earthലോക ഭൗമ ദിനമായ ഏപ്രില്‍ 22 ശനിയാഴ്ച അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡി.സി യിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലായി അഞ്ഞൂറോളം നഗരങ്ങളിലും ശാസ്ത്രരംഗത്തെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സയന്‍സ് മാര്‍ച്ച് നടക്കുകയാണ്. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ പ്രസിഡണ്ട്  തിരഞ്ഞെടുപ്പ് പ്രചാരണം മുതല്‍ തുടങ്ങിയ ട്രംപ് വിരുദ്ധ പ്രതിഷേധങ്ങളുടെ ഭാഗമായാണ് പ്രമുഖ ശാത്രജജ്ഞും  പരിസ്ഥിതി പ്രവര്‍ത്തകരും തെരുവിലേക്കിറങ്ങുന്നത്. ഏകാധിപത്യ പ്രവണതയുള്ള ഭരണാധികാരികള്‍ എന്നും  യുക്തി ചിന്തയുടെയും  ശാസ്ത്രവബോധ പ്രചാരകരുടെയും  എതിര്‍ ചേരിയിലായിരിക്കും. നരേന്ദ്രമോദിയുടെ പ്രധാനമന്ത്രി പദാരോഹണത്തിനു ശേഷം ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസ്സടക്കം അങ്ങേയറ്റം ശാസ്ത്രവിരുദ്ധ പ്രചാരണത്തിന് വേദിയായതും അതിനെതിരെ പ്രതിഷേധം ഉയര്‍ന്നു വന്നതും നാം കണ്ടതാണ്. ഇത് മോദിയുടെയോ ട്രംപിന്റെയോ മാത്രം പ്രശ്‌നമായി ചുരിക്കിക്കാണുന്നത് ശരിയല്ല, മറിച്ച്  അവര്‍ പിന്തുടരുന്ന കോര്‍പ്പറേറ്റ് അനുകൂല സമീപനങ്ങള്‍ക്ക് അനിവാര്യമായ നിലപാടായി വേണം ഇതിനെ മനസ്സിലാക്കാന്‍.

പ്രസിഡണ്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ തന്നെ വംശീയവും സ്ത്രീവിരുദ്ധവുമായ പിന്തിരിപ്പന്‍ നിലപാടുകള്‍ കൊണ്ട് ട്രംപ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആ അവസരത്തില്‍ തന്നെ കാലാവസ്ഥാ വ്യതിയാനമുണ്ടെന്ന വാദം ശുദ്ധ അസംബന്ധമാണെന്ന് ട്രംപ് ഒരിക്കല്‍ പറയുകയുണ്ടായി. ഇത് അമേരിക്കയിലെ ശാസ്ത്രജ്ഞന്‍ന്മാരെയും പരിസ്ഥിതി വാദികളെയും വലിയ രീതിയില്‍ പ്രകോപിപ്പിച്ചു. ഇതിനെതുടര്‍ന്ന് ട്രംപിനെതിരായ പ്രതിഷേധ പരിപാടികളില്‍ അവരും അണിനിരന്നിരുന്നു.

പ്രസിഡണ്ടായി അധികാരമേറ്റതിനു ശേഷം അങ്ങേയറ്റം ശാസ്ത്രവിരുദ്ധമായ നയപരിപാടികളുമായാണ്  ട്രപ് ഭരണകൂടം മുന്നോട്ട് പോകുന്നത്. പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഒബാമ സര്‍ക്കാര്‍ നിര്‍ത്തിവച്ച കീസ്റ്റോണ്‍ പൈപ്പ്‌ലൈനിന്റെ നാലാം ഘട്ട പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി നല്‍കി. ഊര്‍ജ്ജ  സംരക്ഷണണം, വായുമലിനീകരണ നിയന്ത്രണം, ജലസംരക്ഷണം തുടങ്ങി കാലാവസ്ഥാ വ്യതിയാനത്തിന്  നിയന്ത്രണം ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പലനിയമങ്ങളും എടുത്തു കളയാന്‍  ഇതിനകം തന്നെ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ആഗോള താപനത്തിനുകാരണമാകുന്ന ഹരിത വാതകങ്ങളുടെ പുറംതള്ളല്‍  പരിമിതിതപ്പെടുത്തുന്നതിനുവേണ്ടി സര്‍ക്കാര്‍ സ്ഥാപനമായ  എനര്‍ജി പ്രൊട്ടക്ഷന്‍ ഏജന്‍സി ഏര്‍പ്പെടുത്തിയ നിയമങ്ങള്‍പുനഃപരിശോധിക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം  അമേരിക്കയിലെ ശാസ്ത്ര സമൂഹത്തിലും  പ്രകൃതി സ്‌നേഹികളിലും കടുത്ത ട്രംപ് വിരോധം അലയടിക്കുന്നതിനു കാരണമായി. ഇതിനൊക്കെ പുറമെ  ശാസ്ത്ര  ഗവേഷണസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിരുന്ന ഫണ്ട് ഭീമമായ രീതിയില്‍ വെട്ടിക്കുറക്കുകയും ചെയ്തു.

കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ശാസ്ത്ര ലോകത്തിന്റെ നിഗമനങ്ങള്‍ക്ക് വിരുദ്ധമായി ട്രംപ് കൈക്കൊള്ളുന്ന നിലപാടുകള്‍ യാദൃശ്ചികമായ ഒന്നല്ല. അമേരിക്ക, കാനഡ, ബ്രിട്ടന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള് ഉള്‌പ്പെടുന്ന വികസിത മുതലാളിത്ത രാജ്യങ്ങളില് കാലാവസ്ഥാ വ്യതിയാനത്തെ നിരാകരിക്കുന്ന പ്രബലമായ വിഭാഗം ശാസ്ത്ര ലോകത്ത് തന്നെയുണ്ട്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപെട്ട പഠനങ്ങള്‍് വ്യക്തമാക്കുന്നത് അന്തരീക്ഷത്തിലെ ഹരിതഗൃഹ  വാതകങ്ങളുടെ ക്രമാതീതമായ വര്‍ധനവ് ഭൗമ ഉപരിതല ഊഷ്മാവ് വര്‍ദ്ധിക്കാന് ഇടയാക്കിയിട്ടുണ്ട് എന്നാണ്. ഈ പ്രതിഭാസത്തെയാണ് ആഗോളതാപനം എന്ന് വിളിക്കുന്നത്.യാതൊരു നിയന്ത്രണവുമില്ലാതെ നിലവിലെ സ്ഥിതി തുടരാന്‍് അനുവദിച്ചാല് അന്തരീക്ഷത്തിലെ ഊഷ്മാവ് രണ്ടു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. ഇത് ഭൂമിയിലെ മനുഷ്യന്റെ നിലനില്പിനെ തന്നെ ബാധിച്ചേക്കാം. അതുകൊണ്ടാണ് ആഗോള താപനത്തിന് കാരണമാകുന്ന ഹരിതവാതകങ്ങളുടെ പ്രസാരണത്തിന് നിയന്ത്രണമേര്‍്‌പ്പെടുത്താന്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അന്താരാഷ്ട്ര തലത്തില്‍ ഇടപെടലുകള്‍ നടക്കുന്നത്.ഏറ്റവും രസകരമായ വസ്തുത ഈ വാതകങ്ങള്‍ പുറം തള്ളുന്നതില്‍് മുന്‍പന്തിയില്‍ നില്‍ക്കുന്നത് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ നിലനിക്കുന്ന അമേരിക്കയടക്കമുള്ള മുതലാളിത്ത രാജ്യങ്ങളാണ്. പക്ഷേ നിയന്ത്രണത്തിന്റെ ഭാരം മുഴുവനും ഇന്ത്യപോലുള്ള വികസ്വര രാജ്യങ്ങളുടെ മേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

പെട്രോള്‍, ഡീസല്‍്, കല്‍ക്കരി തുടങ്ങിയ ജൈവ ഇന്ധനങ്ങളുടെ ജ്വലനം വഴി പുറത്തു വിടുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ്, നൈട്രസ് ഓക്‌സൈഡ് എന്നിവയും  റെഫ്രിജറേറ്റര്‍, എയര്‍ കണ്ടിഷനര്‍ എന്നിവ പുറത്തുവിടുന്ന മീതൈന് തുടങ്ങിയവയാണ് പ്രധാന ഹരിതഗൃഹ വാതകങ്ങള്. വാഹനങ്ങളും താപനിലയങ്ങളുമാന് ഈ വാതങ്ങളുടെ പ്രധാന പ്രഭവ കേന്ദ്രം. നിലവിലെ കണക്കുകള് അനുസരിച്ചു അമേരിക്കയില്‍് ആയിരം പേരില്‍് എഴുനൂറ്റി തൊണ്ണൂറ്റി ഏഴുപേര്ക്ക് സ്വന്തമായി കാറുകളുണ്ട്.ഇന്ത്യയിലിത് മുപ്പത്തി രണ്ടാണ് എന്നോര്‍ക്കണം. ഈ അമേരിക്ക തന്നെയാണ് ലോകത്തെ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവും. അതുകൊണ്ട് കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരില് കൊണ്ടുവരുന്ന ഏതു നിയന്ത്രണങ്ങളും അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിലെ ആര്ഭാട ജീവിതത്തെ കാര്യമായി ബാധിക്കും. ഈ വസ്തുതകള് മനസ്സിലാക്കുമ്പോഴാണ് എണ്ണയുടെയും  അനുബന്ധ ഉത്പന്നങ്ങലുടെയുംഉത്പാദകരായ കോര്പ്പറേറ്റ് ഭീമന്മാര്ക്ക് കാലാവസ്ഥാ വ്യതിയാനം വെറും അസംബധമാണെന്ന് സ്ഥാപിച്ചെടുക്കെണ്ടതിന്റെ ആവശ്യകത നമുക്ക് ബോധ്യപ്പെടുക.

ആഗോള താപനത്തെയും അതുവഴിവയ്ക്കുന്നകാലാവസ്ഥാ മാറ്റങ്ങളെയും നിരാകരിക്കുന്ന മറ്റൊരു ശാസ്ത്ര ലോകത്തെ നിര്‍മ്മിച്ചെടുക്കുന്നത് വന്‍  എണ്ണ കമ്പനികളുടെ പണമൊഴുക്കിലൂടെയാണ്. എണ്ണ ഉത്പാദന രംഗത്തെ അതികായന്മാരായ എക്‌സോണ് മോബില്‍, കോച്ച് ഇന്‍ഡസ്ട്രീസ് എന്നിവര്‍ കാലാവസ്ഥാ വ്യതിയാന വിരുദ്ധ പ്രചാരണത്തിന് വിവിധ സ്ഥാപനങ്ങള്‍്ക്കും ശാസ്ത്രജ്ഞന്മാര്‍ക്കും ഫണ്ട് നല്കിയത് വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു.എക്‌സോണ്‍ മോബിലിന്റെ മുന്‍ സി.ഇ.ഒ റെക്‌സ് ടില്ലേഴ്‌സനെ തന്റെ സെക്രട്ടറി ഓഫ് ദി സ്റ്റേറ്റ് ആയി ട്രംപ്് തിരഞ്ഞെടുത്തത് ഇതിനോടൊപ്പം ചേര്‍ത്തു വായിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ശാസ്ത്ര വിരുദ്ധ പ്രഖ്യാപനങ്ങള്‍ക്ക് പിന്നിലെ അജണ്ട വ്യക്തമാവുക.

അമേരിക്കയുടെയും മറ്റു മുന്‍ നിര മുതലാളിത്ത രാഷ്ട്രങ്ങളിലെയും മൂലധനശക്തികള്‍ പ്രകൃതിക്കും മാനവരാശിക്കും വരുത്തിവെക്കുന്ന ദുരന്തങ്ങള്‍  കേവലം ഡൊണാള്‍ഡ് ട്രംപിന്റെ തീവ്ര വലതുപക്ഷ നയങ്ങളുടെ ദുഷ്പരിണാമം എന്ന മട്ടില്‍ ചുരുക്കിക്കാണാന്‍ കഴിയുകയില്ല.  പാരീസില്‍ നടന്ന ഐക്യ രാഷ്ട്ര സഭയുടെ  അന്താരാഷ്ട്ര കാലാവസ്ഥ വ്യതിയാന  സമ്മേളനത്തില്‍ (United Nations Framework Convention on Climate Change )  അനീതിപൂര്‍ണ്ണവും ആത്മഹത്യാപരവുമായ ഉടമ്പടിയിലേക്കു ലജ്ജാകരമായ ചട്ടമ്പിത്തരത്തിലൂടെ വഴിയൊരുക്കിയത് ഒബാമ സര്‍ക്കാര്‍ ആയിരുന്നു എന്ന കാര്യം മറക്കാന്‍ സമയമായിട്ടില്ല.  ഒബാമയും ട്രംപും എല്ലാം അവരവരുടേതായ രീതികളില്‍ ഉറപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നതു സാമ്രാജ്യത്വ മൂലധനത്തിന്റെ സമഗ്രാധിപത്യം തന്നെയാണ്. അതില്‍ നിന്ന് മനുഷ്യരാശിയെ വിമോചിപ്പിക്കാനുള്ള പോരാട്ടങ്ങളില്‍ നിന്ന് വേര്‍ പെടുത്താവുന്ന ഒന്നല്ല ഭൂഗോളത്തിന്റെ ജീവാംശം സംരക്ഷിക്കാനുള്ള സമരങ്ങള്‍.

2017 ജനുവരി ഇരുപത്തൊന്നിനു നടന്ന വുമന്‍സ്  മാര്‍ച്ചുമായി ബന്ധപ്പെട്ടു അമേരിക്കന്‍  സാമൂഹ്യ വാര്‍ത്താ  വെബ്‌സൈറ്റായ റെഡിറ്റില്‍  (REDDIT) നടന്ന ചര്‍ച്ചകളുമായി ബന്ധപ്പെട്ടാണ്  മാര്‍ച്ച് ഫോര്‍ സയന്‍സ് എന്ന ആശയം ഉടലെടുത്തത്. ഏതാനും പേര്‍് ചേര്‍്ന്ന് ഇതിന്റെ പ്രചരണാര്‍ത്ഥം  തയ്യാറാക്കിയ ഫേസ്ബുക്ക് പേജില് ഒരാഴ്ചയ്ക്കകകം  മൂന്ന് ലക്ഷം പേര്‍  അംഗങ്ങളായതോടെ ഈ ക്യാമ്പയിന്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

സാമൂഹ്യ നന്മയ്ക്കായി ശാത്രം, മെച്ചപെട്ട ശാസ്ത്രീയ വിദ്യാഭ്യാസം,ശാസ്ത്രീയമായ തെളിവുകളെ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണം, ശാസ്ത്ര ഗവേഷണത്തിനും അതിന്റെ പ്രയോഗത്തിനുമായി ഫണ്ട് അനുവദിക്കുക തുടങ്ങിയവയാണ് സയൻസ് ഫോർ മാർച്ച് മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യങ്ങൾ. ഈ മാർച്ചിലൂടെ പൊതു സമൂഹത്തില്‍ നിന്നും അകലത്തില് നില്ക്കുന്ന ശാസ്ത്രത്തെ അവരോടു അടുപ്പിക്കുന്നത്തിനും ശാസ്ത്ര വിരുദ്ധമായ ഭരണകൂട നയങ്ങള്‌ക്കെതിരെ അവരെ അണിനിരത്താനും കഴിയുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്.ഇന്ത്യയിലും  കോയാമ്പത്തൂര്‍, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ സയന്‍സ് മാര്‍ച്ചിന്റെ ഭാഗമായിപരിപാടികള്‍ നടക്കുന്നുണ്ട്. നേരിട്ട് ഇവിടങ്ങളില്‍ പങ്കെടുക്കാന്‍  കഴിയാത്തവര്‍ക്ക് ഇന്റര്‍നെറ്റ് വഴി വെര്‍ച്യുല്‍ മാര്‍ച്ചില്‍ ഇഷ്ടമുള്ള കേന്ദ്രത്തില് പങ്കെടുക്കാവുന്നതാണ്.

ഏതൊരു ജനാധിപത്യ സമൂഹത്തിന്റെയും പ്രാഥമികമായ കടമകളിലോന്നു തങ്ങളുടെ പൗരന്മാരെ ശാസ്താവബോധമുള്ളവരാക്കി  വളര്ത്തുക എന്നതാണ്. അത്ഏത് സാധാരണ മനുഷ്യന്റെയും ജീവിതം പശ്ചാത്തലം മെച്ചപ്പെടുത്താന് വേണ്ടിയുള്ളതാകണം.എന്നാല്‌ നിലവിലെ ഉത്പാദന-മൂലധന ശക്തികൾ തങ്ങൾക്ക് ചൂഷണത്തിനുള്ള  വഴിയോരുക്കുന്നതിനുള്ള ഉപകരണം മാത്രമായാണ് ശാസ്ത്രത്തെക്കാണുന്നത്. അങ്ങനെയൊരു കാലത്താണ് ശാസ്ത്രത്തെ പൊതു നന്മയ്ക്കായി ഉപയോഗിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ശാസ്ത്രജ്ഞമാര് തന്നെ സമരത്തിനിറങ്ങുന്നത്.ലാബുകളിലും ഗവേഷണ കേന്ദ്രങ്ങളിലും മാത്രമിരുന്നു ശീലിച്ചവര്‍ പ്രതിഷേധത്തിന്റെ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങുമ്പോള്‍  ജീവിതത്തിന്റെ നാനാതുറകളിലുമുള്ള മനുഷ്യന് ഒരുമിച്ചു സമരം ചെയ്യേണ്ട കാലമാണിതെന്നൊരു  വലിയ സന്ദേശം നല്കുന്നുണ്ടത്.

(ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷനാണ് ലേഖകന്‍)