ബന്ധുക്കളുമായി ഇണ ചേരില്ല, കുഞ്ഞുങ്ങൾക്കായി ആയമാരും, അന്ത്യം പട്ടിണി കിടന്ന്; അത്ഭുതമാണ് ആനകൾ


വിജയകുമാര്‍ ബ്ലാത്തൂര്‍ആഫ്രിക്കയുടെ മാപ്പ് പോലുള്ള വലിയ ചെവികളാണ് ആഫ്രിക്കൻ ആനകൾക്കുണ്ടാകുക, എന്നാൽ അവയേക്കാൾ ചെറിയതാണ്  നമ്മുടെ ആനകളുടെ ചെവിക്കൂട. അപകടം പറ്റിയാലോ മറ്റോ മാത്രമാണ് ആഫ്രിക്കൻ ആനകൾ കിടക്കുക. അല്ലാത്ത സമയമത്രയും കുതിരകളെപ്പോലെ നിൽപ്പ്

Premium

ആനയെ ഭയപ്പെടുത്തി മെരുക്കി നിർത്തുക മാത്രമാണ് മനുഷ്യസാധ്യമായിട്ടുള്ളത്, അല്ലെങ്കിൽ ആന പൊതുവെ മനുഷ്യനുമായി ഇണങ്ങാത്ത വന്യമൃ​ഗമാണ്, മലമ്പുഴയിലെ കാട്ടാന | ഫോട്ടോ:അരുൺ കൃഷ്ണൻകുട്ടി

ഞ്ചാറ് അന്ധർ ആനയെ കണ്ടപോലെ എന്ന ഭാഷാപ്രയോഗത്തിൽ കണ്ണു കൊണ്ട് കണ്ടാലേ ആനയുടെ രൂപധാരണ പൂർണമാകൂ എന്നൊരു ധ്വനികൂടി ഉണ്ട്. കരയിലെ ഏറ്റവും വലിയ ജീവിയെ അടുത്ത് കണ്ടാലേ ശരിക്കും പിടികിട്ടൂ. പേടി മാറ്റാനെന്നും പറഞ്ഞ് ആനയുടെ കാലുകൾക്കിടയിലൂടെ നൂഴ്ത്തിക്കടത്തുന്ന മണ്ടത്തരത്തിന് വിധേയയരായ കുഞ്ഞുങ്ങളുടെ മനസിലെ ആനക്കാഴ്ചയോളം ഭീമാകാരവും ഭീതി നിറഞ്ഞതുമായ ആനയോർമ ആർക്കും ഉണ്ടാവുമെന്ന് തോന്നുന്നില്ല. മനുഷ്യ കായികശക്തിയുടെ പരിമിതികൾ അതിലംഘിക്കാനാവും ആനയെ മെരുക്കാൻ മനുഷ്യർ ശ്രമിച്ചത്. ആനപ്പടയുടെ കരുത്ത്, പല യുദ്ധങ്ങളിലും ജയപരാജയങ്ങൾ തീരുമാനിക്കുന്ന കാലമുണ്ടായിരുന്നു. കൂപ്പുകളിൽ കൂറ്റൻ മരങ്ങൾ കാടിറങ്ങിയത് ആന വലിച്ചാണ്. ഉത്സവങ്ങൾക്ക് ദേവതകളുടെ എഴുന്നള്ളത്തിനു മാത്രമല്ല രാജാക്കന്മാരുടെ നഗരപ്രദക്ഷിണത്തിനും ആന വേണം. അവർക്ക് ശിക്കാറിന് കാട്ടിൽ പോകാനും ആനപ്പുറത്തിന്റെ സുരക്ഷ വേണമായിരുന്നു. അപൂർവ്വമായി വധശിക്ഷകൾ നടപ്പാക്കാനും ആനയെ ഉപയോഗിച്ചിരുന്നത്രെ.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

സർക്കസിലും മൃഗശാലയിലും മനുഷ്യരെ രസിപ്പിക്കാൻ ആന ഉപകരണമായി. പക്ഷെ, ശാസ്ത്ര സാങ്കേതികവിദ്യാ വികാസം ഈ ജീവിയുടെ കായികശക്തിയെ പല ഉപകരണങ്ങൾ കൊണ്ട് പകരം വെച്ചുകഴിഞ്ഞു. ഇനിയെങ്കിലും ആനയെ നമുക്ക് ഇത്തരം പല കാര്യങ്ങൾക്കും ആവശ്യമില്ല തന്നെ. ഇനിയാ മൃഗത്തെ കാട്ടിൽ തന്നെ കഴിയാൻ വിടുന്നതാണ് ശരിയും. വംശനാശ ഭീഷണിയിൽ പെടുന്ന ജീവിയായി കണക്കാക്കി ഇവയെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ കുറേ വർഷമായി തുടരുകയാണെങ്കിലും പല രാജ്യങ്ങളിലും ആനക്കൊമ്പിനും തൊലിക്കും ഒക്കെ വേണ്ടിയുള്ള വേട്ടകൾ ഇപ്പഴും നടക്കുന്നത് പ്രതിസന്ധിയായി തുടരുകയാണ്.

മനുഷ്യനുമായി ഇണങ്ങാത്ത ആനകൾ

മനുഷ്യനുമായി ഇണങ്ങാത്ത ഒരു വന്യമൃഗമാണ് ആന. അതിനെ ഭയപ്പെടുത്തി മെരുക്കി നിർത്തുക മാത്രമേ മനുഷ്യസാധ്യമായിട്ടുള്ളൂ. അതിനാൽ തന്നെ നമ്മുടെ കൂടെ ജീവിക്കുന്ന പശു, നായ, പൂച്ച, കോഴി എന്നിവയെപ്പോലെ മെരുക്കിയ ആനകളെ ‘നാട്ടാന’ എന്നു വെറുതേ വിളിക്കുന്നതാണ്. എത്രയോ നൂറ്റാണ്ടുകളായി ആനയുമായി സമ്പർക്കപ്പെട്ടിട്ടും ഇപ്പോഴും ‘വീട്ടാന’ അല്ലെങ്കിൽ ‘വളർത്താന’ എന്നു പറയുക വിശാല അർത്ഥത്തിൽ സാധ്യമല്ല. അവയെപ്പോഴും വന്യജീവി തന്നെയാണ്.

Proboscidea ഓർഡറിൽ പെട്ടവരാണ് ആനകൾ. മേൽചുണ്ടും മൂക്കും ഒന്നിച്ച് ചേർന്ന് നീണ്ടു രൂപം പ്രാപിച്ച പ്രൊബോസിസ് എന്നു വിളിക്കുന്ന തുമ്പിക്കൈയാണ് ഇവരുടെ പ്രത്യേകതകളിൽ ഒന്ന്. എലിഫസ് ( Elephas) ജനുസിൽ പെട്ട നമ്മുടെ ആനകൾ പ്ലിയോസിൻ (Pliocene) കാലത്ത് സബ് സഹാറൻ ആഫ്രിക്കയിലാണ് പരിണമിച്ച് ഉണ്ടായത്. പിന്നീടത് ആഫ്രിക്കൻ വൻകരയിലും ഏഷ്യയുടെ തെക്കേപകുതിയിലും പരന്നു. സിന്ധുനദീതട സംസ്കാരകാലത്ത് ആനകളുടെ രൂപങ്ങൾ മുദ്രകളിൽ ആലേഖനം ചെയ്തതിൽനിന്ന്‌ അത്രയും മുമ്പേ തന്നെ ആനകളെ മെരുക്കാൻ തുടങ്ങിയിരുന്നു എന്നു മനസിലാക്കാം. സിലോണിൽനിന്നുള്ള ആനകൾക്ക് 1758-ൽ കാൾ ലീനസ് ആണ് Elephas maximus എന്ന പേർ നൽകിയത്.

Photo: UNI

ആകെയുള്ളത് മൂന്ന് ആനകൾ

ഭൂമുഖത്ത്, മൂന്ന് ആനവംശങ്ങൾ ഇന്നു നിലവിലുണ്ട്: ആഫ്രിക്കൻ ബുഷ് ആന, ആഫ്രിക്കൻ കാട്ടാന, ഏഷ്യൻ ആന എന്നിവയാണവ. തെക്ക് കിഴക്കനേഷ്യയിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും കാണുന്നതാണ് ഏഷ്യൻ ആനകൾ. Elephas maximus എന്ന ശാസ്ത്രനാമത്തിലാണ്‌ വേർതിരിച്ചിരിക്കുന്നത്. ഏഷ്യൻ ആനയുടെ ഉപവിഭാഗമാണ്‌ ഇന്ത്യൻ ആനകളായ Elephas maximus indicus. വലിപ്പത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നവരാണ് ആഫ്രിക്കൻ സാവന്നകളിൽ ജീവിക്കുന്ന ആഫ്രിക്കൻ ബുഷ് ആനയെന്നും ആഫ്രിക്കൻ സാവന്ന ആനയെന്നും വിളിക്കുന്ന Loxodonta africana. ആഫ്രിക്കൻ മഴക്കാടുകളിൽ മാത്രം കാണുന്ന ഉയരം കുറഞ്ഞ ആനകളായ, ‘ആഫ്രിക്കൻ കാട്ടാന(Loxodonta cyclotis)യാണ് വേറൊരു ഇനം.

