അപ്രത്യക്ഷമാകുന്ന ഐസ് ഗുഹകൾ | Magics of nature


അഞ്ജന ശശിപ്രകൃതിയുടെ കരവിരുതിൽ അത്ഭുതപ്പെടുത്തുന്നതാണ് ഐസ് ഗുഹകൾ. ഐസിൽ രൂപപ്പെടുന്ന ഗുഹകൾക്കും പാറയിൽ രൂപം കൊള്ളുന്ന ഗുഹകൾക്കും ഒരുപോലെ നൽകുന്ന പേരാണ് 'ഐസ് ഗുഹ' എന്നത്. വർഷം മുഴുവനും ഐസ് ആയിരിക്കുന്ന പാറയിൽ രൂപപ്പെടുന്ന ഗുഹകളാണ് ഐസ് ഗുഹകൾ. ഈ ഗുഹയുടെ തറകളിലും ഭിത്തികളിലും മേൽക്കൂരയിലും വളരെ വലിയ ഐസ് രൂപങ്ങൾ അടങ്ങിയിട്ടുണ്ടായിരിക്കും.

MAGICS OF NATURE

അർജന്റീനയിലുള്ള ഐസ് ഗുഹ | Photo-Wiki/By Martin St-Amant (S23678) - Own work (Martin St-Amant), CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=11863213

സ്ട്രിയയിലെ സാങ്ക്റ്റ് മാർട്ടിൻ ബെയ് ലോഫറിലെ മനോഹരമായ ഗ്രാമത്തിലായിരുന്നു കരോലിൻ സാങ്കർ ജനിച്ചു വളർന്നത്. വീടിന് സമീപമുള്ള ചെറിയ പള്ളിക്കു സമീപത്തുകൂടി നടന്ന് അപ്പുറമുള്ള ലോഫർ പർവത നിരകളിലേക്ക് നടക്കുന്നത് അവൾക്ക് ഏറെ ഇഷ്ടമായിരുന്നു. അവിടെ, അധികം ദൂരെയല്ലാതെ ആരോടും പറയാത്ത, മാന്ത്രിക കളിസ്ഥലം എന്ന് അവൾ തന്നെ പേരിട്ട ഒരു ഇടമുണ്ടായിരുന്നു. ഏകദേശം 5,200 അടി ഉയരത്തിൽ ഉയർന്ന കൊടുമുടികൾക്ക് കീഴിൽ, ചുണ്ണാമ്പുകല്ലുകളിലെ ഇടുങ്ങിയ വഴിയിലൂടെ അവൾ ഊർന്നിറങ്ങും. ചിത്രങ്ങളിലെന്നപോലെ അനങ്ങാത്ത വെള്ളച്ചാട്ടങ്ങളെ അനുസ്മരിപ്പിക്കുന്ന ഇടത്തിലേക്കാണ് കരോലിൻ എത്തിയിരുന്നത്. ശീതീകരിച്ച വെള്ളച്ചാട്ടങ്ങൾ പോലെ ഗുഹയുടെ മേൽക്കൂരയിൽ നിന്ന് ഐസ് ഒഴുകിയിറങ്ങുന്ന നിലയിൽ ഉറഞ്ഞ് കട്ടിയായി കിടക്കും. നൂറുകണക്കിന് മീറ്റർ നീളമുള്ള ഇടനാഴികളിൽ തറയിൽ നിന്ന് മുകളിലോട്ട് ഗോപുരങ്ങൾ പോലെ ഉയർന്നു നിൽക്കുന്ന ഐസ് പാളികളുമുണ്ടായിരുന്നു അവിടെ. ഐസ് ക്രിസ്റ്റലുകളും ഐസിക്കിളുകളും ഗുഹയുടെ ഭിത്തികളിൽ വിലയേറിയ രത്നങ്ങൾ പോലെ തിളങ്ങി. തണുപ്പ് നേരിടാനുള്ള കുപ്പായങ്ങൾ ഉണ്ടായിട്ടുകൂടി തണുപ്പ് ചിലപ്പോൾ അസഹനീയമാവും. അപ്പോൾ അവിടെനിന്ന് പോരും. പ്രാക്സ് ഐസ് ഗുഹ ഒരു യക്ഷിക്കഥ പോലെ കരോലിന്റെ ഓർമകളിൽ ഇന്നുമുണ്ട്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group''അത് അവിശ്വസനീയമാം വിധം അത്ഭുതകരമായിരുന്നു,'' ഇപ്പോൾ 50 വയസ്സിനടുത്തുള്ള, ഗുഹാ ഗൈഡായി ജോലി നോക്കുന്ന കരോലിൻ സാങ്കർ നാഷണൽ ജിയോഗ്രഫിക് മാഗസിനു നൽകിയ അഭിമുഖത്തിൽ അനുസ്മരിക്കുന്നു. ആ അഭിമുഖം അവസാനിക്കുന്നത് ഇങ്ങനെയാണ്.

"ആ യക്ഷിക്കഥ എന്നന്നേക്കുമായി എനിക്ക് നഷ്ടപ്പെടുകയാണ്. കാലാവസ്ഥാ വ്യതിയാനമാണ് അതിന് കാരണം. ശരത്കാലത്തിൽ, പ്രാക്‌സ് ഐസ് ഗുഹയിലൂടെ ഞാൻ ഇഴഞ്ഞും നുഴഞ്ഞും കയറും. അവിടെ ചുറ്റിക്കറങ്ങും. എന്നാൽ വർഷങ്ങൾക്ക് മുമ്പ് എന്നെ ആകർഷിച്ചതിന്റെ ഒരു അവശിഷ്ടമെങ്കിലും കാണുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ തവണ കയറിയപ്പോൾ ഐസിന്റെ ഒരു സ്ഫടികംപോലും കണ്ടെത്താനായില്ല. തെർമോമീറ്ററിൽ മൂന്ന് ഡിഗ്രി സെൽഷ്യസ് ഇവിടെ കാണിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനം ഈ ഗുഹകളെയും നശിപ്പിച്ചു."

മഞ്ഞിൽ രൂപപ്പെടുന്ന ഐസ് ഗുഹകളെ ഗ്ലേസിയർ ഐസ് ഗുഹകൾ എന്നാണ് വിളിക്കുന്നത്. ഹിമാനികൾക്കിടയിലൂടെ നീങ്ങുന്ന ഉരുകിയ വെള്ളമാണ് ഇത്തരത്തിലുള്ള ഐസ് ഗുഹയ്ക്ക് രൂപം നൽകുന്നത്. എന്നാൽ ഇന്നത്തെ കാലാവസ്ഥ ഐസ് ഗുഹകളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. ചെറിയ ഐസ് ഗുഹകളിൽ ചിലത് ലോകത്തുനിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു

ആൽപ്‌സ് പർവതനിരകൾ അത്തരം ഗുഹകളാൽ സമ്പന്നമാണ്. ചുണ്ണാമ്പുകല്ലിന് പകരം മഞ്ഞ് വളരാൻ തക്ക തണുപ്പാണ് മിക്കതിനും. എത്ര ഐസ് ഗുഹകൾ ഇവിടെയുണ്ടെന്ന് ആർക്കും കൃത്യമായി അറിയില്ല, പക്ഷേ ലോകത്ത് മറ്റെവിടെ ഉള്ളതിനേക്കാൾ ഇവിടെ ഐസ് ഗുഹകൾ കൂടുതലാണ്. ഓസ്ട്രിയയിൽ മാത്രം ഏകദേശം 1,200 എണ്ണമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. വടക്കുകിഴക്കൻ ഇറ്റലിയിലും നൂറുകണക്കിന് ഐസ് ഗുഹകളുണ്ട്.

ഐസ്രിസെൻവെൽറ്റ് കേവ്
, Photo-Wiki/CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=95866

ഐസ്രിസെൻവെൽറ്റ് കേവ്

ലോകത്തിലെ ഏറ്റവും വലിയ ഐസ് ഗുഹയാണിത്. 'വേൾഡ് ഓഫ് ദി ഐസ് ജയന്റ്‌സ്' (ഐസ് ഭീകരൻമാരുടെ ലോകം) എന്നതിന്റെ ജർമ്മൻ പേരാണ് ഐസ്രിസെൻവെൽറ്റ്. സാൽസ്ബർഗിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ ദൂരെയായി, ഓസ്ട്രിയയിലെ വെർഫെനിലാണ് ഗുഹ സ്ഥിതി ചെയ്യുന്നത്. പ്രകൃതിദത്ത ചുണ്ണാമ്പുകല്ലും ഐസ് പാളികളും ചേർന്നൊരുക്കുന്ന അതിമനോഹരമായ കാഴ്ചയാണിത്. സമുദ്രനിരപ്പിൽ നിന്ന് 1,641 മീറ്റർ ഉയരത്തിൽ, ടെന്നൻഗെബിർജ് പർവതനിരകളിലാണ് ഐസ് ഗുഹ സ്ഥിതി ചെയ്യുന്നത്. പ്രതിവർഷം രണ്ടുലക്ഷത്തിലധികം സഞ്ചാരികൾ സന്ദർശിക്കുന്ന ഈ ഗുഹ, 42 കിലോമീറ്റർ വരെ വ്യാപിച്ചുകിടക്കുന്നു. നിറയെ തുരങ്കങ്ങളുള്ള ഈ ഐസ് ഗുഹയിലെ ചില തുരങ്കങ്ങൾ ആഴമുള്ളതും മറ്റുചിലത് ചിലത് ഉപരിതല തലത്തിൽത്തന്നെ നിലനിൽക്കുന്നതുമാണ്. ഈ ചലനാത്മകത ഒരു വായുപ്രവാഹം സൃഷ്ടിക്കുന്നു. വസന്തകാലത്താണ് ഇവിടെ മഞ്ഞ് ഉരുകാൻ തുടങ്ങുന്നത്. വെള്ളം ഉരുകുകയും പാറകളിലൂടെയും അതിന്റെ വിള്ളലുകളിലൂടെയും ഒഴുകുകയും ഗുഹയുടെ ഏറ്റവും തണുത്ത ഭാഗങ്ങളിൽ എത്തുകയും ചെയ്യുന്നു. തണുത്തുറഞ്ഞ താപനിലയിൽ എത്തുമ്പോൾ ഇവ ആകർഷകമായ ഐസ് രൂപങ്ങളായി മാറുകയാണ് ചെയ്യുന്നത്. സുതാര്യമായ ഐസ് പാളികളിൽ വെളിച്ചം കൊണ്ട് പ്രകൃതി തീർക്കുന്ന ക്യാൻവാസ്. പല വർണത്തിലും രൂപത്തിലുമുള്ള ഐസുകളുടെ അത്ഭുതപ്രപഞ്ചം. 19-ാം നൂറ്റാണ്ടിന്റെ അവസാനം വരെ ഐസ്രീസെൻവെൽറ്റ് ഗുഹ ലോകത്തിനുമുമ്പിൽ പൂർണ്ണമായും അജ്ഞാതമായിരുന്നു. 1879-ൽ സാൽസ്ബർഗിലെ പ്രകൃതിശാസ്ത്രജ്ഞനായ ആന്റൺ പോസെൽറ്റാണ് ഔദ്യോഗികമായി ഗുഹ കണ്ടുപിടിച്ചത്.

മൗണ്ട് റെയ്‌നിയർ നാഷണൽ പാര്‍ക്ക്‌ | Photo-twitter.com/mountrainiernps

വർണപ്രപഞ്ചം

കഴിഞ്ഞ ഓഗസ്റ്റ് 15-നാണ് ഇൻസ്റ്റഗ്രാമിൽ ഫോട്ടോഗ്രാഫർ മാത്യു നിക്കോൾസൺ നിറങ്ങൾ വാരിവിതറിയ ഒരു ഫോട്ടോ അപലോഡ് ചെയ്തത്. ഏഴുനിറങ്ങളും ഇടകലർന്ന അതിമനോഹരമായ വർണപ്രപഞ്ചം. മൗണ്ട് റെയ്‌നിയർ നാഷണൽ പാർക്കിലെ ഐസ് ഗുഹയ്ക്കുള്ളിൽ നിന്നുള്ള ചിത്രങ്ങളായിരുന്നു അത്. ഫോട്ടോയിൽ കൃത്രിമത്വം കാണിച്ചിട്ടില്ലെന്നും ഇത് യഥാർഥമായതാണെന്നും നിക്കോൾസൺ അടിക്കുറുപ്പെഴുതി. ഗുഹയുടെ ഉൾവശത്തെ ഹിമാനികളിലേക്ക് കടന്നുവന്ന സൂര്യപ്രകാശത്തിന്റെ പ്രതിഫലനമായിരുന്നു ഈ വർണക്യാൻവാസിന് പിറകിൽ.

പതിനായിരത്തിലേറെ വർഷം പഴക്കം

ഐസ് ഗുഹകൾ മുൻകാല കാലാവസ്ഥയുടെ ഓർമ്മ നിലനിർത്തുന്നുവെന്നാണ് റൊമാനിയയിലെ എമിൽ റാക്കോവിറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെലിയോളജിയിലെ പാലിയോക്ലിമറ്റോളജിസ്റ്റ് ഓറൽ പെർസോയു അഭിപ്രായപ്പെടുന്നത്. റൊമാനിയയിലെ അപ്പുസെനി പർവതനിരകളിലെ സ്‌കറിസോറ ഗുഹയിൽ, ഏഴ് ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകളുടെ വലുപ്പമുള്ള, വറ്റാത്ത ഐസ് ബ്ലോക്കുണ്ട്. 150 അടി താഴ്ചയുള്ള ഷാഫ്റ്റിലൂടെയാണ് പെർസോയു അവിടേക്ക് ഇറങ്ങിയത്. കാർബൺ-ഡേറ്റിംഗ് വഴി അദ്ദേഹം സാമ്പിളുകളിൽനിന്ന് പ്രായം കണക്കാക്കി. അദ്ദേഹമെടുത്ത ഏറ്റവും പഴയ ഐസ് സാമ്പിളുകൾ 10,000 വർഷത്തിലേറെ പഴക്കമുള്ളതാണ്. ഏകദേശം 5,000 വർഷങ്ങൾക്ക് മുമ്പ്, കിഴക്കൻ മെഡിറ്ററേനിയൻ കടലിലേക്ക് തിരിയുന്നത് വരെ ഈ പ്രദേശത്തെ മഴയുടെ ഭൂരിഭാഗവും അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നായിരുന്നുവെന്ന് ഹിമത്തിന്റെ രാസ വിശകലനം കാണിക്കുന്നു.

സന്ദർശകർക്ക് മുന്നറിയിപ്പ്

ഐസ് ഗുഹകൾ കാണുന്നതിനായി സന്ദർശകർ എത്താറുണ്ടെങ്കിലും ആരും അതിനെ പ്രോത്സാഹിപ്പിക്കാറില്ല. ഇപ്പോഴത്തെ കാലാവസ്ഥയിൽ ഐസ് എപ്പോൾ ഉരുകുമെന്ന് പ്രവചിക്കാനാവാത്ത നിലയായതിനാലാണത്. ഐസ് പാളികളുടെ തകർച്ച വലിയ അപകടങ്ങൾക്ക് വഴിവെക്കും. ഐസ് ഗുഹകളിൽ ചിലതിനുള്ളിൽ സഹിക്കാനാവാത്ത തണുപ്പാണ്. പ്രത്യേകം തയ്യാറാക്കിയ കുപ്പായമണിഞ്ഞേ അതിനുള്ളിൽ കയറാനാവൂ.

കാലാവസ്ഥ എന്ന ഭീഷണി

നിർഭാഗ്യവശാൽ, നമ്മുടെ കാലാവസ്ഥ സാവധാനം ചൂടുപിടിക്കുന്നതിനാൽ, ഐസ് ഗുഹകളും ചൂടാകുന്നു. ചില സന്ദർഭങ്ങളിൽ ചൂടുള്ള ഗുഹകൾ ഐസിനേക്കാൾ ചൂടാണ്. പല ഗുഹകളിൽ നിന്നും മഞ്ഞും മനോഹരമായ അർദ്ധസുതാര്യമായ ഐസിക്കിളുകളും അപ്രത്യക്ഷമാകുന്നു. സ്‌കറിസോറയിലും ആൽപ്‌സിലെ മറ്റ് ഐസ് ഗുഹകളിലും ഇന്ന് മറ്റൊരു പ്രധാന മാറ്റത്തിന് വേദിയാവുന്നുണ്ട്. ചൂടേറിയ വായുവും വർദ്ധിച്ച വേനൽമഴയും കാരണം അവിടത്തെ മഞ്ഞ് നശിച്ചു തുടങ്ങി. ഐസിന്റെ ഉപരിതലത്തിൽ ചൂടുവെള്ളം ഒഴിക്കുന്നത് പോലെയുള്ള ഒരു അന്തരീക്ഷമാണിത്. 2018 ൽ, സ്‌കറിസോറയിൽ നിന്ന് വളരെ അകലെയല്ലാതെ, പെർസോയു ഒരു പുതിയ ഗുഹ കണ്ടെത്തി. എന്നാൽ, നാലു വർഷത്തിനുശേഷം, അതായത് 2022-ൽ അവിടെ ചെല്ലിമ്പോൾ അവിടെ ഐസ് ഇല്ലായിരുന്നു, അത് പൂർണ്ണമായും ഉരുകിപ്പോയിതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ആഗോളതലത്തിലുണ്ടായ കാലാവസ്ഥാ വ്യതിയാനം ലോകത്തിലെ ഇത്തരം മനോഹരങ്ങളായ കാഴ്ചകൾക്ക് വിരാമമിടുന്നു.

ഹിമാനി ഗുഹകൾ

തണുപ്പും ചൂടും ഒരുപോലെ ഗുഹകളിൽ ക്രിസ്റ്റലുകൾ തീർക്കുന്നുണ്ട്. അതായത് ഹിമപാതവും ഉഷ്ണജല പ്രവാഹവും ഗുഹകൾക്കകത്ത് ക്രിസ്റ്റൽ, ഐസ് പാളികൾ തീർക്കുന്നു. ഹിമാനിക്കടിയിലൂടെ ഉഷ്ണജലപ്രവാഹമുണ്ടാവുന്നതിന്റെ ഫലമായുണ്ടാവുന്നവയാണ് ഹിമാനി ഗുഹകൾ. ഹിമാനിയുടെ ഉപരിതലത്തിലെ മഞ്ഞ് ഉരുകുന്നതോടെ ഗുഹ ഉണ്ടാകുന്നു. ജലത്തിൽ നിന്നുള്ള ചൂട് മൂലം മഞ്ഞ് കട്ടയുടെ ഉരുകൽ തുടരുകയും വായു നിറഞ്ഞ ഒരു അറ രൂപീകരിക്കപ്പെടുകയും ചെയ്യുന്നു. ഉഷ്ണകാലത്ത് മഞ്ഞിന്റെ ഉരുകൽ മൂലവും ശൈത്യകാലത്ത് വെള്ളം കൂടുതൽ മഞ്ഞാവുന്നതു മൂലവും ഗുഹ വലുതാവുന്നു. മഞ്ഞുപാളികൾക്കടിയിലെ ചൂടുനീരുറവകൾ മൂലവും ഇത്തരം ഗുഹകൾ ഉണ്ടാവാറുണ്ട്. ഹിമാനി ഗുഹകൾ മിക്കതും അസ്ഥിരമാണ്.

കേവ് ഓഫ് ക്രിസ്റ്റല്‍സ് അഥവാ വാളുകളുടെ ഗുഹ | Photo-cen.acs.org,Javier Trueba/MSF/Science Source

കേവ് ഓഫ് ക്രിസ്റ്റൽസ്

മെക്‌സിക്കോയിലെ ചിഹുവാഹുവയിൽ നൈക ഖനി വെള്ളി, ഈയം, സിങ്ക് നിക്ഷേപങ്ങൾക്ക് പ്രസിദ്ധമാണ്. 1910ൽ, ഇവിടത്തെ ഒരുകൂട്ടം തൊഴിലാളികൾ, ഖനിക്ക് കുറച്ചു താഴെയായി ഒരു ക്രിസ്റ്റൽ ഗുഹ കണ്ടെത്തി. 'വാളുകളുടെ ഗുഹ' (Cave of Swords) എന്നാണ് അവർ അതിന് പേരിട്ടത്. മൂർച്ചയുള്ള വാളുകൾ തൂങ്ങിക്കിടക്കുന്നതുപോലെ ഭീമാകാരമായ ചുണ്ണാമ്പ് പാളികൾ നിറഞ്ഞതായിരുന്നു ആ ഗുഹ. ഏതാണ്ട് 90 വർഷങ്ങൾക്കുപ്പുറം, 2000 ഏപ്രിലിൽ, ഖനിത്തൊഴിലാളികൾ മറ്റൊരു ഗുഹ കണ്ടെത്തി.

നൈക്ക ഫോൾട്ട് ലൈനിലൂടെ ഒരു പുതിയ തുരങ്കം തുരന്നുകൊണ്ടിരിക്കുമ്പോൾ രണ്ടു സഹോദരൻമാരാണ് ആ അത്ഭുതക്കാഴ്ച ആദ്യം കണ്ടത്. ലോകത്തിലെ ഏറ്റവും വലിയ ക്രിസ്റ്റൽസ് ഗുഹയായിരുന്നു അത്. ജയന്റ് ക്രിസ്റ്റൽ കേവ് എന്ന് ഇതിന് പേരിട്ടു. ആയിരം അടി താഴ്ചയിൽ 109 മീറ്റർ നീളവും പത്ത് മീറ്റർ വീതിയിലുമുള്ള ഗുഹയുടെ വലിപ്പം ഏകദേശം 5,000-6,000 ക്യുബിക് മീറ്ററാണ്. ഏതാണ്ട് 11 മീറ്റർ നീളവും ഒരു മീറ്ററോളം കനവുവുമുള്ള ലോകത്തിലെ ഏറ്റവും വലിയ ജിപ്സം പരലുൾപ്പെട്ട ഗുഹയായിരുന്നു അത്. ജിപ്സത്തിന്റെ വലിയ ക്രിസ്റ്റൽ പാളികളാൽ അലങ്കരിച്ച നിരവധി ചുണ്ണാമ്പുകല്ല് ഗുഹകൾ പിൽക്കാലങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

ഭൂമിയിലെത്തന്നെ ഏറ്റവും അകടകരമായ ഗുഹയാണിത്. ഇതിനകത്തെ ചൂട് സാധാരണ മനുഷ്യശരീരത്തിന് സഹിക്കുന്നതിലും അധികമാണ്. 0 മുതൽ 99 ശതമാനം വരെ ഹ്യുമിഡിറ്റി അനുഭവപ്പെടുന്ന ഇവിടത്തെ താപനില 58 ഡിഗ്രി സെൽഷ്യസ് വരെ ഉയരാറുണ്ട്. ഗുഹയുടെ പ്രധാന മുറിയിൽ നിന്ന് ഏകദേശം രണ്ടോ മൂന്നോ മൈൽ താഴെ സ്ഥിതി ചെയ്യുന്ന ദ്രാവക മാഗ്മ കാരണമാണ് ഗുഹയിൽ ചൂട് അനുഭവപ്പെടുന്നത്. അകത്തും പുറത്തും ഐസ് നിറച്ച പ്രത്യേക ഡ്രസ്സുകൾ ധരിച്ചുമാത്രമേ ഗുഹയിൽ പ്രവേശിക്കാനാവൂ. എങ്കിലും 20 മിനിട്ടിൽ അധികം ഇതിനകത്ത് ചെലവിടുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്ന് പഠനങ്ങൾ പറയുന്നു. സെലനൈറ്റ് എന്നറിയപ്പെടുന്ന സുതാര്യവും നിറമില്ലാത്തതുമായ ധാതുവാണ് കൂടതലായും ഗുഹയിലുള്ളത്. വർഷങ്ങളെടുത്താണ് സെലനൈറ്റ് പരലുകളുടെ ഇന്നത്തെ വലിപ്പം രൂപപ്പെട്ടത് ഈ പരലുകൾ വലിയ വലിപ്പത്തിലേക്ക് വളരാൻ യുഗങ്ങൾ എടുക്കും. ചുണ്ണാമ്പുകല്ലിൽ കുതിരപ്പടയുടെ ആകൃതിയിലുള്ള ഒരു അറയാണ് കേവ് ഓഫ് ക്രിസ്റ്റൽസ്.

ഗുഹയ്ക്കുള്ളിൽ, ഏകദേശം 500,000 വർഷങ്ങളായി ചൂടും ഈർപ്പവും നിറഞ്ഞുനിൽക്കുന്നു. മാഗ്മ തണുത്തപ്പോൾ, ഗുഹയ്ക്കുള്ളിലെ ജലത്തിന്റെ താപനില 58 ഡിഗ്രി സെൽഷ്യസായി വർദ്ധിച്ചു. നിരന്തരമായ ചൂടിന്റെ ഫലമായി, മൃദുവായ ധാതുവായതിനാൽ ജിപ്‌സം ക്രിസ്റ്റലുകളായി വികസിച്ചു. നോർവേയിൽ നിന്നുള്ള ജിയോളജി പ്രൊഫസറായ സ്റ്റെയ്ൻ-എറിക് ലോറിറ്റ്‌സണിന്റെ അഭിപ്രായത്തിൽ 600,000 വർഷങ്ങൾക്ക് മുമ്പാണ് ഏറ്റവും പഴക്കം ചെന്ന സ്ഫടികം രൂപപ്പെടാൻ തുടങ്ങിയത്.

Content Highlights: about glacier caves;Magics of nature


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented