ഉടുമ്പ് പിടിച്ചപോലെ എന്ന് പറയുമെങ്കിലും 
അത്ര കടുത്ത പിടുത്തമൊന്നുമല്ല ഉടുമ്പിന്റേത്

'ഉടുമ്പ്'  എന്ന് കേള്‍ക്കുമ്പോള്‍  പോലീസ് സ്റ്റേഷന്‍ കേഡി ലിസ്റ്റിലെ സ്ഥിരം തല്ല് -കളവ് കേസ് തല്ലിപ്പൊളികളായ ചിലര്‍ക്കുള്ള  വിശേഷണപ്പേരിന്റെ  ആദ്യഭാഗമായാണ് തോന്നുക. ഉടുമ്പിനെ ആദ്യമായി കാണുന്ന  ചെറിയകുട്ടികള്‍ ''ദിനോസാറിന്റെ  കുട്ടി''  എന്ന് പറഞ്ഞ്  വാപൊളിച്ച് നില്‍ക്കുന്നത് കാണാം. അവര്‍കണ്ട കാര്‍ട്ടൂണുകളിലേയും സിനിമകളിലേയും ഭീമന്മാരുടെ മിനിയേച്ചറായി അവര്‍ക്ക് വേഗം തോന്നും. അത്രമാത്രം ഉണ്ട് സാമ്യം. രണ്ടായി പിളര്‍ന്ന നീളന്‍  നാവ് പാമ്പിനെപ്പോലെ ഇടക്കിടെ പുറത്തേക്ക് നീട്ടിയുള്ള ആ നോട്ടവും  നടത്തവും കാണുമ്പോള്‍  ഒരു ഉള്‍ക്കിടിലം ആര്‍ക്കും ഉണ്ടാകും. പക്ഷെ മഹാ സാധുവും പേടിക്കാരുമാണ് ഇവര്‍. 

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ഉടുമ്പ് പിടിച്ചപോലെ എന്നൊരു ഭാഷാ പ്രയോഗം ഉണ്ട്. അഭിപ്രായങ്ങളിലെ കടും പിടുത്തം ആണ് ഉദ്ദേശിക്കുന്നത്. ഉടുമ്പിന്റെ പിടിത്തം വിടുവിപ്പിക്കാന്‍ വലിയ പ്രയാസം ആണെന്നാണ് വെപ്പ്. പക്ഷെ അത്ര കടുത്ത പിടുത്തമൊന്നും  അല്ല ഉടുമ്പിന്റേത്. കരുത്തുള്ള മുന്‍ പിന്‍ കാലുകളിലെ കൂര്‍ത്ത നഖങ്ങള്‍കൊണ്ട് കിട്ടിയ ഇടത്ത് അമര്‍ത്തിപ്പിടിക്കാനാകും എന്നുമാത്രം.

monitor lizard
ഉടുമ്പിന്റെ കാൽപ്പാദം | getty images

ഛത്രപതി ശിവജിയുടെ പടയാളികള്‍  മുഗള്‍ മറാത്ത യുദ്ധകാലത്ത് 1670 ല്‍ കൊണ്ടാന  കോട്ട ( സിംഹഗഡ്) പിടിച്ചടക്കിയത്  ഉടുമ്പിന്റെ  സഹായത്തോടെയാണെന്ന് ഒരു കഥയുണ്ട്.  ഔറംഗസീബിന്റെ  കീഴിലുള്ള രജപുത്താനയിലെ ജയ് സിംഹിന്റെ അധീനതയിലുള്ളതായിരുന്നു  കോട്ട .  ഉദയഭാന്‍സിംഗ് രത്തോഡായിരുന്നു കോട്ട കാത്തിരുന്നത്. രാത്രി രഹസ്യമായി  ചെങ്കുത്തായ കോട്ടമതില്‍ കയറാന്‍ ശിവജിയുടെ സേനാനായകനായ  തനാജി മലുസറെയുടെ പട്ടാളത്തെ പരിശീലനം കിട്ടിയ 'യശ്വന്തി' എന്ന വളര്‍ത്ത് ഉടുമ്പാണ്  സഹായിച്ചതത്രെ ! അരയില്‍ കെട്ടിയ കയറേണിയുമായി മുകളിലേക്ക് കയറിയ ഉടുമ്പ് കൊത്തളത്തില്‍ ചുറ്റിവരിഞ്ഞ് നിന്നെന്നും - ആ കയറില്‍ പിടിച്ച്  മുകളില്‍ കയറി തനാജിയും കൂട്ടരും ശത്രുവിനെ കീഴ്‌പ്പെടുത്തി എന്നുമാണ് കഥ.  നമ്മുടെ വടക്കന്‍പാട്ട് കഥകള്‍ സിനിമയാക്കിയപ്പോള്‍  പ്രേംനസീറിന്റെ നായകന്‍ വില്ലന്റെ പൊന്നാമ്പുരം  കോട്ടകളില്‍  കയറുന്നതും ഇത്തരത്തില്‍ ഉടുമ്പിനെ കയറുകെട്ടിക്കയറ്റിയാണ്.  കായംകുളം കൊച്ചുണ്ണിയേപ്പോലുള്ള  ചില വമ്പന്‍ കള്ളന്മാരുടെ കഥകളിലും ഉടുമ്പിനെ കാണാം.  പക്ഷെ ഒരു ഒത്ത  മനുഷ്യന്റെ ഭാരം താങ്ങും  വിധം ഉടുമ്പിന് ചുമരില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ കഴിയില്ല എന്നാണ് കരുതപ്പെടുന്നത്.  പലതും വെറും അതിശയോക്തി കഥകള്‍ മാത്രമാകാനാണ് സാദ്ധ്യത.

comado dragon
ഇന്തോനേഷ്യയിലെ കൊമോഡോ ദ്വീപില്‍ കണ്ടെത്തിയ  ഭീമാകാരന്മാരായ കൊമോഡോ ഡ്രാഗണാണ്
മോണിട്ടര്‍ ലിസാര്‍ഡുകളില്‍ ഏറ്റവും വലിപ്പം കൂടിയ ഇനം |Getty images

 മിമിക്രിക്കാര്‍  നടന്‍ ജയനെ അനുകരിച്ച് ഭീമന്‍ രഘു മോഡലില്‍ മസിലു പെരുപ്പിച്ച് തല ഇരുവശത്തോട്ടും ചെറുതായി ചലിപ്പിച്ച്  നടക്കുന്നത് പോലെയാണ് ഉടുമ്പിന്റെ  നടത്തം കണ്ടാല്‍ തോന്നുക.  മുന്‍ കാലുകള്‍ പതുക്കെ ഓരോന്നായി  മുന്നോട്ട് വെച്ച് ആഞ്ഞ്  ആഞ്ഞ് നടക്കും. പക്ഷെ പേടി പറ്റിയാല്‍ ഒരൊറ്റ ഓട്ടമാണ്.
വരാണസ് (  Varanus) ജനുസില്‍പ്പെട്ട ഉരഗമാണ് ഉടുമ്പ്.  ആഫ്രിക്കയിലും ഏഷ്യയിലും ആണ് പ്രധാനമായും ഇവയെ കാണുക. ലോകത്തെങ്ങുമായി ഈ ജനുസില്‍ എണ്‍പതോളം സ്പീഷിസുകളെ ഇതുവരെയായി കണ്ടെത്തീട്ടുണ്ട്. മോണിറ്റര്‍ ലിസാര്‍ഡ് എന്നാണ്  ഇംഗ്ലീഷില്‍ വിളിക്കുക. പിന്‍ കാലുകളില്‍ ശരീരം ഉയര്‍ത്തിപ്പിടിച്ച് ഉയര്‍ന്ന് നിന്ന് ചുറ്റും നിരീക്ഷിക്കുന്ന സ്വഭാവം ഉള്ളതിനാലാണ് 'നിരീക്ഷകന്‍ ' എന്ന പേര് നല്‍കിയത്.   മുതലമുട്ടകള്‍ തട്ടിയെടുക്കാനായി ഇവര്‍ ചതുപ്പും  വെള്ളക്കെട്ടും ഉള്ള സ്ഥലങ്ങളില്‍  തഞ്ചിനില്‍ക്കുന്നത് കാണാം.  അതിനാല്‍ ഇവയുടെ സാന്നിദ്ധ്യം മുതല അടുത്തുള്ളതിന്റെ  അപായ സൂചന നമുക്ക് നല്‍കും എന്നതിനാലും ആവാം 'മോണിറ്റര്‍ ലിസാര്‍ഡ്' എന്ന  പേര് കിട്ടിയത്. ഇന്തോനേഷ്യയിലെ കൊമോഡോ ദ്വീപില്‍ കണ്ടെത്തിയ  ഭീമാകാരന്മാരായ കൊമോഡോ ഡ്രാഗണാണ് ( Varanus komodoensis)  മോണിട്ടര്‍ ലിസാര്‍ഡുകളില്‍ ഏറ്റവും വലിപ്പം കൂടിയ ഇനം. പത്തടി നീളവും എഴുപത് കിലോ ഭാരവും ഉള്ള ഇവ അപകടകാരികൂടിയാണ്.

monitor Lizard

സൂക്ഷ ഗന്ധം തിരിച്ചറിയാന്‍ സഹായിക്കുന്ന ഉടുമ്പിന്റെ
പിളര്‍ന്ന നാവ് | ഫോട്ടോ : രാമനാഥ പൈ

നല്ല കാഴ്ച ശക്തിയുള്ളവരാണെങ്കിലും ഇവരുടെ പിളര്‍ന്ന നാവാണ് ചുറ്റുപാടിനെ അറിയാനുള്ള കാര്യക്ഷമമായ അവയവം. അന്തരീക്ഷത്തിലെ വളരെ നേര്‍ത്ത ഗന്ധ സാന്നിദ്ധ്യം പോലും 'രുചിച്ചറിയാന്‍' ഇവക്കാകും

ഇന്ത്യയില്‍ ഉടുമ്പുകള്‍ നാല് വിധം

ഇന്ത്യയില്‍ 4 തരത്തിലുള്ള ഉടുമ്പുകളാണുള്ളത് ബംഗാള്‍ ഉടുമ്പ് അഥവ ഇന്ത്യന്‍ ഉടുമ്പ്   (Bengal monitor- Varanus benghalensis) ,  മരു ഉടുമ്പ് ( desert monitor -V. griseus), മഞ്ഞ ഉടുമ്പ് ( yellow monitor -  V. flavescens),   നീരുടുമ്പ്  ( water monitor-  V. salvator)  എന്നിവ. ഇവയെ കൂടാതെ കുറേ സബ് സ്പീഷിസുകള്‍ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തില്‍ വരാണസ് ബംഗാളന്‍സിസ്  എന്ന ഇനം  മാത്രമാണ്  കാണപ്പെടുന്നത്. മണ്ണുടുമ്പ്,  കാരുടുമ്പ് , പൊന്നുടുമ്പ് എന്നൊക്കെ  പല പേരുകള്‍ ഇതിനെ വിളിക്കുന്നുണ്ട്.  കുഞ്ഞു പ്രായത്തില്‍  ഇവയുടെ മഞ്ഞയോ ചാരമോ  നിറത്തിലുള്ള ശരീരത്തില്‍ വിലങ്ങനെ കറുത്ത വരകളും അടയാളങ്ങളും ഉണ്ടാകും. വളര്‍ച്ച പൂര്‍ത്തിയായാല്‍ ഇരുള്‍ ചാരനിറം മാത്രമായി മാറും. ഉടുമ്പിന്റെ കുഞ്ഞുങ്ങളെ കണ്ട് തെറ്റിദ്ധരിച്ച്  അത് വേറെ ഇനമായ  'പൊന്നുടുമ്പ്'   ആണ്  എന്ന് കരുതുന്നവര്‍ ഇപ്പോഴും ധരാളം ഉണ്ട്. ചില പഴമക്കാര്‍ 'ഉടുമ്പ് പിടിച്ചപോലെ' ആ  അഭിപ്രായം മാറ്റാതെ ഇപ്പോഴും വാശി പിടിച്ച് ഉറച്ച്‌നില്‍ക്കുന്നതും കാണാം. .
നല്ല കാഴ്ച ശക്തിയുള്ളവരാണെങ്കിലും ഇവരുടെ പിളര്‍ന്ന നാവാണ് ചുറ്റുപാടിനെ അറിയാനുള്ള ഏറ്റവും കാര്യക്ഷമമായ അവയവം. അന്തരീക്ഷത്തിലെ വളരെ നേര്‍ത്ത ഗന്ധതന്മാത്രാ സാന്നിദ്ധ്യം പോലും 'രുചിച്ചറിയാന്‍'  നാവുകൊണ്ട് ഇവര്‍ക്ക്  കഴിയും.

ഉടുമ്പിനെ ഓടിച്ച് തളര്‍ത്താനാവില്ല, കാരണമറിയുമോ

bengal monitor lizard
ബംഗാൾ ഉടുമ്പ് | ഫോട്ടോ : അനീഷ് കാവുങ്ങൽ

മൂക്കിന്റെ അഗ്രം മുതല്‍  വാലറ്റം  വരെയായി  60 മുതല്‍ 175 സെന്റീമീറ്റര്‍ വരെ നീളമുള്ള ഉടുമ്പുകള്‍ നമ്മുടെ നാട്ടില്‍  ഉണ്ട്.  7 മുതല്‍ 10 കിലോഗ്രാം വരെ തൂക്കവും ഉണ്ടാകും. ആണ്‍ ഉടുമ്പുകള്‍ക്ക് അല്‍പ്പം  വലുപ്പ കൂടുതലുണ്ടാകും.  ചുളിവുള്ള കട്ടിയുള്ള തൊലിയില്‍ കുനു കുനെ ശല്‍ക്കങ്ങള്‍ കാണാം. ശല്‍ക്കങ്ങളുടെ ക്രമീകരണ രീതിയും വലിപ്പവും  നോക്കി വ്യത്യസ്ത സ്പീഷിസുകളെ തിരിച്ചറിയാന്‍ ചിലപ്പോള്‍ പറ്റും.  ശല്‍ക്കങ്ങള്‍ക്കടിയിലെ വളരെ നേര്‍ത്ത സുഷിരങ്ങളിലൂടെ ഫിറമോണ്‍ പോലുള്ള ചില സ്രവങ്ങള്‍ പുറത്തേക്ക് ഊറിവരും.  മറ്റുള്ള ചില  ഉരഗങ്ങളില്‍ നിന്ന്  വ്യത്യസ്തമായി ഉടുമ്പിന്റെ ശ്വാസകോശം കുഞ്ഞ് സഞ്ചിക്കുമിളകള്‍ക്ക് പകരം സ്‌പോഞ്ച്‌പോലുള്ള കലകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ വേഗത്തിലും ഉഷാറായും  വായു കൈമാറ്റം നടത്താനും കൂടുതല്‍ മെച്ചപ്പെട്ട  ഉപാപചയ നിരക്ക്  നിലനിര്‍ത്താനും ഇവര്‍ക്ക്  കഴിയും.  ഹൃദയത്തിന് മൂന്നറകളാണെങ്കിലും ഹൃദയപമ്പിങ്ങിന്റെ അവസരത്തിലെ  സിസ്റ്റോളിക്ക്  ഘട്ടത്തില്‍ ശുദ്ധ - അശുദ്ധ രക്തം  തമ്മില്‍കലരാതെ സംരക്ഷിക്കുന്ന  മികച്ച വെന്‍ട്രിക്കുലാര്‍ സെപ്റ്റം ഉടുമ്പിനുണ്ട്. ഇതുമൂലം ആവശ്യത്തിന് ഓക്‌സിജന്‍ കോശങ്ങളില്‍ എത്തിക്കല്‍ നന്നായി  നടക്കും. അതിനാല്‍ ഉടുമ്പിനെ ഓടിച്ച് തളര്‍ത്താന്‍ അത്ര എളുപ്പമല്ല. പലപ്പോഴും ഇരപിടിയന്മാര്‍ക്ക്  കിതപ്പ് മാത്രമേ ബാക്കികിട്ടാറുള്ളു. 

കണ്ണ് മാത്രമല്ല മൂക്കും അടക്കാനും തറക്കാനുമാവും

ഉടുമ്പ് ഒറ്റയ്ക്കാണ് സാധാരണയായി ഇരതേടുക. നിലത്ത് മാളമുണ്ടാക്കിയോ പാറയിടുക്കുകളിലോ മരപ്പൊത്തുകളിലോ ഒക്കെയാണ് ഏകാന്ത വാസം. കുഞ്ഞുപ്രായത്തില്‍  കൂടുതല്‍ സമയം  മരങ്ങളില്‍ കഴിയുന്ന ഇവ മുതിര്‍ന്നാല്‍ മണ്ണില്‍ തന്നെയാണ് ഇരതേടാന്‍ ഇഷ്ടപ്പെടുന്നത്. . ശക്തിയേറിയ നാലുകാലുകളിലെ  അയ്യഞ്ച് വിരലുകളില്‍  നല്ല കൂര്‍ത്തു വളഞ്ഞ  നഖങ്ങള്‍ ഉണ്ട്. അതിനാലാണ് പതമുള്ള ഏതിലും കൂടാതെ  കുത്തനെയുള്ള മരത്തിലും വരെ അള്ളിപ്പിടിച്ച്  വളരെവേഗം കയറാന്‍ കഴിയുന്നത്.  പേശീനിര്‍മിതമായ നീളം കൂടിയ വാല്‍ ഉപയോഗിച്ച് ഇവ ശത്രുക്കളെ ഭയപ്പെടുത്താറുണ്ട്. വാലിന്റെ അരികുകളില്‍ ഈര്‍ച്ചവാള്‍ മുനപോലുള്ള കുനിപ്പുകളും ഉണ്ടാകും. എന്നാല്‍ പല്ലികളെപ്പോലെ വാല്‍ മുറിച്ചുകളയാനോ പുനരുത്പാദിപ്പിക്കാനോ ഉടുമ്പുകള്‍ക്ക് കഴിയില്ല.
അഗ്രഭാഗം രണ്ടായി പിളര്‍ന്നിരിക്കുന്ന നാവ് വളരെ നീളത്തില്‍ പുറത്തേക്കു നീട്ടാന്‍ ഇവയ്ക്കു കഴിയും. മണം പിടിക്കാനാണ്  ഈ നാക്കുപയോഗിക്കുന്നത്. തല ഇരുവശങ്ങളിലേക്കും തിരിച്ച് നാക്ക് നീട്ടിയും വലിച്ചും  ചുറ്റുപാടും ഉള്ള ജീവ സാന്നിദ്ധ്യങ്ങള്‍ അറിഞ്ഞാണ്  സഞ്ചാരം. മൂക്കിന്റെ ദ്വാരത്തിനും പ്രത്യേകത ഉണ്ട്. നമ്മള്‍ക്ക് കണ്‍പോള ഉപയോഗിച്ച് കണ്ണ് അടച്ച് പിടിക്കാന്‍ കഴിയും പോലെ ഇവര്‍ക്ക് മൂക്ക് ഇഷ്ടം പോലെ തുറക്കാനും അടക്കാനും കഴിയുന്ന  പ്രത്യേക അടപ്പ് സംവിധാനം ഉണ്ട് . അഴുക്കും മണ്ണും വെള്ളവും  കയറാതെ ആ അടപ്പ്  സൂക്ഷിച്ചോളും. പതിനേഴ് മിനുട്ട് വരെ   വെള്ളത്തില്‍ മുങ്ങിക്കഴിയാനും ഇവര്‍ക്ക് പറ്റുന്നതായി കണ്ടിട്ടുണ്ട്.

monitor lizard
കാട്ടുവേലിതത്തയുടെ മുട്ട തിന്നുന്ന ഉടുമ്പ് | ഫോട്ടോ : നസീർ എൻ എ

എലി, അണ്ണാൻ, പാമ്പ്; ഇഷ്ടഭക്ഷണം പലവിധം

മാംസാഹാരിയായ ഉടുമ്പുകള്‍ ഷഡ്പദങ്ങളേയും പലതരം കശേരുകികളേയും ഭക്ഷണമാക്കും. പക്ഷികള്‍ , എലി, അണ്ണാന്‍, മുയല്‍, പാമ്പുകള്‍, ഓന്ത്, പല്ലി, തവള, മീന്‍, എന്നിവയൊക്കെ ഇഷ്ടഭക്ഷണം ആണ്.  പലതിന്റെയും മുട്ടകളും ശാപ്പിടും. വണ്ടുകള്‍ , പലതരം പുഴുക്കള്‍, പഴുതാരകള്‍ , ചിതല്‍, ഉറുമ്പ്, തേള്‍ , ഞണ്ട്, ഒച്ച് , മണ്ണട്ടകള്‍ എന്നിങ്ങനെ മുന്നില്‍ക്കിട്ടിയ പലതും തിന്നും. പകല്‍ കൂറ്റന്‍ മരങ്ങളില്‍ തലകീഴായി വിശ്രമിക്കുന്ന വവ്വാലുകളെ വരെ പിടിച്ച് തിന്നും. മരക്കൊമ്പിലെ പക്ഷിക്കൂടുകളില്‍ നിന്നും മുട്ട വിഴുങ്ങും.  ഇരകളെ ഓടിച്ച് പിടിക്കാനും വിരുതരാണ്. കാട്ടില്‍ മാനിനേപ്പോലുള്ള വലിയ ജീവികള്‍  ചത്തുകിടന്നാല്‍ അവയെ ഭക്ഷണമാക്കാന്‍ കുറേ ഉടുമ്പുകള്‍ വളഞ്ഞ് കൂടുന്നതും കാണാം. വീട്ടുമൃഗങ്ങള്‍ ഉള്ള ഇടങ്ങളില്‍ ചാണകത്തിലെ പുഴുക്കളേയും വണ്ടുകളേയും തിന്നാനും ഇവ സ്ഥിരമായി എത്തും.  പാമ്പുകളെപ്പോലെ ഇരയെ  അപ്പാടെ വിഴുങ്ങലാണ് ശീലം. അപൂര്‍വ്വമായി  പല്ലുകളും നഖങ്ങളും കൊണ്ട് കഷണമാക്കിയും വിഴുങ്ങും. നമ്മളേപ്പോലെ  ഭക്ഷണത്തെ തൊണ്ടയിലേക്ക് തള്ളുന്നതില്‍ നാവ്  ഒരു സഹായവും ചെയ്യുന്നില്ല.  ഇവരുടെ കുഞ്ഞുങ്ങളെ പിടികൂടാന്‍ പല ഇരപിടിയന്‍  ജീവികളും ഉണ്ടെങ്കിലും മുതിര്‍ന്ന ഉടുമ്പുകള്‍ക്ക് മനുഷ്യര്‍ മാത്രമാണ്  പ്രധാന വെല്ലുവിളി. ഉടുമ്പിനെ പിടിക്കുന്ന  ഇരപിടിയന്മാര്‍ കുറവാണ്. നല്ല ഓട്ടക്കാരും കയറ്റക്കാരും കരുത്തരും ഒക്കെയാണല്ലോ ഇവര്‍. ശല്‍ക്കങ്ങള്‍ നിറഞ്ഞ  കടുപ്പമുള്ള  തൊലിയായതിനാല്‍ .മൂര്‍ച്ചയുള്ള പ്രതലങ്ങളും  മുള്ളുകളും  ഉരഞ്ഞാലും  പരിക്ക് പറ്റാതെ രക്ഷപ്പെടും. . ചില ഇരപിടിയന്മാര്‍ പല്ലും നഖവും ഉപയോഗിച്ച് മുറുക്കി  പിടിച്ചാലും വലിയ  പരുക്കേല്‍ക്കാതെ കുതറി രക്ഷപ്പെടാനും ഉടുമ്പിന്  കഴിയും. എന്നാല്‍  മനുഷ്യരുടെ മുന്നില്‍പ്പെട്ടാല്‍ ശരേന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരാണെങ്കിലും പലപ്പോഴും പാവങ്ങള്‍ വേട്ടക്കാരുടെ ഇരയാകും. ഇവര്‍  മനുഷ്യരെ  ഒരിക്കലും ഇങ്ങോട്ട്് ആക്രമിക്കാറില്ല . ഭയപ്പെട്ടാലും ശത്രുക്കളുടെ മുന്നില്‍പ്പെട്ടാലും സ്വവര്‍ഗ്ഗത്തിലെ എതിരാളികളെ  പേടിപ്പിക്കാനും   ഉടുമ്പുകള്‍ ശരീരം വീര്‍പ്പിക്കുകയും, ശ്വാസം ശക്തിയായി പുറത്തേക്ക് വിട്ട് ചീറ്റുന്നതുപോലുള്ള 'ഹിസ്' ശബ്ദമുണ്ടാക്കുകയും ചെയ്യും. വാല്‍ ശക്തിയായി ചുഴറ്റിയും ഇവ ശത്രുക്കളെ ഭയപ്പെടുത്താറുണ്ട്. ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാന്‍  തൊട്ടടുത്ത് വെള്ളമുണ്ടെങ്കില്‍ അതില്‍ ചാടാനുള്ള ശ്രമം നടത്തും. കൈയില്‍ എടുത്താല്‍  ചിലപ്പോള്‍  മാന്തിയും മറ്റും പ്രതികരിക്കുന്ന ഇവ, മനുഷ്യരെ അണമുട്ടിയാലേ കടിക്കാറുള്ളൂ. പാമ്പിനെ പോലെ വിഷഗ്രന്ഥികളൊന്നുമില്ലെങ്കിലും, പല്ലിനു താഴെ വരെ എത്തിച്ചേരുന്ന മാന്‍ഡിബുലാര്‍ ഗ്രന്ഥികളുണ്ട്, പക്ഷേ അതില്‍ നമുക്ക് പ്രശ്‌നമാകുന്ന വിധം വിഷമുണ്ടാവാറില്ല. വായിലും പല്ലിലും നിറയെ  ബാക്ടീരിയകളുണ്ടാകുമെന്നതിനാല്‍ ഉടുമ്പിന്റെ  കടിയേറ്റ് മുറിഞ്ഞ  ഭാഗങ്ങളില്‍ അണുബാധയുണ്ടാവാറുണ്ട്. മനുഷ്യരെ വലിയ ഭയമാണെങ്കിലും ഇവ ഇണങ്ങുന്നതായും കണ്ടിട്ടുണ്ട്.

monitor lizard
Getty images

വാലിലും മറ്റ് ചിലയിടങ്ങളിലും  കൊഴുപ്പ് ശേഖരിച്ച് വെക്കാനുള്ള കഴിവുള്ളതിനാല്‍ കുറേനാള്‍ പട്ടിണിയായാലും ഉടുമ്പ്  അതിജീവിക്കും.

മുട്ടക്കള്ളന്മാരെ പറ്റിക്കാന്‍ ഡൂപ്ലിക്കേറ്റ് കുഴികളുണ്ടാക്കും ഉടുമ്പമ്മ

 ഇണചേരല്‍ കാലത്ത് ആണ്‍ ഉടുമ്പുകള്‍ ഇണയ്ക്ക് വേണ്ടി ചിലപ്പോള്‍ പരസ്പരം പൊരുതാറുണ്ട്. മുങ്കാലുകള്‍ ഉയര്‍ത്തി കൈകള്‍കൊണ്ട് പരസ്പരം കെട്ടിപ്പിടിച്ച് ഉയര്‍ന്ന് തലയും ദേഹവും കൊണ്ട് ഉന്തിയും അടിച്ചും പൊരുതും. വാല്‍ നിലത്തടിച്ചും വീശിയും  ജോറായി പെണ്ണിനുവേണ്ടിയുള്ള പോരാട്ടം നടത്തും. ഇതുപോലെ സ്വന്തം ടെറിട്ടറിയുടെമേല്‍ അധികാരം ഉറപ്പിക്കാന്‍ പെണ്‍ ഉടുമ്പുകള്‍ തമ്മിലും ഇത്തരം അടിപിടി നടക്കാറുണ്ട്.  ഇണചേര്‍ന്ന പെണ്ണുടുമ്പിന് കുറേ നാളേക്ക് പുരുഷ ബീജം ഉള്ളില്‍ സൂക്ഷിച്ച് വെക്കാന്‍ കഴിയും.
 ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ് ഇണചേരല്‍ കാലമെങ്കിലും ഏപ്രില്‍ മാസം മുതല്‍ ആണുങ്ങളുടെ തമ്മിലടി തുടങ്ങാറുണ്ട്. പെണ്ണുടുമ്പ് മണ്ണില്‍ മാളമുണ്ടാക്കി അതില്‍ മുട്ടയിട്ട് മണ്ണുകൊണ്ട് തന്നെ മൂടും.  മുട്ടക്കള്ളന്മാരെ പറ്റിക്കാന്‍ അതിനടുത്ത് തന്നെ ഡൂപ്ലിക്കേറ്റ് കുഴികളും ഉണ്ടാക്കിവെക്കും. ഇരുപതോളം മുട്ടകള്‍ ഒന്നിച്ച് ഇട്ട് വെക്കും. ചൂടും അനുകൂല സാഹചര്യങ്ങളേയും ആശ്രയിച്ച് 168 മുതല്‍ 254 ദിവസം വരെ എടുക്കും മുട്ട വിരിയാന്‍.  10 മുതല്‍  30 വര്‍ഷം ആണ് ആയുസ്.

monitor lizard
 Getty images

വേട്ടയാടല്‍ കുറ്റകരം, ഏഴ് വര്‍ഷം തടവും പിഴയും

ഉടുമ്പിന്‍ തോലുപയോഗിച്ച് പലതരം   നാടന്‍ സംഗീത ഉപകരണങ്ങള്‍ നിര്‍മ്മിക്കാറുണ്ട്.  ശാസ്ത്രീയ സംഗീതത്തില്‍  പിന്നണി  ആയി  ഉപയോഗിക്കുന്ന ഗഞ്ചിറയുണ്ടാക്കുന്നതിന്   ഉടുമ്പിന്റെ ഉദരഭാഗത്തുള്ള തൊലിയുപയോഗിച്ചായിരുന്നു. കൂടാതെ ഉടുമ്പിന്റെ തുകലുകൊണ്ട്  ചെരുപ്പുകള്‍, ബാഗുകള്‍ എന്നിവ വരെ  നിര്‍മിച്ചിരുന്നു. 
1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കപ്പെടുന്ന ജീവിയായതിനാല്‍ വേട്ടയാടി കൊല്ലുന്നത്? ഏഴ് വര്‍ഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

monitor lizard
ഉടുമ്പ് | ഫോട്ടോ : രാമനാഥ പൈ

കര്‍ഷകരുടെ സഹായി

എലികളെയും കീടങ്ങളേയും തിന്നും അതുപോലുള്ള പല ശല്യക്കാരായ ജീവികളുടെയും എണ്ണം നിയന്ത്രിച്ചു  നിര്‍ത്തിയും കൃഷിക്കാര്‍ക്ക്  വലിയ സഹായം ചെയ്തിരുന്ന ഉപകാരിയായ ജീവിയാണ് ഉടുമ്പ്. ആളുകളുടെ അന്ധവിശാസം ആണ് ഈ സാധുവിനെ ഇല്ലാതാക്കുന്നത്. പണ്ടുമുതലേ പല നാടുകളിലും ഉടുമ്പിന്റെ മാംസത്തിനും  ചോരയ്ക്കും നെയ്ക്കും  അതുഭുത മാഹാ ശക്തിയുണ്ടെന്ന അന്ധവിശ്വാസം നിലനിന്നിരുന്നു.  അവയുടെ നാവിനും ലൈംഗിക അവയവത്തിനും   പുരുഷന്മാരില്‍   ലൈംഗീക ഉത്തേജനം ഉണ്ടാക്കാനുള്ള  കഴിവുണ്ട് എന്ന തെറ്റായ വിശ്വാസം പലനാടുകളിലും നിലനിന്നിരുന്നു.  ഉളുക്ക്, വേദന, വാതം എന്നിവക്ക്  ഉടുമ്പിന്‍  മാംസവും ചോരയും കണ്‍കണ്ട ഔഷധമാണെന്ന വിധത്തില്‍ നാട്ട് വൈദ്യന്മാരുടെ പ്രചരണം ഈ പാവത്തിന്റെ എണ്ണം നന്നായി കുറച്ചിട്ടുണ്ട്. അതും കൂടാതെ മന്ത്രവാദത്തിനും ആഭിചാര ക്രിയകള്‍ക്കും കൂടി  ഇവയെ ചുട്ട്‌കൊന്നിരുന്നു.

monitor lizard baby
ഉടുമ്പിന്റെ  കുഞ്ഞ്. തെറ്റായി വേറെ ഇനം എന്ന് കരുതാറുണ്ട്.  | ഫോട്ടോ : വിജയകുമാർ ബ്ലാത്തൂർ

തിന്നാനും ചോരകുടിക്കാനും പോയാല്‍ പണി പാളും

ഉടുമ്പിന്റെ ചോര ചൂടോടെ കുടുകുടാ കുടിച്ച്,  കട്ടപിടിക്കാതിരിക്കാന്‍ ഓടി ദഹിപ്പിച്ച്  അതിശക്തിമാനാകുന്ന  പഴയ കീരിക്കാടന്മാരുടെ  വീരകഥകള്‍ ചില പഴമക്കാര്‍  പറയാറുണ്ട്. അതും വിശ്വസിച്ച് ഉടുമ്പിനെ തിന്നാനും ചോരകുടിക്കാനും പോയാല്‍ പണി പാളും. എങ്കില്‍  കേസുമാത്രമല്ല ഉണ്ടാകുക. ചിലപ്പോള്‍ മസ്തിഷ്‌ക രോഗം പിടിപെട്ട് ചത്തുപോയെന്നും വരാം. ഇവയുടെ മാംസത്തിലും  രക്തത്തിലും   ANGIOSTRONGYLUS CANTONENSIS എന്ന  ഇനം പരാദവിരകളുടെ ലാര്‍വകളുടെ  സാന്നിദ്ധ്യം കണ്ടിട്ടുണ്ട്. അതിനാല്‍ നന്നായി വേവിക്കാതെ ഇവയുടെ മാംസം കഴിക്കുന്നതും രക്തം കുടിക്കുന്നതും ഇയോസിനോഫിലിക് മെനിഞ്ചൈറ്റിസ് (EOSINOPHILIC MENINGITIS) എന്ന  രോഗത്തിന് ചിലപ്പോള്‍  കാരണമാവാം.

content highlights: Specialities of Monitor Lizard, wildlife, environment, Bengal Monitor lizard