പരിസ്ഥിതിക്ക് ഭീഷണി, ജൈവവൈവിധ്യ നഷ്ടത്തിന്റെ പ്രധാന ചാലകം; അധിനിവേശമെന്ന വിപത്ത് | Biotalks


ഡോ. സി. ജോർജ് തോമസ്



യൂറോപ്യൻ കൊളോണിയൽ കാലഘട്ടത്തിൽ ആരംഭിച്ച സ്പീഷീസ് കൈമാറ്റങ്ങൾക്കും വ്യാപനങ്ങൾക്കും  പിന്നിലെ പ്രധാന ഘടകം മനുഷ്യന്റെ ഇടപെടലാണ്

Premium

‌‌കുളവാഴ | ഫോട്ടോ:മാതൃഭൂമി

ജൈവവൈവിധ്യം പലവിധ ഭീഷണികൾ നേരിടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ആഗോളതാപനവും കാലാവസ്ഥാമാറ്റവും ഉൾപ്പെടെ നിരവധി ഭീഷണികൾ ജൈവവൈവിധ്യ നാശത്തിന് കാരണമായുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒരു ഭീഷണിയാണ് അധിനിവേശ ജീവികൾ. ഇവയുടെ വ്യാപനം മറ്റു സ്വാഭാവിക ജീവജാലങ്ങളുടെ വംശനാശത്തിന് വരെ കാരണമാകുന്നതായി പഠനങ്ങളുണ്ട്. കഴിഞ്ഞ കുറച്ചു ദശകങ്ങളായി മനുഷ്യാരോഗ്യത്തിനും, പ്രാദേശിക ജൈവവൈവിധ്യത്തിനും, പരിസ്ഥിതിയുടെ നിലനിൽപ്പിനും അധിനിവേശ ജീവജാലങ്ങൾ വൻഭീഷണികൾ ഉയർത്തുന്നുണ്ട്.

ആവാസ വ്യവസ്ഥയിൽ കടന്നു കയറി സാമ്പത്തികമായും പാരിസ്ഥിതികമായും ദോഷമുണ്ടാക്കുന്നതും മനുഷ്യന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതുമായ സസ്യങ്ങളും ജന്തുക്കളും മൽസ്യങ്ങളും കീടങ്ങളും സൂക്ഷ്മാണുക്കളും ഉൾപ്പെടുന്ന ജീവികളെയാണ് “അധിനിവേശ ജീവജാലങ്ങൾ” എന്നു വിളിക്കുന്നത്. വനം, കൃഷി, മൽസ്യ മേഖലകളെ പ്രതികൂലമായി ബാധിക്കുന്നതിനാൽ രാജ്യത്തിനാകെ അധിനിവേശ ജീവ ജാലങ്ങൾ ഭീഷണിയായി മാറുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ, "അധിനിവേശ" സ്പീഷിസുകൾ മറ്റ് തദ്ദേശീയ ജീവിവർഗ്ഗങ്ങളെ സ്ഥാനഭ്രഷ്ടരാക്കുകയും അവിടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്യും.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

അധിനിവേശ ജീവിവർഗ്ഗങ്ങൾ പരിസ്ഥിതിക്ക് ഭീഷണിയാണ്. ആവാസവ്യവസ്ഥയുടെ പ്രവർത്തനങ്ങളെ ശല്യപ്പെടുത്തുന്നതിനൊപ്പം ജൈവവൈവിധ്യ നഷ്ടത്തിന്റെ പ്രധാന ചാലകമായും ഇവ പ്രവർത്തിക്കുന്നു. ജീവശാസ്ത്രപരമായ അധിനിവേശങ്ങൾക്ക് ജീവിവർഗങ്ങളുടെ ഘടനയെ സാരമായി ബാധിക്കാനും അധിനിവേശ സമൂഹത്തിനുള്ളിലെ സ്പീഷിസ് ഇടപെടലുകളിൽ മാറ്റം വരുത്താനും സാധ്യതയുണ്ട്, മാത്രമല്ല വരുമാനം ഉണ്ടാക്കുന്ന പ്രവർത്തനങ്ങളെ ബാധിക്കുന്നതിലൂടെ സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും. കൃഷിയിലും അനുബന്ധ മേഖലകളിലും ഉൾപ്പെട്ടിടുള്ള ജനങ്ങളുടെ ജീവനോപാധികൾക്ക് വിഘാതം സൃഷ്ടിക്കുകയും ചെയ്യും.

“അധിനിവേശ ജീവികൾ” എന്ന ഗണത്തിൽ പെടുത്താവുന്ന ധാരാളം സസ്യങ്ങളു, ജന്തുക്കളും മൽസ്യങ്ങളും കീടങ്ങളും പല കാലങ്ങളിലായി കേരളത്തിൽ എത്തിപ്പെട്ടിട്ടുണ്ട്. യൂറോപ്യൻ കൊളോണിയൽ കാലഘട്ടത്തിൽ ആരംഭിച്ച സ്പീഷീസ് കൈമാറ്റങ്ങൾക്കും വ്യാപനങ്ങൾക്കും പിന്നിലെ പ്രധാന ഘടകം മനുഷ്യന്റെ ഇടപെടലാണ്. കാർഷിക, അലങ്കാര ആവശ്യങ്ങൾക്കായി, കൊളോണിയൽ പ്രദേശങ്ങളിൽ സസ്യങ്ങൾ വൻതോതിൽ കൊണ്ടു വരപ്പെട്ടു. പ്രധാനമായും, ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ താത്പര്യങ്ങൾ ബൊട്ടാണിക്കൽ ഉദ്യാനങ്ങൾ മുഖേന നടപ്പിലാക്കിയപ്പോൾ അതോടൊപ്പം അധിനിവേശ സ്വഭാവം കാണിക്കുന്ന ധാരാളം വിദേശ ജീവികളും ഇവിടെ എത്തിപ്പെടുകയുണ്ടായി.

കാർഷികോൽപന്നങ്ങളുടെ ആഗോള വ്യാപാരത്തിലൂടെയും വിത്തുകളുടെയും നടീൽ വസ്തുക്കളുടെയും കൊടുക്കൽ വാങ്ങലുകളിലൂടെയും അധിനിവേശ ജീവികൾ കടന്നുകയറുന്നുണ്ട്. ഇപ്പോഴും ആഗോളതലത്തിൽ വിദേശസസ്യങ്ങൾ എത്തുന്നതിന്റെ പ്രാഥമിക ഉറവിടം അന്താരാഷ്ട്ര വ്യാപാരമാണ്. അധിനിവേശ സസ്യങ്ങൾ എത്തുന്നതിന് കൃഷി ഒരു പ്രധാന പാതയാണ്, ഇത് ആകസ്മികമോ മനപൂർവമോ ആകാം. ജൈവ അധിനിവേശം പ്രാദേശികതലത്തിൽ മാത്രമല്ല, ദേശീയതലത്തിലും ആഗോളതലത്തിലുമുള്ള ജൈവവൈവിധ്യ നാശത്തിന് ആക്കം കൂട്ടുന്നു. ജൈവവൈവിധ്യ സംരക്ഷണം, ജൈവവിഭവങ്ങളുടെ സുസ്ഥിര ഉപയോഗം, ജനതിക വിഭവങ്ങളുടെ ഉപയോഗത്തിലൂടെ ലഭ്യമാകുന്ന നേട്ടങ്ങളുടെ നീതിപൂർവമായ പങ്കു വെക്കൽ എന്നിവ സാധ്യമാക്കുന്നതിനുള്ള അന്തർദേശിയ തലത്തിലുള്ള ഉപാധിയാണ് 1992-ലെ അന്താരാഷ്ട്ര ജൈവ വൈവിധ്യ ഉടമ്പടി.

ആവാസവ്യവസ്ഥകളുടെയും ജീവജാലങ്ങളുടെയും നിലനിൽപ്പിന് ഭീഷണിയാകുന്ന ജീവിവർഗങ്ങളുടെ കടന്നുകയറ്റം എത്രയും വേഗം തടയുകയും നിയന്ത്രിക്കുകയും ചെയ്യണമെന്ന് ഈ ഉടമ്പടിയിൽ വ്യവസ്ഥയുണ്ട്. ഈ ഉടമ്പടിയിൽ ഒപ്പുവെച്ച ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇക്കാര്യങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. ജനങ്ങളുടെ പ്രധാന ജീവനോപാധി മേഖലകളായ കൃഷി, വനം, മത്സ്യബന്ധനം തുടങ്ങിയ സ്വാഭാവിക ആവാസവ്യവസ്ഥകളെയാണ് അധിനിവേശ ജീവജാലങ്ങൾ കൂടുതലായി ബാധിക്കുന്നത്. കുളവാഴ, ആഫ്രിക്കൻ പായൽ, കമ്മ്യൂണിസ്റ്റ് പച്ച, തൊട്ടാവാടി, ആനത്തൊട്ടാവാടി, സിങ്കപ്പൂർ ഡയ്സി, മ്യൂക്കുണ, മൈക്കേനിയ, പാർത്തീനിയം, പൂച്ചവാലൻ പുല്ല്, മലങ്കൂവളം, മുട്ടപ്പായൽ, വേനപ്പച്ച, തോട്ടുചീര, റങ്കൂൺ വള്ളി, നാറ്റപൂച്ചെടി, കൊങ്ങിണി, രാക്ഷസകൊന്ന തുടങ്ങി ഇവിടെയെത്തിപ്പെട്ട അനേകം വിദേശ സസ്യങ്ങൾ അധിനിവേശ കളകളായി മാറി.

ഇവയിലെ ജലസസ്യങ്ങൾ നമ്മുടെ ജലമേഖലയ്ക്കും ജലഗതാഗതത്തിനും ഏൽപ്പിക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. അതുപോലെ, കരയിൽ വളരുന്ന അധിനിവേശ കളകൾ കൃഷിയെ സാരമായി ബാധിക്കുന്നു. കളനിയന്ത്രണം ചെലവുള്ളതാക്കുന്നു. ഇതുവരെ കുഴപ്പക്കാരായി തോന്നാത്ത ജീവികൾ, ഉദാഹരണത്തിന് ഒരു മികച്ച അക്വേറിയം ചെടിയായി കരുതിയിരുന്ന കബോംബാ പായൽ പെട്ടന്ന് പ്രശ്നക്കാരായി മാറുന്ന പ്രതിഭാസവുമുണ്ട്. കോഴിക്കോട് ഭാഗത്തെ ചില തോടുകളിൽ ഇവ പെരുകി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി വാർത്തകളുണ്ടായിരുന്നു. അധിനിവേശ ജീവികളുടെ നിയന്ത്രണം വലിയൊരു പ്രശ്നമായി അവശേഷിക്കുന്നു. ഭാഗ്യവശാൽ, നമ്മുടെ ജലാശയങ്ങളെ മലിനപ്പെടുത്തിയിരുന്ന ആഫ്രിക്കൻ പായലിനെതിരെ സൽവീനിയ വണ്ടുകൾ മുഖേനയുള്ള ജൈവിക നിയന്ത്രണം വളരെ ഫലപ്രദമായി മാറി. പക്ഷേ, അപ്പോഴേക്കും കുളവാഴയുടെയും മറ്റു ജലസസ്യങ്ങളുടെയും ശല്യം അധികരിച്ചു.

ജൈവനിയന്ത്രണത്തിലും ജൈവപ്രകൃതിയിലുമൂന്നിയ നിയന്ത്രണ പരിപാടികൾ മാത്രമേ ശാശ്വതമാവൂ. ആഗോളവ്യാപാരത്തിലൂടെയും വിത്തുകളുടെയും നടീൽ വസ്തുക്കളുടെയും കൈമാറ്റത്തിലൂടെയും കടന്നുകയറിയ ആക്രമണകാരികൾ ഇന്ത്യയിലെ കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. നദികളും കായലുകളും നിറഞ്ഞ ജലാശയങ്ങളാൽ സമ്പന്നമായ കേരളത്തിൽ ജലസ്രോതസ്സുകളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന നിരവധി പേരുണ്ട്. ജലാശയങ്ങളിലെ അധിനിവേശ സസ്യങ്ങളുടെയും മത്സ്യങ്ങളുടെയും സാന്നിധ്യം നമ്മുടെ തനതായ ഉൾനാടൻ മത്സ്യസമ്പത്തിനും മറ്റ് പ്രകൃതിദത്ത ജലജീവികളുടെ നിലനിൽപ്പിനും മാത്രമല്ല, മുഴുവൻ ആവാസവ്യവസ്ഥയ്ക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നു. ഇത്തരം ജീവികൾ 2018-ലെ പ്രളയത്തിനു ശേഷം കൂടുതൽ പ്രദേശങ്ങളിൽ എത്തിപ്പെടുകയും ആക്രമണം രൂക്ഷമാവുകയും ചെയ്തിട്ടുണ്ട്.

ജലാശയങ്ങളിലെ അധിനിവേശ സസ്യങ്ങളുടെയും മത്സ്യങ്ങളുടെയും സാന്നിധ്യം നമ്മുടെ തനത് ഉൾനാടൻ മത്സ്യസമ്പത്തിനെയും മറ്റ് സ്വാഭാവിക ജലജീവജാലങ്ങളുടെയും നിലനിൽപ്പിനെ ദോഷകരമായി ബാധിക്കുന്നുവെന്നു മാത്രമല്ല, മൊത്തം ആവാസവ്യവസ്ഥയ്ക്കും ഭീഷണിയായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം അധിനിവേശ കളകളുടെയും മാംസഭുക്കുകളായിട്ടുള്ള മൽസ്യങ്ങളുടെയും നിയന്ത്രണത്തിനും അവയുടെ തുടർന്നുള്ള കടന്നുകയറ്റം ഒഴിവാക്കുന്നതിനുമായി അടിയന്തിരമായ ഇടപെടലുകൾ ആവശ്യമാണ്. 2018-ന് ശേഷമുള്ള വെള്ളപ്പൊക്കത്തിന് ശേഷം ജൈവവൈവിധ്യ ബോർഡ് നടത്തിയ പഠനങ്ങൾ അക്വാകൾച്ചർ ഫാമുകളിൽനിന്ന് അധിനിവേശ മത്സ്യങ്ങൾ രക്ഷപ്പെടുന്ന പ്രശ്നം ചൂണ്ടിക്കാട്ടിയിരുന്നു . കുട്ടനാടൻ നദീതടങ്ങളിലും പാടശേഖരങ്ങളിലും അധിനിവേശ മത്സ്യങ്ങളെ ധാരാളമായി കണ്ടു, പഠനത്തിനിടെ കണ്ടെത്തിയ ചില ഇനങ്ങൾ മഴവിൽ മൽസ്യം, മൊസാമ്പിക്ക് തിലാപ്പിയ, ആഫ്രിക്കൻ മുഷി, ജയന്റ് ഗൗരാമി, റെഡ്ബെല്ലിഡ് പാക്കു മുതലായവയാണ്.

2018-ലെ വെള്ളപ്പൊക്കത്തെത്തുടർന്ന് പശ്ചിമഘട്ടത്തിൽനിന്ന് രേഖപ്പെടുത്തിയ ഏഴ് അധിനിവേശ മത്സ്യ ഇനങ്ങളിൽ പലതും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാൻ അനുവദിച്ചിരിക്കുന്ന ഇനങ്ങളുടെ പട്ടികയിൽ പെട്ടിട്ടുള്ളവയല്ല; അക്വേറിയം വളർത്തുമൽസ്യങ്ങളുടെ വ്യാപാരത്തിലൂടെ നിയമവിരുദ്ധമായി കൊണ്ടുവന്നതാണ്.കേരളത്തിലെ വനങ്ങളിൽ, രണ്ട് അധിനിവേശ സസ്യങ്ങൾ, രാക്ഷസ കൊന്ന അഥവാ സെന്ന സ്പെക്റ്റാബിലിസ്, കൊങ്ങിണി അഥവാ ലന്താന കാമറ എന്നിവ സർവസാധാരണമായി കാണപ്പെടുന്നു. വയനാട് വന്യജീവി സങ്കേതം ഉൾപ്പെടെ നീലഗിരി ബയോസ്ഫിയർ റിസർവിന്റെ വനമേഖലയിൽ അതിവേഗ വളർച്ച കാരണം വലിയ ഭീഷണി ഉയർത്തുന്ന രാക്ഷസ കൊന്നയെ തുടച്ചുനീക്കാൻ വനംവകുപ്പ് പദ്ധതികൾ ആവിഷകരിച്ചു നടപ്പാക്കി വരുന്നു.

കർഷകരും പൊതുജനങ്ങളും ഭയക്കുന്ന ആഫ്രിക്കൻ ഒച്ചുകൾ 2018-ലെ പ്രളയത്തിന് ശേഷം കേരളത്തിൽ പെരുകുന്നതായി കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരുടെയും മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കേരള സർക്കാരിന്റെ "ഏകാരോഗ്യം” (One Health) പദ്ധതിയുടെ ഭാഗമായി ആഫ്രിക്കൻ ഒച്ചു നിർമ്മാർജ്ജന പരിപാടികൾ ഒച്ചുബാധയുള്ള ജില്ലകളിൽ നടപ്പാക്കുന്നു.

കേരളത്തിലെ അധിനിവേശ ഭീഷണിയെ നേരിടുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. സസ്യങ്ങളുൾപ്പെടെയുള്ള ജീവികളുടെ നിയമവിരുദ്ധമായതും ആകസ്മികവുമായ ഇറക്കുമതി തടയുന്നതിന് ക്വാറന്റൈൻ നടപടികൾ ശക്തമാക്കേണ്ടതുണ്ട്. കേരളത്തിലെ അധിനിവേശ ജീവജാലങ്ങളുടെ നിയന്ത്രണത്തിന് മുതൽക്കൂട്ടാവുംവിധത്തിൽ വനം, കൃഷി, ജല ആവാസവ്യവസ്ഥകളിലെ അധിനിവേശ ജീവജാലങ്ങളുടെ നിലവിലെ സ്ഥിതിയും, മുൻഗണനാടിസ്ഥാനത്തിൽ അവയുടെ നിയന്ത്രണത്തിനായുള്ള തന്ത്രങ്ങളും രൂപപ്പെടുത്തുകയും അവ പൊതുജനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കാനും സാധിക്കണം. അങ്ങിനെ മാത്രമേ അധിനിവേശ ജീവികളുടെ ശല്യം ഒഴിവാക്കാൻ സാധിക്കൂ.

Content Highlights: about all you need to know about invasive species, Biotalks

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
tapsee pannu

1 min

തപ്‌സി ഡയറ്റിനായി ഒരു മാസം ചിലവഴിയ്ക്കുന്നത് ഒരു ലക്ഷം രൂപ

Mar 18, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented