി Jungle Palm Squirrel ന് മൂക്കിനോട് ചേര്‍ന്ന മുഖഭാഗത്തും വാലിന്റെ തുടക്കത്തിലും ചെമ്പന്‍ നിറമാണുണ്ടാകുക. ഇവയെ തിരിച്ചറിയാനുള്ള പ്രധാന സൂചനയാണിത്. Indian palm squirrel ഇന്ത്യയില്‍ വിന്ധ്യന് തെക്കും, ശ്രീലങ്കയിലും ആണ് സ്വാഭാവികമായി കാണുന്നത്. മഡഗാസ്കറിലും ആസ്ത്രേലിയയിലും മൗറീഷ്യസിലും സീഷെല്‍സിലും ഒക്കെ ഇവര്‍ എത്തപ്പെടുകയും അവിടങ്ങളില്‍ ശല്യക്കാരായി മാറുകയും ചെയ്തിട്ടുണ്ടെങ്കിലും പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറുള്ള കേരളത്തിലെ സ്ഥലങ്ങളില്‍ ഇവര്‍ സാധാരണമല്ല. പുറത്ത് അഞ്ച് വരകളുള്ള Funambulus pennantii എന്ന ഇനം അണ്ണാനെ ( Five striped palm squirrel) വടക്കേ ഇന്ത്യയില്‍ കാണാം. ഡല്‍ഹിയിലേയും കല്കട്ടയിലേയും പാര്‍ക്കുകളില്‍ ഒരു പേടിയും ഇല്ലാതെ അഞ്ചു വരയന്‍ അണ്ണാന്മാര് ബെഞ്ചുകളിലിരിക്കുന്ന ആളുകളുടെ കൈയില്‍ നിന്നും ഭക്ഷണം വാങ്ങി കഴിക്കുന്നതുകാണാം. മൂന്നുവരയന്മാര് അത്ര എളുപ്പം മെരുക്കം കാണിക്കുന്നവരല്ല. ആന്ധ്രയിലെ മദനപ്പള്ളിവരെയും കര്‍ണാടകയില്‍ മൈസൂരു വരെയും ഇവ എത്തിയിട്ടുണ്ട്. ഈ മൂന്നിനങ്ങള്‍ കൂടാതെ കുന്നന് അണ്ണാന് ( Nilgiri Palm Squirrel - Funambulus sublineatus) എന്നൊരു അണ്ണാന് മാത്രമാണ് കേരളത്തില്‍ വേറെ ഉള്ളത്.

വലിപ്പം കൂടിയ അണ്ണാന്മാരായ മലയണ്ണാന് (Ratufa indica , Malabar Giant Squirrel , Indian Giant Squirrel) ,ചാമ്പന്‍ അണ്ണാന് ( Ratufa macroura ,Grizzled Giant Squirrel , Sri Lankan Giant Squirrel) എന്നിവ കൂടി നമ്മുടെ കാടുകളിലും അതിനോട് ചേര്‍ന്ന പ്രദേശങ്ങളിലും ഉണ്ട്. രണ്ടിനം പറക്കുന്ന അണ്ണാന്മാര് കൂടി കേരളത്തില്‍ ഉണ്ട്. .
പാറാന്‍ (Petaurista philippensis) എന്നു വിളിക്കുന്ന Indian Giant Flying Squirrel- (Large Brown Flying Squirrel), കുന്നന് പാറാന്‍ ( Petinomys fuscocapillus )എന്നു വിളിക്കുന്ന ട്രാവങ്കൂര്‍ പറക്കും അണ്ണാന് ( Travancore Flying Squirrel) എന്നിവ.

കുഞ്ഞണ്ണാന്മാരുടെ ദേഹപ്രകൃതികള്‍
വയറുഭാഗം ക്രീം വെളുപ്പ് നിറമാണുണ്ടാകുക. വാലിലെ രോമങ്ങള്‍ വെളുപ്പും കറുപ്പും ഇടകലര്‍ന്നാണ്. ത്രികോണാകൃതിയിലുള്ള കുഞ്ഞു ചെവികളാണിവര്ക്ക് ഉള്ളത്. പുല്ല് കൊണ്ടും മറ്റും ഉണ്ടാക്കിയ കൂട്ടില്‍ ആണ് പ്രസവം. രണ്ടോ മൂന്നൊ കുഞ്ഞുങ്ങള്‍ ഉണ്ടാകും ഒരു പ്രസവത്തില്‍ . ഒന്‍പത് മാസം കൊണ്ട് പ്രായപൂര്‍ത്തിയാകും. അണ്ണാന്മാരുടെ ആയുസ് എത്രകാലമാണെന്ന് കൃത്യമായും അറിയില്ലെങ്കിലും അഞ്ച് വര്‍ഷത്തിലധികം സംരക്ഷണത്തിലുള്ള അണ്ണാന് ജീവിച്ചതായി തെളിവുണ്ട്. മരത്തിനുമുകളിലും മണ്ണിലും ആയാണ് ഇവരുടെ ജീവിതം. പലതരം വിത്തുകള്‍ , പരിപ്പുകള്‍, ധാന്യങ്ങള്‍ , പഴങ്ങള്‍, ഒക്കെയാണ് ഇഷ്ടഭക്ഷണം . പ്രാണികളേയും ചെറു ജീവികളേയും ദരിദ്രകാലത്ത് ഒഴിവാക്കില്ല. വിത്തുകളും ധാന്യങ്ങളും ഒക്കെ, എന്ത് ഉറപ്പുള്ളതാണെങ്കിലും മുന്നിലെ ഉഗ്രന്‍ പല്ലുകള്‍ കൊണ്ട് തൊലികളഞ്ഞും പൊട്ടിച്ചും കഴിക്കാന്‍ ഇവര്‍ക്ക് കഴിയും . ഭക്ഷണം സൂക്ഷിച്ച് വെക്കാനും മിടുക്കരാണ്. മറ്റുള്ളവര്‍ അത് തട്ടിയെടുക്കാന്‍ വന്നാല്‍ നന്നായി എതിര്‍ക്കാന്‍ ശ്രമിക്കും, ബഹളം വെച്ച് ഓടിക്കാന്‍ നോക്കും. .
കൃഷിക്കാരുടെ ശല്യക്കാര്‍
കൊക്കോ, പപ്പായ, ജാതിക്ക, റമ്പുട്ടാന് തുടങ്ങിയ വിളകള്‍ അണ്ണാന്മാര് കാര്യമായി നശിപ്പിക്കാറുണ്ട് . അതിനാല്‍ കൃഷിക്കാര്‍ക്ക് അത്ര ഇഷ്ടമുള്ള ജീവിയല്ല അണ്ണാന്. 'ഞങ്ങളും കൃഷിയിലേക്ക്' എന്ന മുദ്രാവക്യത്തോടെ കൈയിലെ കുട്ടയില്‍ പച്ചക്കറികളുമായി തലയില്‍ കെട്ടുമായി , മുണ്ടുടുത്ത് കൈക്കൊട്ടും പിടിച്ച് ചിരിച്ചോണ്ട് നില്ക്കുന്ന 'ചിലു അണ്ണാനെ' കേരള സംസ്ഥാന കൃഷി വകുപ്പ് ഭാഗ്യ ചിഹ്നമായി ഇതിനിടയില്‍ അവതരിപ്പിച്ചിരുന്നു. അതിനെതിരെ ഒരു വിഭാഗം കര്‍ഷകര്‍ പ്രതിഷേധവും പ്രകടിപ്പിച്ചിരുന്നു. പലതരം വിളവുകളും തിന്നും എടുത്ത് കൊണ്ടുപോയും കൃഷിക്കാര്‍ക്ക് ശല്യവും നഷ്ടവും ഉണ്ടാക്കുന്ന അണ്ണാനെ എന്തിനിങ്ങനെ ഭാഗ്യ ചിഹ്നം ആക്കി എന്നാണവര്‍ ചോദിക്കുന്നത്. കുട്ടിക്കഥകളിലെ ഓമനയായതിനാല് സ്കൂള്‍ കുട്ടികളെ കൃഷിയിലേക്ക് ആകര്‍ഷിക്കാനാണത്രെ അണ്ണാനെ പിടിച്ച് കൃഷിക്കാരനാക്കിയത് എന്നാണ് കൃഷിവകുപ്പിന്റെ ന്യായം.
അണ്ണാന്മാരുടെ പിന്‍കാലുകള്‍ക്ക് മുങ്കാലുകളെ അപേക്ഷിച്ച് നീളം കൂടുതല്‍ ഉണ്ടാവും. നല്ല ഉറച്ച മസിലുകളും. അതാണ് ചാട്ടത്തിന് സഹായിക്കുന്നത്. ഇവരുടെ ഉളി പല്ലുകള്‍ ജീവിതകാലം മുഴുവന്‍ വളര്‍ന്നുകൊണ്ടിരിക്കും. സധാസമയവും പലതും കരണ്ട് മുനകൂര്‍പ്പിച്ച് പല്ലിന്റെ നീളം കുറക്കാന്‍ ശ്രമിക്കുന്നത് അതിനാലാണ്. കൂടാതെ എപ്പഴും വജ്രമുന പോലെ മൂര്‍ച്ച ഉണ്ടായാലല്ലേ കടുകട്ടി അണ്ടിപ്പരിപ്പുകള്‍ മുറിച്ച് പിളര്‍ക്കാന്‍ കഴിയു. കണ്ണുകള്‍ തലയുടെ കൃത്യമായ അരികുകളില്‍ ആയതിനാല്‍ തല തിരിക്കാതെ തന്നെ മുന്നിലേയും മുകളിലേയും പിറകിലേയും ഒക്കെ കാഴ്ചകള്‍ കാണാന്‍ ഇവര്‍ക്ക് എളുപ്പം കഴിയും. അതിനാല്‍ അണ്ണാന്റെ കണ്ണില്‍പ്പെടാതെ ഒരാള്‍ക്കും തൊട്ടടുത്ത് എത്താന്‍ ആവില്ലതന്നെ. മീശരോമങ്ങളും മറ്റും സ്പര്‍ശനത്തിലൂടെ കാര്യങ്ങള്‍ മനസിലാക്കാന്‍ ഇവരെ സഹായിക്കുന്നവയാണ്. നേരെ മുകളിലേക്ക് ഒരു മീറ്ററിലധികം ഉയരത്തിലും മുന്നിലേക്ക് മൂന്നു മീറ്ററോളം നീളത്തിലും ചാടാന്‍ അണ്ണാന്മാര്ക്ക് കഴിയും.
മറ്റ് സസ്തനികള്ക്കൊന്നും ഇല്ലാത്ത ഒരു കഴിവ് അണ്ണാന്മാര്ക്ക് ഉണ്ട്. മുകളിലോട്ട് കയറികൊണ്ടിരിക്കെ പിന് കണ്ങ്കാല് അമര്‍ത്തിപ്പിടിച്ചുകൊണ്ട് 180 ഡിഗ്രി തിരിച്ച് താഴോട്ട് മുഖമാക്കി ഇറങ്ങാന്‍ ഇവര്‍ക്ക് കഴിയും.
അപ്പോള്‍ പിങ്കാലിലെ നഖങ്ങള്‍ വിപരീത ദിശയില്‍ മരത്തിന്റെ തൊലിയില്‍ അമര്ന്നുകിടക്കുന്നതിനാല് കൂടുതല്‍ പിടുത്തം കിട്ടും. പൊതുവെ കൂട്ടമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് അണ്ണാന്മാര്.

ഇണ ചേരല്‍
ഒരു വര്‍ഷം രണ്ട് തവണ വരെ ഇണചേരല്‍ നടക്കും ഇണ ചേരല്‍ കാലത്ത് ആണ് അണ്ണാന്മാര്ക്ക് പെണ് അണ്ണാന് പുറപ്പെടുവിക്കുന്ന ഫിറമോണ്‍ ഗന്ധങ്ങള്‍ ഒരു കിലോമീറ്റര്‍ ദൂരെ നിന്നുപോലും അറിയാന്‍ കഴിയും വിധമുള്ള ഗന്ധഗ്രാഹികള്‍ ഉണ്ട്. നമ്മുടെ നാട്ടില്‍ കാണുന്ന അണ്ണാന്മാരില് ആണ്,പെണ് അനുപാതം ഒരുപോലെ അല്ല. ആണുങ്ങളാണ് വളരെ കൂടുതലായി ഉണ്ടാകുക.
ഒരു പ്രസവത്തില്‍ രണ്ടോ മൂന്നോ കുഞ്ഞുങ്ങള്‍ ഉണ്ടാകും. വളര്ച്ചപൂര്ത്തിയാകാത്ത കുഞ്ഞുങ്ങളെയാണ് ഇവ പ്രസവിക്കുക. രോമം കുത്താത്ത നഗ്ന ശരീരരായ ഇവയ്ക്ക് പല്ല് മുളച്ചിട്ടുണ്ടാവില്ല എന്നു മാത്രമല്ല കണ്ണും കാണില്ല. കുഞ്ഞുങ്ങളെയും ഇണയേയും ആണുങ്ങള് തിരിഞ്ഞ് നോക്കില്ല. കുഞ്ഞിനെ വളര്‍ത്തലും രക്ഷിക്കലുമൊക്കെ അമ്മയുടെ മാത്രം ജോലിയാണ്. പഞ്ഞമാസങ്ങളില്‍ , ഭക്ഷണം തേടി പുറത്തിറങ്ങാന്‍ കഴിയാത്ത തീവ്ര തണുപ്പുള്ള കാലാവസ്ഥകളില്‍ പല ജീവികളും ഹൈബര്‍ണേറ്റ് ചെയ്താണ് ജീവന് നിലനിര്‍ത്തുന്നത്. ശരീരത്തിന്റെ ഉപാപചയപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കി ചുരുണ്ടുകൂടി ദീര്‍ഘ നിദ്രയില്‍ കഴിയുന്ന അതിജീവനതന്ത്രം പക്ഷെ അണ്ണാന്മാര്ക്ക് അറിയില്ല. അതിനാലാണ് ഇവര്‍ ദുരിതകാലത്തേക്ക് ഭക്ഷണമായി വിത്തുകളും കുരുക്കളും ഒക്കെ ഒളിവിടങ്ങളില്‍ മുങ്കൂട്ടി സൂക്ഷിച്ച് വെക്കുന്നത്. പലപ്പോഴും ഇങ്ങനെ ഒളിച്ച് വെച്ച പല ഇടങ്ങളും തിരിച്ചറിയാതെ നഷ്ടപ്പെടുത്താറുണ്ട്. അബദ്ധം കൊണ്ട് ഒഴിഞ്ഞ് പോകുന്നതാണെങ്കിലും അത്തരത്തില്‍ ബാക്കിയായ വിത്തുകള്‍ മുളച്ച് വരുന്നതിനാല്‍ പ്രകൃതിയിലെ വലിയതോതിലുള്ള വിത്തുവിതരണക്കാരായാണ് അണ്ണന്മാരെ കണക്കാക്കുന്നത്. മനുഷ്യരുമായുള്ള സഹവാസം ഇവരുടെ ശീലങ്ങളിലും പെരുമാറ്റത്തിലും പ്രാവുകളുടേതുപോലെ മാറ്റം വന്നിട്ടുണ്ട്. ഒട്ടും ഭയവും നാണവും ഇല്ലാതെ മനുഷ്യരുടെ മുന്നില്‍ ചിലച്ച് നടക്കാന്‍ ഇതിന് അതിനാല്‍ മടിയില്ല. ഇണക്കം പ്രകടിപ്പിക്കാനും അടുത്തോട്ട് വരാനും ഇവര്‍ക്ക് പേടി കുറവാണ്. മറ്റ് കാട്ട് സസ്തനികളെ അപേക്ഷിച്ച്് അണ്ണാന്മാര് ഇക്കാര്യത്തില്‍ വളരെ പരിഷ്കാരികളാണ് എന്ന് പറയാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..