ശരീരം പത്തിരിട്ടി വലിച്ചുനീട്ടും, ചോരയ്ക്ക് നീല നിറം; ഒച്ച് ഒരു സംഭവമാണ്‌


വിജയകുമാര്‍ ബ്ലാത്തൂര്‍ലോലവും ആര്‍ദ്രവുമായ ശരീരം വെയില്‍ കൊണ്ടാല്‍ തന്നെ വരണ്ടുപോകും. അതിനാല്‍ രാത്രിയാണ് ഇവര്‍ സജീവമാകുക. മേഘം മൂടിയ സമയത്തും മഴക്കാലത്തും പകലും ഇവര്‍ ഇര തേടി ഇറങ്ങും. അല്ലാത്തപ്പോള്‍ പകല്‍ കഴിവതും മണ്ണില്‍ ഇലകള്‍ക്കും മരത്തടികള്‍ക്കും അടിയിലും വിള്ളുകളിലും ഒളിച്ച്

ഒച്ച്‌ |Photo-By Grauvision - Own work, CC BY 4.0, https://commons.wikimedia.org/w/index.php?curid=89245978

മയെപ്പോലെ ശരീരം സ്വന്തം പിരിയന്‍ കവച കൂടിനുള്ളിലേക്ക് വലിച്ച് കയറ്റി ഇരപിടിയന്മാരില്‍ നിന്നും രക്ഷപ്പെടാനുള്ള കഴിവാര്‍ജ്ജിച്ചവരാണ് ഒച്ചുകള്‍. കൂടും കുടുക്കയുമില്ലാതെ, വെറും നഗ്നമായി, നനവാര്‍ന്ന ശരീരവും ഉരച്ച് സഞ്ചരിക്കുന്ന കൂടില്ലാ ഒച്ചുകളും ഉണ്ട്. ഉറപ്പുള്ള കാല്‍ഷ്യം കാര്‍ബനേറ്റ് കൊണ്ടുള്ള വലമ്പിരിയും ഇടമ്പിരിയുമായ പലരൂപത്തിലുള്ള കക്കക്കൂടുമായി നടക്കുന്നവര്‍ക്ക് ഇംഗ്ലീഷില്‍ സ്‌നൈലുകള്‍ എന്നാണ് പറയുക. വഴുവഴുപ്പന്‍ ശരീരവുമായി കൂടില്ലാതെ നടക്കുന്ന ഒച്ചുകള്‍ക്ക് സ്ലഗുകള്‍ എന്നും. ഇവയെ പരസ്പരം തിരിച്ചറിയാന്‍ മലയാളത്തില്‍ Snail എന്നതിന് 'അച്ചില്‍' എന്നും Slug എന്നതിന് 'ഒച്ച്' എന്നും രണ്ട് വ്യത്യസ്ത പേരുകളായി ഇവയെ തിരിക്കുന്നതാവും നല്ലത്.

നമ്മുടെ ചെവിയുടെ അകത്ത് ഉള്ള കോക്ലിയയുടെ രൂപമാണ് സ്‌നൈലുകള്‍ക്ക്. ശരീരം മുഴുവന്‍ ഉള്ളിലേക്ക് കയറ്റാന്‍ മാത്രം വലിപ്പമില്ലാത്ത കുഞ്ഞ് കൂടുകള്‍ ഉള്ളവയും ഉണ്ട്. അവയെ സെമി സ്ലഗുകള്‍ എന്നാണ് പറയുക. മൊളസ്‌ക (Mollusca) ഫൈലത്തിലെ ഗാസ്‌ട്രോപ്പോഡ ( Gastropoda ) വര്‍ഗ്ഗത്തിലുള്‍പ്പെടുന്നവരാണ് ഒച്ചുകള്‍. കരയില്‍ മാത്രം 40,000 ഇനത്തിലധികം ഗാസ്‌ട്രോപ്പോഡകള്‍ ഉണ്ട്. ജലജീവികളാണ് ഭൂരിപക്ഷം ഒച്ചുകളും. പലയിനങ്ങളായി കടല്‍ വെള്ളത്തിലും ശുദ്ധജലത്തിലും ജീവിക്കുന്നവര്‍. കര ഒച്ചുകള്‍ പൊതുവെ തണുപ്പും ഈര്‍പ്പവും ഇരുളും ഇഷ്ടപ്പെടുന്നവയാണ്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ലോലവും ആര്‍ദ്രവുമായ ശരീരം വെയില്‍ കൊണ്ടാല്‍ തന്നെ വരണ്ടുപോകും. അതിനാല്‍ രാത്രിയാണ് ഇവര്‍ സജീവമാകുക. മേഘം മൂടിയ സമയത്തും മഴക്കാലത്തും പകലും ഇവര്‍ ഇര തേടി ഇറങ്ങും. അല്ലാത്തപ്പോള്‍ പകല്‍ കഴിവതും മണ്ണില്‍ ഇലകള്‍ക്കും മരത്തടികള്‍ക്കും അടിയിലും വിള്ളുകളിലും ഒളിച്ച് കഴിയുകയാണ് ചെയ്യുക. ചുറ്റുപാടുകള്‍ അനുകൂലമല്ലെങ്കില്‍ വളരെനാളുകള്‍ ഹൈബര്‍ണേറ്റ് ചെയ്യാനുള്ള കഴിവും ഉണ്ട്. ചില പ്രമുഖ ഗായകര്‍ സ്വന്തം ശബ്ദം മധുരതരമായി സൂക്ഷിക്കാന്‍ ഒച്ചിനെ കയറുവെച്ച് കെട്ടി തൊണ്ടയിലൂടെ ഇറക്കി വലിച്ച് പുറത്തെടുക്കാറുണ്ട് എന്നൊക്കെ വാര്‍ത്തകള്‍ ഒരു കാലത്ത് നമ്മുടെ നാട്ടിലും പ്രചരിച്ചിരുന്നു. അതിന്റെ വഴുക്കലുള്ള ശരീരത്തിലെ മ്യൂക്കസിന് അത്തരത്തില്‍ ഒരു കഴിവും ഇല്ല.

By Amir Mirzanejad - Own work, CC BY 4.0, https://commons.wikimedia.org/w/index.php?curid=112877425

വയറാണ് കാല്

ഒച്ചിന്റെ പരന്ന അടിഭാഗം മൊത്തമായി പാദം എന്ന് പറയാം. വയര്‍ ഉരച്ച് നീങ്ങുന്നവര്‍. ഗ്രീക്കില്‍ വയര്‍ എന്ന അര്‍ഥം വരുന്ന gaster ഉം പാദം എന്നര്‍ത്ഥം വരുന്ന poda യും ചേര്‍ന്നാണ് ഗാസ്‌ട്രോപോഡ എന്ന പേര് ഇവര്‍ക്ക് ലഭിച്ചത്. പാദത്തിലെ മസിലുകളുടെ താളത്തിലുള്ള വലിച്ചിലും ചുരുങ്ങലും വഴിയാണ് സഞ്ചാരം. തറയിലുരഞ്ഞും യാത്രാവഴിയിലെ മുനയും മൂര്‍ച്ചയും ഉള്ള പലതിലും പോറിയും ലോലമായ പാദത്തിന് പരിക്ക് പറ്റാതിരിക്കാന്‍ ശരീരം ആദ്യമേ ഒരുതരം വഴുക്കുന്ന കൊഴുത്ത മ്യൂക്കസ് ദ്രാവകം പുറപ്പെടുവിക്കും. പാദത്തിന്റെ മുന്‍ഭാഗത്തിനെ propodium എന്നാണ് വിളിക്കുക. തീവണ്ടി എഞ്ചിന്റെ മുന്നില്‍ പാളത്തിലെ തടസങ്ങള്‍ വാരിഒഴിവാക്കാന്‍ വെച്ച 'പയലറ്റ്' പോലൊരു കോരിക സംവിധാനം. മുന്നിലെ വഴിയിലെ കരടും പൊടിയും തൂത്ത്മാറ്റലാണ് പണി.

പാദം പുറപ്പെടുവിക്കുന്ന സ്രവങ്ങളിൽ ഫെെബറുള്ളതിനാൽ കുത്തനെയുള്ള ചുമരുകളും മറ്റും വഴുതിവീഴാതെ കയറാനും ഒച്ചുകള്‍ക്ക് പറ്റും.

