പ്രതീകാത്മക ചിത്രം | Photo-AP
ഒരു നാട്ടിൽ കൃഷി ചെയ്യുന്ന വിളകളെ സ്വദേശി, വിദേശി എന്നിങ്ങനെ സാധാരണ തിരിക്കാറുണ്ട്. നമ്മൾ കൃഷി ചെയ്യുന്ന വിളകളിൽ നല്ലൊരു പങ്ക് വിദേശത്തു നിന്നും വന്നവയാണ്. നാടനാണോ, വിദേശിയാണോ എന്ന് തിരിച്ചറിയാനാവാത്തവിധം നമ്മുടെ നാടുമായി ഇഴുകി ചേർന്നവ ധാരാളമുണ്ട്. പച്ചമുളകും, കാന്താരിയും, വറ്റൽമുളകും, ഉരുളക്കിഴങ്ങും, കാപ്പിയുമൊക്കെ വിദേശികളാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കും. തേയിലയും നാട്ടുകാരനല്ല! റബ്ബർ, മരച്ചീനി, കശുവണ്ടി, കൈതച്ചക്ക, കൊക്കോ, ശീമച്ചക്ക, ശീമച്ചേമ്പ്, അവക്കാഡോ, മാംഗോസ്റ്റിൻ, സപ്പോട്ട, പാഷൻഫ്രൂട്ട്, പേര, പപ്പായ, ബിലിമ്പി, ചാമ്പ, പുകയില എന്നിവ പഴയകാല വരത്തന്മാരാണ്. അടുത്ത കാലത്ത് വന്നവരിൽ പ്രധാനികളാണ് റാംബൂട്ടാൻ, പുലാസൻ, ഡ്രാഗൺ പഴം, ദുരിയൻ, ജബോട്ടിക്കാബ, റൊളീനിയ, മിറക്കിൾ ഫ്രൂട്ട്, സ്റ്റാർ ആപ്പിൾ, സൂറിനാം ചെറി, കുപുവാസ്സു, മുട്ടപ്പഴം, അച്ചാച്ച പഴം മുതലായവ.
കേരളത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ആർദ്ര ഉഷ്ണമേഖലയിൽ പെടും (Humid tropics). സാധാരണ ഗതിയിൽ ഉഷ്ണമേഖലാ വിളകൾ മാത്രമേ ഇവിടെ വളർത്താൻ പറ്റൂ. പക്ഷേ, തണുപ്പുകൂടിയ ഹൈറേഞ്ച് പ്രദേശങ്ങൾ കൂടിയുള്ളതു കൊണ്ട് തണുപ്പു കാലാവസ്ഥയിൽ വളരുന്ന വിളകളും ചിലയിടങ്ങളിൽ വളർത്താൻ പറ്റും. ഇടുക്കി ജില്ലയിലെ കാന്തല്ലൂർ, വട്ടവട പ്രദേശങ്ങളിൽ ആപ്പിൾ, പീച്ച്, പ്ലം, സ്ട്രോബെറി എന്നിവ കൃഷി ചെയ്യുന്നുണ്ട്. തേയില, ഓറഞ്ച്, ഏലം, കാപ്പി എന്നിവയ്ക്കും മിതമായ കാലാവസ്ഥയേ പാടുള്ളു. അതു കൊണ്ടാണ് ഇവ വയനാട്ടിലും ഇടുക്കിയിലും പ്രസിദ്ധിയാർജ്ജിച്ചത്.
2011 ൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധത്തിൽ കേരളത്തിൽ 142 തരം വിളകളാണ് കൃഷി ചെയ്യുന്നത് എന്ന് കണ്ടു. ഈ സംഖ്യ വളരെ കുറവാണ് എന്നു കണ്ടതിനാൽ കേരളത്തിൽ കൃഷി ചെയ്യുന്ന വിളകളുടെ വൈവിധ്യം പരിശോധിക്കുന്നതിന് ഒരു കണക്കെടുക്കണം എന്നു തീരുമാനിച്ചു. മാത്രമല്ല, അടുത്തകാലത്ത് പല പുതിയ പഴങ്ങളും പച്ചക്കറികളും സമാന കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ നിന്നു കൊണ്ട് വരുന്ന പ്രവണത വർദ്ധിക്കുന്നതായും ശ്രദ്ധയിൽ പെട്ടു. പഠനത്തിൽ നിന്നുള്ള വിവരങ്ങൾ അതിശയിപ്പിക്കുന്നതാണ്! കേരളത്തിൽ 82 സസ്യകുടുംബങ്ങളിൽ ഉൾപ്പെടുന്ന 452 വിളകൾ ഏറിയും കുറഞ്ഞുമായി കൃഷി ചെയ്യുന്നുണ്ട്!
നാടനും വിദേശിയുമടക്കം 118 പഴവർഗ്ഗങ്ങൾ കേരളത്തിൽ കൃഷി ചെയ്യുന്നുണ്ട്! പച്ചക്കറികൾ 73 എണ്ണമാണ്. ധാന്യങ്ങൾ -15, പയർവർഗങ്ങൾ-10, എണ്ണക്കുരുക്കൾ-8, കിഴങ്ങ് വിളകൾ 24, സ്റ്റാർച്ച്-മധുര വിളകൾ-8 എന്നിങ്ങനെയാണ് ഭക്ഷ്യയോഗ്യമായ മറ്റ് വിളകൾ. ഭക്ഷ്യയോഗ്യമായ വിളകൾ എല്ലാം കൂടി 256 എണ്ണമുണ്ട്. പാനീയ വിളകൾ 5 ഉം, സുഗന്ധ വിളകൾ 21 ഉം ആണ്. വളരെയധികം വൈവിധ്യം കാണപ്പെടുന്ന പഴവർഗ്ഗമാണ് കേരളത്തിന്റെ ഔദ്യോഗിക ഫലം കൂടിയായ നമ്മുടെ സ്വന്തം പ്ലാവ്. ഇനങ്ങളുടെ വൈവിധ്യം സ്വാഭാവികമായും ഇന്ത്യക്കാരായ വിളകളിലാവും കൂടുതലുണ്ടാവുക. ഈ വൈവിധ്യം വളരെയധികം കാണപ്പെടുന്ന വിളകളാണ് നെല്ല്, മാവ്, പ്ലാവ്, കുരുമുളക്, ഏലം മുതലായവ. പരപരാഗണം നടക്കുന്നതു കൊണ്ടാവും വിദേശിയായ മരച്ചീനിയിലും നല്ല തോതിൽ വൈവിധ്യം കാണുന്നുണ്ട്.
സാധാരണ വളർത്തുന്ന 45 ഔഷധ സസ്യങ്ങൾ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തീറ്റപ്പുല്ലുകൾ 42 എണ്ണമുണ്ട്. ധാരാളം അലങ്കാര സസ്യങ്ങളുണ്ടെങ്കിലും പൂക്കൾ മുറിച്ചുപയോഗിക്കുന്ന (cut flowers) 20 എണ്ണത്തിന്റെ പേരു മാത്രമേ ലിസ്റ്റിൽ പെടുത്തിയിട്ടുള്ളൂ. അലങ്കാര ഇലകൾക്കു (Cut Foliage) വേണ്ടിയുള്ളവ 14 എണ്ണമുണ്ട്. മറ്റുള്ളവ, ആവരണ വിളകൾ-4, പച്ചില വിളകൾ-10, നാര് വിളകൾ-6 , റബ്ബര്‍-1, തൈലങ്ങൾ (essential oils)-7, പലവക ഉപയോഗങ്ങൾ-18 എന്നിങ്ങനെയാണ്. ഈ ലിസ്റ്റ് പോലും പൂർണ്ണമാകണമെന്നില്ല!
ഇത്രയധികം വിളകൾ ഉണ്ടെങ്കിലും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവയുടെ എണ്ണം കുറവാണ്. മിക്കവയും പുരയിട കൃഷിയുടെ ഭാഗമായാണ് വളർത്തുന്നത്. കേരളത്തിൽ ഒരു ലക്ഷം ഹെക്ടറിനു മുകളിൽ വിസ്തൃതിയുള്ള വിളകൾ നാലെണ്ണമേ ഉള്ളൂ — തെങ്ങ്, റബ്ബർ, നെല്ല്, വാഴ എന്നിവ. ഇവയുൾപ്പെടെ 10,000 ഹെക്ടറിൽ കൂടുതൽ വിസ്തൃതിയുള്ള വിളകൾ 17 എണ്ണം മാത്രമാണ്. ഇവയെ വിസ്തീർണ്ണം അനുസരിച്ച് റാങ്ക് ചെയ്താലുള്ള ക്രമം: തെങ്ങ് (1), റബ്ബർ (2) , നെല്ല് (3), വാഴ (4), കമുക് (5), പ്ലാവ് (6), കാപ്പി (7), കുരുമുളക് (8), മാവ് (9), മരച്ചീനി (10), കശുവണ്ടി (11), ഏലം (12), തേയില (13), ജാതി (14), പപ്പായ (15), മുരിങ്ങ (16), കൊക്കോ (17). 5000 ഹെക്ടറിൽ കൂടുതൽ കൃഷിയുള്ളവയുടെ കണക്കും കൂടിയെടുത്താൽ അഞ്ചു വിളകൾ കൂടിയുണ്ടാവും, വാളൻ പുളി (18), കൈതച്ചക്ക (19), ചേമ്പ് (20), ചേന (21), പച്ചപയർ (22) എന്നിങ്ങനെ.
വിളകളുടെ ലിസ്റ്റും പഠനത്തിന്റെ കൂടുതൽ വിവരങ്ങളും അറിയാൻ താത്പര്യമുള്ളവർക്ക് പ്രബന്ധത്തിന്റെ പൂർണ രൂപം ഇവിടെ വായിക്കാം. ലിങ്ക് കൊടുക്കുന്നു.
https://www.researchgate.net/publication/360577016_DIVERSITY_OF_CULTIVATED_CROPS_IN_KERALA
Content Highlights: about all you need to know about crops in kerala;bio talks
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..