
മെൽബണിലെ വെസ്റ്റ് ഗേറ്റ് തടാകം പിങ്ക് നിറത്തിലേക്ക് മാറിയപ്പോൾ | Photo-Gettyimages
ഒറ്റ നോട്ടത്തില്‍ ഒരു തടാകം നിറയെ സ്ട്രോബറി മില്‍ക് ഷെയ്ക് കലക്കിവെച്ചതാണെന്നുതോന്നും. തൊട്ടപ്പുറത്ത് സാധാരണ നിറത്തില്‍ വെള്ളം കാണാം. പിങ്ക് തടാകങ്ങള്‍ കണ്ണിനെ പറ്റിക്കുന്ന മായയല്ല. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും കാണപ്പെടുന്ന പ്രകൃതിദത്തമായ മാറ്റമാണ് ഇവ.
പിങ്ക് തടാകങ്ങളെന്നാലെന്ത്?
തടാകങ്ങള്‍ ചിലയിടങ്ങളില്‍ പച്ച നിറത്തില്‍, ചിലയിടത്ത് നീല നിറത്തില്‍. അങ്ങനെ സൂര്യപ്രകാശത്തിന്റെ വികിരണത്തിനനുസരിച്ച് ചെറിയ നിറവ്യത്യാസങ്ങള്‍ നമ്മള് കാണാറുണ്ട്. എന്നാല്‍ പിങ്ക് നിറമുള്ള തടാകമെന്നത് ഒരു വിസ്മയം തന്നെയാണ്. ഉക്രെയ്നിലെ കോയാഷ്സ്കോ തടാകം, ടാന്‍സാനിയയിലെ നട്രോണ്‍ തടാകം, അസര്‍ബൈജാനിലെ മസാസിര് തടാകം, സെനഗലിലെ റെറ്റ്ബ തടാകം, ഓസ്ട്രേലിയയിലെ ഹില്ലിയര്‍ തടാകം, ഹട്ട് ലഗൂണ്‍ എന്നിങ്ങനെ ലോകത്ത് പലയിടത്തായി പിങ്ക് തടാകങ്ങളുണ്ട്. യൂട്ടായിലെ ഗ്രേറ്റ് സാള്‍ട്ട് തടാകത്തിന്റെ വടക്കന്‍ പകുതി സാധാരണയായി പിങ്ക് നിറത്തിനും കടും ചുവപ്പിനും ഇടയിലുള്ള ഒരു നിറം കാണിക്കുന്നു.

പിങ്ക് നിറത്തിനു പിന്നില്‍
പിങ്ക് തടാകങ്ങളെല്ലാം ഉപ്പ് തടാകങ്ങളാണ്. ഈ തടാകങ്ങളുടെ ഉയര്‍ന്ന ലവണാംശം തന്നെയാണ് നിറത്തിനുപിന്നിലെ കാരണം. ഓരോ പ്രത്യേക തടാകത്തിന്റെയും നിറത്തിന്റെ കാരണം കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല. എങ്കിലും, ശാസ്ത്രജ്ഞര്‍ രണ്ട് കാരണങ്ങളാണ് എടുത്തുപറയുന്നത്. ഈ തടാകങ്ങളിലെ ഉയര്‍ന്ന ലവണാംശം വളരെ കുറച്ച് സൂക്ഷ്മാണുക്കളെ മാത്രമേ വളരാന്‍ അനുവദിക്കൂ എന്നതാണ് വസ്തുത. പല പിങ്ക് തടാകങ്ങളിലും, അതിജീവിക്കാനും തഴച്ചുവളരാനും കഴിയുന്നത് സൂക്ഷ്മാണുക്കളായ ഡുനാലിയേല സാലിന എന്നറിയപ്പെടുന്ന ഒരു പ്രത്യേക തരം ഹാലോഫൈല് മൈക്രോ ആല്ഗെക്ക് മാത്രമാണ്. വെളിച്ചവും ചൂടും ലവണാംശത്തിന്റെ അളവും കടല്‍ വെള്ളത്തേക്കാള്‍ വളരെ കൂടുതലായതിനാല്‍, ഈ സൂക്ഷ്മാണുക്കള്‍ ബീറ്റാ കരോട്ടിന്‍ പോലുള്ള കരോട്ടിനോയിഡുകള്‍ ഉത്പാദിപ്പിക്കുകയും ശേഖരിക്കുകയും ചെയ്യുന്നു. ഈ കരോട്ടിനോയിഡുകളുടെ നിറം ഈ ആല്‍ഗകള്‍ക്ക് അവയുടെ സ്വഭാവ സവിശേഷതയായ പിങ്ക് നിറം നല്കുന്നു. ഇതാണ് ജലത്തിനും ലഭിക്കുന്നത്. പിങ്ക് തടാകങ്ങള്‍ക്ക് ഹാലോബാക്ടീരിയ എന്നറിയപ്പെടുന്ന ചെറിയ സൂക്ഷ്മാണുക്കളില്‍ നിന്ന് നിറം ലഭിക്കുമെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ഹാലോബാക്ടീരിയയ്ക്ക് അവരുടെ റോസി പിഗ്മെന്റേഷന് ലഭിക്കുന്നത് ബാക്ടീരിയോഹോഡോപ്സിന് എന്ന പ്രോട്ടീനില്‍ നിന്നാണ്.
ചില പിങ്ക് തടാകങ്ങൾക്ക് ഹാലോബാക്ടീരിയ എന്നറിയപ്പെടുന്ന ചെറിയ സൂക്ഷ്മാണുക്കളിൽ നിന്ന് നിറം ലഭിക്കുന്നു.

ഇന്ത്യയിലും പിങ്ക് തടാകം
മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ ലോനാര്‍ തടാകത്തിലെ വെള്ളമാണ് രണ്ടുവര്‍ഷം മുമ്പ് കുറച്ചുകാലത്തേക്ക് പിങ്ക് നിറമായത്. ഉപ്പില്‍ വളരുന്ന 'ഹാലോ ആര്‍ക്കിയ' എന്ന സൂക്ഷ്മാണുക്കളുടെ വലിയ സാന്നിധ്യം മൂലമാണിതെന്ന് പൂണെ ആസ്ഥാനമായുള്ള ഒരു സ്ഥാപനം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഏകദേശം 50,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഉല്‍ക്ക ഭൂമിയില്‍ പതിച്ചതിന് ശേഷം രൂപപ്പെട്ടതാണ് കോഴിമുട്ടയുടെ ആകൃതിയിലുള്ള ലോനാര്‍ തടാകം. കൃഷ്ണശിലയില്‍ തീര്‍ക്കപ്പെട്ടിരിക്കുന്നതും ഉപ്പുവെള്ളം നിറഞ്ഞതുമായ ലോകത്തെ ഒരേയൊരു തടാകം എന്നാണ് ഈ തടാകം അറിയപ്പെടുന്നത്.
ഹില്ലിയര്‍ തടാകം
ആകാശത്ത് നിന്ന് നോക്കുമ്പോള്‍, ഭീമാകാരമായ ബബിള്‍ ഗം പോലെയാണ് ഹില്ലിയര്‍ തടാകം കാണപ്പെടുന്നത്. പിങ്ക് തടാകം എന്നുതന്നെയാണ് ഇത് അറിയപ്പെടുന്നത്. ഓസ്ട്രേലിയയില്‍ എസ്പെറന്‍സ് തീരത്ത്, റെച്ചെര്ച്ചെ ദ്വീപുസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ മിഡില്‍ ഐലന്‍ഡ് എന്ന ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ചെറിയ തടാകമാണിത്. 1802-ലാണ് ഈ തടാകം കണ്ടെത്തിയത്. പസഫിക് സമുദ്രത്തിന് തൊട്ടുതാഴെയാണ് ഈ തടാകമുള്ളത്. മുകളില്‍ നിന്ന് നോക്കുകയാണെങ്കില്‍, തടാകത്തിന്റെ പിങ്ക് നിറവും സമുദ്രത്തിന്റെ നീലയും തമ്മിലുള്ള വ്യത്യാസം കൃത്യമായി കാണാം. മണലും യൂക്കാലിപ്റ്റസ് മരങ്ങളാലും ഇടതൂര്‍ന്ന സസ്യജാലങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്ന പിങ്ക് ജലത്തെ, സമുദ്രത്തിന്റെ തീവ്രമായ നീലയില്‍ നിന്ന് വേര്‍പെടുത്തുന്നത് ഓസ്ട്രേലിയയിലെ പ്രശസ്ത സസ്യമായ മെലലൂക്ക നിറഞ്ഞ ചെറിയ പ്രദേശമാണ്. 600 മീറ്ററോളം വീതിയുള്ള ഉപ്പുവെള്ള തടാകമാണിത്.

ഷാംപൈന്‍ പൂള്
ന്യൂസിലാന്റിലാണ് ആശ്ചര്യം ജനിപ്പിക്കുന്ന ഷാംപൈന്‍ തടാകമുള്ളത്. തടാകത്തിന്റെ അടിത്തട്ടില്‍ നിന്ന് ഷാംപെയ്നെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കുമിളകള്‍ ഉയര്‍ന്നുവരുന്ന കാഴ്ചയാണിത്. 900 വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപംകൊണ്ട പ്രകൃതിദത്തമായ ഒരു അത്ഭുതമാണ് ഈ ജിയോതെര്‍മല്‍ കുളം. ജലത്തിന്റെ താപനില ഏകദേശം 73 ഡിഗ്രി സെല്‍ഷ്യസ് ആണ്. മുഴുവന്‍ കുളവും പിങ്ക് നിറമല്ലെങ്കിലും, ഹാലോഫിലിക് ബാക്ടീരിയ പുറപ്പെടുവിക്കുന്ന വൈദ്യുതധാരകളുടെ അളവിനെ അടിസ്ഥാനമാക്കി ചുവപ്പിന്റെ വിവിധ ഷേഡുകളിലാണ് ഇത് കാണപ്പെടുന്നത്. എന്നാല്‍ നിറഞ്ഞ പിങ്ക് നിറത്തിലാണ് വര്‍ഷത്തില്‍ ഏറിയകൂറും വെള്ളം കാണുന്നത്.

ക്വൈറാഡിങ്
പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ ബാഡ്ജലിങിലെ പിങ്ക് നിറത്തിൽ കാണപ്പെടുന്ന തടാകമാണ് ക്വൈറാഡിങ്. ഈ തടാകത്തിനു കുറുകെ ഒരു റോഡ് കടന്നു പോകുന്നുണ്ട്. റോഡിന് ഇരുവശവും പിങ്കിന്റെ രണ്ട് വ്യത്യസ്ത നിറങ്ങളിലാണ് വെള്ളമുള്ളത്. ഇതാണ് ഈ തടാകത്തിന്റെ പ്രത്യേകത.
റെറ്റ്ബ തടാകം
സെനഗലിന്റെ തലസ്ഥാന നഗരമായ ഡാകറില്നിന്ന് ഒരു മണിക്കൂറില്‍ താഴെമാത്രം അകലെയാണ് റോസ് ലേക് എന്ന് അറിയപ്പെടുന്ന മനോഹരമായ പിങ്ക് തടാകമുള്ളത്. അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്ന് ചില ഇടുങ്ങിയ മണ്‍കൂനകളാല്‍ വേര്‍തിരിക്കപ്പെട്ട തരത്തിലാണ് ഇതിന്റെ കിടപ്പ്. ഇതിന്റെ ലവണാംശം ഇസ്രായേലിലെ ചാവുകടലിന്റേതിന് തുല്യമാണ്. നവംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള വരണ്ട കാലാവസ്ഥയില്‍ അതിന്റെ നിറം കടുക്കുന്നതായാണ് കണ്ടുവരുന്നത്. വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണിത്. ഇവിടെനിന്നും ഉപ്പ് ധാരാളമായി ഉത്പാദിപ്പിക്കുന്നുണ്ട്.

ഹട്ട് ലഗൂണ്‍
ഓസ്ട്രേലിയയിലെ കോറല്‍ കോസ്റ്റിലുള്ള ഹട്ട് നദിയുടെ ഭാഗമാണ് ഹട്ട് ലഗൂണ്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നാണ് തടാകത്തിലേക്ക് വെള്ളമൊഴുകുന്നത്. സമുദ്രത്തിനും ലഗൂണും മണ്‍കൂനകളാല്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. സ്പെയിനിലെ ടോറെവിജയിലെ ലാസ് സലീനാസ് ഡി ടോറെവീജ, കാനഡയിലെ ഡസ്റ്റി റോസ് ലേക്, അസര്‍ബൈജാനിലെ മസാസിര് തടാകം, ബൊളീവിയയിലെ ലഗൂണ കൊളറാഡ തുടങ്ങിയവയും പ്രധാനപ്പെട്ട പിങ്ക് തടാകങ്ങളാണ്.
നിറം കൂടിയും കുറഞ്ഞും
വരണ്ട കാലാവസ്ഥയിലാണ് പിങ്ക് ഏറ്റവും കടുത്ത നിറത്തില്‍ കാണപ്പെടുന്നത്. മഴ പെയ്യുന്നതോടെ ലവണാംശത്തിന്റെ തോതില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാവുന്നു. അപ്പോള്‍ കടും പിങ്ക് നിറം നേര്‍ത്ത് വരുന്നതായി കാണാം.
വെള്ളം കണ്ടു മടങ്ങാം
പിങ്ക് തടാകങ്ങളിലെ വെള്ളത്തില്‍ ലവണാംശം കൂടുതലുണ്ടെങ്കിലും മിക്കവയും അപകടകാരിയല്ല. ചിലയിടങ്ങളില്‍ ഇറങ്ങാന്‍ അനുവാദമുണ്ടെങ്കിലും ആല്‍ഗെകളുടെയും ബാക്ടീരിയകളുടെയും അതിപ്രസരം എത്രത്തോളം മനുഷ്യനെ ബാധിക്കും എന്നകാര്യത്തില്‍ പഠനങ്ങള്‍ എത്തുന്നതേയുള്ളു. അതുകൊണ്ടുതന്നെ പ്രകൃതിയുടെ ഈ വികൃതി കണ്ട് ആസ്വദിച്ച് മടങ്ങുകയാണ് ഉത്തമം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..