'V' ആകൃതിയില്‍ നായാട്ട്, പേരിനൊരു നായ വിളി; പാറകളിലൂടെ വാട്ടർ സ്ലൈഡിംഗ് ചെയ്യുന്ന നീര്‍നായകള്‍


വിജയകുമാര്‍ ബ്ലാത്തൂര്‍



ഇടയ്ക്കൊക്കെ വെള്ളത്തിൽ പലതരം കളികൾ കളിച്ച് ഉല്ലസിക്കുന്ന സ്വഭാവം ഇവർക്ക് ഉണ്ട്. ചിലപ്പോൾ പാറകളിലൂടെ വാട്ടർ സ്ലൈഡിങ്ങ് നടത്തിക്കളിക്കും. നാലു മുതൽ പത്ത് പതിനൊന്നെണ്ണമായുള്ള സംഘമായാണ് പലപ്പോഴും ഉണ്ടാകുക.

Premium

സ്‌പോട്ടഡ് നെക്ക്ഡ് ഒട്ടർ (Spotted-necked otter), നീർനായ | Photo-Wiki/By derekkeats - Flickr: Spotted necked otter, CC BY-SA 2.0, https://commons.wikimedia.org/w/index.php?curid=12640498

നീർനായയുടെ പേരിലൊരു നായയുണ്ടെന്നേ ഉള്ളു. അവർക്ക് നായയുമായി ഒരു ബന്ധവും ഇല്ല. വെള്ളത്തിലും ജീവിക്കുന്ന സസ്തനിയായ ഇവർക്ക് കൂടുതൽ ബന്ധം ബാഡ്ജർ, മിങ്ക് തുടങ്ങിയ ജീവികളോടാണ്. (വെരുകു വിഭാഗക്കാരായ പാം സിവറ്റിനെ മരപ്പട്ടിയെന്ന് വിളിക്കുന്നതിലും ഇതുപോലെ ഒരു ശരികേടുണ്ട്.) ലുട്രിനെ (Lutrinae) ഉപകുടുംബത്തിൽ പെട്ടവരാണ് ഒട്ടർ (Otter) എന്ന് പൊതുവായി പേരു വിളിക്കുന്ന മാംസഭുക്കുകളായ സസ്തനികൾ എല്ലാം. smooth-coated otter (Lutrogale perspicillata) ആണ് നമ്മുടെ നാട്ടിൽ സാധരണ കാണുന്ന നീർനായ. പേരിൽ സൂചിപ്പിക്കുന്നതുപോലെ തന്നെ വളരെ വെൽവെറ്റ് പോലെ മൃദുവായ നീളം കുറഞ്ഞ രോമങ്ങൾ നിറഞ്ഞ ദേഹമുള്ളവരാണിവർ. ഒരുകാലത്ത് പല പുഴകളിലും വെള്ളക്കെട്ടുകളിലും കോൾപാടങ്ങളിലും ഒക്കെ ഇവർ ധാരാളം ഉണ്ടായിരുന്നു.

ശരീരപ്രകൃതി
കറുപ്പോ ഇരുണ്ടചുവപ്പ് രാശിയുള്ള ബ്രൗൺ നിറമോ ഉള്ളതാണിവരുടെ പുറം ഭാഗം. എന്നാൽ അടിഭാഗം അത്ര കടുപ്പം ഇല്ലാത്ത ഇളം ബ്രൗൺ നിറമോ ചാരനിറമോ ഉള്ളതാവും. മറ്റുള്ള നീർനായ ഇനങ്ങളെ അപേക്ഷിച്ച് കുറച്ച് കൂടി ഉരുണ്ട തലയും രോമമില്ലാത്ത മൂക്കും, ചതഞ്ഞ ഡയമണ്ട് ആകൃതിയുള്ള നഗ്നമായ മൂക്കറ്റവും ഒക്കെയാണിവർക്കുള്ളത്. വാലിന്റെ തുടക്കഭാഗം തടിച്ചും മസിലോടുകൂടിയതും അഗ്രത്തിലേക്ക് വരുമ്പോൾ നേർത്ത് കൂർത്തും ആണുണ്ടാകുക. വാലിന്റെ അഗ്രഭാഗത്തെത്തുമ്പോൾ ഉരുണ്ട ആകൃതി മാറി പകരം കുറച്ച് പരപ്പുള്ളതാവും. കരുത്തൻ കാലുകളിൽ കൂർത്ത നഖങ്ങളുള്ള, പാടകൾ കൊണ്ട് ബന്ധിച്ച വിരലുകളുണ്ട്. പൊതുവെ ഏഴു മുതൽ പതിനാല് കിലോ വരെ ഭാരമുണ്ടാകും. വാലൊഴികെ തന്നെ ദേഹത്തിന് അറുപത് സെന്റീ മീറ്ററിനടുത്ത് നീളമുണ്ടാകും. വാൽ മാത്രം നാൽപ്പത് സെന്റീമീറ്ററിനടുത്തു കാണും. ധാരാളം വെള്ളമുള്ള, ഒഴുക്കുള്ള പുഴകളും കയങ്ങളും ഒക്കെ ഉള്ള ഇടങ്ങളാണ് ഇവർക്ക് കൂടുതൽ ഇഷ്ടം.

സ്മൂത്ത് കോട്ടഡ് ഒട്ടര്‍ | Photo-Wiki/By Kalyan Varma - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=55482533

പ്രധാന ഭക്ഷണം മീന്‍ തന്നെ
മീൻ തന്നെയാണ് ഏറ്റവും പ്രധാന ഭക്ഷണം. ഞണ്ട്, ചെമ്മീൻ, തവള, പക്ഷികൾ, എലികൾ, പ്രാണികൾ എന്നിവയൊക്കെയും തിന്നാറുണ്ട്. മീൻ ചെറുതാണെങ്കിൽ അങ്ങിനെതന്നെ വിഴുങ്ങുകയാണ് ചെയ്യുക. കിട്ടിയ മീനിനെ കടിച്ച് പിടിച്ച് വെള്ളത്തിനുമുകളിൽ വന്ന് മുകളിലേക്കൊന്നെറിഞ്ഞ് മീനിന്റെ തലഭാഗം ആദ്യം വരും വിധമാക്കി നേരെ വിഴുങ്ങും. തൊണ്ടയ്ക്ക് കുടുങ്ങും എന്ന് തോന്നുന്ന വലിപ്പമുള്ളവയെ കരയിൽ കൊണ്ടുപോയി കഷണമാക്കി അകത്താക്കും.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

V ആകൃതിയിലുള്ള നായാട്ട്‌

മീനുകളെ ഓടിച്ച് ഒരിടത്തേക്ക് കൂട്ടാനായി നീർനായകളുടെ നായാട്ട് സംഘങ്ങൾ V ആകൃതിയിൽ ഒഴുക്കിനെതിരെ കൂട്ടമായി നീന്തി നീങ്ങുകയാണ് ചെയ്യുക. ഏറ്റവും കരുത്തനാകും നടുക്ക് ഉണ്ടാകുക. എന്നിട്ട് പെട്ടെന്ന്‌ എല്ലാവരും മുങ്ങി മീനുകളുമായി പൊങ്ങും. (ഈ സ്വഭാവം അറിയുന്നതിനാൽ ചില നാടുകളിലെ മീൻപിടുത്തക്കാർ നീർനായകളെ പരിശീലിപ്പിച്ച് കൂടെക്കൂട്ടി , നീളൻ കയർ കെട്ടി വെള്ളത്തിലിറക്കി മീനുകളെ അവരുടെ വലയിലേക്ക് ഓടിച്ച് കൂട്ടി ചാടിക്കാൻ ഉപയോഗിക്കാറുണ്ട്) ഇടയ്ക്കൊക്കെ വെള്ളത്തിൽ പലതരം കളികൾ കളിച്ച് ഉല്ലസിക്കുന്ന സ്വഭാവം ഇവർക്ക് ഉണ്ട്. ചിലപ്പോൾ പാറകളിലൂടെ വാട്ടർ സ്ലൈഡിങ്ങ് നടത്തിക്കളിക്കും. നാലു മുതൽ പത്ത് പതിനൊന്നെണ്ണമായുള്ള സംഘമായാണ് പലപ്പോഴും ഉണ്ടാകുക. ഉറപ്പുള്ള പുറം തോടുള്ള ഇരകളെ കിട്ടിയാൽ വയർകൊണ്ട് കല്ലിനോടമർത്തിയും മറ്റും തുറക്കാൻ ഇവർക്ക് അറിയാം. വെയിലത്ത് വെച്ച് ഉണക്കി വേഗത്തിൽ പുറം കൂടു പൊളിക്കാനുള്ള സൂത്രവും ഉണ്ട്.