ഇത്രയുമൊക്കെ സൂക്ഷ്മത ഉള്ളതിനാല്‍ മൂര്‍ച്ചയേറിയ ബ്ലൈഡിനുമുകളിലൂടെയും പരുപരുത്ത പ്രതലത്തിലൂടെയും ഇതിന് മുറിവേല്‍ക്കാതെയും പരിക്ക് പറ്റാതെയും ഇഴഞ്ഞ് നിങ്ങാന്‍ ആകും. ഇഴഞ്ഞ് പോയ വഴികളില്‍ മ്യൂക്കസ് ഉണങ്ങിയ പാട് വെള്ളിനിറത്തില്‍ തിളങ്ങിക്കാണാം. ഈ അടയാളങ്ങള്‍ മറ്റ് ഒച്ചുകള്‍ ഇണയെ കണ്ടെത്താനുള്ള വഴിയടയാളമായി ഉപയോഗിക്കാറുണ്ട്. പാദം പുറപ്പെടുവിക്കുന്ന ഈ സ്രവങ്ങളില്‍ ഫൈബറുകളും കാണും. അതിനാല്‍ കുത്തനെയുള്ള ചുമരുകളും മറ്റും വഴുതിവീഴാതെ കയറാനും ഒച്ചുകള്‍ക്ക് പറ്റും. ഒച്ചിഴയും പോലെ എന്നത് ചില വണ്ടികളുടെ മെല്ലെപ്പോക്കിനെ കളിയാക്കാന്‍ മാത്രമല്ല ബ്യൂറോക്രസിയുടെ ചുവപ്പ്‌നാടയില്‍ കുരുങ്ങി ഒരു മേശയില്‍ നിന്നും ഫയല്‍ തൊട്ടടുത്ത സീറ്റിലെ ക്ലര്‍ക്കിന്റെ മേശയില്‍ എത്താന്‍ എടുക്കുന്ന ദീര്‍ഘസമയത്തെ കളിയാക്കാനും ഉപയോഗിച്ചിരുന്നു. പക്ഷെ അത്ര പതുക്കെ ഒന്നും അല്ല ഒച്ചുകളുടെ സഞ്ചാരം. സാധാരണ നമ്മുടെ നാട്ടില്‍ കാണുന്ന ഒച്ചുകള്‍ ഒറ്റ രാത്രികൊണ്ട് 12 മീറ്റര്‍ ദൂരം ഇഴഞ്ഞ് നീങ്ങും. അതിന്റെ ശരീരവലിപ്പവുമായി തട്ടിച്ച് നോക്കുമ്പോള്‍ അത്രമോശം സ്പീഡല്ല താനും.

രാകിരാകി തിന്നുന്നവര്‍

കര ഒച്ചുകള്‍ പൊതുവെ സസ്യഭുക്കുകളാണ്. പക്ഷെ എന്തും തിന്നുന്ന സ്വഭാവക്കാരാണിവരില്‍ പല സ്പീഷിസുകളും. വെള്ളത്തില്‍ ജീവിക്കുന്നവ പലതും വ്യത്യസ്തവും പ്രത്യേകതരവും ആയ ഭക്ഷണ ശീലങ്ങള്‍ ഉള്ളവയാണ്. സസ്യഭാഗങ്ങളും അഴുകിയ മാംസവും അഴുക്കുകളും പൂപ്പലും ഒക്കെ ഒച്ചുകള്‍ തിന്നും. ചിലയിനങ്ങള്‍ ചിലതരം വിരകളേയും മറ്റ് ജീവികളുടെ വിസര്‍ജ്യങ്ങളും കഴിക്കും. ചിലപ്പോള്‍ മറ്റ് ഒച്ചുകളേയും വരെ തിന്നുന്നവയുണ്ട്. ഇവയുടെ നാടപോലെയുള്ള നാക്കില്‍ നിരനിരയായി പതിനായിരക്കണക്കിന് കുഞ്ഞ് അരിപ്പല്ലുകളുണ്ട്. റാഡുല (Radula) എന്നാണിതിന് പേര്. ഈ 'റാഡുല'യിലെ മൈക്രോസ്‌കോപ്പിക് പല്ലുകള്‍ കൊണ്ട് അരം രാകും പോലെ ഇലകളും മരത്തൊലിയും ചുരണ്ടിത്തിന്നാണ് വയറുനിറക്കുന്നത്. പൂന്തോട്ടങ്ങളിലും, കൃഷിയിടങ്ങളിലും ഇളം ചെടികളുടെ ഇലയും പൂവും തടിയും ഒച്ചുകള്‍ തിന്നു തീര്‍ക്കുന്നത് വലിയ ശല്യമാണ്. ആഫ്രിക്കന്‍ ഒച്ചുകളേപ്പോലെ ഗുരുതരമായ അലോസരം ഉണ്ടാക്കുന്നവരും ഉണ്ട്. എങ്കിലും മണ്ണിലെ പലതരം പോഷകങ്ങളുടെ അളവ് നിലനിര്‍ത്താനായി ജൈവാവശിഷ്ടങ്ങളുടെ ജീര്‍ണ്ണനത്തിന് ഒച്ചുകള്‍ സഹായം ചെയ്യുന്നുമുണ്ട്.

