തേവാങ്കിനോളം ഇത്രയും ആര്‍ദ്രവും ദയനീയവും യാചനാപൂര്‍ണ്ണവുമായ കണ്ണുകള്‍ ഉള്ള മറ്റൊരു ജീവി ഇല്ലെന്നു തോന്നും. പ്രായം കൊണ്ട് കിടപ്പിലാകാറായ ഒരു വൃദ്ധമനുഷ്യന്‍ തന്റെ മെലിഞ്ഞുണങ്ങിയ കൈകള്‍ സാവകാശം എടുത്തുയര്‍ത്തി എത്തിപ്പിടിച്ച് ആയാസപ്പെട്ട് ഒരു ഗോവണികയറുന്നതുപോലെയാണ് കുട്ടിത്തേവാങ്കിന്റെ രൂപവും ചലനവും കണ്ടാല്‍ തോന്നുക. ഒന്നിനും തിടുക്കമില്ല. വിടര്‍ന്ന വട്ടക്കണ്ണുകള്‍ കൊണ്ട് നമ്മളെത്തന്നെ തുറിച്ച് നോക്കുമ്പോള്‍, സജലമായ ആ കണ്ണുകളില്‍ ഇളകുന്ന ഭീതിയുടെ സങ്കടകടല്‍ നമ്മെ അസ്വസ്ഥപ്പെടുത്തും.

കുരങ്ങുകളും മനുഷ്യക്കുരങ്ങുകളും മനുഷ്യരും ഒക്കെ ഉള്‍പ്പെടുന്ന പ്രൈമേറ്റുകളില്‍ പെട്ടവരാണ് ഇവരും. ബുദ്ധിവികാസത്തിന്റെ അളവുകോല്‍ വെച്ച് ഒന്നാമത് നില്‍ക്കുന്നവര്‍ എന്ന അര്‍ത്ഥത്തിലാണല്ലോ പ്രൈമേറ്റുകള്‍ എന്ന് വിളിക്കുന്നത്. സസ്തനികളില്‍ പെട്ട ഇവര്‍ക്കെല്ലാം തള്ളവിരലുകള്‍ മറ്റു വിരലുകള്‍ക്ക് അഭിമുഖമായി സ്ഥാനം പിടിച്ചിരിക്കുന്നതിനാല്‍ കൈകള്‍ ഉപയോഗിച്ച് മറ്റു വസ്തുക്കള്‍ എടുക്കാനും പിടിമുറുക്കാനും കഴിയും. നമുക്ക് ഈ കഴിവ് കൈകളിലെ വിരലുകള്‍ക്ക് മാത്രമേ ഉള്ളു. കാലിലെ തള്ളവിരല്‍ മറ്റു വിരലുകള്‍ക്ക് സമാന്തരമായി തന്നെ ഉള്ളതിനാല്‍ കൈകള്‍പോലെ കാലുകൊണ്ട് ഇറുക്കിപിടുത്തം നടക്കില്ല. എന്നാല്‍ തേവാങ്കുകള്‍ക്ക് കാല്‍ വിരലിനും ഈ പ്രത്യേകത ഉണ്ട് . മരച്ചാര്‍ത്തുകളിലെ സുരക്ഷിത ജീവിതം ഇതുകൊണ്ട് എളുപ്പമാണ്.

പ്രൈമേറ്റുകളെ  പ്രോസിമിയന്‍സ് (prosimians) എന്നും സിമിയന്‍സ് എന്നും ( simians ) എന്നും രണ്ടായി വിഭജിച്ചാല്‍ അതില്‍ ആദ്യത്തേ വിഭാഗത്തില്‍ പെടുന്നവരാണ് തേവാങ്ക് , ലീമര്‍,  ആയ് ആയ് , ബുഷ് ബേബി തുടങ്ങിയ കുഞ്ഞു ജീവികള്‍ . സിമിയന്‍സ് അഥവാ ആന്ദ്രോപോഡുകള്‍ എന്നും വിളിക്കുന്ന രണ്ടാം വിഭാഗത്തിലെ വലിയ ജീവികളാണ് കുരങ്ങുകളും മനുഷ്യക്കുരങ്ങുകളും മനുഷ്യരും . തേവാങ്കുകളെ ' സ്ലോ ലോറിസ്' എന്നും 'സ്ലെന്‍ഡര്‍ ലോറിസ്' എന്നും രണ്ടായിത്തിരിച്ചിട്ടുണ്ട്. ഏഷ്യയില്‍ ലോറിസുകളുടെ ഏറ്റവും പഴക്കമുള്ള ഫോസില്‍ റിക്കോഡുകള്‍ തായ്‌വാനില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും ആണ് ലഭിച്ചത്. 16 ഉം 18 ഉം മില്ല്യണ്‍ വര്‍ഷം മുമ്പുള്ളവയായിരുന്നു അവ. ഫ്രഞ്ച് നാച്വറലിസ്റ്റായ ബഫോണ്‍ ആണ് 1765 ല്‍ ലോറിസ് എന്ന പദം ഈ ജീവിയെ സൂചിപ്പിക്കാന്‍ ആദ്യമായി ഉപയോഗിച്ചത്.

loris
ചിത്രത്തിന് കടപ്പാട്: വി സി ബാലകൃഷ്ണന്‍

ഡച്ച് ഭാഷയില്‍ വിദൂഷകന്‍ , കോമാളി എന്നൊക്കെ അര്‍ത്ഥം വരുന്ന loeris എന്ന വാക്കില്‍ നിന്നാണ് 'loris' വന്നത്. കണ്ണിനു ചുറ്റുമുള്ള വീതിയുള്ള അടയാളങ്ങളാവാം ഇത്തരം ഒരു പേര് വരാന്‍ കാരണം . മുഖത്തെഴുത്തുള്ള ഇവരുടെ വട്ട മുഖം കണ്ട് ആദ്യ കാഴ്ചയില്‍ ചിരിതോന്നിയിരിക്കാം ചിലര്‍ക്ക് .

ഫ്രഞ്ച് ഭാഷയില്‍ ലോറിസ് എന്നാല്‍ വിളറിയതോ നിഴല്‍ പോലുള്ളതോ ആയ രൂപം അല്ലെങ്കില്‍ പ്രേതാത്മാവ് എന്നൊക്കെ വ്യാഖ്യാനമുണ്ട്. രാത്രികാല സഞ്ചാരവും ഇരുട്ടില്‍ തിളങ്ങുന്ന വട്ടക്കണ്ണുകളും ഒക്കെ ആവാം അങ്ങിനെ വിളിക്കാന്‍ കാരണം. Arnout Vosmaer എന്ന ഡച്ച്കാരനാണ് 1770 ല്‍ ആദ്യമായി ഒരു ശാസ്ത്ര ജേര്‍ണലില്‍ ഈ ജീവികളെക്കുറിച്ച് രേഖപ്പെടുത്തിയത് . നമ്മള്‍ ഇന്ന് Nycticebus bengalensis എന്ന് വിളിക്കുന്ന തേവാങ്കിനെ ആയിരുന്നു അദ്ദേഹം വിവരിച്ചതെങ്കിലും അതിനെ സ്ലോത്തുകളുടെ കൂട്ടത്തിലായിരുന്നു അദ്ദേഹം പരിഗണിച്ചിരുന്നത്. ' കരടിയുടെ മുഖവും കുരങ്ങിന്റെ കൈകളും സ്ലോത്തിന്റെ ചലനവും ഉള്ള ജീവി ' എന്നാണ് അമേരിക്കന്‍ ജന്തു ശാസ്ത്രജ്ഞന്‍ ആയ Dean Conant Worcester 1891ല്‍ ബോര്‍ണിയന്‍ സ്ലോ ലോറിസിനെക്കുറിച്ച് വിവരിച്ചത് .

Slender Loris​ Kalyan Varma (Kalyanvarma), CC BY-SA 4.0, via Wikimedia Commons
Slender Loris Kalyan Varma (Kalyanvarma)CC BY-SA 4.0, via Wikimedia Commons

ഡിസ്‌നിയുടെ സ്റ്റാര്‍ വാര്‍സ് ടെലി വിഷന്‍ സീരിസുകളിലെ ഗ്രോഗു എന്ന അന്യഗ്രഹജീവിയുടെ രൂപം ചിത്രകാരന്മാര്‍ക്ക് ലഭിച്ചത് തേവാങ്കില്‍ നിന്നാവും.


ദക്ഷിണേഷ്യയിലെ കാണുന്ന തേവാങ്കുകളില്‍ രണ്ട് ജനുസ്സില്‍ പെട്ടവയെയും ഇന്ത്യയില്‍ കാണാം. സ്ലോ ലോറീസുകളും സ്ലെണ്ടര്‍ ലോറീസുകളും.

ഇന്ത്യയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുരയിലും അസമിലും മാത്രമാണ് സ്ലോ ലോറിസുകളെ കാണുന്നത്. Nycticebus ജനുസില്‍ ഉള്‍പ്പെട്ടവയാണ് ഇവര്‍. രാത്രിക്കുരങ്ങന്മാര്‍ എന്നാണ് ഈ ജീനസ് നാമത്തിന്റെ അര്‍ത്ഥം. അവര്‍ ഇത്തിരി തടിച്ച് കൊഴുത്ത ശരീരം ഉള്ളവരാണ്. ഉരുണ്ട തലയില്‍ വട്ടക്കണ്ണടവെച്ചപോലുള്ള ഉണ്ടക്കണ്ണുകള്‍ ആണിവരുടെ എറ്റവും വലിയ പ്രത്യേകത. നീണ്ട മൂക്കും ഉണ്ട് .  സഞ്ചാരം പതുക്കെ ആയതിനാല്‍ ഇട്ട പേരാണ് സ്ലോ ലോറിസ് എന്ന്. കൈകള്‍ക്കും കാലുകള്‍ക്കും ഏകദേശം ഒരേ നീളമാണുള്ളത്. നീളന്‍ ശരീരം നന്നായി വളക്കാനും തിരിക്കാനും കഴിയുന്ന വിധമായതിനാല്‍ കമ്പുകളില്‍ പിടിച്ച് വലിഞ്ഞ് കയറാന്‍ ഇതിന് പ്രയാസമില്ല. വിരലുകളുടെ പ്രത്യേകതമൂലം കമ്പുകളില്‍ ഉറച്ച് പിടിച്ച് വളരെ നേരം കഴിയാന്‍ ഇവയ്ക്ക് പറ്റും. ഞാന്ന് കിടന്ന് എത്ര നേരം ഉറങ്ങിയാലും കൈവിട്ട് താഴെ വീഴില്ല. 

Loris lydekkerianus nordicus
Loris lydekkerianus nordicus: Dr. K.A.I. NekarisCC BY-SA 4.0, via Wikimedia Commons

സ്ലോ ലോറിസുകള്‍ക്ക് രോമാവരണത്തിനിടയില്‍ ശ്രദ്ധിക്കപ്പെടാത്ത വിധം വളരെ നീളം കുറഞ്ഞ കുഞ്ഞ് വാല്‍ ഉണ്ടാകും. കാല്‍ കിലോ മുതല്‍ രണ്ട് കിലോ വരെ തൂക്കമുണ്ടാകും ഇവര്‍ക്ക്. കൂടാതെ ഇവയുടെ കടിയേല്‍ക്കാന്‍ സാധ്യതയുള്ളതും കടി മാരകവും ആണ്.

ഇവയുടെ ഉമിനീരിലും കൈക്കുഴയിലെ ഗ്രന്ഥിയായ ബ്രാക്കിയല്‍ ഗ്രന്ഥിയില്‍ നിന്നും ഊറുന്ന രൂക്ഷ ഗന്ധ സ്രവത്തിലും ( വെറുതേ ഇരിക്കുന്ന സമയം ഇടയ്ക്ക് തേവാങ്ക് അവിടം നക്കിക്കൊണ്ടിരിക്കും) വിഷാംശം ഉള്ളതിനാല്‍ കടി കൊണ്ടാല്‍ ചിലപ്പോള്‍ അലര്‍ജിക്ക് റിയാക്ഷനുകളും അപൂര്‍വ്വമായി അനാഫിലിയാറ്റിക് ഷോക്കും സംഭവിക്കാം. എങ്കിലും ആന്റി ഹിസ്റ്റമിനുകള്‍ ഉപയോഗിച്ച് ചികിത്സിക്കാവുന്നതാണ്.

സ്വരക്ഷക്കായി ഈ സ്രവങ്ങള്‍ സ്വന്തം രോമാവരണങ്ങളില്‍ പുരട്ടിവെക്കുന്ന ശീലവും ഇവര്‍ക്ക് ഉണ്ട്. ഇവയെ തിന്നാന്‍ ശ്രമിക്കുന്ന ഇരപിടിയന്മാരുടെ കൈയില്‍ കിട്ടിയാലും രോമത്തിലെ അരുചിയും രൂക്ഷ ഗന്ധവും വിഷ അലര്‍ജിയും കൊണ്ട് തിന്നാതെ ഒഴിവാക്കി പോകാന്‍ ഇത് സഹായിക്കും. ഇവ മിശ്രഭുക്കുകള്‍ ആണെങ്കിലും ഭക്ഷണത്തിലെ എഴുപത് ശതമാനത്തിലധിക ഭാഗവും സസ്യങ്ങളില്‍ നിന്നുള്ളതും മുപ്പത് ശതമാനം സസ്യേതര ഭക്ഷണവും ആണ്. പലതരം പഴങ്ങളും മുളകളും കൂടാതെ മരക്കറകളും കഴിക്കും. ഫാബിയേസിയേ കുടുംബത്തില്‍ പെട്ട സസ്യങ്ങളുടെ മരക്കറകള്‍ ഭക്ഷണമാക്കുന്ന ഇഷ്ട ശീലമുണ്ട്. മരപ്പശകളിലെ കാര്‍ബോ ഹൈഡ്രേറ്റുകളും ലിപ്പിഡുകളും ദഹിപ്പിക്കാനുള്ള ദഹന സംവിധാനം ഇവര്‍ക്കുണ്ട്. കൈകളില്‍ ഉമിനീരും ബ്രാക്കിയാല്‍ ഗ്രന്ഥി സ്രവങ്ങളും നക്കിപ്പുരട്ടി വെച്ച് ഉറുമ്പിന്‍ കൂടുകളില്‍ കൈയിട്ട് അതില്‍ പറ്റുന്ന ഉറുമ്പുകളെ തിന്നുന്ന ശീലം ഉണ്ട്.

ലോകത്തെങ്ങുമായി Nycticebus ജനുസില്‍ എട്ട് സ്ലോ ലോറിസ് സ്പീഷിസുകളാണ് ഉള്ളത് അതില്‍ ബംഗാള്‍ സ്ലോ ലോറിസ് ( Nycticebus bengalensis ) മാത്രമാണ്‍` ഇന്ത്യയില്‍ കാണുന്നത് .

സ്ലോ ലോറിസുകള്‍ക്ക് വളരെ താഴ്ന്ന ബേസല്‍ മെറ്റബോളിക് റേറ്റ് മാത്രമേ ഉള്ളു. മനുഷ്യനു പോലും മരണകാരണമാകാവുന്ന ചില ഭക്ഷണ വിഷാംശങ്ങള്‍ ഇവര്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാക്കില്ല. ഭക്ഷണത്തിലെ കഠിന ടോക്‌സിനുകള്‍ പോലും  നീക്കം ചെയ്യാന്‍ കഴിയുന്നത് മെറ്റാബോളിക്ക് റേറ്റിലെ ഈ പ്രത്യേകത കൊണ്ടാണ്.

l
ചിത്രത്തിന് കടപ്പാട്: വി സി ബാലകൃഷ്ണന്‍

മെലിഞ്ഞുണങ്ങിയപോലുള്ള ശരീരവും കൈകാലുകളും ഉള്ളതിനാലാവും ദക്ഷിണേന്ത്യയില്‍ കാണുന്ന ഇനങ്ങളെ സ്ലെന്‍ഡര്‍ ലോറിസ് (Loris lydekkerianus) എന്ന വിഭാഗം ആയി പരിഗണിക്കുന്നത്. ഇതില്‍ രണ്ട് സബ് സ്പീഷിസുകളെയാണ് ഇതുവരെയായി കണ്ടെത്തീട്ടുള്ളത്. ഒന്ന് മൈസൂര്‍ കുട്ടിത്തേവാങ്ക് Loris lydekkerianus lydekkerianus, രണ്ടാമത്തേത് മലാബാര്‍ കുട്ടിത്തേവാങ്ക് Loris lydekkerianus malabaricus  ഇവര്‍ക്ക് സ്ലോ ലോറീസുകള്‍ക്ക് ഉള്ളതുപോലെ കുഞ്ഞു വാലു പോലും ഇല്ല എന്നത് പ്രധാന വ്യത്യാസം തന്നെയാണ്. പശ്ചിമ ഘട്ടത്തിലെ ആര്‍ദ്ര വനങ്ങളിലും വനാതിര്‍ത്തികളിലെ മനുഷ്യ വാസ സ്ഥലങ്ങളോടടുത്ത മരപ്പടര്‍പ്പുകളിലും മാത്രം കാണപ്പെടുന്നവയാണ് മലബാര്‍ കുട്ടിത്തേവാങ്ക്. സഹ്യനപ്പുറം ഇലകൊഴിയും കാടുകളിലും വരണ്ട പ്രദേശങ്ങളിലും കാണുന്നവയാണ് മൈസൂര്‍ കുട്ടിത്തേവാങ്ക്. ഭൂമിശാസ്ത്രപരമായ വേര്‍തിരിവുള്ള വ്യത്യസ്ത പ്രദേശങ്ങളില്‍ അല്ലാതെ ഇവയെ രണ്ടിനങ്ങളേയും ഒരേ പ്രദേശത്ത് കാണാറില്ല. കേരളത്തില്‍ ആറളം വന്യജീവി സങ്കേതത്തിലാണ് ഏറ്റവും കൂടുതല്‍ മലബാര്‍ കുട്ടിത്തേവാങ്കിനെ ഗവേഷകര്‍ നിരീക്ഷിച്ചിട്ടുള്ളത്.

നമ്മുടെ നാട്ടില്‍ ഉള്ള കുട്ടിത്തേവാങ്കുകള്‍ 85 മുതല്‍ 390 ഗ്രാം വരെ മാത്രം ഭാരം ഉള്ളവയാണ്. അതായത് കൈക്കുടന്നയില്‍ കൊള്ളുന്ന വലിപ്പം മാത്രം. മുറിവേല്പിക്കും വിധം കടിക്കില്ല എന്നുമാത്രമല്ല ഇവയ്ക്ക് സ്ലോ ലോറിസിന്റേതുപോലെ അലര്‍ജിക്ക് കാരണമാകുന്ന വിഷ സാന്നിധ്യവും ഇല്ല. ഇവ ഏകദേശം പൂര്‍ണ്ണമായും പ്രാണികളേയും മറ്റുമാണ് ഭക്ഷണം ആക്കുന്നത്. വളരെ അപൂര്‍വ്വമായി മാത്രം ചില പഴങ്ങളും മറ്റും കഴിക്കും. പല്ലികളേയും ഓന്തുകളേയും എട്ടുകാലികളേയും ഭക്ഷിക്കുന്നതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ചാര നിറമുള്ളതാണ് മൈസൂര്‍ തേവാങ്ക് എങ്കിലും ഈ രണ്ട് സ്പീഷിസുകളേയും തിരിച്ചറിയാന്‍ അവയുടെ വട്ട ക്കണ്ണുകള്‍ക്ക് ചുറ്റും ഉള്ള അടയാളം ആണ് പ്രധാനമായും നോക്കുന്നത്. മലബാര്‍ തേവാങ്കിന്റെ കണ്ണുകള്‍ക്ക് ചുറ്റും വൃത്താകൃതിയിലുള്ള ഇരുണ്ട അടയാളം ഉള്ളപ്പോള്‍ മൈസൂര്‍ തേവാങ്കിന്റെ അടയാളം ഡയമണ്ട് അല്ലെങ്കില്‍ അണ്ഡാകൃതിയിലുള്ളതാണ്. കൂടാതെ കണ്ണുകള്‍ക്ക് ഇടയിലുള്ള വിടവിലെ വെളുത്ത വരയ്ക്കും വീതി വ്യത്യാസം കൂടുതല്‍ ഉണ്ടാകും.

മനുഷ്യരുടെ അകന്ന കസിന്മാരായി വരുമെങ്കിലും നമ്മുടെ മൂക്ക് പോലെ അല്ല ഇവരുടെ മൂക്കഗ്രം. പൂച്ചയുടെയും നായയുടേയും മൂക്കിന്‍ തലപ്പിലെ രോമമില്ലാത്ത , നനവാര്‍ന്ന ഭാഗം പോലെ ഇവയ്ക്കും മൂക്കറ്റം മൃദുലവും ആര്‍ദ്രവും ആയ 'റിനേറിയം' ആണുള്ളത്. നമ്മേക്കാളും ഗന്ധ അറിവ് അതിജീവനത്തിന് ഇവര്‍ക്ക് സഹായം ലഭിക്കുന്നതും ഇതുകൊണ്ടാണ്.

രാത്രി ജീവിതം നയിക്കുന്ന ഇവരുടെ കണ്ണുകളും അതിനു സഹായകമാം വിധം പരിണമിച്ചതാണ്. മുഖത്തിന്റെ വലിയ ഭാഗം ഉള്‍ക്കൊള്ളുന്നതാണ് മുന്നോട്ട് ഉന്തിയ വലിയ വട്ടക്കണ്ണുകള്‍. ഒട്ടും സൂര്യ പ്രകാശം ഇഷ്ടപ്പെടാത്തവരായതിനാല്‍ പകല്‍ സൂര്യനു പൃഷ്ടം തിരിഞ്ഞ് തല മുങ്കാലുകള്‍ക്ക് ഇടയില്‍ കുനിച്ച് താഴ്ത്തി പ്പിടിച്ച് ചുരുണ്ട് കഴിയുകയാണ് ചെയ്യുക. നല്ല നിലാവുള്ള ദിവസം പോലും ഇവ രാത്രി പുറത്തിറങ്ങാന്‍ മടിക്കും. തീവ്ര പ്രകാശം കണ്ണിലടിച്ചാല്‍ ഇവ വല്ലാതെ അലോസരപ്പെടുകയും കാഴ്ച പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യും . അതിനാല്‍ തീവ്ര പ്രകാശം ഉള്ള ഫഌഷ് ലൈറ്റുകള്‍ ഉപയോഗിച്ച് ഇവയുടെ ഫോട്ടോ എടുക്കുന്നത് തീര്‍ച്ചയായും ഒഴിവാക്കേണ്ടതാണ്.

റെറ്റിനയ്ക്ക് തൊട്ട് താഴെയുള്ള റിട്രോ റിഫ്‌ലക്റ്റര്‍ ആയ കോശങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച Tapetum Lucidum എന്ന പാളിയാണ് ദൃശ്യ പ്രകാശത്തെ വീണ്ടും പ്രതിഫലിപ്പിച്ച് പ്രകാശ സംവേദക കോശങ്ങളില്‍ കൂടുതല്‍ വെളിച്ചം എത്തിച്ച്  രാക്കാഴ്ചയ്ക്ക് പല ജീവികളേയും സഹായിക്കുന്നത്. മനുഷ്യരായ നമുക്ക് Tapetum lucidum ഇല്ലല്ലോ. തേവാങ്കുകളുടെ വട്ടക്കണ്ണടപോലുള്ള കണ്ണുകള്‍ രാത്രിയില്‍ വെളിച്ചം തട്ടിയാല്‍ തിളങ്ങുന്നത് അതുകൊണ്ടാണ്. പകല്‍ മുഴുവന്‍ ഇലപ്പടര്‍പ്പുകള്‍ക്കിടയില്‍ ഒളിച്ച് ഉറങ്ങിക്കഴിയുന്ന ഇവര്‍ രാത്രിയാണ് ഭക്ഷണം അന്വേഷിച്ച് ഇറങ്ങുക. മരക്കൊമ്പുകളില്‍ തന്നെയാണ് ജീവിതം. പ്രൈമേറ്റുകളുടെ കൂട്ടത്തില്‍ തല വലിപ്പവുമായി ചേര്‍ത്തുനോക്കിയാല്‍ ഏറ്റവും നീളമുള്ള നാവുള്ളവര്‍ ഇവരാണ്. സ്ലോ ലോറിസുകളുടെ കക്ഷത്തിലെ ബ്രാക്കിയല്‍ ഗ്രന്ഥി ( Brachial Gland ) രൂക്ഷഗന്ധമുള്ള ഒരു സ്രവം പുറപ്പെടുവിക്കും എന്ന് പറഞ്ഞല്ലോ. ഒരുതരം വിയര്‍പ്പ് ഗ്രന്ഥികളാണത്. ഇത് മരക്കമ്പുകളിലും മറ്റും പുരട്ടിയും മൂത്രം ഒഴിച്ച് വെച്ചും ആണ് മറ്റുള്ള തേവാങ്കുകളുമായി ആശയ കൈമാറ്റം നടത്തുന്നതും ടെറിട്ടറി അതിരുകള്‍ അടയാളപ്പെടുത്തുന്നതും. ഉയര്‍ന്ന പിച്ചിലുള്ള വിസില്‍ ശബ്ദം ഉണ്ടാക്കി മറ്റുള്ള തേവാങ്കുകള്‍ക്ക് തന്റെ തീറ്റതേടല്‍ ഇടം ആണിത് എന്ന ഭീഷണി സൂചനകളും നല്‍കും. പലതരം ചെറു ശബ്ദങ്ങള്‍ ഉണ്ടാക്കാനും ഇവര്‍ക്കറിയാം.

ബ്രാക്കിയല്‍ ഗ്രന്ഥിയില്‍ നിന്നുള്ള സ്രവങ്ങള്‍ക്ക് ഗുരുതര അലര്‍ജിക്ക് കാരണമാകാവുന്ന  വിഷാംശം ഉള്ളതാണല്ലോ . ശത്രുക്കളുടെ കൈയില്‍ പെട്ടാല്‍ രക്ഷപ്പെടാനായി കടിക്കും മുമ്പ് തേവാങ്ക് കക്ഷം നക്കി വായില്‍ വിഷ സ്രവം ശേഖരിക്കുന്നത് അതിനാണ്. കടി കാട്ടിയ ആള്‍ പിടി വിടുവിപ്പിക്കാനുള്ള തന്ത്രമാണ് വിഷക്കടി.

വളരെ പതുക്കെയാണ് ഇവയുടെ സഞ്ചാരം എന്നത് ഒരു തെറ്റിദ്ധാരണ ആണ്. മിനുട്ടുകള്‍ കൊണ്ട് ഒരു കൊമ്പില്‍ നിന്ന് മറ്റൊന്നിലെത്താനൊക്കെ ഇവര്‍ക്ക് കഴിയുമെങ്കിലും അപകടം മണത്താല്‍ ചലനം സ്ലോ മോഷനില്‍ ആകും. വളരെ പതുക്കെ നീളന്‍ കൈകള്‍ നീട്ടി കമ്പുകളില്‍ പിടിച്ച് പതുക്കെ നീങ്ങാന്‍ ശ്രമിക്കും. ഇലയനക്കം ഉണ്ടായി ശത്രുക്കളുടെ കണ്ണില്‍ പെടാതിരിക്കാനും  ഒച്ചയുണ്ടാകാതിരിക്കാനും അങ്ങിനെ ഇവരിലേക്ക് ശ്രദ്ധ പതിയാതിരിക്കാനും ആണ് ഈ സ്ലോമോഷന്‍ തന്ത്രം . ഇരകളായ പ്രാണികളുടെ ശ്രദ്ധയില്‍ പെട്ട് അവ രക്ഷപ്പെടാതിരിക്കാനും ഈ പതുക്കെ പോക്ക് സഹായിക്കും. ഓടിച്ച് പിടിക്കാന്‍ ത്രാണി ഇല്ലാത്തതിനാല്‍ തൊട്ടടുത്ത് ഉള്ളതിനെ തൊഴുകൈയ്യന്‍ പ്രാണിയെ (മാന്റിസ്) പോലെ തൊട്ടടുത്ത് നിന്ന് പിടിക്കുന്ന ശീലവും കഴിവും മാത്രമേ ഉള്ളു . ശത്രു ഭയം കൂടിയാല്‍ പിന്നെ പരിപൂര്‍ണ്ണ നിശ്ചലതയിലേക്ക് , ശരിക്കും മരവിച്ചുറഞ്ഞപോലെ ഒരൊറ്റ നില്‍പ്പ് നില്‍ക്കാനും അറിയാം. പരമാവധി 0.3 മീറ്റര്‍ മാത്രമാണ് ഇതിന് ചാടാന്‍ കഴിയുക. അതിനാല്‍ ഒരു മരച്ചില്ലയില്‍ നിന്നും അടുത്തതിലേക്ക് എത്താന്‍ ഇലച്ചാര്‍ത്തിന്റെ തുടര്‍ച്ച ഇല്ലെങ്കില്‍ ഇവര്‍ കുഴങ്ങും. താഴെ മണ്ണിലിറങ്ങി വീണ്ടും മരത്തില്‍ കയറണം. ഇത് വളരെ അപകടം പിടിച്ച പണിയാണ്താനും . ഏകാന്ത സഞ്ചാരികളാണിവര്‍. ഇണചേരല്‍ കാലത്ത് മാത്രമേ ജോഡിയായി കാണാറുള്ളു. പെണ്‍ തേവാങ്കുകള്‍ക്കാണ് ആണിനേക്കാള്‍ വലിപ്പം. കൂട് കെട്ടുന്ന ശീലം ഇല്ല. മഴക്കാലമാണ് ഇണചേരല്‍ കാലം. ജൂലായ് മുതല്‍ സെപ്തംബര്‍ വരെ ഉള്ള കാലത്ത് ഇണ ചേരല്‍ നടക്കും . ഡിസംബര്‍  ജനുവരി മാസങ്ങളിലാണ് പ്രസവം നടക്കുക. സാധാരണയായി ഒരു കുഞ്ഞ് മാത്രമാണ് ഉണ്ടാകുക. കുഞ്ഞുങ്ങള്‍ അഞ്ചാറു മാസം വരെ അമ്മയെ ആശ്രയിച്ച് കഴിയും. ആദ്യമൊക്കെ വയറില്‍ അള്ളിപ്പിടിച്ചും പിന്നെ പുറത്തേറ്റിയും അമ്മ കുഞ്ഞിനെ കൊണ്ടു നടക്കും. അല്‍പ്പം വളര്‍ന്നാല്‍ ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ ഒളിപ്പിച്ച് നിര്‍ത്തി ഇരതേടി കൊണ്ടുവന്നു കൊടുക്കും. സ്വയം ഇരതേടാനായാല്‍ സ്വന്തം ടെറിട്ടറിയില്‍ നിന്ന് ദൂരേക്ക് ഓടിച്ച് വിട്ട് ഒഴിവാക്കും. നീണ്ട ഗര്‍ഭകാലം, ഭാരം കുറഞ്ഞ കുഞ്ഞുങ്ങള്‍, നീണ്ട വളര്‍ത്തുകാലം , ഗര്‍ഭകാലങ്ങള്‍ തമ്മിലുള്ള കുറഞ്ഞ ഇടവേളകള്‍ എന്നിവയൊക്കെകൊണ്ട് മറ്റ് സസ്തനികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവയുടെ വംശ വര്‍ദ്ധന വളരെ കുറഞ്ഞ തോതില്‍ മാത്രമാണ്. വലിയ തോതില്‍ ഇവയെ പിടികൂടി കൊല്ലാന്‍ തുടങ്ങിയതോടെ ഇവയുടെ എണ്ണം വല്ലാതെ കുറഞ്ഞു. മനുഷ്യര്‍ പരിണമിച്ച് ഉണ്ടായിട്ട് ചില്വാനം ലക്ഷം കൊല്ലമേ ആയിട്ടുള്ളുവെങ്കിലും ദശലക്ഷക്കണക്കിന് വര്‍ഷമായി ഇവിടെ ജീവിച്ചിരുന്ന ഇവരുടെ വംശം കുറ്റിയറ്റ് പോകാന്‍ നമ്മള്‍ മനുഷ്യരുടെ വിവരക്കേടുകള്‍ കാരണക്കാരായേക്കാം.

വിഷസാന്നിദ്ധ്യമുള്ള ചില ഷഡ്പദങ്ങളെ ഇവ ഉമിനീരിലെ ചില എന്‍സൈമുകള്‍ കൊണ്ട് കുതിര്‍ത്ത് നിര്‍വീര്യമാക്കി അകത്താക്കുന്നത് കൂടാതെ മൂത്രം കൊണ്ട് നനച്ചും ശുദ്ധീകരിച്ച് കഴിക്കുന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

വന്മരങ്ങള്‍ ഉള്ള ഉള്‍ക്കാടുകള്‍ അല്ല കുട്ടിത്തേവാങ്കുകള്‍ ഇഷ്ടപ്പെടുന്നത്. കാടുകളോട് ചേര്‍ന്ന സ്ഥലങ്ങളിലെ ചെടിപ്പടര്‍പ്പുകളാണ്. കൂടാതെ പശ്ചിമഘട്ടത്തോട് ചേര്‍ന്നു നില്‍ക്കുന്ന നാടുകളിലെ കാവുകളും വീടുകളോട് ചേര്‍ന്നുള്ള കൃഷിയിടങ്ങളിലെ മരക്കൂട്ടങ്ങളും ഒക്കെ ഇവരുടെ ഇഷ്ട സ്ഥലങ്ങള്‍ ആണ്. ആലയുടേയും അടുക്കളക്കുഴിയുടേയും  ഒക്കെ അരികിലെ ചെടികള്‍ക്കിടയില്‍ ഇഷ്ടം പോലെ പ്രാണികളെ കിട്ടുമെന്നതിനാല്‍ രാത്രികാലങ്ങളില്‍ ഇവര്‍ ഇത്തരം ഇടങ്ങളില്‍ കാണാറുണ്ട്. ഉപദ്രവകാരികളായ കീടങ്ങളെ ഒഴിവാക്കിത്തരുന്നതിനാല്‍ ഇവര്‍ കൃഷിക്കാര്‍ക്ക് വലിയ ഉപകാരികളും ആണ്.

കൂടുതല്‍ എണ്ണം കുട്ടിത്തേവാങ്കുകളെ ഒരു സ്ഥലത്ത് തന്നെ കാണുന്നെങ്കില്‍ അതിനര്‍ത്ഥം അവയുടെ സഞ്ചാരത്തിനുള്ള സ്വാഭാവിക ഇലച്ചാര്‍ത്തുകള്‍ മുറിയപ്പെടുന്നു എന്നും അവയുടെ ആവാസ മേഖലാശോഷണം കാര്യമായി നടന്നിട്ടുണ്ട് എന്നും ആണ്. അല്ലാതെ ഇവ തൊട്ടടുത്തായി ജീവിക്കുന്ന ശീലം ഉള്ളവര്‍ അല്ല. സംരക്ഷണത്തില്‍ ഇവ 14മുതല്‍ 20 വര്‍ഷം വരെ ജീവിക്കുന്നതായി കണ്ടിട്ടുണ്ടെങ്കിലും വന്യതയിലെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ ഇവയുടെ ആയുസ് എത്ര വര്‍ഷം ആണ് എന്നത് ഇപ്പോഴും കൃത്യമായി അറിയില്ല.

മരപ്പട്ടികളാണ് പ്രധാനമായും കുട്ടിത്തേവാങ്കുകളുടെ ഒന്നാം നമ്പര്‍ ശത്രു. കൂടാതെ മൂങ്ങകളും പാമ്പുകളും പരുന്തുകളും പൂച്ചകളും ഒക്കെ ഇവരെ കണ്ടു കിട്ടിയാല്‍ ശാപ്പിടുമെങ്കിലും ഇവരെ കണ്ടു കിട്ടുകയെന്നത് അത്ര എളുപ്പമല്ല. മനുഷ്യര്‍ മാത്രമാണ് ഇപ്പോള്‍ ഇവരുടെ പ്രധാന അന്തകരായി ഉള്ളത്.

പണ്ട് കാലത്ത് ഉത്സവ സ്ഥലങ്ങളില്‍ നാടോടികളും ലാടവൈദ്യന്മാരും കവരുള്ള കമ്പുകളില്‍ തേവാങ്കിനെ പ്രദര്‍ശിപ്പിച്ച് , അതിന്റെ മാംസം കൊണ്ടുള്ള അത്ഭുത ശേഷി മരുന്നുകള്‍ എന്നവകാശപ്പെട്ട് പലതരം കുപ്പികള്‍ നിരത്തി വെച്ച് വില്‍പ്പന നടത്താറുണ്ട്. എല്ലാ ലാടന്മാരെയും പോലെ ലൈംഗീക ഉത്തേജനം തന്നെയാണ് ആദ്യ അവകാശവാദം. തേവാങ്കിന്റെ മാംസത്തിനോ അവയവങ്ങള്‍ക്കോ വല്ല കഴിവും  ചികിത്സാ ഫലവും ഉള്ളതായി ശാസ്ത്രീയമായി ഇതുവരെ തെളിവില്ല. രാത്രി തിളങ്ങുന്ന തേവാങ്കിന്റെ വട്ടക്കണ്ണുകള്‍ തിന്നാല്‍ നല്ല കാഴ്ച കിട്ടുമെന്നും , ഇവയുടെ കണ്ണീര്‍ ഉറ്റിച്ചാല്‍ പലതരം നേത്ര രോഗങ്ങള്‍ മാറുമെന്നും ഉള്ള അന്ധവിശ്വാസത്തേ തുടര്‍ന്നും നിരവധി തേവാങ്കുകളെ ആളുകള്‍ കൊന്നിട്ടുണ്ട്.

കാഴ്ചയില്‍ ഏതോ അന്യഗ്രഹ ജീവിയേപ്പോലെയും ചില പിശാച് കഥകളിലെ കഥപാത്ര സാമ്യമുള്ള രൂപമുള്ളതിനാലും ഒരു അപശകുനമായി ചില പ്രദേശങ്ങളില്‍ ആളുകള്‍ കരുതി കണ്ട മാത്രയില്‍ ആക്രമിച്ച് കൊല്ലാറുണ്ട് . പശ്ചിമഘട്ടത്തിലെ ചില ആദിവാസി സമൂഹങ്ങള്‍ പണ്ട്കാലത്ത് കുട്ടിത്തേവാങ്കിനെകുറിച്ച് പല അന്ധവിശ്വാസങ്ങളും കൊണ്ടുനടക്കുന്നവരായിരുന്നു. ഇവയെ കണ്ടാല്‍ ദുര്‍വിധിയും നിര്‍ഭാഗ്യവും തേടിയെത്തും എന്നും ഇതിനെ കണികണ്ട് കാട്ടില്‍ പോയാല്‍ അന്ന് പട്ടിണിയായിരിക്കും എന്ന വിശ്വാസം ഉണ്ടായിരുന്നു. പിശാചുകള്‍ ഇവയെ കണ്ടാല്‍ വീട്ടില്‍ കയറില്ല എന്ന വിശാസത്തില്‍ ഇവയെ വീടുകളില്‍ പാര്‍പ്പിക്കുന്നവരെ കൂടാതെ അനധികൃതമായി പെറ്റായി വളത്തുന്നവരും ഉണ്ട്. കന്യകകള്‍ തേവാങ്കിനെ കണ്ടാല്‍ പിന്നെ ജീവിതത്തില്‍ അവര്‍ക്ക് ഒരിക്കലും കുട്ടികള്‍ ജനിക്കില്ല എന്നുള്ള വിശാസം മൂലം കാണുന്ന മാത്രയില്‍ ഇതിനെ കൊന്ന് ഒഴിവാക്കുന്ന സമൂഹങ്ങളും ഉണ്ട്. പ്രധാനമായും കൂടോത്രം , മന്ത്രവാദം തുടങ്ങിയ ആഭിചാര ക്രിയകള്‍ക്കുവേണ്ടിയാണ് തേവാങ്കിനെ നമ്മുടെ നാട്ടില്‍ കൊന്നിരുന്നത്. ചില ആളുകള്‍  അര്‍ബുദ വ്രണങ്ങള്‍ക്കും ഉണങ്ങാപ്പുണ്ണുകള്‍ക്കും കുട്ടിത്തേവാങ്കിനെ കൊണ്ട് നക്കിപ്പിച്ചാല്‍ മതി എന്ന് കരുതി ഇവയേക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം നക്കിപ്പിക്കല്‍ ചികിത്സ ചെയ്തിരുന്നു. ശ്രീലങ്കയില്‍ കുഷ്ഠരോഗത്തിന് ഇതിനെ മരുന്നായി ഉപയോഗിച്ചിരുന്നു.

പഴയകാലത്ത് കടല്‍ സഞ്ചാരികള്‍ ദിശ മനസിലാക്കാനുള്ള പ്രാകൃത വടക്ക് നോക്കി യന്ത്രമായിപ്പോലും കുട്ടിത്തേവാങ്കുകളെ ഉപയോഗിച്ചിരുന്നു. സൂര്യന് പുറം തിരിഞ്ഞേ ഇവ ഇരിക്കു എന്ന അന്ധവിശാസം മൂലം  മഞ്ഞും മേഘവും മൂടിയ ദിവസങ്ങളില്‍ സൂര്യന്റെ സ്ഥാനം മനസിലാക്കാനായാണ് സഞ്ചാരികള്‍ പാവം തേവാങ്കിനെ കൂടെ കൂട്ടിയിരുന്നത് . ഓരോ യാത്രയിലും അവര്‍ ചത്തുപോയിക്കൊണ്ടിരുന്നു. ദിശ പലതവണ തെറ്റിയിട്ടും ആ അന്ധവിശ്വാസം മാറാന്‍ കോമ്പസ് കണ്ടുപിടിക്കുന്നതുവരെ കാക്കേണ്ടി വന്നു.

ആവാസ സ്ഥലങ്ങളിലെ മരച്ചാര്‍ത്തുകളുടെ തുടച്ചകള്‍ ഇല്ലാതായാല്‍ അവ മണ്ണിലിറങ്ങി നടക്കേണ്ടി വരും . അങ്ങിനെ റോഡു മുറിച്ച് കടക്കുമ്പോള്‍ വാഹനം ഇടിച്ച് ചാവുന്നതും മറ്റും കോയമ്പത്തൂര്‍ പ്രദേശങ്ങളില്‍ വളരെ സാധാരണമാണ്. അതുപോലെ ഇവയെ നാട്ടുമ്പുറങ്ങളില്‍ നിന്നും മറ്റും കണ്ടെത്തിക്കഴിഞ്ഞാല്‍ രക്ഷിക്കാനായി അവയ്ക്ക് ഒട്ടും ചേരാത്ത കൊടും കാടിനുള്ളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ കൊണ്ട് വിടുന്നതും അവയുടെ അതിജീവനം അസാദ്ധ്യമാക്കുകയാണ് ചെയ്യുക. വലിയ തോതില്‍ വന്യമൃഗ കടത്ത് നടക്കുന്ന ഒരു ജീവിയാണ് കുട്ടിത്തേവാങ്ക്. വളരെ ചെറിയ ശരീരം ആയതുകൊണ്ടു മാത്രമല്ല, മറ്റ് ജീവികളില്‍ നിന്നും വ്യത്യസ്ഥമായി യാതൊരു ശബ്ദവും ഉണ്ടാക്കതെ സാധുവായി അനങ്ങാതെ ഇരിക്കും എന്നതിനാല്‍,  പോക്കറ്റിലോ അടി വസ്ത്രത്തിലോ പോലും കള്ളക്കടത്തുകാര്‍ക്ക് അധികാരികളെ പറ്റിച്ച് ഒളിപ്പിച്ച് കടത്താനാകും എന്നതും ഈ പാവം നേരിടുന്ന പ്രതിസന്ധിയാണ്. സൗന്ദര്യം ഒരു ശാപമായിപ്പോയി എന്ന തമാശക്കമന്റു പോലെ  സാധു ആയിപ്പോയതാണ് ഇവരുടെ ശാപം.

പാരിസ്ഥിതികമായി വളരെ പ്രത്യേകതകള്‍ ഉള്ള ഈ സാധുവിനെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.1972 ലെ വന്യ ജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ പെട്ട ഇവയെ കൊല്ലുകയോ കൈയില്‍ വെക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത് കടുത്ത ശിക്ഷയ്ക്ക് കാരണമായ കുറ്റമാണ് .

Content Highlights:  About Loris malabaricus