വാഷിങ്ടണ്‍: കാലാവസ്ഥാവ്യതിയാനം കനത്ത പ്രത്യാഘാതങ്ങളാണ് ലോകമെമ്പാടും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ രൂക്ഷത വെളിവാക്കുന്നതാണ് അമേരിക്കയിലെ കാലിഫോര്‍ണിയയില്‍നിന്നുള്ള പുതിയ വാര്‍ത്ത. കഴിഞ്ഞ 90 വര്‍ഷത്തിനിടയില്‍ ലോകത്ത് അനുഭവപ്പെട്ട ഏറ്റവും രൂക്ഷമായ ചൂടാണ് ഫുറാനേസ് ക്രീക്കിലെ ഡെത്ത് വാലി നാഷണല്‍ പാര്‍ക്കിനു സമീപമുള്ള മേഖലയില്‍ അനുഭവപ്പെട്ടത്. 130 ഡിഗ്രി ഫാരന്‍ഹീറ്റ് (54.4 ഡിഗ്രി സെല്‍ഷ്യസ്) ആണ് ഞായറാഴ്ച ഇവിടെ രേഖപ്പെടുത്തിയത്.
1931-ല്‍ ടുണീഷ്യയിലെ കെബിലിയിലാണ് ഇതിനു മുന്‍പ് ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ താപനിലയായ 56.7 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. കാലിഫോര്‍ണിയയില്‍ രേഖപ്പെടുത്തിയ അന്തരീക്ഷ താപനില സംബന്ധിച്ച റിപ്പോര്‍ട്ട് പ്രാഥമികം മാത്രമാണെന്നും കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും യു.എസ്. നാഷണല്‍ വെതര്‍ സര്‍വീസ് വ്യക്തമാക്കി. ഇത് വിലയിരുത്തുന്നതിനായി പ്രത്യേക സമിതി രൂപീകരിച്ചച്ചതായും അവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
കടുത്ത ഉഷ്ണതരംഗത്തിന്റെ പിടിയിലാണ് കാലിഫോര്‍ണിയ. ഈ കടുത്ത ചൂട് വലിയ തോതില്‍ കാട്ടുതീയ്ക്ക് ഇടയാക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില ലോകവ്യാപകമായി അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വര്‍ധനവിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ചരിത്രത്തില്‍ രേഖപ്പെടുത്തിയ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന താപനിലയും ഡെത്ത് വാലിയില്ത്തന്നെയായിരുന്നു.

രേഖപ്പെടുത്തപ്പെട്ട ഏറ്റവും ഉയര്‍ന്ന അഞ്ച് താപനിലകള്‍
1) 56.7°C - ഡത്ത് വാലി, കാലിഫോര്‍ണിയ (ജൂലായ് 1913)
2) 55.0°C - കെബിലി, ടുണീഷ്യ (ജൂലായ് 1931)
3) 53.9°C - മിത്രിബാഹ്, കുവൈത്ത് (ജൂലായ് 2016)
4) 53.7°C - ടര്‍ബാത്ത്, പാകിസ്താന് (മേയ് 2017)
5) 52.0°C - മെക്സിക്കാലി, മെക്സിക്കോ (ജൂലായ് 1995)
വലിയ തോതില്‍ പുറന്തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങള്‍ക്ക് അന്തരീക്ഷ താപനില പരിധിവിട്ട് ഉയരുന്നതില്‍ വലിയ പങ്കുള്ളതായാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. കോവിഡ് 19 മഹാമാരി ലോകമാകെ പടര്‍ന്നു പിടിച്ച സാഹചര്യത്തിലും ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലില്‍ കുറവൊന്നും ഉണ്ടായിട്ടില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
Content HIghlights: World temperature record set in California's Death Valley