ഒച്ചിന്റെ നാവ്‌ | twitter.com/CaveEvil/status/614592715188113408/photo/1

ആന്റിനത്തലപ്പിലെ കണ്ണുകള്‍

ഒച്ചുകളുടെ തലയില്‍ നിന്ന് രണ്ട് ജോഡി ആന്റിനകള്‍ സേമിയപ്പായസത്തിലെ കുഞ്ഞ് കഷണം പോലെ നീളത്തില്‍ പുറത്തേക്ക് തുറിച്ച് നില്‍ക്കുന്നുണ്ടാകും . അവ ഉള്ളിലേക്ക് ചുരുക്കിവെക്കാനും നീട്ടാനും കഴിയുന്നവയാണ്. ഒന്നാം ജോഡിയുടെ തലപ്പത്ത് കടുകുമണി പറ്റിയ അടയാളം പൊലെ പൊടിക്കണ്ണുകള്‍ ഉണ്ടാവും. ഭക്ഷണവും ശത്രുവിനേയും നേരിട്ട് കണ്ട് മനസിലാക്കി സഹായിക്കാനുള്ളതല്ല അവ. പ്രകാശവ്യതിയാനങ്ങള്‍ തിരിച്ചറിയാനുള്ള വെറും ഗ്രാഹികള്‍ മാത്രമാണവ. തൊട്ട് താഴെയുള്ള നീളം കുറഞ്ഞ ആന്റിനകള്‍ മണം പിടിക്കാനുള്ള മൂക്കുകളാണ്. നമ്മുടെ കണ്ണുകള്‍ തലയോട്ടിയിലെ എല്ലിന്‍ കുഴികളില്‍ സുരക്ഷിതമായി ഘടിപ്പിച്ചിരിക്കുന്നതു പോലെ അല്ല ഒച്ചിന്റെ കണ്ണുകള്‍. ലോലമായ ഈ രണ്ട്‌ ജോഡി ഗ്രാഹികളും എങ്ങാനും തട്ടിയാലും മുട്ടിയാലും, ഇരപിടിയന്‍ പക്ഷികള്‍ കൊത്തിയാലും വേഗത്തില്‍ മുറിഞ്ഞുപോവുകയോ കേടു പറ്റുകയോ ചെയ്യാന്‍ സാധ്യതയുള്ളതാണ്. കണ്ണും മൂക്കുമില്ലാതെ പിന്നെന്തു ജീവിതം എന്ന ഭയം വേണ്ട. മുറിഞ്ഞ് പോയാലും ഇവ രണ്ടും വീണ്ടും വളരും.

Photo-By GabrielleMerk - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=41222082

വെള്ളത്തടിയന്മാര്‍

ഒച്ചുകളുടെ ശരീരത്തിന്റെ മുഖ്യപങ്കും ജലാംശം ആണ്. കൂടിനുവെളിയില്‍ ഉള്ളപ്പോള്‍ പെട്ടന്ന് തന്നെ ഇവ ഉണങ്ങിവരണ്ട്‌ പോകും. അതിനാല്‍ സദാസമയവും ചൂടില്‍ ഉണങ്ങിപ്പോവാതിരിക്കാന്‍ സ്വയം മ്യൂക്കസ് സ്രവിപ്പിച്ചുകൊണ്ടിരിക്കും. പുറംതോടുള്ളവര്‍ക്ക് ഇരപിടിയന്മാരെത്തിയാല്‍ കൂടിനുള്ളില്‍ ഒളിക്കാം എന്ന രക്ഷയുണ്ട്. അതില്ലാത്ത ഒച്ചുകള്‍ അതിജീവനത്തിനായി ശരീരത്തിന്റെ വഴുതല്‍ സ്വഭാവവും ഉപയോഗിക്കുന്നുണ്ട്. പക്ഷികളുടെ കൊക്കില്‍ കുടുങ്ങിയാലും ചിലപ്പോള്‍ വഴുതി രക്ഷപ്പെടാനാകും.

ശരീരം പത്തിരിട്ടിവരെ വലിച്ചു നീട്ടാനുള്ള കഴിവുമുണ്ട്

കൂടാതെ ഈ സ്രവങ്ങളുടെ അരുചി മൂലം പക്ഷികള്‍ തിന്നാതെ ഉപേക്ഷിക്കുകയും ചെയ്യും. എങ്കിലും മിന്നാമിനുങ്ങിന്റെ ലാര്‍വകളും മറ്റും കൂടിനുള്ളിലെ ഒച്ചിനെപ്പോലും തിന്നും. ശരീരം വലിച്ച് നീട്ടാന്‍ വല്ലാത്ത കഴിവുണ്ട് ഇവര്‍ക്ക്. പത്തിരട്ടിവരെ നീളം വലിഞ്ഞ് കൂട്ടാം . നേര്‍ത്ത ദ്വാരങ്ങളിലൂടെ പോലും കടന്ന് പോകാനും ഇരപിടിയന്മാര്‍ക്ക് പിടികൊടുക്കാതെ കല്ലുകളുടേയും മരക്കീറുകളുടേയും നേര്‍ത്ത വിള്ളലുകളില്‍ ഒളിക്കാനും, സുരക്ഷിത സ്ഥലങ്ങളില്‍ മുട്ടയിടാനും ഈ പ്രത്യേകതകൊണ്ട് ഇവര്‍ക്ക് കഴിയും. ഉപ്പിട്ടാല്‍ ഒച്ചുകള്‍ ചുരുണ്ടു ചുരുങ്ങിപ്പോകുന്നത് ഓസ്‌മോസിസ് പ്രതിഭാസം മൂലം ഉള്ളിലെ വെള്ളം പുറത്തേക്ക് വരുന്നതുമൂലമാണ്.

