പല്ലിയുടെ ബന്ധു, ഗുദമുള്ളുകളായി മാറിയ കാലുകൾ, അണ്ണാക്കില്‍ പല്ലുള്ള പെരുമ്പാമ്പ്


വിജയകുമാർ ബ്ലാത്തൂർപെരുമ്പാമ്പ് | ഫോട്ടോ : ഡേവിഡ് രാജു

പേരുപോലെ തന്നെ പെരുമ്പാമ്പ് ഒരു 'പെരും' പാമ്പാണ്. ലോകത്തെ വലിപ്പം കൂടിയ പാമ്പുകളിലൊന്നാണിത്. Indian Rock Python എന്നു വിളിക്കുന്ന Python molurus എന്ന പാമ്പിനെ നമ്മുടെ നാട്ടില്‍ മലമ്പാമ്പ് എന്നും വിളിക്കാറുണ്ട്. വിഷം ഇല്ലാത്തവരാണ് ഈ ബൃഹത് രൂപികളെങ്കിലും കഥകളിലും സിനിമകളിലും ഒക്കെ വളരെ കൂളായി മനുഷ്യരെപ്പോലും വിഴുങ്ങുന്ന ഭീകര ജീവിയായാണ് ചിത്രീകരിക്കപ്പെടാറ്. വലിപ്പം കൂടിയ ഇവരുടെ തലയ്ക്ക് മങ്ങിയ പിങ്ക് നിറമുണ്ടാവും. രണ്ടായിപിളര്‍ന്ന നീളന്‍ നാവ് ഇടയ്ക്ക് പുറത്തേക്ക് നീട്ടും. ഇരുണ്ട ക്രമരഹിതമായ അടയാളങ്ങള്‍ ദേഹത്ത് ഉണ്ടാകും. ഇവയുടെ ഭീമാകാര വലിപ്പം ഒന്നുകൊണ്ട് തന്നെ ഏറ്റവും എളുപ്പത്തില്‍ തിരിച്ചറിയാനാകുകയും ചെയ്യും. ഇവര്‍ പൊതുവെ മൂന്നു മീറ്ററോളം നീളം ഉള്ളവരായിരിക്കും എങ്കിലും ഏഴര മീറ്ററിലധികം നീളമുള്ളവയേയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തെക്ക് കിഴക്ക് ഏഷ്യയിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും കാണപ്പെടുന്നവരാണിവര്‍.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp groupഇന്ത്യയില്‍ നിക്കോബാര്‍ ദ്വീപുകളില്‍ വേറൊരിനം മലമ്പാമ്പുകള്‍ കൂടി ഉണ്ട്. പത്ത് മീറ്ററിനടുത്ത് വലിപ്പം വെക്കുന്ന, ദേഹത്ത് വലപോലെ അടയാളങ്ങളുള്ള Reticulated python എന്ന ഇനം . Malayopython reticulatus എന്നാണ് അതിന്റെ ശാസ്ത്രനാമം. അഞ്ചു മീറ്ററോളം വലിപ്പമുള്ള ബര്‍മീസ് പൈത്തണ്‍ എന്നുവിളിക്കുന്ന Python bivittatus എന്ന ഇനത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അപൂര്‍വ്വമായി കണ്ടിട്ടുണ്ട്.

നമ്മുടെ നാട്ടിലെ പഴംകഥകളില്‍ കാട്ടില്‍ വിറകു ശേഖരിക്കാന്‍ പോയ ആളുകളെ പെരുമ്പാമ്പ് വിഴുങ്ങിയതും മരത്തിന്റെ പൊങ്ങിയ വേരിനുള്ളിലൂടെ നുഴഞ്ഞ് കുടലിലെ ഇരയെ ഞെരുക്കി കൊല്ലുന്ന പെരുമ്പാമ്പിന്റെ നിറം പിടിപ്പിച്ച കഥകള്‍ ഏറെ ഉണ്ട്. പക്ഷെ Python molurus ഇതുവരെയായി മുതിര്‍ന്ന മനുഷ്യരെ വിഴുങ്ങിയ സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. മരത്തിന്റെ വേരിലും മറ്റും ഉരച്ച് ഉള്ളിലെ ഇരയെ കൊല്ലും എന്നതും കഥമാത്രമാണ്.

മലമ്പാമ്പ് | By Pratik Jain - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=26756447

വാവട്ടം കൂട്ടാന്‍ കഴിയുന്ന ബകന്‍

ദേഹത്തിനേക്കാള്‍ വലിപ്പം കുറഞ്ഞ ഇവയുടെ തലയിലെ വായിലൂടെ എത്രയോ മടങ്ങ് വലിപ്പമുള്ള ഇരയെ ഉള്ളിലേക്ക് വിഴുങ്ങിക്കയറ്റുന്നത് കണ്ടാല്‍ അമ്പരന്ന് നിന്നുപോകും. പാമ്പുകള്‍ക്കൊക്കെ ചെറിയതോതില്‍ ഈ കഴിവ് ഉണ്ടെങ്കിലും പെരുമ്പാമ്പ് ആ കാര്യത്തില്‍ അഗ്രഗണ്യനാണ്. സസ്തനികളുടെ താടിയെല്ലുകള്‍ ഘടിപ്പിച്ചതുപോലല്ല ഇവയുടെ താടിയെല്ലുകളുടെ സംവിധാനം. വളരെ അനായാസം വലിയ കോണളവില്‍ ചലിപ്പിക്കാവുന്ന വിധത്തിലാണിവ . മേല്‍താടിയും കീഴ്ത്ത്താടിയും വേണമെങ്കില്‍ 180 ഡിഗ്രി വരെ അകത്തി തുറക്കാനാകും. ഏറ്റവും പ്രധാനം കീഴ്താടിയിലെ മാണ്‍ഡിബില്‍ അസ്ഥി നടുഭാഗത്ത് നമ്മുടെപോലെ ഉറച്ച് യോജിപ്പിച്ചതല്ല. ഇടത്തും വലത്തും ഭാഗം ഇലാസ്തികതയുള്ള ലിഗ്മെന്റുകള്‍ കൊണ്ട് ബന്ധിപ്പിച്ചിട്ടേ ഉള്ളു. അതായത് വായ രണ്ട് ഭാഗത്തേക്കും വീതി വെപ്പിക്കാനാകും. കൂടാതെ തൊലിയും നന്നായി വലിയാന്‍ കഴിയുന്നതാണ്. വായ്ക്കകത്ത് മുകളിലേ താടിയിലും കീഴ്താടിയിലും നാലു വരി പല്ലുകള്‍ കൂടാതെ മേലണ്ണാക്കില്‍ രണ്ട് വരി പല്ലുകളും ഉണ്ട്. ഉള്ളിലേക്ക് വളഞ്ഞ ഈര്‍ച്ചവാള്‍ മുനകളുള്ള ഈ പല്ലുകള്‍ ഇരകളെ രക്ഷപ്പെടാതെ തടയുക മാത്രമല്ല ചലനം വഴി ഇരയെ തള്ളിമുന്നോട്ട് നീക്കാനും സഹായിക്കും. തലയുടെ പ്രത്യേക ചലനം വഴി ഇരയുടെ ശരീരത്തിനുമുകളിലൂടെ തലയുടെ ഇടത് വലത് ഭാഗങ്ങള്‍ മാറ്റി മാറ്റി നീക്കി 'തല നടത്തം ' ചെയ്താണ് ഇരയെ തള്ളി ഉള്ളിലേക്കാക്കുന്നത്. സ്വന്തം ഭാരത്തോളം ഉള്ള ഇരയേപ്പോലും വിഴുങ്ങാന്‍ കഴിയും.

മാനിനേയും മരപ്പട്ടിയേയും കാട്ട് പന്നിയേയും ഒക്കെ വിഴുങ്ങുമെങ്കിലും മുതിര്‍ന്ന ഒരു മനുഷ്യന്റെ ചുമല്‍ വിസ്താരം കടന്നുപോകുന്നത്ര വീതികൂട്ടാന്‍ നമ്മുടെ നാട്ടിലെ പെരുമ്പാമ്പിന് ആവില്ല.

പക്ഷെ Reticulated python മനുഷ്യരെ വിഴുങ്ങിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു ഉഗ്രന്‍ തീറ്റ കഴിഞ്ഞാല്‍ ദിവസങ്ങളും മാസങ്ങളും ഭക്ഷണം ഇല്ലാതെ കഴിയാനാവും. രണ്ട് വര്‍ഷം വരെ ഇങ്ങനെ കഴിയാന്‍ പറ്റും.

വലപോലെയുള്ള ഡിസൈനാണ് ഇവയ്ക്ക് reticulated python എന്ന പേര് ലഭിക്കാൻ കാരണം | By Kyle Zimmerman - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=36422095

നമ്മുടെ നാട്ടില്‍ ആള്‍ പെരുമാറ്റം കുറഞ്ഞ പറമ്പുകള്‍, തോട്ടങ്ങള്‍, മുളംകാടുകള്‍ , പുല്‍പ്പടര്‍പ്പുകള്‍, അഴിയോട് ചേര്‍ന്നുള്ള കണ്ടല്‍കാടുകള്‍ , നിത്യ ഹരിത വനങ്ങള്‍ ,അരുവികള്‍ക്ക് സമീപമുള്ള വരണ്ട പാറയിടുക്കുകള്‍, വലിയ ദ്രവിച്ച മരപ്പൊത്തുകള്‍, മാളങ്ങള്‍ , മണ്ണിലെ വിള്ളുകള്‍, ഉപേക്ഷിച്ച കെട്ടിടങ്ങള്‍, തുടങ്ങി പല സ്ഥലങ്ങളിലും ഇവയെ കാണാറുണ്ട്. വെള്ളം കിട്ടുന്ന സ്ഥലം ആണ് ഇവര്‍ പൊതുവെ തിരഞ്ഞെടുക്കുക. ഒറ്റയ്ക്ക് ഇരതേടി നടക്കുന്ന സ്വഭാവം ഉള്ളവരാണ്. ഇണചേരല്‍ കാലത്ത് മാത്രമേ സാധാരണയായി ജോഡിയായി കാണാറുളൂ. രാത്രി ഇരതേടുന്ന സ്വഭാവക്കാരാണെങ്കിലും പകലും വെയില്‍ കായാനും മറ്റും പുറത്തിറങ്ങാറുണ്ട്. പലതരം ജീവികളെ ഭക്ഷണമാക്കും. അനങ്ങാതെ തിരിച്ചറിയാനാകാത്തവിധം ചുരുണ്ടുകൂടി കിടന്ന് ഇരകള്‍ അടുത്തെത്തിയാല്‍ മാത്രം ചാടിവീണ് കീഴ്‌പ്പെടുത്തുന്നതാണ് പൊതുവേ ഉള്ള രീതി. കുഴിമണ്ഡലികളെപ്പോലെ മൂക്കിനടുത്തുള്ള താപ സംവേദനശേഷിയുള്ള സുഷിരം ഉപയോഗിച്ച് ഇരയുടെ ശരീരത്തില്‍ നിന്നുള്ള ചൂട് തിരിച്ചറിഞ്ഞ് അടുത്തെത്താനുള്ള കഴിവ് ഇവര്‍ക്കുണ്ട്.

ഞെരിച്ച് കൊല്ലലാണ് ആദ്യപടി. ഒന്നോ രണ്ടോ ചുറ്റിപ്പിണച്ചില്‍ കൊണ്ടാണ് ഇരയെ ശ്വാസം മുട്ടിച്ച് കൊല്ലുന്നത്. തന്നേക്കാള്‍ വലിപ്പം കൂടിയ ഇരകളേയും വെറുതെ വിടില്ല. ശ്വാസം മുട്ടിച്ചും തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറച്ചും ഹൃദയം നിലപ്പിച്ചും ആണ് ഇരയേ കൊല്ലുക. ധൃതരാഷ്ട്രാലിംഗനത്തിനിടയില്‍ ഇരയുടെ പിടച്ചിലും മറ്റും കൊണ്ട് ദേഹത്ത് പരിക്കേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കും. തലയാണ് ആദ്യം വിഴുങ്ങുക. ഉടുമ്പ് , എലി , വെരുക്,, പൂച്ചകള്‍, പക്ഷികള്‍, വവ്വാല്‍, നായകള്‍, പന്നി, മാന്‍ തുടങ്ങിയവയാണ് സാധാരണ ഭക്ഷണം. എങ്കിലും അതില്‍ സസ്തനികളോട് പ്രത്യേക ഇഷ്ടം ഉണ്ട്. നിലത്താണ് തീറ്റ കാര്യമായി അന്വേഷിക്കുക എങ്കിലും മരത്തില്‍ കയറി കാത്തുകിടന്ന് ഇരകളെ പിടികൂടാറുണ്ട്. നല്ല നീന്തല്‍കാരായ മലമ്പാമ്പുകള്‍ക്ക് വെള്ളത്തില്‍ കുറേ മിനുട്ടുകള്‍ മുങ്ങി നില്‍ക്കാന്‍ വേണമെങ്കില്‍ പറ്റും. അധികം ഊര്‍ജ്ജ്വസ്വലരായി ഇവരെ കാണില്ല. വലിയ ഭാരമുള്ള ശരീരമായതിനാല്‍ മന്ദഗാമികളാണ്. നേരെ ഇഴഞ്ഞാണ് പോകുക. ആളുകളെ ആക്രമിക്കുന്ന സ്വഭാവം ഇല്ല. എങ്കിലും ഭയപ്പെട്ടാല്‍ വാലു ചുരുട്ടി, ചീറ്റി ഉയര്‍ന്ന് പൊങ്ങി കടിക്കാന്‍ ശ്രമിക്കും. വിഷമില്ലെങ്കിലും കടികിട്ടാതെ നോക്കുന്നതാണ് നല്ലത്. നന്നായി മുറിവുണ്ടാകുകയും രോഗാണുബാധ കിട്ടുകയും ചെയ്യാം. വലിയ ഇരകളെ അകത്താക്കിയാല്‍ അവയുടെ കാലുകളും മറ്റും പുറത്തേക്ക് മുഴച്ച് നില്‍ക്കുന്നുണ്ടാകും. അതിനാല്‍ തീറ്റ കഴിഞ്ഞാല്‍ അധികം സഞ്ചരിക്കാതെ ഇര ദഹിക്കാന്‍ കാത്ത് കിടക്കുകയാണ് ശീലം. ദിവസങ്ങളും ആഴ്ചകളും എടുക്കും ദഹനത്തിന്. ആ സമയം ആരെങ്കിലും ശല്യപ്പെടുത്തിയാലോ , വേറെ വലിയ ഇരപിടിയന്മാര്‍ പാമ്പിനെ ആക്രമിക്കാന്‍ വന്നാലോ ഉള്ളില്‍ വിലങ്ങിക്കിടക്കുന്ന തീറ്റയുമായി ഓടല്‍ അപ്രായോഗികമായതിനാല്‍ ചിലപ്പോള്‍ ഉള്ളിലുള്ളത് കക്കിക്കളഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കാറുണ്ട്. വിസര്‍ജ്ജന ദ്വാരത്തിന്റെ ഇരു വശങ്ങളിലുമായുള്ള ഗുദ മുള്ളുകള്‍ കൊണ്ട് ആളുകളെ കുത്തും എന്നൊരു അന്ധവിശ്വാസം ചില നാടുകളില്‍ ഉണ്ട്. പക്ഷെ ഇരയേയോ ശത്രുവിനേയോ വരിഞ്ഞു മുറുക്കുമ്പോള്‍ അബദ്ധത്തില്‍ ഈ മുള്ളുകള്‍ കുത്തി മുറിവേല്‍ക്കാം എന്നുമാത്രമേ ഉള്ളു.

