ധികം പറക്കാതെ മണ്ണില്‍ അതുമിതും കൊത്തിത്തിന്നു ജീവിക്കുന്ന പക്ഷികളായ കോഴികളും ടര്‍ക്കികളുമൊക്കെ ഉള്‍പ്പെടുന്ന Phasianidae കുടുംബത്തിലെ അംഗമാണ് മയില്‍. അതില്‍ പെട്ട 'പാവോ' ജനുസില്‍ ആണ് മയിലിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത് എങ്കിലും ആളത്ര പാവമൊന്നുമല്ല . ഭൂമിയില്‍ ആര്‍ക്കും തെറ്റിപ്പോകാതെ തിരിച്ചറിയാനാകുന്ന അപൂര്‍വ്വം പക്ഷികളില്‍ ഒന്നാണവ . അതുകൊണ്ട് തന്നെ അവയുടെ രൂപ വിശദീകരണങ്ങള്‍ക്ക് ഇ്‌പ്പോല്‍ പ്രസക്തിയില്ല..

peacock
ഫോട്ടോ : രാമനാഥ് പൈ

പെണ്‍മയിലിന്റെ പേര് peahen എന്നാണ്, peacock അല്ല

മയില്‍ എന്ന് കേള്‍ക്കുമ്പോള്‍ ലോഹ നീലിമ തിളങ്ങുന്ന ശരീരവും വര്‍ണ്ണവിസ്മയമായ നീളന്‍ പീലിക്കണ്ണുകളും ആനന്ദ നൃത്ത രൂപവും മനസ്സില്‍ തെളിയും. ആണ്‍ മയിലായ peacock ആണ് എല്ലാവര്‍ക്കും ഇഷ്ട മയില്‍. പെണ്‍ മയില്‍ സീനില്‍ ഇല്ല. കാണാന്‍ ഭംഗി ഇത്തിരി കുറഞ്ഞ് പോയതിന്റെ ദുര്യോഗം! പെണ്‍മയിലിന് peahen എന്നാണ് പറയുക. പൊതുവായി മയിലിന് Peafowl എന്ന ശരിയായ പദം ഉണ്ടെങ്കിലും പീക്കോക്ക് തന്നെ ഉപയോഗിച്ച് നമുക്കത് ശീലമായിപ്പോയി. പാരക്കീറ്റുകളെ പാരറ്റ് എന്ന് മാത്രം വിളിക്കുന്ന നമ്മളോടാണോ കളി!

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

മയിലോളം മനുഷ്യരെ ആകര്‍ഷിച്ച വേറൊരു പക്ഷി ഉണ്ടാവില്ല. നമുക്ക് ഏറ്റവും പരിചിതമായ പക്ഷിയായ വളര്‍ത്ത് കോഴികള്‍ red junglefowl എന്ന കാട്ട് കോഴിയില്‍ നിന്ന് മെരുക്കി - മെരുങ്ങി ഉണ്ടാക്കിയത് പോലെ മയിലുകളും നന്നായി മെരുങ്ങുമെങ്കിലും വളര്‍ത്തു മയിലുകളെ ഉണ്ടാക്കാന്‍ നമ്മുടെ മുതുമുത്തച്ഛന്മാരായ കൃഷിക്കാര്‍ മിനക്കെടാതിരുന്നതിന് കാരണം എന്താവും? തീറ്റപ്രാന്തന്മാരായതിനാല്‍ ഇവര്‍ കൃഷി മൊത്തം നശിപ്പിക്കും എന്നത് തന്നെയാവാം. 

peacockമയില്‍ ഇറച്ചിക്ക് ചിക്കന്‍ രുചി തന്നെയാണെങ്കിലും മിത്തുകള്‍ പലതും തലയില്‍ കയറിക്കിടക്കുന്നതിനാല്‍ കൊന്ന് തിന്നാന്‍ മൊത്തത്തില്‍ ഒരു ഭയം. അതാവാം കോഴികളെപ്പോലെ മുട്ടയ്ക്കും ഇറച്ചിക്കും വേണ്ടി വളര്‍ത്തു മയിലുകള്‍ ഇല്ലാതായത്.

പണ്ട് മുതലുള്ള കാല്പനിക കഥകളിലും കവിതകളിലും മയില്‍ മയൂരസിംഹാസനമിട്ട് പ്രാധാന്യത്തോടെ ഇരിക്കുന്നുണ്ട്. ജീവികളുടെ ശാസ്ത്രീയ വര്‍ഗ്ഗീകരണം നടത്തിയ കാള്‍ ലീനസ് ഇവയെ ജപ്പാനില്‍ ഉള്ളവയായാണ് തെറ്റിദ്ധരിച്ചിരുന്നത്. ജപ്പാന്‍ ചക്രവര്‍ത്തിമാരും പ്രഭുക്കളും അരുമയാക്കി വളര്‍ത്താനായി തെക്ക് കിഴക്കന്‍ ഏഷ്യയില്‍ നിന്നും ധാരാളം മയിലുകളെ അങ്ങോട്ട് കൊണ്ടുപോയിരുന്നു. ജാപ്പനീസ് പെയിന്റിങ്ങുകളില്‍ വളരെ മുമ്പ് മുതലേ മയിലുകള്‍ പ്രധാന പക്ഷിയായി ഇടം പിടിച്ചിരുന്നത് കാണാം. വര്‍ണ്ണവിസ്മയമായ പീലിഭംഗിയാണ് ഈ പക്ഷിയ്ക്ക് ഇത്രയധികം ആരാധന മനുഷ്യരുടെ ഇടയില്‍ ഉണ്ടാക്കിയത്. ബി.സി. 450 കാലത്ത് തന്നെ  ഏതന്‍സില്‍ മയിലുകള്‍ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. അതല്ല അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയാണ് മയിലുകളെ യൂറോപ്പിന് പരിചയപ്പെടുത്തിയത് എന്നു വിശ്വസിക്കുന്നവരും ഉണ്ട്. എന്തായാലും വളരെ പണ്ട് മുതലേ മയിലുകള്‍ വ്യാപാരികളും സഞ്ചാരികളും വഴി ലോകത്തിന്റെ പല ഭാഗങ്ങളിലും എത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് യൂറോപ്യര്‍ ഏലത്തിനും കുരുമുളകിനും ഒപ്പം കപ്പലില്‍ മയിലുകളേയും കുരങ്ങുകളേയും കൗതുകത്തിനായി സ്വന്തം നാടുകളിലേക്ക് കയറ്റി അയച്ചിരുന്നു.

white peacockജനിതക പ്രശ്‌നം മൂലമുള്ളവര്‍ണ്ണകങ്ങളുടെ കുറവ് കൊണ്ടുള്ള ലൂസിസം (leucism) , മെലാനിന്‍ ഒട്ടും ഇല്ലാത്തതുമൂലം സംഭവിക്കുന്ന അല്‍ബിനോ സ്വഭാവമൊക്കെകൊണ്ടാണ് വെള്ള മയിലുകള്‍ ഉണ്ടാവുന്നത്.

white peacock
വെള്ള മയിൽ | Getty images

നമ്മുടെ നാട്ടിലുള്ള മയിലുകള്‍ Pavo cristatus എന്ന ഇനം ആണ്. ഇന്ത്യ ഉപ ഭൂഖണ്ഡത്തിലെ ഈ ഇനത്തിന് നീല മയില്‍ എന്ന് പേരുണ്ട്. തെക്കുകിഴക്കന്‍ ഏഷ്യന്‍ ഇനമായി വേറൊരു മയില്‍ സ്പീഷിസ് കൂടിയുണ്ട്. പച്ച നിറം കൂടുതലുള്ളതും ആണിനും പെണ്ണിനും നീണ്ട പീലികളുള്ളതുമായ പച്ച മയില്‍ ആണത്. ഇന്തോനേഷ്യന്‍ മയില്‍ എന്നും പേര് പറയാറുള്ള പച്ച മയിലിന്റെ ശാസ്ത്ര നാമം Pavo muticus എന്നാണ്. ഇതും കൂടാതെ ആഫ്രിക്കന്‍ കോംഗോ തടങ്ങളില്‍ മാത്രം കാണുന്ന Afropavo congensis എന്ന ഇനത്തേയും മയിലായാണ് കണക്കാക്കുന്നത്. സ്വാഭാവികമായി ഇവിടങ്ങളില്‍ മാത്രം ഉള്ള പക്ഷിയാണെങ്കിലും ഇതിന്റെ വര്‍ണഭംഗി മൂലം ലോകത്തിന്റെ പല ഇടങ്ങളിലും മനുഷ്യര്‍ ഇതിനെ കൊണ്ടെത്തിച്ചിട്ടുണ്ട്. അങ്ങിനെ എത്തിയ സ്ഥലങ്ങളില്‍ അധിനിവേശ പക്ഷിയായി അവിടെയുള്ള സ്വാഭാവിക ജൈവ സംതുലനത്തെ ബാധിക്കും വിധം ഇവ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

നീലയും പച്ചയും നിറത്തിലുള്ളതല്ലാത്ത തൂവെള്ള മയിലുകളെയും നമ്മള്‍ മൃഗശാലകളിലും ചിത്രങ്ങളിലും കണ്ടിട്ടുണ്ടാവും. ജനിതക പ്രശ്‌നം മൂലമുള്ളവര്‍ണ്ണകങ്ങളുടെ കുറവ് കൊണ്ടുള്ള ലൂസിസം (leucism) , മെലാനിന്‍ ഒട്ടും ഇല്ലാത്തതുമൂലം സംഭവിക്കുന്ന അല്‍ബിനോ സ്വഭാവമൊക്കെകൊണ്ടാണ് വെള്ള മയിലുകള്‍ ഉണ്ടാവുന്നത്. പല തരം മ്യൂട്ടഷനുകളിലൂടെ ഇന്ത്യന്‍ മയിലുകളില്‍ ചെറിയ വര്‍ണവ്യതിയാനങ്ങളുള്ളവയെയും കാണാനാവും. വ്യത്യസ്ഥ സ്പീഷിസുകളില്‍ പെട്ട ആണ്‍ പച്ച മയിലിനേയും- Pavo muticus, പെണ്‍ നീല മയിലിനേയും Pavo cristatus തമ്മില്‍ ഇണചേര്‍ത്ത് കാലിഫോര്‍ണിയയിലെ Keith Spalding എന്ന വനിത പുതിയ ഒരിനം മയില്‍ ഹൈബ്രിഡിനെ ഉണ്ടാക്കിയിരുന്നു. ആ ഇനത്തിന് അവരുടെ പേരായ സ്പാള്‍ഡിങ് ഇനം എന്നാണ് പറയുന്നത്.

peacock
ഫോട്ടോ : രതീഷ് പി.പി

മയിലുകളുടെ മാസ്റ്റര്‍ പീസ് 

മയിലുകളില്‍ പൊതുവെ ആണിനും പെണ്ണിനും രൂപത്തിലും വലിപ്പത്തിലും നിറത്തിലും വര്‍ണ്ണ ഭംഗിയിലും നല്ല വ്യത്യാസം ഉണ്ടാകും. ഇണചേരല്‍ കാലത്ത് ആണ്മയിലുകള്‍ പെണ്മയിലിനെ മയക്കാന്‍ നീളന്‍ പീലിയിലെ കണ്‍ അടയാളങ്ങള്‍ ഉയര്‍ത്തിക്കാണിക്കാനായി , വിതര്‍ത്ത്, വിറപ്പിച്ച് നടത്തുന്ന മയിലാട്ടമാണ് ഇവരുടെ മാസ്റ്റര്‍പീസ് അവതരണം. മഴമേഘം കനക്കുമ്പോള്‍ മയില്‍ ഉന്മാദ നൃത്തം ചെയ്യുന്നു എന്നാണ് കവി സങ്കല്‍പ്പം. പശ്ചാത്തലത്തില്‍ ഒരു മഴവില്ല് കൂടി ഉണ്ടെങ്കില്‍ പൊളിക്കും!

മയിലിന്റെ പറക്കല്‍ ആയാസമാര്‍ന്നതും ഒട്ടും ഭംഗിയില്ലാത്തതുമാണെങ്കിലും കവികള്‍ 'മയിലായ് പറന്നു വാ മഴവില്ലു തോല്‍ക്കും എന്‍ അഴകേ' എന്നൊക്കെ എഴുതും. ശില്‍പ്പികളും ചിത്രകാരന്മാരും എത്രയോ നൂറ്റാണ്ടുകളായി ഇവരുടെ വര്‍ണ്ണ ഭംഗിയെ പാടിപ്പുകഴ്ത്തുന്നു. 'കുയിലിന്റെ മണിനാദം കേട്ടു, കാട്ടില്‍ കുതിര കുളമ്പടി കേട്ടു' എന്ന് ശ്രീകുമാരന്‍ തമ്പി എഴുതിയത് അബദ്ധത്തില്‍ വാക്കുകള്‍ പരസ്പരം മാറി 'മയിലിന്റെ കുയില്‍ നാദം കേട്ടു' എന്നെങ്ങാന്‍ പാടിയാല്‍ കുഴഞ്ഞുപോകും. അത്രയ്ക്കും അരോചക ശബ്ദമാണ് മയിലുകള്‍ ഉണ്ടാക്കുക. ചെവിതുളക്കുന്ന 'മ്യാവൂ' വിളി! കാട്ടുപൂച്ചക്കരച്ചിലിന് ഹൈ ആമ്പ്‌ലിഫയര്‍ പിടിപ്പിച്ചതുപോലെയാണ് മയില്‍ ശബ്ദം കേട്ടാല്‍ തോന്നുക.

peacock
വയലുകളിലെ വിള നശിപ്പിക്കാനെത്തിയ മയിൽക്കൂട്ടം | ഫോട്ടോ : PTI

നാടിന്റെ ജൈവവ്യവസ്ഥ തന്നെ താറുമാറാക്കുന്നവര്‍

1981 ല്‍ ആണ്  കെ.കെ.നീലകണ്ഠന്‍ (ഇന്ദുചൂഡന്‍) എഴുതിയ 'കേരളത്തിലെ പക്ഷികള്‍' എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഇറങ്ങുന്നത്. അതില്‍ മയിലുകളെപ്പറ്റി അദ്ദേഹം പറയുന്നത് ഈ വിധത്തിലാണ്

'നമ്മുടെ സാഹിത്യത്തിലും മതത്തിലും പഴഞ്ചൊല്ലുകളിലും മറ്റും മയിലിനുള്ള പ്രാധാന്യമോര്‍ത്താല്‍ , കാക്കയേയും കോഴിയേയും പോലെ നമുക്കെല്ലാം നിത്യപരിചിതമായ ഒരു പക്ഷിയാണിതെന്ന് തോന്നും. മയിലിന്റെ പീലി കണ്ടിട്ടില്ലാത്ത മലയാളികളുണ്ടോ? ഭിക്ഷക്കരുടേയും കാവടിക്കാരുടെയും കൈയില്‍ സുബ്രഹ്‌മണ്യ ചിഹ്നമായി പീലിക്കെട്ട് നാം നിത്യം കാണുന്നു. മീന്‍ പിടിക്കുന്നവന്റെ ചൂണ്ടല്‍ തലപ്പത്തും കഥകളിക്കാരുടെ കിരീടത്തിലും ഒരുപോലെ പീലിത്തണ്ടിന് പ്രാധാന്യമുണ്ട്. ഇതെല്ലാംകൊണ്ടു പലര്‍ക്കും നമ്മുടെ കാടുകളിലെല്ലാം മയിലിനെ ആയിരക്കണക്കില്‍ കാണാമെന്നൊരു ധാരണയുണ്ടാകാം, എങ്കിലും കേരളത്തിലെ കാടുകളില്‍ സ്വതന്ത്രമായി ജീവിക്കുന്ന മയിലുകളെ കണ്ടിട്ടുള്ളവര്‍ വളരെ ചുരുങ്ങും.''

കാമറയും തൂക്കി വന്ന് ഫോട്ടോ എടുക്കാനും ഇടക്ക് വന്ന്  കണ്ട് നിന്ന് കാല്പനിക ഏമ്പക്കം വിടാനും നല്ലതാണെങ്കിലും കൃഷിക്കാര്‍ക്ക് അത്ര സുന്ദരമൊന്നുമല്ല മയില്‍ കാഴ്ച

peacock
ഫോട്ടോ : രതീഷ് പി. പി

നാല്‍പ്പത് വര്‍ഷം മുമ്പ് പോലും അപൂര്‍വ്വമായ ഒരു കാഴ്ചയായിരുന്നു മയില്‍ എന്നര്‍ത്ഥം. സലിം അലി തിരുവിതാംകൂര്‍-കൊച്ചി പ്രവിശ്യകളില്‍ 1933 ല്‍ നടത്തിയ സര്‍വ്വേയില്‍ ഒരു മയിലിനെ പോലും കണ്ടെത്തിയതായി വിവരമില്ല. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ മയിലിനെ കാണാത്തവര്‍ ചുരുങ്ങും എന്ന അവസ്ഥയാണ്. ഭൂവിസ്തൃതിയുടെ പത്തൊന്‍പത് ശതമാനം സ്ഥലത്തും മയില്‍ സാന്നിദ്ധ്യം ഉള്ള അവസ്ഥ ആയിക്കഴിഞ്ഞു. ഇടനാടുകളില്‍ പലയിടങ്ങളിലും വീടുകളുടെ തൊട്ടടുത്ത് വരെ മയിലുകള്‍ ആരെയും കൂസാതെ കറങ്ങി നടക്കുന്നു.. കൃഷിയിടങ്ങളില്‍ ഇവയുടെ ശല്യം കാര്യമായി അനുഭവപ്പെട്ടുതുടങ്ങി. മയിലുകള്‍ വിളയാറായ പാടങ്ങളിലെ നെന്മണികള്‍ തിന്ന് നശിപ്പിക്കുക മാത്രമല്ല ചെയ്യുന്നത് എല്ലാ കൃഷിയിടങ്ങളിലേയും , മണ്ണിരകള്‍ , പലതരം മിത്രകീടങ്ങള്‍, ഓന്തുകള്‍ , തവളകള്‍ , പാമ്പുകള്‍ തുടങ്ങി സകലതിനെയും കടലിലെ ട്രോളിങ്ങ് വലപോലെ അരിച്ച് തിന്നും. ഇത് നാടിന്റെ ജൈവവ്യവസ്ഥ തന്നെ താറുമാറാക്കും. കൃഷിയിടത്തില്‍ ഉപയോഗിക്കുന്ന കളനാശിനികളോ കീടനാശിനികളോ മൂലം മയിലുകള്‍ ചത്താല്‍ കേസും പുകിലും ആകുമെന്നതിനാല്‍ ഭയത്തോടെയാണ് പല കൃഷിക്കാരും മയിലുകളെ കാണുന്നത്. 

കാമറയും തൂക്കി വന്ന് ഫോട്ടോ എടുക്കാനും ഇടക്ക് വന്ന്  കണ്ട് നിന്ന് കാല്പനിക ഏമ്പക്കം വിടാനും നല്ലതാണെങ്കിലും കൃഷിക്കാര്‍ക്ക് അത്ര സുന്ദരമൊന്നുമല്ല മയില്‍ കാഴ്ച. ഓടുന്ന വാഹനങ്ങളില്‍ പാറിവന്നിടിച്ചുള്ള അപകടങ്ങള്‍ കൂടി പലയിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തുതുടങ്ങിയതോടെ 'മയില്‍ ഒരു ഭീകരജീവിയാണ്' എന്ന തരത്തില്‍ ചിലര്‍ അഭിപ്രായപ്പെടാനും ആരംഭിച്ചു.

മരുവത്കരണത്തിന്റെ അടയാളം, എങ്ങനെ പെരുകീ മയിലുകള്‍

വരണ്ട പ്രദേശങ്ങളിലെ പൊന്തക്കാടുകളില്‍ കണ്ടിരുന്ന മയിലുകള്‍ ഇങ്ങനെ വ്യാപകമായി പുതിയ ആവാസ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് മരുവത്കരണത്തിന്റെ സൂചനയായി ചില ഗവേഷകര്‍ മുന്നേ അഭിപ്രായപ്പെട്ടിരുന്നു. മയിലുകള്‍ക്ക് കാലാവസ്ഥാമാറ്റങ്ങള്‍ മുങ്കൂട്ടിയറിയാമെന്നും അങ്ങിനെയാണ് അവ പുതിയ സ്ഥലങ്ങളിലേക്ക് കുടിയേറുന്നത് എന്നൊക്കെയും ചിലര്‍ ചൂണ്ടിക്കാണിച്ചിരുന്നു. കഴിഞ്ഞ മൂന്നു കൊല്ലമായി വര്‍ഷം മുഴുവന്‍ പെരുമഴയും പ്രളയവും ഒക്കെ അനുഭവപ്പെടുമ്പോള്‍ ആ അഭിപ്രായങ്ങളെ ചിലര്‍ തമാശയോടെ ട്രോളാന്‍ തുടങ്ങിയിട്ടുണ്ട്. വന്യമൃഗങ്ങളുടെ എണ്ണത്തില്‍ പൊതുവെ വന്ന പെരുകലിന്റെ ഭാഗമായാണ് മയിലുകളും എണ്ണം കൂടി പുതിയ സ്ഥലങ്ങളിലേക്ക് തീറ്റ അന്വേഷിച്ച് ഇറങ്ങിയത് എന്ന് അഭിപ്രായം ഉള്ളവരുണ്ട്.സ്വാഭാവിക ഇരപിടിയന്മാരായ പുലികള്‍ , കാട്ട്‌നായ്കള്‍ , കുറുനരികള്‍, കുറുക്കന്മാര്‍ കാട്ട്പൂച്ചകള്‍ എന്നിവയുടെയൊക്കെ എണ്ണം കുറഞ്ഞതിനാലാണ് മയിലുകള്‍ ഈ വിധം പെരുകിയതെന്നും വേറെ ചില വിദഗ്ധര്‍ പറയുന്നുണ്ടെങ്കിലും കൃത്യമായ ശാസ്ത്രീയ വിശദീകരണം ഇപ്പോഴും ലഭ്യമല്ല.

peacock
ഫോട്ടോ: അഭിജിത്ത് ചവർക്കാട്‌

പരിണാമസിദ്ധാന്തത്തോട് ചേര്‍ന്ന് നില്‍ക്കാത്ത മയില്‍

ആണ്‍ മയിലിന്റെ വാലല്ല നമ്മള്‍ കാണുന്ന നീണ്ട പീലി. വാലില്‍ കുഞ്ഞ് തൂവലുകളാണ് ഉള്ളത്. വാല് വേറെ പീലി വേറെ. വാലിനു മുകളിലായി പ്രത്യേകമായുള്ള തൂവലുകളാണിവ. നല്ല നീളമുള്ള തണ്ടുകള്‍ക്ക് അഗ്രത്തിലാണ് ലോഹ നീലയുടെ മനോഹാരിത തിളങ്ങുന്ന പല വര്‍ണ്ണങ്ങള്‍ മാറി മറിയുന്ന കണ്‍ അടയാളങ്ങള്‍ ഉള്ളത്. iridescent , Optical interference Bragg reflections എന്നൊക്കെ പറയുന്ന പ്രതിഭാസങ്ങള്‍ മൂലമാണ് ഇത്രയും വര്‍ണ്ണ ഭംഗി ഇവയ്ക്കുണ്ടാക്കുന്നത്. സോപ്പ് കുമിളയിലും തൂവലുകളിലും പൂമ്പാറ്റ ചിറകിലും ചില കക്കകളിലും ഒക്കെ ഈ വര്‍ണ്ണപ്രതിഭാസ അംശങ്ങള്‍ നമ്മള്‍ കാണാറുണ്ട്. അതില്‍ അടങ്ങിയ വര്‍ണ്ണകവസ്തുക്കളുടെ സ്വഭാവം, , കാഴ്ചയുടെ കോണ്‍, പ്രകാശം പതിക്കുന്നതിന്റെ കോണ്‍ ഇതിനെയൊക്കെ ആശ്രയിച്ച് നിറക്കൂട്ടുകള്‍ മാറി മറിയുന്നതായി നമുക്ക് അനുഭവപ്പെടും

മയിലിന്റെ നീളന്‍ പീലിക്കെട്ട് പരിണാമ സിദ്ധാന്തകാരനായ ചാള്‍സ് ഡാര്‍വിനേയും അമ്പരപ്പിച്ചിരുന്നു. അതിജീവനത്തിന് സഹായിക്കുന്ന ശാരീരിക മാറ്റങ്ങള്‍ മാത്രമേ പരിണാമപരമായി തിരഞ്ഞെടുക്കപ്പെട്ട് ബാക്കിയാവുകയുള്ളു എന്ന അദ്ദേഹത്തിന്റെ ആശയത്തോട് ( നാച്വറല്‍ സെലക്ഷന്‍) ഇത് ചേര്‍ന്നു നില്‍ക്കുന്നതല്ലല്ലോ. ഇരപിടിയന്മാരുടെ മുന്നില്‍ പെട്ടാല്‍ ഇത്രയും വലിയ വാലും പൊക്കി ഓടിയോ പറന്നോ രക്ഷപ്പെടാന്‍ ആണ്‍ മയിലിന് വലിയ പാടാണ്. നമ്മുടെ അരയില്‍ നീളമുള്ള കമ്പുകള്‍ ചേര്‍ന്ന ഒരു വിറകുകെട്ട് കെട്ടി ഉറപ്പിച്ച അവസ്ഥയില്‍ ഉള്ളപ്പോള്‍ പട്ടി ഓടിക്കുന്നു എന്നു കരുതുക, എന്തായിരിക്കും നമ്മുടെ കഥ ! , അതാണ് മയിലിന്റെയും അവസ്ഥ. ശരിക്കും അതിജീവനം ഒരു പെടാപ്പാടു തന്നെ.  ഈ മനോഹര പീലിയും നൃത്തവും ഇണയെ ആകര്‍ഷിക്കാനുള്ളതായാണ് ( സെക്ഷ്വല്‍ സെലക്ഷന്‍) ഡാര്‍വിന്‍ വിശദീകരിച്ചത്. കൂടുതല്‍ പീലിയുള്ള , ഭംഗിയുള്ള ആണ്‍ മയിലിന് കൂടുതല്‍ യോഗ്യതയുള്ളതായി കണ്ട് പെണ്ണ് ഇണചേരാന്‍ തിരഞ്ഞെടുക്കുന്നു എന്ന്.

peacock tail
ഫോട്ടോ : PTI

ഇത്ര വലിയ വാലും കൊണ്ട് ഇത്ര നാള്‍ ജീവിച്ചത് നിസ്സാരമല്ല

ആണിന്റെ മയില്‍പ്പീലി എങ്ങനെയാണ് പെണ്‍ മയിലിനെ ആകര്‍ഷിക്കുന്നത് എന്നതിന് പല സിദ്ധാന്തങ്ങളും പല ശാസ്ത്രജ്ഞരും മുന്നോട്ട് വെച്ചിട്ടുണ്ട്. Merle Jacob എന്നവര്‍ ഇതിനെ തീറ്റയുമായി സാമ്യപ്പെടുത്തുന്ന ഒരു ആശയം ആണ് പറയുന്നത്. പീലിയിലെ നീല കണ്‍പൊട്ടുകള്‍ നീല നിറമുള്ള ബെറി പഴങ്ങളായി പെണ്‍ മയിലിനെ ഒരുവേള തെറ്റിദ്ധരിപ്പിക്കുന്നുണ്ടാകാം എന്ന്. ഇസ്രായേലിലെ പരിണാമ ശാസ്ത്രജ്ഞനായ Amotz Zahavi 'വികലാംഗ തിയറി' മുന്നോട്ട് വെക്കുന്നുണ്ട്. വലിയ അലോസരമായ വമ്പന്‍ പീലിക്കെട്ടുമായി പലതരം ഇരപിടിയന്മാരുടെ ഇടയില്‍ നിന്നെല്ലാം തടിയൂരി ഇതുവരെ എത്തിയ മയില്‍ അത്ര നിസാരക്കാരനല്ലല്ലോ. ഇരപിടിയന്‍ ശത്രുക്കളുടെ കൈയില്‍ നിന്നും  ചാഞ്ഞും ചെരിഞ്ഞും നൂണും പറന്നും അപാരമായ മെയ്വഴക്കത്തോടെ ശരീരം കുതറിച്ചാണ് ആണ്‍ മയില്‍ അയുസ്സ് കാക്കുന്നത്. നല്ല കായിക ക്ഷമത വേണമോല്ലോ ഇതിനെല്ലാം. ( ശരീരം വളച്ച് പുളച്ച് പെരുമാറാന്‍ മയിലെണ്ണ തേച്ചാല്‍ മതിയെന്ന വിശ്വാസം നാട്ട് മര്‍മ്മാണി വൈദ്യന്മാര്‍ക്ക് ഉണ്ടായത് അങ്ങിനെയാവും). ആള്‍ കേമനും യോഗ്യനും കരുത്തനും ആണ് എന്നതിന്റെ ഏറ്റവും സത്യസന്ധമായ തെളിവാണല്ലോ ഇത്. ഇത്രയും വലിയ വാലും കൊണ്ട് ഇത്ര നാള്‍ ജീവിച്ചു എന്നത് അത്ര നിസാരമല്ല. അതിനാല്‍ ഏറ്റവും നീളവും എണ്ണവും പീലികള്‍ക്ക് ഉള്ള ആണ്‍ മയിലാണ് മികച്ച കരുത്തന്‍ എന്നും അതുമായി ഇണ ചേര്‍ന്നാലാണ് നല്ല കുഞ്ഞുങ്ങള്‍ ഉണ്ടാകുക എന്നും പെണ്‍ മയില്‍ കരുതി, തിരഞ്ഞെടുപ്പ് നടത്തുന്നു. എന്നാല്‍ ചില പഠനങ്ങളില്‍ ആണ്‍ മയിലിന്റെ പീലിക്കണ്ണുകളുടെ എണ്ണം പെണ്‍ മയിലിന്റെ തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം ആകണമെന്നില്ല എന്നും കണ്ടിട്ടുണ്ട്.

peacock
നരേന്ദ്രമോദി മയിലിന് തീറ്റ നൽകുന്നു | ഫോട്ടോ : ANI

തീറ്റയില്‍ ബകന്‍മാര്‍

തീറ്റയുടെ കാര്യത്തില്‍ മയിലുകള്‍ ബകന്മാരാണ്. ഉരഗങ്ങളും സസ്തനികളും കരണ്ട് തീനികളും പ്രാണികളും  ഒക്കെ ഇവരുടെ ഭക്ഷണം ആണ്. വിത്തുകളും പഴങ്ങളും മുളകളും വേരുകളും ഒക്കെ കൊത്തി മറിച്ചിട്ട് തിന്നും. ശത്രുക്കളുടെ മുന്നില്‍ പെട്ടാല്‍ അടിക്കാടുകള്‍ക്കിടയിലൂടെ വേഗത്തില്‍ ഓടാന്‍ ഇവര്‍ക്ക് പറ്റും. രക്ഷയില്ലെങ്കില്‍ മാത്രം മോശമല്ലാതെ പറക്കുകയും ചെയ്യും. രാത്രി ചേക്കേറാന്‍ മരങ്ങളുടെ ഉയരക്കൊമ്പുകളില്‍ പറന്ന് എത്തും.

രോമമില്ലാതെ തൊലി നേരിട്ട് കാണുന്നതാണ് മയിലിന്റെ കണ്ണിനു മുകളിലുള്ള വെളുത്ത വരയും കണ്ണിന് താഴെയുള്ള ചന്ദ്രക്കല വെളുത്ത അടയാളവും.  തലയില്‍ വിശറിപോലുള്ള മനോഹരമായ കിരീടം ഉണ്ട്. ആണ്‍ മയിലിന്റെ പിറകിലെ പീലിക്കൂട്ടം ഇരുന്നൂറിലധികം നീളന്‍ പീലികള്‍ ചേര്‍ന്ന് ഉണ്ടായതാണ്. ( ശരിയ്ക്കും ഉള്ള വാലില്‍ ചെറിയ ഇരുപതോളം തൂവലുകള്‍ മാത്രമേ ഉണ്ടാവുകയുള്ളു) . രണ്ട് വയസാകുന്നതോടെയാണ് പൂവന്‍ മയിലിന് പീലികള്‍ നീണ്ടു വളരാന്‍ തുടങ്ങുക. നാല് വയസാകുമ്പോഴേക്കും അവയുടെ പീലികള്‍ നല്ല ഭഗിയിലും നീളത്തിലും വളര്‍ന്നിട്ടുണ്ടാകും . വര്‍ഷാ വര്‍ഷം പീലി വളര്‍ന്ന് കഴിഞ്ഞ് എല്ലാം കൊഴിയുകയും ചെയ്യും.  വടക്കേ ഇന്ത്യയില്‍ ഫെബ്രുവരി മാസത്തോടെ ആണ്‍ മയിലുകളുടെ പീലി വളര്‍ച്ച ആരംഭിച്ച് ഓഗസ്റ്റ്് അവസാനത്തോടെ പൊഴിക്കല്‍ ആരംഭിക്കും.

വൈകുന്നേരങ്ങളില്‍ പൊടിയില്‍ വീണുരുണ്ട് പൊടിക്കുളി

peahen
പെൺമയിലും കുഞ്ഞുങ്ങളും | PTI

ഒരു ആണും മൂന്നു മുതല്‍ അഞ്ച് വരെ പിടകളും ആയുള്ള ഇരതേടുന്ന ചെറു സംഘങ്ങളായാണ് മയില്‍ കൂട്ടങ്ങളെ സാധാരണ കാണുക. ഇണചേരല്‍ കാലം കഴിഞ്ഞാല്‍ അമ്മയും കുഞ്ഞുങ്ങളും മാത്രം ചേര്‍ന്ന് ഇരതേടുന്നതും കാണാം. രാവിലെ സജീവമായി തീറ്റ തേടിയ ശേഷം ചൂട് കൂടുമ്പോള്‍ മരച്ചാര്‍ത്തുകളില്‍ വിശ്രമിക്കും. ഇടയ്ക്ക് വൈകുന്നേരങ്ങളില്‍ പൊടിയില്‍ വീണുരുണ്ട് പൊടിക്കുളി കഴിക്കും. ഭയപ്പെട്ടാലും ശല്യം ചെയ്താലും വേഗത്തില്‍ ഓട്രിമറയാന്‍ ശ്രമിക്കും. നീര്‍ച്ചാലുകള്‍ക്ക് അരികില്‍ വെള്ളം കുടിക്കാനായി എത്തുകയും ചെയ്യും. രാത്രികളില്‍ വലിയ മരക്കൊമ്പുകളില്‍ കൂട്ടമായി ചേക്കേറും.
രണ്ട് മൂന്ന് വയസാകുമ്പോഴാണ് മയിലുകള്‍ക്ക് ഇണചേരല്‍ പ്രായമാകുന്നത്.നമ്മുടെ നാട്ടില്‍ ഏപ്രില്‍ മേയ് മാസത്തിലാണ് ഇണചേരല്‍ നൃത്തങ്ങള്‍ കൂടുതലായി കാണുക. ചിലപ്പോള്‍ ആണ്‍ മയില്‍ പീലി വിതര്‍ത്തി വിറപ്പിച്ച് ശബ്ദമുണ്ടാക്കി നൃത്തം ചെയ്യുമ്പോഴും പെണ്‍ മയില്‍ ഒട്ടും ശ്രദ്ധ കാണിക്കാതെ  തീറ്റ തേടല്‍ തുടരുന്നുണ്ടാകും. പെണ്‍ മയിലിന്റെ മുന്നിലല്ലാതെയും ഇടക്ക് ആണ്‍ മയില്‍ റിഹേഴ്‌സല്‍ പോലെ സ്വയം നൃത്തം ചെയ്യുന്നതും കാണാം. ഇലകളും ചുള്ളിക്കമ്പുകളും നിരത്തി നിലത്താണ് കൂടുപണിത് മുട്ടയിടുക. നാലുമുതല്‍ എട്ടു മുട്ടകള്‍ വരെ കാണും . പെണ്ണുമാത്രമാണ് അടയിരിക്കുക. 28 ദിവസം കൊണ്ട് മുട്ട വിരിയും. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ ഉടന്‍ തനെ സജീവന്മാരായി ഇരതേടി ഇറങ്ങും അമ്മയ്‌ക്കൊപ്പം തന്നെഎട്ടുമാസത്തോളം കഴിയും. കുഞ്ഞുങ്ങള്‍ അമ്മ മയിലിന്റെ പുറത്ത് കയറി ഇരിക്കുന്നതും ചിലപ്പോള്‍ കുഞ്ഞോടൊപ്പം പറന്ന് മരക്കൊമ്പുകളില്‍ കോണ്ടു ചെന്നാക്കുന്നതും കാണാം.

ആണ്‍ മയിലുകള്‍ ഏക പത്‌നീ / പതിവ്രതക്കാരോ അല്ല. പലരുമായും ഇണ ചേരും. മഴയോടനുബന്ധിച്ചാണ് ഇവയുടെ ഇണചേരല്‍ കൂടുതലായി നടക്കുന്നത്.  മണ്‍സൂണിന് തൊട്ട് മുന്‍പ് ഇവയുടെ കരച്ചില്‍ ശബ്ദവും എണ്ണവും കൂടും , മിയാവോ, പിയാവോ തുടങ്ങിയ ശബ്ദങ്ങളാണ് സാധാരണ ഉണ്ടാക്കുക. കാട്ടില്‍ പുലിയുടെ സാന്നിദ്ധ്യം തിരിച്ചറിയാന്‍ ഇവയുടെ അപായ ശബ്ദമുണ്ടാക്കല്‍ സ്വരം മറ്റുള്ളവരെ സഹായിക്കാറുണ്ട്.

മയിലും പുരാണവും

ഹിന്ദു പുരാണങ്ങളില്‍ സുബ്രഹ്‌മണ്യന്റെ വാഹനമായാണ് മയിലിനെ സങ്കല്‍പ്പിച്ചിരിക്കുന്നത്. ശിവന്റെ തലയിലെ പാമ്പിനോടും ഗണപതിയുടെ വാഹനമായ എലിയോടും സാത്വിക നിലപാട് ഈ മയില്‍ എടുത്തിട്ടില്ലെങ്കില്‍ എന്തെല്ലാം പുകിലായിരിക്കും ദേവകുടുബത്തില്‍ ഉണ്ടാകുക എന്ന് ഹാസ്യസാഹിത്യകാരനായ വേളൂര്‍ കൃഷ്ണന്‍ കുട്ടി തമാശ കഥ പണ്ട് എഴുതീട്ടുണ്ട്. ദേവ കുടുംബ വീട്ടിലെ അംഗങ്ങളുടെ പരസ്പര ശത്രുക്കളായ വാഹനങ്ങള്‍ ഉള്ള ഗാരേജിലെ ലഹളയേക്കുറിച്ച് ആണ് ആ കഥ.
(ഇപ്പോഴാണെങ്കില്‍ അത്രയ്ക്കും ധൈര്യം ഒരു കൃഷ്ണന്‍ കുട്ടിക്കും കാണില്ല )
സഹസ്ര യോനി ശാപം കിട്ടി , ശരീരം മുഴുവന്‍ കണ്ണുകളുമായി അലയുന്ന ദേവേന്ദ്രന്‍ ഒരിക്കല്‍ രാവണന്റെ മുന്നില്‍ പെട്ടു പോയ ഒരു കഥയുണ്ട്. മരുത്തന്‍ നടത്തുന്ന മഹേശ്വര യാഗം നടത്തുന്ന അവസരത്തില്‍ അതില്‍ പങ്കെടുക്കാന്‍ ഇന്ദ്രന്‍ എത്തിയതായിരുന്നു. രാവണന്റെ സാന്നിദ്ധ്യം അറിഞ്ഞതോടെ പേടിച്ച് പോയ ഇന്ദ്രനെ മറഞ്ഞ് നില്‍ക്കാന്‍ മയില്‍ സഹായിച്ചുവത്രെ! തന്റെ ദേഹത്തെ ആയിരം കണ്ണുകളും വിവിധ നീലനിറപീലികളായി ഇന്ദ്രന്‍ മയിലിന് നല്‍കി. മയിലുകള്‍ക്ക് യാതൊരു അസുഖവും ഉണ്ടാവില്ലെന്നും, മയിലിനെ ആരെങ്കിലും കൊന്നാല്‍ അവര്‍ ഉടന്‍ തന്നെ ചത്ത് പോകും എന്നും അനുഗ്രഹവും നല്‍കി. കൂടാതെ പുതു മഴ പെയ്യുന്ന ഘട്ടത്തില്‍ പീലികള്‍ വിരിച്ച് ആടിക്കൊള്ളാനും ആശംസിച്ചു. അതുകൊണ്ടാണത്രെ മഴമുകില്‍ ആകാശത്ത് നിറയുമ്പോള്‍ മയില്‍ നൃത്തം ചെയ്യുന്നത്.

peacockമഹാ വിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെ തൂവലുകളില്‍ നിന്നും ജനിച്ചതാണ് മയില്‍ എന്നും ഒരു വിശ്വാസമുണ്ട്. അതിനാലാണ് മയിലുകള്‍ക്ക് പാമ്പുകളോട് പകയെന്നും വിശ്വസിക്കപ്പെടുന്നു. ബുദ്ധമത വിശ്വാസപ്രകാരം മയില്‍ വിദ്യയുടെ ചിഹ്നം ആണ്.

പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ പണിത, നൃത്തം ചെയ്യുന്ന മയിലിന്റെ രൂപം കൊത്തിയ മനോഹരമായ സിംഹാസനം ആണ് മയൂര സിംഹാസനം. ഡല്‍ഹിലെ ചുവപ്പ് കോട്ടയിലെ രാജ ദര്‍ബാറില്‍ ആയിരുന്നു അതിന്റെ സ്ഥാനം. കോഹിന്നൂര്‍ രത്‌നമടക്കമുള്ള രത്‌നങ്ങളും വജ്രങ്ങളും സ്വര്‍ണ്ണവും ഉപയോഗിച്ചാണ് ലോകത്തില്‍ ഇതുവരെയും ആരും പണിയാതത്ര വിലപിടിപ്പുള്ള മയൂരസിംഹാസനം ഷാജഹാന്‍ പണിതത്. താജ്മഹല്‍ പണിയാന്‍ ചിലവായതിന്റെ ഇരട്ടി അതിന് ചിലവായിരുന്നത്രെ!

മയിലിന് സ്ഥാനവും വിലയും കൂടുതൽ ഇന്ത്യയിൽ, 'മയില്‍ പ്ലേഗ്' എന്നാണ് മയില്‍ ശല്യം അറിയപ്പെടുന്നത് 

peacock and peahen
ആൺമയിലും പെൺമയിലും ഫോട്ടോ :
നിഹാദ് വാജിദ് | യാത്രയിൽ പ്രസിദ്ധീകരിച്ചത്

ഇന്ത്യയില്‍ മയിലിനുള്ള സ്ഥാനവും വിലയും ഒന്നും വേറെ ഒരു രാജ്യത്തും ഇല്ല. പലയിടങ്ങളിലും വലിയ ശല്യക്കാരായാണ് ഇവരെ കണക്കാക്കുന്നത്. മയില്‍ ശല്യം കാര്യമായി ബാധിച്ച ന്യൂസിലന്‍ഡ് പതിനായിരക്കണക്കിന് മയിലുകളെയാണ് കൊന്നൊടുക്കിയിട്ടുള്ളത്. കൃഷിക്ക് വലിയ നാശം വരുത്തുന്നതിനാല്‍ 'മയില്‍ പ്ലേഗ്' എന്നാണ് മയില്‍ ശല്യം അറിയപ്പെടുന്നത്. വിനോദത്തിനുവേണ്ടിയും ടൂറിസ വികസനത്തിനായി മയിലുകളെ വേട്ടയാടാനുള്ള അനുമതി സാധാരണക്കാര്‍ക്ക് കൂടി ന്യൂസിലാന്‍ഡ് നല്‍കിയിട്ടുണ്ട്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ 2018 ല്‍ നടത്തിയ ഒരു പഠനത്തില്‍ നെല്‍കൃഷിപോലുള്ള വിളകള്‍ക്ക് മയിലുകള്‍ വലിയ നാശം ഉണ്ടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ചില ഗ്രാമങ്ങളില്‍ മയില്‍ ശല്യം മൂലം കൃഷിക്കാര്‍ പൊറുതിമുട്ടിക്കഴിഞ്ഞു.

പലതരം നാട്ട് വിശ്വാസങ്ങളും മിത്തുകളും മയിലുകളുമായി ബന്ധപ്പെട്ട് പല പ്രദേശങ്ങളിലും പ്രചാരത്തിലുണ്ട്.വൃത്തികെട്ട സ്വന്തം കാലുകളിലേക്ക് നോക്കി ആണ്‍ മയില്‍ കരയുകയും അതിന്റെ കണ്ണീര്‍ ആ സമയം പെണ്‍ മയില്‍ കൊക്കില്‍ ചേര്‍ത്ത് കുടിക്കുകയും ചെയ്യും എന്നൊരു വിശ്വാസം വടക്കേ ഇന്ത്യയില്‍ ഉണ്ട്. അങ്ങിനെയാണ് മയില്‍ പ്രത്യുത്പാദനം നടത്തുന്നത് എന്ന ധാരണയാണ് നാട്ടുകാര്‍ക്ക്. പക്ഷെ ഗ്രാമീണരുടെ വെറും ഒരു അന്ധവിശ്വാസം വളരെ വിദ്യാഭ്യാസവും സ്ഥാനവും ഉള്ള ചിലര്‍ പോലും എത്ര കാര്യമായി എടുക്കും എന്ന് നാം അറിയുന്നത് 2017 ല്‍ ആണ്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം എന്ന് ശുപാര്‍ശ കേന്ദ്ര സര്‍ക്കാറിന്  നല്‍കിയതിനോടൊപ്പം രാജസ്ഥാന്‍ ഹൈക്കോടതി ജസ്റ്റിസ് മഹേഷ ചന്ദ്ര ശര്‍മ്മ വിരമിക്കുന്ന ദിവസം മയിലിനെക്കുറിച്ചും ഒരു പ്രസ്താവന നടത്തി. മയിലിനെ ഭാരതത്തിന്റെ ദേശീയ പക്ഷിയായി തിരഞ്ഞെടുത്തത് എന്ത് കൊണ്ടാണ് എന്ന വിശദീകരിച്ചതാണദ്ദേഹം. ആണ്‍ മയില്‍ പെണ്മയിലുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാറില്ല എന്നും നിത്യ ബ്രഹ്‌മചാരികളാണ് അവര്‍ എന്നും ആയിരുന്നു അത്. ആണ്‍ മയിലിന്റെ കണ്ണുനീരുകൊണ്ടാണ് പെണ്‍ മയിലുകള്‍ ഗര്‍ഭിണി ആകുന്നത് , ഇത്തരം ഉത്കൃഷ്ട ബ്രഹ്‌മചാരി ആയതുകൊണ്ടാണ് ആണ്‍ മയിലിനെ നമ്മുടെ ദേശീയ പക്ഷിയായി തിരഞ്ഞെടുത്തത് - എന്നൊക്കെയുള്ള മണ്ടത്തരങ്ങള്‍ പൂര്‍ണ വിശ്വാസത്തോടെ അദ്ദേഹം വിശദീകരിച്ചത്.!

ഇന്ത്യയുടെ ദേശീയ പക്ഷിയായത് 1963ല്‍, മയില്‍ സ്‌നേഹികള്‍ ആദ്യം ചെയ്യേണ്ടത് മയില്‍പ്പീലി ഉപയോഗിക്കുന്ന ആലവട്ടങ്ങളും മതാചാര അലങ്കാരങ്ങളും കിരീട ഭംഗിയും മയിലാട്ടവും ഒന്നും വേണ്ട എന്ന് തീരുമാനിക്കുകയാണ്

alavattom
പൂരത്തിനായൊരുക്കിയ ആലവട്ടം | ഫോട്ടോ : ജെ. ഫിലിപ്

ദേശീയ പക്ഷിയായത് 1963ൽ

1963 ലാണ് ഇന്ത്യയുടെ ദേശീയ പക്ഷിയായി മയിലിനെ തിരഞ്ഞെടുത്തത്. 1972 ലെ ഇന്ത്യന്‍ വൈല്‍ഡ് ലൈഫ് (പ്രൊട്ടക്ഷന്‍ ) ആക്റ്റ് പ്രകാരം മയില്‍ സംരക്ഷിത പക്ഷിയാണ്. മയിലിനെ കൊന്നാലോ വേട്ടയാടിയാലോ സെക്ഷന്‍ 51 (1 എ ) പ്രകാരം ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. ഇരുപതിനായിരം രൂപയില്‍ കുറയാത്ത പിഴയും ലഭിക്കാം. വന്യജീവി സംരക്ഷണ നിയമം ചാപ്റ്റര്‍ VA വകുപ്പ് 49 A (B) പ്രകാരം മയില്‍ വേട്ട നടത്താതെയുളള മയില്‍പീലികളുടെ ശേഖരണവും വിതരണവും കുറ്റകരമല്ല എന്നു കൂടെയുണ്ട്. നാടോടി വൈദ്യന്മാര്‍ മയിലെണ്ണ ഉണ്ടാക്കാനും ചില വൈദ്യന്മാര്‍ വാതം പോലുള്ള ചികിത്സകള്‍ക്കും ഉത്തമ ഔഷധമാണെന്ന് തെറ്റിദ്ധരിച്ച് അതിനുവേണ്ടി മയിലിനെ കൊല്ലാറുണ്ട്. വര്‍ഷം തോറും പീലികൊഴിക്കും എന്നതിനാലാണ് വീണു കിടക്കുന്ന പീലിശേഖരിക്കുന്നതും കൈയ്യില്‍ കരുതുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റകരമായി ആക്റ്റില്‍ പറയാത്തത്. പല ഹൈന്ദവ ചടങ്ങുകള്‍ക്കും അലങ്കാരങ്ങള്‍ക്കും മയില്പീലി ഉപയോഗിക്കുന്നുണ്ട്. കൊഴിച്ചിട്ട മയില്‍പ്പീലി ശേഖരിക്കല്‍ അത്ര എളുപ്പമല്ല. അവ ഗുണവും കുറഞ്ഞവയാവും - അതിനാല്‍ വീണു കിടക്കുന്ന ഇടത്ത് നിന്ന് ശേഖരിച്ചത് എന്ന് പറഞ്ഞ് വില്‍പ്പനയ്ക്ക് എത്തുന്നതില്‍ ഭൂരിഭാഗം പീലികളും മയിലുകളെ കൊന്ന് പറിച്ച് എടുക്കുന്നവ തന്നെയാണ്. പീലികളുടെ അഗ്രരൂപം പരിശോധിച്ച്  രക്തക്കറയുണ്ടോ എന്ന് നോക്കി ഏത് വിധത്തില്‍ ലഭിച്ച പീലികള്‍ ആണ് എന്ന് മനസിലാക്കാന്‍ പറ്റുമെങ്കിലും അതൊന്നും അത്ര പ്രായോഗികമല്ല. അതിനാല്‍ മയില്‍ സ്‌നേഹികള്‍ ആദ്യം ചെയ്യേണ്ടത് മയില്‍പ്പീലി ഉപയോഗിക്കുന്ന ആലവട്ടങ്ങളും മതാചാര അലങ്കാരങ്ങളും കിരീട ഭംഗിയും മയിലാട്ടവും ഒന്നും വേണ്ട എന്ന് തീരുമാനിക്കുകയാണ്.

content highlights: Complete information about peacocks by Vijayakumar Blathur