...
ഭൂമിയിലെ ജീവികൾ തമ്മിലുള്ള വ്യത്യാസങ്ങൾ സൂചിപ്പിക്കാനാണ് ജൈവവൈവിധ്യം അഥവാ ബയോഡൈവേർസിറ്റി എന്ന പദം ഉപയോഗിച്ച് തുടങ്ങിയത്. ഈ ലോകത്ത്, പ്രോട്ടോസോവ, ബാക്ടീരിയ തുടങ്ങിയ ഏകകോശ ജീവികളും, സസ്യങ്ങൾ, മൃഗങ്ങൾ, മത്സ്യങ്ങൾ, കടൽ ജീവികൾ തുടങ്ങി ലക്ഷക്കണക്കിന് ബഹുകോശ ജീവികളും വസിക്കുന്നു. ഭൂപ്രകൃതിവ്യത്യാസങ്ങളും, മണ്ണും, വെള്ളവും, കാലാവസ്ഥയുമൊക്കെ ചേർന്ന് വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളെ സൃഷ്ടിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ, ഭൂമിയിലെ വിവിധങ്ങളായ സസ്യങ്ങളും, ജന്തുക്കളും, സൂക്ഷ്മജീവികളും, അവയുടെ ആവാസ വ്യവസ്ഥകളും ചേർന്നു സമ്പന്നമായ അവസ്ഥയെ സൂചിപ്പിക്കാനാണ് ജൈവവൈവിധ്യം (Biodiversity) എന്ന വാക്ക് ഉപയോഗിക്കുന്നത്.
വർഗ്ഗീകരണ ശാസ്ത്രമനുസരിച്ചു പരസ്പരം ബീജസങ്കലനം നടത്തി ഉൽപ്പാദന ശേഷിയുള്ള സന്താനങ്ങളെ ഉത്പാദിപ്പിക്കുന്ന ഏറ്റവും താഴെതട്ടിലുള്ള ജൈവജാതിയാണ് ‘സ്പീഷീസ്’. ഒരേ സ്പീഷീസിൽ തന്നെയുള്ള വ്യത്യാസങ്ങളാണ് സസ്യയിനങ്ങളും (Botanical Varieties) കാർഷികയിനങ്ങളും (cultivated varieties/cultivars). ഈ ‘ഇനങ്ങൾ’ എല്ലാം ഒരേ ആവാസവ്യവസ്ഥയിൽ ആയിരിക്കില്ല ജീവിക്കുന്നത്. ചുരുക്കത്തിൽ, ജൈവവൈവിധ്യം മൂന്നു തലങ്ങളില്‍ പ്രകടമാകുന്നു...
ജൈവജാതി വൈവിധ്യം (Species Diversity):ജൈവജാതി വൈവിധ്യത്തിന്റെ അടിസ്ഥാനഘടകം സ്പീഷീസ് ആണ്. തദ്ദേശീയവും, വിദേശീയവുമായ സ്പീഷീസുകൾ അതില്‍പ്പെടുന്നു. തെങ്ങ്, നെല്ല്, മാവ്, പ്ലാവ്, ഗോതമ്പ്, പശു, ആട്, ആന, കോഴി, താറാവ് മുതലായവ ജൈവജാതിവൈവിധ്യത്തിന് ഉദാഹരണങ്ങളാണ്. ഭൂമുഖത്ത് 87 ലക്ഷം സ്പീഷിസുകളുണ്ട് (Eukaryotic) എന്നാണ് മതിപ്പെങ്കിലും രേഖപ്പെടുത്തിയിട്ടുള്ളതു ഏതാണ്ട് 17 ലക്ഷം മാത്രമാണ്.
ജനിതക വൈവിധ്യം (Genetic Diversity):ഭൂമിയിലെ ഓരോ ജൈവജാതിയിലും കാണുന്ന വ്യതിയാനങ്ങള്‍ക്കു കാരണം അവയിലെ ജീനുകളുടെ വ്യത്യാസമാണ്. അതു കൊണ്ടു തന്നെ ജൈവവൈവിധ്യത്തിന്റെയും അടിസ്ഥാനം ജനിതക വൈവിധ്യമാണ്. ഉദാഹരണത്തിന്, നെൽച്ചെടിയെന്നത് ഒറൈസസറ്റെവ എന്ന സ്പീഷീസ് ആണെങ്കിലും, പതിനായിരത്തിൽപ്പരം നെല്‍ച്ചെടി ഇനങ്ങളുള്ളതായി കണക്കാക്കുന്നു. തവളക്കണ്ണൻ, തെക്കൻ ചീര, ചിറ്റേനി, ഉമ, ജ്യോതി, കാഞ്ചന, മനുവർണ എന്നിവയൊക്കെ നെല്ലിന്റെ ചില ഇനങ്ങളാണ്.
ആവാസവ്യവസ്ഥാ വൈവിധ്യം (Ecosystem Diversity):ജീവികളും, അവയുടെ ജൈവവും അജൈവവുമായ ചുറ്റുപാടുകളും, അവ തമ്മിലുള്ള പരസ്പര ബന്ധവുമാണ് ആവാസവ്യവസ്ഥ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വനങ്ങള്‍, പുല്‍മേടുകൾ, മരുഭൂമികൾ, കണ്ടല്‍ക്കാടുകൾ, കാവുകൾ, തണ്ണീര്‍ത്തടങ്ങൾ, ശുദ്ധജലതടാകങ്ങൾ, സമുദ്രം എന്നിങ്ങനെ അനേകതരം ആവാസവ്യവസ്ഥകൾ ഉണ്ട്.
അതാതു രാജ്യത്തിന്റെ ഭൂപ്രദേശ പരിധിക്കുള്ളിലുള്ള ജൈവവിഭവങ്ങളുടെ മേൽ ആ രാജ്യത്തിന് മാത്രമേ പരമാധികാരമുള്ളൂ എന്ന കാര്യം ലോക രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ട്. ജൈവവിഭവങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ ഓരോ രാജ്യവും കൈക്കൊള്ളണമെന്നും നിര്‍ദ്ദേശമുണ്ട്. വിവിധ ജനവിഭാഗങ്ങൾ അവരുടെ പാരമ്പര്യ അറിവിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ജൈവവിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗത്തിനു നല്‍കി വരുന്ന സംഭാവനകളെ അംഗീകരിക്കുകയും, ഈ അറിവുകൾ വാണിജ്യവത്കരിക്കുമ്പോൾ ഉളവാകുന്ന ലാഭം അത്തരം വിഭാഗങ്ങളുമായി നീതിപൂര്‍വമായി പങ്കു വെക്കണമെന്നും നിഷ്കർഷിക്കുന്നുണ്ട്.
റിവറ്റ് പോപ്പർ സിദ്ധാന്തം
കാലാവസ്ഥാമാറ്റം ജൈവവൈവിധ്യത്തെ അഥവാ ബയോഡൈവേർസിറ്റിയെ അതി ഗുരുതരമായി ബാധിക്കുമെന്ന് നാം കേൾക്കുന്നുണ്ട്. വംശനാശം സംഭവിക്കുന്ന ജീവികളെക്കുറിച്ചും, ചില ജീവികളുടെ എണ്ണം കുറഞ്ഞു വരുന്നവെക്കുറിച്ചും നാം ഉത്കണ്ഠപ്പെടാറുമുണ്ട്. ജൈവവൈവിധ്യത്തെക്കുറിച്ച് സാധാരണക്കാർക്ക് ഒരു സംശയം ഉണ്ടായേക്കാം. ഇത്രയൊക്കെ പറയാൻ മാത്രം ഇതിൽ എന്താണ് ഇരിക്കുന്നത്? ഒന്നോ രണ്ടോ ജീവികളുടെ വംശനാശം നമ്മുടെ പ്രകൃതിക്ക് എന്തു കുഴപ്പമാണ് ഉണ്ടാക്കാൻ പോകുന്നത്? ഇത് നമ്മുടെ ജീവിതത്തെ ബാധിക്കുമോ? ഈ സംശയങ്ങൾ ദൂരീകരിക്കുന്നതിന്, പോൾ എർലിച്ച് നിർദ്ദേശിച്ച 'റിവറ്റ് പോപ്പർ സിദ്ധാന്തം'(Rivet Popper Hypothesis) ഉപയോഗപ്രദമായിരിക്കും.
'റിവറ്റ് പോപ്പർ സിദ്ധാന്തം’ വിശദീകരിക്കാൻ പോൾ എർലിച്ച് ആവാസവ്യവസ്ഥയെ ഒരു വിമാനവുമായി താരതമ്യപ്പെടുത്തുകയുണ്ടായി. നിരവധി റിവറ്റുകൾ കൊണ്ടാണ് വിമാനത്തിന്റെ വിവിധ ഭാഗങ്ങൾ കൂട്ടിച്ചേർത്തിട്ടുള്ളത്. അദ്ദേഹം റിവറ്റുകളെ ആവാസവ്യവസ്ഥയിലെ സ്പീഷീസുകളുമായി താരതമ്യം ചെയ്തു. ചില റിവറ്റുകൾ മറ്റുള്ളവയേക്കാൾ പ്രധാനമാണെന്ന് അദ്ദേഹം കണ്ടു (ഉദാ: സിംഹം , കടുവ പോലുള്ള കീ സ്റ്റോൺ സ്പീഷിസുകൾ). കാരണം, അവ വിമാനത്തിന് ഘടനാപരമായി നിർണായകമായ ഭാഗത്ത് (പ്രധാന ആവാസവ്യവസ്ഥയുടെ ഭാഗമായി)ഉള്ളവയാണ്.
വിമാനത്തിൽ യാത്ര ചെയ്യുന്ന ഓരോ യാത്രക്കാരനും വീട്ടിലേക്ക് കൊണ്ടുപോകാൻ ഒരു റിവറ്റ് വീതം മെമ്മന്റോ ആയി എടുക്കാൻ തുടങ്ങിയാൽ (ആവാസവ്യവസ്ഥയിൽ, ഒരു ജീവി ഇല്ലാതാവുന്നതിന് തുല്യം!), തുടക്കത്തിൽ, അത് ഫ്ലൈറ്റ് സുരക്ഷയെ ബാധിച്ചുവെന്ന് വരില്ല (ആവാസവ്യവസ്ഥയെയും!). എന്നാൽ, കൂടുതൽ കൂടുതൽ റിവറ്റുകൾ നീക്കംചെയ്യപ്പെട്ടുകൊണ്ടേയിരുന്നാൽ, ഒരു നിശ്ചിത കാലയളവു കൊണ്ട് വിമാനം അപകടകരമായി ദുർബലമാകും. കൂടാതെ, ഏത് ഭാഗത്തെ റിവറ്റ് നീക്കംചെയ്യുന്നു എന്നതും നിർണ്ണായകമാണ്. ഉദാഹരണത്തിന്, വിമാനത്തിന്റെ സീറ്റിലെ റിവറ്റുകളാണെങ്കിൽ സീറ്റ് ഇരുന്നു പൊകുമെന്നേയുള്ളൂ, വിമാനത്തിന്റെ സുരക്ഷയെ ബാധിക്കാനിടയില്ല. പക്ഷേ, ചിറകുകളിലെ റിവറ്റുകൾ നഷ്ടപ്പെടുന്നത് വിമാനത്തിനുള്ളിലെ സീറ്റുകളിലോ ജനലുകളിലോ ഉള്ള കുറച്ച് റിവറ്റുകൾ നഷ്ടപ്പെടുന്നതിനേക്കാൾ ഫ്ലൈറ്റ് സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയായിരിക്കും.
ഒരു പാരിസ്ഥിതിക സമൂഹത്തിന്റെ പ്രവർത്തനത്തെയും വൈവിധ്യത്തെയും ബാധിക്കുന്ന ഒരു പ്രത്യേക ജീവിയുടെ നഷ്ടം ഒരു ആവാസവ്യവസ്ഥ ജീർണിക്കാൻ കാരണമായേക്കാം. ഉദാഹരണത്തിന്, തുടർച്ചയായ വേട്ടയാടൽ, മൃഗങ്ങളെ തിരഞ്ഞെടുത്ത് കൊല്ലുന്നത് എന്നിവ ഭക്ഷ്യ ശൃംഖലയെ ഗുരുതരമായി ബാധിക്കുകയും ചില സ്പീഷീസുകളുടെ വംശനാശത്തിനു തന്നെ കാരണമാവുകയും ചെയ്യും.. അത് പോലെ തന്നെയാണ് വന നശീകരണവും കാടുകളുടെ തുടർച്ച നഷ്ടപ്പെടുന്നതും.
ജൈവവൈവിധ്യം നേരിടുന്ന വെല്ലുവിളികൾ പരിഗണിച്ച് ലോകത്ത് 36 ബയോ ഡൈവേർസിറ്റി ഹോട്ട്സ്പോട്ടുകൾ (Biodiversity Hotspots) രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ നാലെണ്ണം ഭാരതത്തിന്റെ ഭാഗമാണ്. “പശ്ചിമഘട്ടവും ശ്രീലങ്കയും” എന്ന ഹോട്ട്സ്പോട്ടിലാണ് കേരളം ഉള്ളത് എന്ന കാര്യവും ഓർക്കുക. കേരളത്തിലെ ശ്രദ്ധേയമായ ജൈവവൈവിധ്യത്തിന്റെ ഭൂരിഭാഗവും പശ്ചിമഘട്ട മലനിരകളെ കേന്ദ്രീകരിച്ചു സംരക്ഷിക്കപ്പെടുന്നു. പക്ഷേ, വംശനാശ ഭീഷണി നേരിടുന്ന ധാരാളം ജീവികൾ ഇവിടുണ്ട് എന്ന കാര്യം മറന്നു കൂടാ.
ജൈവവൈവിധ്യം സംരക്ഷിക്കാൻ ഒരുമയോടെ ലോകം
ജൈവവൈവിധ്യം അഥവാ ബയോഡൈവെർസിറ്റിയെ കുറിച്ച് ജനങ്ങൾ കാര്യമായി സംസാരിച്ചു തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. 1992 ജൂൺ അഞ്ചാം തീയതി ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ഭൗമ ഉച്ചകോടിയുടെ ഭാഗമായ ലോക ജൈവവൈവിധ്യ ഉടമ്പടിയിൽ ഒപ്പുവെച്ച 168 രാജ്യങ്ങളിൽ ഭാരതവും ഉള്‍പ്പെടുന്നു (ഇതേവരെ 196 രാജ്യങ്ങൾ ഈ ഉടമ്പടിയിൽ ഒപ്പ് വെച്ചിട്ടുണ്ട്). 1993 ഡിസംബർ 29നു ജൈവവൈവിധ്യ ഉടമ്പടി പ്രാബല്യത്തിലായി. ഈ ഉടമ്പടിയുടെ ഭാഗമായാണ് ഇന്ത്യൻ പാര്‍ലമെന്‍റ് ജൈവ വൈവിധ്യ ആക്ട്, 2002 പാസ്സാക്കിയത്. ഈ ചട്ടങ്ങൾ പ്രകാരം ദേശീയ ജൈവവൈവിധ്യ അതോറിറ്റി 2003 ൽ സ്ഥാപിതമായി. 2005 ൽ തന്നെ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡും സ്ഥാപിക്കപ്പെട്ടു.
അതാതു രാജ്യത്തിന്റെ ഭൂപ്രദേശ പരിധിക്കുള്ളിലുള്ള ജൈവവിഭവങ്ങളുടെ മേൽ ആ രാജ്യത്തിന് മാത്രമേ പരമാധികാരമുള്ളൂ എന്ന പ്രഖ്യാപനവും ലോക ജൈവവൈവിധ്യ ഉടമ്പടി പ്രകാരം ഉണ്ടായി. ജൈവവിഭവങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ ഓരോ രാജ്യവും കൈക്കൊള്ളണമെന്നും നിര്‍ദ്ദേശമുണ്ട്. കൂടാതെ വിവിധ ജനവിഭാഗങ്ങൾ അവരുടെ പാരമ്പര്യ അറിവിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ജൈവവൈവിധ്യ സംരക്ഷണത്തിനും അവയുടെ സുസ്ഥിരമായ ഉപയോഗത്തിനും നല്‍കി വരുന്ന സംഭാവനകളെ അംഗീകരിക്കുകയും, ഈ പാരമ്പര്യ അറിവുകൾ വാണിജ്യവത്കരിക്കുമ്പോൾ ഉളവാകുന്ന ലാഭം അത്തരം വിഭാഗങ്ങളുമായി നീതിപൂര്‍വമായി പങ്കു വെക്കണമെന്നും ആവശ്യപെടുന്നു.
ജൈവവൈവിധ്യ ആക്ട് പ്രകാരം പ്രാദേശിക തലത്തിൽ ജൈവവിഭവങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്താനും, അവയുടെ സുസ്ഥിര ഉപയോഗം പ്രോത്സാഹിപ്പിക്കാനും, പാരമ്പര്യ സസ്യജന്തു ജാതികളെ സംരക്ഷിക്കുന്നതിനും, അവയെ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്താനും മറ്റുമായി എല്ലാ തദ്ദേശ ഭരണകൂടങ്ങളും ജൈവവൈവിധ്യ പരിപാലന സമിതികൾ (Biodiversity, Management Committee, BMC) രൂപീകരിക്കണമെന്നു നിഷ്കർഷയുണ്ട്. പ്രാദേശികമായി ജൈവവൈവിധ്യത്തിന്റെ കാവലാൾ സംഘങ്ങളായി ബി.എം.സി. കൾ പ്രവർത്തിക്കണം. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ പ്രവർത്തനങ്ങൾ ബി.എം.സി. കൾ വഴിയാണ് നടത്തുക.
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് നിലവിൽ വന്നതിനു ശേഷം ഏറ്റെടുത്ത ഒരു പ്രധാന പ്രവർത്തനമാണ് നമ്മുടെ നാട്ടിലെ ജൈവവൈവിധ്യം രേഖപ്പെടുത്താനുള്ള ശ്രമം. ജനകീയ പങ്കാളിത്തത്തോട് കൂടി കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ജൈവവൈവിധ്യം രേഖപ്പെടുത്തുകയും അവ ജൈവവൈവിധ്യ രജിസ്റ്ററുകൾ ആയി തയ്യാറാക്കപ്പെടുകയും ചെയ്തു കഴിഞ്ഞു. ഇവയെ തുടന്ന് സംരക്ഷിക്കുക എന്ന കർത്തവ്യമാണ് ഇനിയുള്ളത്.
(കേരള സ്റ്റേറ്റ് ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് ചെയര്‍മാനാണ് ലേഖകന്‍)
Content Highlights: about all you need to know about biodiversity
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..