ആണുങ്ങളില്ലാത്ത വർഗ്ഗം, കണ്ണ് പേരിനു മാത്രം, കണ്ടാൽ മണ്ണിര പോലെയുള്ള കുരുടി പാമ്പുകൾ


വിജയകുമാര്‍ ബ്ലാത്തൂര്‍മണ്ണിനുള്ളിൽ കഴിയുന്ന, മണ്ണിരയോട് നല്ല സാമ്യമുള്ള വിഷമില്ലാത്ത പാമ്പുകളാണ് കുരുടി പാമ്പുകൾ ( Blind Snakes). ലോകത്തെങ്ങുമായി കുരുടിപാമ്പുകളുടെ ഇരുന്നൂറോളം ഇനങ്ങൾ ഉള്ളപ്പോൾ ഇന്ത്യയിൽ 19 ഇനങ്ങളാണുള്ളത്. നമ്മുടെ കേരളത്തിൽ ആറിനങ്ങളെ ഇതുവരെയായി തിരിച്ചറിഞ്ഞിട്ടുണ്ട്.

BANDHUKAL MITHRANGAL

കവചവാലൻ | Photo-https://commons.wikimedia.org/wiki/user:Davidvraju

പൊട്ടൻ, ചെവിടൻ, കുരുടൻ എന്നിങ്ങനെയുള്ള മനുഷ്യ വിരുദ്ധ ഭാഷാപ്രയോഗങ്ങൾ ഒരാളെ സൂചിപ്പിക്കാൻ നമ്മൾ ഇപ്പോൾ പൊതുവെ ഉപയോഗിക്കാറില്ലല്ലോ. എങ്കിലും കാഴ്ചശക്തിയില്ലാത്തവരെ സൂചിപ്പിക്കാൻ ഇപ്പോഴും കുരുടൻ എന്ന് തന്നെ ഉപയോഗിക്കുന്നവരുമുണ്ട്. മണ്ണിനടിയിൽ മാത്രം ജീവിക്കാനുള്ള അനുകൂലനങ്ങളുമായി പരിണമിച്ച പല ജീവികളും ഉണ്ട്. പ്രകാശമെത്താത്ത ഇരുൾ ഇടത്ത് ജീവിക്കുന്നതിനാൽ കണ്ണുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലാത്തവരാണവർ. കാഴ്ച ശക്തി ഇല്ലാതെ മണ്ണിനുള്ളിൽ കഴിയുന്ന ഒരു വിഭാഗം പാമ്പുകൾക്കും, തവളകളേയും സലമാണ്ടറിനേയും ഒക്കെ പോലെ ഉഭയജീവികളായ സിസിലിയൻ എന്ന വിഭാഗം ജീവികൾക്കും മലയാളത്തിൽ കുരുടി എന്നാണ് പേര്. പരസ്പരം ഒരു ബന്ധവും ഇല്ലാത്ത, വളരെ വ്യത്യസ്തരായ രണ്ടിനങ്ങൾക്കും ഒരു പേരുതന്നെ ഉപയോഗിക്കുന്നത് പലപ്പോഴും വലിയ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്.

മണ്ണിനടിയിൽ തുരന്ന് ജീവിക്കുന്ന ഇവർ ജീവിതത്തിൽ ഭൂരിഭാഗം സമയവും ഇരുളിൽ ആയതിനാൽ പ്രകാശ സ്വീകരണികളും ലെൻസും കാഴ്ചയും ഒക്കെ സാദ്ധ്യമാകുന്ന വിധത്തിലുള്ള സങ്കീർണമായ കണ്ണുകൾ പരിണാമപരമായി അനാവശ്യം ആണല്ലോ. അതിനാൽ തന്നെ ഇവർക്ക് പേരിന് കണ്ണുണ്ടെന്നേ ഉള്ളു. കണ്ണ് എന്നത് കാഴ്ചകൾ കാണാനുള്ള അവയവം എന്ന വിധത്തിൽ വികസിക്കാതെ പ്രകാശ തീവ്രതാ വ്യത്യാസങ്ങൾ തിരിച്ചറിയാനുള്ള ഗ്രാഹികളോ, വെറും കണ്ണടയാളം മാത്രമോ ആണ്. മണ്ണിനടിയിൽ തല ഉപയോഗിച്ച് തുരന്ന് പോകേണ്ടതിനാൽ, കണ്ണിന് കേടുവരാതെ സംരക്ഷണം കിട്ടാനായി കട്ടിയുള്ള ശൽക്കങ്ങളോ തൊലിയോ കൊണ്ട് മൂടിയ അവസ്ഥയിലും ആണ് പലതിന്റേയും കണ്ണുകൾ.

മുട്ടയ്ക്ക് കാവല്‍ നില്‍ക്കുന്ന സിസിലിയന്‍| Photo- ഫോട്ടോ: ഡേവിഡ് രാജു
David Raju. By Brian Gratwicke from DC, USA - Oscaecilia ochrocephala, CC BY 2.0, https://commons.wikimedia.org/w/index.php?curid=40159648

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

കുരുടി പാമ്പുകൾ

മണ്ണിനുള്ളിൽ കഴിയുന്ന, മണ്ണിരയോട് നല്ല സാമ്യമുള്ള വിഷമില്ലാത്ത പാമ്പുകളാണ് കുരുടി പാമ്പുകൾ ( Blind Snakes). നമ്മുടെ നാട്ടിൽ സാധാരണമായി കാണുന്നത് ബ്രാഹ്മിണി കുരുടി എന്ന് വിളിക്കുന്ന Indotyphlops braminus ആണ്. അവ്യക്തമായ ഒരു പൊട്ട് പോലെ മാത്രമുള്ള കണ്ണുകൾ ആണിതിനുള്ളത്. കുരുടി, കുരുടൻ പാമ്പ് , കോലിപാമ്പ് എന്നൊക്കെ പല നാടുകളിൽ പല പേരുകളിൽ ഇവർ അറിയപ്പെടുന്നുണ്ട്. Typhlopidae കുടുംബത്തിൽ ആണ് ഇത്തരം വിരപാമ്പുകളെ ഉൾപ്പെടുത്തീട്ടുള്ളത്. തിളങ്ങുന്ന തവിട്ട് കലർന്ന കറുപ്പ് നിറമാണ് പൊതുവെ ഇവർക്ക് ഉള്ളത്. ഇണചേരാതെ തന്നെ തലമുറകളെ ഉണ്ടാക്കാൻ കഴിയുന്ന അനിഷേത ജനനം (പാർത്തനോജെനിസിസ് - parthenogenesis) നടത്തുന്നവരാണിവർ. ഇവരിൽ പെൺ ഇനം മാത്രമേ ഉള്ളൂ. 2 മുതൽ 4 ഇഞ്ച് മാത്രമാണ് ഇവയുടെ നീളം ഉണ്ടാകുക. അതിനാൽ തന്നെ ഏറ്റവും ചെറിയ പാമ്പിനം ആയാണ് ഈ കുരുടികളെ കണക്കാക്കുന്നതും. വാലും തലയും കാഴ്ചയിൽ ഒരുപോലെ തോന്നുന്നതിനാൽ ഇരുതല പാമ്പ് എന്നും വിളിക്കാറുണ്ട്. സൂക്ഷിച്ച് നോക്കിയാൽ തലയിലും ശരീരത്തിലും ചെറിയ ശൽക്കങ്ങൾ കാണാം. കൺപൊട്ടും ഈ ശൽകങ്ങളുമാണ് മണ്ണിരയല്ല എന്നുറപ്പിക്കാനുള്ള എളുപ്പ വഴി. തലയിലെ ട്രാൻസ്ലൂസന്റായ ശൽക്കങ്ങൾ കൊണ്ട് മറഞ്ഞവിധത്തിലാണ് വളരെ ചെറിയ കണ്ണ്. കടും കറുപ്പ്, വെള്ളി ചാരനിറം, മങ്ങിയ മഞ്ഞ, പർപ്പിൾ തുടങ്ങി പല കളറുകളിൽ കുരുടിപാമ്പുകളെ കാണാം.

ലോകത്തെങ്ങുമായി ഇരുന്നൂറോളം ഇനങ്ങൾ ഉള്ളപ്പോൾ ഇന്ത്യയിൽ 19 ഇനങ്ങളാണുള്ളത്. നമ്മുടെ കേരളത്തിൽ ആറിനങ്ങളെ ഇതുവരെയായി തിരിച്ചറിഞ്ഞിട്ടുണ്ട്. ചിതലും ഉറുമ്പിൻ മുട്ടയും ലാർവയും ആണ് പ്രധാന ഭക്ഷണം.

ബ്രാഹ്മിണി കുരുടികൾ ചിതലുകളുടെ തല ഒഴിവാക്കി ശരീരം മാത്രം തിന്നുന്നത് വളരെ കൗതുകം ഉള്ള കാര്യമായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

മണ്ണിനടിയിൽ കഴിയുന്ന മറ്റ് വലിയ പവിഴപാമ്പുകളുടെയും തുരപ്പൻ പാമ്പുകളുടെയും പ്രധാന ഭക്ഷണം കുരുടി പാമ്പുകൾ ആണ്. രാത്രി ഇരതേടി ഇറങ്ങുന്ന ഇവരെ മഴക്കാലത്ത് മുറ്റത്തും മറ്റും കാണാം. ഇവയെ നമ്മൾ കൈയിൽ എടുത്താൽ കടിക്കുകയൊന്നും ഇല്ല ( അത്രയും ചെറിയ വായയും കുഞ്ഞ് പല്ലുകളും ആണുള്ളത്. ) എന്നാൽ രൂക്ഷ ഗന്ധമുള്ള വിസർജ്ജ്യം തൂവി നാറ്റിച്ച്, വെറുപ്പിച്ച് , അതിനെ ഒഴിവാക്കിപ്പിക്കുന്ന അതിജീവന തന്ത്രം ഇവർക്കുണ്ട്. വാലിന്റെ അഗ്രത്ത് മുനപോലെയുള്ള ശൽക്കഭാഗം കൊണ്ട് കുത്തി വേദനിപ്പിക്കാനും ശ്രമിക്കും.

Worm Snake | ഫോട്ടോ: ഡേവിഡ് രാജു
Photo-http://commons.wikimedia.org/wiki/User:Davidvraju

നമ്മുടെ കുരുടികളുടെ കൂട്ടത്തിലെ ഏറ്റവും വലിയവരാണ് കൊക്കുരുട്ടി പാമ്പ് (Beaked Worm Snake, Grypotyphlops acutus) . 66 സെന്റീ മീറ്റർ വരെ നീളമുള്ളവയെ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ ഡോ. ജാഫർ പാലോട്ട് കണ്ണൂരിൽ നിരീക്ഷിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേൽത്താടിയിലുള്ള ചെതുമ്പലുകൾ ഉരുണ്ട കൊക്കുപോലെ ഉന്തി നിൽക്കുന്നതുകൊണ്ടാണ് ഇതിന് ഇത്തരം രസകരമായ പേര് നട്ടുകാർ ഇട്ടത്. അമ്മിഞ്ഞക്കുടിയൻ പാമ്പ് (Thurston's blind snake - Gerrhopilus thurstoni) എന്നു വിളിക്കുന്ന വേറൊരു തരം കുരുടിപ്പാമ്പുണ്ട്. കുട്ടികളുടെ മുഖത്ത് അമ്മിഞ്ഞപ്പാൽ കുടിച്ചതിന്റെ ബാക്കി പറ്റിയത് പോലെ ഈ പാമ്പിന്റെ രണ്ടഗ്രങ്ങളും അൽപ്പം വെളുത്തും ബാക്കി ഭാഗം ഇരുണ്ടോ കറുത്തോ ഒക്കെ ഉള്ളതിനാലാവും ഇവർക്ക് ഈ പേര് സരസന്മാർ ഇട്ടത്. ഉള്ളുകാണും വിധം സുതാര്യമായ മെലിഞ്ഞ ശരീരത്തിന് മുകൾ ഭാഗത്ത് നേർത്ത പിങ്ക് നിറമുള്ള, തിണ്ടൽ കുരുടിപ്പാമ്പ് (Tindall's blind snake - Gerrhopilus tindalli) , ആണ് മറ്റൊന്ന്. കൂടാതെ ബെഡോമി കുരുടിപ്പാമ്പ് (Beddome's worm snake - Gerrhopilus beddomii) . Slender Blind Snake- ( Typhlops porrectus) എന്ന ഇനങ്ങൾ കൂടിയാണ് നമ്മുടെ നാട്ടിൽ ഉള്ളത്.

Uropeltidae വിഭാഗത്തിൽ പെട്ട കവച വാലൻ പാമ്പുകളേയും (shieldtails or the shield-tailed snakes ) ചിലർ കുരുടികൾ എന്ന് വിളിക്കാറുണ്ട്. മണ്ണിനടിയിൽ കഴിയുന്ന, വിഷമില്ലാത്ത ഇവർ ഇന്ത്യയുടെ തെക്കൻ പ്രദേശങ്ങളിലാണ് കാണുന്നത്. വാലുപയോഗിച്ച് ഈർപ്പമുള്ള മണ്ണിൽ തുരന്നിറങ്ങുന്ന സ്വഭാവക്കാരാണിവർ. ഇതിന് സഹായിക്കുന്ന വിധത്തിൽ വാലിന്റെ അഗ്രഭാഗത്ത് കട്ടികൂടിയ കവചം (ഷീൽഡ്) ആകൃതിയിലുള്ള ഭാഗം ഉള്ളതിനാലാണ് ഇവർക്ക് ഈ പേര് കിട്ടിയത്. അൻപതിലധികം ഇനങ്ങൾ ഈ വിഭാഗത്തിൽ ഉണ്ട്.

red sand boa,ഇരുതല മൂരി | ഫോട്ടോ: ഡേവിഡ് രാജു
Photo-By Sagar khunte - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=79652550

ഇരുതല മൂരി

പകൽ മണ്ണിനടിയിൽ ഒളിച്ച് കഴിയുകയും രാത്രി സജീവമാകുകയും ചെയ്യുന്ന പാമ്പാണ് ഇരുതല മൂരി എന്നുവിളിക്കുന്ന ഇന്ത്യൻ സാൻഡ് ബോ( Indian sand boa - Eryx johnii) ചെമ്പിച്ച തവിട്ട് കലർന്നതോ ചോക്കലേറ്റ് നിറമുള്ളതോ ആയ എണ്ണ മിനുപ്പാർന്ന കരുത്തൻ തടിയൻ പാമ്പാണ്. ഇരട്ടത്തലയൻ, എണ്ണപ്പാമ്പ്, എന്നീ പേരും ഉണ്ട്. പാവം കുരുടൻ പാമ്പുകളേയും ഇരുതല മൂരി , ഇരുതലയൻ പാമ്പ് എന്ന് വിളിക്കുന്നതിനാൽ ആ കാര്യത്തിൽ പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. കുരുടികളെപ്പോലെ കാഴ്ച ഇല്ലാത്തവരല്ല ഇവർ. തലയും വാലും ഏകദേശം ഒന്നുപോലെ തോന്നുന്നതിനാലും കുഞ്ഞു കണ്ണുകൾ അത്രമാത്രം പ്രകടമല്ലാത്തതിനാലും ആണ് ഇരു തല എന്ന പേര് കിട്ടിയത്. തലയേക്കാൾ തടിച്ച കഴുത്തും ഉരുണ്ട വാലറ്റവും ഉള്ളതിനാലാണ് ഇതിന്റെ തലയേത് വാലേത് എന്ന സംശയം ഒറ്റ നോട്ടത്തിൽ ഉണ്ടാകുന്നത്. ആഭിചാരങ്ങൾക്കും മറ്റും ഇതിനെ ഉപയോഗിക്കാം , ഇതിനെ കൈവശം വെച്ചാൽ ഐശ്വര്യം ഉണ്ടാകും , നിധി കിട്ടും, ഇതിന് ലൈംഗീക ഉത്തേജന ശേഷി കൂട്ടാനുള്ള കഴിവുണ്ട് എന്നിങ്ങനെ പല അന്ധവിശ്വാസങ്ങളും ചില ആളുകൾ കൊണ്ടു നടക്കുന്നുണ്ട്. ഇരുതല മൂരിയ്ക്ക് കോടികൾ വിലകിട്ടും എന്ന നുണകേട്ട് ഇതിനെ പിടികൂടി കടത്താൻ ശ്രമിക്കുന്ന ആളുകൾ ഉണ്ട്. ഇതിനെ വാങ്ങി വഞ്ചിതരാവുന്നവരുടെ പണം നഷ്ടപ്പെടുന്നത് കൂടാതെ പോലീസ് പിടികൂടി ജയിലിലാകുന്ന ഐശ്വര്യവും സംഭവിക്കാറുണ്ട്.

തവളകളുടെ വർഗക്കാരായ കുരുടി സിസിലിയന്മാർ

പാമ്പുമായി ഒരു ബന്ധവും ഇല്ലാത്ത , കാലില്ലാത്തവളകൾ എന്നു പോലും വിളിക്കാവുന്ന സിസിലിയൻ എന്ന വിഭാഗം ജീവികൾക്കും മലയാളത്തിൽ എങ്ങിനെയോ കുരുടി എന്നു തന്നെ പേര് വന്നുപോയി. കുരുടി പാമ്പുകളേപ്പോലെ തന്നെ കാഴ്ചശക്തിയില്ലാത്തവരായതുകൊണ്ട് ഇവരേയും അങ്ങിനെ തന്നെ വിളിച്ചുപോന്നു. പക്ഷെ പാമ്പിനും തവളയ്ക്കും ഒരേ പേര് ഉപയോഗിക്കുന്നത് ശരിയല്ലാത്തതിനാൽ ഇവരെ സിസിലിയൻ എന്നുതന്നെ പേര് വിളിക്കുന്നതാണ് നല്ലത്. തലയേത് വാലേത് എന്ന് തിരിച്ചറിയാൻ പറ്റാത്ത രൂപമാണിതിനും. അതിനാൽ ഇതിനേയും ഇരുതല എന്നു വിളിക്കാറുണ്ട്. മുഖത്ത് കണ്ണിനും മൂക്കിനും ഇടയിൽ ഒരു ജോഡി വളരെ ചെറിയ സ്പർശനികൾ (ടെന്റക്കിളുകൾ) തുറിച്ച് നിൽക്കുന്നുണ്ടാകും. അവ ഉപയോഗിച്ചാണ് ഇവർ മണ്ണിനടിയിലും പുറത്തും ചുറ്റുമുള്ള ഗന്ധവും മറ്റും തിരിച്ചറിഞ്ഞ് ഇരപിടിക്കുന്നതും സഞ്ചരിക്കാനുള്ള വഴി കണ്ടെത്തുന്നതും. ഇവയെ കൈയിലെടുത്താൽ നനഞ്ഞ ബാർ സോപ്പിൽ പിടിച്ചതുപോലെ വഴുതിക്കളയും. വായിൽ കുഞ്ഞരിപ്പല്ലുകൾ ഉള്ളതിനാൽ ഇരകളെ വായിൽ കിട്ടിയാൽ അവ രക്ഷപ്പെടാതെ വിഴുങ്ങാൻ ഇവർക്ക് ആകും. കൊടും മഴക്കാലത്ത് ഒഴിച്ച് ബാക്കി കാലമത്രയും മണ്ണിനടിയിൽ തന്നെ കഴിയുന്നവരാണിവർ. ആ സമയത്ത് റോഡുകളിലും കാട്ട് പാതകളിലും ദ്രവിച്ച ഇലകൾക്കിടയിലും കാണാം. കാഴ്ചയിലിവരും മണ്ണിരകളേപ്പോലെയും കുരുടി പാമ്പുകളെ പോലെയും ആണെങ്കിലും സൂക്ഷിച്ച് നോക്കിയാൽ പാമ്പിന്റെ പോലെ ശൽക്കങ്ങൾ ശരീരത്തിലും തലയിലും ഒന്നും ഇല്ല എന്നു മനസിലാകും. വിര രൂപിയായ ഇവരുടെ Caecilians എന്ന പേര് കാഴ്ചയില്ലാത്ത എന്നർത്ഥം വരുന്ന ഒരു ലാറ്റിൻ വാക്കിൽ നിന്നും ഉണ്ടായതാണ്. നമുക്ക് ഏറ്റവും അപരിചിതരായ ആംഫിബിയൻ വർഗം ഇവരാകും. പൊതുവെ കടും തവിട്ടോ നീലിമ കലർന്ന കറുപ്പോ നിറത്തിൽ നേർത്തുരുണ്ട ശരീരം ഉള്ള ഇവരിൽ ദേഹത്ത് ചുറ്റടയാളങ്ങൾ കാണാം. മഞ്ഞ നിറമുള്ള അടിഭാഗം ഉള്ളവ, പർപ്പിൾ നിറമുള്ള പുറം ഭാഗമുള്ളവ ഒക്കെ ഉണ്ട്. ചിതൽ , മണ്ണിരകൾ, വണ്ടുകളുടേയും മറ്റും ലാർവകൾ തുടങ്ങിയവയാണ് ഭക്ഷണം. മണ്ണിര വലിപ്പമുള്ളതു മുതൽ ഒന്നര മീറ്റർ നീളത്തിൽ പാമ്പെന്നു തോന്നുന്നത്ര വലിപ്പമുള്ളവ വരെ ഇവരുടെ കൂട്ടത്തിൽ ഉണ്ട്. വിസർജ്ജ്യങ്ങൾ പുറത്തുകളയാനും ഇണചേരാനും മറ്റുമായുള്ള ക്ലോയക്ക (cloaca ) എന്ന് പറയുന്ന ദ്വാരം ശരീരത്തിന്റെ അഗ്രത്തുണ്ടാകും. വാലെന്ന് പറയാൻ പ്രത്യേകിച്ച് ഒന്നും ഇല്ല. ഇവർക്കും മണ്ണിനടിൽ ഉള്ള ജീവിതം ആയതിനാൽ പ്രകാശവുമായി ഒരു ഇടപാടും ഇല്ലാതെ ഇരുളിൽ കഴിയുന്നതിനാൽ കണ്ണുകൾ പരിണമിച്ചുണ്ടായിട്ടില്ല. ഇരുളും വെളിച്ചവും തിരിച്ചറിയാനുള്ള കഴിവ് മാത്രമേ ആ കണ്ണടയാളത്തിന് ഉള്ളു. ഇവയുടെ ശരീരത്തിൽ ചുറ്റുപോലെ മടക്ക് അടയാളങ്ങൾ ഉള്ളതിനാൽ ഖണ്ഡങ്ങളായുള്ള ശരീരമാണെന്ന് കരുതിപ്പോകും. ചിലയിനങ്ങളുടെ തൊലിയിൽ നിന്നും വിഷ സ്വഭാവമുള്ള സ്രവങ്ങളുത്പാദിപ്പിക്കുന്നത് മറ്റുള്ള ഇരപിടിയന്മാരിൽ നിന്നും ഇവരെ രക്ഷിക്കാൻ സഹായിക്കും. ഉറപ്പുള്ള തലയോടും കൂർത്ത മുഖാഗ്രവും ഉള്ളതിനാൽ മണ്ണിലൂടെയും ചളിയിലൂടെയും തള്ളി മുന്നോട്ട് നീങ്ങാൻ ഇവർക്ക് കഴിയും. തലയോട്ടിയിലെ എല്ലുകൾ കൂടി ചേർന്ന് ഉറപ്പുള്ള മുനയായി പ്രവർത്തിക്കും. വാൽഭാഗം കുത്തി നിർത്തി അയഞ്ഞ മേൽ തൊലിക്കുള്ളിൽ മസിലുകൾ പിസ്റ്റൺ പോലെ പ്രവർത്തിപ്പിച്ച് പതുക്കെ മുന്നോട്ട് നീങ്ങാൻ ഇവർക്ക് കഴിയും. വെള്ളത്തിലൂടെ ഈൽ മത്സ്യത്തിന്റെ ചേലിൽ നീന്തി നീങ്ങാനും ഇവർക്ക് അറിയാം. പന്നികൾ ചെളികുത്തിയിളക്കി അതിനടിയിൽ കഴിയുന്ന സിസിലിയന്മാരെ കണ്ടെത്തി വലിച്ച് അകത്താക്കാൻ വിദ​​​ഗധരാണ്. അതിനാൽ ഇവയ്ക്ക് പന്നിവിര എന്നും പേരുണ്ട്.

ഇക്തിയോഫിസഡെ ( Ichthyophidae ) കുടുംബത്തിൽ പെട്ട പതിനൊന്ന് ഇനങ്ങളും ഇൻഡൊ ടൈഫ്ലിഡെ ( Indotyphlidae ) കുടുംബത്തിൽ പെട്ട നാലിനങ്ങളും കൂടി 15 ഇനം സിസിലിയന്മാരാണ് കേരളത്തിൽ ഇതുവരെയായി കണ്ടെത്തീട്ടുള്ളത്. മറ്റ് ഉഭയ ജീവികളിൽ അണ്ഡ ബീജ സംയോഗം ശരീരത്തിന് പുറത്താണ് സംഭവിക്കുന്നതെങ്കിൽ ഇവരുടെ മാത്രം ഫെർട്ടിലൈസേഷൻ ശരീരത്തിനുള്ളിൽ വെച്ചാണ് നടക്കുന്നത്. ആൺ സിസിലിയൻ ബീജ കൈമാറ്റം നടത്താനുള്ള നീളൻ കുഴൽ സംവിധാനം പെൺ സിസിലിയന്റെ പിറകിലെ ക്ലോയക്കയിൽ കടത്തി രണ്ട് മൂന്നു മണിക്കൂറുകൾ കൊണ്ടാണ് ഇണചേരൽ പൂർത്തിയാക്കുന്നത്. ഇക്തിയോഫിസഡെ കുടുംബത്തിലെ സിസിലിയന്മാർ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്ന ഓവിപാരസ് സ്വഭാവം ഉള്ളവരാണ്. മുട്ടകൾക്ക് ചുറ്റും ചുരുണ്ട് കിടന്ന് അമ്മ സംരക്ഷണം കൊടുക്കും. കൂടാതെ സൂര്യപ്രകാശവും ചൂടും കിട്ടാൻ മുട്ടകൾ അമ്മ തിരിച്ചുകൊണ്ടിരിക്കും. രണ്ടു മാസത്തോളം ഈ അടയിരിക്കൽ ത്യാഗശ്രദ്ധ അമ്മ തുടരും. അത്രകാലം പട്ടിണിയായി തളർന്നിട്ടും വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ വിടാതെ അമ്മ കഴിയും. പൊട്ടിത്തുടങ്ങിയ പുറം തൊലി കുഞ്ഞുങ്ങൾ പാലുപോലെ ഭക്ഷണമാക്കും. ശരിയ്ക്കും അമ്മയെ തിന്നു വളരുന്ന മക്കൾ. ജന്തുശരീരത്തിനകത്ത് വെച്ച് തന്നെ ഭ്രൂണം വളർച്ച പ്രാപിച്ച് വിരിഞ്ഞ് വളർന്ന് പ്രസവം നടക്കുന്ന രീതിയ്ക്ക് ഓവൊ വിവിപാരസ് എന്നാണ് പറയുക. ഇത്തരത്തിലുള്ള പ്രത്യുത്പാദനം ആണ് ഇൻഡൊ ടൈഫ്ലിഡെ കുടുംബത്തിൽ പെട്ട സിസിലിയന്മാരുടെ കാര്യത്തിൽ നടക്കുന്നത്. കുഞ്ഞുങ്ങൾ പിറക്കും മുന്നേ തന്നെ അമ്മയുടെ തടിച്ച അണ്ഡവാഹിനി കുഴലിന്റെ അകവശം ചുരണ്ടി തീറ്റ തുടങ്ങും. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ അമ്മയുടെ പുറം തൊലി പൊഴിച്ച് കൊടുത്ത് അതു തിന്നാണ് വളരുക. ത്രിവർണ കുരുടി ( Ichthyophis tricolor) , കൊടഗു കുരുടി (Ichthyophis kodaguensis) , ബെഡോമിന്റെ വരയൻ കുരുടി ( Ichthyophis beddomei) ,തടിയൻ കുരുടി ( Ichthyophis bombayensis) , മൂക്കൻ കുരുടി ( Ichthyophis longicephalus) എന്നിവയാണ് വേറെ ചിലത് . ഇവ കൂടാതെ മലബാർ കുരുടി ( Uraeotyphlus malabaricus) , ചെങ്ങളം കുരുടി (Uraeotyphlus interruptus) , മേനോൻ കുരുടി ( Uraeotyphlus menoni ), നാരായൺ കുരുടി (Uraeotyphlus narayani) , ഉമ്മൻ കുരുടി (Uraeotyphlus oommeni ), ചെമ്പൻ കുരുടി (Uraeotyphlus oxyurus) , വയനാട് പേരിയയിൽ നിന്നും കണ്ടെത്തിയ പേരിയ കുരുടി (Gegeneophis carnosus) ഏലക്കാടൻ കുരുടി (Gegeneophis primus) , രാമസ്വാമി കുരുടി (Gegeneophis ramaswamii) , തേജസ്വിനി കുരുടി (Gegeneophis tejaswini) എന്നിവയാണ് കേരളത്തിൽ നിന്നും ഉള്ള മറ്റ് കുരുടികൾ.

ഉറുമ്പുകളുടെയും ചിതലുകളുടെയും മണ്ണിനടിയിൽ കഴിയുന്ന പലതരം പ്രാണികളുടെയും എണ്ണം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നവരാണ് രണ്ട് വിഭാഗം കുരുടികളും. കുരുടി, ഇരുതല മൂരി എന്നീ മലയാളം വാക്കുകൾ കൊണ്ട് ഉദ്ദേശിക്കുന്ന ജീവി ഏതാണ് എന്ന കാര്യത്തിൽ കേരളത്തിലെ ഗവേഷകരും നട്ടുകാരും ഒരു തീരുമാനത്തിൽ എത്തിയില്ലെങ്കിൽ ആശയക്കുഴപ്പം ഇനിയും നീണ്ടു പോകും.

Content Highlights: about snakes and frogs, bandhukal mithrangal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022

Most Commented