ഗുളികകളുടെ പുറം മിനുക്കും, ആപ്പിൾ കേടുവരാതെ കാക്കും, അരക്കെന്ന പ്രാണിക്കറ


വിജയ കുമാർ ബ്ലാത്തൂർ"ഒരു കിലോഗ്രാം കോലരക്ക് ഉണ്ടാകാന്‍ അന്‍പതിനായിരം മുതല്‍ മൂന്നു ലക്ഷം വരെ എണ്ണം പ്രാണികള്‍ വേണ്ടിവരും. സംസ്‌കൃതത്തില്‍ 'ലക്ഷം പ്രാണികളെ പോറ്റുന്ന വൃക്ഷം'  എന്ന അര്‍ഥത്തില്‍ പ്ലാശിന്നു 'ലക്ഷതരു' എന്നു പേരുണ്ട്. ഇംഗ്ലീഷിലെ 'ലാക്' എന്ന പദം സംസ്‌കൃതത്തിലെ ലക്ഷം എന്ന പദത്തിന്റെ തദ്ഭവമാണ്. ലാക് ഇന്‍സെക്റ്റ് എന്ന് ഈ പ്രാണികളേയും ഷെല്‍ ലാക് എന്ന് അതുത്പാദിപ്പിക്കുന്ന കറയേയും വിളിക്കാന്‍ തുടങ്ങിയത് അങ്ങിനെയാണ്". 

മരക്കൊമ്പിൽ പ്രാണികളുടെ സ്രവത്തിൽ നിന്ന് രൂപപ്പെട്ട അരക്ക് കുഴൽ | Katja Schulz from Washington, D. C., USA, CC BY 2.0 , via Wikimedia Commons

രക്കിട്ടുറപ്പിക്കുക എന്ന ഭാഷാപ്രയോഗത്തിലെ അരക്ക് എന്താണെന്ന് അറിയാത്തവര്‍ ഉണ്ടാവാമെങ്കിലും എല്ലാവര്‍ക്കും 'ഷെല്ലാക്' എന്നത് കേട്ട് പരിചയമുള്ള വാക്കാണ്. കോലരക്കു തന്നെയാണ് ഈ ഷെല്ലാക്കും . പലരും സര്‍ക്കാര്‍ ഓഫീസ് ഉദ്യോഗം കിട്ടിയും ഇലക്ഷന്‍ ഡ്യൂട്ടിയ്ക്ക് എത്തുമ്പോഴും ഒക്കെ മാത്രമാണ് കോലരക്ക് നേരിട്ട് കാണുന്നത് തന്നെ. ബാലറ്റ് പെട്ടിയും ദര്‍ഘാസുകളും ലോക്കറുകളും ജപ്തി ചെയ്ത വീടിന്റെ താഴും ഒക്കെ മറ്റാരും തുറന്നില്ല എന്ന് ഉറപ്പിക്കാന്‍ ചൂടാക്കി ഉരുക്കി ഉറ്റിച്ച് ഉറയ്ക്കും മുമ്പ് മുദ്ര പതിപ്പിച്ച് സുരക്ഷിതമായി സീല്‍ ചെയ്ത് വെക്കാന്‍ നീളമുള്ള അരക്ക് വേണമല്ലോ. (സീല്‍ വെക്കുക എന്ന പ്രയോഗം അരക്ക് വെച്ച് അടയ്ക്കുന്നതിനെയാണ് പറയേണ്ടത് എങ്കിലും അധികാരമുദ്രയുള്ള സ്റ്റാമ്പ് മഷിയടയാളം പതിപ്പിക്കുന്നതിനും നമ്മള്‍ സീല്‍ എന്നു തന്നെയാണ് ഉപയോഗിക്കാറുള്ളത്.)

മഹാഭാരതകഥയില്‍ ഒരു അരക്കില്ലത്തെക്കുറിച്ച് പറയുന്നുണ്ട്. പാണ്ഡവരെ തീയില്‍പ്പെടുത്തി ചതിച്ച് കൊല്ലാന്‍ ദുര്യോധനന്റെ നിര്‍ദേശാനുസരണം പുരോചനന്‍ എന്ന ശില്‍പ്പി വാരണാവതത്തില്‍ കോലരക്ക് കൊണ്ട് പണിത കൊട്ടാരം. വലിയൊരു കൊട്ടാരം പണിയാന്‍ എത്ര മാത്രം അരക്ക് വേണ്ടിവരും എന്നൊക്കെ ആ കഥ കേട്ടപ്പോള്‍ ആലോചിച്ച് പോകും.

എത്രയോ നൂറ്റാണ്ട് മുമ്പ് മുതല്‍ അരക്കിന് പേരുകേട്ട ഇടമാണ് വടക്കേ ഇന്ത്യ. ലോകത്ത് പല നാടുകളിലും പല ആവശ്യങ്ങള്‍ക്കായി കോലരക്ക് എത്തിക്കൊണ്ടിരുന്നത് ഇവിടെ നിന്നായിരുന്നു. ഒരുകാലത്ത് യൂറോപ്പിലേക്കും ചൈനയിലേക്കും സുഗന്ധ വ്യഞ്ജനങ്ങളുടെ കച്ചവടം പോലെ പ്രധാനമായിരുന്നു ഇതും. ഇന്നും പലതരത്തിലുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഷെല്ലാക്കിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉത്പാദകര്‍ ഇന്ത്യ തന്നെയാണ്.

ഇരുപതിനായിരം മെട്രിക്ക് ടണ്‍ അരക്ക് ഓരോ വര്‍ഷവും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. ബിഹാര്‍, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡിഷ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നത്. അവിടങ്ങളിലെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ തൊഴിലും വരുമാനവും കോലരക്ക് കൃഷിയും ശേഖരണവും ശുദ്ധീകരിക്കലും ഒക്കെയാണ്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

Kerriidae കുടുംബത്തില്‍ പെട്ട വളരെ കുഞ്ഞ് പ്രാണികള്‍ അതിന്റെ രക്ഷയ്ക്കായും മുട്ടവിരിയിക്കാനുള്ള കൂടായും ഉപയോഗിക്കാന്‍ തൊലിക്കടിയിലെ ഗ്രന്ഥികളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഒരു തരം റെസിന്‍ (കറ) ആണ് ഇത്. വായുവുമായി സമ്പര്‍ക്കപ്പെടുമ്പോള്‍ ഉറച്ച് പ്രാണിക്ക് ചുറ്റും ഒരു കവചമായി മാറുന്നതാണ് നമ്മള്‍ പറയുന്ന അരക്ക്. വാഭാഗത്തും പിന്‍ഭാഗത്തും ശ്വസനക്കുഴലുകളുടെ തുറക്കുന്ന അഗ്രത്തിലും ഒക്കെ ഈ കറയ്ക്ക് പകരം മെഴുക് ഗ്രന്ഥികളില്‍ നിന്നുള്ള മെഴുക് ഉള്ളതിനാല്‍ അതിന് അപകടം ഒന്നും പറ്റുകയും ഇല്ല. ഈ കറക്കൂടിനുള്ളില്‍ മരനീര് വലിച്ച് കുടിക്കലും ജീവിതവും ഒക്കെ കുശിയായി നടക്കും. കശുമാവിന്റെ തടിയില്‍ നിന്ന് ഊറുന്ന പശകളും കുന്തിരിക്കവും റബ്ബറും ഒക്കെ പോലെ മരക്കറകള്‍ പലതുണ്ടെങ്കിലും ജീവികള്‍ ഉത്പാദിപ്പിക്കുന്ന കറകള്‍ അധികം ഇല്ലല്ലോ. അതില്‍ ഏറ്റവും പ്രധാനം ആണ് അരക്ക്.

മരക്കൊമ്പിൽ പ്രാണികളുടെ സ്രവത്തിൽ നിന്ന് രൂപപ്പെട്ട അരക്ക് കുഴൽ
Katja Schulz from Washington, D. C., USA, CC BY 2.0 <https://creativecommons.org/licenses/by/2.0>, via Wikimedia Commons

കിഴക്കനേഷ്യയാണ് ഈ പ്രാണികളുടെ ജന്മദേശം. പൂവം, ഇരുള്‍, പ്ലാശ്, ഇലന്ത തുടങ്ങിയ നാനൂറോളം സസ്യങ്ങളുടെ ഇളം തണ്ടുകളില്‍ ജീവിക്കുന്ന അരക്ക് പ്രാണികള്‍ ആണ് കോലരക്ക് ഉത്പാദിപ്പിക്കുന്നത്. ലക്ഷക്കണക്കിന് പ്രാണികള്‍ കമ്പുകളില്‍ പിടിച്ച് നിന്ന് നീരൂറ്റുന്നുണ്ടാകും.

ഒരു കിലോഗ്രാം കോലരക്ക് ഉണ്ടാകാന്‍ അന്‍പതിനായിരം മുതല്‍ മൂന്നു ലക്ഷം വരെ എണ്ണം പ്രാണികള്‍ വേണ്ടിവരും.

സംസ്‌കൃതത്തില്‍ 'ലക്ഷം പ്രാണികളെ പോറ്റുന്ന വൃക്ഷം' എന്ന അര്‍ഥത്തില്‍ പ്ലാശിന്നു 'ലക്ഷതരു' എന്നു പേരുണ്ട്. അതില്‍ നിന്നാണത്രെ അരക്കിന് 'ലാക്ഷ' എന്നു പേരു ലഭിച്ചത്. ഇംഗ്ലീഷിലെ 'ലാക്' എന്ന പദം സംസ്‌കൃതത്തിലെ ലക്ഷം എന്ന പദത്തിന്റെ തദ്ഭവമാണ്. ലാക് ഇന്‍സെക്റ്റ് എന്ന് ഈ പ്രാണികളേയും ഷെല്‍ ലാക് എന്ന് അതുത്പാദിപ്പിക്കുന്ന കറയേയും വിളിക്കാന്‍ തുടങ്ങിയത് അങ്ങിനെയാണ്.

അരക്ക് പ്രാണിയും അതുണ്ടാക്കിയ അരക്ക് കുഴലും.
By Harold Maxwell-Lefroy; artist F.M. Howlett -
https://www.flickr.com/photos/biodivlibrary/6280048728/in/set-72157627975114672,
CC0,https://commons.wikimedia.org/w/index.php?curid=19935897

ലാക്കിഫര്‍ ലാക്ക (Laccifer Lacca) കെരിയ ലാക്ക (Kerria lacca) എന്നൊക്കെ പേരുള്ള അരക്ക് പ്രാണിയേയും ഇതുണ്ടാകുന്ന അരക്ക് ശേഖരിച്ച് ഉപയോഗിക്കാനും വളരെ പണ്ട് മുതലേ നമുക്ക് അറിയാം. വസ്ത്രങ്ങള്‍ക്ക് നിറം നല്‍കാനുള്ള ഡൈ ആയാണ് ഇത് ആദ്യം മറ്റ് നാടുകളിലേക്ക് പോയത്. പിന്നീട് പെയിന്റുകളില്‍ ഉപയോഗിക്കാന്‍ യൂറോപ്പില്‍ എത്തി. ആഭരണങ്ങള്‍ നിര്‍മിക്കാനും സൗന്ദര്യ വസ്തുക്കള്‍ ഉണ്ടാക്കാനും ലോഹവും തടിയും കൊണ്ടുള്ള ഉപകരണങ്ങളും ഫര്‍ണിച്ചറുകളും പലക പാകിയ തറയും മറ്റും മിന്നിത്തിളക്കാനും ഇതുപയോഗിച്ചിരുന്നു. വാര്‍ണീഷുകള്‍ പെയിന്റുകള്‍ എന്നിവയില്‍ അടിസ്ഥാന പദാര്‍ത്ഥമായി അരക്ക് തന്നെയാണ് ഉപയോഗിക്കുന്നത്. ഇലക്ട്രിക്ക് ഉപകരണങ്ങളുടെ വരവോടെ ഇന്‍സുലേറ്റര്‍ ആയും ഗ്രാമഫോണ്‍ റിക്കോഡുകള്‍ നിര്‍മിക്കാനും ഇത് ഉപയോഗിച്ചു. 1921 മുതല്‍ 1928 വരെയുള്ള കാലം യൂറോപ്പില്‍ 260 ദശലക്ഷം ഗ്രാമഫോണ്‍ റിക്കോഡുകള്‍ നിര്‍മിക്കാന്‍ മാത്രം പതിനെട്ടായിരം ടണ്‍ കോലരക്ക് ഉപയോഗിച്ചിട്ടുണ്ട്. ആയിരത്തി തൊള്ളായിരത്തി എഴുപതുവരെയും ഗ്രാമഫോണ്‍ റിക്കോഡുകള്‍ നിര്‍മിക്കാന്‍ ഇതുപയോഗിച്ചിരുന്നു. സിന്തറ്റിക് പോളിമറുകളുടെ ആവിര്‍ഭാവത്തോടെയാണ് കോലരക്ക് ഇത്തരം നിര്‍മാണങ്ങളില്‍ നിന്നും പിറകോട്ട് പോയത്. പലതരം മരുന്നുകള്‍ നിര്‍മിക്കാന്‍ ഇത് ഉപയോഗിച്ചിരുന്നു. ലാക്ഷാദിതൈലം പോലുള്ള ആയുര്‍വേദ മരുന്നുകള്‍ ഇത് ചേര്‍ത്താണ് നിര്‍മിക്കുന്നത്.

Also Read

മയിലും ഒരുതരം കോഴിയാണ്, കാല്പനിക ഏമ്പക്കം ...

BANDHUKAL MITHRANGAL

കാർ കയറിയിറങ്ങിയാലും കൂളായി നടന്നു പോകും; ...

പല്ലിയുടെ ബന്ധു, ഗുദമുള്ളുകളായി മാറിയ കാലുകൾ, ...

ബന്ധുക്കൾ മിത്രങ്ങൾ

ഗുഹാകാലം മുതൽ നമുക്കൊപ്പം താമസിച്ചവർ, മൂത്രമൊഴിക്കില്ല, ...

Bandhukkal Mithrangal

ഏത് മൃദുല ഹൃദയരും ഇവരെക്കണ്ടാൽ ചവിട്ടി ...

BANDHUKAL MITHRANGAL

ഒരു വർഷം പട്ടിണി കിടന്നാലും ചാവില്ല, ശല്യമായി ...

കൊമ്പൻമീശയും തടിയും മസിലും; മാരക ലുക്കാണ്; ...

ഗ്രാമഫോൺ റെക്കോഡ്

കാപ്‌സ്യൂളുകള്‍ ഗുളികകള്‍ എന്നിവയുടെ പുറം മിനുക്കാനും കോട്ടിങ്ങുകള്‍ക്കും കോലരക്ക് ഉപയോഗിക്കുന്നുണ്ട്. ആപ്പിളും നാരങ്ങയും ഒക്കെ ദീര്‍ഘനാള്‍ കേടുവരാതെ സൂക്ഷിക്കാന്‍ വാക്‌സ് ചെയ്യുന്നതിന് അരക്ക് ആണ് ഉപയോഗിക്കുന്നത്. പല തരം മിഠായികള്‍ക്കും മറ്റും തിളക്കം കൂട്ടാന്‍ ഇത് ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് ഈ പ്രാണിയുടെ കറ രുചിക്കാത്ത ആരും ഭൂമിയിലെ നഗരങ്ങളില്‍ ഉണ്ടാകാന്‍ സാധ്യത ഇല്ല. വടക്കെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും ഗ്രാമങ്ങളില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഇപ്പോഴും പ്രധാന വരുമാനം അരക്ക് പ്രാണികളെ വളര്‍ത്തി അരക്ക് ശേഖരിച്ച് സംസ്‌കരിക്കുന്നതില്‍ നിന്ന് കിട്ടുന്നതാണ്.

