ഏത് മൃദുല ഹൃദയരും ഇവരെക്കണ്ടാൽ ചവിട്ടി അരയ്ക്കും, ചില്ലറക്കാരല്ല ചെമ്പനും കൊമ്പനും


വിജയകുമാർ ബ്ലാത്തൂർBandhukkal Mithrangal

കൊമ്പൻ ചെല്ലിയും ചെമ്പൻ ചെല്ലിയും

നവര്‍ഗ സസ്യങ്ങളുടെ അന്തകരായി കണക്കാക്കുന്നവരാണ് ചെമ്പന്‍ ചെല്ലിയും കൊമ്പന്‍ ചെല്ലിയും. മലയാളത്തില്‍ പ്രാസമൊപ്പിച്ചുള്ള പേരുകളാണെങ്കിലും ഇരുവരും അത്ര അടുത്ത ബന്ധുക്കളല്ല. ആകാശത്തിലേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന തെങ്ങും കവുങ്ങും ഈന്തപ്പനയും ആനപ്പനയും കുടപ്പനയും എണ്ണപ്പനയും ഒക്കെ ഈ രണ്ട് കുഞ്ഞന്മാരുടെ മുന്നില്‍ തലകുനിക്കുന്നവരാണ്.
ചെമ്പന്‍ ചെല്ലിയിലെ പേരുപോലെ തന്നെ ആള്‍ തുരുമ്പന്‍ ചെമ്പന്‍ നിറമുള്ള നീളന്‍ മൂക്കന്‍ വീവില്‍ പ്രാണിയാണ്. എന്നാല്‍ കൊമ്പന്‍ ചെല്ലി കാണ്ടാമൃഗത്തിന്റേതുപോലെ നെറുകയില്‍ കൊമ്പുള്ള തിളങ്ങുന്ന കരിമ്പന്‍ വണ്ടാണ്. മുതിര്‍ന്ന ചെമ്പന്‍ ചെല്ലി തെങ്ങു തുരക്കില്ല. അതിന്റെ മുട്ടവിരിഞ്ഞിറങ്ങുന്ന ലാര്‍വപ്പുഴുക്കളാണ് ബകനെപ്പോലെ തെങ്ങിന്റെ തലമണ്ടതുരന്ന് ചവച്ച് നീരൂറ്റി കഥകഴിക്കുന്നത്. എന്നാല്‍ കൊമ്പന്‍ ചെല്ലിയുടെ കുഞ്ഞായ ചാണകപ്പുഴുവല്ല വില്ലന്‍.

ചെമ്പൻ കൊല്ലി | By gailhampshire from Cradley, Malvern, U.K - Red Palm Weevil,
Rhynchophorus ferrugineus, CC BY 2.0, https://commons.wikimedia.org/w/index.php?curid=49993800

മുതിര്‍ന്ന വണ്ടുകള്‍ തന്നെയാണ് തല തറിച്ച് മുറിച്ച് തെങ്ങുണക്കുന്നത്. തടിയുടെയും കൂമ്പിന്റെയും ഉള്ളില്‍ നിന്നും ഊറുന്ന മാദകദ്രവം തന്നെയാണിവരുടെ ആകര്‍ഷണം.

വീവിലുകളുടെ കുടുംബമായ Curculionidae ല്‍ പെട്ടതാണ് ചെമ്പന്‍ ചെല്ലികള്‍. 6800 ജനുസുകളിലായി 83000 ല്‍ അധികം ഇനം വീവില്‍ പ്രാണികളെ ഇതുവരെയായി കണ്ടെത്തീട്ടുണ്ട്. നീളന്‍ മൂക്കുള്ള ഈ വണ്ടുകള്‍ക്ക് അഗ്രവഭാഗം വീര്‍ത്തു ഗദപോലെയുള്ള ആന്റിനകളാണുണ്ടാകുക. ഇവര്‍ ഭക്ഷണമാക്കുന്നത് സസ്യഭാഗങ്ങള്‍ മാത്രമാണ്. പലപ്പോഴും ഒരോ ഇനങ്ങളും പ്രത്യേകഇനം സസ്യങ്ങളെ മാത്രം ഭക്ഷണത്തിനായി ആശ്രയിക്കുന്ന സ്വഭാവം ഉള്ളവരാണ് . കീടനാശിനികളോട് പ്രതിരോധം ആര്‍ജ്ജിച്ച് അതിജീവിക്കാന്‍ ഇവര്‍ക്ക് അസാമാന്യമായ കഴിവ് ഉണ്ട്. റിങ്കോഫൊറസ് ഫെറുഗിനിയെസ് (Rhynchophorus ferrugineus) എന്നാണ് ചെമ്പന്‍ ചെല്ലിയുടെ ശാസ്ത്രനാമം. red palm weevil, Asian palm weevil , sago palm weevil എന്നൊക്കെ പേരില്‍ അറിയപ്പെടുന്നവരാണ് ഇവര്‍. മുതിര്‍ന്ന വണ്ടുകള്‍ക്ക് 2 മുതല്‍ 4 സെന്റീമീറ്റര്‍ വരെ നീളമുണ്ടാകും. ഏഷ്യന്‍ ഉഷ്ണമേഖല പ്രദേശങ്ങളില്‍ പരിണമിച്ചുണ്ടായ ഇവര്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും എത്തി വലിയ ഉപദ്രവം ചെയ്യുന്ന ശല്യക്കാരായി മാറിക്കഴിഞ്ഞു. തെങ്ങു കൃഷിയുള്ള രാജ്യങ്ങളിലെ 15% സ്ഥലങ്ങളിലും ഇവരുടെ ആക്രമണം ഉണ്ട്. ഈന്തപ്പനകൃഷിയുള്ള രാജ്യങ്ങളില്‍ പകുതിയിലും ഇവരെകൊണ്ട് വലിയ ഉപദ്രവമായിക്കഴിഞ്ഞു.

ചെമ്പൻകൊല്ലിയുടെ ലാർവ | By Luigi Barraco - Own work (personal work), CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=3190526

ഓരോ പ്രാണികളും മുട്ടയിടുന്നത് വിരിഞ്ഞിറങ്ങുന്ന ലാര്‍വപ്പുഴുവിന് അനുയോജ്യമായ ഭക്ഷണം ലഭിക്കുന്ന ഇടമാണോ എന്ന് നോക്കിയാണ്. ചെമ്പന്‍ ചെല്ലി മുട്ടയിടാന്‍ ഇഷ്ടപ്പെടുന്നത് ഈന്തപ്പനകള്‍ , തെങ്ങ്, കവുങ്ങ് പോലുള്ള പനവര്‍ഗത്തില്‍ പെട്ട സസ്യങ്ങളുടെ തടിയിലോ ഇലക്കവിളുകളിലോ ആണ്. നമ്മുടെ നാട്ടിലെ 20 വര്‍ഷത്തില്‍ കുറവ് പ്രായമുള്ള തെങ്ങുകളാണ് ഇവര്‍ തിരഞ്ഞെടുക്കുന്നത്. തെങ്ങിന്റെ മൃദു ഭാഗങ്ങള്‍ തുളച്ച് ചെറിയ ദ്വാരമുണ്ടാക്കിയാണ് ചെമ്പന്‍ ചെല്ലി മുട്ടയിടുക. ഒരിടത്ത് തന്നെ ഇരുന്നൂറോളം മുട്ടകള്‍ ഇടും. തെങ്ങില്‍ ചെത്താനും തേങ്ങയിടാനും കയറാന്‍വേണ്ടി കൊത്തിവെച്ച കൊതകള്‍, അറപ്പെ കൊത്തിയ മട്ടല്‍ അഗ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പെണ്‍ വീവില്‍ പ്രാണി മുട്ട ഇട്ട്കൂട്ടുക. മൂന്നു ദിവസം കൊണ്ട് മുട്ട വിരിയും. തടിയ്ക്ക് ഉള്ളിലേക്ക് കാലില്ലാത്ത ലാര്‍വ പുഴുക്കള്‍ തിന്നു തുരന്ന് കയറും . ഇങ്ങനെ ഒരു മീറ്റര്‍ നീളത്തില്‍ വരെ തുരപ്പ് തുരക്കും. തെങ്ങും കവുങ്ങും ഒക്കെ തല വാടിക്കാണുമ്പോള്‍ മാത്രമേ കര്‍ഷകര്‍ വിവരം അറിയുകയുള്ളു. തെങ്ങിന്റെ തടിയില്‍ കാണുന്ന ദ്വാരങ്ങളും അവയിലൂടെ പുറത്തേക്ക് വരുന്ന അവശിഷ്ടങ്ങളും, കറുത്ത് കൊഴുത്ത ദ്രാവകവും ഒക്കെ ചെമ്പന്‍ ചെല്ലിയുടെ ആക്രമണ ലക്ഷണങ്ങള്‍ ആണ്. പുറം മടലുകള്‍ ഒടിഞ്ഞ് തൂങ്ങിക്കിടക്കുന്നതും ഓലമഞ്ഞളിപ്പും ഒക്കെ മറ്റ് ലക്ഷണങ്ങള്‍ ആണ്. തെങ്ങിന്റെ തടിയില്‍ ചെവി ചേര്‍ത്ത് പിടിച്ചാല്‍ ഉള്ളില്‍ ചെമ്പന്‍ ചെല്ലി കുഞ്ഞുങ്ങള്‍ തുരക്കുന്നുണ്ടെങ്കില്‍ അതിന്റെ കിരുകിര ശബ്ദം നമുക്ക് ചിലപ്പോള്‍ കേള്‍ക്കാന്‍ കഴിയും. അത്ര പരാക്രമികളാണ് ഇവയുടെ ലാര്‍വപ്പുഴുക്കള്‍. പുഴുവിന് ആറേഴ് സെന്റീമീറ്റര്‍ നീളം ഉണ്ടാകും രണ്ട് മാസം കൊണ്ട് പൂര്‍ണ്ണവളര്‍ച്ച പ്രാപിച്ച, കാലില്ലാത്ത പുഴുക്കള്‍ തടിച്ചും നടുക്ക് വീര്‍ത്തും രണ്ടറ്റവും കൂര്‍ത്തും ഉള്ള രൂപത്തിലാണുണ്ടാകുക. ശരീരത്തിന് മഞ്ഞകലര്‍ന്ന വെളുപ്പ് നിറവും തലയ്ക്ക് തവിട്ട് നിറവുമാണ്. മുതിര്‍ന്നാല്‍ ഇവ തെങ്ങിന്‍ തടി വിട്ട് പുറത്തേക്കിറങ്ങും. തെങ്ങിന്‍ കവിളിലോ ചുവടിലോ ഉള്ള ചവറുകളില്‍ ഉണങ്ങിയ തെങ്ങിന്‍ നാരുകള്‍ ചേര്‍ത്ത് അണ്ഡാകൃതിയില്‍ പ്യൂപ്പക്കൂട് ഉണ്ടാക്കും. ഒരു മാസം വരെ കാലം പ്യൂപ്പയ്ക്കുള്ളില്‍ കഴിഞ്ഞാണ് വീവില്‍ വണ്ടായി പുറത്ത് വരിക. തെങ്ങിന്റെ ഓലയിടുക്കില്‍ ശ്രദ്ധിച്ചാല്‍ പ്യൂപ്പക്കൂടുകള്‍ കാണാം. നന്നായി പറക്കാന്‍ കഴിയുന്ന ഇവര്‍ക്ക് നൂറു ദിവസത്തോളം ആയുസുമുണ്ട്.

കൊമ്പൻ ചെല്ലി | By HAH, CC BY 2.5, https://commons.wikimedia.org/w/index.php?curid=2664233

കാണ്ടാമൃഗത്തെപ്പോലുള്ള കൊമ്പൻ ചെല്ലി

ഓറിക്ടസ് റൈനോസെറസ് (Oryctes rhinoceros) എന്ന ശാസ്ത്രനാമമുള്ള കൊമ്പന്‍ ചെല്ലി പലപേരുകളില്‍ അറിയപ്പെടുന്നുണ്ട്. Asiatic rhinoceros beetle, coconut rhinoceros beetle or coconut palm rhinoceros beetle, എന്നിങ്ങനെ. ബ്രൗണ്‍ കലര്‍ന്ന കറുപ്പ് നിറത്തിലുള്ള ഈ കരുത്തന്‍ വണ്ടിന്റെ രൂപം കാണ്ടാമൃഗത്തോട് (Rhinoceros) സാമ്യമുള്ളതിനാലാണ് ഇതിന് Oryctes rhinoceros എന്ന പേരുകിട്ടിയത്. ആണ്‍ വണ്ടിന് 4.5 സെന്റീമീറ്റര്‍ നീളവും 2 സെന്റീമീറ്റര്‍ വീതിയും ഉണ്ടാകും. ആണ്‍ വണ്ടിന്റെ തലയില്‍ വളഞ്ഞ്‌ നില്‍ക്കുന്ന കൊമ്പിന്റെ അത്ര വലുതല്ല പെണ്‍ വണ്ടുകളുടെ കൊമ്പ്. ആണ്‍ വണ്ടിന്റെ പിറക് ഖണ്ഡം മിനുസത്തിളക്കമുള്ള വക്രരൂപത്തിലാണെങ്കില്‍ പെണ്‍ കൊമ്പഞ്ചെല്ലിയുടെ അവസാന ഭാഗത്ത് രോമങ്ങളുള്ള ഒരു കുഞ്ഞ് വാലുപോലുള്ള ഭാഗമാണുണ്ടാകുക. ഇവര്‍ മുട്ടയിടുന്നത് ചാണകക്കുഴികളിലും തെങ്ങിന്റെ ചീഞ്ഞഴുകിയ ഭാഗങ്ങളിലും മറ്റ് ജൈവമാലിന്യങ്ങളിലും ആണ്. പെണ്‍ വണ്ട് 150 മുട്ടയോളം ഇടും . 8-18 ദിവസം കൊണ്ട് മുട്ടകള്‍ വിരിയും . കൊമ്പന്‍ ചെല്ലിയുടെ മുട്ടവിരിഞ്ഞിറങ്ങുന്ന ചാണകപ്പുഴു എന്ന് പൊതുവെ വിളിക്കുന്ന തടിച്ചുരുണ്ട വെള്ളകലര്‍ന്ന ചാരനിരമുള്ള പുഴുക്കളെ പലര്‍ക്കും പരിചയമുള്ളതാണ്.

തൊട്ടാലും ഭയന്നാലും റ പോലെ വളഞ്ഞ് ഇടക്കിടെ ശരീരം വളച്ചുള്ള കളിയുണ്ടിവര്‍ക്ക്.

ചെമ്പൻ ചെല്ലി പ്യൂപ്പാവസ്ഥയിൽ | By Luigi Barraco - Own work (personal work), CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=3190451

ലാര്‍വപ്പുഴുക്കള്‍ ജീര്‍ണ്ണവസ്തുക്കള്‍ തിന്നാണ് വളരുക. മൂന്നു പ്രാവശ്യം ഉറപൊഴിച്ചാണ് ഇവര്‍ വളര്‍ച്ച ഘട്ടം പൂര്‍ത്തിയാക്കുക. അവസാന ഇന്‍സ്റ്റാര്‍ കഴിയുമ്പോഴേക്കും ആറു മുതല്‍ പത്ത് സെന്റീമീറ്റര്‍ വരെ നീളമുണ്ടാകും പുഴുക്കള്‍ക്ക്. പിന്നെ പ്യൂപ്പാവസ്ഥയിലേക്ക് പോകും. ഉറച്ച കട്ടിയുള്ള പ്യൂപ്പക്കൂട്ടിനുള്ളീല്‍ 10-25 ദിവസം കഴിച്ചാണ് വണ്ടായി രൂപമാറ്റം വരുത്തുന്നത്. ഈ വണ്ടുകള്‍ക്ക് ആറുമാസത്തിലധികം ആയുസും ഉണ്ടാകും.

ചെമ്പന്‍ ചെല്ലിയുടെ കുഞ്ഞുങ്ങളാണ് കെടുതി ചെയ്യുന്നതെങ്കില്‍ കൊമ്പന്‍ ചെല്ലി വണ്ടാണ്‌ തെങ്ങിന്റെ കൂമ്പിനുള്ളില്‍ തുളച്ച് കയറുന്നത്. ചെറു തെങ്ങുകളാണ് ഇവര്‍ക്ക് കൂടുതല്‍ ഇഷ്ടം. ഉള്‍ഭാഗം തുളച്ച് ചവച്ച് ചണ്ടി പുറത്തേക്കിടും. ഉള്ളില്‍ നിന്നും ഊറുന്ന ദ്രവം ആണിവരുടെ ഭക്ഷണം. തുളച്ച് കടന്ന ദ്വാരത്തിനു പുറത്ത് ഇത്തരത്തില്‍ ചണ്ടി കൂടിക്കിടക്കുന്നത് കാണാം. അക്രമണം ഉണ്ടായ കൂമ്പിന്റെ ഭാഗങ്ങള്‍ മുറിഞ്ഞ് വീഴും. വിരിഞ്ഞ് വരുന്ന കൂമ്പോലകളില്‍ V ആകൃതിയില്‍ മുറിച്ച ത്രികോണ മുറിവടയാളങ്ങള്‍ കാണാം. പൂങ്കുലക്കൂമ്പുകളും മച്ചിങ്ങകളും ഇവര്‍ മുറിച്ചിടും. ഇളം മടലില്‍ ദ്വാരങ്ങളുണ്ടാക്കും. അങ്ങിനെ മടലുകള്‍ ഒടിഞ്ഞ് തൂങ്ങും. അപൂര്‍വ്വമായി തെങ്ങിന്റെ മണ്ടയും ഇവര്‍ തുരയ്ക്കും. അതോടെ വളര്‍ച്ച മുരടിച്ച് തെങ്ങ് നശിക്കും.

ചെമ്പൻ കൊല്ലി ഇല്ലാതാക്കിയ പന | By BuhaM - Own work,
CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=58509862

ഇവര്‍ രണ്ടുപേരും കൂടി നശിപ്പിച്ച തെങ്ങുകളുടെയും മറ്റ് പനവര്‍ഗ്ഗസസ്യങ്ങളുടെയും എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. പൂര്‍ണ്ണമായ പരിഹാരങ്ങള്‍ ഇപ്പോഴും അകലെതന്നെയാണ്താനും. കൊമ്പന്‍ ചെല്ലികളെ വളഞ്ഞ കമ്പികൊണ്ട് കുത്തിയെടുത്ത് കൊന്നുകളയുക പോലുള്ള വളരെ പ്രയാസം ഉള്ള പരിഹാരങ്ങളാണ് ഉള്ളത്. കൊമ്പന്‍ ചെല്ലിക്ക് മുട്ടയിട്ട് വളരാനുള്ള സൗകര്യം ചാണകക്കുഴികള്‍ പോലുള്ള ഇടങ്ങളില്‍ ഇല്ലാതാക്കുക എന്നതൊന്നും അത്ര എളുപ്പമല്ല. ചില രാസപദാര്‍ത്ഥങ്ങള്‍ മണലുമായി ചേര്‍ത്ത് നാമ്പോലയ്ക്ക് ചുറ്റുമുള്ള മൂന്നാല് ഓലപ്പട്ടയ്ക്കുള്ളില്‍ നിറയ്ക്കുന്നത് ആക്രമണം തടയും എന്ന് കണ്ടിട്ടുണ്ട്. , നാഫ്തലില്‍ ഗുളിക, വേപ്പിന്‍ കുരു, വേപ്പിന്‍ പിണ്ണാക്ക്, മരോട്ടി പിണ്ണാക്ക് തുടങ്ങി പലതും പൊടിച്ച് മണലുമായി ചേര്‍ത്ത് നിറയ്ക്കുന്ന പരിപാടികള്‍ കര്‍ഷകര്‍ ചെയ്തുനോക്കുന്നുണ്ട്. ചില ഫംഗസുകളേയും വൈറസുകളേയും ഉപയോഗിച്ചും ഇവയെ നിയന്ത്രിക്കാന്‍ ശ്രമിക്കാറുണ്ട്. ഫെറമോണ്‍ കെണികളില്‍ വണ്ടുകളെകുടുക്കി കൊന്നുതീര്‍ക്കുന്ന പരിപാടിയുണ്ട്. എന്നാലും ഇവര്‍ അടങ്ങണമെന്നില്ല.

