ഴമേഘങ്ങള്‍ മൂലമുണ്ടാകുന്ന മേഘസ്‌ഫോടനം പ്രകൃതി ദുരന്തങ്ങള്‍ക്കിടയാക്കാറുണ്ട്. ഈയിടെ ഹിമാചല്‍ പ്രദേശിലുണ്ടായ മേഘസ്‌ഫോടനം ഉദാഹരണമാണ്. ചൈനയിലും ഈയടുത്ത കാലത്തുണ്ടായ വെള്ളപ്പൊക്കം സമാനപ്രതിഭാസം മൂലമാണോ എന്ന വസ്തുത പഠനവിധേയമാക്കേണ്ടതാണ്. കേരളത്തില്‍ ഇത്തരം പ്രതിഭാസങ്ങള്‍ സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഈ സാഹചര്യത്തിലാണ് ഈ കുറിപ്പ്:

എന്താണ് മേഘസ്‌ഫോടനം? 

സുനാമിക്ക് ശേഷം പ്രകൃതിയിലുണ്ടായ മറ്റൊരു പ്രതിഭാസമാണ് മേഘസ്‌ഫോടനം. സുനാമിയുടെ ഉത്ഭവം കടലിനുള്ളിലാണെങ്കില്‍ മേഘസ്‌ഫോടനം അന്തരീക്ഷത്തിലാണ് രൂപംകൊള്ളുന്നത്. സാധാരണ മണിക്കൂറുകള്‍ മഴ പെയ്യുമ്പോഴാണ് വെള്ളപ്പൊക്കമുണ്ടാക്കുന്നതെങ്കില്‍ മേഘസ്‌ഫോടനം മിനിട്ടുകള്‍ക്കുള്ളില്‍ ഒരു പ്രദേശത്തെയാകെ വെള്ളത്തിലാഴ്ത്തും. ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമുള്ള ഒരു വാട്ടര്‍ ടാങ്ക് അന്തരീക്ഷത്തിലുണ്ടെന്ന് സങ്കല്‍പിക്കുക. നിമിഷ നേരംകൊണ്ട് അത് പൊട്ടുന്നുവെന്ന് വിചാരിക്കുക. പോലീസുകാരുടെ ജലപീരങ്കി പോലെ ശക്തിയായി വെള്ളം ഭൂമിയില്‍ പതിക്കും. ഇതുപോലെയാണ് മേഘസ്‌ഫോടനം. 

വളരെ ഉയര്‍ന്ന പ്രദേശങ്ങളിലാണ് മേഘസ്‌ഫോടനം ഉണ്ടാകാറുള്ളത്. ഏതാനും വര്‍ഷം മുമ്പ് ഉത്തര കാശിയിലുണ്ടായ മേഘസ്‌ഫോടനത്തില്‍ നിരവധി പേര്‍ മരണമടഞ്ഞു. ഗംഗാ നദിയും യമുനാ നദിയും കരകവിഞ്ഞു. 

സാധാരണ മഴ പെയ്താല്‍ വെള്ളപ്പൊക്കം ഉണ്ടാകാന്‍ കുറെയേറെ സമയമെടുക്കും. മേഘസ്‌ഫോടനത്തെതുടര്‍ന്നുള്ള മഴ മിനുട്ടുകള്‍ക്കുള്ളില്‍ 10-15 കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു പ്രദേശത്തെയാകെ വെള്ളത്തിലാഴ്ത്തും. മണിക്കൂറില്‍ 100 സെന്റിമീറ്റര്‍ മുതല്‍ 200 സെന്റിമീറ്റര്‍ വരെ മഴയുണ്ടാകും. ഇടിയും മിന്നലും ആലിപ്പഴ വര്‍ഷവും ഉണ്ടാകും. മേഘസ്‌ഫോടനത്തിന് ശേഷം തുടര്‍ച്ചയായി മഴ പെയ്യാറില്ല.

കേരളത്തില്‍ മേഘസ്ഫോടനം ഉണ്ടാകാറുണ്ടോ?

സാധാരണ മഴ പ്രവചിക്കാന്‍ പറ്റുന്നപോലെ മേഘ സ്‌ഫോടനം പ്രവചിക്കാന്‍ സാധിക്കില്ല. കേരളത്തില്‍ മേഘസ്‌ഫോടനം നടന്നതായി ഇതുവരെയും ആധികാരികമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് പുല്ലൂരാംപാറയിലുണ്ടായ ഉരുള്‍പൊട്ടല്‍ മേഘസ്‌ഫോടന പ്രതിഭാസം മൂലമാണെന്നതിന് ശാസ്ത്രീയമായ തെളിവുകളില്ല. കാരണം പുല്ലൂരാംപാറയില്‍ മണിക്കൂറില്‍ 10 സെന്റിമീറ്റര്‍ മാത്രമാണ് മഴ പെയ്തത്. വിപരീത വൈദ്യുത ചാര്‍ജ്ജുള്ള മേഘങ്ങള്‍ അടുത്തടുത്തു വരുമ്പോഴുള്ള വൈദ്യുത പ്രവാഹം മൂലമോ മേഘത്തില്‍ നിന്ന് വൈദ്യുത ചാര്‍ജ്ജ് ഭൂമിയിലേക്ക് പ്രവഹിക്കുമ്പോഴോ ഇടിയും മിന്നലും ഉണ്ടാകാം. ഈ രണ്ട് പ്രതിഭാസങ്ങളും മേഘസ്‌ഫോടന സമയത്ത് ഉണ്ടാകാറുണ്ട്. പുല്ലൂരാംപാറയില്‍ ഇവയൊന്നും ഉണ്ടായതിന് ശാസ്ത്രീയമായ തെളിവില്ല.

ഭൂമിയുടെ ഏറ്റവും അടുത്ത് കിടക്കുന്ന അന്തരീക്ഷ പാളിയാണ് ട്രോപ്പോസ്ഫിയര്‍. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ വരെ ഇത് വ്യാപിച്ചുകിടക്കുന്നു. ഈ ഭാഗത്ത് കൊടുംതണുപ്പാണ് . മഴയും കാറ്റും ഇടിമിന്നലും ഉണ്ടാകുമ്പോള്‍ ട്രോപ്പോസ്ഫിയറിലുള്ള വായു മുകളിലോട്ടും താഴോട്ടും പെട്ടെന്ന് ചലിക്കുകയും മഴയായി പെയ്യേണ്ട ജലം തണുത്ത് ഐസ് കട്ടകള്‍ രൂപം കൊള്ളുകയും ചെയ്യുന്നു. ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിന് വിധേയമായി ഇവ താഴേക്ക് പതിക്കുന്നു. ഈ ഐസ് കട്ടകള്‍ക്ക് ഒരു സെന്റിമീറ്റര്‍ മുതല്‍ അഞ്ച് സെന്റിമീറ്റര്‍ വരെ വ്യാസമുണ്ട്.

മേഘസ്‌ഫോടനത്തിന്റെ ശാസ്ത്രീയ കാരണങ്ങള്‍

ഭൂമിയുടെ ഉപരിതലത്തില്‍ നിന്നുള്ള ഉയരം, കനം എന്നിവ നോക്കി മേഘങ്ങളെ മൂന്നായി തിരിക്കാം. സിറസ്, സ്ട്രാറ്റസ്, ക്യൂമുലസ് എന്നിവയാണ് ഇവ. ഇവയില്‍ തന്നെ പല വകഭേദങ്ങളുണ്ട്. ക്യുമുലസ് വിഭാഗത്തില്‍ പെട്ട മേഘങ്ങളാണ് മേഘസ്‌ഫോടനത്തിന് നിദാനമായിട്ടുള്ളത്. ഇവയെ പഞ്ഞിമഴ മേഘങ്ങള്‍ എന്നു വിളിക്കും. പുറമെ നോക്കിയാല്‍ ക്വാളിഫ്‌ളവര്‍ പോലെയിരിക്കും. സമുദ്രനിരപ്പില്‍ നിന്നും 500 മീറ്റര്‍ ഉയരത്തിലാണ് ഇവയുടെ അടിഭാഗം. ഇവയുടെ ചുവട് ഭാഗം 10-15 കിലോമീറ്റര്‍ വരെ പരന്നുകിടക്കും. ട്രോപ്പോസ്ഫിയറിന്റെ മുകള്‍ഭാഗത്ത് അഥവാ സമുദ്രനിരപ്പില്‍ നിന്ന് 15 കിലോമീറ്റര്‍ ഉയരത്തിലാണ് ഇവ കാണുന്നത്. ഈ മേഘങ്ങളുടെ മുകള്‍ഭാഗത്ത് ഐസ് പരലുകള്‍ കാണപ്പെടുന്നു. ഉയരങ്ങളില്‍ അതിശക്തമായി വീഴുന്ന കാറ്റ് ഐസ് പരലുകള്‍ നിറഞ്ഞ ഭാഗത്തെ പലപ്പോഴും നീക്കിക്കൊണ്ടുപോകുന്നു.

അതിന്റെ ഫലമായി ശക്തമായ വായുപ്രവാഹമുണ്ടാകുകയും മര്‍ദവ്യത്യാസത്തിന്റെ ഫലമായി മേഘത്തിനുള്ളിലെ ഈര്‍പ്പം ഘനീഭവിച്ച് ജലകണങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. ജലകണികയുടെ വ്യാസം വര്‍ദ്ധിക്കുമ്പോള്‍ ഗുരുത്വാകര്‍ഷണത്തിന് വിധേയമായി വേഗത വര്‍ദ്ധിക്കുകയും താഴേക്ക് പതിക്കുകയും ചെയ്യുന്നു. ഭൂമിയുടെ ഉപരിതലത്തില്‍ ഊഷ്മാവ് താരതമ്യേന കൂടുതല്‍ ആയതിനാല്‍ വലിയ ജലത്തുള്ളികള്‍ പൊട്ടി മഴയായി രൂപം കൊള്ളുന്നു.

മഴമേഘങ്ങളെ അടിസ്ഥാനമാക്കിയുള്ള കാലാവസ്ഥാ പ്രവചനത്തിന് രാജ്യത്തെ ആദ്യത്തെ ക്ലൗഡ് ഫിസിക്‌സ് ലബോറട്ടറി മഹാരാഷ്ട്രയിലെ മഹാബലേശ്വരിയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി. സമുദ്രനിരപ്പില്‍ നിന്ന് 1500 മീറ്റര്‍ ഉയരത്തിലാണ് ലബോറട്ടറി. അറബിക്കടലിന് മുകളില്‍ രൂപംകൊള്ളുന്ന മഴമേഘങ്ങള്‍ മഹാബലേശ്വരിയിലാണ് ആദ്യമായി ഉണ്ടാകുന്നത്.

(കോഴിക്കോട് സെന്റ് സേവ്യേഴ്‌സ് കോളേജ് പ്രിന്‍സിപ്പലാണ് ലേഖകന്‍. ന്യൂഡല്‍ഹിയിലെ നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയില്‍ ഐഎസ്ആര്‍ഒ ഫെലോഷിപ്പോടു കൂടി അന്തരീക്ഷ ശാസ്ത്രത്തില്‍ രണ്ട് വര്‍ഷം ഗവേഷണം നടത്തിയിട്ടുണ്ട്.)