പ്രതീകാത്മക ചിത്രം | Photo: Gettyimages
വേലക്കാരി തേനീച്ചകൾക്ക് ഗതികെട്ടാൽ കുത്താൻ പിറകിൽ മുള്ളുണ്ട്. വാസ്പുകളിലെ പെണ്ണിനങ്ങൾക്കുമുണ്ട് മുള്ള്. മുട്ട പ്രത്യേക സ്ഥലങ്ങളിൽ നിക്ഷേപിക്കാനുള്ള ഓവിപൊസിറ്റർ എന്ന അവയവം പരിണമിച്ചാണ് ഈ മുള്ളുകളായി മാറിയത്. വേലക്കാരി തേനീച്ചകൾക്ക് സാധാരണയായി മുട്ടയിടൽ പരിപാടിയൊന്നും ഇല്ലാത്തതിനാൽ മുള്ള് ശത്രുക്കളെ തുരത്താനേ ആവശ്യമുള്ളു. വേലക്കാരി ഈച്ചകളാണല്ലോ കൂടിന്റെ സംരക്ഷകർ. കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി തേനും പൂമ്പൊടിയും ശേഖരിച്ചെത്തിച്ചും, രാജ്ഞി ഇട്ടു വെക്കുന്ന മുട്ടകൾ ശ്രദ്ധിച്ച്, വിരിയിച്ച് ലാർവപ്പുഴുക്കൾക്ക് ഭക്ഷണം നൽകിയുമൊക്കെയാണ് വേലക്കാരി ഈച്ചകൾ കോളനിയെ പരിപാലിക്കുന്നത്. ഈ തേനും മുട്ടകളും ലാർവകളും കൂടാതെ സഹ ഈച്ചകളേയും തിന്നാൻ തക്കം പാർത്തിരിക്കുന്ന ശത്രുക്കൾ ഏറെയുണ്ട്. മുള്ളുകൊണ്ട് കുത്തിയോടിക്കാൻ എല്ലാവരേയും പറ്റില്ല.
പക്ഷികൾ, കരടികൾ, തേൻ തേടുന്ന മനുഷ്യർ എന്നിവരൊന്നുമല്ല പ്രധാന ഭീഷണി. ഇവരെക്കാളെല്ലാം ഭയക്കേണ്ടത് കില്ലർ വാസ്പുകളായ ഹോണെറ്റ് കടന്നലുകളെയാണ്. ഒറ്റയ്ക്കും കൂട്ടമായും വന്ന് കൂട്ടിൽനിന്ന് ഇതൊക്കെ മോഷ്ടിക്കുന്നവരാണ് കടന്നലുകൾ. തേനീച്ച കുത്തുമ്പോൾ മുള്ളു പറിഞ്ഞ് കുത്തിയ ശരീരത്തിൽ പറ്റും. അതിനാൽ ഒരു തേനീച്ചയ്ക്ക് ഒരു തവണ മാത്രമേ കുത്താനാവുകയുള്ളു. ( കടന്നലുക്കളുടെ മുള്ള് അങ്ങിനെയല്ലാത്തതിനാൽ പല തവണ ഒരു കടന്നലിന് കുത്താനാകും.)
പെരുന്തേനീച്ചകൾ (Apis dorsata) വലിയ മരത്തിനു മുകളിലും ഉയരമുള്ള കെട്ടടങ്ങളുടെ പാരപ്പെറ്റിലും പാലങ്ങളുടെ അടിയിലുമൊക്കെ അർദ്ധവൃത്താകൃതിയിൽ താഴോട്ട് ഞാഴ്ന്ന് നിൽക്കുന്ന ഒറ്റ തേനട മാത്രമുള്ള കൂടാണ് പണിതിട്ടുണ്ടാവുക. പല അടരായി അതിൽ തേനീച്ചകളുണ്ടാവും. ഇവ നമ്മുടെ വളർത്തു തേനീച്ചകളായ ഞൊടിയൻ (Apis cerana indica) തേനീച്ചകളെപ്പോലെ അത്ര സാധുക്കളല്ല. ആരെങ്കിലും ശല്യപ്പെടുത്തിയാൽ കൂട്ടമായി ആക്രമിക്കുന്നവരാണ് പെരുന്തേനീച്ചകൾ. അതിനാൽ ആ ഇവരേയും കടന്നൽ എന്നും ഈ തേനീച്ചക്കൂടിനും കടന്നൽക്കൂട് എന്നും വിളിക്കാറുണ്ട്.

ചിലയിനം തേനീച്ചകൾ അതിജീവനത്തിനായി, കടന്നലുകളോട് പൊരുതാനായി കൗതുകകരമായ ഒരു രീതി അവലംബിക്കാറുണ്ട്.
ശരിക്കുമുള്ള ആക്രമണ കടന്നലുകൾ ഹോണെറ്റുകൾ ആണ്. ഏഷ്യൻ ജയിന്റ് ഹോണെറ്റ് എന്ന് വിളിക്കുന്ന Vespa mandarinia, ഗ്രേറ്റർ ബാൻഡഡ് ഹോണറ്റ് എന്ന് പേരുള്ള Vespa tropica എന്നിവയാണ് തേനീച്ചക്കൂടുകളിൽ വൻ റെയ്ഡുഡുകൾ നടത്തുക. ശരിക്കും ഒരു കൂട്ടപ്പൊരിച്ചിലാവും ഇവരെത്തിയാൽ തേനീച്ചക്കൂട്ടിൽ സംഭവിക്കുക. കിട്ടിയവയൊക്കെ കറുമുറ തിന്നും അവ. സാധാരണ തേനീച്ചകളൊന്നും ഹോണറ്റുകളോട് പൊരുതി നിൽക്കാൻ കഴിവില്ലാത്തവരാണ്. വലിയ നാശനഷ്ടങ്ങളാണ് ഇത്തരം കടന്നലുകൾ കൊണ്ട് തേനീച്ചകളുടെ കോളനിക്ക് സംഭവിക്കുക. കുഞ്ഞുവിഷമുള്ള് കൊണ്ട് കടന്നലിന്റെ ഉറച്ച ബാഹ്യകവചത്തിൽ കുത്താനും തേനീച്ചകൾക്ക് പറ്റില്ല. അതിനാൽ ചിലയിനം തേനീച്ചകൾ അതിജീവനത്തിനായി, കടന്നലുകളോട് പൊരുതാനായി കൗതുകകരമായ ഒരു രീതി അവലംബിക്കാറുണ്ട്.
അതിനിർണ്ണായക സമയത്ത് ഗോളടിച്ച് വിജയിപ്പിച്ച കളിക്കാരന്റെ ദേഹത്തേക്ക് മറ്റ് കളിക്കാർ എല്ലാവരും വീണ് പൊതിയാറുണ്ടല്ലോ. ജപ്പാനീസ് തേനീച്ചകൾ (Apis cerana japonica) കൂട്ടമായി കുറേയെണ്ണം ഒന്നിച്ച് കടന്നലിനെ വളയുകയും ചുറ്റും ഒരു പന്തുപോലെ നിലയുറപ്പിക്കുകയും ചെയ്യും. എന്നിട്ട് അവ ശക്തമായി ചിറക് മസിലുകൾ വിറപ്പിച്ച്കൊണ്ടിരിക്കും. വളരെ എണ്ണം ഈച്ചകൾ ഒന്നിച്ച് ഈ വിറപ്പിക്കൽ നടത്തുമ്പോൾ അവയുടെ ശരീര ഊഷ്മാവ് കൂടും. ഉള്ളിൽ കുടുങ്ങിയ കടന്നലിന് താങ്ങാൻ പറ്റാത്തത്ര കൂടിയ ചൂടാവും ഉണ്ടാകുക. 47 ഡിഗ്രി സെന്റീഗ്രേഡ് വരെ ചൂട് കൂട്ടാൻ പെരുന്തേനീച്ചകൾക്ക് കഴിയും. ആ ചൂട് കുറേയേറെ സമയം നിലനിർത്താനും അവർക്കാകും. അങ്ങിനെ ഉള്ളിലുള്ള കടന്നലിനെ വേവിച്ച് കൊല്ലാനും കഴിയുമെന്നർത്ഥം.

അതുപോലെ, കടന്നലുകളെ ഒഴിവാക്കാനും ഭയപ്പെടുത്താനും ആശയക്കുഴപ്പം ഉണ്ടാക്കി അകറ്റാനും ചിലയിനം തേനീച്ചകൾ ചെയ്യുന്ന വേറൊരു സൂത്രം ഉണ്ട്. വലിയ സ്റ്റേഡിയങ്ങളിൽ ഗാലറികളിൽ ആളുകൾ ഒരു വശത്തുനിന്ന് ഒന്നിച്ച് എഴുന്നേറ്റ് ഇരുന്ന് ഒരു അലപോലെ തോന്നിപ്പിക്കുന്ന, മെക്‌സിക്കൻ വേവ്
പ്രകടനങ്ങൾ നടത്താറുണ്ടല്ലോ. അതുപോലെ കടന്നൽ സാന്നിദ്ധ്യം അറിയുന്ന നിമിഷം പെരുന്തേനീച്ചക്കൂടുകളുടെ പുറംഭാഗത്ത്, മിന്നൽവേഗത്തിലുള്ള അലകൾ സൃഷ്ടിക്കുകയാണ് ചെയ്യുക.
ഞാഴ്ന്നു കിടക്കുന്ന തേനീച്ചക്കൂട്ടിലെ തേനീച്ചകൾ കൃത്യമായ ഏകോപനത്തോടെ പ്രത്യേക താളത്തിൽ ശരീരമുയർത്തി താഴ്ത്തിയാണ് ഇത് ചെയ്യുന്നത്. ഏതെങ്കിലും ഒരു പോയിന്റിൽനിന്നു ഈച്ചകൾ ശരീരം ലംബമായി പിടിച്ച് ചിറകുകൾ ചലിപ്പിച്ച് നിൽക്കും. ഷിമ്മറിങ്ങ് (Shimmering), റിപ്ലിങ്ങ്(rippling) എന്നൊക്കെ ഇതിന് പറയും.
.jpg?$p=cdc230e&&q=0.8)
അതിവേഗത്തിൽ സംഭവിക്കുന്ന ഈ തരംഗം പോലുള്ള പ്രകടനം കടന്നലിന് വലിയ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നു മാത്രമല്ല , ഈ കൂട്ടത്തിൽനിന്ന് ഈച്ചകളെ റാഞ്ചാനോ ഉള്ളിൽ കയറി കുഞ്ഞുങ്ങളെയും തേനും മോഷ്ടിക്കാനോ ഉള്ള ധൈര്യം നഷ്ടപ്പെടുത്തുകയും ചെയ്യും. തേനീച്ചക്കൂട് എന്നത് പ്രത്യേകതയുള്ള വേറെ ഏതോ ജീവിയായി സംശയിക്കപ്പെടുന്നുണ്ടാവാം. വേഗം വേറെയെവിടെയെങ്കിലുംനിന്ന് ഭക്ഷണം കിട്ടുമോ എന്ന് നോക്കി അവ സ്ഥലം കാലിയാക്കും. തേനീച്ചകൾ കടന്നൽ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് കൃത്യമായ ഏകോപനത്തോടെ ഈ തരംഗചലങ്ങൾ സൃഷ്ടിക്കുന്നത് എങ്ങിനെയാണെന്നറിയാനുള്ള പഠനങ്ങൾ നടക്കുന്നുണ്ട്.
Content Highlights: about the survival of honeybees against hornets
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..