Odontomachus ഉറുമ്പുകൾ | Photo: Wiki/By Johnsonwang6688 - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=60144184
പഴയകാല ശിക്കാരികള്‍ വേട്ടയാടി കൊന്ന കാട്ടുപോത്തിന്റെയും കരടിയുടെയും കടുവയുടെയും തല മുറിച്ചെടുക്കാറുണ്ട്. അത് സ്റ്റഫ് ചെയ്ത് ട്രോഫിയായി അവരുടെ പൂമുഖ ചുമരുകള്‍ അലങ്കരിക്കുന്ന ശീലമുള്ളവരായിരുന്നു ചിലര്‍. അതുപോലെ വേട്ടയാടിക്കൊന്ന മറ്റ് ഉറുമ്പുകളുടെ തല മുറിച്ചെടുത്ത് കൂട്ടില്‍ കൂട്ടിയിട്ട് അലങ്കരിക്കുന്ന സൈക്കോ ഉറുമ്പുകളുണ്ട് വടക്കേ അമേരിക്കയിലെ ഫ്ളോറിഡയിൽ. ഫോര്‍മിക്ക അര്‍ക്‌ബോള്‍ഡി ഉറുമ്പുകള്‍ (Formica archboldi) ഇത്തരം പ്രത്യേക സ്വഭാവമുള്ള ഉറുമ്പുകളാണ്. ഇവര്‍ കൂടുതലായി കൊന്ന് കൊണ്ടുവരിക Odontomachus ജനുസിലെ trap-jaw ഉറുമ്പുകളെയാണ്. ഇറുക്ക് കൈകള്‍ പോലുള്ള കുരുക്കുതാടികളുള്ള trap-jaw ഉറുമ്പുകളാണിവരുടെ പ്രധാന ഇര. രാസഘടനയില്‍ സമാനതയുള്ള ഗന്ധമായതിനാല്‍ ഇവര്‍ക്ക് ഇറുക്ക് താടിക്കാരുടെ കൂട്ടില്‍ അവരുടെ ശ്രദ്ധയില്‍ പെടാതെ കയറാന്‍ കഴിയും. ഫോര്‍മിക് ആസിഡ് തൂവി നിശ്ചലമാക്കിയ ശേഷമാണ് കൊണ്ടുവരിക.
സത്യത്തില്‍ തലയെടുപ്പുകാരേക്കാള്‍ ഉശിരന്മാരാണ് ഇറുക്ക് താടിക്കാര്‍- സെക്കന്റില്‍ 40 തവണ എന്ന വേഗതയില്‍ തുടര്‍ച്ചയായി തന്റെ ട്രാപ്പ് ജോ പൂട്ടിത്തുറക്കാനവര്‍ക്ക് കഴിയും. അതിനിടയില്‍ പെട്ടാല്‍ ഏതുറുമ്പും നുറുങ്ങിപ്പൊടിയാകും. ആരുടെയും കഥ കഴിയും. എന്നിട്ടും അവരെ തലയെടുപ്പുകാര്‍ എങ്ങനെ കീഴ്‌പ്പെടുത്തുന്നു എന്നത് അത്ഭുതമായിരുന്നു. എല്ലാ പ്രാണികളുടെയും പുറംകവചത്തില്‍ മെഴുക് പോലുള്ള ഒരു നേര്‍ത്ത ക്യൂട്ടിക്കുലാര്‍ ഹൈഡ്രോകാര്‍ബണ്‍ പാളിയുണ്ട്. ചൂടില്‍ വരണ്ട് പൊട്ടാതിരിക്കാനുള്ള സഹായമായാവും അത് പരിണമിച്ച് ഉരുത്തിരിഞ്ഞത്. കാലക്രമത്തില്‍ ആ രാസഘടകങ്ങള്‍ പ്രജനന ക്ഷമത പോലുള്ളവയുടെ ആശയ കൈമാറ്റത്തിനും ഉപയോഗിക്കാന്‍ തുടങ്ങി. ഈ ക്യൂട്ടിക്കുലാര്‍ കെമിക്കല്‍ സിഗ്‌നേച്ചര്‍ ഒരോ സ്പീഷിസിലും - ചിലപ്പോള്‍ സ്പീഷിസിനുള്ളില്‍ പോലും വ്യത്യാസമുള്ളവയാവും. എങ്കിലും ഉറുമ്പുകളില്‍ സ്പീഷിസുകള്‍ക്കുള്ളില്‍ ഈ വ്യത്യാസം അപൂര്‍വമാണ്. ട്രാപ് ജോ ഉറുമ്പുകളുടെ കാര്യത്തില്‍ സ്പീഷിസുകള്‍ക്കുള്ളിലും വ്യത്യസ്ത സ്വഭാവമുള്ള ക്യൂട്ടിക്കുലാര്‍ ഹൈഡ്രോകാര്‍ബണുകള്‍ ഉണ്ടാവാറുണ്ട്.
.jpg?$p=bc0e97d&&q=0.8)
ഫ്‌ളോറിഡയില്‍ നിരീക്ഷിച്ച തലയറുപ്പന്മാരായ ഫോര്‍മിക്ക അര്‍ക്‌ബോള്‍ഡി ഉറുമ്പുകളുടെയും ഒഡണ്ടോമാക്കസ് (Odontomachus) ഉറുമ്പുകളുടേയും ക്യൂട്ടിക്കുലാര്‍ ഹൈഡ്രോകാര്‍ബണുകള്‍ തമ്മില്‍ വലിയ സമ്യം ഉള്ളവയാണ്. ഇതിനാലാണ് ശത്രുവാണെന്ന് പെട്ടെന്ന് തിരിച്ചറിയാനാകാത്തത്. ഫോര്‍മിക്ക ഉറുമ്പുകള്‍ തൂവുന്ന ഫോര്‍മിക് ആസിഡിന്റെ സ്വഭാവ പ്രത്യകത മൂലം പെട്ടെന്ന് തന്നെ ട്രാപ് ജാ ഉറുമ്പുകള്‍ക്ക് ചലനശേഷി നഷ്ടമാവുന്നുമുണ്ട്. അതിന് ശേഷമാണ് അതിനെ എടുത്ത് കൂട്ടിലേക്ക് കൊണ്ടുപോവുന്നത്. സമാനസ്വഭാവമുള്ള രാസഘടകങ്ങള്‍ ഇരുവരിലും ഉരുത്തിരിഞ്ഞതിലെ കാരണ സാദ്ധ്യതകളേക്കുറിച്ച് ഇപ്പോഴും പൂര്‍ണവ്യക്തത ലഭിച്ചിട്ടില്ല.
.jpg?$p=af6229c&&q=0.8)
പ്രണയചിഹ്നമായ ഹൃദയത്തിന്റെ ആകൃതിസാമ്യമുള്ള ഉദരമുള്ളവരാണ് Crematogaster ജനുസില്‍ പെട്ട ഉറുമ്പുകള്‍. നമ്മുടെ നാട്ടിലും ഇവരിലെ പലയിനങ്ങള്‍ ഉണ്ട്. ഇവര്‍ക്ക് വിശുദ്ധ വാലന്റൈന്‍ ഉറുമ്പ് (Saint Valentine ant എന്ന് പേരു വന്നത് ഈ ഹൃദയരൂപം മൂലമാണ്. പ്രകോപിപ്പിച്ചാലും ബേജാറായാലും പിറകുഭാഗം ഉയര്‍ത്തിപ്പിടിക്കുന്ന ശീലമുള്ളതിനാല്‍ ഇവരെ Cocktail Ants എന്നും വിളിക്കാറുണ്ട്. സധാരണയായി മരങ്ങളില്‍ ജീവിക്കുന്ന ഈ ഇനം ഉറുമ്പുകള്‍ക്ക് അക്രോബാറ്റ് ഉറുമ്പുകള്‍ എന്നും പേരുണ്ട്. ഇവയ്ക്ക് ഉദരഭാഗം വളച്ച് തലയ്ക്ക് മുകളില്‍ വരെ കൊണ്ടുവരാന്‍ കഴിയുംവിധം വഴക്കമുള്ള ശരീരമാണുള്ളത്. ഏത് ദിശയിലേക്കും അതിന്റെ അഗ്രം ഉന്നം വെക്കാനാകും. ഇങ്ങനെ വളയ്ക്കുമ്പോള്‍ വിഷഗ്രന്ഥികളില്‍നിന്നു വിഷം ഉത്പാദിപ്പിക്കാനും അളവ് നിയന്ത്രിച്ച് തൂവാനും കഴിയും. എതിരാളികളായോ കൂടെ ഭക്ഷണത്തിനായി മത്സരിക്കാനോ വേറെ ഇനം ഉറുമ്പുകളാണ് എത്തുന്നതെങ്കില്‍ കുറച്ച് അളവ് വിഷം തൂവി ഓടിച്ച് വിടും.
വലുതും ചെറുതുമായ പലതരം പ്രാണികളേയും ഇവര്‍ ആക്രമിക്കും. പുല്‍ച്ചാടികള്‍, ചിതലുകള്‍, കടന്നലുകള്‍ തുടങ്ങിയവയൊക്കെ ഇവരുടെ ഇഷ്ടഭക്ഷണമാണ്. ഇരയെ ചില പ്രത്യേക സ്പര്‍ശനങ്ങളിലൂടെയാണ് സ്‌കെച്ച് ചെയ്യുന്നത്. പിന്നെ പെട്ടെന്ന് കുത്തി വിഷം കയറ്റും. അതോടൊപ്പം സ്വന്തക്കാര്‍ക്കായുള്ള സഹായവിളി സിഗ്‌നലായി ഫിറമോണുകള്‍ സ്രവിപ്പിക്കും. ഇര കിട്ടിയ വിവരം ലഭിക്കുന്നതോടെ അടുത്തുള്ളവരെല്ലാം ഓടിക്കൂടും. പിന്നെയൊരു കൂട്ടപ്പൊരിച്ചില്‍ നടത്തി ഇരയെ കീഴ്‌പ്പെടുത്തുകയും ചെയ്യും. ഇരയുടെ കൈകാലുകള്‍ നാലു ഭാഗത്തേക്കും വലിച്ച് പിടിച്ച് ഏലേലൈസാ വിളിച്ച് ഖലാസികള്‍ ഭാരം കടത്തുന്നതുപോലെയാണ് കൊണ്ടുപോകുക. മരത്തിനു മുകളില്‍ വെച്ചൊക്കെ ഇരയെ കിട്ടിയാല്‍ അതിനെ, ഇലകളുടെ മേല്‍ഭാഗത്തൂടെയും കീഴ്ഭാഗത്തൂടെയും ഒക്കെ ചുമന്നും തൂക്കിപ്പിടിച്ചും ഒക്കെ കൂട്ടിലെത്തിക്കാന്‍ അക്രോബാറ്റിക്ക് ശരീരക്കാര്‍ക്ക് സാധിക്കും. ചെറുതാണ് ഇരയെങ്കില്‍ ഒറ്റയ്ക്ക് തന്നെ കൊണ്ടുപോകും. പലതരം കടന്നലുകളുടെയും പേടീസ്വപ്നമാണ് ഈ തരം ഉറുമ്പുകള്‍. വട്ടക്കണ്ണിപോലുള്ള മരങ്ങളുമായി ഒരു സഹവര്‍ത്തിത ജീവിതം ഇവ നയിക്കാറുണ്ട്. മരം ഇവര്‍ക്ക് മധുരദ്രവം ചുരത്തി നല്‍കും. അതിനു പകരമായി മറ്റ് കീടങ്ങള്‍ മരത്തേയും ഇലയേയും ആക്രമിക്കാതെ ഉറുമ്പുകള്‍ സംരക്ഷിക്കുകയും ചെയ്യും.

കൂടാക്രമിച്ചാല്‍ കൂട്ടമായി ചാടിക്കടിക്കുന്ന ഉറുമ്പുകളാണ് ഓസ്‌ട്രേലിയയില്‍ കാണപ്പെടുന്ന Myrmecia ജനുസിലെ ഉറുമ്പുകള്‍. Bull ants, Bulldog ants, Jack jumper എന്നിങ്ങനെ പല പേരുകളില്‍ ഇവര്‍ അറിയപ്പെടുന്നുണ്ട്. ഇഞ്ച് ഉറുമ്പുകള്‍ (inch ants), സെര്‍ജന്റ് ഉറുമ്പുകള്‍ (sergeant ants) , പട്ടാള ഉറുമ്പുകള്‍ (osldier ants ) കരിഞ്ചാട്ടക്കാര്‍ (black jumpers), തുള്ളനുറുമ്പ് (hopper ants, jumper ants, jumping ants, jumping jacks, skipper ants) എന്നൊക്കെ പേരുകളും ഉണ്ട്. ഇവര്‍ ഇരതേടലൊക്കെ ഒറ്റയ്ക്കാണ്. കൂട്ടിനടുത്ത് രൂക്ഷമായ ശൗര്യക്കാരാണിവര്‍. എന്നാല്‍, ഭക്ഷണം തേടി ഒറ്റയ്ക്ക് നടക്കുമ്പോള്‍ ശാന്തരാണ്. കൂടിന് അപായമുണ്ടാകുമെന്ന് കണ്ടാല്‍ കളി മാറും. ശരിക്കും ബുള്‍ഡോഗായി മാറും. ഒന്നിച്ച് ചാടിയിറങ്ങി ആക്രമിക്കും. ഇരപിടിയന്മാരെ കൊന്നുകളയും. അതിശക്തമായ വിഷം ഉണ്ട്. പലതവണ ഒറ്റ ഉറുമ്പിന് തന്നെ കുത്താനാകും. Myrmecia nigrocincta , Myrmecia pilosula തുടങ്ങിയവയ്ക്ക് നിരവധി ഇഞ്ചുകള്‍ ദൂരത്തേക്ക് ചാടാന്‍ കഴിയും. നടുവിലേയും പിറകിലേയും കാലുകള്‍ പെട്ടന്ന് നിവര്‍ത്തിയാണ് ഈ ചാട്ടം. പല ആളുകള്‍ക്കും ഈ വിഷത്തോട് കടുത്ത അലര്‍ജി ഉണ്ട്.
വേദന മാത്രമല്ല പ്രശ്‌നം. കടുത്ത അലര്‍ജി മൂലം അനോഫൈലാറ്റിക് ഷോക്ക് സംഭവിച്ച് മനുഷ്യര്‍ മരണപ്പെടാന്‍ ഏറെ സാദ്ധ്യതയുള്ളതാണ് ഇവരുടെ കടി. മറ്റ് ഉറുമ്പുകളെപ്പോലെ കാഴ്ചശക്തി കുറഞ്ഞവരല്ല ഇവര്‍. വലിയ കണ്ണുകളുള്ളവരാണിവര്‍. ഉറുമ്പുകളുടെ കൂട്ടത്തില്‍ വലിപ്പത്തില്‍ രണ്ടാം സ്ഥാനമുള്ളതാണ് ഇവരുടെ വലിയ സംയുക്തനേത്രങ്ങള്‍. 3000 കുഞ്ഞ് ഭാഗങ്ങള്‍ ചേര്‍ന്നതാണ് ഒരു കണ്ണ്. അതിനാല്‍ നല്ല കാഴ്ചശക്തിയുള്ളവരാണ് ബുള്‍ ആന്റ്‌സ് എന്ന് വിളിക്കുന്ന ആസ്‌ത്രേലിയന്‍ തുള്ളനുറുമ്പുകള്‍. ഒരു മീറ്റര്‍ അകലെവരെയുള്ള ദൂരവും അനക്കവും വസ്തുക്കളും ഇവയ്ക്ക് കൃത്യമായി മനസിലാക്കാന്‍ കഴിയും. മൂന്ന് തരം ഫോട്ടോ റിസപ്റ്ററുകള്‍ ഉള്ളതിനാല്‍ നമുക്ക് കാണാനാകാത്ത കാഴ്ചകള്‍ പോലും ഇവര്‍ക്ക് കാണാനാകും. നമുക്കു സാദ്ധ്യമല്ലാത്ത അല്‍ട്രാ വയലറ്റ് രശ്മികളെ ഇവര്‍ക്ക് കാണാന്‍ കഴിയും. മറ്റ് സസ്തനികളായ നായയുടെയും പൂച്ചയുടേയും കാഴ്ചയേക്കാള്‍ മെച്ചപ്പെട്ടതാണ് ഈ ഉറുമ്പുകളുടെ കാഴ്ചശക്തി.
മറ്റുള്ള ഉറുമ്പുകളെപ്പോലെ ഫിറമോണ്‍ ചാലുകള്‍ പിന്തുടര്‍ന്നല്ല ഇവരുടെ സഞ്ചാരം. അടയാളങ്ങള്‍ നോക്കി വെച്ചാണ് ഒറ്റയ്ക്ക് നീങ്ങുക. കൂട്ടിലേക്ക് തിരിച്ച് വരുമ്പോള്‍ ഈ അടയാളങ്ങളാണ് വഴികാട്ടുന്നത്. രത്രിയായിപ്പോയാല്‍ കാര്യം കുടുങ്ങും. ഫിറമോന്‍ ട്രാക്കുകള്‍ പിന്തുടര്‍ന്ന് മറ്റ് ഉറുമ്പിനങ്ങള്‍ കൂടണയുന്നതുപോലെ ഇവര്‍ക്ക് വരാന്‍ പറ്റില്ലല്ലോ. അടയാളങ്ങള്‍ നോക്കി നോക്കി യാത്ര ചെയ്യുന്ന ഇവര്‍ക്ക് രാത്രിയില്‍ ഒന്നും കാണാനാവാതെയായാല്‍ നടത്തം വളരെ പതുക്കെയാക്കി പുലര്‍ത്തും. പിറ്റേ ദിവസമേ കൂടെത്തൂ എന്ന് സാരം. ഗിന്നസ് വേള്‍ഡ് റിക്കാഡില്‍ ഏറ്റവും അപകടകാരിയായ ഉറുമ്പായി രേഖപ്പെടുത്തിയിരിക്കുന്നത് ഇവരില്‍ പെട്ട M. pyriformis എന്ന ഉറുമ്പുകളെയാണ്.

ഉത്താരാഫ്രിക്കയിലെ സഹാറ മരുഭൂമിയിലെ തീപാറുന്ന സാന്റ് ഡ്യൂണുകളില്‍ ജീവിക്കുന്ന Cataglyphis bombycina എന്നയിനത്തെ സഹാറയിലെ വെള്ളി ഉറുമ്പുകള്‍ -Saharan silver ant എന്നാണ് വിളിക്കുക. അവര്‍ക്ക് തീറ്റ അന്വേഷണം ശരിയ്ക്കും ജീവന്മരണ പോരാട്ടമാണ്. പുറത്തെ പൊള്ളുന്ന ചൂടില്‍ ചത്ത നിര്‍ഭാഗ്യവാന്മാരുടെ ശവമാണ് തീറ്റ. ലോകത്തിലെ ഏറ്റവും വേഗം കൂടിയ ഉറുമ്പ് ഇവരാണ്. കൊടുംചൂടില്‍ ജീവന്‍ പോയ ജീവികളുടെ അവശിഷ്ടങ്ങളാണ് ഇവരുടെ ഭക്ഷണം . ഇരതേടി അലയുന്ന ചിലയിനം മരുപല്ലികള്‍ ചൂടുമൂലം തിരിച്ച് അവയുടെ മാളങ്ങളിലേക്ക് കയറിക്കഴിഞ്ഞാല്‍ മാത്രമാണ് ഉറുമ്പുകള്‍ തീറ്റ അന്വേഷിച്ചിറങ്ങുക. മദ്യാഹ്നത്തില്‍ 47 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ളപ്പോഴാണിവര്‍ പുറത്തിറങ്ങുക. 53 ഡിഗ്രി സെല്‍ഷിയസാകും മുമ്പ് തിരിച്ച് കൂട്ടിലെത്തുകയും ചെയ്യും. ഒരു ദിവസം പരമാവധി പത്ത് മിനുട്ടാണ് തീറ്റ അന്വേഷിച്ച് പുറത്തിറങ്ങാനാകുക. ഏറ്റവും വേഗത്തിൽ സഞ്ചരിക്കണം . അല്ലെങ്കില്‍ ചത്തു പോവും.
ആറു കാലുണ്ടെങ്കിലും നാലു കാലുകള്‍ മാത്രം കുത്തിയാണ് ഓട്ടം. സ്വന്തം ശരീരനീളത്തിന്റെ 108 മടങ്ങ് ദൂരം ഒരു സെക്കന്റില്‍ സഞ്ചരിക്കാനിവര്‍ക്ക് പറ്റും. 85cm/sec എന്ന വേഗത്തിലാണ് നടത്തം. ആസ്‌ത്രേലിയന്‍ ടൈഗര്‍ ബീറ്റിലായ Cicindela eburneola , കാലിഫോര്‍ണിയയിലെ മൈറ്റ് ചെള്ളായ Paratarostomus macropalpis എന്നിവര്‍ മാത്രമാണ് ഇവരേക്കാള്‍ വേഗതയുള്ള ജീവികള്‍.
ആറടി ഉയരമുള്ള ഒരു മനുഷ്യ ഓട്ടക്കാരന്റെ വേഗം ഇതുമായി താരതമ്യപ്പെടുത്തിയാല്‍ അയാള്‍ 200 m/s (720 km/h) വേഗത്തില്‍ ഓടണം . ചൂടിലിറങ്ങി കഴിയുന്ന പല ജീവികളും ഉണങ്ങി ചത്തു പോകാത്തത് ശരീരം ചൂട് തട്ടിത്തുടങ്ങുമ്പോള്‍ ഹീറ്റ് ഷോക്ക് പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കുന്നതുകൊണ്ടാണ്. പക്ഷെ, ആ സംരക്ഷണ പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കാനുള്ള സമയം പോലും ഇവര്‍ക്ക് കിട്ടില്ല. അതിനുമുമ്പേ തന്നെ ചൂടുകൊണ്ട് ഇവര്‍ ചത്തുപോകും. പകരമായി മണ്ണിനടിയില്‍നിന്ന് പുറത്തുവരും മുമ്പേതന്നെ ഇത്തരം പ്രോട്ടീനുകള്‍ മുൻകൂറായി ഇവയുടെ ശരീരം ഉത്പാദിപ്പിക്കും. ഈ പ്രോട്ടീനുകളാണ് ഉയര്‍ന്ന ഊഷ്മാവിലും ശരീരത്തിലെ ഉപപചയപ്രവര്‍ത്തനങ്ങളെ നടത്തിക്കൊണ്ടുപോകുന്നത്. കൂടാതെ ഇവയുടെ ശരീരത്തിലെ ചില രോമങ്ങളും ചൂടിനെ തടയാന്‍ സഹായിക്കുന്നവയുമാണ്. തീറ്റ കണ്ടെത്തിയാല്‍ നേര്‍രേഖയില്‍ സഞ്ചരിച്ച് ഏറ്റവും വേഗം തിരിച്ച് കൂട്ടിലെത്തുകയും വേണം. സമയം അത്രമേല്‍ പ്രധാനമാണിവര്‍ക്ക്. സൂര്യന്റെ സ്ഥാനത്തെ അടിസ്ഥാനമാക്കിയാണ് ഈ നേര്‍രേഖാ സഞ്ചാരങ്ങള്‍ ഇവര്‍ സാധ്യമാക്കുന്നത്. ഇവരാണ് ഏറ്റവും കൂടിയ ചൂടിലും അതിജീവിക്കുന്നവരില്‍ മുമ്പരായി കണക്കാക്കപ്പെടുന്ന ഭൂമിയിലെ പ്രാണിജീവി.
Content Highlights: about all you need to know about pyscho ants, bandhukal mithrangal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..