dog pawന്ദിയില്ലാത്ത നായ എന്ന പ്രയോഗം നമ്മള്‍ എത്രയോ നാളായി ഉപയോഗിക്കുന്നതാണ്. 'നായിന്റെ മോന്‍ / മോള്‍' എന്നത് പൊളിറ്റിക്കലി  കരക്റ്റല്ലാത്ത തെറിയാണെങ്കിലും എറ്റവും സാധാരണമായ, നിസാരമായ  തെറി വിളിയായാണ് പൊതുവെ  കണക്കാക്കുന്നത്. വിധേയനെന്ന് കാണിക്കാന്‍ ,  നായ് / പട്ടി എന്ന് ഒരാളെ വിളിക്കുന്നതില്‍ മേലാളഅധികാര സൂചനയ്ക്കപ്പുറം മാനങ്ങളുമുണ്ടല്ലോ. ( നായയെന്നും  പട്ടിയെന്നും ആണ്‍ പെണ്‍ ലിംഗ സൂചനവാക്കുകളായും അല്ലാതെയും  കേരളത്തില്‍ ചിലയിടങ്ങളില്‍  വേര്‍തിരിച്ച്  ഉപയോഗിക്കാറുണ്ട് ) . നല്ല സ്‌നേഹജീവിയായും പെറ്റായും  കാവല്‍കാരനായും ഒക്കെ പുകഴ്ത്ത് കഥകള്‍ പറയാനുണ്ടെങ്കിലും പുതിയ കാലത്തെ മദ്ധ്യവര്‍ഗ്ഗം പ്രത്യേക ബ്രീഡുകളെ പോറ്റിത്തുടങ്ങിയ കാലം വരെ നായകള്‍ വീടിനകത്ത് കയറാന്‍ അനുവാദം ഇല്ലാത്ത  ജീവി തന്നെയായിരുന്നു.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

പൂച്ചയ്ക്കില്ലാത്ത എന്ത് കുറവാണ് ഈ പാവത്തിനുള്ളത് ?  നായ നക്കിയ കലം  പോലെ, നടുക്കടലിലും നായ നക്കിയേ കുടിക്കൂ, കുരയ്ക്കുന്ന പട്ടി കടിക്കില്ല, നായ ചന്തയ്ക്ക് പോയപോലെ, നായയുടെ വാല് കുഴലിലിട്ടപോലെ, നായയ്ക്കു പൊതിക്കാത്ത തേങ്ങ കിട്ടിയപോലെ , നായയെ കാണുമ്പോള്‍ കല്ല് കാണില്ല, കല്ല് കാണുമ്പോള്‍ നായയെ കാണില്ല, -  തുടങ്ങി നായകളെ കൊച്ചാക്കുന്ന  എത്രയോ പഴംചൊല്ലുകള്‍ നമുക്കുണ്ട്. അരിയും തിന്ന് ആശാരിച്ചിയേയും കടിച്ച് എന്നിട്ടും പട്ടിക്ക് മുറുമുറുപ്പ് എന്നിടത്താണ് ഏറ്റവും വലിയ നന്ദിക്കെട്ടവനായി നാം നായയെ ചിത്രീകരിച്ചിരിക്കുന്നത്. എങ്കിലും എം.പി. നാരായണപിള്ള ' പരിണാമം' എന്ന നോവല്‍ എഴുതും വരെയും നായകള്‍ മലയാളികള്‍ക്ക് വെറും 'നായകള്‍' തന്നെയായിരുന്നു. 

dog image 1ചെന്നായ് പറ്റങ്ങള്‍ ഓടിച്ച് തളര്‍ത്തിയ ഇരകളെ എറിഞ്ഞും കുത്തിയും വീഴ്ത്തിക്കൊല്ലാന്‍ മനുഷ്യർക്ക് എളുപ്പമായി. ഭക്ഷണ ക്ഷാമം കൊണ്ട് പട്ടിണികിടന്ന് ചാവാതെയും, കഠാരപ്പല്ലുകള്‍ ഉള്ള വലിയ മാര്‍ജ്ജാരന്മാരുടെ ഇരയായി കുലം മുടിയാതെയും രക്ഷിച്ച് മനുഷ്യവര്‍ഗ്ഗത്തെ ബാക്കിയാക്കിയത് നായയുടെയും മനുഷ്യന്റെയും കൂട്ടുകെട്ടാണ്. 

wolf

മനുഷ്യരെ ചെന്നായ്ക്കൾ മെരുക്കിയതോ അതോ മനുഷ്യർ ചെന്നായ്ക്കളെയോ?