ആഫ്രിക്കൻ ആനകളും ഏഷ്യൻ ആനകളും

നമ്മുടെ ആനകൾക്ക് ആഫ്രിക്കൻ ആനകളുമായി കുറേയേറെ വ്യത്യാസങ്ങൾ ഉണ്ട്. പ്രധാനമായത് ആഫ്രിക്കൻ ആനകളിൽ ആണിനും പെണ്ണിനും കൊമ്പുകളുണ്ട്‌ എന്നതാണ്. ഏഷ്യൻ ആനകളിൽ ആണിൽതന്നെ മോഴകൾക്ക് പേരിന് കൊമ്പുണ്ടെന്നേ ഉള്ളു. പെൺ ആനകൾക്ക് കൊമ്പില്ല. ആഫ്രിക്കൻ ആനകളുടെ നടുവ് ഉള്ളിലോട്ട് കുഴിഞ്ഞാണുണ്ടാകുക. മസ്തകം പരന്നും. നമ്മുടെ ആനകൾ മുകളിലോട്ട് വളഞ്ഞതോ നേരെയുള്ളതോ ആയ മുതുകും. നടുഭാഗം കുഴിഞ്ഞ മസ്തകവുമുള്ളവരാണ്. ആഫ്രിക്കയുടെ മാപ്പ് പോലുള്ള വലിയ ചെവികളാണ് ആഫ്രിക്കൻ ആനകൾക്കുണ്ടാകുക, എന്നാൽ, അവയേക്കാൾ ചെറിയതാണ് നമ്മുടെ ആനകളുടെ ചെവിക്കൂട. കൂടാതെ മേലതിരുകൾ പ്രായമാകുമ്പോൾ ഉള്ളിലോട്ട് മടങ്ങാറുണ്ട്. വെളുത്ത പാടുകൾ ചെവിയിലും തുമ്പിക്കൈയിലും ഉണ്ടാകാം. ആഫ്രിക്കൻ ആനകളുടെ തൊലി കൂടുതൽ ചുളിഞ്ഞിരിക്കും. അപകടം പറ്റിയാലോ മറ്റോ മാത്രമാണ് ആഫ്രിക്കൻ ആനകൾ കിടക്കുക. അല്ലാത്ത സമയമത്രയും കുതിരകളെപ്പോലെ നിൽപ്പ് തന്നെ.

ആഫ്രിക്കന്‍ ആന | Photo: Gettyimages

ദിവസത്തിന്റെ മൂന്നിൽ രണ്ട് ഭാഗം സമയവും തിന്നാലേ പെരുവയർ നിറയൂ എന്ന പ്രശ്നവും ഉണ്ട്.

ആനയുടെ കാലുകളിൽ വിരലുകൾ പുറത്ത് കാണുന്നില്ലെന്നേയുള്ളൂ. നഖങ്ങൾക്കുള്ളിൽ മുന്‍കാലുകളില്‍ അഞ്ചും പിൻകാലുകളിൽ നാലുമെന്ന വിധത്തിൽ വിരലുകളുടേതു പോലെ എല്ലുകൾ ഞെരുങ്ങി പാദത്തിനകത്തുണ്ട്‌. പാദത്തിനടിയിൽ മാംസളമായ പാഡ് പോലുള്ള സംവിധാനം ഉണ്ടെന്നതിനാൽ നിൽക്കുമ്പോൾ ഭാരം മൂലം അടിഭാഗം അൽപ്പം വിസ്താരത്തിലാകും. ഉയർത്തുമ്പോൾ തൂണു പോലെയാവുകയും ചെയ്യും. അതിനാൽ ചെളിയിലും മറ്റും അമർന്ന കാൽ വേഗത്തിൽ വലിച്ചൂരാൻ ആനയ്ക്ക് കഴിയും. ശരീരത്തിൽ നഖങ്ങളുടെ മേൽഭാഗത്ത് മാത്രമാണ് കുറച്ച് വിയർപ്പുഗ്രന്ഥികൾ ഉള്ളത്. അതിനാൽ തന്നെ കാലുകൾ കാറ്റ് കിട്ടാൻ അൽപ്പം ഉയർത്തിപ്പിടിക്കുന്ന ശീലമുണ്ട്. കട്ടിയുള്ള തോലാണ് ശരീരം മുഴുവൻ. വിയർപ്പ് പുറത്തു കളയാൻ സൗകര്യമില്ലാത്തതിനാലും ചെവിക്കുടയിലെ രക്തക്കുഴലുകൾ വികസിപ്പിച്ച് അതിലൂടെ ചോരയൊഴുക്കി, അവ വീശി ആറ്റിയാണ് ഉള്ളിലെ ചൂട് കുറക്കുന്നത്. കൂടാതെ, ദേഹത്ത് പൊടി വാരിപ്പൂശിയും ചെളി വാരിയണിഞ്ഞുമൊക്കെ ആന സൂര്യനോട് പൊരുതിക്കൊണ്ടിരിക്കും. തണലിൽ പകലുറക്കമോ വിശ്രമമോ ചെയ്ത്, ചൂട് കുറഞ്ഞ സന്ധ്യയിലും പുലർച്ചെയും രാത്രിയിലും കൂടുതൽ സജീവമാകും. ദിവസത്തിന്റെ മൂന്നിൽ രണ്ട് ഭാഗം സമയവും തിന്നാലേ പെരുവയർ നിറയൂവെന്ന പ്രശ്നവും ഉണ്ട്.

ദഹിക്കാത്ത ഭക്ഷണം ആനപ്പിണ്ഡമാകും

പല നാൽക്കാലികളേയും പോലെ വലിയ മാർജ്ജാരന്മാർ ഏതു നിമിഷവും കൊന്നു തിന്നുമെന്ന ഭയത്തിലല്ല ആനയുടെ ജീവിതം. അവർക്കെല്ലാമുള്ളതുപോലെ രണ്ട് ആമാശയങ്ങൾ ആനയ്ക്കില്ല. ഏറ്റവും വേഗത്തിൽ കിട്ടുന്നത്ര പുല്ലും ഇലകളും അകത്താക്കി, സുരക്ഷിത ഇടത്തേക്ക് മാറി, തിന്നതു മുഴുവൻ സ്വസ്ഥമായി വീണ്ടും തികട്ടി എടുത്ത് ചവച്ചിറക്കിയുള്ള അയവെട്ടലും ഇല്ല. വലിയ വയർ നിറയ്ക്കാൻ വളരെ നേരം തിന്നണം. കാടും പടലും വേരും തൊലിയും പഴങ്ങളും വിത്തുകളും ഒക്കെ അതിൽപെടും. പകുതിയും ദഹിക്കാതെ പുറത്തേക്ക് ആനപ്പിണ്ഡമായി പോകുകയും ചെയ്യും. വയറിനുള്ളിലെ സിംബയോട്ടിക് ബാക്റ്റീരിയകളുടെ പ്രവർത്തനഫലമായുള്ള Hindgut fermentation ആണ് ആനകളിൽ തിന്ന സെല്ലുലോസൊക്കെ ദഹിക്കാൻ സഹായിക്കുന്നത്. കുട്ടിയാനകളുടെ വയറ്റിൽ ബാക്റ്റീരിയകൾ ഇല്ലാത്തതിനാൽ സെല്ലുലോസ് ദഹനം പ്രശ്നമാണ്. അതിനാൽ ബാക്റ്റീരിയകൾ കിട്ടാൻ അമ്മയുടേയോ മറ്റ് ആനകളുടെയോ പിണ്ഡം അവ തിന്നും.

Photo: AP

മണം തിരിച്ചറിയാനും തുമ്പിക്കൈ

ലക്ഷത്തിലധികം സ്മൂത്ത് മസിലുകളുള്ള അതീവ പ്രാധാന്യമുള്ളൊരു അവയവമാണ് ആനയുടെ തുമ്പിക്കൈ. മണം, സ്പർശം എന്നിവയറിയാൻ സഹായിക്കുന്നതുകൂടാതെ മരക്കൊമ്പുകളിലെ ഇലകളെ താഴത്തു കൊണ്ടുവരാനും വെള്ളവും ഭക്ഷണവും വായിലെത്തിക്കാനും തുമ്പിക്കൈ വേണം. ചിന്നം വിളിക്കാനും വെള്ളം ദേഹത്ത് ചീറ്റാനും സഹായിക്കുന്നു. മറ്റാനകളെ ഗന്ധം കൊണ്ട് മനസിലാക്കാൻ തുമ്പിക്കൈയാണ് ഉപയോഗിക്കുക. സൗഹൃദം പ്രകടിപ്പിക്കാനായും മറ്റും നമ്മൾ കൈകൊടുക്കുന്നതുപോലെ പരസ്പരം തുമ്പിക്കൈകൾ പിണച്ച് ആനകൾ പെരുമാറാറുണ്ട്. ഇണചേരൽ സമയത്തും മറ്റ് ആനകളോടോ മൃഗങ്ങളോടോ പൊരുതുമ്പോഴും തുമ്പിക്കൈ സഹായിക്കും. ആഫ്രിക്കൻ ആനകളുടെ തുമ്പിക്കൈയുടെ അഗ്രത്തിൽ വിരലുപോലെ രണ്ട് ചുണ്ടുകൾ ഉണ്ടാകുമെങ്കിലും നമ്മുടെ ആനകളുടെ തുമ്പിയിൽ ഒരു ചുണ്ടേ ഉള്ളു. നല്ല നീന്തൽക്കാരാണ് ആനകൾ- വെള്ളത്തിലിറങ്ങി പുഴ കടക്കുമ്പോഴുമൊക്കെ ആഴത്തിലൂടെ നടക്കാൻ തുമ്പിക്കൈ തലയുടെ മുകളിൽ ഉയർത്തിപ്പിടിച്ച് ശ്വാസം കഴിക്കാൻ പറ്റുന്നതിനാൽ എളുപ്പമാണ്. തുമ്പിക്കൈയിൽ എട്ടര ലിറ്റർ വെള്ളം വരെ പിടിക്കാൻ ആനയ്ക്ക് കഴിയും.

മേൽത്താടിയിലെ രണ്ടാം ഉളിപ്പല്ലുകളാണ് കൊമ്പുകൾ ആകുന്നത്. അവ ജീവിതകാലം മുഴുവൻ വളർന്നുകൊണ്ടിരിക്കും. നമ്മുടെ പാൽപ്പല്ലുകൾ കൊഴിഞ്ഞ് പോകുന്നതും മുളച്ചുവരുന്നതും പോലെയല്ല ആനയുടെ ചവയ്ക്കാനുള്ള പല്ലുകൾ. നേരെ അടിയിൽനിന്നല്ല ഉയർന്ന് വരിക. വായുടെ പിൻഭാഗത്തുനിന്ന് മോണയിൽ വളർന്നുവന്ന് പഴയ പല്ലുകളെ തള്ളിപ്പുറത്തേക്കാക്കി ആ സ്ഥാനം നേടുകയാണ് ചെയ്യുന്നത്. ജീവിതത്തിൽ ഇത്തരത്തിൽ ആറു തവണ പുതിയ പല്ലുകൾ വരും. പ്രായമാകുന്നതോടെ ഉറപ്പുള്ള ഭക്ഷണം ചവക്കാനൊന്നും ഉപകരിക്കാത്ത കുറ്റികളാകും വായിൽ ഉണ്ടാകുക. ഇളംപുല്ലുകൾ മാത്രമേ അപ്പോൾ കഴിക്കാൻ പറ്റൂ. അതിനാൽ വാർദ്ധക്യത്തിൽ ഭക്ഷണം കഴിക്കാനാകാതെ പട്ടിണി കിടന്നാണ് ആനകളുടെ സ്വാഭാവിക അന്ത്യം സംഭവിക്കുക.

കൊമ്പുകൾ എന്തിന്?

മണ്ണിൽ കുഴിച്ച് വെള്ളം കണ്ടെത്താനും വേരുകളും കിഴങ്ങുകളും പുറത്തെടുക്കാനും മരത്തിന്റെ തൊലിയടർത്താനും എതിരാളികളായ ആനകളേയും മറ്റ് മൃഗങ്ങളേയും നേരിടാനും മേൽക്കോയ്മ സ്ഥാപിക്കാനും ഭാരം എടുത്തുമാറ്റാനും വഴിയൊരുക്കാനും കൊമ്പ് സഹായിക്കുന്നുണ്ട്. മനുഷ്യർ ഇടംകൈ- വലം കൈയന്മാർ ആകുന്നതുപോലെ ഇവരിലും ഇടം കൊമ്പ്- വലംകൊമ്പന്മാർ ഉണ്ട്. ആഫ്രിക്കൻ ആനകളിൽ ആണിനും പെണ്ണിനും വലിപ്പമുള്ള കൊമ്പുകൾ ഉണ്ടാവുമെങ്കിലും ഏഷ്യൻ ആനകളിൽ ആണിനു മാത്രമേ വലിയ കൊമ്പ് ഉണ്ടാവുകയുള്ളു.

നമുക്ക് കേൾക്കാൻ ആവാത്തത്ര താഴ്ന്ന ആവൃതിയിലുള്ള ഇൻഫ്രാസോണിക് ശബ്ദങ്ങൾ ആനകൾ ആശയക്കൈമാറ്റത്തിനായി ഉണ്ടാക്കും. കൂടാതെ മണ്ണിലൂടെ കൈമാറാൻ പറ്റും വിധമുള്ള കമ്പനങ്ങൾ വഴിയും തമ്മിൽ തമ്മിൽ വിവരങ്ങൾ കൈമാറും. കാലിലെ പാഡുകളിൽ ആ കമ്പനങ്ങൾ കൂടുതലായി കിട്ടാൻ വേണ്ടി മണ്ണിൽ അമർന്നിരിക്കാനായി ഭാരം കൂട്ടാൻ ഒരുകാൽ ഉയർത്തിപ്പിടിക്കുക കൂടി ചെയ്യും. തുമ്പിക്കൈ നിലത്ത് മുട്ടിച്ചുപിടിച്ചും ഈ കമ്പനങ്ങൾ സ്വീകരിക്കും.

ഫോട്ടോ: സാലി പാലോട്‌

സാമൂഹിക ജീവികളായ ആനകൾ

വളരെ ദൃഢമായ സാമൂഹിക ജീവിതം നയിക്കുന്നവരാണ് ആനകൾ. മുതിർന്ന ഒരു പെണ്ണാനയ്ക്കാവും സംഘ നേതൃത്വം. സംഘത്തിൽ കുറേ മുതിർന്ന പെണ്ണാനകളും കുട്ടികളും ഉണ്ടാവും. സ്വന്തം കുടുംബാംഗങ്ങളെ ഇവർക്ക് ഗന്ധം കൊണ്ട് തിരിച്ചറിയാനാകും. ആറ്- ഏഴ് വയസായാൽ ആണാനകൾ കൂട്ടത്തിൽനിന്ന് പിരിയാൻ തുടങ്ങും. സാധാരണയായി, പന്ത്രണ്ട് വയസാകുന്നതോടെ ആണാനകൾ കൂട്ടം വിട്ടുപോകും. അതുവരെ മുതിർന്ന പെണ്ണാന നയിക്കുന്ന കൂട്ടത്തിലെ കുട്ടിയായി അവരുണ്ടാകുമെങ്കിലും പ്രായപൂർത്തിയാകുന്നതോടെ കൂട്ടത്തിൽനിന്നു പുറത്താക്കും. സ്വന്തം ബന്ധുക്കളായ പെണ്ണാനകളുമായി ഇണചേരാനുള്ള സാധ്യത ഒഴിവാക്കാൻ കൂടിയാാണിത്.

കൂട്ടം വിട്ട് ഏകാന്ത സഞ്ചാരികളാകും അവർ. തിന്ന് മദിച്ച് വേറെ ആനക്കൂട്ടങ്ങളെ അന്വേഷിച്ച് സഞ്ചരിക്കും. ചിലപ്പോൾ സമാന സ്വഭാവത്തോടെ നടക്കുന്ന വേറെയും ആണാനകളുമായി കൂട്ടുകൂടി ബാച്ചിലർ സംഘങ്ങളായും കഴിയും. അതിൽ കൊമ്പില്ലാത്ത മോഴകളും കാണും. ചെറുബാല്യക്കാരായ ആണാനകൾ തമ്മിൽ ഇണചേരലിന് സമാനമായ പെരുമാറ്റങ്ങൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മുതിർന്ന ആണാനക്കൂട്ടങ്ങളിലും സ്വവർഗാനുരാഗ സമാനമായ ചേഷ്ടകൾ കാണാറുണ്ട്. ചെറുപ്പക്കാരുമായല്ല, എറ്റവും മുതിർന്ന 40-50 വയസായ ആണാനകളുമായി ഇണചേരാനാണ്‌ പിടിയാനകൾ താത്പര്യം കാണിക്കുക. ആണാനകളുടെ വൃഷണങ്ങൾ മറ്റ് പല സസ്തനികളുടേതും പോലെ വൃഷണസഞ്ചിയിൽ ശരീരത്തിന് പുറത്തല്ല സ്ഥിതി ചെയ്യുന്നത്. ഉള്ളിൽതന്നെ വൃക്കകളുടെ അടുത്താണുള്ളത്. ഉദ്ധരിക്കുമ്പോൾ ലിംഗം 'S' ആകൃതിയിൽ ഒരു മീറ്റർ വരെ നീളം വെച്ചാണുണ്ടാകുക. മറ്റ് സസ്തനി പെൺമൃഗങ്ങളുടെ ബാഹ്യ ലൈംഗികാവയവം വാലിനു തൊട്ട് താഴെയാണെങ്കിൽ ആനകളുടേത് പിൻകാലുകളുടെ ഇടയിലാണ്‌. മുലകൾ മുൻകാലുകൾക്കിടയിൽ. മുലയൂട്ടുന്ന സമയം കുഞ്ഞിനെ തുമ്പിക്കൈ കൊണ്ട് താങ്ങിപ്പിടിക്കാൻ പറ്റുന്ന വിധത്തിലാണ്‌. കുഞ്ഞുങ്ങൾ തുമ്പിക്കൈ ഉപയോഗിച്ചല്ല, വായ കൊണ്ട് നേരിട്ടാണ് പാൽ കുടിക്കുക.

ഇണയ്ക്കായി പരസ്പരാക്രമണങ്ങൾ

ആനകളുടെ തലയുടെ ഇരു പാർശങ്ങളിലുമായുള്ള ടെമ്പറൽ ഗ്രന്ഥികൾ ഉണ്ട്. അത് ആനകളുടെ ലൈംഗികതയുമായി ബന്ധപ്പെട്ട് കിടക്കുന്നു. ആണാനകൾ മസ്ത് എന്ന പേരിലറിയപ്പെടുന്ന ലൈംഗിക ഉണർവ് കാലത്ത് ടെസ്റ്റോസ്റ്റിറോൺ ഉത്പാദനം കൂടുകയും ഗ്രന്ഥികളിൽനിന്ന് രൂക്ഷഗന്ധമുള്ള സ്രവങ്ങൾ ഒലിച്ചിറങ്ങുകയും ചെയ്യും. മദപ്പാട് എന്നാണ് ഈ അവസ്ഥയ്ക്ക് പറയുക. മദപ്പാട് ഉണ്ടായാൽ ഇവയുടെ രൂക്ഷഗന്ധം അടിച്ചാൽ കൂട്ടത്തിലെ ആണാനകൾ ഒഴിഞ്ഞ് മാറിനിൽക്കും. ചെവിയാട്ടുമ്പോൾ ഈ ഗന്ധം ദൂരേക്ക് പ്രസരണം ചെയ്യപ്പെടും. ഇണചേരാൻ ആഗ്രഹിച്ച് നടക്കുന്ന ചെറുപ്പക്കാരും മുതിർന്ന കൊമ്പന്മാരും വന്നാൽ ആഗ്രഹം ഒഴിവാക്കി സ്ഥലം കാലിയാക്കും. മദദ്രവം മരങ്ങളിലും പാറകളിലും ഉരച്ച് ബാക്കിയുള്ള കൊമ്പന്മാർ സ്ഥലം കാലിയാക്കൂ എന്ന സന്ദേശം നൽകും. പലപ്പോഴും ചെറുപ്പാക്കാർക്കൊന്നും ഇണചേരാനുള്ള ഭാഗ്യം കൊല്ലങ്ങളോളം കിട്ടണമെന്നില്ല. ചിലപ്പോൾ കൊമ്പന്മാർ തമ്മിൽ ഇണയ്ക്കായി കടുത്ത പരസ്പരാക്രമണങ്ങൾ നടക്കും. പതിനെട്ട് മുതൽ ഇരുപത്തി രണ്ടു മാസം വരെ നീണ്ടതാണ് ആനയുടെ ഗർഭകാലം. പ്രസവസമയത്ത് കുഞ്ഞിന്റെ ശരീരത്തിൽ ധാരാളം രോമങ്ങൾ ഉണ്ടാവും. കുറച്ച് മണിക്കൂറുകൾക്കകം തന്നെ ആനക്കുട്ടി നടക്കാൻ തുടങ്ങും. സംഘത്തിലെ എല്ലാവരുടെയും ശ്രദ്ധ കുഞ്ഞുങ്ങളിൽ ഉണ്ടാകും. അൽപ്പം മുതിർന്നാൽ അമ്മ ഭക്ഷണം തേടിപ്പോകുമ്പോൾ ആയമാർ സംരക്ഷിക്കും.

മനുഷ്യർ ഇടംകൈ- വലം കൈയന്മാർ ആകുന്നതുപോലെ ഇവരിലും ഇടം കൊമ്പ്- വലംകൊമ്പന്മാർ ഉണ്ട് | ഫോട്ടോ: എന്‍.എ. നസീര്‍

കൃത്യമായ ടെറിട്ടറി ശീലങ്ങൾ ഇല്ലാത്തവര്‍

ഫിഷൻ- ഫ്യൂഷൻ സംവിധാനം ഉള്ളതാണ് ഇവരുടെ സംഘരീതി. കുറച്ച് പേര്‍ ഇടക്ക് പിരിഞ്ഞുപോകും. വേറെ ഗ്രൂപ്പിലുള്ളവരാണെങ്കിലും ഒരേ ക്ലാനിൽ പെട്ടവരാണെങ്കിൽ ഇടയ്ക്ക് ഇതിലേക്ക് ചേരും. മുതിർന്ന പെണ്ണാനകൾ ചിലപ്പോൾ ചെറുസംഘമായി പിരിഞ്ഞുപോകും. എങ്കിലും ബന്ധുക്കളെ ഇവർ മറക്കില്ല. അതുപോലെ, കൃത്യമായ ടെറിട്ടറി ശീലങ്ങളൊന്നും ഇവർക്കില്ല എങ്കിലും, ഓരോ കൂട്ടത്തിനും, അതിലെ ഓരോ അംഗത്തിനും കൃത്യമായ സ്ഥിരം മേച്ചിൽസ്ഥലങ്ങൾ ഉണ്ടാവാം. ഭക്ഷണ ലഭ്യതയ്ക്കനുസരിച്ച് ദീർഘ സഞ്ചാരങ്ങൾ നടത്തും. ഒരേ സ്ഥലത്തേക്ക് തന്നെ തിരിച്ചുവരുന്ന ശീലവുമുണ്ട്. എത്രയോ തലമുറകളായി അങ്ങിനെ തീറ്റയന്വേഷിച്ച് നടന്നുണ്ടാക്കിയ വഴികളുടെ സൂചനകൾ പുതിയ അംഗങ്ങൾക്കും അറിയാൻ കഴിയുമെന്നാണ് കരുതപ്പെടുന്നത്. ആനത്താരകൾ എന്നാണ് ഇത്തരം പ്രാചീനവഴികളെ പറയുന്നത്.

മനുഷ്യർ, ആൾക്കുരങ്ങുകൾ, ഡോൾഫിനുകൾ എന്നിവയുടേതു പോലെ തലച്ചോറിലെ നിയോ കോർട്ടെക്സ് നന്നായി വികസിച്ച ജീവിയാണ് ആനയും. അതിനാൽ തന്നെ പലതരം പ്രത്യേക സ്വഭാവ വിശേഷങ്ങൾ ഇവ പ്രകടിപ്പിക്കും. സ്വത്വബോധം, സംഘാംഗങ്ങളുടെ കാര്യത്തിൽ ഉള്ള അനുകമ്പ, പരോപകാരം, ഉത്കണ്ഠ, കരുതൽ എന്നിവ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഉപകരണങ്ങളുടെ ഉപയോഗം, അനുകരണം, നൂതനമായ ആശയങ്ങൾ ആവിഷ്കരിക്കൽ തുടങ്ങിയവ ഇവർക്ക് സാധ്യമാണ്. സ്വന്തം സംഘാംഗങ്ങളോ മക്കളോ ഒക്കെ മരിച്ചുപോയാൽ ദുഃഖം പ്രകടിപ്പിക്കുകയും വളരെ നേരം ശവശരീരത്തിനടുത്ത് കഴിയുകയും, കൂടെ ചില പ്രത്യേക ഗോത്ര ആചാര രീതികൾ പ്രകടിപ്പിക്കുകയും ചെയ്യുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

ആനനടത്തം

‘ഗജരാജ വിരാജിത മന്ദഗതി‘ എന്നൊക്കെ ആനനടത്തത്തെ കവികൾ വിശേഷിപ്പിച്ചിട്ടുണ്ടല്ലോ. ’ ഒരുവശത്തെ മുൻകാലും പി‌ൻകാലും ഒന്നിച്ച് മുന്നോട്ടുവെച്ചുള്ള നടത്തമാണെങ്കിലും അല്പം ആടിയുലഞ്ഞതു പോലെയാണ് പിറകിൽനിന്ന് നോക്കുമ്പോൾ തോന്നുക. ആനയ്ക്ക് വേഗത്തിൽ നടക്കാനും ഓടാനും കഴിയുമെങ്കിലും പെട്ടന്ന് വേഗത കൂട്ടാൻ കഴിയില്ല. ചാടാനും കഴിയില്ല. ഉള്ളടഞ്ഞ വനങ്ങളിൽ വലിയ ശരീരവുമായി ആന പോകുന്നതോടെ മറ്റ് മൃഗങ്ങൾക്കു വഴിയാകുകയാണ് ചെയ്യുക. അങ്ങിനെ ആന നടന്നുണ്ടാക്കിയ വഴികളാണ് പല കാട്ടുപാതകളും റോഡുകളുമായി മാറിയത്. വേരുകൾ ഇളക്കി പുതുചെടികൾ വളരാൻ സഹായം ചെയ്യുന്നതു കൂടാതെ ആനപ്പിണ്ഡത്തിലൂടെ ബഹുദൂരത്തേക്ക് വിത്തുവിതരണം നടത്തുന്നതും ആന ചെയ്യുന്ന ഉപകാരങ്ങളാണ്.

Photo: ANI

മനുഷ്യരുമായുള്ള സമ്പർക്കം മൂലം ആനകൾക്ക് കിട്ടിയ രോഗമാണ് ക്ഷയം. അത് പല ആനകളുടെയും അന്തകനാകുന്നുണ്ട്. കാടിനോട് ചേർന്ന കൃഷി സ്ഥലങ്ങളിലേക്ക് കൂട്ടമായി ആനകൾ ഇറങ്ങുന്നത് വലിയ സാമൂഹികപ്രശ്നമായി മാറീട്ടുണ്ട്. കൃഷി സംരക്ഷിക്കാനായും ആനകളെ ഓടിക്കാനായും നടത്തുന്ന പ്രവൃത്തികൾക്കിടയിൽ ആനകൾക്ക് പരിക്കുകൾ പറ്റുന്നുണ്ട്. അവ തിരിച്ചാക്രമിച്ച് നാട്ടുകാർക്ക് ജീവാപായം വരെ ഉണ്ടാകുകയും ചെയ്യുന്നുണ്ട്. ആണാനകൾ ഒറ്റയ്ക്കും സംഘമായും നടക്കുമ്പോഴും മദപ്പാട് കാലത്തുമാണ്‌ കൂടുതൽ നാശങ്ങൾ ഉണ്ടാക്കുന്നത്. ആനകളുടെ എണ്ണം വർധിക്കുന്നതായി പറയപ്പെടുന്നുണ്ടെങ്കിലും കൃത്യമായ കണക്കുകൾ ഇപ്പോഴും ലഭ്യമല്ല.

ആനകളെ തടയാനായി കിടങ്ങുകൾ, മതിലുകൾ, വൈദ്യുതി വേലികൾ, തേനീച്ച വേലികൾ തുടങ്ങിയ പല മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും പലതിനും പ്രശ്നങ്ങളുണ്ട്‌. മഴ കൂടുതലുള്ള പ്രദേശങ്ങളിൽ കിടങ്ങുകൾ തൂർക്കാൻ ആനകൾക്ക് അറിയാം. വൈദ്യുത വേലികൾ ഉണങ്ങിയ മരങ്ങൾ ഉപയോഗിച്ച് തകർക്കാൻ അവ പഠിച്ചെടുക്കും. ആഫ്രിക്കയിൽ ഉപയോഗിക്കുന്ന തരത്തിലുള്ള തേനീച്ചകളല്ലാത്തതിനാൽ ഇവിടത്തെ ആനകൾ തേനീച്ച വേലികളേയും കടക്കാൻ തുടങ്ങി. മനുഷ്യവാസ സ്ഥലങ്ങളോട് ചേർന്ന ഇടങ്ങളിലേക്ക് നല്ല ഭക്ഷണം അന്വേഷിച്ച് ആനകൾ വരുന്നത് തടയാൻ നമുക്ക് പ്രതിബന്ധങ്ങൾ ഏറെയുണ്ട്‌. ആനകളുടെ ആവാസ സ്ഥലങ്ങൾ ഇനിയും വർദ്ധിപ്പിക്കാനാകാത്ത സാഹചര്യത്തിൽ, ആനകളുടെ എണ്ണം കൂടുകയാണെങ്കിൽ ഇതൊരു വലിയ ആനക്കാര്യമായി മാറുക തന്നെ ചെയ്യും.

കടപ്പാട് : Dr Sreedhar Vijayakrishnan
IUCN SSC Asian Elephant Specialist Group

Content Highlights: all you need to know about elephants, bandhukal mithrangal

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


ravisankar prasad and rahul gandhi

1 min

മറ്റുള്ളവരെ അധിക്ഷേപിക്കാൻ രാഹുലിന് പൂര്‍ണസ്വാതന്ത്ര്യം വേണമെന്നാണോ?; കോൺഗ്രസിനെ വിമർശിച്ച് ബിജെപി

Mar 23, 2023

Most Commented