പ്രതീകാത്മക ചിത്രം | Photo: PTI
കാർഷിക ജൈവവൈവിധ്യം എന്ന പ്രയോഗം വിളകൾ, കന്നുകാലികൾ, വനം, മത്സ്യബന്ധനം എന്നിവയുൾപ്പെടെ കൃഷിക്കും ഭക്ഷണത്തിനും നേരിട്ടോ അല്ലാതെയോ ഉപയോഗിക്കുന്ന സസ്യങ്ങൾ, മൃഗങ്ങൾ, സൂക്ഷ്മാണുക്കൾ എന്നിവയുടെ വൈവിധ്യത്തെയും വ്യതിയാനത്തെയും പ്രതിനിധീകരിക്കുന്നു. ജീവിവൈവിധ്യം, ജനിതക വൈവിധ്യം, ആവാസവ്യവസ്ഥയുടെ വൈവിധ്യം എന്നിവ മാത്രമല്ല, ഭൂമിയും ജലസ്രോതസ്സുകളും കാർഷിക ഉൽപാദനത്തിനായി ഉപയോഗിക്കുന്ന വ്യത്യസ്ത രീതികളും വിവിധ തലങ്ങളിലുള്ള മനുഷ്യ ഇടപെടലുകളെ സ്വാധീനിക്കുന്ന സാംസ്കാരിക വൈവിധ്യവും കാർഷിക ജൈവവൈവിധ്യത്തിന്റെ ഭാഗമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും വികസിച്ചു വന്ന പുരാതന കാർഷിക സമ്പ്രദായങ്ങൾ ജനപ്പെരുപ്പത്തിന്റെയും വികസനത്തിന്റെയും സമ്മർദ്ദങ്ങൾക്കിടയിലും നിലനിൽക്കുന്നുവെന്നത് ആശ്വാസകരമാണ്.
സാങ്കേതിക പുരോഗതികൾക്കിടയിലും, ആയിരക്കണക്കിന് വർഷങ്ങളായി സുസ്ഥിരമായി പരിപാലിക്കപ്പെടുന്ന ഭൂപ്രകൃതിയും ഉപജീവനമാർഗങ്ങളും ആധുനിക കൃഷി നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് നിരവധി ഉൾക്കാഴ്ചകൾ നൽകുന്നു. കൃഷിയുടെ ഉത്ഭവത്തിനു ശേഷം കർഷകരും കന്നുകാലി ഇടയന്മാരും മത്സ്യത്തൊഴിലാളികളും വൈവിധ്യമാർന്നതും പ്രാദേശികമായി പൊരുത്തപ്പെടുന്നതുമായ നിരവധി കാർഷിക സമ്പ്രദായങ്ങൾ വികസിപ്പിച്ചെടുക്കുകയും സമർത്ഥമായി പുത്തൻ സാങ്കേതിക വിദ്യകൾ ഇവയുമായി കൂട്ടിച്ചേർക്കുകയും ചെയ്തു. പൈതൃക മൂല്യമുള്ള നിരവധി സുസ്ഥിര സംവിധാനങ്ങൾ ഇപ്പോൾ കാർഷിക പൈതൃക സംവിധാനങ്ങളായി (agricultural heritage systems, AHS) അംഗീകരിക്കപ്പെട്ടിരിക്കുന്നു. ചില കാർഷിക സമ്പ്രദായങ്ങളെ അഗ്രോ ബയോ ഡൈവേഴ്‌സിറ്റി ഹെറിറ്റേജ് സിസ്റ്റങ്ങളായി തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള യുക്തി ഇനിപ്പറയുന്നവയാണ്:
• പ്രാദേശികമായി കാർഷിക സംവിധാനങ്ങൾ അവിടുത്തെ ജനതയെ തുടർച്ചയായി ഭക്ഷണവും മറ്റ് ഉപജീവന ആവശ്യങ്ങളും നൽകി സംരക്ഷിച്ചിട്ടുണ്ടാകും.
• ഈ മേഖലകളിൽ സ്വാഭാവിക പരിണാമവും തിരഞ്ഞെടുപ്പും തുടർന്നുകൊണ്ടിരിക്കയാണ്.
• കാർഷിക പൈതൃക സംവിധാനങ്ങൾക്ക് അനുകൂലന ഗവേഷണത്തിന്, പ്രത്യേകിച്ച് കാലാവസ്ഥാ ലഘൂകരണത്തിനും പൊരുത്തപ്പെടുത്തലിനും വൈവിധ്യമാർന്ന ജീനുകളും ജീൻ സ്രോതസ്സുകളും നൽകാൻ കഴിഞ്ഞേക്കും.
• ഇത്തരം സംവിധാനങ്ങളിലെ സങ്കീർണ്ണമായ ആവാസവ്യവസ്ഥകൾ സസ്യങ്ങളുടെയും മൃഗങ്ങളുടെ പുതിയ ഇനങ്ങളുടെ വികസനത്തിലേക്കും നയിക്കാൻ സാദ്ധ്യതയുണ്ട്.
പൈതൃക കാർഷിക സംവിധാനങ്ങൾ എങ്ങിനെ തിരിച്ചറിയും?
ഫിലിപ്പൈൻസിലെ പ്രശസ്തമായ ഇഫുഗാവോ നെൽകൃഷി ടെറസ്സുകൾ, ചൈനയിലെ ഫുഷൗ നഗരത്തിലെ ജാസ്മിൻ-തേയില കൃഷി സമ്പ്രദായം, ബംഗ്ലാദേശിലെ ഫ്ലോട്ടിംഗ് ഗാർഡൻ കാർഷിക രീതികൾ എന്നിങ്ങനെ ലോകമെമ്പാടും പ്രശംസ നേടിയ ചില കാർഷിക പൈതൃക സംവിധാനങ്ങളെ ലോക ഭക്ഷ്യ കാർഷിക സംഘടന (FAO) ആഗോള പ്രാധാന്യമുള്ള അഗ്രികൾച്ചറൽ ഹെറിറ്റേജ് സിസ്റ്റംസ് (GIAHS) ആയി പ്രഖ്യാപിച്ചു. നിലവിൽ, 23 രാജ്യങ്ങളിലായി 72 GIAHS ഉണ്ട്. ആഗോളതലത്തിൽ പ്രധാനപ്പെട്ട കാർഷിക പൈതൃക സംവിധാനങ്ങൾ കാർഷിക ജൈവവൈവിധ്യം, പ്രതിരോധശേഷിയുള്ള ആവാസവ്യവസ്ഥകൾ, മൂല്യവത്തായ സാംസ്കാരിക പൈതൃകം എന്നിവ സമന്വയിപ്പിക്കുന്ന മികച്ച കാർഷിക സംവിധാനങ്ങളാണ്. ഇന്ത്യയിൽ, മൂന്ന് കാർഷിക പൈതൃക സമ്പ്രദായങ്ങൾ GIAHS ആയി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
• കേരളത്തിലെ സമുദ്രനിരപ്പിന് താഴെയുള്ള കുട്ടനാട് കൃഷി സമ്പ്രദായം
• ഒഡീഷയിലെ കോരാപുട്ട് പരമ്പരാഗത കൃഷി
• കാശ്മീരിലെ പാംപോർ കുങ്കുമപൂവ് കൃഷി സംവിധാനം.
ആഗോള ശ്രദ്ധ ആവശ്യമുള്ള നിരവധി കാർഷിക പൈതൃക സംവിധാനങ്ങൾ ഇന്ത്യയിൽ ഇനിയും ഉണ്ട്. ദേശീയതലത്തിൽ അല്ലെങ്കിൽ പ്രാദേശിക തലത്തിൽ lകാർഷിക പൈതൃക സംവിധാനങ്ങൾ തിരിച്ചറിയുന്നതിന് കർഷകരും കാർഷിക ശാസ്ത്രജ്ഞരും ഉൾപ്പെടുന്ന ഒരു പങ്കാളിത്ത രീതി സ്വീകരിക്കുന്നത് നന്നായിരിക്കും. കാർഷിക പൈതൃക സംവിധാനങ്ങൾ തിരിച്ചറിയുന്നതിന് ഇനിപ്പറയുന്ന അഞ്ച് പൊതു മാനദണ്ഡങ്ങൾ ഉപയോഗിക്കാം.
1. ഉദ്ദേശിക്കുന്ന കാർഷിക സമ്പ്രദായം കർഷക സമൂഹങ്ങളുടെ ഭക്ഷണത്തിനും ഉപജീവന സുരക്ഷയ്ക്കും സംഭാവന നൽകുന്നതായിരിക്കണം.
സാധാരണഗതിയിൽ, കാർഷിക പൈതൃക സമ്പ്രദായങ്ങൾ തുടരുന്ന കർഷകർ, നിലവിലുള്ള പ്രതികൂല സാഹചര്യങ്ങളെ മറികടക്കാൻ വിളകളുടെയും മൃഗങ്ങളുടെയും പാരിസ്ഥിതിക പ്രവർത്തനങ്ങളുടെ പരസ്പര പ്രയോജനങ്ങൾ ഉത്തമമാക്കി കാര്യക്ഷമവും സുസ്ഥിരവുമായ ഉൽപാദന സംവിധാനങ്ങൾ വികസിപ്പിക്കുകയും സ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ടാവും. ഉദാഹരണത്തിന്, കുട്ടനാട്ടിലെ കൃഷി, വർഷം മുഴുവനും വെള്ളത്തിനടിയിലായ അവസ്ഥയിൽ നെല്ല് ഉൽപ്പാദിപ്പിക്കുന്നതിനുള്ള പ്രത്യേക സംവിധനങ്ങൾ രൂപപ്പെട്ടുവന്നു. അധിക ജലം എങ്ങനെ പുറത്തു കളയും എന്നതായിരുന്നു പ്രധാന പ്രശ്നം. സമുദ്രനിരപ്പിന് താഴെയുള്ള കൃഷിയുടെ വിജയത്തിന് ബണ്ടുകളുടെ നിർമ്മാണവും അവയുടെ പരിപാലനവും പ്രധാന ഘടകങ്ങളാണ്. താഴ്ന്ന നിലയിൽ നിന്ന് ഉയർന്ന നിലയിലേക്ക് വെള്ളം പമ്പ് ചെയ്യണം. ആദ്യ കാലങ്ങളിൽ തേക്കു കുട്ട, ചക്രം എന്നിവ ഉപയോഗിച്ചിരുന്നു. എന്നാൽ ഒന്നാം ലോകമഹായുദ്ധ കാലത്ത് കൊച്ചിയിലെ ഒരു വർക്ക്ഷോപ്പ് ഉടമ "പെട്ടിയും പറയും” എന്ന പ്രത്യേക പമ്പ് സെറ്റ് രൂപപ്പെടുത്തിയെടുത്തത് കുട്ടനാട്ടിലെ നെൽകൃഷിയെ മൊത്തത്തിൽ വിപ്ലവകരമായി മാറ്റി. " പെട്ടിയും പറയും” എന്ന് ഇപ്പോഴും അറിയപ്പെടുന്ന ഈ പ്രത്യേക പമ്പ് സെറ്റ് ആദ്യമായി നിർമ്മിച്ചത് 1916-ലാണ്.
2. സമ്പന്നവും അതുല്യവുമായ കാർഷിക ജൈവവൈവിധ്യമുള്ള ആവാസവ്യവസ്ഥയുടെ പ്രവർത്തനങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കണം.
പരിഗണിക്കുന്ന കാർഷിക സമ്പ്രദായം ഭൂവ്യവസ്ഥകളിൽ സമ്പന്നവും അതുല്യവുമായ കാർഷിക ജൈവവൈവിധ്യം പ്രതിഫലിപ്പിക്കണം. ഉദാഹരണത്തിന്, സ്പീഷിസുകൾ, ഇനങ്ങൾ, കർഷകരുടെ ഇനങ്ങൾ, വിള പരിവർത്തനം (crop rotation), ഒന്നിലധികം വിളകൾ, സമ്മിശ്ര കൃഷി, കാർഷിക വനവൽക്കരണം മുതലായവ. വിളവ് സുസ്ഥിരമാക്കാനും ഉൽപ്പാദനവും ആവാസവ്യവസ്ഥ സേവനങ്ങളും വർദ്ധിപ്പിക്കാനും നിരവധി വിളകളെയും ഇനങ്ങളെയും സംരക്ഷിച്ചും വളർത്തിയും വിളനാശത്തിന്റെ സാധ്യത കുറയ്ക്കാനുള്ള കർഷകരുടെ ശ്രമങ്ങളുടെ ഫലമാണിത്. ജനിതക വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഈ തന്ത്രം കർഷകർക്ക് കീടങ്ങൾ, രോഗങ്ങൾ, വരൾച്ച, മറ്റ് സമ്മർദ്ദങ്ങൾ എന്നിവയിൽ നിന്ന് സുരക്ഷിതത്വം നൽകുന്നു. കേരളത്തിലെ പുരയിടയാധിഷ്ഠിത കൃഷി സമ്പ്രദായം ഒരു ഉദാഹരണമാണ്.
3.സമ്പന്നമായ പരമ്പരാഗത അറിവുകളെയും സാങ്കേതികവിദ്യകളെയും അടിസ്ഥാനമാക്കിയുള്ളതാണ് ഈ സമ്പ്രദായങ്ങൾ
കാർഷിക പൈതൃക സമ്പ്രദായങ്ങൾ തുടരുന്ന കർഷകർക്ക് അവർ താമസിക്കുന്ന പ്രാദേശിക പാരിസ്ഥിതിക വ്യവസ്ഥകളുടെ സങ്കീർണതകളെക്കുറിച്ച് വിശാലമായ അറിവ് ഉണ്ടാകും. സസ്യങ്ങൾ, മൃഗങ്ങൾ, മണ്ണ്, പൊതു പരിസ്ഥിതി എന്നിവയെക്കുറിച്ചുള്ള അറിവ് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട നിരീക്ഷണങ്ങളുടെ ഒരു നീണ്ട പരമ്പരയിലൂടെ ശേഖരിക്കപ്പെട്ടതാണ്. പാരിസ്ഥിതിക സേവനങ്ങൾ സൃഷ്ടിക്കുന്നതിലും അവർ ആശ്രയിക്കുന്ന വിഭവ അടിത്തറ സംരക്ഷിക്കുന്നതിലും ജൈവ വൈവിധ്യം നിർണായക ഘടകമാണെന്ന് കർഷകർക്ക് അറിയാം. പ്രാദേശിക പ്രകൃതിവിഭവങ്ങൾ, തദ്ദേശീയ സാങ്കേതികവിദ്യകൾ, പ്രകൃതിവിഭവങ്ങളുടെയും ഭൂപ്രകൃതിയുടെയും മാനേജ്മെന്റ് സംവിധാനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട അറിവ് സംരക്ഷിക്കാൻ ഈ സംവിധാനം സഹായിക്കുന്നു.
4. ശക്തമായ സാംസ്കാരിക മൂല്യങ്ങൾ, സാമൂഹിക വ്യവസ്ഥയുടെ കൂട്ടായ രൂപങ്ങൾ, റിസോഴ്സ് മാനേജ്മെന്റിനും വിജ്ഞാന കൈമാറ്റത്തിനുമുള്ള മൂല്യ വ്യവസ്ഥകൾ എന്നിവ പ്രസ്തുത കാർഷിക സമ്പ്രദായത്തിന് ഉണ്ടായിരിക്കണം.
കാലക്രമേണ ഒരു പ്രത്യേക സമ്പ്രദായത്തിന് അനുയോജ്യമായ കാർഷിക സംവിധാനങ്ങളുടെ വികസനത്തോടൊപ്പം, സാമൂഹിക വ്യവസ്ഥ, മൂല്യ വ്യവസ്ഥ, റിസോഴ്സ് മാനേജ്മെന്റ് രീതികളുടെയും ഭക്ഷ്യ ഉൽപ്പാദന സാങ്കേതികവിദ്യകളുടെയും ഭാഗമായ സാംസ്കാരിക രീതികൾ എന്നിവയും വികസിച്ചുവന്നിട്ടുണ്ടാകണം. ഗ്രാമീണ സമൂഹങ്ങളിൽ ഉൾച്ചേർത്ത ഈ സാമൂഹിക വ്യവസ്ഥകൾ തങ്ങളുടെ പരമ്പരാഗത അറിവുകൾ വരും തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്നതിനു വഴിയൊരുക്കിയിട്ടുണ്ട്. മിക്ക കാർഷിക സമ്പ്രദായങ്ങളിലും കാർഷിക രീതികൾ, പരിസ്ഥിതി, ഉത്സവങ്ങൾ, ആചാരങ്ങൾ എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
5. രൂപപ്പെട്ടുവന്ന അതിശയകരമായ ഭൂപ്രകൃതികളും മറ്റ് സവിശേഷതകളും, ഭൂമിയുടെയും ജലത്തിന്റെയും വിനിയോഗം എന്നിവ തന്ത്രപ്രധാനമായ സംവിധാനങ്ങളുടെയും സാങ്കേതികവിദ്യകളുടെയും ഫലമായിരിക്കണം.
നമ്മുടെ പൂർവ്വികർ തങ്ങൾക്കാവശ്യമായ കാർഷികോൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന് പ്രകൃതിയെയും പരിസ്ഥിതിയെയും പലവിധത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതിനായി അവർ കുന്നുകൾ, മലകൾ, കാടുകൾ, തണ്ണീർത്തടങ്ങൾ, പ്രകൃതിദത്ത ജലപ്രവാഹങ്ങൾ എന്നിവയെ നിരപ്പ് തട്ടുകൾ, പുൽമേടുകൾ, സമ്മിശ്രവിള സമ്പ്രദായങ്ങൾ എന്നിങ്ങനെ മികച്ച ഭക്ഷ്യോത്പാദന സംവിധാനങ്ങളാക്കി മാറ്റി. ജനങ്ങൾ തമ്മിലുള്ള ദീർഘകാല ഇടപെടലുകൾ സംസ്‌കാരങ്ങളുടെയും ഭൂപ്രകൃതികളുടെയും വിശാലമായ ശ്രേണിയും കരയും വെള്ളവും കൈകാര്യം ചെയ്യുന്നതിനുള്ള സുസ്ഥിര സംവിധാനങ്ങളും സൃഷ്ടിച്ചു. മണ്ണ് സംരക്ഷിക്കുന്നതിനായി കേരളത്തിലെ കുന്നിൻ ചെരിവുകളിൽ കയ്യാലകൾ, കാസർഗോട്ടെ സുരംഗങ്ങൾ, കുടിവെള്ളം കിട്ടുന്നതിന് വയനാട്ടിലെ കേണി എന്നിവ ഉദാഹരണങ്ങളാണ്.
പൈതൃക കാർഷിക സമ്പ്രദായങ്ങളായി കരുതാൻ സാദ്ധ്യതയുള്ള കേരളത്തിലെ ചില കാർഷിക വ്യവസ്ഥകൾ താഴെ കൊടുക്കുന്നു..
• പൊക്കാളി, കൈപ്പാട് നെൽകൃഷി സമ്പ്രദായങ്ങൾ
• കോൾ കൃഷി
• അട്ടപ്പാടിയിലെ പഞ്ചകൃഷി
• മലഞ്ചെരുവുകളിലെ പ്യൂർട്ടോറിക്കൻ തട്ടുകൾ
• കാസർകോട് ജില്ലയിൽ കാണുന്ന സുരംഗം
• വയനാട്ടിലെ കേണി
• കട്ടമരം ഉപയോഗിച്ചുള്ള തീരദേശ മത്സ്യബന്ധനം
ഓരോ കാർഷിക പൈതൃക വ്യവസ്ഥയ്ക്കും അതിന്റേതായ വികസനത്തിന്റെ കഥയുണ്ട്. ഭക്ഷണവും ഉപജീവന സുരക്ഷയും പ്രദാനം ചെയ്യാനും മനുഷ്യന്റെ ക്ഷേമത്തിനും ജീവിത നിലവാരത്തിനും സംഭാവന നൽകാനും പ്രാദേശിക, ദേശീയ, ആഗോള തലങ്ങളിൽ മറ്റ് പാരിസ്ഥിതിക ഉൽപ്പന്നങ്ങളും സേവനങ്ങളും ഉൽപ്പാദിപ്പിക്കാനും ഇവക്കുള്ള ഇന്നത്തെയും ഭാവിയിലെയും കഴിവ് ഒരു ചരിത്ര സംവിധാനത്തിന്റെ പ്രസക്തിയായി തിരിച്ചറിയണം. അവയിൽ പലതും സുസ്ഥിര വികസനത്തിനായി മഹത്തായ സംഭാവനകൾ നല്കുന്നതായി കാണാം. കാലാവസ്ഥയുമായുള്ള പൊരുത്തപ്പെടൽ (adaptation), ലഘൂകരണം (mitigation), ഭൂമി, ജലം, ജൈവവൈവിധ്യം എന്നിവയുടെ സംരക്ഷണം പ്രത്യേക പരാമർശം അർഹിക്കുന്നു.
Content Highlights: about all you need to know about heritage agricultural traditions, biotalks
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..