ഡെർമറ്റോബിയ ഹോമിനിസ് | Photo: By J. Eibl, U.S. Department of Agriculture - http://chppm-www.apgea.army.mil/documents/FACT/HumanBotFlyMyiasisJTFAug2007.pdf, Public Domain, https://commons.wikimedia.org/w/index.php?curid=16388039
മുട്ടയിടാൻ തയ്യാറായ ഹ്യൂമൻ ബോട്‌ഫ്ലൈയുടെ പെണ്ണീച്ച, പറന്നുപോകുന്ന ഒരു പെൺകൊതുകിനെ ബലമായി വായുവിൽ വച്ചുതന്നെ ഓടിച്ചിട്ട് പിടിച്ച് നിലത്തെത്തുന്നു. അവിടെവച്ച് അനങ്ങാനാവാത്ത കൊതുകിന്റെ അടിവയറ്റിൽ ഈച്ച മുട്ടകളിടുന്നു. മുട്ടയിട്ടശേഷം കൊതുകിനെ ഈച്ച പറത്തിവിടുന്നു. ഡെർമറ്റോബിയ ഹോമിനിസ് (Dermatobia hominis) എന്നുപേരുള്ള ഈച്ചയുടെ ജീവിതത്തിന്റെ തുടക്കം ഇങ്ങനെയാണ്.
പറന്നുപോകുന്ന കൊതുക് രക്തം കുടിക്കാനായി ഏതെങ്കിലും സസ്തനിയുടെ ദേഹത്ത് ചെന്നിരിക്കുന്നു, തന്റെ മൂർച്ചയേറിയ സൂചി തൊലിയിൽ ആഴ്‌ത്തുമ്പോഴേക്കും ആ ജീവിയുടെ ദേഹത്തുനിന്നുമുയരുന്ന ചൂടിനാൽ മുട്ട വിരിഞ്ഞു പുറത്തുവന്ന് കുഞ്ഞുലാർവ കൊതുകിന്റെ കടികൊണ്ടുണ്ടായ തുളയിൽക്കൂടിയോ രോമകൂപങ്ങളിൽക്കൂടിയോ പെട്ടെന്നുതന്നെ ആതിഥേയന്റെ തൊലിയിലേക്ക് ആഴ്ന്നിറങ്ങുന്നു.
പിന്നോട്ടുവളഞ്ഞിരിക്കുന്ന കൂർത്ത കൊളുത്തുകൾ പോലെയുള്ള നിരവധിമുള്ളുകൾ ഉപയോഗിച്ച് ഈ ലാർവ പിടിവിടാതെ തൊലിക്കടിയിൽ ജീവിച്ചുതുടങ്ങുകയായി. പൂർണ്ണമായും ആതിഥേയന്റെ ഇറച്ചിയിൽ പിടിമുറുക്കുന്ന ഈച്ചയുടെ ലാർവ ഒരു അന്യവസ്തുവായതിനാൽ ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയെ ഉദ്ദീപിപ്പിക്കുന്നു. അതുമൂലം ഉണ്ടാകുന്ന തടിപ്പിനെയും നീരിനെയും അങ്ങോട്ടേക്കെത്തുന്ന ശ്വേതരക്താണുക്കളെയുമെല്ലാം ആഹരിച്ച് ലാർവ വളരുന്നു. വായുവിനുവേണ്ടി മാത്രം പുറത്തേക്കൊരു ചെറുദ്വാരം തൊലിയിൽ ഇതു ബാക്കിവയ്ക്കും.
ഡെർമറ്റോബിയ ജനുസിലുള്ള വിവിധതരം ഈച്ചകൾ ഇങ്ങനെ പലതരം സസ്തനികളെ തങ്ങളുടെ ജീവിതചക്രം പൂർത്തീകരിക്കാനായി ഉപയോഗപ്പെടുത്തുന്നുണ്ട്. അവയിൽ ഒന്നാണ് ഡെർമറ്റോബിയ ഹോമിനിസ്. ഇതാവട്ടെ മനുഷ്യനിലും പരാദമായിജീവിക്കുന്നുണ്ട്. ഏതാണ്ട് നാൽപ്പത് ഇനം കൊതുകുകളെ ഇവർ അണ്ഡവാഹകരായി ഉപയോഗപ്പെടുത്തുന്നു. എട്ട് ആഴ്ചകളോളം ഇങ്ങനെ തൊലിക്കടിയിൽ ജീവിച്ച് തടിച്ചുചീർത്ത ലാർവ വളർച്ചയെത്തുന്നതോടെ പുറത്തേക്ക് വരുന്നു.

മണ്ണിൽ വീഴുന്ന ലാർവ അവിടെ വച്ച് പ്യൂപ്പയാവുകയും ഒരാഴ്ചയ്ക്കു ശേഷം ഈച്ചയായി പുറത്തേക്കുവരികയും ചെയ്യുന്നു. കാഴ്ചശക്തി കുറഞ്ഞ ഇവയ്ക്ക് അതിനെ മറികടക്കാനായി അതീവ സ്പർശനശേഷിയുള്ള ആന്റിനയുണ്ട്. ഇതുപയോഗിച്ചാണ് അവ ഇണയെ കണ്ടെത്തുന്നത്. ഈച്ചയായി പുറത്തു ജീവിക്കുന്ന അവസ്ഥയിൽ ഇവ ഭക്ഷണം കഴിക്കാറില്ല.
ശരീരത്തിനുള്ളിൽ ഈ ലാർവ സ്ഥിതിചെയ്യുന്നിടത്ത് സാധാരണ വേദന ഉണ്ടാവാറില്ല, എന്നാൽ അതിനെ കൊല്ലുകയോ മറ്റോ ചെയ്തിട്ട് ഉള്ളിൽനിന്നു എടുത്തുമാറ്റാതിരുന്നാൽ രോഗബാധ ഉണ്ടാവാൻ ഇടയുണ്ട്. ശ്വസിക്കാൻ വേണ്ടി ചെറിയൊരു ദ്വാരം തൊലിപ്പുറത്ത് അവശേഷിപ്പിച്ചിട്ടുള്ളതിനാൽ അവിടെ പെട്രോളിയം ജെല്ലി പുരട്ടി ഉള്ളിലേക്ക് വായുകടക്കാതെ നോക്കിയാൽ ഈ ലാർവ ചത്തുപോകും. അപ്പോൾ അതിനെ ശ്രദ്ധയോടെ പുറത്തെടുക്കാവുന്നതാണ്.
മറ്റു പരാദങ്ങളെ അപേക്ഷിച്ച് ഇതിനെയൊരു സുരക്ഷിതകീടമായി കരുതാറുണ്ട്. വേറെരോഗങ്ങളൊന്നും ഈ ഈച്ച കൊണ്ടുവരാറില്ല, ശരീരത്തിന് കാര്യമായ പരിക്കൊന്നും സംഭവിക്കുന്നില്ല, ലാർവ പുറപ്പെടുവിക്കുന്ന ഒരു ആന്റി-ബയോട്ടിക്കിനാൽ അതിരിക്കുന്ന സ്ഥലത്ത് മറ്റ് അസുഖമൊന്നും വരാറുമില്ല, കൂടാതെ വളർച്ചയെത്തിയാൽ കൂടുതൽ കുഴപ്പമൊന്നുമില്ലാതെ സ്ഥലം വിടുകയും ചെയ്യും. പ്രധാനമായി തെക്കേ അമേരിക്കയിലാണ് ഈ ഈച്ചയെ കാണുന്നത്. എന്നാൽ യാത്ര ചെയ്യുന്നവർ മുഖേന ഇന്ന് ഇത് മറ്റു പ്രദേശങ്ങളിലും എത്തിയതായി കാണുന്നുണ്ട്.
Content Highlights: about all you need to know about insect named Dermatobia hominis
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..