മനുഷ്യര്‍ നന്ദി കാണിക്കേണ്ടത് നായയോടാണ്. ഇന്ന് നാം ഞെളിഞ്ഞ് നെഞ്ച് വിരിച്ച് മനുഷ്യരായി നടക്കുന്നതിന് കാരണക്കാര്‍ നായകളാണ് എന്ന് പോലും പറയേണ്ടിവരും ചിലപ്പോള്‍. 
മാനവ പരിണാമ ചരിത്രത്തില്‍ ഒരു ദശാസന്ധിയില്‍ , ചെന്നായകള്‍ നമ്മോടൊപ്പം ചേര്‍ന്ന് പരിണമിച്ചാണ് ഇണങ്ങിയ നായകളായി മാറിയതും മനുഷ്യ മഹായാത്ര ആരംഭിച്ചത്. 
യൂറേഷ്യയില്‍ നിയാണ്ടര്‍ത്താലുകള്‍ എന്ന മറ്റൊരു വിഭാഗം  ജീവിച്ചിരുന്ന കാലത്ത്  അവിടത്തേക്ക്  ആഫ്രിക്കയില്‍ നിന്ന് എത്തിയ ഹോമോ സാപ്പിയന്‍സ് പിതാമഹര്‍  പതിനായിരക്കണക്കിന് കൊല്ലക്കാലം അതിജീവന മത്സരത്തില്‍ ആയിരുന്നു. നിയാണ്ടര്‍ത്താലുകള്‍ ഭൂമുഖത്ത് നിന്ന് എങ്ങിനെ പൂര്‍ണ്ണമായും അപ്രത്യക്ഷരായി എന്നതിന് പല കാരണങ്ങള്‍ പറയുന്നുണ്ടെങ്കിലും , നിയാണ്ടാര്‍ത്താലുകള്‍ക്ക് ലഭ്യമാകാത്ത ചില സവിശേഷ സൗകര്യങ്ങള്‍ മനുഷ്യർക്ക് ലഭിച്ചതാകാം അവരുടെ അതിജീവനത്തിന് സഹായിച്ചതെന്ന് കരുതപ്പെടുന്നുണ്ട്. കൂടെക്കൂടിയ,  ഇണങ്ങിയ ചെന്നായക്കൂട്ട് ആവാം അതില്‍ ഒന്ന്.  നൊമാഡുകളായി (നാടോടികൾ) പെറുക്കിത്തിന്നും വേട്ടയാടിയും പതുക്കെ സഞ്ചരിച്ച് മുന്നേറിയ മനുഷരുടെ ചെറു സംഘത്തിനൊപ്പം, സമാന ഗോത്ര - സാമൂഹ്യ സ്വഭാവവും പരസ്പര വിനിമയ രീതികളും ഉള്ള യൂറേഷ്യന്‍ ചാരച്ചെന്നായക്കൂട്ടങ്ങള്‍ ( grey wolf- Canis lupus  )എന്തോ കാരണത്താല്‍  പിന്തുടര്‍ന്നിരിക്കാം. മനുഷ്യരുടെ വേട്ടകളിലെ ബാക്കിവരുന്ന  മാംസവശിഷ്ടങ്ങളും മറ്റും അധ്വാനിക്കാതെ  തിന്നാന്‍ കിട്ടും എന്നു മനസിലാക്കി കൂടെ കൂടിയതുമാവാം. ചെന്നയ്ക്കളിലെ മനുഷ്യഭയം ഇല്ലാത്ത,  പേടി കുറവുള്ള , ശൗര്യം കുറഞ്ഞ ചെന്നായകളോട് -   മനുഷ്യര്‍ ഇഷ്ടം കാണിച്ചിരിക്കാം. ഓമനത്തം ഉള്ള ചെന്നായ് കുഞ്ഞുങ്ങളെ വളര്‍ത്താന്‍ രസത്തിന് കൂടെ എടുത്തിരിക്കാം.  മൂര്‍ച്ചയുള്ള  ആയുധങ്ങള്‍ ഉള്ള മനുഷ്യര്‍ അന്ന് വേട്ടയാടാന്‍ കഴിവുള്ളവരാണെങ്കിലും ആള്‍പ്പൊക്കത്തിലുള്ള പുല്‍മേടുകളില്‍ വലിയ നീണ്ടു വളഞ്ഞ പല്ലുകളുള്ള  ഹ്രിംസ ജന്തുക്കളുടെ സാന്നിദ്ധ്യം തൊട്ട് മുന്നില്‍ എത്തും വരെ അറിയാന്‍ കഴിയുകയില്ലായിരുന്നു. അത് ചിലപ്പോള്‍ ജീവന്‍ അപായപ്പെടുത്തും. എന്നാല്‍ ചുറ്റിപറ്റി  കൂടെ കൂടിയ ചെന്നായക്കൂട്ടങ്ങള്‍ ഇത്തരം ജീവികളുടെ സാന്നിദ്ധ്യം മുന്നേതന്നെ  മണത്തറിഞ്ഞ് ഉണ്ടാക്കുന്ന ശബ്ദ സൂചനകള്‍  ഹോമോ സാപ്പിയന്മാരേയ്യും അപകടത്തില്‍ ചാടാതെ രക്ഷിച്ചു.  ചെന്നയ് പറ്റങ്ങള്‍ ഓടിച്ച് തളര്‍ത്തിയ ഇരകളെ എറിഞ്ഞും കുത്തിയും വീഴ്തിക്കൊല്ലാന്‍ ഇവര്‍ക്ക് എളുപ്പവുമായി. ഭക്ഷണ ക്ഷാമം കൊണ്ട് പട്ടിണികിടന്ന് ചാവാതെയും , കഠാരപ്പല്ലുകള്‍ ഉള്ള വലിയ മാര്‍ജ്ജാരന്മാരുടെ ഇരയായും കുലം മുടിഞ്ഞ് തീരാതെ രക്ഷിച്ച് മനുഷ്യവര്‍ഗ്ഗത്തെ  ബാക്കിയാക്കിയത് ആ കൂട്ടുകെട്ടാണ്. (പാവം നിയാണ്ടര്‍ത്തലുകള്‍ക്ക് ഈ സൗകര്യം ചിലപ്പോള്‍ കിട്ടിക്കാണില്ല). അന്ന് കൂടെ കൂടി പരിണമിച്ച് ഉണ്ടായ നായകളാണ് മാനവ ചരിത്രത്തില്‍ പിന്നീട് വേട്ടസഹായികളായും കാവല്‍ക്കാരായും കൂടെ തന്നെ കഴിഞ്ഞ് നമ്മെ ഇവിടെ വരെ എത്തിച്ചത്. 14000 വര്‍ഷം മുമ്പ് രണ്ട് കൂട്ടരും തമ്മില്‍ നടന്ന ഈ  ഇടപാടില്‍ ആരാണ് ആദ്യം  മുൻകൈ എടുത്തതെന്നത് ഇപ്പഴും തര്‍ക്ക വിഷയം ആണ്. അതല്ല 25000 വര്‍ഷം മുമ്പ് തന്നെ ഇത്തരത്തിലൊരു ഇണക്കത്തിന്റെ ആരംഭം സംഭവിച്ചിരിക്കാം എന്ന് കരുതുന്നവരും ഉണ്ട്. യൂറോപ്പിലോ ആര്‍ട്ടിക്കിലെ കിഴക്കന്‍ ഏഷ്യയിലോ  ആവാം അത് തുടങ്ങിയതെന്നും വാദം ഉണ്ട്.

dog

2021 ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നതിങ്ങനെയാണ്- കൊടും ശൈത്യം മനുഷ്യരേയും ചെന്നായ്ക്കളേയും ഒറ്റപ്പെടുത്തുകയും ഭക്ഷണത്തിനും അതിജീവനത്തിനുമായി പടപൊരുതുകയും ചെയ്ത ലാസ്റ്റ് ഗ്ലേഷ്യല്‍ മാക്‌സിമ കാലത്ത് (23000 കൊല്ലം മുമ്പ്) സൈബീരിയയില്‍ ആവാം ഈ കൂട്ടുകെട്ട് ആരംഭിച്ചത്. അവിടെ നിന്ന് പടിഞ്ഞാറോട്ട് യൂറേഷ്യയിലേക്കും കിഴക്കോട്ട് അമേരിക്കയിലേക്കും ഇത് വ്യാപിച്ചിട്ടുണ്ടാകാം.

മനുഷ്യരല്ല നായയെ മെരുക്കിയുണ്ടാക്കിയതെന്നും  ചെന്നായകള്‍ സ്വശീലങ്ങളിലും സ്വഭാവത്തിലും മാറ്റങ്ങള്‍ വരുത്തി കൂട്ട്കൂടി  മനുഷ്യരെ മെരുക്കുകയായിരുന്നു എന്നു കരുതുന്നവരും ഉണ്ട്. ഇരുവര്‍ക്കും ഗുണഫലങ്ങള്‍ ലഭിച്ചെങ്കിലും ഇരു സ്പീഷിസുകളുടെയും ഭാവി ചരിത്രം അത് മറ്റിമറിച്ചു. പരസ്പരം മത്സരിച്ച് കൊണ്ട് സ്വതന്ത്രമായി  വെവ്വേറെ വേട്ടയാടി  ജീവിച്ചിരുന്നവര്‍ പിന്നീട് അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ച് ഇരകളെ കണ്ടെത്തി കൊന്ന് പങ്കുവെച്ച് നൂറ്റാണ്ടുകള്‍ സഹവര്‍ത്തിച്ച്  ജീവിച്ചു. 

wolfകൂട്ടുജീവിതം നഷ്ടപ്പെടുത്തിയ മനുഷ്യന്റെ ഘ്രാണ ശക്തി
 
ഈ കൂട്ടുജീവിതം പതുക്കെ പതുക്കെ മനുഷ്യരിലും പട്ടിയിലും തലച്ചോറിന്റെ പല ഭാഗങ്ങളുടെയും വികാസത്തെ സ്വാധീനിച്ചിട്ടുണ്ട്. ഘ്രാണശക്തിയിലും കേള്‍വി ശക്തിയിലും സഹായിയായി പട്ടിയുള്ളതിനാല്‍ മനുഷ്യരില്‍ ഈ ഇന്ദ്രിയങ്ങളുടെ വികാസം മുരടിച്ചു. ഇതുപോലെ തന്നെ പട്ടികള്‍ക്കും മനുഷ്യന്റെ സഹായം ലഭ്യമാകുന്നതിനാല്‍ ചില അതിജീവന കഴിവുകള്‍ ഉപയോഗമില്ലാതെ വളര്‍ച്ചമുട്ടി. മനുഷ്യര്‍ പതിനായിരം കൊല്ലം മുമ്പ് കൃഷിതുടങ്ങിയതോടെ  മാംസാഹാരികളായ ഇവരും അന്നജമടങ്ങിയ ധാന്യാഹാരങ്ങള്‍ കഴിക്കാന്‍ നിര്‍ബന്ധിതരായി.  വയറ്റില്‍ ചില ബാക്റ്റീരിയകളുടെ സഹായത്തോടെ ആദ്യകാലങ്ങളില്‍ സ്റ്റാര്‍ച്ച് ദഹിപ്പിച്ച് തുടങ്ങിയ നായകളില്‍ പിന്നീട് സ്വയം ദഹനത്തിനായി  പാങ്ക്രിയാറ്റിക് അമൈലേസ്  (AMY2B)   ഉത്പാദിപ്പിക്കാനുള്ള കഴിവ് ആര്‍ജ്ജിച്ചു. 

എമൊറി സര്‍വകലാശാലയിലെ (Emory University)  ന്യൂറോ സയന്റിസ്റ്റായ ഗ്രിഗറി ബേണ്‍സ് എം.ആര്‍.ഐ കള്‍ ഉപയോഗിച്ചും വ്യത്യസ്ത ആവേഗങ്ങള്‍ തലച്ചോറില്‍ നല്‍കി ഉണ്ടായ ഉദ്ദീപനങ്ങള്‍ പഠിച്ചും നടത്തിയ ചില പഠനങ്ങള്‍ തെളിയിച്ചത് മനുഷ്യരെപ്പോലെ സമാന  വികാരങ്ങള്‍ ഉള്ളവരാണ് നായകള്‍ എന്നാണ്.

ആ പരീക്ഷണം ഇങ്ങനെയായിരുന്നു- കൈകൊണ്ട് ഒരു പ്രത്യേക ആംഗ്യം കാണിച്ച ശേഷം അതിന് ഉഗ്രന്‍ ഭക്ഷണം നല്‍കി, വേറൊരു ആംഗ്യം കാണിച്ച് ഭക്ഷണം ഒന്നും നല്‍കിയില്ല. രണ്ട് ആംഗ്യങ്ങളും ഇത്തരത്തില്‍ കുറേ നാള്‍ പരിശീലിപ്പിച്ച ശേഷം പിന്നീട് ഓരോ സിഗ്‌നലും നല്‍കുമ്പോള്‍ നായയുടെ തലച്ചോറില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചു. നമ്മെപ്പോലെ തന്നെ നായയുടെ തലച്ചോറിലും കൗഡസ് ന്യൂക്ലിയസ് എന്ന ഭാഗം പ്രതികരിക്കുന്നത് സമാനമായാണ്. ഏറ്റവും കൂടുതല്‍ ഡൊപ്പമിന്‍ സ്വീകരണികള്‍ ഉള്ള ഇടമാണിത്. സുഖത്തിന്റെയും സന്തോഷത്തിന്റെയും ന്യൂറൊ ട്രാന്‍സ്മിറ്റര്‍ എന്നതിലപ്പുറം, മറ്റു പല സങ്കീര്‍ണ സവിശേഷതകളും ഉള്ളതാണ് ഡൊപ്പമിന്‍. പ്രതീക്ഷയുണ്ടാകുമ്പോള്‍ എല്ലാവരിലും ഈ കൗഡസ് ന്യൂക്ലിയസ് ഉത്തേജിതമാകും. നായകളിലും ഈ ഉത്തേജനം വ്യക്തമായി കാണാം. എന്തോ സമ്മാനം കിട്ടാന്‍ പോകുന്നു എന്ന സന്തോഷ പ്രതീക്ഷ. 

wolf4സന്തോഷം മാത്രമല്ല , ദുഃഖം, ഭയം, ദേഷ്യം, ഇഷ്ടം, തുടങ്ങിയ വികാരങ്ങള്‍  മനുഷ്യരെപ്പോലെ നായ്ക്കളും അനുഭവിക്കുന്നുണ്ട്. മറ്റുള്ളവരുടെ കണ്ണില്‍ നോക്കി ആശയ വിനിമയം ചെയ്യാനും ദേഷ്യം, സന്തോഷം,  അസ്വസ്ഥത, വെറുപ്പ് , സ്‌നേഹം തുടങ്ങിയവ യജമാനന്റെ  മുഖഭാവത്തില്‍ നിന്ന് തിരിച്ചറിയാനും അതിനനുസരിച്ച് പെരുമാറാനും അവര്‍ക്ക് കഴിയും. 

നമ്മുടെ നായയുടെ ശാസ്ത്രനാമം Canis familiaris എന്നാണ്. മൃഗങ്ങളോട്  അളവറ്റ അലിവും സ്‌നേഹവും ഉണ്ടായിരുന്ന ജര്‍മ്മന്‍ എഴുത്തുകാരനും പത്രാധിപരും ആയ ഹെന്‍ട്രി സിമ്മെര്‍മാന്‍  'മനുഷ്യനും പട്ടിയും'  എന്ന ആഴ്ചപ്പതിപ്പ് മുടങ്ങാതെ പ്രസിദ്ധീകരിച്ചിരുന്നു.   മൃഗങ്ങളോട് നമ്മള്‍ എന്തുകൊണ്ടാണ് കൂടുതല്‍  അനുകമ്പ കാണിക്കേണ്ടത് എന്നും  പീഡനങ്ങള്‍ എത്രമാത്രം ക്രൂരവും മനുഷ്യത്വരഹിതവുമാണ് എന്നും പ്രഖ്യാപിക്കുന്ന നിരവധി  ലേഖനങ്ങള്‍ അതില്‍ അദ്ദേഹം എഴുതി.  'മൃഗസഹോദരന്‍'  എന്ന പേരില്‍ ഇദ്ദേഹം ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. സമാനമനസ്‌കരുടെ കൂടെയുള്ള  ചര്‍ച്ചകളെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആദ്യമായി 1925 മാര്‍ച്ച് 24 ന്‍  മൃഗദിനാഘോഷം സംഘടിപ്പിക്കപ്പെട്ടു. പിന്നീട് 1931 ല്‍  ഫ്‌ലോറന്‍സില്‍ ചേര്‍ന്ന  ഇന്റെര്‍നാഷണല്‍ ആനിമല്‍ പ്രൊട്ടക്ഷന്‍ കോൺഗ്രസ്സില്‍ ഒക്ടോബര്‍ 4 അന്താരാഷ്ട്ര മൃഗ ദിനമായി തീരുമാനിക്കപ്പെട്ടു.

dog image 1മനുഷ്യര്‍ കഴിഞ്ഞ കുറേ നൂറ്റാണ്ടുകളായി  പലതരം ആവശ്യങ്ങള്‍ക്ക് ഉതകും വിധം സെലക്റ്റീവ് ക്രോസ് ബ്രീഡിങ്ങ് വഴി പല രൂപത്തിലും സ്വഭാവത്തിലും ഉള്ള പലയിനം പട്ടികളെ വളര്‍ത്തിയെടുത്തു.   ഇന്ന് 450 ഓളം ഇനം വളര്‍ത്ത് പട്ടി ബ്രീഡുകള്‍ ഉണ്ട്. 

1758 സ്വീഡിഷ് സസ്യ - ജന്തു വിദഗ്ദന്‍ ആയ കാള്‍ ലിനസ് ആണ് നായ എന്ന അര്‍ത്ഥം വരുന്ന കനിസ് ജനുസില്‍ ഉള്‍പ്പെടുത്തി നായകളെ വര്‍ഗീകരിച്ചത്. വളര്‍ത്ത് നായ , ചാരച്ചെന്നായ, സുവര്‍ണ്ണ കുറുനരി എന്നിവരെ ആണ് അദ്ദേഹം ഈ ജനുസില്‍ ഉള്‍പ്പെടുത്തിയത്. വീട്ട് നായയെ Canis familiaris എന്നും ചാരച്ചെന്നായയെ  Canis lupus എന്നും അദ്ദേഹം പേരിട്ടു. നായയുടെ വാല്‍ മുകളിലോട്ട് വളഞ്ഞ് ഉള്ളതിനാലാണ് അദ്ദേഹം ഇവ രണ്ടും  രണ്ട് സ്പീഷിസുകള്‍ ആണെന്ന് കരുതിയത്. ജര്‍മ്മനിയിലെ ബൊണ്‍-ഒബെര്‍കാസ്സെല്‍ ( Bonn-Oberkassel) എന്ന സ്ഥലത്ത് പര്യവേഷണങ്ങള്‍ക്കിടയില്‍ ശവക്കുഴിയില്‍  പതിനാലായിരത്തില്‍പ്പരം വര്‍ഷം മുമ്പുള്ള ഒരു നായയുടെ അസ്ഥിഅവശിഷ്ടങ്ങള്‍  കണ്ടെത്തി. ഒരു പുരുഷനും സ്ത്രീയ്ക്കും ഒപ്പം ആയിരുന്നു അത് കിടന്നിരുന്നത്. അവര്‍ മരിച്ച കാലത്ത്  അവിടെ ഉണ്ടായിരുന്ന സാധാരണ ചെന്നായുടെ അസ്ഥികളല്ല അവ എന്ന് തിരിച്ചറിഞ്ഞിരുന്നു. അതായത് അത്രയും വര്‍ഷം മുമ്പ് തന്നെ മനുഷ്യരുടെ ഒപ്പം നായയും ഇണങ്ങി ജീവിച്ചിരുന്നു.  നാം കൃഷി ആരംഭിക്കുന്നതിന് മുമ്പേ തന്നെ ആദ്യമായി ഇണക്കിയ ജീവി നായയാണെന്നാണ് ഇത് തെളിയിക്കുന്നത്. 

dog and man
മനുഷ്യൻ സ്വന്തം വളർത്തുനായയോടൊപ്പം | ഘാസ സിറ്റിയിൽ നിന്ന് |AFP

നമുക്ക് ഇന്ന് ഭയപ്പെടാതെ ജീവിക്കാനുള്ള വീടുകള്‍ ഉണ്ട്. കാമറയും അലാറവും ഉണ്ട്. വേട്ടയും കാവലും മുന്നറിയിപ്പ് തരലും ഒന്നും പഴയതുപോലെ മനുഷ്യരുടെ അതിജീവനത്തിന് ആവശ്യമുള്ള ഘടകങ്ങളല്ലാത്ത ആധുനിക കാലത്ത് നമ്മള്‍ ഇവരെ അനാവശ്യക്കാരായി കണക്കാക്കിക്കഴിഞ്ഞു. നിര്‍ഭാഗ്യത്തിന് ഇവരിലൂടെ റാബിസ് രോഗാണു കൈമാറി മാരകമായ പേപ്പട്ടിവിഷബാധ ഏല്‍ക്കാം എന്നതിനാല്‍ നായകള്‍ നമ്മുടെ ശത്രു ആയി. എല്ലാ പട്ടികളേയും പേപ്പട്ടി എന്ന് വിളിച്ച് തല്ലിക്കൊല്ലാന്‍ എളുപ്പമാണല്ലോ.  പോലീസ് കേസന്വേഷണം , ബോംബ് - മയക്ക് മരുന്ന് മണത്തുകണ്ടുപിടിക്കല്‍ , കാവല്‍ , മഞ്ഞിലും മറ്റും അപകടത്തില്‍പെട്ടവരെ കണ്ടെത്താന്‍ സഹായിക്കല്‍,  കാഴ്ചശക്തി കുറഞ്ഞവരെ സഹായിക്കല്‍  , തുടങ്ങിയ ചുരുങ്ങിയ മേഖലകളില്‍ മാത്രമായി ഇവയുടെ സേവനം പരിമിതപ്പെട്ട് കഴിഞ്ഞു. ആ ആവശ്യം പോലും  പതുക്കെ റോബോട്ടുകളും  AR ഉം  കൈയേറിക്കൂടെന്നില്ല.   പെറ്റുകളായി വളര്‍ത്തുന്നതിലെ ചില സന്തോഷങ്ങള്‍ക്കപ്പുറം ഇവയുടെ പ്രസക്തിയെക്കുറിച്ച് നമ്മള്‍ സംശയിച്ചും വിസ്മരിച്ചും  തുടങ്ങി. അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവരെ  തെരുവു നായ - തെമ്മാടി സംഘം എന്ന്  ചാപ്പകുത്തിക്കഴിഞ്ഞു. അറവ് മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് തിന്ന് തിമിര്‍ത്തും നൂറായിരം തവണ മനുഷ്യജാതിയുടെ അവഗണനകള്‍ അനുഭവിച്ച് നഗരത്തെരുവുകളില്‍ വളര്‍ന്ന ബുദ്ധികൂര്‍മ്മതയുള്ള ഇവര്‍ അധോലോക തെമ്മാടിസംഘങ്ങളെപ്പോലെ പാതിരാത്രികളില്‍ തെരുവുകളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവരേയും കുട്ടികളെയും ആക്രമിക്കുന്നത് വാര്‍ത്തകളാകാറുണ്ട്.  അവരുടെ  വളര്‍ന്നു വന്ന സാഹചര്യങ്ങള്‍ അവരെ അങ്ങനെ ആക്കിത്തീര്‍ത്തതാണ്. കുറ്റക്കാര്‍ നമ്മളും കൂടിയാണ്.

wolf imgനൂറ്റാണ്ടുകള്‍ നമുക്കൊപ്പം കഴിഞ്ഞ് പരിണമിച്ച് എത്തിയ അവരെ , എങ്ങുമല്ലാതെ നടുക്കടലില്‍ കൈയൊഴിഞ്ഞ് മാറിനില്‍ക്കുന്ന മനുഷ്യര്‍ അല്ലെ നന്ദികെട്ടവര്‍? 

അവര്‍ ഇനി ഏത് കാട്ടിലെക്കാണ് തിരിച്ച് പോകേണ്ടത്? അത് അസാദ്ധ്യവും ആണ്. ഭാരത കഥയില്‍  മഹാപ്രസ്ഥാന യാത്രക്കൊടുവില്‍ സ്വര്‍ഗ്ഗവാതില്‍ക്കലോളം കൂടെക്കൂടിയ നായയോട് യുധിഷ്ടരന്‍ കാണിച്ച നന്ദി പക്ഷെ മനുഷ്യര്‍ കാണിച്ചിട്ടില്ല.

Reference 
https://www.sciencedirect.com/science/article/pii/S0960982214016935
https://www.nationalgeographic.com/animals/article/dog-brain-feelings-mri-gregory-berns
https://www.ncbi.nlm.nih.gov/pmc/articles/PMC7116352/
https://onlinelibrary.wiley.com/doi/10.1002/(SICI)1521-1878(199903)21:3%3C247::AID-BIES9%3E3.0.CO;2-Z
https://pubmed.ncbi.nlm.nih.gov/33495362/
https://www.ncbi.nlm.nih.gov/pmc/articles/PMC6776107/
https://onlinelibrary.wiley.com/doi/full/10.1111/age.12179

content highlights: Interesting information about Dogs, evolution of dogs