നീലച്ചോരക്കാര്‍

ഒച്ചുകളില്‍ മറ്റ് മൊളസ്‌ക വിഭാഗക്കാരെപ്പോലെതന്നെ തുറന്ന രക്തചംക്രമണവ്യവസ്ഥ ആയതിനാല്‍, ചോര, ലിംഫ്, വയറിലെ ദ്രവങ്ങള്‍ എല്ലാം ഒന്നിച്ച് കൂടിക്കുഴഞ്ഞ് ഒരു അവിയല്‍ പരുവത്തിലുള്ള ദ്രാവകം ആയിരിക്കും ശരീരത്തില്‍ നിറഞ്ഞിരിക്കുക, അതിന് ഹീമോലിംഫ് എന്നാണ് പറയുക. നമ്മുടെയൊക്കെ ചോരയ്ക്ക് ചുവപ്പ് നിറത്തിനുകാരണമായ ഹീമോഗ്ലോബിനുപകരം ഒച്ചിന്റെ ചോരയില്‍ ഹീമോസയാനിന്‍ എന്ന ചെമ്പ് അടങ്ങിയ പിഗ്മെന്റ് പ്രോട്ടീന്‍ ആണുള്ളത്. അതിനാല്‍ ഒച്ചിന്റെ 'ചോര' ദ്രാവകത്തിന് ഇളം നീലനിറമാണുണ്ടാകുക.

ആഫ്രിക്കന്‍ ഒച്ചും മുട്ടകളും | Photo-By Kwabenabaop - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=103396037

തിരിഞ്ഞ് ചുരുണ്ട് പിണഞ്ഞ്

പല ജീവികളുടെയും ശരീരത്തിന്റെ ഇടതും വലതും ഭാഗം സാമ്യത ഉള്ളതാകുമല്ലോ. ഈ സാമ്യതയായ 'സിമട്രി'ക്കാര്യം ഒച്ചിന്റെ കാര്യത്തില്‍ മഹാ അവതാളത്തിലാണ്. വലമ്പിരി, ഇടമ്പിരി പുറംതോടിനുള്ളില്‍ വലിഞ്ഞുകയറാനുള്ള അനുകൂലനമായാവാം സ്‌നൈലുകള്‍ക്ക് ഇത്തരത്തില്‍ ആന്തരികാവയവങ്ങളും മറ്റും പരിണമിച്ചത്. ഇടതുവശം കൂടുതല്‍ വളര്‍ന്നും വലതുവശം ചുരുണ്ടും ഉള്ളത് പോലെയാണ് ആകാരം. ഉള്ളില്‍ ആകെമൊത്തം പിണഞ്ഞ് മറിഞ്ഞ അവസ്ഥ. രീരത്തിന്റെ പിന്നഗ്രത്തില്‍ ഉണ്ടാകേണ്ട വിസര്‍ജ്ജനദ്വാരം തിരിഞ്ഞ് മുന്നില്‍ വലത് ഭാഗത്ത് ആണുണ്ടാകുക. ലൈംഗീക അവയവങ്ങളും ശ്വസനനാളവും കൂടി വലത് വശത്ത് തന്നെ.

ഇണചേരല്‍ കുരുക്കുകള്‍

ആണ്‍ പെണ്‍ ലൈഗീകാവയവങ്ങള്‍ ഒരേ ജീവിയില്‍ തന്നെകാണുന്ന (hermaphrodites) ഉഭയലിംഗ ജീവികളാണിവര്‍. ഒച്ചുകള്‍ ഇണചേരുന്നത് ശരിക്കും ഇഴചേരും പോലെ പരസ്പരം കൂട്ടിപ്പിണഞ്ഞാണ്. പ്രണയലീലകള്‍ രണ്ട് മണിക്കൂര്‍ മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ നീളും. ഇരുവരും പരസ്പരം തങ്ങളുടെ പുരുഷാവയവങ്ങള്‍ ജോഡിയുടെ ശരീരത്തിനുള്ളിലേക്ക് കയറ്റി ഉള്ളില്‍ ബീജം നിക്ഷേപിക്കും. ബീജ സങ്കലനം കഴിഞ്ഞാല്‍ ഇരുവരും ദിവസങ്ങള്‍ക്കകം വീണുകിടക്കുന്ന മരത്തടികള്‍ക്കടിയിലോ ഇലകള്‍ക്കടിയിലോ മുട്ടയിടും. മുപ്പതോളം മുട്ടകള്‍ ഒറ്റത്തവണയായി ഇട്ട് കൂട്ടും. വടക്കേ അമേരിക്കയിലെ വാഴഒച്ചുകള്‍ (Banana slugs - Ariolimax californicus) ഇണചേരുന്നത് ചിലപ്പോള്‍ ദുരന്തത്തിലാണ് അവസാനിക്കുക. കൂട്ടിപ്പിണഞ്ഞുള്ള ഇണചേരലിന് ശേഷം ചിലപ്പോള്‍ ഒരാള്‍ക്കോ അല്ലെങ്കില്‍ ഇരുവര്‍ക്കുമോ ലൈംഗീകാവയവം കുരുങ്ങിപ്പോകുന്ന അവസ്ഥയുണ്ടാകും . അപ്പോള്‍ അത് സ്വയം അരിഞ്ഞ് കളയുകയോ പരസ്പരം കടിച്ച് മുറിച്ച് കളയുകയോ മാത്രമേ മാര്‍ഗ്ഗമുള്ളു. Apophallation എന്ന ഈ അവസ്ഥയില്‍ മുറിഞ്ഞ് പോയ ലിംഗാവയവം പോയത് തന്നെ. നഷ്ടമായ കണ്ണ് വീണ്ടും വളരുന്നത് പോലെ ഇത് വളരുകയില്ല. തുടര്‍ന്ന് ജീവിതം പെണ്ണായി മുട്ടയിടല്‍ മാത്രമായി പരിമിതപ്പെടും.

ഒച്ചുകളുടെ കണ്ണുതുര (റ)ക്കും നാടവിര

പന്നിക്കുടലാണ് മനുഷ്യക്കുടലില്‍ എത്തുന്നതിനു മുമ്പ് പരാദ ഇടത്താവള കേന്ദ്രമായി മുട്ടവിരിയിച്ച് വളരാന്‍ നാടവിരകള്‍ തിരഞ്ഞെടുക്കുന്നത് എന്ന് നമുക്ക് അറിയാം. അവയില്‍ പെട്ടതല്ലെങ്കിലും Leucochloridium paradoxum എന്ന പരാദ നാടവിര വളര്‍ച്ചാ പൂര്‍ണ്ണതയ്ക്കുള്ള ആതിഥേയരായ പക്ഷികളുടെ ഉള്ളില്‍ എത്തും മുമ്പ് ഒച്ചുകളെയാണ് ആദ്യം കുറച്ച് കാലത്തേക്ക് ഇടത്താവളമാക്കി വളരാന്‍ തിരഞ്ഞെടുക്കുക. green-banded broodsac, എന്നും പേരുള്ള ഇവരുടെ ബ്രൗണ്‍ നിറമുള്ള. മുട്ടകള്‍ വിരിഞ്ഞിറങ്ങുന്ന ലാര്‍വകള്‍ അതി ലോല സിലിയകള്‍ ചലിപ്പിച്ച് വളരാനുള്ള ഇടം തേടി ഒച്ചുകളുടെ വയറ്റില്‍ തുഴഞ്ഞ് നടക്കും. വളര്‍ച്ചയുടെ ആദ്യ ഘട്ടം കഴിഞ്ഞ് സ്‌പോറോ സൈറ്റുകളായി മാറി അത് പതുക്കെ തലയിലെ നീണ്ടു തുറിച്ച് കടുക് ഒട്ടിച്ച് വെച്ചത് പോലുള്ള കണ്ണുകളെന്നും പറയുന്ന സ്പര്‍ശിനികളില്‍ എത്തും. പിന്നെയാണ് കളി. ഇടത് കണ്ണ് ആണ് ഇഷ്ടം. ആ ലോലമായ സുതാര്യമായ ആന്റിന കണ്ണ്, ലാര്‍വ നിറഞ്ഞ് വിങ്ങി വീര്‍ക്കും - എന്നിട്ട് അതിനുള്ളില്‍ നിന്ന് മിന്നി മിനുങ്ങി സ്പന്ദിച്ചു പിടച്ച് കളിക്കും. ആ ചലനവും രൂപവും കാഴ്ചയില്‍ ഒരു ശലഭ - ഈച്ചപ്പുഴുവിനെ അനുസ്മരിപ്പിക്കും. പ്രകാശഗ്രാഹികളായ കണ്ണുകളുടെ പ്രവര്‍ത്തനം താറുമാറാകുന്നതോടെ ഒച്ച് സ്വാഭാവികമായി ഇരപിടിയന്മാരുടെ കണ്ണില്‍ പ്പെടാതിരിക്കാന്‍ പാരമ്പര്യമായി ആര്‍ജിച്ച ശീലമായ ഇലകളുടെയും മറ്റും മറവില്‍ ഒളിച്ച് കഴിയുക എന്ന കാര്യം മറക്കും. എല്ലാം അവതാളത്തിലാകും. സാധാരണ പകല്‍ ചൂടും വെളിച്ചവും ഉള്ള ഇടങ്ങളില്‍ ഇഴഞ്ഞ് മാറി മറവുകളില്‍ ഒളിക്കുന്ന ശീലം കൈവിടും. നല്ല തെളിച്ചമുള്ള ഇടത്തേക്ക് ഒച്ച് ഇഴഞ്ഞ് വന്ന് നില്‍ക്കും.

Photo-By Nick Beel - Imported from 500px (archived version) by the Archive Team. (detail page), CC BY 3.0, https://commons.wikimedia.org/w/index.php?curid=73793993

ഇലചാര്‍ത്തുകളുടെ അടിഭാഗത്ത് നിന്ന് മുകള്‍പ്പരപ്പില്‍ കയറി നില്‍ക്കും. അപ്പോഴും കണ്ണുകള്‍ക്ക് ഉള്ളിലെ ഈ വിരലാര്‍വ പച്ച മഞ്ഞ ചുവപ്പ് വര്‍ണങ്ങളില്‍ ഡെക്കറേഷന്‍ ബള്‍ബ് മിന്നും പോലെ പള്‍സേറ്റ് ചെയ്ത് കൊണ്ടിരിക്കുന്നുണ്ടാവും. ഒളിവിടങ്ങളില്‍ നില്‍ക്കാതെ വെളിവിടത്തില്‍ വന്ന് നില്‍ക്കുന്നതൊടെ വേഗത്തില്‍ ഇരപിടിയന്മാരുടെ കണ്ണില്‍ പെടും എന്നത് മാത്രമല്ല. സ്പന്ദിച്ച്‌കൊണ്ടിരിക്കുന്ന കണ്ണ് കാണുമ്പോള്‍ പക്ഷികള്‍ക്കൊക്കെ ഏറ്റവും ഇഷ്ടമുള്ള തീറ്റയായ ഷഡ്പദ ലാര്‍വപ്പുഴുവിനെപ്പോലെ (മാഗട്ടുകള്‍) തന്നെ തോന്നും . പുഴുവെന്ന് കരുതി പക്ഷികള്‍ ആവേശത്തോടെ ഒച്ചിന്റെ കണ്ണ് കൊത്തി അകത്താക്കും. അതാണ് വിര ലാര്‍വയ്ക്കും വേണ്ടത്. ഹാവൂ ആശ്വാസമായി എന്ന് അത് ദീര്‍ഘ നിശ്വാസം വിടും. പക്ഷിക്ക് പുഴു ബിരിയാണികിട്ടിയ സന്തോഷം! .green-banded broodsac - പരാദ വിരക്കുഞ്ഞിന് അതിന്റെ ജന്മലക്ഷ്യമായ പക്ഷിയെ കണ്ടെത്തിയ സന്തോഷം!പക്ഷിയുടെ വയറ്റില്‍ എത്തിയ ഈ സ്‌പോറോസൈറ്റ് ദഹിക്കാതെ വളര്‍ന്ന് വലിയ പരാദ നാട വിരയാകും. പക്ഷി കാഷ്ടിക്കുമ്പോള്‍ ഇവയുടെ മുട്ടയും പുറത്ത് വരും. ഈ കാഷ്ടം തിന്നുന്ന ഒച്ചുകളുടെ ഉള്ളിലെത്തി ഇതേ ചക്രം തുടരും.

By Olexandr Ostrovyi - Own work, CC BY 4.0, https://commons.wikimedia.org/w/index.php?curid=113388773

ഭക്ഷണമായി ഒച്ചുകള്‍

വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ റോമക്കാരും ഗ്രീക്ക്കാരും ഒച്ചിനെ ഭക്ഷണത്തിനായി ഉപയോഗിച്ചിട്ടുണ്ട് . ലോകത്ത് പല ഇടങ്ങളിലും പോഷകമൂല്യമുള്ള ഭക്ഷണമായി ഇന്ന് ഒച്ചുകളെ കണക്കാക്കുന്നുണ്ട്. യൂറോപ്പിലെ ഏറ്റവും വലിപ്പം കൂടിയ, റോമന്‍ ഒച്ച് എന്ന് അറിയപ്പെടുന്ന Helix pomatia ഫ്രഞ്ചു ഭക്ഷണത്തിലെ പ്രധാന ഇനം ആണ്. ഒച്ച് എന്ന അര്‍ത്ഥമുള്ള എസ്‌കഗൊ ( Escargot) എന്നാണ് ഈ വിഭവത്തിന് പറയുക. ഇന്ത്യയില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ നാഗലാന്റിലും മണിപ്പൂരിലും ഒച്ചുകളെ ഭക്ഷണമാക്കുന്നുണ്ട്. ഓരോ വര്‍ഷവും 40000 ടണ്‍ ഒച്ചിനെയാണ് ഫ്രഞ്ചുകാര്‍ തിന്നുന്നത്. മുന്നൂറോളം ഒച്ചുഫാമുകള്‍ ഫ്രാന്‍സില്‍ ഉണ്ടെങ്കിലും അവര്‍ക്കുവേണ്ടതിന്റെ 95 ശതമാനവും മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്.

വേണ്ടവിധത്തില്‍ പാചകം ചെയ്താല്‍ കരയില്‍ കാണുന്ന ഒരുവിധം എല്ലാ ഒച്ചുകളേയും ഭക്ഷണമാക്കവുന്നതാണ്. തീന്മേശയില്‍ എത്തും മുമ്പ് ഇവയെ നിരവധി മണിക്കൂറുകളോളം മസാലകള്‍ ചേര്‍ത്ത് തിളപ്പിച്ചശേഷം വൃത്തിയാക്കിയെടുത്ത പുറംതോടിനുള്ളിലേക്ക് തിരികെയിട്ട് മനോഹരമായി അലങ്കരിച്ച് വിളമ്പുകയാണ് ചെയ്യുന്നത്. മനുഷ്യര്‍ക്ക് രോഗങ്ങള്‍ പരത്തുന്ന ഉപദ്രവകാരിയായും കൃഷി നാശം ചെയ്യുന്ന കീടമായും ഒക്കെ ശല്യക്കാരായി മാത്രം കാണുന്ന ഇവരുടെ കൂടുകള്‍ ആഭരണങ്ങള്‍ക്കും അലങ്കാരങ്ങള്‍ക്കും ഉപയോഗിക്കാറുണ്ട്. ഒച്ചിന്റെ പുറത്തുള്ള വഴുവഴുത്ത ദ്രാവക മ്യൂക്കസ് സൗന്ദര്യവര്‍ദ്ധകവസ്തുവായും ഔഷധമായും ഉപയോഗിക്കാന്‍ ശേഖരിക്കുന്നുണ്ട്.

By Ավետիսյան91 - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=89949019

ആഫ്രിക്കന്‍ ഒച്ച്

Achatinidae കുടുംബത്തില്‍ പെട്ട ഒരിനം വലിയ ഒച്ചുകളെയാണ് ഭീമന്‍ ആഫ്രിക്കന്‍ കര ഒച്ചുകള്‍ എന്ന് പറയുന്നത്. ഇവ മൂലമുള്ള ശല്യം കേരളത്തില്‍ മാത്രമല്ല ലോകത്തെ പല രാജ്യങ്ങളിലും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. കിഴക്കന്‍ ആഫ്രിക്കക്കാരായ ഇവര്‍ പെറ്റ് ട്രേഡിങ്ങിലൂടെയും ഭക്ഷണമായും ഒക്കെയാണ് ആദ്യകാലങ്ങളില്‍ പല സ്ഥലങ്ങളിലും എത്തിയത്. Achatina Fulica എന്ന ഇനം ഒച്ചുകളെ 1950 കളില്‍ അണ്ണാമലൈ സര്‍വകലാശാലയില്‍ നിന്നും പഠനങ്ങള്‍ക്കായി ചില ഗവേഷകര്‍ കേരളത്തില്‍ കൊണ്ടുവന്നതാണെന്നും അബദ്ധത്തില്‍ അവയില്‍ ചിലത് പാലക്കാട് എലപ്പുള്ളിയില്‍ പുറത്ത് പോയതാണെന്നും കരുതപ്പെടുന്നു.

ആഫ്രിക്കന്‍ ഒച്ച്‌ | Photo-Mathrubhumi

എങ്കിലും മര ഉരുപ്പടികളും വിറകും കപ്പലുകളില്‍ ഇറക്കുമതി തുടങ്ങിയതോടെയാണ് ഇവ ഇത്രയും വ്യാപകമായി എത്തിയത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. 1970 ലും 2005 ലും ആണ് പ്രധാനമായും ഇവയുടെ ആക്രമണം മൂര്‍ദ്ധന്യത്തില്‍ എത്തിയത്. 2020 ആയപ്പോഴേക്കും ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇവര്‍ എത്തി. ഏറ്റവും ഭീകരമായി പടരുന്ന ഇന്‍വാസീവ് സ്പീഷിസായാണ് International Union for Conservation of Nature (IUCN) ഇതിനെ കണക്കാക്കിയിരിക്കുന്നത്. ഇയോസിനോഫിലിക് മെനിജൈറ്റിസ് ( eosinophilic meningitis) പോലുള്ള രോഗങ്ങള്‍ പകരാന്‍ ഇവര്‍ കാരണക്കാരാകാം എന്നത് വളരെ ഗൗരവമുള്ള കാര്യം ആണ്. ഇവയെ ഒഴിവാക്കാന്‍ പല രീതികളും ഉപയോഗിക്കുന്നുണ്ടെങ്കിലും ഒന്നും പൂര്‍ണ്ണ പ്രയോജനം നല്‍കുന്നില്ല.

Content Highlights: bandhukal mithrangal column on sail, vijayakumar blathur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented