പ്ലാസ്റ്റിക് മാലിന്യത്തിന് അടുത്തായി നിൽക്കുന്ന കടൽകാക്ക | Photo: Gettyimages
പ്ലാസ്റ്റിക് കൊണ്ട് മാത്രമുണ്ടായ ഒരു പുതിയ രോഗം കടല്‍പ്പക്ഷികളില്‍ കണ്ടെത്തിയിരിക്കയാണ് ശാസ്ത്രജ്ഞര്‍. 'പ്ലാസ്റ്റിക്കോസിസ്' എന്ന് വിളിക്കുന്ന രോഗം പക്ഷികളുടെ ദഹനവ്യവസ്ഥയെയാണ് ബാധിക്കുന്നത്. രോഗം ബാധിച്ച പക്ഷികളുടെ ദഹനനാളികള്‍ക്ക് പോറലേറ്റിരുന്നുവെന്ന് ഗവേഷണപഠനം നടത്തിയ ലണ്ടനിലെ നാച്വറല്‍ ഹിസ്റ്ററി ഓഫ് മ്യൂസിയത്തിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. ജീവികളില്‍ പ്ലാസ്റ്റിക് കൊണ്ട് മാത്രം ഉണ്ടാകുന്ന ഫൈബ്രോസിസ് അവസ്ഥയുടെ ആദ്യ ഉദാഹരണമാണിത്.
പല പ്രായത്തിലുള്ള പക്ഷികളില്‍ പ്ലാസ്റ്റിക്കോസിസ് കണ്ടതായി ജേണല്‍ ഓഫ് ഹസാഡസ് മെറ്റീരിയല്‍സില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. പക്ഷിക്കുഞ്ഞുങ്ങളിലും രോഗലക്ഷണങ്ങള്‍ കണ്ടു. രക്ഷിതാക്കള്‍ യാദൃശ്ചികമായി കൊണ്ടുവരുന്ന പ്ലാസ്റ്റിക് കലര്‍ന്ന ഭക്ഷണം ആഹരിക്കുന്നതാവാം അവയുടെ ദഹനവ്യവസ്ഥയിലെ തകരാറുകള്‍ക്ക് കാരണം.
ഓസ്‌ട്രേലിയയിലെ ലോഡ് ഹോവ് ദ്വീപില്‍ കാണുന്ന 'ഫ്‌ളെഷ്-ഫൂട്ടഡ് ഷീര്‍വാട്ടേഴ്‌സ്' പക്ഷികളിലാണ് പഠനം നടന്നത്. വലിയ ചിറകുകളുമായി കടല്‍പ്പരപ്പിനോട് തൊട്ട്, കാറ്റിന്റെ ഒഴുക്കിനനുസരിച്ച് താണുപൊങ്ങി പറക്കുന്ന പക്ഷികളാണിവ. ശരീരത്തിന് ഡാര്‍ക് ചോക്കലേറ്റിന്റെ നിറം. ചിറകിന്നടിയില്‍ ഒരു നിര വെള്ളിത്തൂവലുകള്‍. പിങ്ക് നിറത്തിലുള്ള കൊക്കിന്റെ അഗ്രം കറുത്തതും ഉള്ളിലേക്ക് വളഞ്ഞതുമാണ്. പസഫിക് സമുദ്രവും ഇന്ത്യന്‍ മഹാസമുദ്രവും ആണ് താവളങ്ങള്‍.
ചെറുമീനുകളും കൂന്തലുമാണ് ഷീര്‍വാട്ടേഴ്‌സിന്റെ ഭക്ഷണം. മീന്‍വഞ്ചികളില്‍നിന്ന് പുറത്തേക്ക് കളയുന്ന വേസ്റ്റും ഭക്ഷിക്കും. മറ്റു പക്ഷികളെ അപേക്ഷിച്ച് ഫ്‌ളെഷ്-ഫൂട്ടഡ് ഷീര്‍വാട്ടേഴ്‌സ് അടങ്ങുന്ന, കടലിന് മീതെ പറന്ന് ഇര തേടുന്ന പക്ഷികളുടെ ശരീരത്തിലാണ് പ്‌ളാസ്റ്റിക് കൂടുതല്‍ കാണപ്പെടുന്നത്. ഇരയെന്ന് കരുതി, ഒഴുകിനടക്കുന്ന പ്‌ളാസ്റ്റിക്ക് ഭക്ഷിക്കുന്നതാണത്രെ പലപ്പോഴും ഇതിന് കാരണം.
.jpg?$p=0f4f789&&q=0.8)
പ്ലാസ്റ്റിക് മാത്രം കാരണമായി ഉണ്ടാകുന്ന രോഗമാണെന്ന് വ്യക്തമാക്കാനാണ് കടല്‍പ്പക്ഷികളിലെ ഫൈബ്രോട്ടിക് രോഗാവസ്ഥയ്ക്ക് പ്ലാസ്റ്റിക്കോസിസ് എന്ന് പേരിട്ടത്. പ്ലാസ്റ്റിക്കിന്റെ ചെറുകഷ്ണങ്ങള്‍ പക്ഷിയുടെ ദഹനനാളിയില്‍ പൊള്ളലേല്‍പ്പിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. പക്ഷികളുടെ ആമാശയത്തില്‍ പൊതുവെ കാണാറുള്ള പ്യൂമിക് സ്റ്റോണ്‍ പോലുള്ള സ്വാഭാവിക വസ്തുക്കളൊന്നും തന്നെ ഇങ്ങനെ പൊള്ളലേല്‍പ്പിക്കുന്നില്ല. അകത്തെത്തുന്ന പ്ലാസ്റ്റിക്കിന്റെ തോത് കൂടുന്തോറും പക്ഷികളുടെ ദഹനനാളിയിലെ പോറലുകളും കൂടുന്നു.
പൊള്ളലേല്‍ക്കുന്നത് പതിവാകുമ്പോള്‍ കോശങ്ങള്‍ക്ക് വൈകല്യമുണ്ടാക്കുന്നു. ക്രമേണ, പ്രോവെന്‍ട്രിക്കുലസിലെ ട്യൂബുലര്‍ ഗ്രന്ഥികള്‍ നശിക്കാന്‍ തുടങ്ങുന്നു. അണുബാധയ്ക്കുള്ള സാധ്യതയേറുന്നു. ദഹനശേഷി കുറയുന്നു. പോഷകങ്ങളെ ആഗിരണം ചെയ്യുന്നതും കുറയുന്നു. പക്ഷിയുടെ ദഹനവും വളര്‍ച്ചയും നിലനില്‍പ്പ് തന്നെയും അകടത്തിലാകുന്നു.
ലോകത്തിന്റെ ഒരു പ്രത്യേക കോണിലുള്ള ഒരു പ്രത്യേക സ്പീഷിസ് പക്ഷികളില്‍ മാത്രമാണ് പഠനം നടന്നതെങ്കിലും ഒരു വിധം കടല്‍പ്പക്ഷികളിലെല്ലാം പ്ലാസ്റ്റിക്കോസിസ് രോഗാവസ്ഥ കാണാനിടയുണ്ടെന്ന് ശാസ്ത്രജ്ഞന്മാര്‍ കരുതുന്നു. പ്ലാസ്റ്റിക്കോസിസ് എത്രമാത്രം വ്യാപകമാണെന്ന് തെളിയിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. പ്ലാസ്റ്റിക് മൂലമുള്ള പാരിസ്ഥിതിക പ്രതിസന്ധി സമീപകാലത്തിന്റെ ഉത്പന്നമാണെന്നതിനാല്‍ അതേക്കുറിച്ചുള്ള പഠനങ്ങളും ബാല്യദിശയിലാണ്.
സ്വാത്തമയിനിലെ മഞ്ഞുകാറ്റും കടല്‍പ്പക്ഷികളുടെ പ്രജനനവും
അന്റാര്‍ട്ടിക്കയിലെ സ്വാത്തമയിനില്‍ നിന്നുള്ള വാര്‍ത്തകള്‍ അത്ര സുഖകരമല്ല! അന്റാര്‍ട്ടിക്കയിലെ വേനലില്‍ അപ്രതീക്ഷിതമായി വീശിയടിച്ച മഞ്ഞുകാറ്റ് അന്റാര്‍ട്ടിക് കടല്‍പ്പക്ഷി സ്പീഷിസുകളുടെ പ്രജനനശേഷിയെ ആപല്‍ക്കരമായി ബാധിച്ചതായി അടുത്തിടെ 'കറന്റ് ബയോളജി' ജേണലില്‍ പ്രസിദ്ധീകരിച്ച,നോര്‍വീജിയന്‍ പോളാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം വിശദമാക്കുന്നു. സൗത്ത് പോളാര്‍ സ്‌കുവ, അന്റാര്‍ട്ടിക് പെട്രല്‍, സ്‌നോ പെട്രല്‍ എന്നീ പക്ഷികളാണ്, താത്കാലികമായിട്ടാണെങ്കിലും, ഒരു പ്രത്യേക സീസണില്‍ പുതിയ തലമുറയെ ഉത്പ്പാദിപ്പിക്കുന്നതില്‍ പരാജയപ്പെട്ടത്. പുതുവര്‍ഷത്തില്‍ കൂടുകെട്ടി മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്നവയാണ് ഇപ്പറഞ്ഞ കടല്‍പ്പക്ഷികളത്രയും.
എന്നാല്‍, കടല്‍പ്പക്ഷികളുടെ സ്ഥിരം പ്രജനനസങ്കേതമായ അന്റാര്‍ട്ടിക്കയിലെ സ്വാത്തമയിനില്‍, 2021 ഡിസംബറിനും 2022 ജനുവരിക്കുമിടയില്‍ സൗത്ത് പോളാര്‍ സ്‌കുവ പക്ഷിയുടെ ഒരൊറ്റ കൂടുപോലും ഗവേഷകര്‍ക്ക് കാണാനായില്ല! അന്റാര്‍ട്ടിക് പെട്രല്‍, സ്‌നോ പെട്രല്‍ എന്നിവയുടെ കൂടുകളും എവിടേയുമില്ല!

അന്റാര്‍ട്ടിക്കന്‍ പ്രദേശമായ സ്വാത്തമയിനില്‍ കാലാവസ്ഥാമാറ്റങ്ങള്‍ മൂലമുള്ള മഞ്ഞുവീഴ്ചയും മഞ്ഞിന്റെ നിരപ്പില്‍ വന്ന വര്‍ധനവും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലായിരുന്നു. '' സാധാരണഗതിയില്‍ കടല്‍പ്പക്ഷിക്കോളനികളില്‍ മഞ്ഞുവീഴ്ചയുണ്ടായാല്‍, കുറേ പക്ഷിക്കുഞ്ഞുങ്ങളും മുട്ടകളും നശിക്കും. പുതിയ തലമുറയിലെ കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ കുറവുവരും. എന്നാല്‍ സ്വാത്തമയിനിലെ മഞ്ഞുകാറ്റുകള്‍ക്കിടയില്‍ പക്ഷികളുടെ പ്രജനനമേ നടന്നില്ല! 'സീറോ ബ്രീഡിങ്ങ് സക്‌സസ്' എന്നാണത് അര്‍ത്ഥമാക്കുന്നത്. അത് പ്രതീക്ഷിച്ചതല്ല!,'' പഠനത്തിന്റെ മുഖ്യ രചയിതാവും നോര്‍വീജിയന്‍ പോളാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനുമായ സെബാസ്റ്റിയന്‍ ഡെസ്‌കാംപ്‌സ് പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ അന്റാര്‍ട്ടിക് പെട്രല്‍ കോളനി
ലോകത്തിലെ ഏറ്റവും വലിയ അന്റാര്‍ട്ടിക് പെട്രല്‍ കോളനികള്‍ രണ്ടെണ്ണം സ്വാത്തമയിനിലും തൊട്ടടുത്ത യൂറ്റുല്‍സെഷനിലുമാണുള്ളത്. ഇവിടെത്തന്നെയാണ് സൗത്ത് പോളാര്‍ സ്‌കുവയും സ്‌നോ പെ്ട്രലുകളും കൂടൊരുക്കുന്നതും. 1985 തൊട്ട് 2020 വരെയുള്ള കണക്കുകള്‍ പ്രകാരം, സ്വാത്തമയിനിലെ പക്ഷിക്കോളനിയില്‍ ഓരോ വര്‍ഷവും, 20,000-200,000 അന്റാര്‍ട്ടിക് പെട്രല്‍ കൂടുകളും 2000 സ്‌നോ പെട്രല്‍ കൂടുകളും സ്‌കുവകളുടെ നൂറോളം കൂടുകളുമാണുണ്ടായിരുന്നത്. 2021-2022 സീസണില്‍ ആകെ ഉണ്ടായിരുന്നത് കൂടുവെക്കാനാരംഭിച്ച മൂന്ന് അന്റാര്‍ട്ടിക് പെട്രലുകളും ഒരു പിടി സ്‌നോ പെട്രലുകളും മാത്രം!
സ്‌കുവ ഒരെണ്ണം പോലുമില്ലായിരുന്നു. മുന്‍പത്തെ വര്‍ഷം പതിനായിരക്കണക്കിന് കൂടുകള്‍ കണ്ടിരുന്ന യൂറ്റുല്‍സെഷനിലാവട്ടെ ഒരൊറ്റ അന്റാര്‍ട്ടിക് പെട്രല്‍ പക്ഷിക്കൂടും ഇല്ലായിരുന്നു! നൂറുകണക്കിന് കിലോമീറ്ററുകള്‍ വ്യപിച്ചുകിടക്കുന്ന പക്ഷിക്കോളനികളായിരുന്നു ഈ രണ്ട് മേഖലകളും.
വെറും മണ്ണില്‍ കൂടുവെച്ച് മുട്ടയിടുന്നതാണ് കടല്‍പ്പക്ഷികളുടെ പതിവ്. മണ്ണ് കാണാത്ത വിധം കനത്തില്‍ മഞ്ഞ് വീണപ്പോള്‍ കൂട് കെട്ടാന്‍ മണ്ണില്ലാതായി; പക്ഷികളുടെ ദുരവസ്ഥയുടെ കാരണങ്ങള്‍ ശാസ്ത്രജ്ഞര്‍ വിവരിക്കുന്നു. അസാധാരണമാം വിധം ശക്തമായിരുന്ന മഞ്ഞുകാറ്റുകള്‍ ജീവജാലങ്ങളുടെ ശരീരോഷ്മാവിനെയും സ്വാധീനിച്ചു. പക്ഷികള്‍ അവയുടെ ഉള്ള ഊര്‍ജ്ജം മുഴുവനും, പ്രജനനത്തിന് വേണ്ടി ചെലവഴിക്കുന്നതിന് പകരം, ജീവന്‍ നിലനിര്‍ത്താന്‍ ഉപയോഗിച്ചു. തീവ്ര കാലാവസ്ഥാമാറ്റങ്ങള്‍ ജൈവലോകത്തെ എങ്ങനെയൊക്കെ ബാധിച്ചേക്കാം എന്നതിന് ശാസ്ത്രം തെളിവുകള്‍ നീട്ടുകയാണ്.
Content Highlights: about all you need to know about plasticosis and its effects in sea birds
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..