ചെറുധാന്യങ്ങളുടെ വർഷം 2023!  


ഡോ.സി ജോര്‍ജ് തോമസ്‌മഴ തീരെകുറഞ്ഞ പ്രദേശങ്ങളിലെ കൃഷിയും ഭക്ഷ്യലഭ്യതയും മിക്ക രാജ്യങ്ങളിലും പ്രശ്നമാവാറുണ്ട്.  ഇത്തരം പ്രദേശങ്ങളിലെ ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിൽ  ചെറുധാന്യങ്ങൾ (millets)വഹിക്കുന്ന പങ്ക് അത്ര ചെറുതല്ല

Premium

പ്രതീകാത്മക ചിത്രം | Photo-Gettyimages

ക്യരാഷ്ട്രസഭയുടെ ഭക്ഷ്യ–കാർഷിക സംഘടന (FAO) ചെറുധാന്യങ്ങളുടെ (millets) കൃഷിയും ഉപയോഗവും വർധിപ്പിക്കുന്നതിനുദ്ദേശിച്ചുള്ള പ്രചാരണങ്ങൾ ശക്തമാക്കാൻ 2023 അന്താരാഷ്ട്ര മില്ലറ്റ് വർഷം ആയി ആചരിക്കുകയാണ്. ഇറ്റലിയിലെ റോമിൽ അന്താരാഷ്ട്ര മില്ലറ്റ് വർഷം–2023 (IYM 2023) ന്റെ ഉദ്ഘാടന ചടങ്ങ് ഇക്കഴിഞ്ഞ ഡിസംബര്‍ 6 നു സംഘടിപ്പിച്ചു. ഇന്ത്യയിൽ നിന്നും കൃഷി, കർഷക ക്ഷേമ സഹമന്ത്രി ശ്രീമതി സുശ്രീ ശോഭ കരന്ദ്‌ലാജെയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യ 2018 ദേശീയ മില്ലറ്റ് വർഷമായി ആചരിച്ചിരുന്നു. ഇതിനെത്തുടർന്നു അന്താരാഷ്ട്ര മില്ലറ്റ് വർഷം എന്ന ആശയം 2021 ൽ തന്നെ ഇന്ത്യ മുന്നോട്ട് വെച്ചിരുന്നു. 2023 അന്താരാഷ്ട്ര മില്ലറ്റ് വർഷമായി ആചരിക്കുന്നതിനുള്ള ഇന്ത്യയുടെ നിർദേശത്തെ പിന്തുണച്ചതിന് ആഗോള സമൂഹത്തിന് പ്രധാനമന്ത്രി തന്റെ സന്ദേശത്തിലൂടെ നന്ദി പറയുകയും ചെയ്തു.

മറ്റ് പ്രസക്തമായ പങ്കാളികളുമായി സഹകരിച്ച് മില്ലറ്റ് വർഷം ആഘോഷിക്കുന്നതിനുള്ള പ്രധാന ഏജൻസിയാണ് ഭക്ഷ്യ–കാർഷിക സംഘടന(FAO). മില്ലറ്റുകൾ അഥവാ ചെറുധാന്യങ്ങൾക്ക് വരണ്ട നിലങ്ങളിൽ കുറഞ്ഞ അനുസാരികളോടെ വളരാനും കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനും കഴിയും. പ്രതികൂലവും മാറിക്കൊണ്ടിരിക്കുന്നതുമായ കാലാവസ്ഥാ സാഹചര്യങ്ങളിൽ ചെറുധാന്യങ്ങളുടെ പോഷക-ആരോഗ്യ ഗുണങ്ങളെക്കുറിച്ചും അവയുടെ കൃഷിയെക്കുറിച്ചും അവബോധം വളർത്തുന്നതിന് IYM 2023 ഗുണകരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

നെല്ല്, ഗോതമ്പ് എന്നീ പ്രധാന ധാന്യവിളകളുമായി താരതമ്യം ചെയ്യുമ്പോൾ നന്നേ ചെറിയ ധാന്യമണികളോടുകൂടിയതും പുല്ലുവര്‍ഗത്തിൽപ്പെട്ടതുമായ വിളകളെയാണ് "ചെറുധാന്യങ്ങള്‍"(millets) എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ചെറുധാന്യങ്ങളെ പരുക്കൻ ധാന്യങ്ങൾ (coarse cereals) എന്നാണ് ഇന്ത്യയിലെ സ്ഥിതിവിവര കണക്കിലൊക്കെ ഉൾപ്പെടുത്തുന്നത്. ഇങ്ങനെ പറയുന്നത് പ്രധാന ധാന്യങ്ങളായ അരി, ഗോതമ്പ് എന്നിവയെക്കാൾ താഴെയാണ് ഇവ എന്നൊരു ധാരണ പരക്കാൻ ഇടയാക്കിയിട്ടുണ്ട്. അത് മാറ്റുക എന്ന ഉദ്ദേശത്തോടെ കേന്ദ്ര സർക്കാർ 10 ചെറു ധാന്യങ്ങളെ 2018 ൽ പോഷക ധാന്യങ്ങളായി (nutricereals) പ്രഖ്യാപിച്ചു. ബജ്റ, മണിച്ചോളം, റാഗി, ചാമ, പനിവരക്, തിന, വരക്, കുതിരവാലി എന്നിങ്ങനെ എട്ട് ധാന്യങ്ങളോടൊപ്പം രണ്ട് കപട ധാന്യങ്ങളും (pseudocereals)ഇവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് (ബക് വീറ്റ്, ചീരധാന്യം). പുൽവർഗ്ഗമല്ലങ്കിലും ധാന്യം പോലെ ഉപയോഗിക്കാം എന്നതു കൊണ്ടാണ് കപടധാന്യം എന്നു പറയുന്നത്.

ചെറുധാന്യങ്ങളില്‍ ബജ്റ, മണിച്ചോളം, റാഗി എന്നിയവയാണ് ഏറ്റവുമധികം സ്ഥലത്ത് കൃഷി ചെയ്യുന്നത്. ഇവയെ ഇന്ത്യയിലെ പ്രമുഖ ചെറുധാന്യങ്ങളായി (major millets)അംഗീകരിച്ചിട്ടുണ്ട്. ഇവയില്‍ ബജ്റയും മണിച്ചോളവും ഇന്ത്യയിലെ ധാന്യവിളകളുടെ ആകെ വിസ്തൃതിയിൽ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ വഹിക്കുന്നവയാണ്. ചെറുധാന്യങ്ങളില്‍ ചെറുതായി മാത്രം കൃഷിചെയ്യപ്പെടുന്ന മറ്റ് ഏഴെണ്ണവും ചെറുമില്ലറ്റുകൾ (minor millets)എന്നാണ് അറിയപ്പെടുന്നത്.

ചെറുധാന്യങ്ങളുടെ പ്രാധാന്യം
മഴ തീരെകുറഞ്ഞ പ്രദേശങ്ങളിലെ കൃഷിയും ഭക്ഷ്യലഭ്യതയും മിക്ക രാജ്യങ്ങളിലും പ്രശ്നമാവാറുണ്ട്. ഇത്തരം പ്രദേശങ്ങളിലെ ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിൽ ചെറുധാന്യങ്ങൾ (millets)വഹിക്കുന്ന പങ്ക് അത്ര ചെറുതല്ല! പ്രാചീനകാലം മുതൽ തന്നെ ചെറുധാന്യങ്ങളുടെ കൃഷി നമ്മുടെ നാട്ടില്‍ നിലനിന്നിരുന്നു. മഴയെമാത്രം ആശ്രയിച്ച് ഇവ കൃഷിചെയ്യാം. മില്ലറ്റ് കൃഷിയിൽ ഇന്ത്യയ്ക്ക് പ്രഥമസ്ഥാനം ഉണ്ടെങ്കിലും അടുത്ത കാലത്ത് ഇവയുടെ വിസ്തൃതി ഗണ്യമായി കുറഞ്ഞിരിക്കയാണ്. 1965-66 കാലയളവിൽ 369 ലക്ഷം ഹെക്ടർ സ്ഥലത്ത് ഉണ്ടായിരുന്ന ചെറുധാന്യങ്ങളുടെ കൃഷി 2016-17 കാലഘട്ടത്തില്‍ 147.2 ലക്ഷമായി കുറഞ്ഞുവെന്നു സ്ഥിതിവിവര കണക്കുകള്‍ കാണിക്കുന്നു. പക്ഷേ, ഉല്പ്പാദനവും ഉത്പാദന ക്ഷമതയും വർധിക്കുകയുണ്ടായി (1965-66 കാലയളവിൽ ഉല്പ്പാദനം 142.2 ലക്ഷം ടൺ, 2016-17 ൽ ഉല്പ്പാദനം 161.24 ലക്ഷം ടൺ).

കാലാവസ്ഥവ്യതിയാനവും അനുബന്ധ പ്രശ്നങ്ങളും നെല്ലൂള്‍പ്പെടെയുള്ള പല വിളകളുടേയും കൃഷിയേയും ഉത്പാദനത്തേയും ബാധിച്ചേക്കാമെന്ന മുന്നറിയിപ്പ് മറ്റ് വിളകളിലേയ്ക്ക് ശ്രദ്ധ തിരിയാന്‍ ഒരു കാരണമായി പറയാറുണ്ട്. വര്‍ധിച്ച ചൂട്, വരള്‍ച്ച, മറ്റ്‌ പ്രതികൂലസാഹചര്യങ്ങൾ എന്നിവയ്ക്ക് യോജിച്ച വിളകള്‍ക്കായുള്ള അന്വേഷണം ചെറുധാന്യങ്ങളുടെ പ്രാധാന്യം ഉയര്‍ത്തി. വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള ചെറുധാന്യങ്ങളുടെ കഴിവും അവയുടെ കുറഞ്ഞ വിളദൈര്‍ഘ്യവും ഇതില്‍ പ്രധാനമാണ്. ഇങ്ങിനെ പല കാരണങ്ങൾ കൊണ്ട് ഈ വിഭാഗം വിളകളുടെ പ്രസക്തിയും പ്രാധാന്യവും ഏറിവരുകയാണ്. ആകര്‍ഷകമായ പാക്കറ്റുകളിൽ ധാരാളം മൂല്യവര്‍ധിത ഉല്പന്നങ്ങൾ വിപണിയിലെത്തുന്നുമുണ്ട്. കർഷകർ കൃഷി ലഭകരമല്ലെങ്കിൽ മില്ലറ്റുകളെ ഉപേക്ഷിക്കും.. വിപണിയും, ന്യായമായ വിലയും ഉറപ്പ് വരുത്തിയാൽ മാത്രമേ കർഷകർ ചെറു ധാന്യങ്ങളുടെ കൃഷിയുമായി മുൻപോട്ടു പോകൂ.

പ്രധാന ധാന്യങ്ങളെപ്പോലെത്തന്നെ ചെറുധാന്യങ്ങളും അന്നജ പ്രധാനമാണ്. 100 ഗ്രാം ചെറുധാന്യത്തില്‍ നിന്നും 378 കലോറി ഊര്‍ജം ലഭ്യമാകുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവയില്‍ പൊതുവെ 73 ശതമാനം അന്നജം, 11 ശതമാനം മാംസ്യം, 4 ശതമാനം കൊഴുപ്പ്, 7 ശതമാനം നാരുകൾ എന്നിവയും കൂടാതെ 9 ശതമാനം ജലാംശവും അടങ്ങിയിരിക്കുന്നു. നെല്ലുമായി താരതമ്യം ചെയ്യുമ്പോള്‍ മാംസ്യം, ധാതുലവണങ്ങള്‍, നാരുകള്‍ എന്നിവയുടെ അളവ് ചെറുധാന്യങ്ങളിൽ വളരെ കുടുതലാണെന്ന്കാണാം. ഇക്കാരണത്താല്‍ ഇവയെ സംരക്ഷക ഭക്ഷണങ്ങൾ (protective foods) എന്ന വിഭാഗത്തില്‍പ്പെടുത്തിയും പറയാറുണ്ട്. വളരെനാൾ കേടു കൂടാതെ സൂക്ഷിച്ചുവെക്കാമെന്നതും ഈ ധാന്യങ്ങളുടെ ഒരു മേന്മയാണ്. പ്രത്യേകിച്ച് വളപ്രയോഗമോ, നനയോ, മറ്റ് പരിചരണമുറകളോ ഇല്ലാതെ കുറഞ്ഞ ചെലവില്‍ കൃഷി ചെയ്തെടുക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. ഈ വിളകള്‍ക്ക് കാര്യമായ രോഗകീടബാധകളൊന്നും തന്നെയില്ലെന്നതും വസ്തുതയാണ്. പരമ്പരാഗത വിളകള്‍ ആയതിനാൽ ആദിവാസികളുടെ ഭക്ഷണത്തിൽ ഇവ ഒരു അവിഭാജ്യ ഘടകമായിരുന്നു. അരിയും ഗോതമ്പുമൊക്കെ ഇഷ്ടംപോലെ ലഭിച്ചു തുടങ്ങിയതോടെ ആദിവാസി ഊരുകളില്‍ നിന്നുപോലും ഇവ പുറന്തള്ളപ്പെട്ടു. ഇവര്‍ക്കിടയിൽ ചെറുധാന്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികൾ ഇപ്പോൾ ഏറ്റെടുത്തുവരുന്നു.

പോഷകമേന്മയുള്ള കാലിത്തീറ്റവിളകളായും ചെറുധാന്യങ്ങൾ ഉപയോഗിക്കാം എന്നതാണ് മറ്റൊരു കാര്യം. ധാന്യം വേര്‍പെടുത്തിയശേഷം വൈക്കോലായോ പച്ചയായി അരിഞ്ഞെടുത്തോ കാലികള്‍ക്ക്‌
കൊടുക്കുന്നത്‌ പാലുത്പാദനം വര്‍ധിപ്പിക്കാൻ സഹായിക്കും. സാധാരണ തീറ്റപ്പുല്ലിനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറുധാന്യങ്ങള്‍ക്ക് പോഷകമൂല്യം കൂടുതലാണെന്ന് കാണാം. പച്ചയ്ക്ക് അരിഞ്ഞെടുത്താല്‍
ഏകദേശം 10 ശതമാനം മാംസ്യവും 25-30 ശതമാനത്തോളം നാരുകളും ഉണ്ടാകും.

പച്ചപ്പുല്ലിനായി കൃഷി ചെയ്യുമ്പോള്‍ പൂവിടുന്നതോടെ അരിഞ്ഞെടുക്കുകയാണ് പതിവ്. കതിരുകള്‍ കൊയ്തെടുത്തതിനു ശേഷമുള്ള ചെറുധാന്യങ്ങളുടെ വൈക്കോലും തീറ്റയായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത്തരം വൈക്കോലിനേക്കാള്‍ പച്ചപ്പുല്ലായി നല്‍കുന്നത് പോഷകമൂല്യം നാലുമടങ്ങോളം കൂടുതലാക്കുന്നതിന് സഹായിക്കുന്നു. പക്ഷികള്‍ക്കുള്ള തീറ്റയായും ചെറുധാന്യങ്ങള്‍ ഉപയോഗിക്കാറുണ്ട്. തീറ്റപ്പുല്ലിനായി മാത്രം വളര്‍ത്തുന്ന ഇനങ്ങള്‍ ചോളം, ബജ്റ എന്നീ വിളകളില്‍ഉണ്ട്. ഇത്തരം ഇനങ്ങള്‍ക്ക് കായിക വളര്‍ച്ച കൂടുതലായിരിക്കും.പോഷകമേന്മയ്ക്ക് പുറമേ ഒട്ടേറെ ഔഷധ ഗുണങ്ങളും ഈ ധാന്യങ്ങള്‍ക്കുണ്ട്. അതിനാല്‍ ഭക്ഷണക്രമത്തില്‍ ഇവ ഉള്‍പ്പെടുത്തുന്നത് വളരെ ഗുണപ്രദമായി കണ്ടിരിക്കുന്നൂ. പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ തുടങ്ങിയ ജീവിത ശൈലി രോഗങ്ങള്‍ ഉണ്ടാവുന്നത് തടയുന്നതിലും പങ്ക് വഹിക്കുന്നതായി പരാമര്‍ശിക്കപ്പെടുന്നു. ചെറുധാന്യങ്ങളുടെ ഔഷധ ഗുണങ്ങള്‍ താഴെ പറയുന്ന തരത്തില്‍ ക്രോഡീകരിക്കാം. ചെറുധാന്യങ്ങളിൽ നിരോക്സീകാരകങ്ങൾ (antioxidants) ധാരാളം ഉള്ളതിനാൽ പ്രതിരോധശേഷി വര്‍ദ്ധിക്കുകയും കാന്‍സർ പോലുള്ള രോഗങ്ങളെ ഒരു പരിധി വരെ തടയുകയുംചെയ്യുന്നു. ആരോഗ്യം, പോഷകങ്ങൾ ഇവയുമായി ബന്ധപ്പെട്ടുള്ള ചില പ്രത്യേകതകള്‍ പരിശോധിക്കാം.

• മിക്കവാറും ചെറുധാന്യങ്ങളും നാരുകളാൽ സമ്പുഷ്ടമാകയാൽ ദഹനപ്രക്രിയ സുഗമമാക്കുന്നു.
• കൊളസ്ട്രോള്‍ കുറയാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.
• ധാതുലവണങ്ങള്‍ ഉള്ളതിനാല്‍ എല്ലിനും പല്ലുകള്‍ക്കും ബലം നല്‍കുന്നു.
• ഗ്ലൂട്ടന്‍ എന്ന മാംസ്യം ഇല്ലാത്തതിനാല്‍ ഗ്ലൂട്ടൻ അലര്‍ജിയുള്ളവര്‍ക്ക് ഉത്തമ ഭക്ഷണമാണ്.
• ഇരുമ്പിന്‍റെ അംശം ഉള്ളതിനാൽ വിളര്‍ച്ച തടയുന്നു.
• പ്രമേഹരോഗികള്‍ക്കും കഴിക്കാവുന്ന ഉത്തമ ഭക്ഷണമാണ്.
• പോഷകഗുണങ്ങളും ഔഷധഗുണങ്ങളും ഉള്ളതിനാൽ ചെറുധാന്യങ്ങളെയും ന്യൂട്രാസ്യൂട്ടിക്കലുകള്‍ എന്നുവിശേഷിപ്പിക്കാറുണ്ട്.

കേരളത്തിലെ സാധ്യതകൾ
കേരളത്തില്‍ സാധാരണ ജനങ്ങളുടെ ഇടയിൽ ഏറ്റവുമധികം പ്രശസ്തിയുള്ളത് രണ്ട് ചെറുധാന്യങ്ങള്‍ക്കാണ്, റാഗിയും മണിച്ചോളവും. മുത്താറി, പഞ്ഞ പുല്ല്, കൂവരക് എന്നീ പേരുകളിലും റാഗി അറിയപ്പെടുന്നു. ചോളം എന്ന പേരില്‍ രണ്ട് വിളകളുണ്ട്. വലിയ ധാന്യങ്ങളുണ്ടാകുന്നവ മക്കച്ചോളം അഥവാ പൊതിച്ചോളമാണ് (maize/corn). ഇത് വന്‍ധാന്യങ്ങളുടെ (cereals) ഗണത്തിലാണ് ഉള്‍പ്പെടുക. ചെറിയ ധാന്യമുണ്ടാകുന്നവയാണ് മണിച്ചോളം അഥവാ ജോവര്‍ (sorghum).

കേരളത്തിൽ ചെറുധാന്യങ്ങളുടെ കൃഷി വളരെ പരിതാപകരമായ അവസ്ഥയിലാണുള്ളത് . ഉദാഹരണത്തിന്, 2004-05 ല്‍ മണിച്ചോളം 2566 ഹെക്ടറിലും, റാഗി 1383 ഹെക്ടറിലും മറ്റുള്ളവ 955 ഹെക്ടറിലും കൃഷിചെയ്തു. 2020-21 ല്‍ മണിച്ചോളത്തിന്‍റെ വിസ്തീര്‍ണം കേവലം 231 ഹെക്ടറായും, റാഗിയുടേത് 230 ഹെക്ടറായും, മറ്റുള്ളവ 51 ഹെക്ടറായുംകുറഞ്ഞു! കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷിയുള്ളത് പാലക്കാട്, ഇടുക്കി ജില്ലകളിലാണ്, പ്രത്യേകിച്ച് അട്ടപ്പാടി , മറയൂർ, കാന്തല്ലൂർ മേഖലകളിൽ. മഴ കുറഞ്ഞ ഈ പ്രദേശങ്ങളിൽ ചെറുധാന്യങ്ങൾക്ക് പ്രസക്തിയുണ്ട്. മഴ കൂടുതലുള്ള, മറ്റു വിളകൾ കൃഷി ചെയ്യാൻ പറ്റുന്ന മേഖലകളിൽ ചെറുധാന്യങ്ങൾ വ്യാപിപ്പിക്കുവാൻ പ്രയാസമാണ്. കർഷകർക്ക് ലാഭകരമായ മാറ്റി കൃഷികൾ പറ്റും എന്നതാണ് കാരണം. പ്രതിഹെക്ടറിന് കുറഞ്ഞ വിളവ്, അരിയേക്കാൾ കുറഞ്ഞ വില എന്നതും പ്രശ്നങ്ങളാണ്. വിപണി സജീവവുമല്ല. മഴ കുറവുള്ള പ്രദേശങ്ങൾക്ക് ഊന്നൽ കൊടുത്തു കൊണ്ടുള്ള നടപടികളാണ് വേണ്ടത് , അതോടൊപ്പം ഇവയുടെ പോഷക-ആരോഗ്യ ഗുണങ്ങൾക്ക് പ്രചാരം കിട്ടണം. ന്യായമായ വില, വിപണി, മൂല്യ വർധിത ഉൽപ്പന്നങ്ങൾ ഇവയൊക്കെയും ഉറപ്പ് വരുത്തുകയും വേണം.

Content Highlights: about millets and it's importance


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented