പ്രതീകാത്മക ചിത്രം | Photo: Gettyimage
തേനീച്ചകളെ വന്‍തോതില്‍ ബാധിക്കുന്ന 'അമേരിക്കന്‍ ഫൗള്‍ബ്രൂഡ്' എന്ന മാരകരോഗം പ്രതിരോധിക്കാനുള്ള വാക്സിന് അമേരിക്ക അംഗീകാരം നല്കി. ആദ്യമായാണ് അമേരിക്ക ഒരു പ്രാണിക്ക് വേണ്ടിയുള്ള വാക്സിന് അംഗീകാരം നല്‍കുന്നത്. ലോകത്തിലെ 75% പച്ചക്കറി-പഴ-നട്സ് വിളകളും നിലനില്‍ക്കുന്നത് ദശാബ്ദങ്ങളായി അവയില്‍ തേനീച്ചകള്‍ നടത്തുന്ന പരാഗണം കൊണ്ടാണ്. വെള്ളരി, തക്കാളി, ആപ്പിള്‍, ലെറ്റിയൂസ്, അവോക്കാഡോ, ബദാം, കാപ്പി, പരുത്തി എന്നിങ്ങനെ ആ പട്ടിക ഏറെ നീളും! ആരോഗ്യത്തിന്റേയും ഭക്ഷ്യസുരക്ഷയുടേയും പേരില്‍ നാം തേനീച്ചകളോട് അത്രയേറെ കടപ്പെട്ടിരിക്കുന്നു! അതേസമയം, ഓരോ വര്‍ഷവും 40% തേനീച്ചക്കോളനികള്‍ നശിക്കുന്നുണ്ടെന്നാണ് മറുവശം. തേനീച്ചകളുടെ ആരോഗ്യസംരക്ഷണത്തെക്കുറിച്ച് ശാസ്ത്രജ്ഞര്‍ ജാഗരൂകമായതും ഇതിനാലാണ്.
പ്രാണികളുടെ ആരോഗ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ബയോടെക്ക് കമ്പനി ഡാലന്‍ ആനിമല്‍ ഹെല്‍ത്തിന്റെ ഗവേഷണഫലമാണ് തേനീച്ചകള്‍ക്കായുള്ള വാക്സിന്. വാക്സിന് പ്രയോഗത്തിന് നിബന്ധനകളോടെയുള്ള അനുമതിയാണ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത്. വൈറസുകളില്‍നിന്നും കീടങ്ങളില്‍നിന്നും തേനീച്ചകളെ രക്ഷിക്കുന്നതിനുള്ള വലിയൊരു ചുവടുവെപ്പായിരിക്കും വാക്സിന് എന്ന് ശാസ്ത്രലോകം നിരീക്ഷിക്കുന്നു.
.jpg?$p=ca4698a&&q=0.8)
തേനീച്ചക്കോളനികളില്‍ എളുപ്പം പടര്‍ന്നുപിടിക്കുന്ന രോഗമാണ് 'അമേരിക്കന്‍ ഫൗള്‍ബ്രൂഡ് '. രോഗത്തിന് കാരണമായ ബാക്ടീരിയയില്‍ (പാനിബാസില്ലസ് ലാര്‍വ)നിന്നു തേനീച്ചകളെ രക്ഷിക്കുന്ന ഒരു പ്രൊഫിലാക്ടിക് വാക്സിനാണ് (ഒരു പ്രത്യേക രോഗത്തിനെതിരെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ജാഗരൂകമാക്കാന്‍ അതേ രോഗാണുവിനെ-ആന്റിജന്‍-കുത്തിവെക്കുന്നത്) കമ്പനി വികസിപ്പിച്ചിരിക്കുന്നത്. ഇത്രയും കാലം, രോഗം കണ്ടുതുടങ്ങിയാല്‍ തേനീച്ചക്കോളനി മൊത്തം തീയിട്ട് ചുടുകയായിരുന്നു തേനീച്ചക്കര്‍ഷകര്‍. രോഗം തടയാന്‍ ആന്റിബയോടിക്സും ഉപയോഗിച്ചിരുന്നു. ടെറാമൈസിന്‍, ടിലന്‍, ലിന്‍കോമൈസിന്‍ എന്നീ മൂന്ന് ആന്റിബയോട്ടിക്സുകളാണ് വൈറസ് ബാധയ്ക്കെതിരെ പ്രചാരത്തിലുള്ളത്. എന്നാല്‍ ആന്റിബയോടിക്സുകളുടെ സ്ഥിരമായ ഉപയോഗം തേനീച്ചകളിലെ ആരോഗ്യസംവിധാനത്തിന്റെ ഭാഗമായ ഗട്ട് ബാക്ടീരികളെ ദോഷമായി ബാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ക്കിടയില്‍ വിമര്‍ശനമുണ്ട്. (https://microbiologycommunity.nature.com/posts/antibiotics-for-honey-bees-the-bittersweet-truth).
പുതിയ വാക്സിന് ആനിമല്‍ ഹെല്ത്തിനോടുള്ള ശാസ്ത്രജ്ഞരുടെ കാഴ്ചപ്പാട് മാറ്റുമെന്നാണ് ഡാലനിലെ ചീഫ് സയന്‍സ് ഓഫീസര്‍ ഡോ. ദലൈല്‍ ഫ്രിട്ടാക്കിന്റെ പക്ഷം.ലോകമെങ്ങും ദശലക്ഷക്കണക്കിന് തേനീച്ചക്കോളനികളുണ്ട്. മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് തേനീച്ചകള്‍ക്കായി മികവുറ്റൊരു ആരോഗ്യസംരക്ഷണ സംവിധാനം എങ്ങുമില്ല. അവയുടെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനുള്ള വഴി തുറന്നിരിക്കയാണ്. ഓസ്ട്രിയയിലെ ഗ്രാസ് സര്‍വകലാശാലയിലെ ഹണിബീ ഗവേഷണ വിഭാഗം പ്രൊഫസറാണ് ഡോ. ദലൈല്‍ ഫ്രിട്ടാക്ക്.
.jpg?$p=c1b8f31&&q=0.8)
തേനീച്ചകള്‍ക്കുള്ള വാക്സിന് എന്ന് കേട്ടാല്‍ മനസ്സിലെത്തുക, കുഞ്ഞുജീവികളുടെ ശരീരത്തിലേക്ക് ആഴ്ത്താന്‍ പാകത്തില്‍, മരുന്ന് നിറച്ച ചെറിയൊരു സിറിഞ്ചാവും!എന്നാല്‍, പുതിയ വാക്സിന് വരുന്നത് തേനീച്ചകള്‍ക്കുള്ള ഭക്ഷണത്തിന്റെ രൂപത്തിലാണ് ! തേനീച്ചക്കോളനിയിലെ റാണിക്ക് നല്കുന്ന പഞ്ചസാരക്കൂട്ടായ 'റോയല്‍ ജെല്ലി'യില്‍ കലര്‍ത്തിയാണ് വാക്സിന് നല്‍കുക.
ജെല്ലി കഴിക്കുന്ന റാണിയുടെ അണ്ഡാശയത്തിലേക്ക് വാക്സിനെത്തും. തത്ഫലമായി റാണിയില്‍നിന്നു രോഗപ്രതിരോധശേഷിയുള്ള ലാര്‍വകള്‍ വിരിഞ്ഞിറങ്ങും.
ബാക്ടീരിയകളേയും വൈറസുകളേയും തിരിച്ചറിഞ്ഞ് അവയോട് യുദ്ധം ചെയ്യാന്‍ ജീവികളുടെ പ്രതിരോധശേഷിയെ സഹായിക്കുന്ന പ്രോട്ടീനുകളാണ് ആന്റിബോഡികള്‍. പ്രാണികളില്‍ ആന്റിബോഡീസ് ഇല്ലെന്നും അതിനാല്‍ അവ പ്രതിരോധശേഷി കൈവരിക്കില്ലെന്നുമായിരുന്നു ദീര്‍ഘകാലമായി ശാസ്ത്രജ്ഞര്‍ വിചാരിച്ചത്. എന്നാല്‍ പിന്നീട്, പ്രാണികളും പ്രതിരോധശേഷി കൈവരിക്കുന്നെന്നും പുതിയ തലമുറകളിലേക്ക് അതിനെ കൈമാറുന്നെന്നും കണ്ടെത്തി. അതെങ്ങനെയെന്ന ചോദ്യം ഡോ. ദലൈല്‍ ഫ്രിട്ടാക്കിനെ പുതിയ വാക്സിന്റെ കണ്ടുപിടുത്തത്തിലേക്ക് എത്തിക്കുകയായിരുന്നു. തേനീച്ചക്കുഞ്ഞുങ്ങളില് പ്രതിരോധശേഷിയെ ഉദ്ദീപിപ്പിക്കുന്ന ഒരു പ്രത്യേക പ്രോട്ടീനിനെ 2015-ല്‍ ഡോ. ദലൈലും അവരുടെ രണ്ട് സഹഗവേഷകരും ചേര്‍ന്ന് കണ്ടെത്തി. ഒരൊറ്റ തേനീച്ചറാണിയെ ഉപയോഗിച്ച് വലിയൊരു തലമുറ തേനീച്ചകളില്‍ പ്രതിരോധശേഷി വളര്‍ത്താനാവുമെന്ന് അവര്‍ തിരിച്ചറിഞ്ഞു.
.jpg?$p=66d56e2&&q=0.8)
കാലാവസ്ഥാമാറ്റവും കീടനാശിനികളുടെ അമിതപ്രയോഗവും ആവാസവ്യവസ്ഥയുടെ നഷ്ടവും രോഗങ്ങളും കാരണം ഭക്ഷ്യശൃംഖലയുടെ സുപ്രധാന കണ്ണിയായ തേനീച്ചകള്‍ ലോകമെങ്ങും ഭീഷണി നേരിട്ടുകൊണ്ടിരിക്കയാണ്.
'അമേരിക്കന്‍ ഫൗള്‍ബ്രൂഡ് ' എന്ന ബാക്ടീരിയ ബാധയെ നിയന്ത്രിക്കുകയായിരുന്നു ഗവേഷകസംഘത്തിന്റെ പ്രധാന ദൗത്യങ്ങളിലൊന്ന്. ലാര്‍വകളെ ഇരുണ്ട തവിട്ട് നിറത്തിലാക്കുന്ന ഈ രോഗം ബാധിച്ചാല്‍ തേനീച്ചക്കോളനി ദുര്‍ഗ്ഗന്ധം വമിച്ച് നശിക്കും.
1800-1900 കാലങ്ങളില്‍ അമേരിക്കന്‍ സംസ്ഥാനങ്ങളിലെ തേനീച്ചക്കോളനികളെ ഈ രോഗം വന്‍തോതില്‍ ബാധിക്കയുണ്ടായി. തേനീച്ചകളെ സംബന്ധിച്ച് അതീവ ഗുരുതരമായൊരു പ്രതിസന്ധിഘട്ടത്തിലാണ് പുതിയ വാക്സിന് എത്തുന്നത്. എത്രയും പെട്ടെന്ന് വാക്സിന് വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഡാലന്‍ കമ്പനി.
'ഫൈവ് സ്റ്റാര്‍ ബീ ഹോട്ടല്‍ '
തേനീച്ചകള്‍ക്ക് സഹായഹസ്തവുമായി റോബോട്ടുമുണ്ട്! ഇസ്രയേലി സ്റ്റാര്‍ട്ടപ്പ് 'ബീവൈസ് ടെക്നോളജീസ്' ആണ് തേനീച്ചകള്‍ക്കായി റോബോട്ടിക് കോളനി ഒരുക്കിയത്. ഏതാണ്ട് 15 വര്‍ഷങ്ങളായി 'കോളനി കൊളാപ്സ് ഡിസോര്‍ഡര്‍' എന്ന പ്രതിഭാസം തേനീച്ചകളെ കൊന്നൊടുക്കി തുടങ്ങിയിട്ട്. ബാക്ടീരിയ ബാധയെക്കൂടാതെ ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവും വരള്‍ച്ചയും കാലാവസ്ഥകളുടെ മാറിമറിച്ചിലും നാശത്തിന്റെ അളവ് ഉയര്‍ത്തി.
പണ്ട് മുതലേ തേനീച്ച വളര്‍ത്തലിന് ഉപയോഗിക്കുന്ന മരപ്പെട്ടികളില്‍ സെന്‍സറുകളും ക്യാമറകളും ഘടിപ്പിച്ചെന്നല്ലാതെ, വ്യാപാരാടിസ്ഥാനത്തിലുള്ള തേനീച്ച വളര്‍ത്തലില്‍ കാര്യമായ മാറ്റങ്ങളൊന്നും ഇതുവരെ ഉണ്ടായില്ല. ഈ ഘട്ടത്തിലാണ് ബീവൈസ്, തങ്ങളുടെ 'റോബോട്ടിക് ഹൈവ്സുമായി ' വരുന്നത്. ഒരു തരം ' ഫൈവ് സ്റ്റാര്‍ ബീ ഹോട്ടല്‍ ' എന്നാണ് സൃഷ്ടാക്കള്‍ തങ്ങളുടെ ഉത്പന്നത്തെ വിശേഷിപ്പിക്കുന്നത്. തേനീച്ചകളുടെ മരണനിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യം.
തേനീച്ചകള്ക്കെന്ത് ആവശ്യമുണ്ടായാലും റോബോട്ടിക് ഹൈവില്‍ ഒരു 'റോബോട്ടിക് കൈ സഹായ'മുണ്ടാവും! അസുഖമാണോ അതോ ഉല്ലാസം വേണോ ? റോബോട്ടിക് കോളനിയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എല്ലാ വിവരങ്ങളും ഉചിതമായ പരിഹാരനിര്‍ദ്ദേശങ്ങളും റോബോട്ടിന് കൈമാറും. ഇതുവഴി കോളനികള്‍ക്ക് കൃത്യമായ മേല്‍നോട്ടം കിട്ടുന്നു.
.jpg?$p=cdc230e&&q=0.8)
പ്രശ്നങ്ങള്‍ വരുമ്പോള്‍ തക്ക സമയത്ത് ഇടപെടലുണ്ടാവുന്നു. അപകടകരമായ രാസവസ്തുക്കളുടെ സാമിപ്യത്തില്നിന്ന് തേനീച്ചകളെ സംരക്ഷിക്കാന്‍ കഴിയുന്നു. തേനീച്ചകള്‍ ജീവിക്കാനുള്ള എല്ലാ സാധ്യതകളേയും പരമാവധിയാക്കുന്ന തരത്തിലാണ് റോബോട്ടിക് കോളനിയിലെ ഇന്റന്‍സീവ് കെയര്‍ പരിചരണങ്ങളെ സംവിധാനം ചെയ്തിരിക്കുന്നത്. പത്തോളം തേനീച്ചക്കോളനികളെ നെഞ്ചിലേറ്റുന്ന പത്തടി ഉയരം വരുന്ന ലോഹഫലകമാണ് കോളനിയുടെ ബേസ്. കഴിഞ്ഞ നാലു വര്‍ഷമായി കാലിഫോര്‍ണിയയിലും ഒറിഗോണിലുമായി ബീവൈസിന്റെ 1000 -ത്തിലധികം റോബോട്ടിക് കോളനികള്‍ ഉപയോഗത്തിലുണ്ട്. റോബോട്ടിക് കോളനികള്‍ സ്ഥാപിച്ചതിലൂടെ തേനീച്ചക്കോളനികള്‍ക്ക് വരുന്ന നാശത്തിന്റെ തോത് നാലുവര്‍ഷം കൊണ്ട്, 35 ശതമാനത്തില്‍നിന്നു 8 ശതമാനത്തിലും താഴെയായി കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Content Highlights: about the vaccine which is being prepared for bees and five star hotel,nature future
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..