മരിയൻ നോർത്ത്, Photo: Wiki/By Unknown author - https://www.botanicalartandartists.com/about-marianne-north.html, Public Domain, https://commons.wikimedia.org/w/index.php?curid=81384897 | 1877-79 കാലത്ത് ഇന്ത്യയിൽ ഉണ്ടായിരുന്ന മരിയൻ നോർത്ത് വരച്ച ഇരുനൂറോളം ചിത്രങ്ങളിൽ ബേപ്പൂർ, Photo: Wiki/By Marianne North of Beypore - British Library, Public Domain, https://commons.wikimedia.org/w/index.php?curid=15645772
ബ്രിട്ടനിൽ ജനിച്ച ഒരു ജീവശാസ്ത്രജ്ഞയും സസ്യങ്ങളുടെ നിറമാർന്ന ചിത്രങ്ങൾ വരയ്ക്കുകവഴി പ്രശസ്തയും ആയിരുന്നു മരിയൻ നോർത്ത് (Marianne North). 1830 -ൽ ഇംഗ്ലണ്ടിലെ ഒരു സമ്പന്നകുടുംബത്തിലെ ആദ്യസന്തതിയായി ജനിച്ച മരിയന്റെ പിതാവ് പാർലമെന്റിൽ അംഗമായിരുന്നു. ചെറുപ്പത്തിൽത്തന്നെ പാടാനും വരയ്ക്കാനും മരിയൻ പഠിച്ചു.1855-ൽ മരിയന്റെ അമ്മ മരണമടഞ്ഞു. പിന്നീട് മരിയൻ പിതാവിനോടൊപ്പം നിരന്തരം യാത്ര ചെയ്തു. സ്വിറ്റ്സർലന്‍ഡില്‍പ്പോയി, നൈൽ നദിവഴി സിറിയയിൽപ്പോയി, അവിടെ ആൽപ്സിൽ വച്ച് പിതാവിനു സുഖമില്ലാതായപ്പോൾ തിരികെ നാട്ടിലേക്ക് അദ്ദേഹത്തെയും കൊണ്ട് മരിയന് പോരേണ്ടിവന്നു. 1869-ൽ പിതാവും മരണമടഞ്ഞതോടെ മരിയൻ ഏകയായി ലോകസഞ്ചാരം തുടങ്ങി.
ഇന്ന് ഏതു ചെടിയുടെയും കളർ ഫോട്ടോകൾ നിറയെ കിട്ടുന്ന നമുക്ക് 1870 കാലത്ത് നിറങ്ങൾ ഉപയോഗിച്ച് ചെടികളുടെയും പൂക്കളുടെയും ചിത്രങ്ങൾ വരച്ചു സൂക്ഷിക്കുന്നതിന്റെ വില ഒരു പക്ഷേ പൂർണ്ണമായി മനസ്സിലാക്കാൻ സാധിച്ചുവെന്ന് വരില്ല. അന്ന് ലണ്ടനിലെ ക്യൂ റോയൽ ബൊട്ടാണിക്കൽ ഗാർഡന്റെ ഡയറക്ടർ ആയിരുന്ന ജോസഫ് ഡാൾട്ടൺ ഹൂക്കറുമായി മരിയന്റെ പിതാവിന് ഉണ്ടായിരുന്ന സൗഹൃദം മരിയന്റെ സസ്യശാസ്ത്ര താല്പര്യത്തെ പരിപോഷിപ്പിച്ചിട്ടുണ്ടാവാം.
ആദ്യമാദ്യം ഭൂപ്രകൃതികൾ വരച്ചു തുടങ്ങിയ അവൾ പതിയെ പൂക്കളെയും ചെടികളെയും പകർത്താൻ തുടങ്ങി. അതിനായി ലോകം മുഴുവൻ തന്നെ ഒറ്റയ്ക്ക് മരിയൻ സഞ്ചരിച്ചു. സിസിലി, കാനഡ, അമേരിക്കൻ ഐക്യനാടുകൾ, ജമൈക്ക എന്നിവിടങ്ങളിൽ മരിയൻ യാത്രപോയി. തുടർന്ന് ബ്രസീലിൽ ഒരു വർഷം താമസിച്ച മരിയൻ അവിടെ ഉൾക്കാട്ടിലെ ഒരു കുടിലിൽ ഇരുന്നാണ് മുഖ്യമായും ചിത്രം വരച്ചത്. പിന്നീട് കാലിഫോർണിയ, ജപ്പാൻ, ബോർണിയോ, ജാവ, സിലോൺ എന്നിവിടങ്ങളിൽ മരിയൻ സഞ്ചരിച്ചു. 1878-ൽ അവർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ചുറ്റി നടന്നു. അക്കൊല്ലം തന്നെ മരിയന്റെ 512 ചിത്രങ്ങളുടെ ഒരു പ്രദർശനം ലണ്ടനിൽ നടന്നു. തന്റെ ചിത്രങ്ങളെ റോയൽ ബൊട്ടാണിക് ഗാർഡന് സംഭാവന നൽകാൻ തയ്യാറായ മരിയൻ തുടർന്ന് അവ പ്രദർശിപ്പിക്കാൻ മാത്രമായി ഒരു ഗ്യാലറി ഉണ്ടാക്കാൻ ഏർപ്പാടാക്കുകയും അതിന്റെ രൂപകൽപ്പനയിൽ ആദ്യന്തം മേൽനോട്ടം വഹിക്കുകയും ചെയ്തു.

മരിയൻ നോർത്തിന്റെ കഴിവുകളെപ്പറ്റി നല്ല മതിപ്പുണ്ടായിരുന്ന ചാൾസ് ഡാർവിൻ അവരോട് ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും സഞ്ചരിക്കാൻ നിർദ്ദേശിച്ചു. തിരികെയെത്തിയപ്പോൾ ഡാർവിന് കാഴ്ചയിൽ ചെമ്മരിയാടിനെപ്പോലെ തോന്നിക്കുന്ന സസ്യമായ റൗളിയ എക്സീമിയ (Raoulia eximia) എന്ന ചെടി മരിയൻ സമ്മാനമായി നൽകി. കൂടാതെ താൻ വരച്ച ഓസ്‌ട്രേലിയന്‍ ചിത്രങ്ങളും അദ്ദേഹത്തെ കാണിച്ചു. മരിയൻ വരച്ച ഓസ്‌ട്രേലിയൻ തദ്ദേശ സസ്യജനുസായ ബാങ്ക്‌സിയയിലെ പല ഇനങ്ങളുടെയും ചിത്രങ്ങൾ നല്ല ശ്രദ്ധ നേടുകയുണ്ടായി. ക്യാമറ ഇല്ലാത്ത കാലത്ത് ഇങ്ങനെ നേരിട്ടുകണ്ട് കൃത്യമായി വരച്ചുകൊണ്ടുവന്ന ചിത്രങ്ങൾ ഡാർവിനെപ്പോലൊരു ശാസ്ത്രകാരന് എത്രത്തോളം പ്രാധാന്യമേറിയതായിരുന്നിരിക്കണം.

1882 -ൽ ക്യൂവിലെ തന്റെ പേരിലുള്ള ഗാലറി തുറന്നപ്പോൾ മരിയൻ താൻ ഇരുപതു കൊല്ലങ്ങൾ കൊണ്ടുവരച്ച 800 ചിത്രങ്ങൾ അവിടെ പ്രദർശത്തിന് വച്ചു. തുടർന്ന് സൗത്ത് ആഫ്രിക്കയിലും സെയ്ഷെൽസിലും ചിലിയിലും മരിയൻ സന്ദർശനം നടത്തി. ആരോഗ്യം മോശമായതിനെത്തുടർന്ന് തിരികെ ഇംഗ്ലണ്ടിൽ എത്തിയ മരിയൻ 1890 ആഗസ്ത് മൂന്നിന് മരണമടഞ്ഞു. നോർത്തിയ എന്ന സസ്യജനുസും നോർത്തിയാന എന്ന പേരുള്ള നിരവധി സസ്യസ്പീഷിസുകളും മരിയന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഫോട്ടോഗ്രാഫി വരുന്നതിനു മുന്നേ ലോകത്തിന്റെ പല കോണുകളിൽനിന്നും ശാസ്ത്രീയമായി കൃത്യതയോടെ മരിയൻ വരച്ചുകൂട്ടിയ ചിത്രങ്ങൾ അതീവ മൂല്യമുള്ളതാണ്.
1876 -ൽ മരിയൻ നോർത്ത് വരച്ചതാണ് ബോർണിയോയിലെ സരാവാക്കിലുള്ള മതാങ്ങ് കാട്ടിലെ വിചിത്രസസ്യങ്ങൾ എന്ന ചിത്രം. ചിത്രത്തിൽ ഒരു ചെടിയിൽ ഞെട്ടിൽനിന്നു നീണ്ടുകിടക്കുന്ന മഞ്ഞപ്പഴങ്ങളോ അല്ലെങ്കിൽ വൃത്താകാരത്തിലുള്ള പച്ച ഇലകളോ ആരുടെയും ശ്രദ്ധ പിടിച്ചുപറ്റും. എന്നാൽ 2021 -ൽ ക്യൂ ഉദ്യാനത്തിലുള്ള നോർത്തിന്റെ ഗാലറിയിൽ ചിത്രങ്ങൾ കണ്ടുനടക്കുകയായിരുന്ന ഗവേഷകനായ ടിയാൻയി യൂ-വിന്റെ കണ്ണുകൾ ഉടക്കിയത് ആ ചിത്രത്തിന്റെ ഇടതുമൂലയിൽ കണ്ട പാകമാകാത്ത മറ്റൊരു പഴക്കുലയുടെ ചിത്രീകരണത്തിലാണ്. ബോർണിയോ ദ്വീപിന്റെ വടക്കുപടിഞ്ഞാറേ മൂലയിൽ ഒരിടത്തിരുന്ന് മരിയൻ വരച്ച ചിത്രമാണത്. നേരത്തെ ആ ചെടി സൈക്കോട്രിയ (Psychotria) ജനുസിൽ പെടുന്ന ഒന്നാണെന്നായിരുന്നു ധരിച്ചിരുന്നത്. എന്നാൽ ഇത്ര നിറം ആ ജനുസിലെ ചെടികൾക്ക് ഉണ്ടാവില്ലെന്ന് യൂ-വിന് അറിയാമായിരുന്നു.

സസ്യങ്ങളെ വരയ്ക്കുമ്പോൾ മരിയൻ കൃത്യതയിൽ വിട്ടുവീഴ്ച ചെയ്യുന്ന ആളായിരുന്നില്ല. ലണ്ടനിലെ ക്യൂ ഉദ്യാനത്തിൽ ലോകത്തെങ്ങുംനിന്ന് ഏതാണ്ട് 70 ലക്ഷത്തോളം സ്പെസിമനുകളാണ് സൂക്ഷിച്ചിരിക്കുന്നത്. ആ സ്പെസിമനുകളിൽ മരിയൻ ഈ ചിത്രം വരച്ച സ്ഥലത്തുനിന്നു ശേഖരിച്ച് ക്യൂ ഉദ്യാനത്തിൽ സൂക്ഷിച്ചിരിക്കുന്ന സ്പെസിമനുകളെ യൂ സൂക്ഷ്മമായി പഠിച്ചു. അത്ര മികവോടെ മരിയൻ വരച്ചിരിക്കുന്നതിനാൽ ബോർണിയോയിൽ നിന്നുമുള്ള സ്പെസിമനുകൾ യൂ പരിശോധിച്ചു. 1973 -ൽ സരാവാക്കിലെ മതാങ്ങ് കാടുകളിൽനിന്നു ശേഖരിച്ചു സൂക്ഷിച്ചിരിക്കുന്ന സ്പെസിമനുകളിൽനിന്ന് ഒരു നൂറ്റാണ്ട് മുൻപ് മരിയൻ വരച്ച ചെടിയെ യൂ കണ്ടെത്തുക തന്നെ ചെയ്തു. 2021 -ൽ അദ്ദേഹം അതിന് ചസാലിയ നോർതിയാന (Chassalia northiana) എന്ന് പേരും നൽകി.
ഇന്ന് സ്പെസിമനുകൾ ശേഖരിക്കുമ്പോൾ GPS അടക്കം ചേർത്ത് എവിടെനിന്നും കിട്ടിയതാണെന്നെല്ലാം വളരെ കൃത്യതയോടെ ചേർക്കുമ്പോഴും മരിയന്റെ കാലത്ത് ഇന്ത്യയിൽ നിന്നുമുള്ള മുള അല്ലെങ്കിൽ ബോർണിയോയിൽ നിന്നുമുള്ള ഇരപിടിയൻ ചെടി എന്നുമാത്രമായിരുന്നു വിശേഷണങ്ങൾ ചേർത്തിരുന്നത്, അപ്പോഴാണ് മരിയന്റെ സംഭാവനകളുടെ വില നമുക്ക് മനസ്സിലാവുന്നത്. യാത്രകൾ ചെയ്യാൻ എല്ലാ സൗകര്യവും ഉള്ള ഇക്കാലത്തുപോലും ഒരാൾക്ക് സങ്കൽപ്പിക്കാൻ ആവാത്തവിധം ഒറ്റയ്ക്ക് ലോകമെങ്ങും സഞ്ചരിച്ച് സസ്യങ്ങളെപ്പറ്റി വിലമതിക്കാനാവാത്ത വിവരങ്ങൾ ശേഖരിച്ച് അവയെല്ലാം അതീവഭംഗിയോടെ വരച്ചു സൂക്ഷിച്ച് സ്ഥിരമായി അവ പ്രദർശിപ്പിക്കാൻ സൗകര്യം ഉണ്ടാക്കിയ മരിയൻ നോർത്ത് എക്കാലത്തും സസ്യശാസ്ത്രത്തിനു നൽകിയ സംഭാവനകളുടെ പേരിൽ അറിയപ്പെടും
Content Highlights: all you need to know about Marianne North
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..