വെയില്‍ കായാന്‍ മാത്രമേ പെരുമ്പാമ്പുകൾ മുട്ടകള്‍ വിട്ട് പോകുകയുള്ളൂ| By Jayendra Chiplunkar - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=18963006

ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയാണ് പ്രജനന കാലം. മുട്ടയിട്ട് വിരിയിച്ചാണ് കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുക.എട്ടുമുതല്‍ നൂറ്റിയേഴുവരെ മുട്ടകള്‍ ഇടും. 60 മുതല്‍ 80 ദിവസം വരെ മുട്ടയ്ക്ക് അടയിരിക്കും. ആ സമയം അമ്മ പെരുമ്പാമ്പ് തീറ്റതേറ്റുകയോ വേറെങ്ങും പോകുകയോ ചെയ്യില്ല. ശരീരം വിറപ്പിച്ച് ചൂട് ഉണ്ടാക്കും. ഇടയ്ക്ക് വെയില്‍ കായാന്‍ മാത്രമേ ഇവ മുട്ടകള്‍ വിട്ട് പോകുകയുള്ളു. മുട്ടവിരിയാറാകുമ്പോള്‍ ഉള്ളിലെ കുഞ്ഞ് പാമ്പുകള്‍ക്ക് ഉളിപ്പല്ലുകള്‍ മുളയ്ക്കും . അതുപയോഗിച്ചാണ് മുട്ടയുടെ തോട് പൊട്ടിച്ച് അവ പുറത്തിറങ്ങുക. ആ പല്ലുകള്‍ കുറച്ച് നാളുകള്‍ കൊണ്ട് പൊഴിഞ്ഞ് പോകും. വിരിഞ്ഞിറങ്ങുമ്പോള്‍ കുഞ്ഞുങ്ങള്‍ വളരെ ചെറുതാണ്.45 മുതല്‍ 60 സെന്റീമീറ്റര്‍ മാത്രമായിരിക്കും നീളം. പത്ത് ദിവസത്തിനുള്ളില്‍ തന്നെ ഉറപൊഴിച്ച് വളരാന്‍ തുടങ്ങും. ആദ്യ വര്‍ഷം വളരെ വേഗത്തില്‍ വളരും. ഈ കാലത്ത് ഇതിനെ കണ്ട് ഉഗ്ര വിഷമുള്ള ചേനത്തണ്ടനാണെന്ന് തെറ്റിദ്ധരിച്ച് ആളുകള്‍ തല്ലിക്കൊല്ലാറുണ്ട്. റസല്‍സ് വൈപ്പറിനെയും സാന്റ് ബോയയേയും പെരുമ്പാമ്പിന്റെ കുഞ്ഞെന്നും പറഞ്ഞ് അലസമായി പിടിക്കുന്നതിനിടയില്‍ ചിലര്‍ക്ക് കടിയേല്‍ക്കാറും ഉണ്ട്.

കാലുകളുള്ളവര്‍

ദശലക്ഷക്കണക്കിന് വര്‍ഷം മുമ്പ് പല്ലിവര്‍ഗക്കാരില്‍ നിന്നും വേര്‍പെട്ട് പരിണമിച്ച കാലത്തെ ശേഷിപ്പുകളായി പിന്‍ കാലുകളുടെ അടയാളങ്ങള്‍ ഇപ്പോഴും പെരുമ്പാമ്പുകളില്‍ ബാക്കിയുണ്ട്. പിന്‍ഭാഗത്തായി വിസര്‍ജ്ജന ദ്വാരത്തിനടുത്ത് രണ്ട് മുള്ളകള്‍ പോലെ പുറത്തേക്ക് തള്ളിയ അവയവ ഭാഗമായി അത് കാണാം. Anal spur (ഗുദ മുള്ളുകള്‍) എന്നാണ് അതിന് പേര്.

ഗുദമുള്ള് | By Dawson at English Wikipedia - Own work, CC BY-SA 2.5, https://commons.wikimedia.org/w/index.php?curid=25942895

പെരുമ്പാമ്പുകളുടെ നീളവും ഭാരവും കണക്കാക്കുന്നതില്‍ എപ്പഴും പല പിഴവുകളും ആശയക്കുഴപ്പവും ഉണ്ടാകാറുണ്ട്. ജീവനോടെ ഇവയുടെ നീളം അളക്കല്‍ അത്ര എളുപ്പമല്ല. വലിഞ്ഞും ചുരുണ്ടും ഒക്കെ പെരുമാറുമെന്നതിനാല്‍ കൃത്യമായ നീളം അളക്കാന്‍ വിഷമം ആണ്. കഴിച്ച ഭക്ഷണവും കൂടി ഭാരത്തില്‍ ഉള്‍പ്പെടുമെന്നതിനാല്‍ തൂക്കവും കൃത്യമായി പറയാന്‍ വിഷമം ആണ്. ഇവയെ അനസ്തീഷ്യക്ക് വിധേയമാക്കിയോ, മരണശേഷം ഉടനെയോ ഒക്കെ അളന്നാല്‍ മാത്രമേ നീളം ശാസ്ത്രീയമായി കൃത്യമായി കണക്കാകുകയുള്ളു. അനകൊണ്ട മുതല്‍ Reticulated python വരെയുള്ള പല പാമ്പിനങ്ങളിലും പെട്ട , ഇരുപത് മീറ്റര്‍ നീളം വരെയുള്ളതിനെ കണ്ടെന്ന് പലരും അവകാശവാദം ഉന്നയിക്കാറുണ്ട്. ഇത് വലിയ വാഗ്വാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അങ്ങിനെയാണ് 30 അടിയെങ്കിലും നീളമുള്ള (9.14 മീറ്റര്‍ ) ഏതെങ്കിലും പാമ്പിനെ ജീവനോടെ കാണിച്ചാല്‍ ആയിരം ഡോളര്‍ സമ്മാനം തരാമെന്ന് അമേരിക്കന്‍ പ്രസിഡണ്ടും നാച്വറലിസ്റ്റും ഒക്കെ ആയിരുന്ന തിയോഡര്‍ റൂസ് വെല്‍റ്റ് 1900 ല്‍ പ്രഖാപിച്ചത്. പിന്നീട് ആ ഓഫര്‍ പലതവണ പുതുക്കപ്പെട്ടു. . ന്യൂയോര്‍ക്ക് സുവോളജിക്കല്‍ സൊസൈറ്റി ഈ ഓഫര്‍ 1980 ല്‍ 50000 ഡോളര്‍ ആയി ഉയര്‍ത്തിയെങ്കിലും ആരും ഇതുവരെ സമ്മാനത്തിന് വന്നിട്ടില്ല.

പുള്ളിപ്പുലികളും മുതലകളും ഒക്കെയാണ് പെരുമ്പാമ്പിനെ ഭക്ഷിക്കാറുള്ളതെങ്കിലും അവയേക്കാളൊക്കെ ഭീഷണി ഇവര്‍ക്ക് മനുഷ്യന്മാരില്‍ നിന്നാണ്. ഇവയുടെ മാംസം , എണ്ണ, ചോര , കാഷ്ടം എന്നിവയ്ക്ക് വലിയ പ്രത്യേകതകളും ഔഷധ ശക്തിയും ഉണ്ടെന്ന അന്ധവിശ്വാസം പല സമൂഹങ്ങളിലും ഉണ്ടായിരുന്നു.. ഇവയുടെ ചര്‍മ്മം തുകല്‍ ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ വലിയ ഡിമാന്റ് ഉള്ള വസ്തുവാണ്. ഇതിനൊക്കെ വേണ്ടിയാണ് വലിയ തോതില്‍ പെരുമ്പാമ്പുകളെ വേട്ടയാടിയിരുന്നത്. പഴയ സിനിമകളില്‍ കൊള്ളസംഘത്തിന്റെ തലവന്മാര്‍ക്ക് കഴുത്തില്‍ ഇട്ട് നടക്കാന്‍ ഒരു പെരുമ്പാമ്പ് നിര്‍ബന്ധമായിരുന്നല്ലോ. വിദേശങ്ങളില്‍ ഇതിനെ പെറ്റായി വളര്‍ത്തുന്നവര്‍ക്ക് വേണ്ടിയാണ് ഏറ്റവും കൂടുതല്‍ വേട്ടയും കള്ളക്കടത്തും നടക്കുന്നത്. ഇങ്ങനെ ഓമനിച്ച് വളര്‍ത്തിയ ചിലരുടെ അന്തകനാകുകയും Reticulated python ചെയ്തിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പെരുമ്പാമ്പിനെ കൊല്ലുന്നതും കൈയില്‍ വെക്കുന്നതും ഒക്കെ കടുത്ത കുറ്റം ആണ്.

Content Highlights: Bandhukkal mithrangal column about pythons,vijayakumar Blathur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented