പതിനായിരത്തില്‍ കുറവ് വര്‍ഷങ്ങളെ ആയിട്ടുള്ളു മനുഷ്യര്‍ വവ്വാലുകളുമായി സമ്പര്‍ക്കത്തില്‍ ആയിട്ട്

എന്നാല്‍ നമ്മുടെ പേടിസ്വപ്‌നമായ പല  വൈറസുകളും ദശലക്ഷക്കണക്കിന് വര്‍ഷം മുമ്പേ തന്നെ വവ്വാലുകളോടൊപ്പം തന്നെ പരിണമിച്ച് കൂടെ കൂടിയവയാണ്. 

ചെന്നായയുടെ മുഖാകൃതിയും അറപ്പും ഭയവും ഉണ്ടാക്കുന്ന രൂപവും ഡ്രാക്കുളക്കഥകളുടെ ഓര്‍മ്മയും ഒക്കെകൂടി പൊതുവെ വവ്വാലിനെ അടുത്ത് കാണുന്നത് പലര്‍ക്കും ഇഷ്ടമല്ല. പഴം തീനി വവ്വാലുകളാണ് കോവിഡും നിപ്പയും നമ്മളിലേക്ക് എത്തിച്ചത് എന്ന അറിവുകൂടിയായപ്പോള്‍  ശത്രുവായി അവരെ നാമങ്ങ് പ്രഖ്യാപിച്ചു. വെറും ശല്യക്കാരായ വൃത്തികെട്ട വവ്വാലുകളെ മൊത്തമായി ഇല്ലാതാക്കുന്നതാണ് നമുക്ക് നല്ലത് എന്നും അവ സ്ഥിരമായി ചേക്കേറുന്ന വന്മരങ്ങളില്‍ നിന്നും  കാവുകളില്‍ നിന്നും ഒഴിഞ്ഞ കെട്ടിടങ്ങളില്‍ നിന്നും ഓടിക്കുകയോ കൊല്ലുകയോ ചെയ്താല്‍ പ്രശ്‌നത്തിന് പരിഹാരമായി എന്നു കരതുന്നവരുമുണ്ട്. അവര്‍ തുരത്തലിനുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു.

അല്ലെങ്കിലും പണ്ടേ മനുഷ്യര്‍ക്കെല്ലാം ഇഷ്ടമില്ലാത്ത ജീവിയാണ് വവ്വാല്‍. പ്രേത, രക്തരക്ഷസ്സ്  സിനിമക്കഥകള്‍ക്കൊക്കെ ഒരു ഫീല്‍ കിട്ടണമെങ്കില്‍ നാലഞ്ച് വവ്വാലെങ്കിലും ചറപറ പറക്കുന്ന സീന്‍ വേണം എന്നാണ് അവസ്ഥ. മനുഷ്യര്‍ പരിണമിച്ചിട്ട് വളരെ കുറച്ച് വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളുവെങ്കിലും 50 ലക്ഷം വര്‍ഷം മുമ്പേ പരിണമിച്ച് ഈ ഭൂമിയില്‍ വാഴുന്നവരാണ് വവ്വാലുകള്‍. പതിനായിരത്തില്‍ കുറവ് വര്‍ഷങ്ങളെ ആയിട്ടുള്ളു വവ്വാലുകളുമായി മനുഷ്യര്‍ സമ്പര്‍ക്കത്തില്‍ ആയിട്ട്. എന്നാല്‍ ഇപ്പോള്‍ നമ്മുടെ പേടിസ്വപ്നമായ  പല  വൈറസുകളും ദശലക്ഷക്കണക്കിന് വര്‍ഷം മുമ്പേ തന്നെ വവ്വാലുകളോടൊപ്പം തന്നെ പരിണമിച്ച് കൂടെ കൂടിയവയാണ്.  രോഗമോ പ്രശ്‌നമോ ഒന്നും ഉണ്ടാക്കാതെ തലമുറകളിലൂടെ കൈമാറി വന്നവയാണ്. 
 ഇത്തരം വൈറസുകള്‍ എന്തുകൊണ്ടാണ് വവ്വാലുകളില്‍ തന്നെ രോഗം ഉണ്ടാക്കി അവയെ കൊല്ലാത്തത്, നമുക്ക് മാത്രം അപകടം ഉണ്ടാക്കുന്നത്,  ഇവയുടെ ഉള്ളില്‍ നിന്ന് ഈ രോഗാണുക്കള്‍ എങ്ങനെയാണ് മനുഷ്യരിലേക്ക് പടര്‍ന്നത്. അതിനു മുമ്പേ വവ്വാലുകളെക്കുറിച്ച് പൊതുവായി ചില കാര്യങ്ങള്‍ പരിചയപ്പെടാം. 

ഒരു മണിക്കൂര്‍ കൊണ്ട് 1200 കൊതുകുകളെ വരെ കുഞ്ഞ് നരിച്ചീറുകള്‍  പറന്ന് തിന്നും. 

ഒരുകാലത്ത് വെടിമരുന്ന് നിര്‍മ്മിക്കാന്‍ വവ്വാല്‍ കാഷ്ടം ഉപയോഗിച്ചിരുന്നു. 

 നട്ടെല്ലുള്ള ജീവികളില്‍ (Vertebrates) പ്രസവിക്കുകയും മുലയൂട്ടുകയും  ചെയ്യുന്ന സസ്തനികള്‍ (Mammals) എന്ന വിഭാഗത്തിലാണ് വവ്വാലുകള്‍ ഉള്‍പ്പെടുക.  പറക്കാന്‍ കഴിയുന്ന ഒരേയൊരു സസ്തനിയാണ്  കൈറോപ്ട്ടീറ (Chiroptera) എന്ന ഓര്‍ഡറില്‍ ഉള്‍പ്പെടുന്ന ഇവര്‍. വാവല്‍, വവ്വാല്‍,  കടവാതില്‍, കടവാവല്‍, നരിച്ചീറ്, പാര്‍കാടന്‍, പാറാടന്‍ തുടങ്ങി പല  പേരുകളില്‍ അറിയപ്പെടുന്ന ഇവര്‍ക്ക് പക്ഷികളുടേതുപോലെ പറക്കാന്‍ തൂവലുകള്‍ കൊണ്ടുള്ള  ചിറകുകള്‍ ഒന്നും ഇല്ല. മുങ്കാലുകളിലെ വിരലുകള്‍ക്ക് ഇടയിലുള്ള  പെറ്റാജിയം (Petagium) എന്ന  നേര്‍ത്ത സ്തരമാണ്  ചിറകായി കണക്കാക്കുന്നത്. പറക്കാനുള്ള കഴിവുകാരണം അന്റാര്‍ട്ടിക്കയിലും ഒറ്റപ്പെട്ട  ചില ദ്വീപുകളിലും ഒഴികെ ഭൂമിയില്‍  സര്‍വ്വയിടങ്ങളിലും കാണുന്ന ഏക സസ്തനി ഇനവും ഇവരാണ്. ലോകത്ത് ആകെയുള്ള സസ്തനി ഇനങ്ങളുടെ 22%  വവ്വാല്‍ ഇനങ്ങളാണ്. 1400 സ്പീഷിസ് വവ്വാലുകളെ ഇതുവരെയായി തിരിച്ചറിഞ്ഞിട്ടുണ്ട്.  പ്രധാനമായും രണ്ട് വിഭാഗം  വവ്വാലുകളാണുള്ളത്. പഴങ്ങള്‍ പ്രധാന ഭക്ഷണമായിട്ടുള്ള വലുപ്പം കൂടിയ മെഗാ ബാറ്റുകളും. ശബ്ദ പ്രതിധ്വനികള്‍ ഉപയോഗിച്ച് കൂരിരുളിലും ഷഡ്പദങ്ങളേയും മറ്റ് കുഞ്ഞ് ജീവികളേയും  'കണ്ടെത്തി' ആഹരിക്കുന്ന കുഞ്ഞന്‍ 'മൈക്രോ ബാറ്റു'കളും. കൂടാതെ തേങ്കുടിയന്മാരായ വാവലുകളും.

bat

കൊതുകുകളെയടക്കം തിന്നുതീർക്കുന്ന നമ്മുടെ സഹായികളാണ് വവ്വാലുകള്‍

അപൂര്‍വ്വമായി  മനുഷ്യരുടേത് ഉള്‍പ്പെടെ മൃഗരക്തം കുടിച്ച് ജീവിക്കുന്ന വാമ്പയര്‍ ബാറ്റുകളും മീന്‍ പിടിയന്മാരായ ഇനം വവ്വാലുകളും കൂടി ഇതോടൊപ്പം ഉണ്ട്. അമേരിക്കന്‍ വന്‍കരയില്‍ മാത്രം കാണുന്ന ഇവയെയും മൈക്രോ ബാറ്റുകളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭൂരിഭാഗം ഇനങ്ങളും രാത്രി സഞ്ചാരികളും പകല്‍ സമയങ്ങളില്‍ മരക്കൊമ്പുകളിലും കിണര്‍, ഗുഹകള്‍, പാലത്തിന്റെ അടിഭാഗം, ആള്‍ത്താമസമില്ലാത്ത കെട്ടിടങ്ങളുടെ മച്ച് ,  തുടങ്ങിയ സുരക്ഷിത സ്ഥാനങ്ങളില്‍ തലകീഴായി തൂങ്ങിക്കിടന്ന് വിശ്രമിക്കുന്നവരും ആണ്.
ഏറ്റവും വലിപ്പം കൂടിയ വാവലുകളായി കണക്കാക്കുന്നത്  ഫിലിപ്പീന്‍സില്‍ കാണുന്ന  പറക്കും കുറുക്കന്‍ (Giant golden-crowned flying fox ) ആണ്. അതിന് 1.6കിലോഗ്രാം വരെ തൂക്കമുണ്ടാകും. ചിറകുവിടര്‍ത്തു വീതി 1.7 മീറ്റര്‍ കാണും. എന്നാല്‍ തായ്‌ലാന്റിലും മ്യാന്മറിലും ഉള്ള ചുണ്ണാമ്പ് ഗുഹകളില്‍ കാണുന്ന 'കിറ്റി'യുടെ പന്നിമൂക്കന്‍ വവ്വാലുകളാണ് (Kitti's hog-nosed bat) ഏറ്റവും ചെറിയ വവ്വാല്‍ ഇനം. ഒരു ഇഞ്ചിനടുത്ത് മാത്രമാണ് ഇവരുടെ വലിപ്പം - രണ്ട് -മൂന്നു ഗ്രാം തൂക്കവും കാണും. 

അന്റാര്‍ട്ടിക്കയിലും ഒറ്റപ്പെട്ട  ചില ദ്വീപുകളിലും ഒഴികെ ഭൂമിയില്‍  സര്‍വ്വയിടങ്ങളിലും കാണുന്ന ഏക സസ്തനി ഇനവും ഇവരാണ്

ഏറ്റവും വലിപ്പം കൂടിയ വാവലുകളായി കണക്കാക്കുന്നത്  ഫിലിപ്പീന്‍സില്‍ കാണുന്ന  പറക്കും കുറുക്കന്‍ ആണ്. അതിന് 1.6കിലോഗ്രാം വരെ തൂക്കമുണ്ടാകും. 

തായ്‌ലാന്റിലെയും മ്യാന്മറിലെയും ചുണ്ണാമ്പ് ഗുഹകളില്‍ കാണുന്ന 'കിറ്റി'യുടെ പന്നിമൂക്കന്‍ വവ്വാലുകളാണ് ഏറ്റവും ചെറിയ വവ്വാല്‍ ഇനം .  2- 3 ഗ്രാം വരെ തൂക്കമുണ്ടാകും

പഴങ്ങള്‍ തിന്നു ജീവിക്കുന്ന വവ്വാലുകള്‍ കൃഷിയിടങ്ങളിലെ  വിളവുകള്‍ നശിപ്പിക്കുന്നുണ്ടെങ്കിലും നൂറുകണക്കിന് ഇനം സപുഷ്പി സസ്യങ്ങളുടെ പ്രധാന  പരാഗണ സഹായി വവ്വാലുകള്‍ ആണ്. കൂടാതെ  വിത്ത് വിതരണത്തിനും വലിയ സഹായം ഇവര്‍  ചെയ്യുന്നുണ്ട്. ഭാരമുള്ള പഴങ്ങള്‍ പോലും കൊത്തികൊണ്ടുപോയി വിശ്രമ സ്ഥലത്ത് നിന്ന് തിന്ന് അതിന്റെ വിത്തുകള്‍ അവിടെ ഉപേക്ഷിക്കുകയാണ് ചെയ്യുക. ഒറ്റ കശുമാവ് പോലും ഇല്ലാത്ത പറമ്പുകളിലെ ചില മരക്കീഴില്‍ കിലോക്കണക്കിന് കശുവണ്ടി കിടക്കുന്നത് കാണാം.  ഉപദ്രവകാരികളായ പല  കീടങ്ങളെയും  കൊന്നുതീര്‍ക്കുന്നതിലും അവയുടെ എണ്ണം കൂടാതെ  നിയന്ത്രിക്കുന്നതിലും മൈക്രോ ബാറ്റുകള്‍ക്ക് വലിയ പ്രാധാന്യം ഉണ്ട്. കൊതുകുകളേയും, നിശാശലഭങ്ങളെയും , വിട്ടിലുകളേയും,  പലതരം ഈച്ചകളേയും ചിതലുകളുടെ കൂട്ടപ്പറക്കല്‍ സംഘമായ ഈയാമ്പറ്റകളേയും ഒക്കെ ശാപ്പിട്ട് തീര്‍ക്കുന്നതില്‍ ഇവര്‍ മുന്നിലാണ് . നമ്മുടെ വലിയ സഹായികള്‍ ആണ് വവ്വാലുകള്‍ എന്ന് സാരം. ഇവയൊക്കെക്കൂടിയാണ്  നമ്മുടെ ജൈവ വൈവിദ്ധ്യം കാക്കുന്നത്. ഭൂമദ്ധ്യരേഖാ പ്രദേശത്തെ പല സസ്യങ്ങളും പൂര്‍ണ്ണമായും വാവലുകളെ മാത്രം ആശ്രയിച്ച് പരാഗണവും വിത്തു വിതരണവും നടത്തുന്നവയാണ്. അത്തരം സസ്യങ്ങളില്‍ പലതും രത്രി മാത്രം പൂക്കള്‍ വിരിയുന്നവയും ആണ് . വാവലുകള്‍ ഇല്ലാതായാല്‍ ആ സസ്യങ്ങളും വംശനാശം സംഭവിക്കാന്‍ സാദ്ധ്യത ഉള്ളവയാണ്. 

ഒരു മണിക്കൂര്‍ കൊണ്ട് 1200 കൊതുകുകളെ വരെ കുഞ്ഞ് നരിച്ചീറുകള്‍ പറന്ന് തിന്നും. വവ്വാലുകള്‍ കൂട്ടമായി  ജീവിക്കുന്ന ഇടങ്ങളിലെ തറയില്‍ വീണുകിടക്കുന്ന കാഷ്ടം മികച്ച വളമായി ഉപയോഗിക്കാറുണ്ട്. ഒരുകാലത്ത് വെടിമരുന്ന് നിര്‍മ്മിക്കാന്‍ വവ്വാല്‍ കാഷ്ടം ഉപയോഗിച്ചിരുന്നു. 

ഈ തൂങ്ങിക്കിടപ്പില്‍ ഇവ വിസര്‍ജ്ജിക്കുമ്പോള്‍ ശരീരത്തിലാകാത്ത വിധം  ഒരു നിമിഷം ശീര്‍ഷാസനം  നിര്‍ത്തും

പക്ഷികള്‍ക്ക്  തൂവലുകളും, ഭാരക്കുറവും, എയറൊ ഡൈനമിക്ക് ശരീര ആകൃതിയും ഒക്കെ ഉള്ളതിനാല്‍ പറക്കലിന്  വലിയ അധ്വാനവും ഊര്‍ജ്ജവും ആവശ്യമില്ല. എന്നാല്‍ വാവലുകള്‍ ചിറകായി വിരലുകള്‍ക്ക് ഇടയിലെ സ്തരം  ഉപയോഗിച്ച്പറക്കുന്നതിനാല്‍ മസിലുകള്‍ക്ക്  വലിയ ഊര്‍ജ്ജം ആവശ്യമാണ്. പറക്കുന്ന സമയമത്രയും വളരെ  കൂടിയ അളവില്‍ ഓക്‌സിജന്‍ രക്തത്തില്‍ തുടര്‍ച്ചയായി കിട്ടികൊണ്ടിരുന്നാലേ ഉപാപചയം നടന്ന് ആവശ്യമായ ഊര്‍ജ്ജം മസിലുകളില്‍ കിട്ടുകയുള്ളു. അതിനുവേണ്ടി, ഹൃദയം പടപടാന്ന് മിടിച്ച്  രക്തം പമ്പുചെയ്തുകൊണ്ടിരിക്കണം. നമ്മുടെ ഹൃദയം മിനിറ്റില്‍ എണ്‍പതു പ്രാവശ്യം ഒക്കെ മാത്രം മിടിക്കുമ്പോള്‍ ചിലയിനം കുഞ്ഞന്‍ വാവലുകളുടെ ഹൃദയ മിടിപ്പ് ഒരു മിനിറ്റില്‍ ആയിരം തവണയൊക്കെ ആണ്. കൂടാതെ ശരീരത്തിന്റെ ആകെ വിസ്തീര്‍ണ്ണത്തിന്റെ എണ്‍പത്തഞ്ച് ശതമാനം ചിറകുകളുടെ വിസ്തീര്‍ണ്ണമാണ്. അതിലൂടെ ശരീരത്തിലെ വാതകങ്ങളേ ഡിഫ്യൂഷന്‍ വഴി കൈമാറ്റം ചെയ്യാനും  ഇവര്‍ക്ക് കഴിയും. ഇത്രയധികം ഊര്‍ജ്ജം വേണ്ടി വരുന്നതിനാല്‍ പഴം തീനി വവ്വാലുകള്‍ അവയുടെ ശരീര ഭാരത്തിന്റെ ഇരട്ടി ഭക്ഷണം കഴിക്കും. ഷഡ്പദഭോജികള്‍ നൂറ്റിയിരുപത് ശതമാനവും. 

bats
ഫോട്ടോ: സാജൻ വി. നമ്പ്യാർ

എല്ലാ വവ്വാലുകള്‍ക്കും  കാഴ്ചശക്തി  വളരെ കുറവാണെന്നും അവയെല്ലാം  ശബ്ദപ്രതിധ്വനി മാത്രം ഉപയോഗിച്ചാണ് സഞ്ചരിക്കുന്നതെന്നും പലര്‍ക്കും  ഒരു തെറ്റിദ്ധാരണ ഉണ്ട്.  പഴം കഴിച്ച് ജീവിക്കുന്ന മെഗ ബാറ്റുകളില്‍ ഒരു സ്പീഷിസ് ഒഴിച്ച് ബാക്കിയെല്ലാത്തിനും നല്ല കാഴ്ചശക്തിയുണ്ട്.  കണ്ണും മണമറിയാനുള്ള കഴിവും ഒക്കെ ഉപയോഗിച്ചാണ് അവ ഭക്ഷണം കണ്ടെത്തുന്നത്. എന്നാല്‍ പ്രാണി പിടിയന്മാരായ കുഞ്ഞന്‍ ഇനങ്ങള്‍  കാഴ്ച ശക്തി കുറഞ്ഞവരാണ്. ശബ്ദ പ്രതിധ്വനി തന്ത്രം ഉപയോഗിച്ചാണിവര്‍ ഇരതേടുന്നതും സഞ്ചാരവഴിയിലെ തടസങ്ങള്‍ അറിഞ്ഞ് ഒഴിഞ്ഞ്മാറി പറക്കുന്നതും. സഞ്ചാര പാതകളിലെ തടസങ്ങള്‍ ഉയര്‍ന്ന ആവൃതിയിലുള്ള ശബ്ദങ്ങള്‍ ഉണ്ടാക്കി അവയുടെ പ്രതിധ്വനികള്‍ വിശകലനം ചെയ്ത് നിമിഷാര്‍ദ്ധം കൊണ്ട് തിരിച്ചറിയാന്‍  ഇവര്‍ക്ക് കഴിയും.  പാറിക്കളിക്കുന്ന  കുഞ്ഞ് പ്രാണികളെയും ജീവികളേയും കൃത്യമായി കണ്ടെത്തി തിന്നാന്‍ ഇരുളിലും  പ്രാണിപ്പിടിയന്‍ വാവലുകള്‍ക്ക് ഈ സൂത്രവിദ്യകൊണ്ട് കഴിയും. രാത്രിയിലെ വേഗ സഞ്ചാരത്തിനിടയില്‍ മുന്നിലെ തടസങ്ങള്‍ തിരിച്ചറിഞ്ഞ് പരിക്ക് പറ്റാതെ പറക്കാന്‍ സഹായിക്കുന്നതും ഇക്കോ ലോക്കേഷന്‍ പരിപാടികൊണ്ടാണ്. മഴയത്ത് പറന്ന് ഇരപിടിക്കാന്‍ ഇവര്‍ക്ക് വിഷമമാണ്. മഴത്തുള്ളികളില്‍ തട്ടി ശബ്ദപ്രതിധ്വനി വിവരങ്ങള്‍ ആകെ കുഴഞ്ഞുപോകും.

വിശ്രമ സമയം നിലത്ത് നില്‍ക്കാം എന്നു വിചാരിച്ചാല്‍ പറ്റുകയില്ല. ഇവയുടെ പിങ്കാലുകള്‍ പരിണാമപരമായി നടക്കാനുള്ള ആവശ്യത്തിനായി പരിണമിച്ചവ അല്ലാത്തതിനാല്‍ ശോഷിച്ചതും ശരീരത്തെ താങ്ങാന്‍ മാത്രം കരുത്ത് ഇല്ലാത്തതും ആണ്. അതിനാലാണ് പറക്കാത്ത സമയമത്രയും ശീര്‍ഷാസനത്തില്‍ തന്നെ തുടരേണ്ടി വരുന്നത്. തൂങ്ങിയുള്ള കിടപ്പ് അത്ര സുഖമുള്ള കാര്യമൊന്നുമല്ല. പറക്കാന്‍ കഴിയും എന്നൊക്കെ പറയാമെങ്കിലും പക്ഷികളെപ്പോലെ നിന്ന നില്‍പ്പില്‍ ചിറകുകള്‍ വീശി ശരീരത്തെ ഉയര്‍ത്താന്‍ ഇവര്‍ക്ക് വലിയ വിഷമം ആണ്. ഹെലിക്കോപ്റ്റര്‍ പൊങ്ങും പോലെ നിലത്ത് നിന്ന് കുത്തനെ  ഉയരാനും  കഴിയില്ല. ഓടി വേഗതകൂട്ടി അതിന്റെ സഹായത്തോടെ ടേക്കോഫ് ചെയ്യാന്‍ പറ്റുന്ന കരുത്തുള്ള കാലുകളും ഇല്ല. സൈക്കിള്‍ ബാലന്‍സ് ആവാത്തവര്‍ കുന്നിറക്കത്തില്‍ കൊണ്ട് വെച്ച് കയറുന്ന സൂത്രം പോലൊരു സൂത്രമാണിവര്‍ പറക്കല്‍ തുടക്കത്തിന് ഉപയോഗിക്കുന്നത്. ഉയരത്തിലെ  തൂങ്ങിക്കിടപ്പില്‍ കാല്‍ കൊളുത്ത് വിടുവിച്ച് താഴോട്ടുള്ള വീഴ്ചയ്ക്കിടയിലാണ് ടേക്കോഫിനുള്ള വേഗത ഇവര്‍ ആര്‍ജ്ജിക്കുന്നത്. നിലത്ത് വീണുപോയ വാവലിന് പറക്കണമെങ്കില്‍ ഇത്തിരി ഉയരത്തിലേക്ക് പിടിച്ച് കയറണം. അല്ലെങ്കില്‍ പിടച്ച് പൊങ്ങണം.  പക്ഷെ, കൈകള്‍ സ്വതന്ത്രമായുള്ള തൂങ്ങിക്കിടപ്പിനിടയില്‍ ശത്രുആക്രമണം ഉണ്ടെന്ന സൂചനകിട്ടിയ നിമിഷം തന്നെ പറന്നു രക്ഷപ്പെടാന്‍ ഈ കിടപ്പ് സഹായിക്കും. 

പ്രസവം ഇഷ്ടമുള്ള കാലത്തേക്ക് പ്ലാന്‍ ചെയ്യാന്‍ ഇവര്‍ക്ക് കഴിയും.  

ബീജം ഉള്ളില്‍ സൂക്ഷിച്ച് വെച്ച് അണ്ഡവുമായി ചേരുന്നത് തടഞ്ഞോ, ബീജ സങ്കലനം കഴിഞ്ഞാലും അണ്ഡ നാളികളില്‍ തന്നെ കഴിഞ്ഞോ, അണ്ഡത്തിന്റെ വളര്‍ച്ച നിയന്ത്രിച്ചോ ഒക്കെയോ ആണിത് 

തലതിരിഞ്ഞുള്ള ദീര്‍ഘനേര  കിടപ്പില്‍ തലയിലേക്ക് കൂടുതല്‍ രക്തമൊഴുകി തകരാറുവരാതിരിക്കാനുള്ള അനുകൂലനങ്ങള്‍ ഇവയ്ക്ക് ഉണ്ട്.  പഴംതീനി വവ്വാലുകളായ മെഗാ ബാറ്റുകള്‍ തല മുന്നോട്ട് വളച്ച് ഉയര്‍ത്തി വയറിനോട് ചേര്‍ത്ത് പിടിച്ചാണ് തൂങ്ങിക്കിടക്കുക. എന്നാല്‍ കുഞ്ഞന്മാരായ ഇരപിടിയന്‍ മൈക്രോ ബാറ്റുകള്‍ തല പിറകിലേക്ക് മടക്കി ഉയര്‍ത്തിയാണ് തൂങ്ങി കിടക്കുക. ഇത്തരത്തില്‍ തല മുന്നോട്ടും പിറകിലോട്ടും കൂടിയ അളവില്‍ മടക്കിപിടിച്ച് ഹൃദയലവലിലേക്ക് ഉയര്‍ത്തി പിടിക്കുന്നതിനാല്‍ രക്തം തലയില്‍ നിറഞ്ഞുള്ള  പ്രശ്‌നം ഒന്നും ഇവര്‍ക്കില്ല.  ഈ തൂങ്ങിക്കിടപ്പില്‍ ഇവ വിസര്‍ജ്ജിക്കുമ്പോള്‍ ശരീരത്തിലാകാത്ത വിധം  ഒരു നിമിഷം ശീര്‍ഷാസനം  നിര്‍ത്തി കാല്‍ കൊളുത്തിന് പകരം കൈ കൊണ്ട് കൊളുത്തി ഗുദ ദ്വാരം താഴോട്ട് വരും വിധം ഞാഴ്ന്ന് കിടക്കും -   കാര്യം കഴിഞ്ഞാല്‍ വീണ്ടും പഴയ ശീര്‍ഷാസനം തുടരും . മൂത്രമൊഴിക്കുന്നതും ഇതുപോലെ തന്നെ.  പ്രസവിക്കുമ്പോഴും തലകുത്തിക്കിടപ്പ് പരിഷ്‌കരിക്കും. ശരീരത്തില്‍ ഗര്‍ഭാശയ  ദ്രവങ്ങളും  രക്തവും ആകാതെ നോക്കാനും കുഞ്ഞുങ്ങള്‍ താഴെ വീഴാതെ കാക്കാനും ഇവര്‍ക്ക് അറിയാം. ഏതു സമയത്ത്  ഇണ ചേര്‍ന്നാലും പ്രസവം കുഞ്ഞുങ്ങള്‍ക്ക് നന്നായി ഭക്ഷണം കിട്ടുന്ന കാലത്ത് തന്നെ ആക്കാന്‍ പെണ്‍ വവ്വാലിന് സാധിക്കും. ബീജം ഉള്ളില്‍ സൂക്ഷിച്ച് വെച്ച് അണ്ഡവുമായി ചേരുന്നത് തടഞ്ഞോ, ബീജ സങ്കലനം കഴിഞ്ഞാലും അണ്ഡ നാളികളില്‍ തന്നെ കഴിഞ്ഞോ, അണ്ഡത്തിന്റെ വളര്‍ച്ച നിയന്ത്രിച്ചോ ഒക്കെ പ്രസവം ഇഷ്ടമുള്ള കാലത്തേക്ക് പ്ലാന്‍ ചെയ്യാന്‍ ഇവര്‍ക്ക് കഴിയും.  ഒരു വര്‍ഷം ഒരു കുഞ്ഞു മാത്രമേ ഉണ്ടാകുകയുള്ളു. അവയെ ഇരപിടിയന്മാരില്‍ നിന്നും രക്ഷിക്കുക എന്നതും വലിയ പ്രയാസമുള്ള കാര്യമാണ്. ലക്ഷക്കണക്കിന് വവ്വാല്‍ കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് തന്റെ കുഞ്ഞിനെ അമ്മ വവ്വാല്‍ പ്രത്യേക ശബദവും മണവും ഉപയോഗിച്ചാണ് ഇരുളില്‍ തിരിച്ചറിഞ്ഞ് മുലയൂട്ടുക.

മൈക്രോ ബാറ്റുകള്‍ സഞ്ചാരത്തിന് ഭൂമിയുടെ കാന്തിക മണ്ഡലത്തെ  അടിസ്ഥാനമാക്കിയുള്ള മാഗ്‌നെറ്റോ റിസപ്ഷന്‍  സംവിധാനം ഉപയോഗിക്കുന്നുണ്ട്. വളരെ വിസ്താരമുള്ള ചിറകുകള്‍ വലിയ താപനഷ്ടം ഉണ്ടാക്കുന്നതിനാല്‍ കഴിയുന്നതും തണുപ്പില്‍ ചുരുണ്ട് ഒരു ഉണ്ടപോലെ മൊത്തം പൊതിഞ്ഞ് കഴിയാന്‍ ഇവര്‍ ശ്രമിക്കും. കൂടാതെ ഉഷ്ണകലത്ത് പകല്‍ ചിറകുകള്‍ ഇടയ്ക്ക് വിശറിപോലെ അനക്കിയും  ഉമിനീര്‍ പുരട്ടിയും ശരീരം തണുപ്പിക്കാന്‍ ശ്രമിക്കും. ഭക്ഷണ ക്ഷാമം ഉള്ളപ്പോഴും തണുപ്പ് കാലത്തും  ശരീര ഉപാപചയപ്രവര്‍ത്തനങ്ങള്‍ കുറച്ചും , ശരീര ഊഷ്മാവ്  സ്വയം താഴ്ത്തിയും ടോര്‍പോര്‍ എന്ന  ഒരു തരം ഹൈബെര്‍നേഷണില്‍(സുഷുപ്തി) കഴിയാന്‍ ഇവര്‍ക്ക് പറ്റും.  

ഫ്രൂട്ട് ബാറ്റുകള്‍ 20- 30 വര്‍ഷം വരെ ജീവിക്കും - 42 വര്‍ഷമാണ് കാപ്റ്റിവിറ്റിയില്‍ നിരീക്ഷിച്ച ഏറ്റവും കൂടിയ ആയുസ് .  നരിച്ചീറുകള്‍ - 3 - 7 വര്‍ഷം ആയുസ്സുള്ളവരാണ്. 

bat

ആരാണ് നിപ വൈറസിന്റെ വാഹകര്‍

റ്റെറോപസ് വിഭാഗത്തിലെ വവ്വാലുകള്‍ ആണ് നിപ്പ വൈറസിന്റെ സ്വാഭാവിക പ്രകൃത്യാ ഉള്ള -  സംഭരണികളും വാഹകരും ആയി  പ്രവര്‍ത്തിക്കുന്നത്.   പഴം , പൂവ്, പൂമ്പൊടി ഒക്കെ തിന്നു ജീവിക്കുന്ന  ഇവരെ പൊതുവെ ഫ്രൂട്ട് ബാറ്റുകള്‍ എന്നാണ് വിളിക്കുക. മലേഷ്യയിലാണ് ലോകത്താദ്യമായി  1988 ല്‍  നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറേ ദശകങ്ങളായി ,  ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മൂലം  പല പ്രദേശങ്ങളിലും വലിയ തോതിലുള്ള വെള്ളപ്പൊക്കവും കൊടുങ്കാറ്റും കാട്ടുതീയും വരള്‍ച്ചയും ഒക്കെ  തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കയാണല്ലോ  . എല്‍ നിനോ പ്രതിഭാസത്തേ തുടര്‍ന്ന്  മലേഷ്യയില്‍ കാടുകള്‍ കരിഞ്ഞുണങ്ങിയതും വനനാശീകരണവും മൂലം നൂറ്റാണ്ടുകളായി അവിടെ സഹവസിച്ചിരുന്ന വവ്വാലുകളുടെ  റൂസ്റ്റിങ് സ്ഥലങ്ങള്‍നഷ്ടമായി. അവയ്ക്ക് പഴങ്ങളും കായ്കനികളും കിട്ടാതായി. അവ ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും തീറ്റയും വിശ്രമവും തേടി ചേക്കേറി. മലേഷ്യയില്‍ പന്നിഫാമുകളുടെ ഉയര്‍ച്ചക്കാലമായിരുന്നു അത്.  ഫാമുകളോടനുബന്ധിച്ച് ധാരാളം ഫലവൃക്ഷങ്ങളും നട്ടുവളര്‍ത്തീട്ടുണ്ടായിരുന്നു. വവ്വാലുകള്‍ അവിടങ്ങളില്‍ ചേക്കേറി. കുറച്ച് കാലത്തിനു ശേഷം പന്നികളില്‍ വ്യാപകമായ പനിയും ശ്വാസ തടസവും പിടിപെടാന്‍ തുടങ്ങി. അവിടത്തെ ജോലിക്കാരിലും പിന്നീട് ആ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി.  ജാപ്പനീസ് എന്‍സാഫലൈറ്റിസ് ലക്ഷണങ്ങളോട് സാമ്യമുള്ള ലക്ഷണങ്ങള്‍ ആണ് രോഗികളില്‍ കണ്ടത്. വളര്‍ത്ത് പന്നികളില്‍ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പടര്‍ന്നത് എന്ന് തിരിച്ചറിഞ്ഞതോടെ രാജ്യത്തെങ്ങുമായി  പത്തുലക്ഷത്തിലധികം പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കി കുഴിച്ച് മൂടി .

ആദ്യം കൊതുകുകളാണ് പന്നികളില്‍ രോഗം എത്തിച്ചത് എന്നു കരുതി അവയെ നിയന്ത്രിക്കാനുള്ള പരിപാടികള്‍ ആണ് വ്യാപകമായി ചെയ്തത്. പിന്നീടാണ് വവ്വാലുകള്‍ കടിച്ചിട്ട പഴങ്ങള്‍ പന്നികള്‍ തിന്നാണ് നിപ്പ വൈറസ് ഇവരില്‍ എത്തിയതെന്ന് മനസിലായത്.  വവ്വാലിന്റെ  കാഷ്ഠം, മൂത്രം, ഉമിനീര്, ശുക്ലം എന്നീ സ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തേക്ക് എത്തുന്നത്. ബംഗ്ലാദേശില്‍ 2001 ല്‍ സമാന ലക്ഷണങ്ങളോടെ പനി ഉണ്ടായി. ഇന്ത്യയിലെ പശ്ചിമബംഗാളില്‍ സിലിഗുരിയില്‍ നിപ്പ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.   വവ്വാലുകള്‍ ഭക്ഷിച്ച് ഉപേക്ഷിക്കുന്ന പഴങ്ങളും അവയുടെ സ്രവങ്ങള്‍ പുരണ്ട ഈന്തപ്പഴച്ചാറും പനംകള്ളും  കഴിച്ച ആളുകളിലാണ് വൈറസ് എത്തിയത്.   മലേഷ്യയില്‍ മാത്രമാണ് പന്നികളില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗിയുടെ സ്രവങ്ങളിലൂടെയാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. എല്ലാ വാവലുകളിലും ഇത്തരം വൈറസുകള്‍ ഉണ്ടാകണമെന്നില്ല.  ഉണ്ടായാല്‍ തന്നെ അതിന്റെ സ്രവത്തിലുള്ള വൈറസിന്റെ എണ്ണം  അഥവ വൈറല്‍ ലോഡ് ഒരോരുത്തരുടേയും പ്രതിരോധ ശേഷി എന്നിവയൊക്കെ ആശ്രയിച്ചാണ് രോഗാവസ്ഥയിലേക്ക് എത്തുന്നത്. വവ്വാല്‍ കടിച്ച പഴം തിന്ന എല്ലാവര്‍ക്കും നിപ്പ വരണമെന്നില്ല.

വവ്വാലുകളുടെ ശരീരത്തില്‍ വൈറസ് പെരുകി അവയെ അപായപ്പെടുത്താത്തത് എന്തുകൊണ്ട് 

bats
ഫോട്ടോ സാജൻ വി നമ്പ്യാർ

കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ക്യാര ഇ. ബ്രൂക്കിന്റെ (Cara Brook) നേതൃത്വത്തില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ശാസ്ത്രജ്ഞര്‍ പങ്കെടുത്ത വിപുലമായ ഇത്തരം ഒരു  പഠനം ഇ ലൈഫ്  എന്ന സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരുന്നു.  മൂന്ന് ജീവികളില്‍ നിന്നുള്ള കോശങ്ങളെ  പഠനത്തിനായി ഗവേഷകര്‍  ഉപയോഗിച്ചു. മാര്‍ബര്‍ഗ് വൈറസ്സുകളുടെ വാഹകരായ ഈജിപ്ത് പഴംതീനി വവ്വാല്‍  (Egyptian Fruit Bat), ഹെന്‍ഡ്ര വൈറസ്സുകളുടെ വാഹകരായ ആസ്‌ട്രേലിയന്‍ ഫ്‌ളൈയിങ് ഫോക്‌സ് (Australian Flying Fox) എന്നിവയെ  കൂടാതെ വവ്വാലിതര സസ്തനികളില്‍ വൈറസിന്റെ പ്രവര്‍ത്തനം  എത്തരത്തിലാവും എന്നറിയാന്‍ ആഫ്രിക്കന്‍ ഗ്രീന്‍ കുരങ്ങുകളുടേയും കോശങ്ങള്‍ ആണ് ഇതിനായി ഉപയോഗിച്ചത്.  ഏത് വൈറസുകള്‍ കുരങ്ങിന്റെ സെല്ലില്‍ കുത്തിവച്ചാലും ഒരു നിശ്ചിത സമയത്തിനുള്ളില്‍ അവ ക്രമാതീതമായി പെരുകുകയും ആ സെല്ലിനെ നശിപ്പിക്കുകയും ചെയ്യുന്നതായി ഗവേഷക സംഘം കണ്ടു. . എന്നാല്‍ വവ്വാലുകളുടെ സെല്ലുകളില്‍ വൈറസുകള്‍ പെറ്റുപെരുകുന്നുണ്ടെങ്കിലും അവ ആ സെല്ലുകളെ നശിപ്പിക്കുന്നില്ല എന്ന കാര്യം അവര്‍ ശ്രദ്ധിച്ചു. വൈറസ്സുകളുടെ ആക്രമണം നേരിടുമ്പോള്‍ അവയെ നേരിടാന്‍ കോശങ്ങള്‍   സൈറ്റോകൈനുകള്‍ (Cytokines) എന്ന പ്രത്യേകതരം മാംസ്യം ഉത്പാദിപ്പിക്കും. . സൈറ്റോകൈനുകളിലെ ഒരു ഉപവിഭാഗമാണ് ഇന്റര്‍ഫെറോണുകള്‍ (Interferons- IFN). ഒരു സെല്ലില്‍ ഇന്റര്‍ഫെറോണ്‍ ഉത്പാദനം ഉണ്ടായാല് അത് സമീപ സെല്ലുകളിലെ കട ജീനുകളെ (Inteferon Stimulating Genes- ISG) ഉത്തേജിപ്പിക്കുകയും ഇതു മൂലമുള്ള ഇന്റര്‍ഫറോണ്‍ ഉല്‍പ്പാദനം വഴി വൈറസ്സ് ബാധ അടുത്ത സെല്ലുകളിലേക്ക് പകരുന്നത് തടയുകയും ചെയ്യും. സാധാരണയായി ഏതെങ്കിലും വൈറസുകള്‍ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ മാത്രമാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എന്നാല്‍ വവ്വാലുകളില്‍ വൈറസ്സുകളുടെ അഭാവത്തിലും ഈ പ്രവര്‍ത്തനം തുടര്‍ച്ചയായി നടക്കുന്നതായി കണ്ടെത്തി.  

എല്ലാ വവ്വാലുകള്‍ക്കും  കാഴ്ചശക്തി  വളരെ കുറവാണെന്നും അവയെല്ലാം  ശബ്ദപ്രതിധ്വനി മാത്രം ഉപയോഗിച്ചാണ് സഞ്ചരിക്കുന്നതെന്നും പലര്‍ക്കും  തെറ്റിദ്ധാരണ ഉണ്ട്

 പഴം കഴിച്ച് ജീവിക്കുന്ന മെഗ ബാറ്റുകളില്‍ ഒരു സ്പീഷിസ് ഒഴിച്ച് ബാക്കിയെല്ലാത്തിനും നല്ല  കാഴ്ചശക്തിയുണ്ട്.  

വവ്വാലുകളില്‍ തുടര്‍ച്ചയായി ഇന്റര്‍ഫെറോണ്‍ ആല്‍ഫ (Interferon- a) ഉത്പാദിപ്പിക്കപ്പെടുകയും ഇവ സെല്ലുകളില്‍ പ്രവേശിക്കുന്ന വൈറസ്സുകളെ എതിരിടുകയും ചെയ്യുന്നു. ഇന്റര്‍ഫെറോണ്‍ ആല്‍ഫ പക്ഷെ വൈറസുകളെ പൂര്‍ണ്ണമായും നശിപ്പിക്കുന്നില്ല. അവയെ മിതമായ തോതില്‍ പെറ്റുപെരുകാന്‍ അനുവദിക്കുകയും എന്നാല്‍ രോഗം ഉണ്ടാക്കി സെല്ലിനെ നശിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യും.  വേറൊരു  സാഹചര്യത്തില്‍ എത്തിയാല്‍  ആ വൈറസുകള്‍ അതിവേഗത്തില്‍ പെരുകുവാന്‍ കഴിവുള്ളവയായിത്തീരുകയും മറ്റ് സസ്തനികളില്‍ എത്തിപ്പെട്ടാല്‍ കൂടുതല്‍ കൂടുതല്‍ രോഗ ശേഷിയുള്ളവരായി മാറുകയും ചെയ്യുന്നു. അതിനാല്‍ വവ്വാലിന്റെ ശരീരത്തില്‍ നിന്ന് മറ്റൊരു സസ്തനിയുടെ  ശരീരത്തില്‍ പ്രവേശിക്കുന്ന സമയം തന്നെ  ആ ജീവിയില്‍ പെറ്റ് പെരുകാനും രോഗങ്ങള്‍ ആയി മാറാനും കാരണമാകാം. . ഇതുതന്നെയാണ് നിപയുടെയും എബോളയുടെയും കോറോണയുടെയും കാര്യത്തില്‍ സംഭവിച്ചതും. 

വവ്വാലുകളുടെ ശരീര കോശങ്ങള്‍  മാത്രം വൈറസുകളോട് ഇത്തരത്തില്‍ സവിശേഷ സ്വഭാവം എന്തുകൊണ്ടാണ് പ്രകടിപ്പിക്കുന്നത് എന്നതും പഠന വിധേയമാക്കീട്ടുണ്ട്.  പക്ഷിചിറകുകള്‍ ഇല്ലാതെ പറക്കാനായി കൂടുതല്‍ ഊര്‍ജ്ജം ഇവര്‍ക്ക് വേണ്ടിവരുന്നതിനാല്‍ ഉയര്‍ന്ന ഉപാപചയ നിരക്കും മിനുട്ടില്‍ ആയിരത്തിനടുത്ത് ഹൃദയമിടിപ്പും ഉണ്ട് എന്നു പറഞ്ഞല്ലോ.  ഉയര്‍ന്ന മെറ്റാബോളിക് റേറ്റ്  കുറേ സ്വതന്ത്ര റാഡിക്കലുകളെ (Free radicals) ഉണ്ടാക്കും. സ്വതന്ത്ര റാഡിക്കലുകള്‍ സെല്ലുകളുടെ സ്തരത്തെപോലും (Cell membrane) നശിപ്പിക്കാന്‍ പര്യാപ്തമാണ്. ഇത്തരത്തില്‍ കോശസ്തരങ്ങള്‍ നശിക്കാതിരിക്കാനായി പരിണാമ പരമായി ആര്‍ജ്ജ്ജിച്ച സവിശേഷ കഴിവാണ് വാവ്വാലിനുള്ളിലെ  വൈറസിനെയും തടയുന്നത്.. ഉയര്‍ന്ന ഉപാപചയ നിരക്കും ഹൃദയമിടിപ്പും പൊതുവില്‍ ജീവികളുടെ ജീവിതകാലയളവ് (Life Span) കുറയ്ക്കുകയാണ് ചെയ്യുക. പക്ഷെ വവ്വാലുകള്‍ നാല്പത് വര്‍ഷം വരെ ജീവിക്കുന്നു. ഈ പ്രത്യേകതയും രോഗപ്രതിരോധ വ്യവസ്ഥയുടെ സവിശേഷതകളുമായി കൂട്ടിവായിക്കാവുന്നതാണ്.

വാവലുകളെ ശത്രുസംഹാരം ചെയ്യലല്ല പരിഹാരം. വാവലുകളുമായി സമ്പര്‍ക്കത്തില്‍ വന്നിരിക്കാന്‍ സാദ്ധ്യതയുള്ള പഴങ്ങളും മറ്റും കഴിക്കുന്നതും സ്പര്‍ശിക്കുന്നതും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. അവ കിണറുകളിലും മറ്റും വന്ന്  വിശ്രമിക്കുന്നത് ഒഴിവാക്കാനായി വലകള്‍ ഇടുക. വവ്വാലുകളുടെ ചേക്കേറല്‍ ഇടങ്ങള്‍ അലോസരപ്പെടുത്തി അവയെ ഭയപ്പെടുത്താതിരിക്കുക. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മലിനമാകാതെ നോക്കുക.  കൈകാലുകള്‍ വൃത്തിയാക്കാതെ ഒന്നും കഴിക്കാതിരിക്കുക. 
 

Vijayakumarblathur@gmail.com
 

content highlights: Complete information and interesting facts about Bats