'പന്നി' എന്ന വാക്ക് തെറിയായും ദേഷ്യം സൂചിപ്പിക്കാനുമൊക്കെയാണ് പലരും ഉപയോഗിക്കുന്നത്.  തമാശയും  അവജ്ഞയും അറപ്പും ഒക്കെയാണ് ഈ വിളിയില്‍ ഒളിച്ചിരിക്കുന്നത്. വൃത്തികെട്ട സ്വഭാവം ഉള്ളയാള്‍ എന്നതാണ് ഏറ്റവും മുഖ്യമായ സൂചന. സ്ത്രീകളെ തരംതാണവരായും അധീനപ്പെട്ടവരായും കണക്കാക്കുന്ന പുരുഷന്മാരെ (male chauvinist) സൂചിപ്പിക്കാന്‍ യൂറോപ്പില്‍ അറുപതുകളില്‍ സ്ത്രീസ്വാതന്ത്ര്യ പ്രസ്ഥാനക്കാര്‍ 'പന്നി' ( pig) എന്ന വാക്ക് ഉപയോഗിച്ചിരുന്നു. 

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

മനുഷ്യമലമാണ് നാട്ടുപന്നികളുടെ ഇഷ്ടഭക്ഷണം എന്ന ധാരണ പലരും ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് ഇവയുടെ ഇറച്ചി തീട്ടം പുരണ്ടതുപോലെന്തോ വൃത്തികെട്ട വസ്തുവാണ്  എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമവും ഉണ്ട്. പല  ഇന്ത്യന്‍ ഗ്രാമങ്ങളിലും  ചേരികളിലും ചെറുപട്ടണങ്ങളിലും വഴിയരികിലെ  അഴുക്കുകൂമ്പാരങ്ങളില്‍, ഓടകളിലെ  കറുത്ത് കൊഴുത്ത ചെളിയില്‍ വീണുരുണ്ടും  മുക്കറ ഉണ്ടാക്കിയും കുഞ്ഞുവാല്‍ ഇളക്കി ഓടിയും ഇവ മദിച്ച് നടക്കുന്നത് കാണാം. കുളിച്ച് കുട്ടപ്പന്മാരായി പൗഡറും  പൂശി നടക്കുന്ന നമ്മള്‍ക്ക് ചെളിയിലും അഴുക്കിലും വീണുരുളാന്‍ ഇഷ്ടപ്പെടുന്ന ഒരു മൃഗത്തെ കാണുമ്പോള്‍ അറപ്പ് ഉണ്ടാകുന്നത് സ്വാഭാവികം.

പന്നിയുമായി  ഗുസ്തിക്ക് പോകരുത് എന്ന് ജോര്‍ജ് ബെര്‍ണാഡ് ഷാ പണ്ടേ പറഞ്ഞിട്ടുണ്ട്, അടിപിടിക്കിടയില്‍ ചെളിയില്‍ വീഴുന്നത് പന്നി സുഖിച്ച് ആസ്വദിക്കുകയാണ് ചെയ്യുക എന്നതിനാല്‍ നമുക്കാണ് നഷ്ടം. (സംസ്‌കാരമില്ലാത്തവരുമായി വാഗ്വാദത്തിനു പോകരുത് എന്നാണ്  അദ്ദേഹം ഉദ്ദേശിച്ചത്). പന്നികളുടെ ഒരു പ്രത്യേക  ശാരീരിക സ്വഭാവത്തെ തെറ്റിദ്ധരിച്ച മനുഷ്യരായ നമ്മള്‍ അടിച്ചേല്‍പ്പിച്ച  പേരുദോഷം ആണ് 'പന്നി വൃത്തികെട്ട ജീവി' എന്നത്. വിയര്‍പ്പുഗ്രന്ഥികളിലൂടെ ജലം പുറത്തേക്ക് വിട്ട് അത് കാറ്റില്‍ വറ്റിച്ച് തണുപ്പിച്ചാണല്ലോ നമ്മളൊക്കെ ശരീരത്തിന്റെ താപം നിയന്ത്രിക്കുന്നത്. എന്നാല്‍, പന്നിയില്‍ നമുക്കുള്ള രണ്ട് തരം  സ്വേദഗ്രന്ഥികളും (apocrine and eccrine sweat glands) വളരെ കുറച്ച് മാത്രമേ ഉള്ളു. വിയര്‍ക്കുന്ന സ്വഭാവം ഇല്ലെന്നുതന്നെ പറയാം. നായയെ പോലെ ചില സസ്തനികള്‍ നാവു നീട്ടി വായിലെ മ്യൂക്കസ് പാളി വഴി ചൂട് കുറക്കുന്ന പരിപാടിയും ഇവര്‍ക്കില്ല. അതിനാലാണ് പാവം പന്നി  ചെളിയിലും ചതുപ്പിലും  അഴുക്കുകുഴികളിലും വീണുരുളുന്നത്. കൂടാതെ  ദേഹത്ത് ചെളിയുടെ ഒരു പാളി ഉണ്ടായാല്‍ വെയില്‍ തട്ടി പൊള്ളുന്നതും കുറയും. പലതരം പ്രാണികളുടെ കുത്തലും കടിക്കലും ഒഴിവാക്കാനും പറ്റും. 

പന്നികളുടെ പരിണാമം 

തെക്ക് കിഴക്ക് ഏഷ്യയിലെ ഇന്‍ഡോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ പ്രദേശങ്ങളിലെ ദ്വീപുകളില്‍ ആയിരിക്കും പന്നികള്‍ ആദ്യമായി പരിണമിച്ച് ഉണ്ടായത് എന്നാണ് കരുതപ്പെടുന്നത്. അവിടെനിന്നു  യൂറേഷ്യയിലും ഉത്തരാഫ്രിക്കയിലും  അവ പരന്നു. പിന്നീട് മനുഷ്യര്‍ വഴി  അമേരിക്കയിലും ഓഷ്യാനയിലും എത്തപ്പെട്ടു. കാള്‍ ലീനസ് 1758-ല്‍ കാട്ടുപന്നിയ്ക്ക് Sus scrofa എന്ന ശാസ്ത്രനാമം നല്‍കി. നിലവില്‍ 16 സബ് സ്പീഷിസുകളായി ഇവ വര്‍ഗീകരിച്ചിട്ടുണ്ട്‌. അവയെത്തന്നെ തലയോട്ടിയുടെ വലിപ്പം, കണ്ണീര്‍ ഗ്രന്ഥിയുടെ അസ്ഥിരൂപം എന്നിവയെ അടിസ്ഥാനമാക്കി നാല്  ഭൂപ്രദേശിക  ഗ്രൂപ്പുകളായും തിരിച്ചിട്ടുണ്ട്. വളരെ പണ്ട് മുതലേ പന്നികളെ വളര്‍ത്താന്‍ മനുഷ്യര്‍ ആരംഭിച്ചിരുന്നു. അത്തരം വളര്‍ത്തുപന്നികളില്‍ ചിലവ  പിന്നീട് വീണ്ടും കാടുകളിലേക്ക് പോയി തലമുറകളിലൂടെ ഫെറല്‍ ജീവികളായി വാഴുകയും അവ കാട്ടുപന്നികളുമായി  ഇണചേര്‍ന്ന് പുതിയ ഹൈബ്രിഡുകള്‍ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.  Boar എന്ന വാക്ക് പലപ്പോഴും കാട്ടുപന്നിയെയും വളര്‍ത്തുപന്നികളിലെ പ്രജനനശേഷിയുള്ള  ആണിനേയും സൂചിപ്പിക്കാന്‍ മാത്രമായും ഉപയോഗിക്കാറുണ്ട്. പെണ്‍പന്നികളെ സൂചിപ്പിക്കാന്‍ പൊതുവെ Sow എന്ന വാക്കാണ് ഉപയോഗിക്കാറുള്ളത്. പക്ഷെ നമുക്ക് മലയാളത്തില്‍ രണ്ടിനും പന്നി എന്ന ഒരു വാക്ക് മാത്രമേ ഉള്ളു. 

pig
ചെളിയിൽ പുതഞ്ഞ പന്നിയും നായയും | Getty images

വൃത്തിക്കെട്ട മൃഗം എന്ന പേരുദോഷം പക്ഷെ പുരാണങ്ങളിലെ ഹീറോ

പന്നികളെ  ഇണക്കി വളര്‍ത്തുന്ന ശീലം വളരെ പണ്ടു മുതലേ ആരംഭിച്ചിരുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള കഥകളില്‍ അലിഗറിയായും ഹാസ്യകഥപാത്രമായും ഒക്കെ പന്നി വരാറുണ്ട്. എന്തായാലും വൃത്തികെട്ട, ആര്‍ത്തിയുള്ള ഒരു കഥപാത്രമാണ് പലപ്പോഴും പന്നി. എന്നാല്‍, ഭക്ഷണത്തിനായി ഏറ്റവും കൂടുതലായി ഉപയോഗിച്ചിരുന്ന വളര്‍ത്തുമൃഗ മാംസം പന്നിയുടേതായിരിക്കും. റോമാക്കാര്‍ ഏറ്റവും വിശിഷ്ട മാംസമായാണ് പോര്‍ക്കിറച്ചിയെ കണ്ടിരുന്നത്. പന്നിമാംസം കൊണ്ടുള്ള സോസേജിനെ പറ്റി അവരുടെ  പുരാതന ചിത്രങ്ങളിലും മറ്റും രേഖപ്പെടുത്തിയത് കാണാം. മധ്യകാല യൂറോപ്പിലെ ആഘോഷങ്ങളില്‍ ഒഴിവാക്കാന്‍ ആവാത്ത ഇനമായിരുന്നു പന്നി. ഇസ്ലാമിലും ജൂതമതത്തിലും പന്നി മാംസം വിലക്കപ്പെട്ടതാണെങ്കിലും  ഇത് പവിത്രമായി കരുതുന്ന ചില വിശ്വാസക്കാരും ലോകത്തുണ്ട്.

ബുദ്ധമതത്തില്‍  മോഹത്തിന്റെ (അത്യാശകളുടെ)  പ്രതിരൂപമാണ് പന്നി. റോമന്‍ ദേവതയായ ഡയാനയുടെ വിശുദ്ധമൃഗമാണ് പന്നി. ഈജിപ്ഷ്യൻ ദേവതയായ ഐസിസിന്റെ  പ്രിയമൃഗമാണ് പെണ്‍പന്നി. ഹിന്ദുമത വിശ്വാസപ്രകാരം വിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമാണ് വരാഹം. ഭൂലോകത്തെ കൈയിലേന്തി പാതാളത്തിലേക്ക് പോയ ഹിരണ്യാക്ഷനെ വധിച്ച്  തന്റെ തേറ്റയില്‍ വരാഹം  ഭൂമിയെ ഉയര്‍ത്തികൊണ്ടുവന്നതായാണ് കഥ. പാശുപതാസ്ത്രം ലഭിക്കാനായി അര്‍ജുനന്‍ തപസു ചെയ്തപ്പോള്‍ ശിവന്‍ കിരാതരൂപത്തില്‍ വന്ന് പരീക്ഷിക്കുന്ന ഒരു കഥയുണ്ട് മഹാഭാരതത്തില്‍. ഇരുവരും ഒരു പന്നിയെ ഒരേസമയം അമ്പെയ്തു കൊല്ലുകയും  ആരാണ് പന്നിയുടെ അവകാശി എന്ന തര്‍ക്കത്തിന്റെ അവസാനം അര്‍ജ്ജുനന്റെ അഹങ്കാരം ശമിപ്പിച്ചതായാണ് കഥ. 

sus, porcus, porco, aper തുടങ്ങി വേറൊരു മൃഗത്തിനും ഇല്ലാത്തത്രയും പേരുകള്‍ ലാറ്റിന്‍ ഭാഷയില്‍ പന്നിയ്ക്ക് ഉണ്ട്. ടൈഗ്രീസ് തടങ്ങളില്‍ ബി.സി. 12700-നും 13000-നും ഇടയിലാകും ആദ്യമായി മനുഷ്യര്‍ പന്നികളെ മെരുക്കി വളര്‍ത്താന്‍ തുടങ്ങിയത് എന്ന് കരുതപ്പെടുന്നു. ഇതല്ലാതെ  ചൈനയില്‍  8000 വര്‍ഷം മുമ്പ് വേറെയും ഡൊമസ്റ്റിക്കേഷന്‍ നടന്നിട്ടുണ്ട്. അന്തമാനിലെ ആദിമ നിവാസികളുടെ ഏറ്റവും ഇഷ്ടഭക്ഷണം കാട്ടുപന്നി ഇറച്ചിയാണ്.

