ജൂണ്‍ എട്ട് ലോക സമുദ്രദിനം. 1992 ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ഭൗമ ഉച്ചകോടിയിലാണ് ജൂണ്‍ എട്ട് സമുദ്രദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. 2008 മുതല്‍ യു.എന്‍  സമുദ്രദിനം ആചരിച്ചു വരുന്നു. 'സമുദ്രം: ജീവിതവും  ഉപജീവനവും' എന്നാണ് 2021-ലെ ലോകസമുദ്ര ദിനത്തിന്റെ പ്രമേയം. സുസ്ഥിര വികസനലക്ഷ്യം നേരിടുന്ന വെല്ലുവിളികളും, അവയെ അതിജീവിക്കാനുള്ള ഒരു ദശകകാലത്തെ പദ്ധതികളും എന്തൊക്കെയാണെന്ന് ഈ ദിനത്തില്‍ നാമറിയേണ്ടതുണ്ട്. 2021 മുതല്‍ 2030 വരെ സുസ്ഥിര വികസനത്തിനായി സമുദ്രശാസ്ത്രം എന്ന ഐക്യരാഷ്ട്രസഭാ പദ്ധതിയുടെ തുടക്കവും ഈ വര്‍ഷമാണ്. സമുദ്രശാസ്ത്രവുമായി ബന്ധപ്പെട്ട് സമൂഹത്തിന് ഉപകാരപ്രദമായ ശാസ്ത്രീയ ഗവേഷണങ്ങളും നൂതന സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് ഇക്കാലയളവില്‍ ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം.

സമുദ്രം ഭൂമിയുടെ ഹൃദയം

എഴുപത് ശതമാനവും സമുദ്രമായതുകൊണ്ട് തന്നെയാണ് ഭൂമി നീലഗ്രഹം എന്ന പേരില്‍ അറിയപ്പെടുന്നത്. ഭൂമിയില്‍ കണ്ടുവരുന്ന 90 ശതമാനം ജീവജാലങ്ങളുടെയും ആവാസകേന്ദ്രം സമുദ്രമാണ്. ലോകത്തുള്ള സകലവനങ്ങളും കൂടെ ഉല്‍പാദിപ്പിക്കുന്ന ജീവവായുവിന്റെ പതിന്‍മടങ്ങ് സമുദ്രം ഉല്‍പാദിപ്പിക്കുന്നു. അതായത് ഏകദേശം 50 ശതമാനം ഓക്‌സിജനും സമുദ്രത്തിലാണ് ഉണ്ടാകുന്നത്. നമ്മുടെ അന്തരീക്ഷത്തേക്കാള്‍ 50 മടങ്ങ് കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് സമുദ്രം ആഗിരണം ചെയ്യുകയും ചെയ്യുന്നു. നമ്മുടെ ജീവവായു, കാലാവസ്ഥ, അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് എന്നിവയെ ആത്യന്തികമായി സ്വാധിനിക്കുന്നതും നിയന്ത്രിക്കുന്നതും സമുദ്രങ്ങളാണ്.  അതുകൊണ്ട് തന്നെയാണ് സമുദ്രത്തെ ഭൂമിയുടെ ഹൃദയമായി കണക്കാക്കുന്നത്.

ജീവന് ആവശ്യമായുള്ള വിഭവങ്ങള്‍ കൊണ്ട് സമുദ്രം സമൃദ്ധമാണ്. ജീവന്റെ ഉല്‍പത്തി തന്നെ സമുദ്രത്തിലായിരുന്നു എന്ന വസ്തുത നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. അസാധാരണമായ ജൈവവൈവിധ്യം കൊണ്ട് സമ്പുഷ്ടമാണ് സമുദ്രങ്ങള്‍. മനുഷ്യര്‍ സമുദ്രത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ പര്യവേക്ഷണം നടത്തിയിട്ടുള്ളൂ. എന്നിട്ടു കൂടി, ഏകദേശം 2,30,000 വ്യത്യസ്തങ്ങളായ ജീവജാലങ്ങളെ പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. സമുദ്രത്തില്‍ ഏതാണ്ട് 20 ലക്ഷത്തില്‍ പരം ജീവിവര്‍ഗ്ഗങ്ങള്‍  ഉണ്ടാക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

സമുദ്രം അക്ഷയഖനി

ഏകദേശം 350 കോടിയോളം വരുന്ന  തീരദേശ ജനതയെ സംബന്ധിച്ചിടത്തോളം സമുദ്രം അവരുടെ ജീവിതോപാധി മാത്രമല്ല അത് അവരുടെ സംസകാരത്തിന്റെയും സ്വതത്തിന്റെയും അടിസ്ഥാനം കൂടിയാണ്. ലക്ഷക്കണക്കിനാളുകള്‍ ഭക്ഷണം, തൊഴില്‍, വരുമാനം എന്നിവയ്ക്കായി സമുദ്രങ്ങളെ നേരിട്ടാശ്രയിക്കുന്നു. ഏകദേശം 24 ട്രില്യണ്‍ (240 ലക്ഷം കോടി) ഡോളര്‍ വിലമതിക്കുന്നതാണ് ആഗോള സമുദ്രങ്ങളുടെ ആസ്തി.സമുദ്ര മല്‍സ്യങ്ങളാണ് ലോകജനത ഉപഭോഗം ചെയ്യുന്ന പ്രോട്ടീന്റെ മുഖ്യ ഉറവിടം. അതുകൊണ്ട് തന്നെ ഒരു രാജ്യത്തിന്റെ  സമ്പദ് വ്യവസ്ഥയെ മാറ്റി മറിക്കാന്‍ മത്സ്യബന്ധനമേഖലയ്ക്ക് സാധിക്കുന്നു. 2030-ഓടെ സമുദ്രാധിഷ്ഠിത വ്യവസായങ്ങളില്‍ 40 ദശലക്ഷം ആളുകള്‍ ജോലി ചെയ്യുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഈ കണക്കുകളില്‍നിന്നും സമുദ്രം നമ്മുടെ സമ്പദ് വ്യവസ്ഥയുടെ പ്രധാന ഘടകമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സമുദ്രത്തിന്റെ ആരോഗ്യം

ഇന്ന് നമ്മുടെ സമുദ്രങ്ങളുടെ പാരിസ്ഥിതികവും സാമ്പത്തികവുമായ സുരക്ഷ അപകടത്തിലാണ്. വികസ്വരരാജ്യങ്ങളിലെ ബഹുഭൂരിപക്ഷവും തങ്ങളുടെ ഉപജീവനത്തിനായി സമുദ്രത്തെ ആശ്രയിക്കുന്നു.  സമുദ്രാധിഷ്ഠിത വ്യവസായങ്ങളായ മല്‍സ്യബന്ധനം, വിനോദ സഞ്ചാരം എന്നിവ  വരുമാനവും തൊഴില്‍ലഭ്യതയും ഉറപ്പു നല്‍കുന്നതാണ്. എങ്കിലും മിക്കപ്പോഴും  പാരിസ്ഥിതികവും സാമൂഹികവുമായ സുസ്ഥിരതയ്ക്ക് വേണ്ടത്ര പരിഗണന നല്‍കാതെയാണ് ഈ വ്യവസായങ്ങള്‍ വളരുന്നത്. അതിലൂടെ, കുറഞ്ഞ വേതനമുള്ള  തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും പരിസ്ഥിതി നശീകരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

സമുദ്രത്തിന്റെ താപനില ഉയര്‍ന്നു കൊണ്ടേയിരിക്കുകയാണ്. ഉത്തര-ദക്ഷിണ ധ്രുവങ്ങളിലെ  മഞ്ഞുപാളികള്‍ ഇരുകി സമുദ്രനിരപ്പ് ഉയരുന്നു. മലിനീകരണം കൊണ്ട് സമുദ്രത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് ഉയരുകയും തന്‍മൂലം സമുദ്രജലത്തിന്റെ അമ്ലത കൂടുകയും ചെയ്യുന്നു. ഇത് സമുദ്രജീവന് വന്‍ഭീഷിണിയുയര്‍ത്തുകയാണ്. ഐക്യരാഷ്ട്രസഭയിലെ ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ കണക്കനുസരിച്ച് 90 ശതമാനം വലിയ മത്സ്യങ്ങളുടെയും ശേഖരം സമുദ്രങ്ങളില്‍ നിന്ന് നഷ്ടമായി കഴിഞ്ഞിരിക്കുന്നു.

ഏകദേശം 50 ശതമാനം പവിഴപ്പുറ്റുകള്‍ നശിച്ചു പോയിരിക്കുന്നു. ആവാസവ്യവസ്ഥയുടെ സന്തുലിതാവസഥ നഷ്ടപ്പെടുന്ന രീതിയിലാണ് സമുദ്ര സമ്പത്ത് മനുഷ്യര്‍ ചൂഷണം ചെയ്യുന്നത്. സമുദ്രത്തിന്റെ  പരിസ്ഥിതിയും അന്തരീക്ഷവും തനിമയോടെ നിലനിര്‍ത്താനും സംരക്ഷിക്കാനും സമുദ്രത്തെ പറ്റി ശരിയായ ധാരണയും മനുഷ്യരാശിയുമായി സമുദ്രം എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നുവെന്ന അറിവും നാം ഓരോരുത്തരും ആര്‍ജ്ജിക്കണം. പഴയ കാല പാഠങ്ങളില്‍നിന്നു നമുക്ക് കിട്ടിയ വിജ്ഞാനത്തിലൂടെ ലഭിച്ച ഊര്‍ജ്ജം ഉള്‍ക്കൊണ്ട് സമഗ്രവും പുതുമയുള്ളതുമായ ബന്ധം സമുദ്രവുമായി സ്ഥാപിച്ചെടുക്കണം. സുസ്ഥിര വികസനത്തിനായി സമുദ്രങ്ങളെയും സമുദ്ര വിഭവങ്ങളെയും സംരക്ഷിക്കാന്‍ ഇതത്യാവശ്യമാണ്. ഇതിനായി ആഗോളതലത്തില്‍ എകോപിതവും  അഭിലഷണീയവുമായ ശ്രമങ്ങളും ആവശ്യമാണ്. 

അനധികൃത മത്സ്യബന്ധനം തടയുക, മത്സ്യബന്ധനത്തിന്‌ സുസ്ഥിരമായ പരിധി ഉറപ്പാക്കുക, സമുദ്ര മലിനീകരണം തടയുകയും നിയന്ത്രിക്കുകയും ചെയ്യുക, തീരപ്രദേശങ്ങളും ആഴക്കടലും സംരക്ഷിക്കുക, ആഗോള താപനത്തെ ഒരു പരിധിവരെ ചെറുക്കാനുള്ള ഫലപ്രദമായ നടപടി സ്വീകരിക്കുക, തീരദേശവാസികള്‍ക്കു തന്നെ അവരുടെ ജീവിതവും പരിസ്ഥിതിയും ഉപജീവനവും സംരക്ഷിക്കാനുള്ള കഴിവുണ്ടാക്കിക്കൊടുക്കുക എന്നിങ്ങനെയുള്ള ശ്രമങ്ങള്‍ അനിവാര്യമാണ്. സുസ്ഥിരമായ സമുദ്രം എല്ലാവര്‍ക്കും എന്ന നയത്തിലൂന്നി ദരിദ്ര, ദുര്‍ബല രാജ്യങ്ങള്‍ക്കും വികസ്വര രാജ്യങ്ങള്‍ക്കും ചെറുദ്വീപുകള്‍ക്കും പ്രയോജനം ചെയ്യുന്ന രീതിയില്‍ സുസ്ഥിര  സമ്പദ് വ്യവസ്ഥയിലേയ്ക്കുള്ള മാറ്റം കൊണ്ട് വരാനാവശ്യമായ നിയമങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്.

സാധ്യതകളുടെ വിശാലസാഗരം

ഒന്‍പത് തീരദേശ സംസ്ഥാനങ്ങളിലായി 7536 കിലോ മീറ്റര്‍ ദൈര്‍ഘ്യം വരുന്ന തീരപ്രദേശമുള്ള ഇന്ത്യയില്‍ 12 പ്രധാന തുറമുഖങ്ങളും 200 ചെറുകിട തുറമുഖങ്ങളുമുണ്ട്.  രാജ്യത്തിന്റെ 95 ശതമാനം വാണിജ്യവും സമുദ്രഗതാഗതം വഴിയാണ്. ആഭ്യന്തര മൊത്ത  ഉല്‍പാദനത്തിന്റെ (ജി.ഡി.പി.) നാലു ശതമാനത്തോളം സംഭാവന ചെയ്യുന്ന നീല സമ്പദ് വ്യവസ്ഥ ഇന്ത്യയെ സംബന്ധിച്ചിടത്തോളം   ഉപജീവനമാര്‍ഗ്ഗം സൃഷ്ടിക്കുന്നതിലും നിലനിര്‍ത്തുന്നതിലും ഒരു പോലെ പങ്കു വഹിക്കുന്ന സാമ്പത്തിക അവസരങ്ങളുടെ വിശാലമായ സാഗരം തന്നെയാണ്.

മത്സ്യോല്‍പാദനത്തില്‍ ഇന്ത്യയ്ക്ക്  ലോകത്ത് മൂന്നാം സ്ഥാനമാണുള്ളത്. അതുകൊണ്ടു തന്നെ ഈ സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളിലുമുള്ള വിപുലമായ തൊഴില്‍ സാധ്യത രാജ്യത്തുണ്ട്. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി മത്സ്യബന്ധനം, അക്വാകള്‍ച്ചര്‍, മത്സ്യസംസ്‌കരണം, ബോട്ട് നിര്‍മ്മാണം കപ്പല്‍ നിര്‍മ്മാണം, മറൈന്‍ ടൂറിസം എന്നീ മേഖലകളില്‍ ധാരാളം തൊഴിലവസരങ്ങളുണ്ടായിരിക്കുന്നു.

ഇവയില്‍ മത്സ്യബന്ധന മേഖലയില്‍ മാത്രം ഏകദേശം 16 ദശലക്ഷം തൊഴിലാളികളുണ്ട്.  കാറ്റില്‍ നിന്നും തിരമാലകളില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ഊര്‍ജ്ജ മേഖല, മറൈന്‍ ജിയോടെക്‌നിക്‌സ്, മറൈന്‍ ബയോളജി, മറൈന്‍ ബയോടെക്‌നോളജി, കപ്പല്‍ വ്യവസായവും അനുബന്ധ സങ്കേതികവിദ്യകളും എന്നിവയില്‍ ധാരാളം തൊഴിലവസരങ്ങള്‍ വ്യാപകമായി വര്‍ധിച്ചു വരുന്നുണ്ട്.കപ്പല്‍ വ്യവസായവും, ഷിപ്പിംഗ് മേഖലയും നീല സമ്പദ് വ്യവസ്ഥയിലെ പ്രധാന ഉപജീവന മാര്‍ഗ്ഗങ്ങളാണ്.

മര്‍ച്ചന്റ് നേവി മേഖലയില്‍ ഇന്ത്യ പതിനേഴാം സ്ഥാനത്താണ്. 2018-ല്‍ തന്നെ ഈ മേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം 2 ലക്ഷം കഴിഞ്ഞിരിക്കുന്നു. ഓരോ വര്‍ഷവും ഏകദേശം 35 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇന്ത്യയിലെ വ്യാവസായിക വളര്‍ച്ച കാണുമ്പോള്‍ ഭാവിയില്‍ തുറമുഖങ്ങള്‍ ഒരുക്കേണ്ട അടിസ്ഥാനസൗകര്യങ്ങളും സേവനോപകരണങ്ങളും  വളരെ കൂടുതലായിരിക്കും. തുറമുഖങ്ങളും അനുബന്ധ മേഖലകളും ധാരാളം തൊഴില്‍ സാധ്യതയ്ക്ക് വഴി തുറക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ചെറിയ തുറമുഖങ്ങളിലൂടെയുള്ള ചരക്കുഗതാഗതം വലിയ തുറമുഖങ്ങളിലൂടെയുള്ളതിനേക്കാള്‍ വര്‍ധിച്ചു. ആധുനീകരിച്ച അടിസ്ഥാന സൗകര്യങ്ങളോടെ കാര്യക്ഷമതയുള്ള തുറമുഖങ്ങള്‍ മുന്‍നിരയിലേയ്ക്കുയര്‍ന്നു. അതോടൊപ്പം അര്‍ദ്ധവിദഗ്ധ-അതിവിദഗ്ധ തൊഴിലാളികളുടെ ആവശ്യം കൂടുകയും ചെയ്യുന്നു.

ആഗോള തലത്തിലെന്ന പോലെ ഇന്ത്യയിലും അതിവേഗം വളരുന്ന മറ്റൊരു മേഖലയാണ് സാമുദ്രിക വിനോദസഞ്ചാരം. തീരദേശ സംസ്ഥാനങ്ങളില്‍ ടൂറിസം സംസ്ഥാനങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്കും തീരദേശവാസികളുടെ ഉപജീവനമാര്‍ഗ്ഗത്തിനും വളരെയധികം സംഭാവന നല്‍കിയിട്ടുണ്ട്. കഴിഞ്ഞ പതിറ്റാണ്ടില്‍ ഈ മേഖല നേരിട്ടും അല്ലാതെയും സൃഷ്ടിച്ച തൊഴിലുകളുടെ എണ്ണം ഏതാണ്ട് 30 ശതമാനമാണ്. കോവിഡ് 19 ഈ മേഖലയെ ബാധിച്ചിട്ടുണ്ടെങ്കിലും  പ്രദേശിക, ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ലോകമെമ്പാടും പുനരുപയോഗപ്രദമായ ഊര്‍ജ്ജത്തിന്റെ ഉപയോഗത്തിലേയ്ക്ക് മാറുന്ന കാലഘട്ടത്തില്‍ കടല്‍ക്കാറ്റ്, തിരമാല, സമുദ്രതാപം ,സമുദ്ര പ്രവാഹം എന്നിവയില്‍ നിന്ന് ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുന്ന മേഖലകളുടെ സാധ്യത വളരെയധികമാണ്.

ഇന്ത്യയില്‍ ഇത്തരത്തിലുള്ള ഊര്‍ജ്ജോല്പാദനം അതിന്റെ ശൈശവ ഘട്ടത്തിലാണ്. സാങ്കേതിക പരിമിതികളും വിദഗ്ധരുടെ അഭാവവുമാണ് ഈ മേഖലയുടെ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സമായി നില്‍ക്കുന്നത്. പ്രാദേശിക തലത്തില്‍ ഈ മേഖലയ്ക്ക് ആവശ്യമായ നിപുണത വികസിപ്പിച്ചെടുക്കാനും വിദ്ഗ്ധരെ സൃഷ്ടിച്ചെടുക്കാനും കഴിയണം. ഭാവിയില്‍ സമുദ്രം നൂതനസാധ്യതകളുടെ അക്ഷയഖനിയായി മാറും വിധം ലോകം ഉറ്റുനോക്കുന്നത് സമുദ്രങ്ങളിലേയ്ക്കാണ്. സമുദ്രത്തിന്റെ പരിസ്ഥിതിയെയും ദുര്‍ബലമായ ആവാസവ്യവസ്ഥയുടെ സുസ്ഥിരതയെയും ആശ്രയിച്ചാണ് ഈ മേഖലകളുടെ വിജയം നിലനില്‍ക്കുന്നത്.

സമുദ്രത്തിന്റെ പരിസ്ഥിതിയും സമ്പദ് വ്യവസ്ഥയും തമ്മില്‍ ശരിയായ സന്തുലിതാവസ്ഥ സൃഷ്ടിച്ചും നിലനിര്‍ത്തിയും മാത്രമെ പദ്ധതികളും പ്രവര്‍ത്തനങ്ങളും പാടുള്ളൂ.എങ്കില്‍ മാത്രമെ  നീല സമ്പദ് വസ്ഥയ്ക്കും വളര്‍ച്ചയുണ്ടാകൂ. ഈ വസ്തുതകള്‍ മുന്നില്‍ കണ്ടാണ് 2021-ലെ ലോക സമുദ്ര ദിനത്തിന്റെ ആപ്തവാക്യവും ആശയവും 'സമുദ്രം: ജീവിതവും ഉപജീവനവും' എന്ന് നിശ്ചയിച്ചത്. 

(വിശാഖപട്ടണത്ത്  ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ മറൈന്‍ ആന്‍ഡ് കോസ്റ്റല്‍ സര്‍വ്വെ ഡിവിഷനില്‍ ഡയറക്ടറാണ് ലേഖിക)