ഐഎഫ്എഫ്കെയിലെ ചകോരം, ഉപ്പനെന്നും ചെമ്പോത്തെന്നും വിളിപ്പേര്; കാക്ക രൂപി, പക്ഷെ കുയില്‍വര്‍ഗ്ഗം


വിജയകുമാർ ബ്ലാത്തൂർചെമ്പോത്തുകള്‍ നിലാവ് കുടിച്ചാണ് ജീവിക്കുന്നത് എന്ന സങ്കല്‍പ്പം പല നാടുകളിലും ഉണ്ട്.

ചെമ്പോത്ത് | ചിത്രം : അനീഷ് കാവുങ്ങൽ

ക്ഷി വിദഗ്ധരല്ലാത്തവര്‍ക്കും ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാനാകുന്ന പക്ഷിയാണല്ലൊ കാക്കയും മയിലും കോഴിയും ഒക്കെ. അതു പോലെ ആര്‍ക്കും പരിചയമുള്ള ഒരു പക്ഷിയാണ് ചെമ്പോത്ത്. ചെമ്പ് നിറച്ചിറകുള്ള ഒരു വലിയ കാക്കയായി കുട്ടികള്‍ ചിലപ്പോള്‍ തെറ്റിപ്പറയാറുണ്ട്. അത്രയ്ക്കുണ്ട് കാക്കയുമായി രൂപ സാമ്യം.. പക്ഷെ കാക്കയെപ്പോലെ ഉഷാറുള്ള പെരുമാറ്റം അല്ല ഈ പക്ഷിക്ക്. വെളിയില്‍ വരാന്‍ മടിയോടെ ഒളിഞ്ഞും നാണംകുണുങ്ങിയും പൊന്തകളിലും ഇലച്ചാര്‍ത്തുകള്‍ക്കിടയിലും ഇരതേടി കഴിയും. വെയില്‍ പരക്കുന്ന സമയത്തും വൈകുന്നേരവും ആണ് കുറച്ച്കൂടി സജീവമാകുക. വേണമോ വേണ്ടയോ എന്ന് ചിന്തിച്ച് ശങ്കിച്ചാണ് ഒരോ അടിയും വെക്കുന്നത് എന്ന് തോന്നും നടത്തം കണ്ടാല്‍. നിലത്തിറങ്ങി നടന്നും മരക്കൊമ്പുകളില്‍ നിന്ന് അടുത്തതിലേക്ക് ചാടിയും ഒക്കെയാണ് കൂടുതല്‍ സഞ്ചാരം. പറക്കലും വലിയ പ്രയാസപ്പെട്ടതുപോലെയാണ്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

പോത്തിന്റെ ശരീര നിറവും ചുവപ്പ് കലര്‍ന്ന ചെമ്പന്‍ ചിറകും രക്തക്കണ്ണുകളും ഉള്ളതുകൊണ്ടാവുമോ ഇതിന് ചെമ്പോത്ത് എന്ന പേര് വന്നത് ? . ആനയുമായി ഒരു ബന്ധവും ഇല്ലാത്ത ആന്റ് ലയേണ്‍ ലാര്‍വയ്ക്ക് കുഴിയാന എന്ന് പേരിട്ടവരാണ് നാം. കാക്കയേക്കാള്‍ ഇത്തിരി അലങ്കാരങ്ങള്‍ കൂടുതല്‍ ഉള്ളതിനാല്‍ ആവും 'ഈശ്വരന്‍ കാക്ക' എന്നും ഇതിന് പേരുണ്ട് . സത്യത്തില്‍ ഇവര്‍ക്ക് കാക്കയുമായി ഒരു കുലബന്ധവും ഇല്ല. greater coucal എന്നും crow pheasant എന്നും ഇംഗ്ലീഷില്‍ പേരുള്ള ഇവരുടെ ശാസ്ത്ര നാമം (Centropus sinensis) എന്നാണ്. പ്രാദേശിക പ്രത്യേകതകള്‍ വെച്ച് അഞ്ച് സബ് സ്പീഷിസുകള്‍ കൂടി രേഖപ്പെടുത്തിയിട്ടുണ്ട് ( Paroti, Intermedius, Bubutus, Anonymous, Kangeangenesis) . ഇതില്‍ Centrpois sinensis paroti എന്ന ഉപജാതിയില്‍ പെടുത്തിയ ചെമ്പോത്തുകളാണ് കേരളത്തില്‍ കാണപ്പെടുന്നത്. ഇവരുടെ അടി ഭാഗത്തിന് തിളങ്ങുന്ന ഇരുള്‍ നീലിമയുള്ളത് കൂടാതെ തലയും മുഖവും കഴുത്തും കുറച്ച്കൂടി ബ്രൗണ്‍ നിറമുള്ളതും ആണ്.

ഗൂബ് ഗൂബ് ഗൂബ് എന്ന ശബ്ദം ഇടയ്ക്ക് ഉണ്ടാക്കും. ഉപ്പനെന്ന വിളിപ്പേര് അതിൽ നിന്നാവാം | ചിത്രം: അനീഷ് കാവുങ്ങൽ

കാക്ക രൂപി, പക്ഷെ കുയില്‍വര്‍ഗ്ഗം

കാക രൂപികളാണെങ്കിലും കുയിലുകളുടെ കൂട്ടത്തില്‍ പെടുന്നവരാണ് ചെമ്പോത്തുകള്‍. ഇരുവരും Cuculidae കുടുംബക്കാര്‍ ആണ്. പക്ഷെ ആരാന്റെ കൂട്ടില്‍ മുട്ടയിട്ട് സ്‌കൂട്ടായി , കുഞ്ഞുങ്ങളെ മറ്റുള്ളവരെക്കൊണ്ട് വളര്‍ത്തിപ്പിക്കുന്ന കുയിലുകളുടെ പരാദ സ്വഭാവം ഇവര്‍ക്കില്ല. കൂടുകെട്ടി അതില്‍ മുട്ടയിട്ട് കുഞ്ഞുങ്ങളെ അച്ഛനും അമ്മയും ഒത്ത് ചേര്‍ന്ന് സംരക്ഷിച്ച് തീറ്റകൊടുത്ത് വളര്‍ത്തുന്ന മര്യാദക്കാരാണ്. രൂപത്തില്‍ മാത്രമല്ല, ശബ്ദം, ജീവിതരീതി ഇതിലൊക്കെ നമ്മുടെ സാധാരണ കുയിലുകളുമായി ഇവര്‍ക്ക് ഒരു സാമ്യവും ഇല്ലതാനും. കുയിലുകള്‍ മണ്ണിലിറങ്ങാന്‍ മടിയുള്ള പക്ഷികളാണ്. എന്നാല്‍ ചെമ്പോത്ത് നിലത്ത് നടന്നും മരങ്ങളുടെ അധികം ഉയരമില്ലാത്ത കൊമ്പുകളിലും കാട്ട്‌പൊന്തകളിലും ഒക്കെ തത്തി നടന്നും ചാടിക്കയറിയും ഒക്കെയാണ് കാര്യമായും ഭക്ഷണം കണ്ടെത്തുക. മരത്തിന്റെ താഴെക്കൊമ്പുകളില്‍ നിന്ന് പതുക്കെ മുകളിലേക്ക് കൊമ്പുകളിലൂടെ പതുക്കെ പിടിച്ച് കയറും പോലെ മുകളിലെത്തി കീഴോട്ട് വീഴും വിധം ആയാസലളിതമായ അലസപ്പറക്കലാണ് ശീലം. ഇടയ്ക്ക് ചിറകുകള്‍ വിടര്‍ത്തിപ്പിടിച്ച് വെയില്‍ കായും.

പുഴുക്കള്‍ ഓന്ത്, അരണ, പല്ലി കുഞ്ഞു പാമ്പുകള്‍, ഒച്ചുകള്‍ തുടങ്ങിയവയാണ് ഭക്ഷണ മെനു | ചിത്രം : AFP

ഭക്ഷണ രീതി

പലതരം പ്രാണികള്‍ , പുഴുക്കള്‍ ഓന്ത്, അരണ, പല്ലി കുഞ്ഞു പാമ്പുകള്‍, ഒച്ചുകള്‍ , പക്ഷിമുട്ടകള്‍ , പറക്ക മുറ്റാത്ത പക്ഷിക്കുഞ്ഞുങ്ങള്‍, തുടങ്ങിയവയാണ് ഭക്ഷണം. പഴങ്ങളും വിത്തുകളും കിട്ടിയാല്‍ കഴിക്കും. വിഷച്ചെടിയായ മഞ്ഞ അരളിയുടെ (Cascabela thevetia) കായകള്‍ ഇവ ഭക്ഷണമാക്കുന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇവര്‍ പനംകായയുടെ മാംസളഭാഗങ്ങള്‍ തിന്നു നശിപ്പിക്കുന്നതിനാല്‍ എണ്ണപ്പനത്തോട്ടങ്ങളില്‍ വലിയ ശല്യക്കാരായാണ് കണക്കാക്ക്‌പ്പെടുന്നത്.

പേരിലെ ഉപ്പന് പിന്നില്‍

ഗൂബ് ഗൂബ് ഗൂബ് എന്ന ശബ്ദം ഇടയ്ക്ക് ഉണ്ടാക്കും. ഉപ്പന്‍ എന്ന പേര് ഈ ശബ്ദം ഉണ്ടാക്കുന്നതിനാല്‍ കിട്ടിയതാവാം. ഇതുകൂടാതെ മറ്റ് പല ശബ്ദങ്ങളും ചീറ്റല്‍ ശബ്ദവും ഒക്കെ അറിയാം. കാഴ്ചയില്‍ ആണ്‍ പക്ഷിയും പെണ്‍പക്ഷിയും ഒരുപോലെ ഇരിക്കുമെങ്കിലും പെണ്‍പക്ഷിക്ക് അല്‍പ്പം വലിപ്പക്കൂടുതല്‍ ഉണ്ടാകും. തൊണ്ടക്ക് ദ്വാരമുള്ളതിനാല്‍ കൊക്ക് പിളര്‍ത്തി ആകാശത്ത് നിന്ന് വീഴുന്ന മഴവെള്ളം മാത്രമേ വേഴാമ്പലിനു കുടിക്കാന്‍ കഴിയു , എന്ന ഒരു വിശാസം പണ്ട് ഉണ്ടായിരുന്നല്ലൊ. അനന്തമായ കാത്തിരിപ്പിനെ സൂചിപ്പിക്കാന്‍ , ' മഴകാത്ത് നില്‍ക്കുന്ന വേഴാമ്പല്‍' എന്ന കാവ്യ സങ്കല്‍പ്പം കവികളും എഴുത്തുകാരും ഉണ്ടാക്കീട്ടുണ്ട്. അതുപോലെ ഉയരമുള്ള മരക്കൊമ്പുകളില്‍ ഇരുന്നുറങ്ങുകയും നല്ല നിലാവുള്ളപ്പോള്‍ ശബ്ദം ഉണ്ടാക്കുകയും ചെയ്യുന്ന സ്വഭാവം ഉള്ളതിനാല്‍ ചെമ്പോത്തുകളെക്കുറിച്ചും മായിക അത്ഭുത കഥകള്‍ പണ്ടേ ഉണ്ടാകുക സ്വാഭാവികമാണല്ലൊ.

ചിത്രം : അനീഷ് കാവുങ്ങൽ

നിലാവ് കുടിച്ചു ജീവിക്കുന്നവര്‍ എന്ന സങ്കല്‍പം

ചെമ്പോത്തുകള്‍ നിലാവ് കുടിച്ചാണ് ജീവിക്കുന്നത് എന്ന സങ്കല്‍പ്പം പല നാടുകളിലും ഉണ്ട്. ശിവ താണ്ഡവ സ്തുതിയില്‍ കാളിദാസന്‍ , നിലാവിനെ പാനം ചെയ്യുന്ന ചകോര ബന്ധുവായ, ശിവജടയിലൊളിച്ച് നില്‍ക്കുന്ന ചന്ദ്രനെക്കുറിച്ച് പറയുന്നുണ്ട്. ചന്ദ്രികയും വിരഹ പ്രണയവും തമ്മില്‍ നല്ല യോജിപ്പുള്ളതിനാല്‍ ചകോരം എന്ന സംസ്‌കൃതപ്പേര് കവികള്‍ക്ക് പ്രണയ ചിഹ്നവും ആയി മാറി.
ചന്ദ്രകിരണത്തിന്‍, ചന്ദനമുണ്ണും
ചകോരയുവമിഥുനങ്ങള്‍..
അവയുടെ മൗനത്തില്‍ കൂടണയും
അനുപമ സ്‌നേഹത്തിന്‍ അര്‍ത്ഥങ്ങള്‍
.. എന്നും, അവ നീല നികുഞ്ചത്തില്‍ മയങ്ങും എന്നുമൊക്കെ ആര്‍. കെ.ദാമോദരന്‍ മാഷ് എഴുതിയത് സിനിമ പാട്ടായ് നമ്മള്‍ കേട്ടിട്ടുണ്ട് .
മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി
ധനുമാസ ചന്ദ്രിക വന്നു
നിന്നെ മാത്രം കണ്ടില്ലല്ലോ
നീ മാത്രം വന്നില്ലല്ലോ
പ്രേമചകോരി, ചകോരി ചകോരി
....എന്ന് പി. ഭാസ്‌കരന്‍ മാഷും ചകോരത്തെ നിലാവുണ്ണുന്ന കാല്‍പ്പനിക പ്രണയ ബിംബമായി മലയാളികള്‍ക്ക് പകര്‍ന്ന് തന്നിട്ടുണ്ട്.

ഐഎഫ്എഫ്‌കെയിലെ ചകോരം

കാല്‍ നൂറ്റാണ്ട് മുമ്പ് കേരള അന്തര്‍ദേശീയ ചലചിത്രോത്സവം ആരംഭിച്ചതോടെ, സുവര്‍ണ ചകോരവും രജത ചകോരവും എല്ലാവര്‍ക്കും പരിചിത പദങ്ങളായിമാറി. ജൂറി തിരഞ്ഞെടുത്തതും , ഡെലിഗേറ്റുകള്‍ തിരഞ്ഞെടുത്തതുമായ സിനിമകള്‍ക്കും, മികച്ച നവാഗത സംവിധായകനും നല്‍കുന്ന പുരസ്‌കാരങ്ങള്‍ ഈ പേരില്‍ അറിയപ്പെടുന്നു. . തോല്‍പ്പാവക്കൂത്തിനൊപ്പം ഒരു ഉപ്പനും പറക്കണം എന്നത് iffk സിഗ്‌നേച്ചര്‍ സിനിമയുടെ നിര്‍ബന്ധഭാഗമായി മാറിയതിനാല്‍ IFFK കാണികള്‍ക്ക് ചെമ്പോത്തിനെപറ്റി ചിന്തിക്കാതെയും കാണാതെയും ഒരു സിനിമയും കാണാന്‍ പറ്റില്ല.

ഐറിസില്‍ നിക്ഷേപിക്കപ്പെടുന്ന pteridines, purines, carotenoids എന്നീ പിഗ്മെന്റുകളില്‍
പ്രകാശം തട്ടുമ്പോഴാണ് ചുവന്ന നിറമായി അനുഭവപ്പെടുന്നത് | ചിത്രം : അനീഷ് കാവുങ്ങൽ

രക്തച്ചുവപ്പാര്‍ന്ന കണ്ണുകള്‍ക്ക് പിന്നിൽ

പ്രണയ കാവ്യ ഭാവനയ്‌ക്കൊന്നും കുറവില്ലെങ്കിലും ഇതിന്റെ രക്തച്ചുവപ്പാര്‍ന്ന കണ്ണുകള്‍ കാണുമ്പോള്‍ ഒരു ഭയം ഉള്ളില്‍ വരും. ചില കഥകളി വേഷങ്ങളില്‍ ചുണ്ടപ്പൂ സത്ത് കണ്ണിലെഴുതിയ കളിക്കാരെ പോലെയും, സിനിമകളിലെ മദ്യപിച്ച് അലറുന്ന 'കണ്ണില്‍ച്ചോരയില്ലാത്ത വില്ലന്‍ കഥാപാത്രത്തിന്റേതു പോലെയുമുള്ള കണ്ണൂകള്‍! ഐറിസില്‍ നിക്ഷേപിക്കപ്പെടുന്ന pteridines, purines, carotenoids എന്നീ പിഗ്മെന്റുകളില്‍ പ്രകാശം തട്ടുമ്പോഴാണ് ഈ നിറമായി നമ്മള്‍ കാണൂന്നത്. എന്നാല്‍ പക്ഷിക്കുഞ്ഞുങ്ങളുടെ കണ്ണിന് വിളറിയ കറുപ്പ് നിറമാണ്. അവരുടെ തലയിലും, അടിവയറിലും വെള്ള കുത്തുകളുണ്ടാവും. പൂര്‍ണ്ണവളര്‍ച്ചയെത്തിയ ചെമ്പോത്തിന് ചുണ്ടുമുതല്‍ വാലിന്റെ അറ്റം വരെ 48 സെ.മീ നീളമുണ്ടാകും
പൊതുവെ ഒറ്റയ്ക്ക് നടക്കാനാണ് ഇഷ്ടം. മണ്‍സൂണിനോട് ചേര്‍ന്നാണ് തെക്കേഇന്ത്യയില്‍ ഇവരുടെ ഇണചേരല്‍ കാലം. ഒരു ഇണയുമായി മാത്രം കൂട്ടുകൂടുന്ന , മോണോഗമസ് സ്വഭാവം ഉള്ളവരാണിവര്‍. പെണ്‍ ചെമ്പോത്തിന്റെ പിറകേ നടന്നും ഓടിച്ചും ഉള്ള മരംചുറ്റിപ്രണയലീലകള്‍ കാണാം. ഇണയ്ക്ക് നല്ല ഇഷ്ട ഭക്ഷണം കൊണ്ട് വന്ന് സമര്‍പ്പിച്ച് മയക്കുന്ന സ്വഭാവം ആണ്‍ ചെമ്പോത്തുകള്‍ക്കുണ്ട്. പെണ്‍ പക്ഷി നീളന്‍ വാലുകള്‍ നിലത്തോട് ചേര്‍ത്ത് , ചിറകുകള്‍ തളര്‍ത്തിപരത്തിവെച്ച് ഇണചേരാനുള്ള സമ്മതം പ്രകടിപ്പിക്കും. കുയില്‍ വര്‍ഗ്ഗത്തില്‍ പെട്ടവരാണെങ്കിലും ചെമ്പോത്തുകള്‍ സ്വന്തമായി കൂടുണ്ടാക്കും. ആണ്‍ പക്ഷിയാണ് കൂടുപണിയുന്നതിലെ മുഖ്യ ജോലിയും ചെയ്യുന്നത്. ചുള്ളികമ്പുകളും, ഓലക്കീറുകളും, ഇലയും ചേര്‍ത്ത് ചുരുട്ടിക്കൂട്ടിയത് പോലെ അണ്ഡാകൃതിയിലാവും കൂട്. കാല്‍ പന്തിന്റെ വലിപ്പമുള്ള കൂടിന്റെ ഒരു വശത്ത് വൃത്താകൃതിയിലുള്ള പ്രവേശന ദ്വാരമുണ്ടാവും. ഇലകള്‍ക്കിടയില്‍ പെട്ടന്നൊന്നും ഈ കൂട് ആര്‍ക്കും തിരിച്ചറിയാനാകാത്ത വിധമാവും പണിയുക. . ചുറ്റുമുള്ള പച്ച ഇലകളും മറ്റും മുറിക്കാതെ കൂടിന്റെ ഭാഗമായി ചേര്‍ത്തിരിക്കും. അധികം ഉയരമില്ലാത്ത മരങ്ങളിലോ, ചെറിയ തെങ്ങുകളിലോ, പൊന്തക്കാടുകളിലോ, മുളങ്കാടുകളിലോ ആണ് കൂടൊരുക്കുന്നത്. കൂട്ടില്‍ മങ്ങിയ വെളള നിറമുള്ള മൂന്നോ നാലോ മുട്ടകളുണ്ടാവും. മുട്ട വിരിയാന്‍ 15-16 ദിവസമെടുക്കുന്നു. ആണ്‍ പക്ഷിയും പെണ്‍ പക്ഷിയും ചേര്‍ന്നാണ് വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ നോക്കുന്നതും ഇര തേടിക്കണ്ടുപിടിച്ച് തീറ്റുന്നതും.
പലതരം അന്ധവിശ്വാസങ്ങള്‍ ഈ പക്ഷിയുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും ഉണ്ട്. ഇവയുടെ ശബ്ദം ആത്മാവുകളുടെ വിളിയായി കരുതുന്നവരും , ദുശ്ശകുനമായി ഭയപ്പെടുന്നവരും ഉണ്ട്. ദരിദ്ര കുചേലന്‍ ചങ്ങാതിയായ കൃഷ്ണനെത്തേടി അവല്‍പ്പൊതിയുമായി യാത്രയ്ക്കിറങ്ങിയപ്പോള്‍ കണികണ്ടത് ചകോരത്തെ ആയിരുന്നത്രെ. അദ്ദേഹം തിരിച്ച് വരുമ്പോള്‍ കുടിലിനുപകരം കൊട്ടാരം ആയിരുന്നല്ലോ കൃഷ്ണകഥയില്‍ ഉണ്ടായിരുന്നത്. അതിനാല്‍ , യാത്രയ്ക്കിറങ്ങുമ്പോള്‍ ഉപ്പനെ കാണുന്നത് ശുഭ സൂചനയായി ചിലര്‍ വിശ്വസിക്കുന്നുണ്ട്.

2021 ഐഎഫ്എഫ്കെ പാലക്കാട് എഡിഷനിലെ ചകോരത്തിന്റെ ഇൻസ്റ്റാളേഷൻ | ചിത്രം : അഖിൽ ഇ. എസ്

നീലക്കൊടുവേലി തിരിച്ചറിയുന്ന ചെമ്പോത്ത് കഥകള്‍

പല നാട്ടിലും പ്രചരിച്ചിരുന്ന അതിശയ മുത്തശ്ശിക്കഥകളിലെ പ്രഹേളികയാണ് നീലക്കൊടുവേലിയും ഉപ്പന്റെ കഴിവുകളും. ഷാജിപ്പാപ്പന്റെ 'ആട്' സിനിമയില്‍ നീലക്കൊടുവേലി തേടിവരുന്നവരുടെ കഥ വെറും തമാശക്കഥമാത്രമല്ല. സര്‍പ്പമാണിക്യം പോലെ ഇങ്ങനെ ഒരു അത്ഭുത സസ്യം ഉണ്ടെന്ന് കരുതുന്നവര്‍ ഇപ്പഴും നമ്മുടെ നാട്ടില്‍ ഉണ്ട്.

മരിച്ചവര്‍ക്ക് ജീവന്‍ കൊടുക്കാന്‍ കഴിവുള്ളതാണ് നീലക്കൊടുവേലി എന്ന അപൂര്‍വ്വ സസ്യമെന്നും അത് തിരിച്ചറിയാനാകുന്ന ഒരൊറ്റജീവി മാത്രമേ ഭൂമിയിലുള്ളു, അതാണ് ചെമ്പോത്ത് എന്നും ചില ആളുകള്‍ വിശ്വസിച്ചിരുന്നു. ഇരുട്ടിലും അതിന് സ്വയം പ്രകാശിക്കാന്‍ കഴിയുമത്രെ. നീലക്കൊടുവേലി കൈയില്‍കരുതുന്നയാള്‍ക്ക് എല്ലാ ഐശ്വര്യവും ലഭിക്കും എന്നതിനാല്‍ ഇത് കണ്ടെത്താന്‍ പലരും ശ്രമിച്ചിരുന്നു. ഉപ്പന്റെ കൂട് കണ്ടെത്തുകയാണ് ഒന്നാമത്തെ ടാസ്‌ക്. അതത്ര എളുപ്പമല്ല. ആര്‍ക്കും കണ്ടെത്താനാകില്ലത്രെ ഉപ്പന്റെ കൂട്. അത്രമാത്രം നിഗൂഡമായാണ് കൂട് പണിയുക എന്നാണ് പലരും കരുതിയിരിക്കുന്നത്. കൂട്ടിലെ മുട്ട എടുത്തു നല്ലതുപോലെ കുലിക്കി തിരിച്ചു കൂട്ടില്‍ തന്നെ വെച്ചാല്‍ മുട്ട വിരിയില്ല. അപ്പോള്‍ ഉപ്പന്‍ അതിനുള്ള മരുന്നായ നീലക്കൊടുവേലി തേടിപോകും. അതുകൊണ്ട് വന്നു ആ മുട്ട വിരിയിച്ചെടുക്കും. കൂട് ഒഴിഞ്ഞാല്‍ അതെടുത്ത് ഒഴുക്ക് വെള്ളത്തില്‍ ഇടുമ്പോള്‍ ഒഴുക്കിനെതിരെ വെള്ളത്തില്‍ മുകളിലേക്ക് നീങ്ങുന്നത് നീലക്കൊടുവേലി വേരാകും.

ഇതുകൂടാതെ വേറൊരു രസികന്‍ കഥയും ഉണ്ട്. ഇതിന്റെ കുഞ്ഞുങ്ങളെ പിടിച്ച് കാലുകളില്‍ ഇരുമ്പ് നൂല്‍ക്കമ്പികൊണ്ട് കെട്ടിയിടുക. കൊടുവേലിയ്ക്ക് ഒന്നും കടുമയല്ലാത്തതിനാല്‍ ഇരുമ്പുരുക്കാനും പറ്റുമല്ലൊ. ഉപ്പന്‍ അത് കൊണ്ട് വന്ന് കമ്പി ഉരുക്കി കുഞ്ഞുങ്ങളെ സ്വതന്ത്രരാക്കും. (ദക്ഷിണാഫ്രിക്കയില്‍ നിന്നു നമ്മുടെ നാട്ടില്‍ എത്തിയ അലങ്കാരച്ചെടിയായ Plumbago auriculata യെ ഇപ്പോള്‍ നീലക്കൊടുവേലി എന്നാണ് വിളിക്കുന്നത്. അതും കഥയിലെ നീലക്കൊടുവേലിയും തമ്മില്‍ ബന്ധമൊന്നും ഇല്ല. ) 'തേനും വയമ്പും നാവില്‍ തൂകും വാനമ്പാടിയോട്' ബിച്ചുതിരുമല 'ദൂരെ നീലഗിരിക്കുന്നിന്‍ മേലേ നീലക്കൊടുവേലി പൂത്തതായി പറയുന്നപാട്ടിലെ വാനമ്പാടി എന്തായാലും ഉപ്പനാവില്ല.

ക്ഷയരോഗ ചികിത്സയുടെ പേരിലെ വേട്ടയാടൽ

ചെമ്പോത്തിന്റെ മാംസം ക്ഷയ രോഗ ചികിത്സയ്ക്ക് ചില നാട്ട് ചികിത്സകര്‍ ഉപയോഗിച്ചിരുന്നു. പാവം പക്ഷികള്‍ ചത്തതല്ലാതെ രോഗം മാറിയതായി തെളിവില്ല. പുതുതായി ജോലിക്കെത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ അവരുടെ നാട്ടിലെ ഫെസന്റ് വിഭാഗത്തിലെ പക്ഷികളാണെന്ന് കരുതി ഇതിനെ വേട്ടയാടി തിന്നിട്ടുണ്ട്. 'ചെകുത്താന്‍ രുചി' യുള്ള മാംസം എന്ന് പരാതിപറഞ്ഞ് ഇട്ട ഇരട്ടപ്പേരാണ് Griff's pheasant എന്നത്. പലരും ഇപ്പോഴും തമാശയ്ക്ക് ഇതിനെ വേട്ടയാടി കൊല്ലാറുണ്ട്. ഇന്ത്യക്ക് പുറമെ പാക്കിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്‍മാര്‍, ഇന്തോനേഷ്യ, എന്നീ രാജ്യങ്ങളിലും ചെമ്പോത്തിനെ കാണാം. IUCN RED LIST ല്‍ തീര്‍ത്തും ആശങ്കാജനകമല്ലാത്ത വിഭാഗത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Content Highlights: Greater coucal, crow pheasant, Bandhukkal mithrangal column, chempoth,chakoram, mathrubhumi latest

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


VINOJ

1 min

വാഹനം ഒട്ടകവുമായി ഇടിച്ച് പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

May 19, 2022

More from this section
Most Commented