വാഷിങ്ടണ്‍: തീരത്തേയ്ക്ക് അടിച്ചുകയറുന്ന തിരമാലകള്‍ കാഴ്ചയ്ക്ക് ഹരമാണ്. എന്നാല്‍ തിരമാലകളായി ഐസുകട്ടകള്‍ കരയിലേയ്ക്ക് കുതിച്ചുവരുന്ന കാഴ്ച അധികമാരും കണ്ടിട്ടുണ്ടാവില്ല. കടുത്ത ശൈത്യം അനുഭവപ്പെടുന്ന അമേരിക്കയില്‍നിന്നുള്ളതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന ഈ അപൂര്‍വ്വ കാഴ്ച. 

അമേരിക്കക്കാരനായ ബ്രാന്‍ഡന്‍ ബാന്‍ക്രോഫ്റ്റ് ആണ് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തണുത്തുറഞ്ഞ് കട്ടിയായ അറ്റ്‌ലാന്റിക് സമുദ്രത്തില്‍നിന്ന് ഐസുകട്ടകള്‍ തീരത്തേയ്ക്ക് കയറുന്നതാണ് വീഡിയോയിലുള്ളത്. ബോട്ടു ജട്ടിയിലെ തൂണുകളിലും ഭിത്തിയിലും ഹിമപാളികള്‍ ശക്തമായി വന്നിടിക്കുന്നതും തൂണുകളെ കടപുഴക്കുന്നതും ദൃശ്യത്തില്‍ കാണാം. 

ജനുവരി നാലിന് ആണ് സംഭവം നടന്നത്. വലിയ ശബ്ദത്തോടെയുള്ള മഞ്ഞുപാളികളുടെ ആക്രമണം കാഴ്ചക്കാരില്‍ ഭീതി ജനിപ്പിക്കുന്നതാണ്. നോര്‍ത്ത് കരോലിനയില്‍ കടല്‍ത്തീരത്ത് റസ്‌റ്റോറന്റ് നടത്തുന്ന ബാന്‍ക്രോഫ്റ്റ് ഈ അപൂര്‍വ്വ പ്രതിഭാസം കാണുകയും ഫെയ്‌സുബുക്കില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്യുകയുമായിരുന്നു. ഫേസ്ബുക്കില്‍ ആയിരക്കണക്കിനു പേരാണ് ഈ വീഡിയോ പങ്കുവെച്ചത്. ഇത്തരമൊരു പ്രതിഭാസം ചിത്രീകരിക്കപ്പെടുന്നത് ആദ്യത്തെ സംഭവമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

കിഴക്കന്‍ അമേരിക്കയിലും കാനഡയിലും  കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അന്തരീക്ഷ ഉഷ്മാവാണ്‌ ഇത്തവണ ഇവിടങ്ങളില്‍ രേഖപ്പെടുത്തിയത്. കാനഡയില്‍ പലയിടത്തും -50 ഡിഗ്രി സെല്‍ഷ്യസിന് അടുത്തുകൊണ്ടിരിക്കുകയാണ് അന്തരീക്ഷ ഉഷ്മാവാണ്‌.

അമേരിക്കയുടെ മൂന്നില്‍ രണ്ട് ഭാഗങ്ങളിലും -42 ഡിഗ്രി സെല്‍ഷ്യസ് ആണ് അന്തരീക്ഷോഷ്മാവ്.

Content Highlight: Waves Of Ice, Rare Phenomenon Caught On Camera, Cold winter in US