swabian hall swine
ജര്‍മന്‍ സ്വദേശികളായ സ്വാബിയന്‍ ഹാള്‍ സൈ്വന്‍ എന്നറിയപ്പെടുന്ന പന്നികള്‍ | photo-gettyimage

വല്ലാത്ത ശരീരം 

തടിച്ചുകൊഴുത്ത പന്നിശരീരത്തില്‍ വളരെ ചെറിയ കാലുകള്‍ മാത്രമേ ഉള്ളു എന്നതാണ് പ്രത്യേകത. പലപ്പോഴും വയര്‍ നിലത്തുരയും വിധം  ഉയരക്കുറവ് കാണും. മുന്‍കാലിലെ കുളമ്പുകള്‍ പിൻകാലിലേതിലും വലുതും നീളമുള്ളതും ആണ്.  പിളര്‍ന്ന കുളമ്പുള്ള കുഞ്ഞിക്കാലുകള്‍ പക്ഷെ, ഭീമന്‍  ശരീരം താങ്ങാന്‍ കരുത്തുള്ളതാണ്‌. നമ്മുടെ 'നാട്ടി'ലെ കാട്ടുപന്നികള്‍  തലയും ഉടലും ചേര്‍ന്ന് 90-180 സെന്റി മീറ്റര്‍ നീളമുള്ളവയാണ്. വാലിനു 30-40 സെന്റി മീറ്റര്‍ നീളവും കാണും. വാലിന്റെ അറ്റത്ത് രോമക്കൂട്ടം കുടുമപോലെ ഉണ്ടാകും. ഭാരം 230 കിലോ വരെ ഉണ്ടാകും. പരുക്കന്‍ രോമാവരണത്തിന്റെ നിറം മിക്കവാറും കറുപ്പ് തന്നെയാണ്. നെറ്റി മുതല്‍ മുതുകിലൂടെ പുറംഭാഗത്ത് കൂടിയുള്ള രോമനിര നീണ്ടതും കട്ടി കൂടിയതുമായിരിക്കും. 

pig

മറ്റ് സസ്തനികളുടേതുപോലെ ഇഷ്ടം പോലെ ചലിപ്പിക്കാന്‍ കഴിയാത്ത കഴുത്താണിവര്‍ക്കുള്ളത്. വലിയ നീണ്ട തലയ്ക്കും നെഞ്ചിനും ഇടയില്‍ കഴുത്തില്ല എന്ന് തന്നെ പറയാം.

അതിനാല്‍ തല രണ്ട് വശത്തേക്കും തിരിക്കുകയല്ലാതെ മുകളിലേക്ക് നോക്കുക എന്നത് വിഷമം പിടിച്ച കാര്യമാണ്‌. തലയാണ് ശരീരത്തിലെ പ്രധാന ഭാഗം എന്ന് തോന്നും.  മൊത്തം ശരീരത്തിന്റെ മൂന്നിലൊന്നു നീളവും വലിപ്പവും ഉള്ളതാണ് തല.  തലയുടെ ആകൃതിയും കഴുത്തിലെ കരുത്തന്‍ പേശികളും  മണ്ണ് കുത്തി ഇളക്കാന്‍ സഹായിക്കുന്ന രൂപത്തില്‍ ഉള്ളവയാണ്. തൂമ്പ കൊണ്ട് ആഞ്ഞു കൊത്തിയാലും ഇളകാത്ത ഉറച്ച മണ്ണ് പോലും പത്ത് സെന്റി മീറ്റര്‍ ആഴത്തില്‍ ഒറ്റക്കുത്തിന് ഇളക്കാന്‍ ഇവര്‍ക്ക് ഒരു പ്രയാസവും ഇല്ല. അന്‍പത് കിലോ വരെയുള്ള പാറക്കല്ല്  മറിച്ചിടാനും ഒരു വിഷമവും ഇല്ല. കണ്ടയിടമെല്ലാം കുത്തി മണ്ണിളക്കിയാണ് പ്രധാന ഇരതേടല്‍ സഞ്ചാരം. ചെറിയ കണ്ണുകളാണെങ്കിലും ചെവി നല്ല നീളവും വലിപ്പവും ഉള്ളവയാണ്. മണിക്കൂറില്‍  നാല്പത് കിലോ മീറ്റര്‍ വേഗതയില്‍ ഓടാനും ഒന്നര മീറ്റര്‍ ഉയരത്തില്‍ വരെ ചാടാനും ഇവര്‍ക്ക് കഴിയും. ആണ്‍പന്നികള്‍ പെണ്‍പന്നികളെക്കാള്‍ വലിപ്പം കൂടുതല്‍ ഉണ്ടാകും. മുതിര്‍ന്ന ആണ്‍പന്നിയുടെ വായിലെ കോമ്പല്ലുകള്‍ പുറത്തേക്ക് വളര്‍ന്നു തേറ്റയായി മാറും. ആണിന്റെ തേറ്റപ്പല്ല് ജീവിതകാലം മുഴുവന്‍ വളര്‍ന്നുകൊണ്ടിരിക്കും. മേല്‍ അണയിലെ കോമ്പല്ല് ചെറുതാണെങ്കിലും അരികുകളിലേക്കും പിന്നീട് മുകളിലേക്ക് വളഞ്ഞും വളരും. കീഴ്ഭാഗത്തെ  കോമ്പല്ലിന്  പത്ത്- പന്ത്രണ്ട്  സെന്റി മീറ്ററോളം നീളമുണ്ടാകും.

pigസവിശേഷതകൾ

  • അന്‍പത് കിലോ വരെയുള്ള പാറക്കല്ല്  മറിച്ചിടാന്‍ ഒരു വിഷമവും ഇല്ല. കണ്ടയിടമെല്ലാം കുത്തി മണ്ണിളക്കിയാണ് പ്രധാന ഇരതേടല്‍ സഞ്ചാരം.   
  • നാല്പത് കിലോമീറ്റര്‍ വേഗതയില്‍ ഓടാനും ഒന്നര മീറ്റര്‍ ഉയരത്തില്‍ വരെ ചാടാനും ഇവര്‍ക്ക് കഴിയും. 
  • മുതിര്‍ന്ന ആണ്‍പന്നിയുടെ വായിലെ കോമ്പല്ലുകള്‍ പുറത്തേക്ക് വളര്‍ന്നു തേറ്റയായി മാറും.
  • ആണിന്റെ തേറ്റപ്പല്ല് ജീവിതകാലം മുഴുവന്‍ വളര്‍ന്നുകൊണ്ടിരിക്കും.
  • മേല്‍ അണയിലെ കോമ്പല്ല് ചെറുതാണെങ്കിലും അരികുകളിലേക്കും പിന്നീട് മുകളിലേക്ക് വളഞ്ഞും വളരും. 

പരസ്പരം ആശയ വിനിമയത്തിനും , ആക്രമണത്തിനും അപകട മുന്നറിയിപ്പിനും ആയി നിരവധി വ്യത്യസ്ത ശബ്ദങ്ങള്‍ കാട്ടുപന്നികള്‍  ഉണ്ടാക്കും.  മണം  പിടിക്കാനുള്ള അപാരമായ കഴിവാണിവര്‍ക്ക് ഉള്ളത്. നായകളേക്കാള്‍ ഈ കഴിവ് ഇവര്‍ക്ക് ഉള്ളതിനാല്‍ സത്യത്തില്‍ പോലീസ് നായയിലും മികച്ച ഓപ്ഷന്‍ പോലീസ് പന്നിയാണ്.  ( 'പോലീസ് പന്നി' എന്ന പ്രയോഗം ചിലപ്പോള്‍ ചിലരെ തെറ്റിദ്ധരിപ്പിക്കും). ജര്‍മനിയില്‍ ലഹരിമരുന്നുകള്‍ കണ്ടുപിടിക്കാന്‍ പരിശീലനം ലഭിച്ച പന്നികളെ ഉപയോഗിക്കുന്നുണ്ട്. ചെവി നന്നായി പ്രവര്‍ത്തിക്കുമെങ്കിലും കാഴ്ചയുടെ കാര്യത്തില്‍ പന്നി വളരെ പിറകിലാണ്. വര്‍ണ്ണങ്ങള്‍  തിരിച്ചറിയാനുള്ള കഴിവില്ലാത്തതിനാല്‍ ചുവപ്പുതുണി കാട്ടി ഭയപ്പെടുത്താം എന്നു കരുതണ്ട. പത്ത് പതിനഞ്ച് മീറ്റര്‍ അകലെ നില്‍ക്കുന്ന ഒരു മനുഷ്യനെ അതിന് കാണാനും  തിരിച്ചറിയാനും  കഴിയില്ല. എന്നാലും രൂപങ്ങളെ തിരിച്ചറിഞ്ഞില്ലെങ്കിലും ചെറുചലനങ്ങള്‍ പോലും അവയ്ക്ക് മനസിലാകും.  

പന്നിക്കൂട്ടം 

boar
കാട്ടു പന്നി | ഫോട്ടോ: ഡേവിഡ് വി. രാജു

കൂട്ടത്തിലെ ഏറ്റവും പ്രായം ചെന്ന പെണ്‍പന്നിയുടെ നേതൃത്വത്തിലുള്ള സംഘമായാണ് ഇവര്‍ ജീവിക്കുക. കൂട്ടത്തിലെ മറ്റ് പെണ്‍പന്നികളും അവയുടെ കുഞ്ഞുങ്ങളും  ചേര്‍ന്നുള്ള സൂകര സംഘം, വെള്ളക്കെട്ടുകളും  ചതുപ്പും ഒക്കെ ഉള്ള പ്രദേശം ആവാസ സ്ഥലമായി തിരഞ്ഞെടുക്കും. 8-15 മാസം പ്രായമായ ആണ്‍പന്നികള്‍ കൂട്ടം വിട്ട് ഏകാന്ത സഞ്ചാരികളായാണ് നടക്കുക. ഇണചേരല്‍ കാലത്ത് മാത്രം ഇവര്‍ക്കൊപ്പം ചേരും. പെണ്‍പന്നികള്‍ ഈ പ്രായമെത്തിയാല്‍ ചിലപ്പോള്‍ അമ്മമാരുടെ സംഘത്തോടൊപ്പം തന്നെ തുടരും. അല്ലെങ്കില്‍ കുഞ്ഞുങ്ങളുമായി പുതിയ സംഘം രൂപീകരിച്ച് അല്‍പം ദൂരെ തമ്പടിക്കും. 

ഇണചേരല്‍ മഹാമഹം 

നവമ്പര്‍ മുതല്‍ ജനുവരി വരെ ആണ് ഇണചേരല്‍ കാലം. ആ കാലത്ത് ആണ്‍പന്നിയുടെ മുതുകില്‍ കട്ടിത്തോലിന്റെ ഒരു ആവരണം ഉണ്ടാകും. ഇണചേരല്‍ കാലത്തെ  കൂട്ടപ്പൊരിച്ചിലിനിടയില്‍ തടിക്ക് കേട് പറ്റാതിരിക്കാന്‍ ഈ കവചം സഹായിക്കും.  വൃഷണങ്ങള്‍ വലിപ്പം ഇരട്ടിക്കും. മഞ്ഞച്ച പതയുള്ള ദ്രാവകം  ഗ്രന്ഥികള്‍  സ്രവിപ്പിക്കും. മദപ്പാട് ഇളകിയ ആണ്‍പന്നികള്‍  ഇണകളെ കണ്ടെത്താനായി വളരെ ദൂരം അലയും. ആ സമയത്ത് ഭക്ഷണം കഴിക്കാന്‍ പോലും മിനക്കെടില്ല. ഒരേയൊരു ലക്ഷ്യം മാത്രം. പെണ്‍പന്നിയെ കണ്ടെത്തിയാല്‍ അവയ്‌ക്കൊപ്പമുള്ള കുഞ്ഞുങ്ങളെ, പ്രത്യേകിച്ച് ആണ്‍ കൗമാരം പിന്നിട്ട ആണ്‍ പിള്ളേരെ, പേടിപ്പിച്ച്  ഓടിച്ച് വിടും. പെണ്‍ പന്നിയെ വിടാതെ പിന്തുടരും.  ചിലപ്പോള്‍ ഇണചേരലിനായി ശ്രമിക്കുന്ന മറ്റ് പ്രതിയോഗി ആണ്‍പന്നികളോട്  കടുത്ത യുദ്ധവും  നടത്തും.

കരുത്തനായ  ഒരു  ആണ്‍പന്നി അഞ്ചു മുതല്‍ പത്ത്  പെണ്‍പന്നികളുമായി ഇണചേരും. ഇണചേരല്‍ മഹാമഹം കഴിയുമ്പോഴേക്കും പട്ടിണിയും അലച്ചിലും ഒക്കെ കൊണ്ട് ആണ്‍പന്നികള്‍ അവശന്മാരാകും. ചിലതിന്റെ ലിംഗാംഗ്രംവരെ മുറിവേറ്റും ചതഞ്ഞും നാശകോശമായിട്ടുണ്ടാകും. ഇണചേരല്‍ കാലം കഴിയുമ്പോഴേക്കും ശരീരഭാരത്തിന്റെ ഇരുപത് ശതമാനം വരെ കുറഞ്ഞ് മെലിഞ്ഞുപോകും ആണുങ്ങള്‍. പെണ്‍ പന്നിയുടെ പ്രായത്തിനനുസരിച്ച് ഗർഭകാലയളവിന്  ചെറിയ വ്യത്യാസം ഉണ്ടാകും. 114  മുതല്‍ 140 ദിവസം വരെയാണ് സാധാരണ ഗര്‍ഭകാലം. പെണ്‍പന്നി മണ്ണില്‍ വൃത്താകൃതിയില്‍ മണ്ണ്  കിളച്ച് കുഴിച്ച്  അതില്‍ പുല്ലും ഇലകളും നിരത്തി സൂതികാ ഗൃഹം ഉണ്ടാക്കും. കാട്ടുപൊന്തകള്‍ക്കുള്ളിലെ ആ പ്രസവ വാര്‍ഡിലേക്കുള്ള രഹസ്യ വഴി അത്ര പെട്ടന്ന് ആര്‍ക്കും കണ്ടെത്താനാവില്ല. 

സൂകര പ്രസവം, പന്നി പെറ്റ പോലെ എന്ന പ്രയോഗം

pig
Getty images

പന്നി പെറ്റ പോലെ എന്നൊരു നാട്ടുപ്രയോഗം ഉണ്ട്. കൈയും കണക്കും ഇല്ലാതെ, കാമ്പും കാര്യവും ഇല്ലാതെ, ചറപറ കഥയും കവിതയും നോവലും  എഴുതി നിറയ്ക്കുകയും ഒന്നിന് പിറകെ ഒന്നായി ചവറ്  പുസ്തകങ്ങള്‍ ഇറക്കുകയും ചെയ്യുന്ന അഭിനവ കാല സാഹിത്യകാരന്മാരുടെ സൃഷ്ടികളെ കളിയാക്കാനാണിത് ചിലപ്പോള്‍ ഉപയോഗിക്കാറ്. ചില സമൂഹങ്ങളോട് വിദ്വേഷം ജനിപ്പിക്കാനായി ചില രാഷ്ട്രീയക്കാരും സമുദായ നേതാക്കളും 'പന്നി പെറ്റുണ്ടായതു പോലുള്ളവര്‍'  എന്ന നികൃഷ്ട പ്രയോഗങ്ങള്‍ നടത്താറുണ്ട്. പ്രസവത്തില്‍ എത്ര കുഞ്ഞുങ്ങള്‍ എന്നത്  ഗർഭകാലത്ത്  അമ്മയുടെ ആഹാരലഭ്യതയ്ക്കും ആരോഗ്യത്തിനും ഒക്കെ ആശ്രയിച്ചുള്ള കാര്യം ആണ്. ഒറ്റ പ്രസവത്തില്‍ ചിലപ്പോള്‍  പന്ത്രണ്ടോ അതിലധികമോ  വരെ പന്നിക്കുട്ടികള്‍ ഉണ്ടാകും. എങ്കിലും ശരാശരി നാലു മുതല്‍ ആറു വരെ കുഞ്ഞുങ്ങളെ കാണാം.  സൂകരപ്രസവം എന്ന പ്രയോഗം അങ്ങിനെ ഉണ്ടായതാണ്. 

wild piglets
കാട്ടുപന്നി കുഞ്ഞുങ്ങള്‍ | ഫോട്ടോ: അസീസ് മാഹി

ആദ്യത്തെ പ്രസവത്തില്‍ പതിനൊന്നു മുതല്‍ പതിനാറ് വരെ കുഞ്ഞുങ്ങള്‍ ഉണ്ടാകുമെന്നും പിന്നെ ഓരോ പ്രസവത്തിലും ഓരോ കുഞ്ഞു വീതം കുറഞ്ഞ്  അവസാനം ഒറ്റൊരു  കുഞ്ഞു മാത്രമാകുമെന്നും അതാണ് 'ഒറ്റൈന്‍ പന്നി' എന്ന കരുത്തന്‍  എന്നും പഴമക്കാര്‍ കരുതിയിരുന്നു. ആദ്യ പ്രസവത്തില്‍ മൂന്നു നാലു കുഞ്ഞുങ്ങള്‍ മാത്രമേ ഉണ്ടാകു എന്നും പിന്നീട് അമ്മപ്പന്നി പ്രായം വെക്കുന്നതിനനുസരിച്ച് കുഞ്ഞുങ്ങളുടെ എണ്ണം കൂടും. അങ്ങിനെ പതിനെട്ട് കുഞ്ഞുങ്ങള്‍ വരെ ഉണ്ടാകും എന്ന് പറയുന്ന പഴമക്കാരും ഉണ്ട്. എന്തെങ്കിലും കാരണം കൊണ്ട് പ്രസവശേഷം അമ്മപ്പന്നി ചത്തു പോയാല്‍ മറ്റ് പെണ്‍പന്നികള്‍ കുട്ടികളെ പോറ്റും. കുഞ്ഞുങ്ങളുടെ നിറവും അതിലെ വരകളും വ്യത്യസ്തമാണ്.

boars
ഫോട്ടോ: ഡേവിഡ് വി. രാജു

ഏറ്റവും കൂടുതല്‍ ചുരത്തുന്ന മുലക്കണ്ണിനായി പന്നിക്കുട്ടികള്‍ തമ്മില്‍ നല്ല മത്സരം നടക്കാറുണ്ട്. ആദ്യ ആഴ്ചകളില്‍ കുഞ്ഞുങ്ങള്‍ പുറത്തിറങ്ങില്ല. അമ്മയില്ലാത്ത സമയം പരസ്പരം ഒട്ടി അനങ്ങാതെ  കിടക്കും. രണ്ടാഴ്ച കഴിഞ്ഞാല്‍ അമ്മയുടെ പിറകെ കൂടും. എന്തെങ്കിലും അപകടം മണത്താല്‍ ഒട്ടും അനങ്ങാതെ നിശ്ചലമായി നിന്ന് ശത്രുവിന്റെ കണ്ണീല്‍പ്പെടാതെ രക്ഷപ്പെടാനുള്ള ബുദ്ധി അവര്‍ക്കുണ്ട്.  മൂന്നു മാസം കഴിയുമ്പോള്‍ കുട്ടികളുടെ നിറവും വരകളും മാഞ്ഞു തുടങ്ങും. എട്ടു മാസം ആകുമ്പോഴേക്കും മുതിര്‍ന്ന പന്നിയുടെ നിറവും രൂപവും ഒക്കെ കിട്ടാന്‍ തുടങ്ങും. ഒരു വയസാകുമ്പോഴേക്കും പെണ്‍പന്നിക്കുട്ടികള്‍ ലൈംഗിക പക്വത നേടുമെങ്കിലും ആണ്‍പിള്ളേര്‍ക്ക് പിന്നെയും ഒരു വര്‍ഷം  കൂടി കഴിയണം ആണത്തം കാട്ടി തുടങ്ങാന്‍. എങ്കിലും ഇവര്‍ ഇണചേരാന്‍ പിന്നെയും കാത്തിരിക്കണം. മുതിര്‍ന്ന മറ്റ് പന്നികള്‍ ഇവരെ ഇണചേരല്‍ കാലത്ത് 'ഓഡ്രാ'  എന്ന് പറഞ്ഞ് പെണ്ണുങ്ങളുടെ അടുത്ത് വരാന്‍ സമ്മതിക്കില്ല. അതിനാല്‍ യുവാക്കള്‍ക്ക് നാലഞ്ച് വയസ്സായാലേ ഇണചേരാന്‍ സാധിക്കാറുള്ളു. കാട്ടുപന്നികളുടെ  ആയുസ് 10-14 വർഷം ആണെങ്കിലും സംരക്ഷണത്തില്‍  ഇരുപത്  വര്‍ഷം വരെ  ജീവിക്കുന്നതായി കണ്ടിട്ടുണ്ട്. 

boar
illustration : വിജേഷ് വിശ്വം

തീറ്റയിൽ ബകന്മാര്‍ 

എന്തും ഭക്ഷണമാക്കുന്ന സ്വഭാവക്കാരാണ് പന്നികള്‍.  അതില്‍ പ്രധാനം വേരുകളും കിഴങ്ങുകളും ഒക്കെയാണ്. പലതരം പഴങ്ങള്‍, കിഴങ്ങുകള്‍, വിത്തുകള്‍, ഇലകള്‍, മുളകള്‍, ഇളംതണ്ടുകള്‍ കൂടാതെ  തടിയിലെ തൊലിയും  മരത്തടിവരെ  തിന്നും. സാഹചര്യങ്ങള്‍ക്കനുസരിച്ച്  ഭക്ഷണം പരിഷ്‌കരിച്ചുകൊണ്ടിരിക്കും. അതിനാല്‍ ഇവര്‍ പട്ടിണി കിടക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകില്ല. അതിനാല്‍ ഇവയെത്തുന്ന ഏതു ഭൂപ്രദേശത്തും പെറ്റുപെരുകി വളരും. ഇത്തരത്തില്‍ വിളകള്‍ നശിപ്പിക്കുന്നതിനാല്‍ കൃഷിക്കാരെ സംബന്ധിച്ചടുത്തോളം വലിയ ഉപദ്രവകാരികള്‍ ആണ്  .

വാഴയെന്നോ ചേനയെന്നോ കപ്പയെന്നോ ഇവര്‍ക്ക് ഒരു വ്യത്യാസവും ഇല്ല. ഇഷ്ടഭക്ഷണമായ മണ്ണിരകള്‍ക്ക് വേണ്ടി കുത്തിയിളക്കലാണ് വലിയ പണി.  

മൂക്കുകൊണ്ട് മണ്ണിനടിയിലെ മണ്ണിരകളെ മണത്ത് കണ്ടുപിടിച്ച് നൂഡില്‍സ് വലിച്ച് തിന്നും പോലെ ഉള്ളിലേക്ക് ഒരു വലിയാണ്. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്നു പറഞ്ഞപോലെ വയറും നിറയും ദേഹം മുഴുവന്‍ ചെളി പുതക്കാനും പറ്റും.  അതിനാല്‍ മണ്ണിര അന്വേഷണവും അതു കഴിഞ്ഞുള്ള ചളിക്കുളിയും കൃഷിക്കാരുടെ പേടിസ്വപ്നമാണ്. പലതരം ഷഡ്പദങ്ങള്‍, ഒച്ചുകള്‍, എലികള്‍, പലജീവികളുടെയും  മുട്ടകള്‍,  പ്രാണിപിടിയന്മാര്‍, ഗൗളികള്‍, മത്സങ്ങള്‍, തവളകള്‍ തുടങ്ങി എന്തിനെയും തിന്നുകളയും.  പാമ്പുകളെയും പന്നി വെറുതെ വിടില്ല. മാളങ്ങളില്‍നിന്നു വലിച്ച് പുറത്ത് ചാടിച്ച് കുശാലായി തിന്നും. ചില പാമ്പുവിഷങ്ങളോട് കീരികളെപ്പോലെതന്നെ പന്നിയും ഉല്പരിവര്‍ത്തനം വഴി പ്രതിരോധം ആര്‍ജ്ജിച്ചിട്ടുണ്ട്. പാമ്പിന്‍ വിഷയത്തിലെ ആല്‍ഫാ ന്യൂറോ ടോക്‌സിന് സ്വീകരണികളുമായി ബന്ധിപ്പിക്കുന്നത് തടയാന്‍ കഴിവുള്ളതിനാല്‍ ഇവര്‍ക്ക് ചിലതരം പാമ്പുവിഷം കാര്യമായി ബാധിക്കില്ല.

പന്നി മുകളിലേക്ക് നോക്കി ഇര തേടി നടക്കില്ല എന്ന അറിവില്‍നിന്നാകും വയനാട്ടിലെ പിറ്റ് വൈപ്പര്‍മാര്‍ ഇത്തിരി മുകളില്‍ മരക്കമ്പുകളില്‍ കഴിയാന്‍ ശ്രമിക്കുന്നത്. കാട്ടിലെ വലിയ ഇരപിടിയന്മാര്‍ കൊന്ന് തിന്ന് ബാക്കിയായ  അഴുകിയ മൃഗാവശിഷ്ടങ്ങളും അകത്താക്കും. പല വിഷസസ്യ  ഭാഗങ്ങൾ തിന്നാലും എല്ലാം ദഹിച്ച് ഒരു  കുഴപ്പവും ഇല്ലാതെ പന്നി കൂളായി നടക്കുന്നത് കാണാം.  വാഴയുടെ കണ്ടയും പനയുടെ അടിത്തടിയ്ക്കകത്തെ പനനൂറും തിന്നാന്‍ കുത്തിമറിച്ചിടും.    

tiger attacking pig
കാട്ടുപന്നിയെ ഇരയാക്കിയ കടുവ | ഫോട്ടോ: AP

കൂസലില്ലാത്ത  കരുത്തര്‍ 

പുലികളും കടുവകളും ആണ്  പന്നികളുടെ പ്രധാന ശത്രുക്കള്‍. കുഞ്ഞുങ്ങള്‍ പലതരം ശത്രുക്കളുടെ ഭീഷണിയില്‍ ആണ് .  കുറുക്കന്മാരുടെ  (ജക്കാളും ഫോക്‌സും) എണ്ണം കുറഞ്ഞത് ഇവയുടെ എണ്ണം കൂടാന്‍ കാരണമായി പറയുന്നുണ്ട്.  കാട്ടുനായ്ക്കള്‍, കാട്ടുപൂച്ചകള്‍ വരെ തരം  കിട്ടിയാല്‍ കുട്ടികളെ പിടിക്കും. പക്ഷെ, മുതിര്‍ന്ന പന്നികളുടെ കരുത്തിനു മുന്നില്‍ ചിലപ്പോള്‍ കടുവ പോലും പിന്തിരിയേണ്ടി വരും. വളരെ നേരം ഓടിച്ച് ക്ഷീണിപ്പിച്ചാണ് അവസാനം കടുവയും പുലിയും പന്നിയെ നേരിടുക. അല്ലെങ്കില്‍ പണി തിരിച്ച് കിട്ടിയെന്നിരിക്കും. അത്രമേല്‍ മാരകമാണ് പന്നിയുടെ തേറ്റകൊണ്ടുള്ള കിടിലന്‍ കുത്ത്.  കൊടുംകാടുകള്‍ക്ക് പകരം വലിയ ഉയരമില്ലാത്ത ചെടിപ്പടര്‍പ്പുകളും മറ്റുമാണ് ഇവര്‍ക്ക് ഇഷ്ടം. ഇരപിടിയന്മാരുടെ എണ്ണത്തില്‍ കുറവു വന്നതും നാട്ടിന്‍പുറങ്ങളിലും വനാതിര്‍ത്തികളിലും ആരെയും പേടിക്കാതെ ജീവിക്കാനാകുന്നതിനാലും ഇഷ്ടം പോലെ ഭക്ഷണം ലഭിക്കുന്നതിനാലും, പിറന്ന കുഞ്ഞുങ്ങള്‍ ഒക്കെയും ബാക്കിയാകുന്നതിനാലും ആണ് ഇവരുടെ എണ്ണം വളരെയധികം കൂടിയത്. 

boar
കാട്ടുപന്നി | photo: gettyimage

പന്നി ദ്രോഹം 

ഭയം കൊണ്ടും സ്വയംപ്രതിരോധത്തിനായും ആൺ കാട്ടുപന്നികള്‍ മനുഷ്യരെ ആക്രമിക്കാറുള്ളത്. പക്ഷെ, കേരളത്തില്‍ ഇവ വലിയ പ്രശ്‌നക്കാര്‍ ആയിക്കഴിഞ്ഞു. കടുത്ത കൃഷിനാശം നടത്തുന്നതാണ് പന്നികളെക്കൊണ്ടുള്ള ഏറ്റവും വലിയ ഉപദ്രവം. കൂടാതെ  നിരവധി ആളുകളാണ് കൃഷിയിടത്തില്‍ പന്നി ആക്രമണത്തില്‍ മരിക്കുകയും മാരകമായി പരിക്കേല്‍ക്കുകയും ചെയ്യുന്നത്. രാത്രിയും പകലും വ്യത്യാസമില്ലാതെ  ഗ്രാമീണ റോഡുകളില്‍ പെട്ടന്ന് മുറിച്ച് കടക്കുന്ന പന്നികളില്‍ ഇരുചക്ര വാഹനങ്ങള്‍  ഇടിച്ച് മറിഞ്ഞ് നിരവധി പേരാണ്  മരിക്കുകയും ഗുരുതരമായി പരിക്കേല്‍ക്കേല്‍ക്കുകയും ചെയ്യുന്നത്.  തല ഉയര്‍ത്തുന്ന ശീലമില്ലാത്തതിനാല്‍ പന്നിയുടെ ആക്രമണത്തില്‍ തുടയ്കാണ് പലര്‍ക്കും പരിക്ക് പറ്റാറ്. ഒരിടിയില്‍തന്നെ അസ്ഥികള്‍ തവിടുപൊടിയായി പോകും. പിറകിലോട്ട് അടിവെച്ച് വീണ്ടും വന്ന് കുത്തുന്ന സ്വഭാവം ഉണ്ട്. തന്റെ എതിരാളി നിശ്ചലമായി എന്ന് ഉറപ്പാക്കും വരെ ശ്രമിക്കും. 

പക്ഷെ, ശബരിമലയില്‍ സന്നിധാനത്തും പരിസരത്തും  അലഞ്ഞ് തിന്നുന്ന  നൂറുകണക്കിന് കാട്ടുപന്നികള്‍ ഭക്തരെ ആക്രമിച്ചതായി കേട്ടിട്ടില്ല. അവ മനുഷ്യരുമായി സഹവസിച്ച് അതിനനുസരിച്ച് സ്വഭാവ വ്യത്യാസം വരുത്തിക്കഴിഞ്ഞു. പറമ്പിക്കുളത്തും സഞ്ചാരികളുമായുള്ള പരിചയം മൂലം ഒട്ടും ഭയമില്ലാതെ പന്നികള്‍ പെരുമാറുന്നതുകാണാം. 

പൊതുവെ ബുദ്ധി കുറവുള്ള ജീവിയയാണ് പലരും പന്നിയെ കണക്കാക്കിയിട്ടുള്ളത്. പക്ഷെ, അതിസമര്‍ത്ഥരാണ് പന്നികള്‍. പഴയ വേട്ടക്കാര്‍ വെടിവെച്ചിട്ടാല്‍ ചത്തതുപോലെ കിടന്ന് തൊട്ടടുത്ത് ആളുകള്‍ എത്തിയാല്‍ എഴുന്നേറ്റ് ആക്രമിച്ച പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വനാതിര്‍ത്തിയിലുള്‍പ്പെടെ ജനവാസ മേഖലകളിലെ കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാനുള്ള അനുമതി തേടി കേരളം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. കൃത്യമായ ശാസ്ത്രീയ കണക്കെടുപ്പുകള്‍ക്ക് ശേഷം ജനവാസ പ്രദേശങ്ങളിലെ ഇവയുടെ എണ്ണം കുറക്കാന്‍ സെലക്ടീവ് കള്ളിങ്ങ് നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതുവെ എല്ലാവരും യോജിക്കുന്നുണ്ട്. ആദിവാസി സമൂഹങ്ങള്‍ക്ക് പണ്ടുള്ള വേട്ട അനുവാദങ്ങള്‍ തിരിച്ച്  നല്‍കിയും കാര്യക്ഷമമായി നിരീക്ഷിച്ചും കാട്ടുപന്നികളുടെ പെരുപ്പം നിയന്ത്രിക്കാനാകും എന്ന അഭിപ്രായവും ഉയര്‍ന്നു വന്നിട്ടുണ്ട്.  

പലതരം പരാദ വിരകളുടെ വളര്‍ത്തു ശരീരമായും പല രോഗകാരികളായ സൂക്ഷ്മ ജീവികളുടെയും വൈറസുകളുടെയും വാഹകരായും പ്രവര്‍ത്തിക്കുമെന്നതിനാല്‍ ഇവരിലൂടെ പുതുരോഗങ്ങള്‍ മനുഷ്യരിലും എത്താം എന്ന ഭയം കൂടി ഉണ്ട്. 

boar
കാട്ടുപന്നിക്കൂട്ടം | ഫോട്ടോ: ഡേവിഡ് വി. രാജു

പന്നി സഹായങ്ങൾ

 മണ്ണിളക്കുന്നതുകൊണ്ട് കാടകങ്ങളില്‍ ഇവ ചില സഹായങ്ങള്‍ ചെയ്യുന്നുണ്ട്. വായുസഞ്ചാരം കൂട്ടുന്നതു കൂടാതെ പലതരം വിത്തു വുതരണവും ഇവ നടത്തുന്നുണ്ട്. ഇവയുടെ ചെളിയില്‍ ഉരുളല്‍ കൊണ്ട് പല തരം സൂക്ഷ്മ ജീവികളും സസ്യങ്ങളും ഫംഗസുകളും വിതരണം ചെയ്യപ്പെടുന്നുണ്ട്.

boar meat
പന്നിയിറച്ചി | Photo: Gettyimages

ഇറച്ചിപ്പന്നികള്‍

ഇറച്ചി ആവശ്യത്തിനായി പല ഹൈബ്രിഡുകളും വളര്‍ത്തുപന്നികളില്‍നിന്നു വികസിപ്പിച്ചെടുത്തിട്ടുണ്ട്. ചുവപ്പ്, വെള്ള,  മഞ്ഞ, സുവര്‍ണ്ണ നിറങ്ങളില്‍ നമ്മുടെ കാട്ടുപന്നികളുമായി വലിയ രൂപസാദൃശ്യം ഇല്ലാത്ത ലാന്റ് റേസ്, ലാര്‍ജ് വൈറ്റ് യോര്‍ക്ഷയര്‍, ഡ്യൂറോക്ക്, ഹാംപ്ഷയര്‍, ബെര്‍ക്ഷയര്‍, പൈട്രെയന്‍ തുടങ്ങിയ പന്നി ഇനങ്ങളെയാണ് ഫാമുകളില്‍ നമ്മള്‍ കാണുന്നത്.   ഇവയെക്കൂടാതെ ടോപിഗ്‌സ് (ഡാലന്റ്), ഹൈപര്‍, സേഗേര്‍സ്, കാംബെറോ മുതലായ സങ്കരയിനങ്ങളും ആഗോളതലത്തില്‍ വ്യാവസായികമായി വളര്‍ത്തുന്ന പന്നി  ഇനങ്ങളാണ്. കേരളത്തില്‍ ചെറുതും വലുതുമായ ആയിരക്കണക്കിന്  പന്നി ഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് കരുതപ്പെടുന്നത്.

content highlights: Complete information about pigs and boars