By Jeffrey W. Lotz - http://www.forestryimages.org/browse/detail.cfm?imgnum=5385241, CC BY 3.0,
https://commons.wikimedia.org/w/index.php?curid=18477126

ഒരു കൊമ്പിൽ പതിനായിരങ്ങൾ

വളരെ ചെറിയ ഈ പ്രാണിയുടെ പെണ്ണിനങ്ങള്‍ മുട്ടയിട്ട് വിരിഞ്ഞ് ഉണ്ടാകുന്ന അര മില്ലീമീറ്ററോളം മാത്രമുള്ള ചുവപ്പ് നിറമുള്ള കുഞ്ഞ് നിംഫുകള്‍ മൂന്നു പ്രാവശ്യം ഉറപൊഴിച്ചാണ് പ്രായപൂര്‍ത്തിയാവുക. മുട്ട വിരിഞ്ഞിറങ്ങുന്ന ഒന്നാം ഘട്ടത്തെ ക്രൗളേര്‍സ് എന്നാണ് വിളിക്കുക. ഇങ്ങനെ പതിനായിരക്കണക്കിന് എണ്ണം ഒരു കുഞ്ഞ് കൊമ്പില്‍ തന്നെ ഉണ്ടാകും . ഈ സമയം ഈ കുഞ്ഞുങ്ങള്‍ മരക്കമ്പുകളില്‍ ഓടിപ്പിടിച്ച് നിന്ന് വദനഭാഗം കുത്തിയിറക്കി ഫ്‌ലോയം സാപ്പ് നീരൂറ്റിക്കുടിച്ചാണ് വളരുക. ഒന്നുരണ്ട് ദിവസം കൊണ്ട് നിംഫുകള്‍ തൊലിക്കടിയിലെ ഗ്രന്ഥികളില്‍ നിന്നും കറപോലുള്ള കൊഴുത്ത അരക്ക് ദ്രവം പുറപ്പെടുവിക്കാന്‍ തുടങ്ങും. ഇത് അന്തരീക്ഷ വായുവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ഉറക്കും. അരക്കിനാല്‍ നിംഫ് പൊതിയപ്പെടും . പിന്നെ അതിനുള്ളില്‍ കഴിഞ്ഞാണ് നീരൂറ്റല്‍. ഒന്നാമത്തെ ഉറപൊഴിയലോടെ ആണിനും പെണ്ണിനും കാലുകളും കണ്ണും ഒക്കെ നഷ്ടമാകും. പിന്നീടുള്ള ഉറപൊഴിക്കലില്‍ ആണിനും പെണ്ണീനും രൂപം വ്യത്യസ്തമാകും. വളര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ ആണിന് വലിച്ച് കുടിക്കാനുള്ള വദനഭാഗങ്ങള്‍ നഷ്ടമാകുമെങ്കിലും പുതുതായി ആന്റിനയും ചിറകും ഒക്കെ ഉണ്ടാകും. പെണ്‍ പ്രാണിക്ക് വലിച്ച് കുടിക്കാനുള്ള സംവിധാനം ഒഴികെ എല്ലാം നഷ്ടമാകുകയാണ് ചെയ്യുക. അത് പറ്റി നില്‍ക്കുന്ന സ്ഥലത്ത് നിന്നും പിന്നെ ജീവിതാവസാനം വരെ എങ്ങും പോകുകയില്ല. അതിനാല്‍ ചിറകോ ശരിയ്ക്കുള്ള കാലോ കണ്ണോ ഒന്നും ആവശ്യവും ഇല്ലല്ലോ. അര സെന്റീമീറ്ററില്‍ താഴെ മാത്രം വലിപ്പമുള്ളതും സബര്‍ജില്‍ പഴത്തിന്റെ ആകൃതിയുള്ളതുമാണ് പെണ്‍ പ്രാണി. തല ഉരസ് ഉദരം എന്നൊക്കെ ശരീരത്തെ വേര്‍തിരിക്കാനൊന്നും പറ്റുന്ന വിധം അല്ല രൂപം. തലയില്‍ ഒരുജോഡി നാമ മാത്രമായ ആന്റിനകളുണ്ടാകും. തുരക്കാനും വലിച്ച് കുടിക്കാനും സഹായിക്കുന്ന വദനഭാഗം ഉണ്ട്. ചലിക്കാനൊന്നും കഴിയാതെ , ധാരാളം മുട്ടകള്‍ ശരീരത്തില്‍ കരുതാന്‍ മാത്രം വലിപ്പം വെക്കും. ഈ സമയമത്രയും പെണ്‍ പ്രാണി നിര്‍ത്താതെ അരക്ക് സ്രവിപ്പിച്ച്‌കൊണ്ടിരിക്കും. അതിനാല്‍ പെണ്‍ പ്രാണികളാണ് അരക്ക് ഭൂരിഭാഗവും ഉണ്ടാക്കുന്നത് എന്ന് പറയാം. ചുവപ്പ് നിറമുള്ള ആണ്‍ പ്രാണികള്‍ പെണ്ണിലും വളരെ ചെറുതാണ്. ഒന്നര മില്ലീ മീറ്ററിലും താഴെ മാത്രമാണ് വലിപ്പം ഉണ്ടാകുക. കൂട്ടില്‍ നിന്നും പുറത്തിറങ്ങിയ ആണ്‍ പ്രാണി ഇണയേത്തേടി നടന്ന് കണ്ട്പിടിച്ച് ഇണചേരും. ഇണചേരലോടെ ആണ്‍ പ്രാണി ചത്ത് പോകും.

വിവിധ നിറങ്ങളിലുള്ള അരക്ക് ശേഖരിച്ച് സംസ്കരിച്ച ശേഷം
By Nuberger13 at en.wikipedia - I created this work entirely by myself., Public Domain, https://commons.wikimedia.org/w/index.php?curid=13477833

ഓവോ വിവിപാരസ് സ്വഭാവം ഉള്ളവരാണിവര്‍ അതിനാല്‍ പെണ്‍ പ്രാണി ഉള്ളില്‍ നിന്നുതന്നെ ഭ്രൂണ വളര്‍ച്ച പൂര്‍ത്തിയാക്കിയ ശേഷം ആണ് അരക്ക് സെല്ലിനുള്ളില്‍ മുട്ടയിടുന്നത്. ഇത്തരത്തില്‍ 300-1000 മുട്ടകള്‍ ഏഴു മുതല്‍ പത്ത് വരെ ദിവസങ്ങള്‍ കൊണ്ടാണ് ഇടുക. വിരിഞ്ഞിറങ്ങുന്ന ചുവപ്പ് നിറമുള്ള നിംഫുകള്‍ കുറച്ച് നേരം അമ്മയുടെ കവചത്തിനുള്ളില്‍ കഴിയും എങ്കിലും ഉടന്‍ പുറത്തിറങ്ങി നീര് വലിച്ച് കുടിക്കാന്‍ പതമുള്ള ഇളം ചില്ലകള്‍ തേടി നടത്തം ആരംഭിക്കും. ഇങ്ങനെ പതിനായിരക്കണക്കിന് നിംഫുകള്‍ മഴപ്പാറ്റകള്‍ ഒന്നിച്ചിറങ്ങും പോലെ കൂട്ടമായാണ് യാത്രതുടങ്ങുക. സ്വാമിങ്ങ് എന്നാണ് ഇതിനും പറയുക. ഇത്തരത്തില്‍ ഒരു വര്‍ഷം രണ്ട് തലമുറ അരക്ക് പ്രാണികള്‍ ഉണ്ടാകും. അരക്ക് പറ്റിപ്പിടിച്ചിരിക്കുന്ന ചെറു ശിഖരങ്ങള്‍ മുറിച്ചെടുത്താണ് അരക്ക് ശേഖരിക്കുന്നത്. പ്രാണിയുടെ ശരീരത്തിനുള്ളിലെ രക്തസമാനമായ ഹീമോ ലിംഫ് ആണ് കറയിലേതിലും കൂടുതല്‍ നിറമുള്ളത്. അതിനാല്‍ ഡൈകള്‍ നിര്‍മ്മിക്കാനുള്ള ആവശ്യത്തിനുള്ള അരക്കാണ് വേണ്ടതെങ്കില്‍ അവയെ ഒഴിവാക്കാതെ കറയോടൊപ്പം വെയിലത്ത് ഉണക്കിയെടുക്കുകയാണ് ചെയ്യുക.

Content Highlights: Bandhukkal mithrangal, lac bug , resin Kerria lacca, അരക്ക്, arakku


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented