ചുവപ്പൻ കാട്ടുകോഴി | Photo: Wiki/By Francesco Veronesi from Italy - IMG_5008, CC BY-SA 2.0, https://commons.wikimedia.org/w/index.php?curid=55449233
കാട്ടുകോഴിപ്പൂവന്‍ സുന്ദരനാണ്. കാട്ടിലെ പൊന്തകള്‍ക്കിടയില്‍ നമുക്കൊന്ന് നല്ലവണ്ണം കാണാന്‍ നിന്നുതരില്ല! മിന്നായം പോലെ പായും. ആ ഓട്ടത്തില്‍ തലയിലെ ചുവന്ന പൂവും ചുവന്ന താടയും ഇളകുന്നത് മാത്രം കാണാം. വെള്ളപ്പുള്ളികളുള്ള കറുകറുത്ത തൂവലുകള്‍. അരിവാളൊത്ത അങ്കവാല്‍. ഒപ്പമുള്ള പിടയ്ക്ക് ഇളം തവിട്ടുനിറമാണ്. മഞ്ഞക്കാലുകളും. കാട്ടിലും കാട് അരികുകളിലും ചിക്കിച്ചികയുന്ന കാട്ടുകോഴികള്‍ സാധാരണ കാഴ്ച. വിത്തുകള്‍, കായകള്‍, പുഴുക്കള്‍, ചിതല്‍...എല്ലാം അകത്താക്കും. ചെറുശബ്ദം കേട്ടാല്‍ പോലും പേടിച്ചോടും. പൊതുവേ മനുഷ്യരോട് അടുപ്പമില്ല.
ചുവപ്പന്‍ കാട്ടുകോഴിയില്‍ (Red Jungle Fowl) നിന്ന് പരിണമിച്ചുണ്ടായതാണ് നാടന്‍ കോഴികള്‍. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടാണ് കാട്ടുകോഴികള്‍ മനുഷ്യനോട് ഇണങ്ങി നാട്ടുകോഴികളായി പരിണമിച്ചത്. രണ്ട് വിഭാഗവും കലര്‍ന്നപ്പോള്‍ സ്വാഭാവികമായും രണ്ടിന്റേയും ജീനുകള്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെട്ടു. കാട്ടുകോഴിയുടെ ശക്തമായ, വൈവിധ്യമേറിയ ജീന്‍ നാടന്‍ കോഴിയില്‍ പ്രതിരോധശേഷി കൂടിയ തലമുറയെ ഉത്പാദിപ്പിച്ചുവന്നു. എന്നാല്‍ പുതിയ പഠനങ്ങള്‍ പറയുന്നത് ഇപ്പോഴുള്ള കാട്ടുകോഴിയുടെ ഡിഎന്‍എ ഏറെ മാറിക്കഴിഞ്ഞുവെന്നാണ്. സമീപകാലം കൊണ്ട് അവയുടെ ജീന്‍ നാട്ടുകോഴിയുടേതിന് സമാനമായി മാറിയിട്ടുണ്ടെന്ന്!
അതായത് നാട്ടുകോഴിയുടെ ഡിഎന്‍എ യാണ് ഇപ്പോഴത്തെ കാട്ടുകോഴിയില്‍ കൂടുതലെന്ന്! ഈ മാറ്റത്തില്‍ വലിയൊരു പങ്ക് വഹിച്ചത് ചിക്കന്‍ഫാമുകളിലെ കാട്ട്-നാട്ട് കോഴികളെ പരസ്പരം ബ്രീഡ് ചെയ്യുന്ന രീതിയാണ്. കാട്ടുകോഴിയുടെ ഗുണം ഹൈബ്രീഡുകള്‍ക്ക് കൈവരുത്തുകയാണ് ലക്ഷ്യം. വേണ്ടത് കൂടുതല്‍ മുട്ടയിടുന്ന, കുറച്ച് ഭക്ഷണം കഴിക്കുന്ന, രോഗങ്ങളെ ചെറുക്കാന്‍ ശേഷി കൂടിയ കോഴികളേയും. എന്നാല്‍, ക്രോസ് ബ്രീഡിങ്ങിലൂടെ ഇരു വിഭാഗത്തിന്റേയും ചില ഗുണങ്ങള്‍ നഷ്ടപ്പെട്ടേക്കാനും സാധ്യതയുണ്ടെന്നത് ഒരുപക്ഷെ ആരും ചിന്തിച്ചുകാണില്ല! കാട്ടുകോഴിയിലെ സ്വതസിദ്ധമായ പല അതിജീവന സിദ്ധികളും ക്രോസ് ബ്രീഡിങ്ങ് വഴി നഷ്ടപ്പെട്ടുവെന്നാണ് 'പ്‌ളോസ് ജെനറ്റിക്‌സ്' പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നത്.
കാട്ടുകോഴികളുടെ ജീന്‍ സംവിധാനത്തെക്കുറിച്ചാണ് ഗവേഷകര്‍ ആദ്യം പഠിച്ചത്. തെക്ക്കിഴക്കന്‍ ഏഷ്യയിലങ്ങിങ്ങോളമുള്ള 63 കാട്ടുകോഴികളേയും 51 നാട്ടുകോഴികളേയുമാണ് സാമ്പിളായിട്ടെടുത്തു. ഇവയുടെ ഡിഎന്‍എ വിശകലനം ചെയ്തു. 1874-ലും 1939-ലും സൂക്ഷിച്ചുവെച്ച ചിക്കന്‍ഫോസിലുകളില്‍ നിന്നുള്ള ഡിഎന്‍എയും ഉള്‍പ്പെടുത്തി. കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളില്‍ കാട്ടുകോഴികളുടെ ജനിതകം ഏറെക്കുറേ നാട്ടുകോഴിയുടേതിന് സമാനമായതായി അവര്‍ കണ്ടെത്തി.

| Photo: Wiki/By Yathin S Krishnappa - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=66016895
'' ഇന്നത്തെ കാട്ടുകോഴിയിലുള്ള നാട്ടുകോഴിയുടെ ജനിതകം 20-50- ശതമാനമാണ്. 100 വര്‍ഷം മുന്‍പ് ഉണ്ടായിരുന്നു ജീന്‍ വൈവിധ്യത്തിന്റെ പത്ത് ശതമാനമേ ഇന്നത്തെ കാട്ടുകോഴിയ്ക്കുള്ളൂ. കാട്ടുകോഴിയ്ക്ക് സ്വന്തം ആവാസവ്യവസ്ഥയില്‍ ജീവിക്കാനാവശ്യമായ കഴിവുകള്‍ കുറയാന്‍ ഇത് ഇടയാക്കി,''പഠനടീമിലെ കണ്‍സര്‍വേഷന്‍ ജനറ്റിസിസ്റ്റ് ക്‌ളോഡിയോ ക്വിലോഡ്രാന്‍ പറയുന്നു.
ക്രോസ്ബ്രീഡിങ്ങ് വഴി കാട്ടുകോഴിയുടെ ജീന്‍ നാട്ടുകോഴിയില്‍ രോഗങ്ങളെ ചെറുക്കാനുള്ള കഴിവുണ്ടാക്കുമെന്ന് ധാരണയുണ്ടായിരുന്നു. കാട്ടുചെടികളെ അതേ വിഭാഗത്തിലുള്ള നാട്ടുചെടികളുമായി ക്രോസ്ബ്രീഡ് ചെയ്ത് കൂടുതല്‍ പ്രതിരോധശേഷിയുള്ള തൈകള്‍ ഉത്പ്പാദിപ്പിക്കുന്നതുപോലെ! പക്ഷെ മാറിയ സാഹചര്യത്തില്‍, ഇനിയവശേഷിക്കുന്ന ജീന്‍ഗുണം കുറഞ്ഞ കാട്ടുകോഴിയുമായി ബ്രീഡ് ചെയ്താല്‍ നാട്ടുകോഴിയുടെ കുഞ്ഞുങ്ങള്‍ക്ക്, പ്രതീക്ഷിച്ച പ്രതിരോധശക്തി ലഭിക്കുകയില്ല. ഫലത്തില്‍, ഭക്ഷ്യവസ്തു എന്ന നിലയ്ക്ക് ഗുണമേറിയ കോഴിമാംസം ലഭിക്കാതാവും.
കാടുകളിലേക്ക് അതിവേഗം വ്യപിക്കുന്ന മനുഷ്യപരിസരമാണ് ഇതിന് കാരണമായി ഗവേഷകസംഘത്തിലെ ഡോ.റയന്റ് ചൂണ്ടിക്കാണിക്കുന്നത്. കാടുകള്‍ കൂടുതലായി നാടുകളായപ്പോള്‍ കാട്ടുകോഴിക്ക് നാട്ടുകോഴിയുമായി ഇണചേരാനുള്ള അവസരങ്ങള്‍ കൂടി. മനുഷ്യന്‍ കാടിനോട് അടുക്കുന്നതിനനുസരിച്ച് കാട്ടുജീവികള്‍ അവയുടെ നാടന്‍ വര്‍ഗ്ഗവുമായി ചേര്‍ന്ന് പ്രജനനം നടത്തുന്നത് ലോകമെങ്ങുമുള്ള പ്രതിഭാസമായാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. വളര്‍ത്തുനായകളും കാട്ടുനായകളും, പന്നികളും കാട്ടുപന്നികളും, വളര്‍ത്തുപൂച്ചകളും കാട്ടുപൂച്ചകളുമെല്ലാം തമ്മില്‍ ഇണചേരുന്നുണ്ട്.
കാട്ടില്‍ നിന്നും ബിരിയാണിച്ചെമ്പിലേക്ക്
ചിക്കന്‍ എന്നാല്‍ ആനിമല്‍ പ്രോട്ടീനിന്റെ കലവറ! ചോറും ചിക്കന്‍ കറിയും, അല്ലെങ്കില്‍ ചിക്കന്‍ ബിരിയാണി; രുചിയുടെ ലോകത്ത് ഇത്രയേറെ പ്രചാരം മറ്റൊന്നിനുമില്ല! ചിക്കനും അരിമണിയും തമ്മിലുള്ള ബന്ധം പക്ഷെ ഇപ്പറഞ്ഞതിനൊക്കെ അപ്പുറത്താണ്! കാട്ടില്‍ നിന്നും നമ്മുടെ ബിരിയാണിച്ചെമ്പിലേക്കുള്ള കോഴികളുടെ വരവിനെക്കുറിച്ച് പഠനങ്ങള്‍ ഉണ്ട്. വാസ്തവത്തില്‍ മനുഷ്യന് അടുത്തേക്ക് കോഴിയെ എത്തിച്ചത് അരിമണികളാണത്രെ! തെക്ക് കിഴക്കന്‍ ഏഷ്യയിലെ കര്‍ഷകരുടെ നെല്‍വയലുകളില്‍ നിന്നാണ് ചിക്കന്‍ തന്റെ പ്രയാണം തുടങ്ങിയതെന്ന് സൂആര്‍ക്കിയോളജിസ്റ്റ് (Zooarchaeologist) ജോറിസ് പീറ്റേസും സഹപ്രവര്‍ത്തകരും പറയുന്നു.
89 രാജ്യങ്ങളിലായുള്ള 600 സൈറ്റുകളില്‍ നിന്ന് കണ്ടെത്തിയ ഫോസിലുകളുടെ വിശകലനവും അതാത് പ്രദേശങ്ങളില്‍ നിന്നുള്ള ചരിത്രപരമായ വിവരങ്ങളും ചേര്‍ത്തുവെച്ചാണ് നാട്ടുകോഴിയുടെ പരിണാമചരിത്രം ജോറിസ് പീറ്റേസ് പഠിച്ചത്. കിട്ടിയതില്‍ ഏറ്റവും പഴക്കമേറിയ ചിക്കന്‍ ഫോസില്‍ ലഭിച്ചത് തായ്‌ലാന്‍ഡിലെ 'ബാന്‍ നോന്‍ വാട്ട്' എന്ന ഒരു വരണ്ട നെല്‍വയലില്‍ നിന്നാണ്. ബി.സി. 1650 - ബി.സി. 1250 നും ഇടയിലെ ഫോസില്‍. വരണ്ട നിലങ്ങളിലെ കര്‍ഷകര്‍ ഇടയ്ക്കിടെ പെയ്യുന്ന മഴയെ ആശ്രയിച്ച് ഉയര്‍ന്ന ഭൂമിയിലായിരുന്നു കൃഷി ചെയതിരുന്നത്. ഈ സാഹചര്യമായിരിക്കാം കാട്ടിലെ കോഴികളെ മനുഷ്യര്‍ക്കടുത്തേക്ക് ആകര്‍ഷിച്ചിട്ടുണ്ടാവുക.(അരിമണി കണ്ട് കൂട്ടുകൂടിയതാണ് പാവങ്ങള്‍!)
തുടക്കത്തില്‍, ഒരു കൗതുകത്തിന് വേണ്ടിയാണ്, ഭക്ഷണത്തിനായല്ല മനുഷ്യര്‍ കോഴികളെ വളര്‍ത്തിയിരുന്നത്. '' ബാന്‍ നോന്‍ വാട്ടില്‍ മനുഷ്യരുടെ ശവസംസ്‌ക്കാരസൈറ്റുകളില്‍ നിന്ന് കിട്ടിയ കോഴികളുടെ ഫോസിലുകള്‍ മുഴുവനായോ പാതിയായോ ഉള്ള സ്ഥിതിയിലായിരുന്നു. അക്കാലത്ത് വളര്‍ത്തുകോഴികള്‍ക്ക് ഭക്ഷ്യവസ്തു എന്നതിനേക്കാള്‍ സാമൂഹിക പ്രാധാന്യമാണ് (ആരാധനയ്‌ക്കോ കൗതുകത്തിനോ ഉപയോഗിച്ചിരിക്കാം) ഉണ്ടായിരുന്നതെന്ന് ഇത് സൂചിപ്പിക്കുന്നു,'' ജോറിസ് പീറ്റേസ് പറയുന്നു. പില്‍ക്കാലത്ത്, 2000 വര്‍ഷം മുന്‍പ്, റോമാ സാമ്രാജ്യത്തിന്റെ വികാസത്തോടെയാണ് കോഴിയ്ക്കും കോഴിമുട്ടയ്ക്കും ഭക്ഷ്യവസ്തു എന്ന നിലയ്ക്ക് പ്രചാരം കിട്ടിയതെന്നാണ് ഗവേഷകരുടെ നിരീക്ഷണം.
Content Highlights: about all you need to know about red junglefowl
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..