വിവിധ ശബ്ദങ്ങളിലുള്ള ആശയവിനിമയം

പലതരം ശബ്ദങ്ങൾ ഉണ്ടാക്കിയാണ് പരസ്പര ആശയവിനിമയവും അപകട മുന്നറിയിപ്പുകളും കൈമാറുക. മുഖത്തെ നീളൻ മീശരോമങ്ങളാണ് വെള്ളത്തിനടിയിലെ കമ്പനങ്ങളും ചലങ്ങളും തിരിച്ചറിഞ്ഞ് ഇരയെ കണ്ടെത്താൻ സഹായിക്കുന്നത്. മുതലകളേയും ചീങ്കണ്ണികളേയും മനുഷ്യരേയും മാത്രമാണ് ഇവർക്ക് പേടിക്കേണ്ടതായുള്ളു. അതിനാൽ തന്നെ ഇവർ പേടികൂടാതെ പുളച്ച് കഴിയും. ധാരാളം മീനുകളും മറ്റ് ജലജീവികളും വളരുന്നു എന്നും അധികം മലിനമാകാത്ത വെള്ളമുള്ള ഇടമാണെന്നും ആണ് ഇവരുടെ സാന്നിദ്ധ്യം സൂചിപ്പിക്കുന്നത്.

കരയിൽ മാളമുണ്ടാക്കി കൂടുപണിതാണ് കഴിയുക. ഇരതേടി മാത്രമാണ് വെള്ളത്തിൽ ഇറങ്ങുക. ഇണയും കുഞ്ഞുങ്ങളുമായുള്ള കുടുംബമായി കഴിയും. പെൺ നീർനായയ്ക്ക് നാല് മുലകൾ ഉണ്ടാകും. ഒരു പ്രസവത്തിൽ നാലഞ്ച് കുട്ടികളും . പ്രസവിച്ച ഉടനേ കുഞ്ഞുങ്ങൾ കണ്ണുകീറാതെ നിസ്സഹായ രൂപത്തിലാണുണ്ടാകുക. കുറച്ച് മാസങ്ങൾക്കുള്ളിൽ അവരും നല്ല മീൻപിടുത്തക്കാരാകും.

മല നീര്‍നായ അഥവാ ഏഷ്യന്‍ സ്‌മോള്‍ ക്ലോവ്ഡ്‌ ഒട്ടര്‍ (Asian small-clawed Otter) | Photo-Wiki/By Chi King - asian small-clawed otter, CC BY 2.0, https://commons.wikimedia.org/w/index.php?curid=33950400

Aonyx cinereus എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന മല നീർ നായ (Asian small-clawed otter) എന്നൊരിനം കൂടി കേരളത്തിൽ ഉണ്ട്. മനുഷ്യ വാസമില്ലാത്ത ഉൾപ്രദേശങ്ങളിൽ ആണിവരെ കൂടുതൽ കാണുന്നത്. വെള്ളത്തിൽ കഴിയുന്നതിലും കൂടുതൽ ഇവ കരയിലാണ് കഴിയുക. വലിപ്പത്തിലും നിറത്തിലും വ്യത്യാസം ഉണ്ട്. കുഞ്ഞു നഖങ്ങൾ മാത്രമുള്ളവയാണിവ. മൊത്തം മുക്കാൽ മീറ്ററോളം മാത്രം വലിപ്പം വരുന്ന ഇവയാണ് നീർനായകളിൽ ഏറ്റവും ചെറുത്. ഇരട്ടകളായി കാണുകയാണ് പതിവെങ്കിലും ചിലപ്പോൾ പന്ത്രണ്ടോളം അംഗസംഖ്യയുള്ള കുടുംബ സംഘമായും കാണാറുണ്ട്. രാത്രി തീറ്റതേടൽ ശീലം കൂടുതലാണ്.

മേൽഭാഗത്തെ രോമങ്ങൾ മാത്രമാണ് വെള്ളത്തിൽ നനയുന്നത്. അടിയിലെ രോമാവരണം നനയാത്തതാണ്.

ഇവയെ കൂടാതെ യൂറേഷ്യൻ ഓട്ടർ (Lutra lutra) എന്ന മൂന്നാമതൊരു വിഭാഗം കൂടി ഇന്ത്യയിൽ ഉണ്ട്. ഹിമാലയത്തിന്റെ താഴ്‌വരകളിലും സിന്ധ് പ്രദേശത്തും മാത്രം കണ്ടിരുന്ന ഇവയെ മധ്യ ഇന്ത്യയിൽ പലയിടത്തു നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നീർനായകളുടെ ജീവിതം വെള്ളത്തിൽ മുങ്ങിയും പൊങ്ങിയും ഒക്കെ ആണല്ലൊ. പ്രത്യേക രോമപ്പാളികൾ ഉള്ളതിനാലാണ് വെള്ളം നനഞ്ഞ് കൂടുതല്‍ സമയം ചിലവഴിക്കുമ്പോഴും ശരീരം കൂടുതൽ തണുക്കാതെ രക്ഷപ്പെടുത്തുന്നത്. നീളം കുറഞ്ഞതും വളരെ അടുത്തടുത്തായുള്ളതുമായ രോമാവരണമാണിവർക്കുള്ളത്. മുകളിൽ നമ്മൾ കാണുന്ന രോമാവരണം കൂടാതെ അതിനടിയിൽ നീളം കുറഞ്ഞ അത്രതന്നെ രോമങ്ങളും ഉണ്ട്. മേൽഭാഗത്തെ രോമങ്ങൾ മാത്രമാണ് വെള്ളത്തിൽ നനയുന്നത്. അടിയിലെ രോമാവരണം നനയാത്തതാണ്. രോമങ്ങൾക്കിടയിൽ വായു കുടുങ്ങിക്കിടക്കുന്നതിനാൽ ആ പാളി ഒരു ഇൻസുലേറ്റർ കവചം പോലെ പ്രവർത്തിക്കുന്നുണ്ട്. അത് കൂടാതെ ജലസഞ്ചാരങ്ങൾ എളുപ്പമാക്കും വിധം ഭാരം കുറക്കാനും സഹായിക്കുന്നുണ്ട്. നീർനായകൾ കരയിൽ കയറി ഒരു കുടച്ചിൽ കുടഞ്ഞാൽ തന്നെ പുറത്തെ നനവ് കുറേ പോകും.

യൂറേഷ്യൻ ഓട്ടർ (Lutra lutra) | Photo-Wiki/By Bernard Landgraf - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=41335

കടൽ നീർനായകളാണ് ഏറ്റവും അടുത്തടുത്ത് രോമങ്ങൾ ഉള്ള മൃഗം. ഒരിഞ്ച് തൊലിയിൽ ആറു മുതൽ പത്ത് ലക്ഷം എണ്ണം വരെ രോമക്കുഴികൾ ഉണ്ടാവും അവർക്ക് . നമ്മളെപ്പോലെ ഉഷ്ണ രക്തജീവികളായ ഇവർ വെള്ളത്തിൽ ഏറെനേരം കഴിഞ്ഞാലും നനഞ്ഞ് തണുത്ത് വിറക്കാത്തതിന് കാരണം ഇതാണ്. കടൽ വെള്ളത്തിൽ കഴിയുന്ന മറ്റെല്ലാ സസ്തനികൾക്കും ( തിമിംഗലം , ഡോൾഫിൻ, സീൽ, വാല്രസ് എന്നിവയ്ക്ക് ഒക്കെ ) തണുപ്പ് തടയൻ സഹായിക്കുന്ന ബ്ലബ്ബർ എന്ന കൊഴുപ്പ് പാളി ദേഹത്തുണ്ടാകും. എന്നാൽ കടലിൽ കഴിയുന്ന ഇനം നീർനായകൾക്ക് അതില്ല. അതിനാൽ തന്നെ ശരീരം ചൂടായി നിലനിർത്താൻ ഉപാപചയ നിരക്ക് കൂട്ടണം. അതിനായി ധാരാളം ഭക്ഷണം കഴിക്കണം , ഏറെ സമയം തീറ്റതേടാൻ വേണ്ടി മാറ്റിവെക്കണം.

സ്മൂത്ത് കോട്ടഡ് ഒട്ടര്‍ | Photo-Wiki/ By JJ Harrison (https://www.jjharrison.com.au/) - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=80688527

നീർനായകൾക്ക് കുഞ്ഞ് ചെവികൾ ആണുള്ളത്. മുങ്ങുമ്പോൾ അടപ്പ് വെച്ച് അടക്കാൻ പറ്റും വിധം ആണ് അവയുടെ സംവിധാനം. മൂക്കിനും അടപ്പുണ്ട്. അതിനാൽ മുങ്ങിക്കഴിയുന്നതിൽ വലിയ വിഷമം ഇല്ല. കണ്ണുകൾ തലയുടെ മുൻഭാഗത്താണ്. വാലിന്റെ തുടക്കഭാഗത്ത് മസിലുകൾ ഉള്ളതിനാൽ നീന്തലിൽ വാലും സഹായിക്കുന്നുണ്ട്. മലദ്വാരത്തിന് താഴെയായുള്ള ഒരു ഗ്രന്ഥിയിൽ നിന്നും സ്രവിക്കുന്ന മസ്ക്കി ആയിട്ടുള്ള ദ്രവഗന്ധം ആണ് ഇണകളെ ആകർഷിക്കാനും , ടെറിട്ടറി അടയാളപ്പെടുത്താനും ഉപയോഗിക്കുന്നത്. വെള്ളത്തിൽ വെച്ചാണ് ഇണചേരൽ. ഒരു മിനിറ്റിൽ കുറഞ്ഞ സമയം മാത്രം ദൈർഘ്യമുള്ളതാണ് ഇണചേരൽ.

പൊതുവെ ഇവർ മനുഷ്യരെ അക്രമിക്കാറില്ലെങ്കിലും പ്രസവം കഴിഞ്ഞ ഉടനെ കുഞ്ഞുങ്ങളുമായി കഴിയുന്ന നേരത്ത് കൂടുതൽ അക്രമ സ്വഭാവം പ്രകടിപ്പിക്കാറുണ്ട്. കേരളത്തിലെ പല പുഴകളിൽ നിന്നും ഇവ മാന്തിയതും കടിച്ചതും ആയ കേസുകൾ ഉണ്ടാവാറുണ്ട്. പുഴകളിൽ മാലിന്യം കൂടിയതും , നീരൊഴുക്ക് കുറഞ്ഞതും പുഴക്കരകളിലെ പൊന്തകളും മറ്റും കൃഷി ആവശ്യത്തിനായി മാറ്റിയതും , കണ്ടൽക്കാടുകളുടെ നാശവും , മാംസത്തിനായും പെറ്റ് ട്രേഡിനുവേണ്ടിയും ഉള്ള വേട്ടകളും ഒക്കെ ഇവയുടെ എണ്ണം കുറയാൻ കാരണം ആയിട്ടുണ്ട്.

Content Highlights: about all you need to know about otters

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented