ഷാർക്ക് ബേ പ്രദേശത്ത് കണ്ടെത്തിയ കടൽപുല്ല് ശേഖരം | Photo-facebook.com/PeoplesDaily
തിരുവനന്തപുരത്തുനിന്ന് ഏതാണ്ട് കൊച്ചിവരെയെത്തുന്ന ദൂരത്തില്‍ കടല്‍ത്തീരത്ത് പരന്നുകിടക്കുന്ന ഒരു ചെടിയെക്കുറിച്ച് ഒന്നു ചിന്തിച്ചു നോക്കൂ. അത്രയും നീളത്തിലോ എന്ന് സംശയം തോന്നിയാലും ഇല്ലെങ്കിലും ചിന്തിക്കുമ്പോള്‍ മനസ്സില്‍ പുല്‍പ്പരപ്പുപോലെയോ പായല്‍ പോലെയോ ഒക്കെയുള്ള ചിത്രങ്ങളാവും മിക്കവാറും കടന്നുവരുന്നത്. ഓസ്‌ട്രേലിയയുടെ പടഞ്ഞാറന്‍ തീരത്തുള്ള ഷാര്‍ക് ഉള്‍ക്കടലിനോടുചേര്‍ന്ന് ഇങ്ങനെയൊരു ഇടമുണ്ട്. കടലിനടിയിൽ വളരുന്ന പച്ചപ്പുൽക്കൂട്ടമാണിത്. ഒറ്റനോട്ടത്തിലെ തെറ്റിദ്ധാരണയല്ല, മറിച്ച് സാധാരണക്കാര്‍ ആരായാലും തിരിച്ചും മറിച്ചും നോക്കിയാലും കിലോമീറ്ററുകളോളം പടര്‍ന്നുകിടക്കുന്ന പുല്ലിന്റെ കൂട്ടമാണെന്നുതന്നെയേ തോന്നൂ. എന്നാല്‍ ഇത് കുറെ ചെടികളല്ല, ഒറ്റ വിത്തില്‍നിന്നുണ്ടായ ഒരു കടല്‍പ്പുല്ല് മാത്രമാണ് എന്നറിഞ്ഞോലോ! അല്‍ഭുതമെന്നുതന്നെയാവും ഉത്തരം. അതെ, അങ്ങനെയൊന്ന് കണ്ടെത്തിയിരിക്കുന്നു, ലോകത്തെ ഏറ്റവും വലുപ്പമേറിയ ചെടി എന്ന പേര് ഇനി ഇതിന് സ്വന്തം.
ഒറ്റ വിത്തെന്ന അത്ഭുതം
ഒറ്റ വിത്തിൽനിന്ന് കിലോമീറ്ററുകൾ പരന്നുകിടക്കുന്ന ഒരു ചെടിയെന്നത് അവിശ്വസിനീയമായി തോന്നാം. എന്നാൽ ഇത് വിശ്വസിച്ചേ മതിയാവൂ എന്ന് റോയൽ സൊസൈറ്റി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം ഉറപ്പ് നൽകുന്നു. കടൽപ്പുല്ലിൻറെ ഡി.എൻ.എ. സാമ്പിൾ ചെയ്ത് താരതമ്യപ്പെടുത്തി പുൽമേട് ഒരൊറ്റ ജീവിയാണെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിക്കുകയായിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ മറൈൻ ബയോളജിസ്റ്റും ഈ ഗവേഷണ പഠന പ്രബന്ധത്തിന്റെ സഹ എഴുത്തുകാരിയുമായ ജെയ്ൻ എഡ്ജലോ ആണ് ഇതെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്. ചിലയിനം സസ്യങ്ങൾക്കും ജീവികൾക്കും ലിംഗഹീനരായി സ്വയം പുനർനിർമ്മിക്കാൻ കഴിയും. ഒരൊറ്റ ജീവിയുടെ ക്ലോണുകളായിരിക്കുന്നതിനാൽ ദ്രുതഗതിയിലുള്ള വളർച്ചയുണ്ടാകുന്നതിലൂടെ ഒന്നിനുതന്നെ ഭീമാകാരൻമാരായി വളരാൻ കഴിയുമെന്നും പഠനത്തിൽ പറയുന്നു. വാഷിംഗ്ടണിനേക്കാൾ വലിയ ഒരു പ്രദേശം ഉൾക്കൊള്ളുന്ന രീതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ പുൽത്തകിടിയെ ''ഭൂമിയിൽ അറിയപ്പെടുന്നതിൽ ഏറ്റവും കൂടുതൽ പരന്നുകിടക്കുന്ന വലിയ ക്ലോൺ'' എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്.
4500 വര്‍ഷം പഴക്കം
റിബ്ബണ്‍ വീഡ് അല്ലെങ്കില്‍ പോസിഡോണിയ ഓസ്‌ട്രേലിസ് എന്ന പേരില്‍ ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഈ ചെടിക്ക് 4,500 വര്‍ഷം പഴക്കമുണ്ടെന്നാണ് കണ്ടെത്തല്‍. കടല്‍ പുല്‍മേട് വളരെ വലുതാണെങ്കിലും, അത് ദുര്‍ബലമാണ്. പത്തുവര്‍ഷം മുമ്പ് ഈ കടല്‍പ്പുല്ല് ഏഴ് ചതുരശ്ര മൈല്‍ കൂടി കൂടുതലായി വ്യാപിച്ചിരുന്നു. എന്നാല്‍ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ചുഴലിക്കാറ്റുകളും സമുദ്ര താപനിലയും കാരണം കടല്‍പ്പുല്ലിന്റെ പത്തിലൊന്ന് നശിച്ചു. മെഡിറ്ററേനിയന്‍ കടല്‍പ്പുല്ലുമായി അടുത്ത ബന്ധമുള്ള പോസിഡോണിയ ഓഷ്യനിക്ക 15 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നതും ഏകദേശം 100,000 വര്‍ഷം പഴക്കമുള്ളതുമാണ്.
ഇരട്ടി ക്രോമോസോം
സമാനമായ മറ്റ് സസ്യങ്ങളെ അപേക്ഷിച്ച് ഇരട്ടി ക്രോമസോമുകള്‍ ഉണ്ട്. ശാസ്ത്രജ്ഞര്‍ ഇതിനെ 'പോളിപ്ലോയിഡ്' എന്ന് വിളിക്കുന്നു. സാധാരണ കടല്‍പ്പുല്ല് തൈകളിലെ അതിന്റെ മുന്‍തലമുറയിലെ ജനിതകഘടനയുടെ പകുതിയോളം കാണപ്പെടുന്നു. എന്നാല്‍ പോളിപ്ലോയിഡുകള്‍ അവരുടെ മുന്‍തലമുറയുടെ മുഴുവന്‍ ജീനും വഹിക്കുന്നവരാണ്. ഉരുളക്കിഴങ്ങ്, പഴം ഇവയെല്ലാം പോളോപ്ലോയിഡുകളാണ്. പോളിപ്ലോയിഡുകള്‍ പലപ്പോഴും ഉത്പാദനശേഷി ഇല്ലാത്തവയാണ്. മറ്റു ദോഷങ്ങളില്ലാതെ അതിജീവിച്ചാല്‍ അനിശ്ചിതമായി വളരാന്‍ ഇവയ്ക്ക് കഴിയും. ഈ കടല്‍പ്പുല്ലിനും അതുതന്നെയാണ് സംഭവിച്ചത്. ആഴം കുറഞ്ഞ ഷാര്‍ക് ഉള്‍ക്കടലിന്റെ അസ്ഥിരമായ അന്തരീക്ഷത്തെ അതിജീവിക്കാന്‍ ഈ ചെടിക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
തീരങ്ങളെ സംരക്ഷിക്കുന്ന പുല്ലുകള്‍
കടല്‍പ്പുല്ലുകള്‍ കൊടുങ്കാറ്റിന്റെ നാശത്തില്‍ നിന്ന് നമ്മുടെ തീരങ്ങളെ സംരക്ഷിക്കുന്നു. വലിയ അളവില്‍ കാര്‍ബണ്‍ സംഭരിക്കുന്നതിനും ഇവയ്ക്കാവും. പരിസ്ഥിതിയ്ക്ക് ഏറ്റവും ഗുണകരമായ സസ്യങ്ങളിലൊന്നാണിതെന്ന് പറയാം. കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിനും ഇവയുടെ വളര്‍ച്ചയ്ക്ക് വ്യക്തമായ പങ്കുണ്ട്. ഉയരുന്ന സമുദ്ര താപനില കടല്‍ പുല്‍മേടുകള്‍ക്കും കാര്‍ബണ്‍ നിലനിര്‍ത്താനുള്ള അവയുടെ കഴിവിനും ഭീഷണി തന്നെയാണ്. കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തേക്ക് തള്ളപ്പെടുന്നത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. കാര്‍ബണ്‍ സംഭരണത്തില്‍ ഉയര്‍ന്ന നിരക്കാണ് കടല്‍പ്പുല്ലുകള്‍ക്കുള്ളത്. അതുകൊണ്ടുതന്നെ അവ നശിക്കാതിരിക്കേണ്ടത് പ്രകൃതിയുടെ നിലനില്‍പിന് അത്യാവശ്യമാണ്.
തീരദേശ ആവാസവ്യവസ്ഥയിലെ സമുദ്രത്തിലെ അമ്ലീകരണത്തെ ലഘൂകരിക്കുന്നതിലും കടല്‍പ്പുല്ലുകള്‍ക്ക് പരിമിതവും പ്രാദേശികവുമായ പങ്ക് വഹിക്കാനാകുമെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കടല്‍പ്പുല്ലുകള്‍ക്ക് സ്വയം പ്രതിരോധശേഷിയില്ല. ചൂട് കൂടുന്നതും സമുദ്രത്തിലെ അമ്ലീകരണവും അവയ്ക്ക് സുപ്രധാന വെല്ലുവിളിയാണ്.
കടല്‍ജീവികളുടെ സംരക്ഷക
പല ജീവികള്‍ക്കും വലിയൊരു വാസസ്ഥലം നല്‍കാനും ഇവയ്ക്ക് സാധിക്കുന്നുണ്ട്. കടല്‍പ്പുല്ലുകള്‍ കടല്‍ ജീവികള്‍ക്ക് ഭക്ഷണത്തിന്റെയും പാര്‍പ്പിടത്തിന്റെയും ഒരു പ്രധാന ഉറവിടമാണ് നല്‍കുന്നത്. കല്‍ക്കരി, എണ്ണ, വാതകം എന്നിവ കത്തിക്കുമ്പോള്‍ അന്തരീക്ഷത്തിലെത്തുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആഗോള കാലാവസ്ഥാ വ്യതിയാനത്തിന് പിന്നിലെ പ്രധാന ചാലകശക്തിയാണ്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് സമുദ്രത്തിലേക്ക് ആഗിരണം ചെയ്യപ്പെടുമ്പോഴുണ്ടാവുന്ന രാസപ്രവര്‍ത്തനങ്ങളുടെ ഫലമായി കാര്‍ബോണിക് ആസിഡ് ഉത്പാദിപ്പിക്കുന്നു. ഇത് സമുദ്രജീവികളെ, പ്രത്യേകിച്ച് കാല്‍സ്യം കാര്‍ബണേറ്റില്‍ നിന്ന് പുറന്തോടുകള്‍ നിര്‍മ്മിക്കുന്ന ചിപ്പികള്‍, മുത്തുച്ചിപ്പികള്‍ തുടങ്ങിയ ജീവികളെ നശിപ്പിക്കുന്നു. ഇവയെ സംരക്ഷിക്കാന്‍ കടല്‍പ്പുല്ലുകളുടെ അതിജീവനം ഉണ്ടായേ മതിയാവൂ. കടല്‍ത്തീരത്തിന്റെ മണ്ണൊലിപ്പിനെതിരെ പോരാടാനും പുല്ലുകള്‍ സഹായിക്കുന്നു, കൂടാതെ ഇത് വെള്ളത്തില്‍ നിന്ന് ബാക്ടീരിയല്‍ രോഗകാരികളെ ഫില്‍ട്ടര്‍ ചെയ്യുന്നു. അതുകൊണ്ടുതന്നെ പ്രകൃതിയുടെ ഈ അത്ഭുതത്തെ സംരക്ഷിക്കേണ്ട ബാധ്യത മനുഷ്യര്‍ക്കുണ്ട്. ഇനിയും നൂറ്റാണ്ടുകളോളം നിലനിന്ന് പ്രകൃതിയുടെ രക്ഷയ്ക്കായി പ്രവര്‍ത്തിക്കേണ്ടവരാണ് പരന്നുകിടക്കുന്ന ഈ ഒറ്റപ്പുല്ല്.
Content Highlights: all about world's largest known plant sea grass ,size of the city Manhattan, magics of nature
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..