കരയുടെ 6ശതമാനം വരുന്ന പ്രദേശം,50 വര്‍ഷത്തിനിടെ അപ്രത്യക്ഷമായത് 35ശതമാനം: ഇന്ന് ലോക തണ്ണീര്‍ത്തട ദിനം


ഡോ. സി. ജോർജ് തോമസ്തണ്ണീർത്തട  സംരക്ഷണ കാര്യത്തിൽ വളരെ മുന്നിലാണ് ഇന്ത്യ. 75-മത് സ്വാതന്ത്ര്യദിനം പ്രമാണിച്ചു 11 ദേശീയ പ്രാധാന്യമുള്ള തണ്ണീർത്തടങ്ങളെക്കൂടി  രാംസാർ സൈറ്റുകളായി പ്രഖ്യാപിക്കുന്നതിന് നടപടി എടുക്കുകയുണ്ടായി

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലുള്ള ധനൗരി തണ്ണീർത്തടത്തിൽ സാറസ് കൊക്കുകൾ | ഫോട്ടോ: രാജീവ് പി.ജി

ണ്ണീർത്തടങ്ങൾ (Wetlands) എന്നു വിളിക്കുന്ന പരിസ്ഥിതി വ്യൂഹത്തിന്റെ പ്രാധാന്യം ലോകം ശ്രദ്ധിക്കുന്നത് അടുത്ത കാലത്ത് മാത്രമാണ് ലോകത്ത് ആകെയുള്ള കരയിൽ ആറുശതമാനവും തണ്ണീർത്തടങ്ങളാണെന്ന് കണക്കാക്കിയിരിക്കുന്നു. കരപ്രദേശങ്ങൾക്കും തുറന്ന ജലപ്പരപ്പിനുമിടയിൽ കിടക്കുന്ന ജലപൂരിതമോ, വെള്ളം കെട്ടിക്കിടക്കുന്നതോ ആയ അവസ്ഥാന്തര മേഖലകളാണ് തണ്ണീർത്തടങ്ങൾ. മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നവയും വേനൽക്കാലത്ത് വെള്ളം ഇറങ്ങിപ്പോയി കരയായി മാറുന്ന പ്രദേശങ്ങളും തണ്ണീർത്തടത്തിന്റ നിർവ്വചനത്തിൽ ഉൾപ്പെടും.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

തണ്ണീർത്തടങ്ങളിലെ ജലപൂരിതമായ അവസ്ഥ ധാരാളം ജലമുള്ള സാഹചര്യത്തിൽ മാത്രം വളരുന്ന ജലസസ്യങ്ങളുടെയും ജലപക്ഷികളുടെയും ആവാസസ്ഥാനമായി ഇവയെ മാറ്റുന്നു. ലോകമാസകലമുള്ള തണ്ണീർത്തടങ്ങളെ സംരക്ഷിക്കുന്നതിനുണ്ടാക്കിയ രാംസാർ ഉടമ്പടി പ്രകാരം തണ്ണീർത്തടങ്ങളെ നിർവ്വചിക്കുന്നതിന്റെ ചുരുക്കം ഇങ്ങനെയാണ്:

“സ്ഥിരമോ, താത്കാലികമോ, ഒഴുകുന്നതോ, കെട്ടിക്കിടക്കുന്നതോ, പ്രകൃതിജന്യമോ, മനുഷ്യനിർമ്മിതമോ ആയതും ശുദ്ധജലമോ, ഉപ്പുജലമോ ഉള്ളതും വേലിയിറക്കസമയത്ത് 6 മീറ്ററിലധികം ആഴമില്ലാത്തതുമായ” എല്ലാത്തരം ജലമേഖലകളും തണ്ണിർത്തടങ്ങൾ എന്ന വിശാലപരിസ്ഥിതി വ്യൂഹത്തിൽ ഉൾപ്പെടും. നദികൾ, തടാകങ്ങൾ, അണക്കെട്ടുകൾ, കായലുകൾ, അഴിമുഖങ്ങൾ, നദീമുഖങ്ങൾ, കണ്ടലുകൾ, ഉപ്പളങ്ങൾ, ചതുപ്പുകൾ, കുളങ്ങൾ, ഓരുജല തടാകങ്ങൾ, പൊക്കാളി, കയ്പ്പാട്, കുട്ടനാട്, കോൾ പ്രദേശങ്ങൾ, ഏലാകൾ തുടങ്ങിയ വ്യത്യസ്ത തരത്തിലുള്ള തണ്ണീർത്തടങ്ങളുണ്ട്. കായലുകളിലെപ്പോലെ ഉപ്പുരസമുള്ളതും പുഴകളിലെപ്പോലെ ശുദ്ധജലമുള്ളതുമായ തണ്ണീർത്തടങ്ങളുമുണ്ട്.

തണ്ണീര്‍ത്തടങ്ങള്‍ ഈ ഭൂമിയിലെ അനേകം പരിസ്ഥിതി വ്യൂഹങ്ങളിലൊന്ന് മാത്രമാണ്‌. ഭൂമിയുടെ നിലനില്പിന് പലതരത്തിലും രൂപത്തിലുമുള്ള ഈ പരിസ്ഥിതി വ്യൂഹങ്ങൾ നിലനില്ക്കേണ്ടതുണ്ട്. ഇവയുടെ സംരക്ഷണവും പുനരുദ്ധാരണവും നമ്മുടെ ഭാഗധേയങ്ങളെയും ബാധിക്കും. സമുദ്രം, കടൽ, പുഴകൾ, തടാകങ്ങൾ, തണ്ണീർത്തടങ്ങൾ, വനം, പുൽമേടുകൾ, കൃഷിഭൂമി തുടങ്ങിയവക്ക് പരിസ്ഥിതിപരമായി പല ജോലികളുമുണ്ട്. കാർബൺ പിടിച്ചു വെക്കൽ മുതൽ ജല സംഭരണം വരെ. തണ്ണീർത്തടങ്ങളുടെ പരിസ്ഥിതിപ്രാധാന്യം മറ്റിതരപരിസ്ഥിതി വ്യൂഹങ്ങളെക്കാൾ മുന്‍പന്തിയിലാണ്‌.

പോങ് ഡാം തണ്ണീര്‍ത്തടത്തിലെ ബാര്‍ ഹെഡഡ് ഗീസ്‌ | Photo: AP

തണ്ണീർത്തടങ്ങൾ വിവിധതരം!
പലതരത്തിലും രീതിയിലുമുള്ള തണ്ണീർത്തടങ്ങളുണ്ട്. സ്വാഭാവിക തണ്ണീർത്തടങ്ങളും കൃത്രിമ തണ്ണീർത്തടങ്ങളുമായി തിരിക്കുകയെന്നതാണ് ഒരു രീതി. ഭൂമിയിലുള്ള മിക്കവാറും തണ്ണീർത്തടങ്ങളും സ്വാഭാവികമായുള്ളതാണ്. കായലുകൾ, അഴിമുഖങ്ങൾ, ഓരുജല തടാകങ്ങൾ, ശുദ്ധജല തടാകങ്ങൾ, ഉപ്പളങ്ങൾ, പുഴകളും തോടുകളും, കുളങ്ങൾ, വിവിധതരം ചതുപ്പുനിലങ്ങൾ, നനവാർന്ന പുൽപ്രദേശങ്ങൾ എന്നിവയൊക്കെ സ്വാഭാവികമായുള്ളതാണ്.

മനുഷ്യൻ പലവിധ ഉപയോഗങ്ങൾക്കായി നിർമ്മിക്കുന്നവയാണ് കൃത്രിമ തണ്ണീർത്തടങ്ങൾ. ജലസേചന സംഭരണികൾ, മനുഷ്യനിർമ്മിത തടാകങ്ങൾ, കുളങ്ങൾ, ഉപേക്ഷിക്കപ്പെട്ട ഖനികൾ, കല്ലുവെട്ടാം കുഴികൾ, തുടങ്ങിയവ ഇക്കൂട്ടത്തിൽ പെടുന്നു. കേരളത്തിൻറെ 590 കി.മീ. നീളംവരുന്ന തീരപ്രദേശങ്ങളിൽ പലയിടത്തുമായി തീരദേശ തണ്ണീർത്തടങ്ങൾ കാണപ്പെടുന്നു. ഓരുവെള്ളവും കായലുമുൾപ്പെടുന്ന തീരദേശതണ്ണീർത്തടവ്യവസ്ഥയുടെ ആകെ വിസ്തീർണ്ണം 2,42,600 ഹെക്ടര്‍ എന്ന് കണക്കാക്കിയിരിക്കുന്നൂ. തീരദേശപാടശേഖരങ്ങൾ ഈ കണക്കിൽ ഉൾപ്പെട്ടിട്ടില്ല. അഴിമുഖം, കായൽ എന്നീ പേരുകളിൽ അറിയപ്പെടുന്ന തണ്ണീർത്തടങ്ങളുടെ എണ്ണം അമ്പതിലധികം വരും.

വേമ്പനാട്ട് കായൽ, അഷ്ടമുടികായൾ, കൊടുങ്ങല്ലൂർ കായൽ, നീലേശ്വരം കായൽ, പൂന്തുറകായൽ, കായംകുളം കായൽ, കല്ലായി കായൽ തുടങ്ങി നിരവധിയെണ്ണം കായലുകളായും കൊച്ചി അഴിമുഖം, അഴിക്കോട്ട് അഴിമുഖം, ചേറ്റുവാ അഴിമുഖം, കടലുണ്ടി അഴിമുഖം, ധർമ്മപട്ടണം അഴിമുഖം, ബേക്കൽ അഴിമുഖം തുടങ്ങി നിരവധിയെണ്ണം അഴിമുഖങ്ങളായും അറിയപ്പെടുന്നു. നദികളും പുഴകളും കടലുമായി ചേരുന്നിടത്താണ് അഴിമുഖങ്ങൾ രൂപപ്പെടുന്നത്. കുട്ടനാട്, കോൾ, പൊക്കാളി, കയ്പാട്, വയലേലകൾ തുടങ്ങിയ തണ്ണീർത്തട വ്യവസ്ഥകൾ നെൽകൃഷി മേഖലയുമായി ബന്ധപ്പെട്ടാണ് പറയാറുള്ളത്.

ഗുവാഹട്ടിയിലെ റാണി ഫോറസ്റ്റ് റിസര്‍വില്‍ നിന്നും തണ്ണീര്‍ത്തടത്തില്‍ ആഹാരം തേടിയെത്തിയ കാട്ടാനക്കൂട്ടം | Photo: PTI

രാംസാർ കൺവെൻഷൻ (Ramsar convention)
ലോകമെമ്പാടും വളരെയധികം തണ്ണീർത്തടങ്ങൾ നികന്നു പോയിട്ടുണ്ട്. കഴിഞ്ഞ 50 വർഷത്തിനുള്ളിൽ ലോകത്തിലെ 35 ശതമാനം തണ്ണീർത്തടങ്ങളും അപ്രത്യക്ഷമായി. തണ്ണീർത്തടങ്ങൾ നികത്തി കൃഷി ചെയ്യുന്നതിലോ, മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിലോ ആർക്കുമൊരു പ്രശ്നവും തോന്നിയിരുന്നില്ല! ഇങ്ങനെ അനിയന്ത്രിതമായി ഇവ നികത്തുന്നത് തണ്ണീർത്തടങ്ങളെ ആവാസ വ്യവസ്ഥയാക്കിയ ജലപക്ഷികളെ (waterfowls) ബാധിക്കുന്നു എന്ന കണ്ടെത്തലാണ് ഇവയെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിലേക്ക് നയിച്ചത്.

UNESCO യുടെ ആഭിമുഖ്യത്തിൽ 1971ൽ ഇറാനിലെ രാംസാർ എന്ന സ്ഥലത്തുവെച്ച് അന്തർദ്ദേശിയ പ്രാധാന്യമുള്ള തണ്ണീർത്തടങ്ങളെക്കുറിച്ച്, പ്രത്യേകിച്ച്, ജലപക്ഷികളുടെ ആവാസ സ്ഥാനങ്ങളായവയെക്കുറിച്ച് ഒരു കൺവെൻഷൻ നടത്തുകയുണ്ടായി. 1971 ഫെബ്രുവരി 2 തിയതിയാണ് ഇത് നടന്നത്. തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിന് രാഷ്ട്രങ്ങൾ തമ്മിലുള്ള ഒരു ഉടമ്പടിയുണ്ടാക്കാൻ തീരുമാനമായി. ഭാരതവും ഈ ഉടമ്പടിയിൽ ഒപ്പുവെച്ചിട്ടുണ്ട്. ലോകമൊട്ടാകെ 2471 തണ്ണീർത്തടങ്ങൾ “രാംസാർ സൈറ്റു” കളായി പ്രഖ്യാപിച്ച് പ്രത്യേക സംരക്ഷണ നടപടികൾ എടുത്തുവരുന്നു. തണ്ണീർത്തടങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന “ലോക തണ്ണീർത്തടദിനം” ഫെബുവ്രരി 2നു് ആണെന്നുള്ളതും പ്രത്യേകം പ്രസ്താവ്യമാണ്.

ഇന്ത്യ തണ്ണീർത്തട സംരക്ഷണ കാര്യത്തിൽ വളരെ മുന്നിലാണ്. ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യദിനം പ്രമാണിച്ചു 11 ദേശീയ പ്രാധാന്യമുള്ള തണ്ണീർത്തടങ്ങളെക്കൂടി രാംസാർ സൈറ്റുകളായി പ്രഖ്യാപിക്കുന്നതിന് നടപടി എടുക്കുകയുണ്ടായി. അങ്ങിനെ ഇപ്പോൾ ഭാരതത്തിൽ 75 രാംസാർ സൈറ്റുകളുണ്ട്. ഇതിൽ മൂന്നെണ്ണം കേരളത്തിലാണുള്ളത്. വേമ്പനാട്ട്-കോൾ, അഷ്ടമുടി, ശാസ്താംകോട്ട എന്നിവയാണവ. ഇവ കൂടാതെ പരിസ്ഥിതി പ്രാധാന്യമുള്ള മറ്റു ചിലവയെ പ്രത്യേകമായും സംരക്ഷിക്കുന്നുണ്ട്. കോഴിക്കോട്ട് നഗരത്തിലെ കോട്ടുളി, കോഴിക്കോട്ട്-മലപ്പുറം അതിർത്തിയിലെ കടലുണ്ടി അഴിമുഖം എന്നിവ വനം-പരിസ്ഥിതി മന്ത്രാലയത്തിൻറെ ദേശീയ തണ്ണീർത്തട സംരക്ഷണ പദ്ധതിയിൽ പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ ഏറ്റവും പ്രാധാന്യമേറിയ രാംസാർ തണ്ണീർത്തടവ്യവസ്ഥയാണ് “വേമ്പനാട്-കോൾ”. ഏതാണ്ട് ഒരേ തരത്തിലുള്ള പരിസ്ഥിതി ധർമ്മവും ഭൂപകൃതിയുമായതിനാൽ വേമ്പനാട്-കോൾ (പൊക്കാളി ഉൾപ്പെടെ) ഒരു തണ്ണീർത്തട സമുച്ചയം ആയി അഗീകരിച്ചിരിക്കുന്നു. 2002 ലാണ് വേമ്പനാട്-കോൾ മേഖലയെ രാംസാർ മേഖലയായി പ്രഖ്യാപിക്കുന്നത്. ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലായി 151,250 ഹെക്ടറിൽ ഈ തണ്ണീർത്തട വ്യവസ്ഥ പരന്നുകിടക്കുന്നു. കായലുകളും, അഴിമുഖങ്ങളും, ചതുപ്പുകളും, നെൽവയലുകളും, കണ്ടൽക്കാടുകളുമുള്ള സങ്കീർണ്ണമായ ഈ പരിസ്ഥിതിവ്യൂഹത്തിൻറെ മൊത്തം വിസ്തീർണ്ണമാണിത്. അച്ചൻകോവിൽ, പമ്പ, മണിമല, മീനച്ചിൽ, മുവാറ്റുപുഴ, പെരിയാർ, ചാലക്കുടി, കരുവന്നൂർ, പുഴക്കൽ, കീച്ചേരി എന്നിങ്ങനെ 10 നദികൾ ഈ തണ്ണീർത്തട വ്യവസ്ഥിയിലേക്ക് തുറക്കുന്നു. കേരളത്തിലെ പ്രധാന നെൽകൃഷി മേഖലകൂടിയാണീ രാംസാർ സൈറ്റ്. കുട്ടനാട്, പൊക്കാളി, കോൾ നെല്പാടങ്ങൾ ഈ തണ്ണീർത്തട വ്യവസ്ഥയിൽ ഉൾപ്പെടുന്നു. പക്ഷികളുടെ ഒരപൂർവ്വ സങ്കേതമാണിത്. കുമരകം, പുതുവെപ്പ്, കണ്ണമ്മാലി തുടങ്ങിയ ദേശങ്ങളിലെ കണ്ടൽക്കാടുകൾ പരിസ്ഥിതിപരമായി ഏറെ പ്രാധാന്യമർഹിക്കുന്നവയാണ്.

കൊല്ലം ജില്ലയിൽമാത്രം രണ്ടു രാംസാർ സൈറ്റുകൾ സ്ഥിതി ചെയ്യുന്നു. അഷ്ടമുടിക്കായലും, ശാസ്താംകോട്ട തടാകവും. കേരളത്തിലെ കായലുകളുടെ വിസ്തീർണ്ണം വെച്ചുനോക്കിയാൽ രണ്ടാംസ്ഥാനമാണ് അഷ്ടമുടിക്കായലിനുള്ളത്. ആകെ വിസ്തീർണ്ണം 6140 ഹെ. എന്നാണ് രേഖകളിൽ. കേരളത്തിലെ മത്സ്യബന്ധന മേഖലയെ നിലനിർത്തുന്നതിൽ അതിപ്രധാനമായ പങ്കാണ് വഹിക്കുന്നത്. കേരളതീരത്ത് നിന്ന് ലഭിക്കുന്ന ചെമ്മീനിന്റെ 60 ശതമാനവും ഉൾക്കൊള്ളുന്ന മത്സ്യസമ്പത്ത് വിളയുന്നത് “ക്വയിലോൺ ബാങ്ക്” എന്നറിയപ്പെടുന്ന സമുദ്രമേഖലയിലാണ്. ക്വയിലോൺ ബാങ്കിൻറെ നേഴ്സറി ഏതാണ്ട് പൂർണ്ണമായും അഷ്ടമുടിക്കായലിലാണുള്ളത്. കണ്ടൽക്കാടുകളുടെ വ്യാപകമായ നശീകരണം, കായൽ കയ്യേറ്റം, മണ്ണൊലിപ്പ്, മത്സ്യബന്ധന രീതികൾ, തൊണ്ടഴുക്കൽ എന്നിങ്ങനെ വിവിധഭീഷണികൾ നിലനില്ക്കുന്നു.

ശാസ്താംകോട്ട തടാകത്തിൻറെ പ്രത്യേകത ഇത് കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് എന്നതാണ്. കൊല്ലംജില്ലയിലെ കുന്നത്തൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഈ തണ്ണീർത്തടത്തിന്റെ ആകെ വിസ്ത്യതി 373 ഹെ. ആണ്. ഇതും 2002ലാണ് രാംസെർ മേഖലയായി പ്രഖ്യാപിക്കുന്നത്. കൊല്ലം നഗരമുൾപ്പെടെയുള്ള അഞ്ചുലക്ഷം ജനങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ശാസ്താംകോട്ട തടാകത്തെയാണന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രാധാന്യം. പക്ഷേ, തടാകത്തിന്റെ ജലലഭ്യതയും ജലസംഭരണശേഷിയും കുറഞ്ഞു വരുന്നു എന്നതാണ് സമീപകാലത്തെ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്. ശാസ്താംകോട്ട തടാകത്തിൻറെ നിർമറി പ്രദേശത്ത് നടത്തുന്ന വ്യാപകമായ ഭൂപരിവർത്തന പ്രവർത്തനങ്ങളും കുന്നിടിക്കലും മറ്റും തടാകത്തിലേക്കുള്ള ഉറവകളെ നശിപ്പിച്ചുകൊണ്ടിരിക്കയാണ്.

തണ്ണീർത്തട സംരക്ഷണം പരമപ്രധാനം
തണ്ണീർത്തടങ്ങളെ കൂടുതൽ അപചയത്തിനു വിധേയമാക്കാതെ സംരക്ഷിച്ചേ മതിയാവൂ. തണ്ണീർത്തടങ്ങളുടെ പ്രാധാന്യം പരിഗണിച്ചുള്ള സംരക്ഷണ പ്രവർത്തനങ്ങളൊന്നും കാര്യമായി നടക്കുന്നില്ല. കേരള നിയമസഭ പാസാക്കിയ 2008 ലെ നെൽവയൽ-തണ്ണീർത്തട സംരക്ഷണ ബിൽ മാത്രമാണ് ഇതിനൊരു അപവാദം. ഇതിനാദ്യം വേണ്ടത് തണ്ണീർത്തടങ്ങളുടെ പ്രാധാന്യം ജനങ്ങൾ നേരാംവണ്ണം മനസ്സിലാക്കുക എന്നതാണ്. നേരിട്ടുള്ള നികത്തലും, കളിമൺ ഖനനവും, കയ്യേറ്റവും കൂടാതെ വ്യവസായവൽക്കരണം, കണ്ടൽക്കാടുകളുടെ നശീകരണം, മണ്ണിടിച്ചിൽ, അധിനിവേശ കളകൾ, അശാസ്ത്രീയമായ മത്സ്യകൃഷി, വിസർജ്ജ്യങ്ങളും മറ്റു മാലിന്യങ്ങളുടെയും തള്ളൽ, മറ്റു തരത്തിലുള്ള വളം, കീടനാശിനി മുതലായ രാസവസ്തുക്കൾ കലർന്നുള്ള മലിനീകരണം എന്നിങ്ങനെ തണ്ണീർത്തടങ്ങൾ നേരിടുന്ന ഭീഷണികൾ പലതാണ്.

പഞ്ചായത്തുതലത്തിലുള്ള ബോധവൽക്കരണവും സംരക്ഷണത്തിനുള്ള പ്രത്യേക കർമ്മപരിപാടികളം അടിയന്തിരമായി നടപ്പാക്കേണ്ടിയിരിക്കന്നു. നെൽവയൽ-തണ്ണീർത്തട സംരക്ഷണനിയമം ഇതിലേക്കൊരു ചുവടുവെയ്പു്മാത്രം. എല്ലാ വർഷവും ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നത് തണ്ണീർത്തട സംരക്ഷണം ലക്ഷ്യം വെച്ച് കൊണ്ടാണ്. ഈ വർഷത്തെ (2023) തണ്ണീർത്തട ദിനത്തിന്റെ മുദ്രാവാക്യം തന്നെ “തണ്ണീർത്തടങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സമയമായി” (It's time for wetlands restoration) എന്നാണ്! ഇതിനനുസരിച്ചുള്ള നടപടികൾ ഉണ്ടാകേണ്ടിയിരിക്കുന്നു.

Content Highlights: about all you need to know about wetlands

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented