യുഗ്ലോസിനി ബീ | Photo: Wki/By Eframgoldberg - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=20312520
യുഗ്ലോസിനി ഗോത്രത്തിൽ പെട്ട (Euglossini) ബീകളെ ഓർക്കിഡ് ബീ, യുഗ്ലോസിനി ബീ എന്നൊക്കെയാണ് പേരുവിളിക്കുക. ഇവ ഓർക്കിഡുകളിൽ എത്തുന്നത് തേനിനുപകരം പരിമളം തേടിയാണ് എന്നാതാണിവരുടെ പ്രത്യേകത. സുഗന്ധത്തിനു കാരണമായ പലതരം രാസ ഘടകങ്ങളാണ് പൂവിൽ നിന്നും ഇവർ ശേഖരിക്കുന്നത്. തേനീച്ചകളെ പോലെ സാമൂഹ്യ ജീവിതം നയിക്കുന്നവരല്ല ഇവർ. ഒറ്റയ്ക്കാണ് ജീവിതം. മദ്ധ്യ - ദക്ഷിണ അമേരിക്കയിൽ കാണപ്പെടുന്ന ഇവർ ഇരുണ്ട പച്ചയോ നീലയോ, സ്വർണ്ണ നിറമോ ഉള്ള ലോഹത്തിളക്കമാർന്ന ശരീരമുള്ളവരാണ്. ഇവയിലെ പെൺ പ്രാണികൾ പലതരം ചെടികളിൽ നിന്നും തേനും പൂമ്പൊടിയും ഒക്കെയാണ് ഭക്ഷണമായി ശേഖരിക്കുന്നത്.
ആണിന്റേയും ഭക്ഷണം ഇതൊക്കെ തന്നെ. എന്നാൽ ആൺ പ്രാണികളുടെ കാലുകൾ പ്രത്യേകതയുള്ളതാണ്. വേഗത്തിൽ വായുവിൽ പരക്കുന്ന എസ്റ്ററുകൾ പോലുള്ള സുഗന്ധ വസ്തുക്കൾ ശേഖരിക്കാൻ പറ്റും വിധം പരിണമിച്ചവയാണ്. തേനില്ലാത്തതിനാൽ സ്റ്റാൻഹോപിനെ (Stanhopeinae), കറ്റാസെറ്റിനെ ( Catasetinae) എന്നീ വിഭാഗത്തിലെ ഓർക്കിഡുകൾ ഇത്തരം ആൺ ബീകൾ സുഗന്ധം ശേഖരിക്കാൻ വരുന്നതുകൊണ്ടു മാത്രം പരാഗണം നടക്കുന്നവയാണ്.
മുൻകാലുകളിലെ പ്രത്യേക ബ്രഷുകൾ ഉപയോഗിച്ച് പൂവിൽ നിന്നും ശേഖരിച്ച രാസവസ്തുക്കൾ , നടുക്കാലുകളിളെ ചീർപ്പുകൾ പോലുള്ള സംവിധാനത്തിൽ ഉരക്കും. അവിടെ നിന്നും അത് പിറക് കാലുകളിലെ പ്രത്യേക ചാലുകൾക്കുള്ളിലെ സ്പോഞ്ച് പോലുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കും. മെഴുക്കാർന്ന രോമങ്ങൾ കൊണ്ട് അടച്ച് പിടിച്ചിരിക്കുന്ന ഈ വിള്ളുകൾ നടുക്കാലിലെ ചീർപ്പുകൾ കൊണ്ട് അമർത്തുമ്പോൾ മാത്രമാണ് തുറക്കുക. പല പൂവുകളിൽ നിന്നാണ് വേഗത്തിൽ ആവിയായി പോകുന്ന സ്വഭാവമുള്ള ഈ രാസഘടകങ്ങൾ ഓർക്കിഡ് ബീ ശേഖരിക്കുന്നത്. പല ഗന്ധങ്ങൾ ഒന്നിച്ച് നിറച്ച ഒരു സെന്റ് കുപ്പിയാണിതിന്റെ പിൻ കാൽ എന്നു പറയാം. അടിക്കാടുകളിലെ ഇണചേരൽ സ്ഥലങ്ങളിൽ വെച്ച് ഈ മാദക ഗന്ധങ്ങൾ ആൺ ബീകൾ പ്രസരിപ്പിച്ച് കൊണ്ട് കാത്തിരിക്കും. പെൺ പ്രാണികളെ ആകർഷിക്കാനുള്ള ഫിറമോണുകളോട് സമാനമായതുകൊണ്ട് പെൺ പ്രാണികൾ ഗന്ധം കൂടിയ ആൺ പ്രാണിയെ തിരഞ്ഞെടുക്കും എന്നാണ് ആദ്യകാലങ്ങളിൽ കരുതിയിരുന്നത്. പക്ഷേ പല പരീക്ഷണങ്ങളിൽ നിന്നും അങ്ങിനെ ഒരു സാധ്യത ഇല്ല എന്നാണ് തെളിഞ്ഞത്.

വളരെയധികം സങ്കീർണ്ണമായ ഗന്ധങ്ങൾ നേടിയവ , അത്രയധികം പൂവുകളിൽ തേടിത്തേടി അലഞ്ഞു എന്നർത്ഥമുണ്ടല്ലോ. ഭക്ഷണം നേടാൻ വേണ്ട സമയം കഴിഞ്ഞും ഇത്രയധികം അലയാൻ മാത്രമുള്ള കായിക ക്ഷമതയുള്ള ആളാണെന്നും കൂടി സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ ഇത്. കല്യാണ സൗഗന്ധികം തേടിപ്പോയി അത് നേടിയത് ഭീമസേനന്റെ കരുത്തിന്റെ തെളിവ് കൂടിയാണ്. അത്തരത്തിൽ കായിക ക്ഷമതയുടെ തെളിവായി, സങ്കീർണ്ണ ഗന്ധത്തെ പരിഗണിച്ച്, അത്തരം ആൺ ബീകളെ പെൺ ബീകൾ തിരഞ്ഞെടുക്കുന്നു എന്നാണ് ഇപ്പോൽ കരുതുന്നത്.
ഇതുപോലെ ആൺ മയിലിന്റെ പീലിക്കെട്ടിന്റെ വലിപ്പം അതിന്റെ കായിക ക്ഷമതയുടെ തെളിവായിക്കണ്ടാണ് പെൺ മയിൽ വലിയ പീലിയുള്ളവയെ തിരഞ്ഞെടുക്കുന്നത് എന്നാണല്ലൊ കരുതുന്നത്. ഇരപിടിയന്മാരുടെ മുന്നിൽ പെട്ടാൽ ഇത്രയും വലിയ വാലും പൊക്കി ഓടിയോ പറന്നോ രക്ഷപ്പെടാൻ ആൺ മയിലിന് വലിയ പാടാണ്. മനോഹര പീലിയും നൃത്തവും ഇണയെ ആകർഷിക്കാനുള്ളതായാണ് (സെക്ഷ്വൽ സെലക്ഷൻ) ഡാർവിൻ വിശദീകരിച്ചത്. കൂടുതൽ പീലിയുള്ള, ഭംഗിയുള്ള ആൺ മയിലിന് കൂടുതൽ യോഗ്യതയുള്ളതായി കണ്ട് പെണ്ണ് ഇണചേരാൻ തിരഞ്ഞെടുക്കുന്നു എന്ന്. ആണിന്റെ നീളൻ പീലിക്കെട്ട് എങ്ങനെയാണ് പെൺ മയിലിനെ ആകർഷിക്കുന്നത് എന്നതിന് പല തിയറികളും പല ശാസ്ത്രജ്ഞരും മുന്നോട്ട് വെച്ചിട്ടുണ്ട്.
Merle Jacob ഇതിനെ തീറ്റയുമായി ബന്ധപ്പെടുത്തുന്ന ഒരു ആശയം ആണ് മുന്നോട്ട് വെച്ചത്. പീലിയിലെ നീല കൺപൊട്ടുകൾ നീല നിറമുള്ള ബെറി പഴങ്ങളായി പെൺ മയിലിനെ ഒരുവേള തെറ്റിദ്ധരിപ്പിക്കുന്നുണ്ടാകാം എന്ന്. ഇസ്രായേലിലെ പരിണാമ ശാസ്ത്രജ്ഞനായ Amotz Zahavi ‘ ഹാന്റികാപ്പ്ഡ് തിയറി’ മുന്നോട്ട് വെക്കുന്നുണ്ട്. വലിയ അലോസരമായ വമ്പൻ പീലിക്കെട്ടുമായി പലതരം ഇരപിടിയന്മാരുടെ ഇടയിൽ നിന്നെല്ലാം തടിയൂരി ഇതുവരെ എത്തിയ മയിൽ അത്ര നിസാരക്കാരനല്ലല്ലോ. ഇരപിടിയൻ ശത്രുക്കളുടെ കൈയിൽ നിന്നും ചാഞ്ഞും ചെരിഞ്ഞും നൂണും പറന്നും അപാരമായ മെയ് വഴക്കത്തോടെ ശരീരം കുതറിച്ചാണ് ആൺ മയിൽ അയുസ്സ് കാക്കുന്നത്. നല്ല കായിക ക്ഷമത വേണമോല്ലോ ഇതിനെല്ലാം. ഇത്രയും വലിയ വാലും കൊണ്ട് ഇത്ര നാൾ ജീവിച്ചു എന്നത് അത്ര നിസാരമല്ല. അതിനാൽ ഏറ്റവും നീളവും എണ്ണവും പീലികൾക്ക് ഉള്ള ആൺ മയിലാണ് മികച്ച കരുത്തൻ എന്നും അതുമായി ഇണ ചേർന്നാലാണ് നല്ല കുഞ്ഞുങ്ങൾ ഉണ്ടാകുക എന്നും പെൺ മയിൽ കരുതി, തിരഞ്ഞെടുപ്പ് നടത്തുന്നു.
.jpg?$p=00a0191&&q=0.8)
പൂക്കളിലെല്ലാം തേൻ ശേഖരിച്ച് വെച്ച് , അതുപയോഗിച്ച് പ്രാണികളെ ആകർഷിച്ചാണ് ഒരു വിധം ചെടികളെല്ലാം പരാഗണം സാദ്ധ്യമാക്കുന്നത് എന്നാണല്ലോ നമ്മൾ കരുതുന്നത്. അങ്ങിനെ അല്ലാത്തവയും ധാരാളം ഉണ്ട്. ഓർക്കിഡുകളിൽ പലതിലും തേനില്ല. ചിലയിനം ഓർക്കിഡുകളുടെ രൂപം ചില പെൺ പ്രാണികളുടെ സമാനമായതിനാൽ തെറ്റിദ്ധരിച്ച് ആൺ പ്രാണി പൂവുമായി ഇണചേരാൻ ശ്രമിക്കുമ്പോൾ പൂമ്പൊടി ദേഹത്ത് പറ്റിപ്പിടിപ്പിച്ച് പരാഗണം സാദ്ധ്യമാക്കുന്നവയും ഉണ്ട്. ഒഫ്രിസ് അപിഫെറ (Ophrys apifera) എന്ന ഇനം ഇങ്ങനെ പ്രച്ഛന്ന വേഷം കാട്ടി തെറ്റിദ്ധരിപ്പിച്ചാണ് പരാഗണം നടത്തുന്നത്. യൂറോപ്പിൽ പല പ്രദേശങ്ങളിലും വടക്കൻആഫ്രിക്കയിലും ഒക്കെ, വരണ്ട പുൽപ്രദേശങ്ങൾ, വെളിമ്പറമ്പുകൾ, ചുണ്ണാമ്പ് പാറപ്രദേശങ്ങൾ എന്നിവിടങ്ങളിൽ സാധാരണയായി വളരുന്ന ഒരിനം ഓർക്കിഡാണ് ഇത്. മൈക്കൊറെസ ഫംഗസുകളുമായി പരസ്പര സഹായ ജീവിതം നയിക്കുന്നവയാണ് ഇവർ.
.jpg?$p=be24adc&&q=0.8)
മണ്ണിലെ പോഷകങ്ങളെ വേരിലെ ഫംഗസുകളുടെ സഹായത്തോടെ ആണ് ഇവ സ്വന്തമാക്കുന്നത്. വേഷ പ്രച്ഛന്നതയാണ് ഈ ഓർക്കിഡിൻ്റെ പ്രത്യേകത. കാഴ്ചയിൽ ഒരു "ബീ'' യെപ്പോലെ ഇരിക്കും. അതു കൊണ്ട് ബീ ഓർക്കിഡ് എന്നും വിളിപ്പേരുണ്ട്. വെള്ളയോ പിങ്കോ നിറമുള്ള വലിയ വിദളങ്ങളോടെയുള്ള പൂങ്കുലകളിലെ പൂക്കളുടെ ദളങ്ങൾ രോമാവൃതമായി കുറുകി പച്ച കലർന്ന മഞ്ഞ നിറത്തിൽ ഉണ്ടാവും.
മൂന്നിതളുകളുള്ള ലാബെല്ലത്തിൻ്റെ നടുഭാഗം വീർത്ത് രോമങ്ങളോടെ ഒരു ബീയുടെ ശരീര സാമ്യം തോന്നിക്കും. എന്നിട്ട് പുൽപ്പരപ്പുകളിൽ ആടി നിൽക്കും. തേനില്ലാത്തതിനാൽ ശലഭങ്ങളും തേനീച്ചകളും വന്ന് ഇവയിൽ പരാഗണം നടക്കില്ല. പക്ഷെ ഓഫ്രിസ് അപിഫെറയുടെ രൂപം യുസെറ ലോങികോർണിസ് (Eucera longicornis) എന്നയിനം ബീ കളിലെ ആണുങ്ങളെ തെറ്റിദ്ധരിപ്പിക്കും. പെൺ പ്രാണികളുടെ ഗന്ധത്തിന് സമാനമായ മണം കൂടി ഈ ഓർക്കിഡുകൾ ചുരത്തും. ഈ പൂവിൻ്റെ അദരം (ലാബെല്ലം ) കാഴ്ചയിൽ പെൺ യുസെറ ലോങികോർണിസ് ആണെന് തന്നെ തോന്നും. നിറത്തിലും രൂപത്തിലും ഗന്ധത്തിലും സമാനതയുള്ളതിനാൽ പെൺ ബീ എന്നുകരുതിയാണ് പ്രണയ പരവശരായി പറന്നെത്തുന്ന ആൺ ബീ ഈ പൂവിലെ വ്യാജ ബീ രൂപവുയുമായി ഇണ ചേരാൻ ശ്രമം നടത്തുന്നത്. ഓർക്കിഡിന് ഈ ശ്രമത്തിനിടയിൽ പരാഗണം നടക്കുകയും ചെയ്യുന്നു.
Content Highlights: all you need to know about Euglossini bees
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..