'വെള്ളത്തെ വിലമതിക്കുക' എന്നതാണ് ഇക്കൊല്ലത്തെ ലോകജലദിനത്തിന്റെ മുദ്രാവാക്യം. കേവലം സാമ്പത്തികമൂല്യത്തിനപ്പുറം വീട്, ഭക്ഷണം, സംസ്‌കാരം, ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികരംഗം, സ്വാഭാവികപരിസ്ഥിതിയുടെ സുസ്ഥിരത എന്നിങ്ങനെ നമ്മുടെ ജീവിതത്തിന്റെ എല്ലാ അടിസ്ഥാനഘടകങ്ങളുമായും അഭേദ്യവും അതിസങ്കീര്‍ണവുമായ തരത്തില്‍ ജലം ഇഴചേര്‍ന്നിരിക്കുന്നു. ഇവയിലേതെങ്കിലുമൊന്നിനെ നാം അവഗണിക്കുന്നുവെങ്കില്‍, അതിനര്‍ഥം പരിമിതവും വീണ്ടെടുക്കാന്‍ കഴിയാത്തതുമായ ആ വിഭവത്തെ നാം ചൂഷണംചെയ്യുന്നു എന്നുതന്നെ.

2016-ല്‍ കേരളം നൂറ്റാണ്ടിലെ ഏറ്റവും വലിയ വരള്‍ച്ചയെ അഭിമുഖീകരിക്കുകയും സംസ്ഥാനം വരള്‍ച്ചബാധിതമെന്ന് കേന്ദ്രം പ്രഖ്യാപിക്കുകയുംചെയ്തിരുന്നു. ജൂണ്‍മുതല്‍ സെപ്റ്റംബര്‍വരെയുള്ള തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ സാധാരണ ലഭിക്കാറുള്ളതിനെക്കാള്‍ 34 ശതമാനം കുറവ് മഴയാണ് അന്നുണ്ടായത്. ഒക്ടോബര്‍മുതല്‍ ഡിസംബര്‍വരെയുള്ള വടക്കുകിഴക്കന്‍ കാലവര്‍ഷത്തിലും 62 ശതമാനത്തോളം കുറവുണ്ടായത് വരള്‍ച്ചയുടെ തീവ്രത വീണ്ടും കൂട്ടി. മഴയില്‍ ഗണ്യമായ കുറവുണ്ടാകുകയും കിണറുകള്‍ വറ്റിവരളുകയുംചെയ്തതോടെ ആളുകള്‍ക്ക് വെള്ളത്തിനായി പരക്കംപായേണ്ട അവസ്ഥയുണ്ടായി.

കേരളവും കിണറുകളും

കേരളത്തിലെ തുറന്ന കിണറുകള്‍ ബാക്ടീരിയമൂലമുള്ള മലിനീകരണഭീഷണി നേരിടുന്നവയാണ്. ജനസംഖ്യയുടെ 60 ശതമാനവും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഭൂഗര്‍ഭജലത്തെയാണ്. അതേസമയം, കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന 90 ശതമാനം കിണറുകളിലെയും വെള്ളത്തില്‍ വിസര്‍ജ്യമുള്‍പ്പെടെയുള്ള മാലിന്യസാന്നിധ്യമുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. തുറന്ന കിണറുകള്‍, അവയുടെ പരമ്പരാഗത പരിപാലനരീതി, തൊട്ടിയും കയറും ഉപയോഗിച്ചുള്ള വെള്ളംവലിക്കല്‍, അടുക്കള മാലിന്യങ്ങള്‍, കക്കൂസ് മാലിന്യസംസ്‌കരണം എന്നിവയും കിണറും തമ്മില്‍ അഞ്ചുമീറ്ററെങ്കിലും അകലം പാലിക്കാതിരിക്കല്‍ തുടങ്ങിയവയൊക്കെ മലിനീകരണത്തിനുള്ള പ്രധാന കാരണങ്ങളാണ്.

കൊച്ചി (ആലുവയുടെ കിഴക്കന്‍മേഖലകളില്‍), പാലക്കാട്, കൊല്ലത്തെ ചില മേഖലകള്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വ്യവസായ മാലിന്യം ഭൂഗര്‍ഭജല മലിനീകരണത്തിന് കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മഴവെള്ളസംഭരണം: രണ്ടുദാഹരണങ്ങള്‍

രണ്ടുകൊല്ലംമുമ്പ് മഴവെള്ളസംഭരണം പ്രോത്സാഹിപ്പിക്കുന്നതിനായി 'മാതൃഭൂമി' ഒരു ബഹുതല മാധ്യമകാമ്പയിന് തുടക്കംകുറിച്ചിരുന്നു. ചിറാപ്പുഞ്ചി ജനതയുടെ അവസ്ഥയറിഞ്ഞതാണ് കാമ്പയിന്‍ തുടങ്ങാന്‍ എനിക്ക് പ്രചോദനമായത്. ഇന്ത്യന്‍ കാലാവസ്ഥാവിഭാഗത്തിന്റെ (ഐ.എം.ഡി.) കണക്കുപ്രകാരം ചിറാപ്പുഞ്ചിയിലെ ഒരുവര്‍ഷത്തെ ശരാശരി മഴപ്പെയ്ത്ത് 428 ഇഞ്ചായിരുന്നു. റെക്കോഡ് മഴപെയ്ത 1860-'61 വര്‍ഷം 1041 ഇഞ്ച് മഴയാണ് അവിടെ രേഖപ്പെടുത്തിയത്. എന്നാല്‍ ഇന്ന്, ചിറാപ്പുഞ്ചിയിലെ പതിനായിരത്തോളംവരുന്ന ജനങ്ങള്‍ ബക്കറ്റിന് എട്ടുരൂപനിരക്കില്‍ കുടിവെള്ളം പുറത്തുനിന്ന് വാങ്ങുന്നു!

വര്‍ഷത്തില്‍ നൂറുമില്ലിമീറ്റര്‍മാത്രം മഴകിട്ടുന്ന, ഇന്ത്യയിലെ ഏറ്റവുംവരണ്ട നഗരങ്ങളിലൊന്നായ ജയ്‌സാല്‍മേറിന്റെ ഉദാഹരണവും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടെ ഒരു ഹെക്ടര്‍ പ്രദേശത്തുമാത്രമുള്ള മഴവെള്ളസംഭരണത്തിലൂടെ പത്തുലക്ഷത്തോളം ലിറ്റര്‍ വെള്ളമാണ് ശേഖരിക്കപ്പെട്ടത്. 182 പേര്‍ക്ക് കുടിക്കാനും പാചകംചെയ്യാനും പ്രതിദിനം 15 ലിറ്ററെന്ന കണക്കില്‍ ഒരുവര്‍ഷത്തേക്ക് മുട്ടില്ലാതെ വെള്ളം കിട്ടി.

''പ്രതിവര്‍ഷം മൂവായിരം മില്ലിമീറ്റര്‍ മഴകിട്ടുന്ന നാട്ടില്‍, മലയാളികള്‍ വെള്ളത്തിന്റെ മൂല്യം മനസ്സിലാക്കുന്നില്ല. മഴവെള്ളം കടലിലേക്ക് വെറുതേ ഒഴുക്കിവിടുന്നതിനുപകരം, ഓരോ തുള്ളിയും നിധിപോലെകാക്കുന്ന രാജസ്ഥാനെ നിങ്ങള്‍ കണ്ടുപഠിക്കണം'' -ഡൗണ്‍ ടു എര്‍ത്ത് മാഗസിന്റെ എഡിറ്ററായ സുനിത നരെയ്ന്‍ ഇങ്ങനെ പറയുകയുണ്ടായി. മുന്നറിയിപ്പായും പരിഹാരമാര്‍ഗമായും ഈ ഉദാഹരണങ്ങളില്‍നിന്ന് നമുക്ക് പഠിക്കാനില്ലേ?

അയല്‍നാട് മാതൃക

നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്‌നാടിനെയും മാതൃകയാക്കാവുന്നതാണ്. പഴയതും പുതിയതുമായ എല്ലാ കെട്ടിടങ്ങളിലും മഴവെള്ളസംഭരണത്തിനുള്ള സൗകര്യമുണ്ടായിരിക്കണമെന്ന് 2003-ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. ഇതോടെ കടലിലേക്ക് ഒഴുകിപ്പോയി നഷ്ടമായിരുന്ന മഴവെള്ളത്തിന്റെ 40 ശതമാനവും ഭൂഗര്‍ഭജലമായി മാറുകയാണ്. ചെന്നൈ നഗരത്തില്‍മാത്രം 150 ചതുരശ്രകിലോമീറ്റര്‍ ഭൂഗര്‍ഭജലശേഖരമുണ്ട്. മഴവെള്ളസംഭരണം ആ നാട്ടിലെ ജനമുന്നേറ്റത്തിന്റെ ഭാഗംതന്നെയായി.

രമേഷ് കാന്ത് രൂപകല്പനചെയ്ത, മഴവെള്ളസംഭരണകേന്ദ്രങ്ങളാക്കിയ പ്രകൃതിസൗഹൃദ ബസ്‌കാത്തിരിപ്പുകേന്ദ്രങ്ങള്‍ സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നതിനെക്കുറിച്ച് നമ്മള്‍ ഗൗരവമായി ചിന്തിക്കണം. കെട്ടിടങ്ങളില്‍ കൃത്യവും ശക്തവുമായ ജല ഓഡിറ്റിങ് നടപ്പാക്കണം. പൊതുനന്മയെക്കരുതി ഇവ കര്‍ശനമായി നടപ്പാക്കുന്നതിന് ശിക്ഷാനടപടികളും കൊണ്ടുവരണം. വീടുകളുടെ മേല്‍ക്കൂരയില്‍ മഴവെള്ളസംഭരണം നിര്‍ബന്ധമാക്കിയാല്‍, കേരളത്തിലെ 50 ലക്ഷത്തോളം കിണറുകളില്‍ എത്രമാത്രം വെള്ളം റീച്ചാര്‍ജ് ചെയ്യപ്പെടുമെന്ന് ചിന്തിച്ചുനോക്കൂ.

ദാഹിക്കുന്ന നഗരങ്ങള്‍

ഇന്ത്യയില്‍, കനാല്‍ശൃംഖലകളെ അടിസ്ഥാനമാക്കിയുള്ള ജലസേചനസംവിധാനത്തെക്കാള്‍ സ്വന്തം കിണറുകളില്‍നിന്ന് പമ്പുചെയ്യുന്ന വെള്ളത്തെയാണ് ഭൂരിഭാഗം കര്‍ഷകരും കൃഷിക്കായി ആശ്രയിക്കുന്നത്. വരുംദശകങ്ങളില്‍ വറ്റിവരണ്ടുപോകുമെന്ന ഭീഷണി നേരിടുന്ന ജലസംഭരണികളെ അമിതമായി ചൂഷണംചെയ്താണ് ഇന്ത്യയിലെ കൃഷിയിടങ്ങളുടെ നാലിലൊന്നിലും ഇപ്പോള്‍ ജലസേചനം നടക്കുന്നത്. ചില മേഖലകളിലെങ്കിലും അടുത്ത അഞ്ചുമുതല്‍ പത്തുവരെയുള്ള വര്‍ഷങ്ങളില്‍ ഭൂഗര്‍ഭജലലഭ്യത പൂര്‍ണമായും ഇല്ലാതാകും. 'ഇന്ത്യയിലെ മുപ്പതെണ്ണമടക്കം ലോകത്തെ നൂറോളം നഗരങ്ങള്‍ 2050-ഓടെ കടുത്ത ജലക്ഷാമം നേരിടും' എന്ന് ലോക ജലഫോറം (ഡബ്ല്യു.ഡബ്ല്യു.എഫ്.) അടുത്തിടെ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിലെ കോഴിക്കോടും കണ്ണൂരും ആ 'ദാഹിക്കുന്ന മുപ്പതുനഗര'ങ്ങളുടെ പട്ടികയിലുണ്ടെന്നും അറിയണം.

ആവാസവ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍

മനുഷ്യന്‍ മാത്രമല്ല, നമ്മുടെ മുഴുവന്‍ ആവാസവ്യവസ്ഥയും ഭീഷണിനേരിടുന്നുണ്ട്. സസ്യങ്ങള്‍, സസ്തനികള്‍, മത്സ്യങ്ങള്‍, ഉരഗങ്ങള്‍, ഷഡ്പദങ്ങള്‍, ഒച്ചുകള്‍ എന്നിവയിലെ അറിയപ്പെടുന്ന പത്ത് സ്പീഷീസുകളില്‍ ഒന്നെന്ന കണക്കില്‍ 1,26,000-ത്തിലധികം സ്പീഷീസുകള്‍ ശുദ്ധജല ആവാസവ്യവസ്ഥയില്‍ വസിക്കുന്നു. ഈ സ്പീഷീസുകളില്‍ 880 എണ്ണത്തില്‍ 83 ശതമാനത്തോളം കുറവുണ്ടായെന്ന് ഫ്രഷ് വാട്ടര്‍ ലിവിങ് പ്ലാനറ്റ് ഇന്‍ഡെക്‌സ് സൂചിപ്പിക്കുന്നു. നിയോട്രോപ്പിക്‌സ് (-94 ശതമാനം), ഇന്തോ-പസഫിക് (-82 ശതമാനം), ആഫ്രോട്രോപിക്‌സ് (-75 ശതമാനം) എന്നീ മേഖലകളാണ് ഗുരുതരഭീഷണി നേരിടുന്നത്. ഒച്ചുകളും മത്സ്യങ്ങളും ഉഭയജീവികളുമാണ് ഭീഷണി നേരിടുന്നവരില്‍ മുന്നിലെന്ന് ഡബ്ല്യു.ഡബ്ല്യു.എഫിന്റെ 2018-ലെ റിപ്പോര്‍ട്ട് പറയുന്നു. ഇരുപതാം നൂറ്റാണ്ടില്‍ കശേരുക്കളുള്ള ജീവികളില്‍ ഏറ്റവും കൂടുതല്‍ വംശനാശം നേരിട്ടത് മത്സ്യസ്പീഷീസുകള്‍ക്കാണ്.

മുന്നോട്ടുള്ള വഴി

സ്വര്‍ണത്തിനും എണ്ണയ്ക്കുമൊപ്പം വെള്ളവും വോള്‍സ്ട്രീറ്റ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ ഫ്യൂച്ചര്‍ കമ്മോഡിറ്റിയായി ഔദ്യോഗികമായി ഇടംനേടിയെന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ജലസമ്പത്തുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ പരിഹരിക്കാന്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ്, ഭാവിയിലെ പ്രധാന വെല്ലുവിളി ശുദ്ധജലത്തിന്റെ ലഭ്യതയായിരിക്കുമെന്നു ദീര്‍ഘദര്‍ശനംചെയ്ത എന്റെ അഭിവന്ദ്യപിതാവ് എം.പി. വീരേന്ദ്രകുമാറിനെ ഞാന്‍ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുന്നു. ഏതു ലേഖനമെഴുതിയാലും ഏതു പുസ്തകം രചിച്ചാലും എവിടെ സംസാരിച്ചാലും അവിടെല്ലാം ജലത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ആശങ്കകള്‍ കടന്നുവരുമായിരുന്നു. 2004-ല്‍ പ്ലാച്ചിമടയില്‍ ചേര്‍ന്ന ചരിത്രപരമായ ലോക ജലസമ്മേളനത്തിന്റെ ആശയകേന്ദ്രം അദ്ദേഹമായിരുന്നു.

പരമ്പരാഗതമല്ലാത്ത രീതികള്‍ അവലംബിക്കേണ്ട സമയം അതിക്രമിച്ചെന്ന് ഈ സാഹചര്യം ഓര്‍മപ്പെടുത്തുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനങ്ങള്‍ക്കിടയിലും പരമ്പരാഗത ജലസ്രോതസ്സുകള്‍ക്കുള്ള വിശ്വസനീയ ബദലാണ് വെള്ളത്തിന്റെ സുരക്ഷിതമായ പുനരുപയോഗം.

കടല്‍വെള്ളവും ലവണജലവും ശുദ്ധീകരിക്കല്‍

കടല്‍ വെള്ളത്തില്‍നിന്നും ലവണജലത്തില്‍നിന്നും ഉപ്പുവേര്‍തിരിച്ച് ശുദ്ധജലമുണ്ടാക്കുന്നതാണ് ശുദ്ധജലലഭ്യത വര്‍ധിപ്പിക്കാനുള്ള മറ്റൊരു മാര്‍ഗം. ഇത്തരത്തില്‍ ലോകത്താകമാനമുള്ള 16,000-ത്തോളം പ്ലാന്റുകള്‍ പ്രതിദിനം 9.5 കോടി ക്യുബിക് മീറ്റര്‍ ശുദ്ധജലം ഉത്പാദിപ്പിക്കുന്നുണ്ടെന്ന് 2019-ലെ ജോനസ് എറ്റാലിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ 50 ശതമാനവും പശ്ചിമേഷ്യന്‍, ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളിലാണ്. 75 ശതമാനവും വെള്ളത്താല്‍ നിര്‍മിക്കപ്പെട്ട ശരീരങ്ങളാല്‍ നാമെല്ലാം പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ജലസംരക്ഷണത്തിനായി പ്രാദേശികതലംമുതല്‍ ആഗോളതലംവരെ ജലസംരക്ഷണത്തിനായി നയങ്ങളില്‍ മാറ്റംവരുത്താന്‍ തയ്യാറാവണം. 

Content Highlights: World Water Day 202, Save Water