ചെമ്പന്‍ ചെല്ലിയെന്ന വീവില്‍ പ്രാണിയ്ക്ക് മുട്ടയിടാന്‍ പറ്റുന്ന ദ്വാരങ്ങള്‍ തെങ്ങിന്‍ മണ്ടയില്‍ കിട്ടാതിരിക്കണം. ഓല വെട്ടുമ്പോഴും തെങ്ങില്‍ കയറാന്‍ കൊതകള്‍ വെട്ടുമ്പോഴും ഒക്കെ ശ്രദ്ധിക്കണം. തടിയ്ക്കുള്ളിലേക്ക് മുട്ട കുത്തിക്കയറ്റാന്‍ ചെമ്പന് പറ്റിയാല്‍ തെങ്ങിന്റെ കാര്യം പോക്കാണ്. ഫിറമോണ്‍ കെണികള്‍ വെച്ച് പ്രാണികളെ കുടുക്കി നീക്കം ചെയ്യലാണ് ആക്രമണം തടയാനുള്ള ഒരു വഴി. രൂക്ഷ ആക്രമണം നടന്ന് മണ്ട പോയ തെങ്ങുകള്‍ വെട്ടിമാറ്റി നശിപ്പിക്കണം. മണല്‍ കീടനാശിനി മിശ്രിതങ്ങള്‍ ഓലപ്പട്ടയ്ക്കുള്ളില്‍ നിറച്ച് ഇവരുടെ തുരയ്ക്കല്‍ തടയാന്‍ ശ്രമിക്കാം. ആക്രമണം നടന്ന തെങ്ങില്‍ രാസ കീടനാശിനികള്‍ ചോര്‍പ്പ് ഉപയോഗിച്ച് മുകളില്‍ നിന്ന് കൊടുക്കല്‍, വേരിലൂടെ കടത്തല്‍ ഒക്കെ പരീക്ഷിച്ച് നോക്കാറുണ്ട്. ചെമ്പനും കൊമ്പനും എങ്കിലും ഇപ്പോഴും തെങ്ങു കൃഷിക്കാരുടെ പേടീസ്വപ്നം തന്നെയാണ്. ഏത് മൃദുല ഹൃദയനായ കൃഷിക്കാരനും ഇവരെകണ്ടാല്‍ ചവിട്ടിയരയ്ക്കും. എത്രയോ കാലം കൊണ്ട് നട്ട് വളര്‍ത്തിവലുതാക്കിയ തെങ്ങ് ഒരുനാള്‍ തലമണ്ട ചീഞ്ഞ് ചാഞ്ഞ് വീഴ്തുന്ന ഇത്തിരിക്കുഞ്ഞന്മാരോട് അവര്‍ക്ക് യതൊരു കനിവും കാണില്ല. അതേതു കൊമ്പത്തെ വമ്പനായാലും.

Content Highlights: Asiatic rhinoceros beetle and palm weevil, chemban chelli, komban chelli

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented