ചൂടുകൂടുന്നു, ജലക്ഷാമം വര്‍ധിക്കുന്നു. കുറച്ച് വര്‍ഷങ്ങളായി കേരളത്തില്‍ വേനല്‍ക്കാലത്തെ സ്ഥിരം അനുഭവമാണിത്. ഓരോ വര്‍ഷവും നമ്മളിതിനെ താത്ക്കാലിക പ്രശ്‌നം മാത്രമായി ദീര്‍ഘവീക്ഷണമില്ലാതെ കൈകാര്യം ചെയ്യുന്നു. 

വരള്‍ച്ചയും കുടിവെള്ളക്ഷാമവും വര്‍ഷംതോറും വര്‍ധിക്കുന്നതിന് പല കാരണങ്ങളുണ്ട്. നമ്മള്‍ പരിസ്ഥിതിയെ മറന്നുകൊണ്ട് വികസനത്തിന്റെ പുറകെ പോയി, കുളങ്ങളും തടാകങ്ങളും പാടങ്ങളും നികത്തി, കാടുകളും മരങ്ങളും വെട്ടിത്തെളിച്ച് പണമാക്കി. ഈ 'വികസനം' മൂലമുണ്ടായ കുഴപ്പങ്ങളെ, നമ്മുടെ നിയന്ത്രണത്തിലല്ലാതെ വന്നുചേര്‍ന്ന കാലാവസ്ഥാവ്യതിയാനം രൂക്ഷമാക്കി. കടല്‍ക്ഷോഭം വര്‍ധിക്കുക, മഴയുടെ അളവു കുറയുക, പേമാരിയും വരള്‍ച്ചയും കൂടുതലായി ഉണ്ടാവുക, ഭക്ഷ്യോല്‍പാദനം കുറയുക എന്നിങ്ങനെ ഒട്ടേറെ പ്രശ്‌നങ്ങള്‍ കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായി സംഭവിക്കുന്നു. ഈ പശ്ചാത്തലത്തില്‍ വരുംവര്‍ഷങ്ങളിലും ഉഷ്ണം കൂടും, വരള്‍ച്ച രൂക്ഷമാകും എന്നുവേണം കരുതാന്‍. 

ഏറ്റവും വലിയ വെല്ലുവിളി നേരിടുക ശുദ്ധജല ലഭ്യതയുടെ കാര്യത്തിലാകും. ജലത്തിന്റെ പ്രശ്‌നം ചര്‍ച്ചചെയ്യുമ്പോള്‍ അതുമായി ബന്ധപ്പെട്ട മറ്റ് പല ഘടകങ്ങളും പരിഗണിക്കേണ്ടി വരും. ജലവും നമ്മുടെ ജീവിതരീതികളുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു എന്നതുകൊണ്ടാണത്. നാം കഴിക്കുന്ന ഭക്ഷണവും പണിയുന്ന കെട്ടിടങ്ങളും ഉപയോഗിക്കുന്ന ഊര്‍ജവും എല്ലാം ജലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. 

ഭൂമിയുടെ മൊത്തം ഉപരിതലവിസ്തീര്‍ണം ഏതാണ്ട് 51,00,72,000 ചതുരശ്രകിലോമീറ്ററാണ്. ഇതിന്റെ മുപ്പതു ശതമാനത്തോളം മാത്രമാണ് കര; ഏകദേശം 14,83,00,000 ചതുരശ്രകിലോമീറ്റര്‍ മാത്രം. ശേഷിക്കുന്ന എഴുപതുശതമാനവും കടലാണ്- 46,17,72,000 ചതുരശ്രകിലോമീറ്റര്‍. പക്ഷെ, കടല്‍വെള്ളം ഉപ്പുവെള്ളമാണ്, ശുദ്ധജലമല്ല.

Water on Earth
ഭൂമിയില്‍ 70 ശതമാനവും സമുദ്രമാണ്, 30 ശതമാനം മാത്രമാണ് കര. കടപ്പാട്: wikimedia

 

സമുദ്രങ്ങളിലെ ഉപ്പുവെള്ളം, തടാകങ്ങളും നദികളും, മഞ്ഞുപാളികള്‍, മണ്ണിനടിയില്‍ ഭൂഗര്‍ഭജലം എന്നിങ്ങനെ ഭൂമിയില്‍ എല്ലായിടത്തും വെള്ളമുണ്ട്. ഏതാണ്ട് 138,60,00,000 ഘനകിലോമീറ്റര്‍ വരുന്ന മുഴുവന്‍ വെള്ളവും ചേര്‍ത്ത് ഭീമാകാരമായ തുള്ളി ആക്കിയാല്‍ അതിന്റെ വ്യാസം ഏതാണ്ട് 1,385 കിലോമീറ്റര്‍ വരും. ഭൂമിയുടെ വ്യാസം ഏകദേശം 12,756 കിലോമീറ്റര്‍ വരുമെന്ന കാര്യം ഓര്‍മ്മിക്കുക.

Water on Earth
ഭൂമിയിലെ എല്ലാ വെള്ളവും ചേര്‍ത്ത് ഒരു ഭീമന്‍ തുള്ളി ആക്കിയാല്‍ അതിന്റെ വ്യാസം ഏതാണ്ട് 1,385 കിലോമീറ്റര്‍ വരും. കടപ്പാട്: water.usgs.gov/edu/

 

ഈ ജലം മുഴുവന്‍ മനുഷ്യര്‍ക്കും മറ്റ് ജീവജലങ്ങള്‍ക്കും ഉപയോഗിക്കാനാവില്ല. ആകെയുള്ള ജലത്തില്‍ 96.5 ശതമാനം സമുദ്രങ്ങളിലെ ഉപ്പുവെള്ളമാണ്. അതിനു പുറമെ ഒരു ശതമാനത്തോളം മറ്റ് ഉപ്പുവെള്ളവുമുണ്ട്. അവശേഷിക്കുന്ന രണ്ടരശതമാനം മാത്രമാണ് ശുദ്ധജലം. അതില്‍ 69 ശതമാനത്തോളം മഞ്ഞുമലകളിലാണ്. 30 ശതമാനം ഭൂഗര്‍ഭജലവും. മിച്ചമുള്ള 1.2 ശതമാനം വെള്ളമാണ് കുളങ്ങളിലും നദികളിലും മറ്റുമുള്ള ശുദ്ധജലം. അതായത്, മൊത്തം ജലത്തിന്റെ രണ്ടര ശതമാനത്തിന്റെ 1.2 ശതമാനം!

കൃത്യമായി പറഞ്ഞാല്‍ ഭൂമിയിലെ മൊത്തം ജലത്തിന്റെ ഏതാണ്ട് 0.03 ശതമാനം മാത്രമാണ് ഉപരിതത്തിലും മറ്റുമായുള്ള ശുദ്ധജലം. അതില്‍ തന്നെ ഏതാണ്ട് അര ശതമാനം മാത്രമാണ് നദികളിലൂടെ ഒഴുകുന്നത്. അതായത്, ഭൂമിയിലുള്ള മൊത്തം ജലത്തിന്റെ 0.03 ശതമാനത്തിന്റെ അരശതമാനം! എന്നുവച്ചാല്‍ ഭൂമിയിലെ മൊത്തം ജലത്തിന്റെ 0.0000015 ശതമാനം! ലേകത്ത് നേരിട്ടൊ അല്ലാതെയൊ മനുഷ്യരെല്ലാം ഉപയോഗിക്കുന്നത് ഈ ജലം മാത്രമാണെന്ന് ഓര്‍ക്കുക. ഇതിനെയാണ് നാം ഡാം കെട്ടിയടച്ച് ജലസേചനത്തിനും വൈദ്യുതി ഉണ്ടാക്കാനും കുടിവെള്ളത്തിനുമെല്ലാം നാം ഉപയോഗിക്കുന്നത്. എന്നിട്ടാണ് ഈ നദികള്‍ക്കു ജലം നല്‍കുന്ന കാടുകള്‍ നിഷ്‌ക്കരുണം നശിപ്പിക്കുന്നതും നദികളെത്തന്നെ മണലൂറ്റിയും ഡാമുകള്‍ പണിതും മാലിന്യങ്ങള്‍ നിക്ഷേപിച്ചും നിര്‍ദ്ദയം ക്ഷയിപ്പിക്കുന്നതും. 

Water on Earth
ഭൂമിയിലെ ജലത്തിന്റെ വിതരണം. കടപ്പാട്: wikipedia

 

ഒളിഞ്ഞുകിടക്കുന്ന ജലം

കുടിക്കാനും കുളിക്കാനും തുണിയലക്കാനും പോലെ ജലത്തിന്റെ സാധാരണ ഉപയോഗങ്ങളെപ്പറ്റി പറയുന്നിടത്ത്, നാമുപയോഗിക്കുന്നതും ഭക്ഷിക്കുന്നതുമായ സര്‍വ്വതിനും ഏറെ ജലവും ഊര്‍ജവും ആവശ്യമാണെന്ന കാര്യം വിസ്മരിക്കപ്പെടാറുണ്ട്. 'ഒളിഞ്ഞുകിടക്കുന്ന ജലം' എന്നിതിനെ നമുക്ക് വിശേഷിപ്പിക്കാം. ഇങ്ങനെയുള്ള ജലം നാം ഊഹിക്കുന്നതിലും ഏറെ കൂടുതലാണ്. ഉദാഹരണമായി, ഒരു ടണ്‍ അരി ഉത്പാദിപ്പിക്കുന്നതിന് ശരാശരി 2,291 ടണ്‍ ജലം വേണം. ഒരു ടണ്‍ ബീഫ് ഉത്പാദിപ്പിക്കുന്നതിന് വേണ്ടത് 15,497 ടണ്‍ ജലവും. വിക്കിപീഡിയ നല്‍കുന്ന വിവരമാണിത്. 

കെട്ടിടനിര്‍മാണ സാമിഗ്രികളിലും ഏറെ ജലം ഒളിഞ്ഞു കിടക്കുന്നു. അതില്‍ തന്നെ സ്റ്റീലാണ് മുന്നില്‍. ഇക്കാരണങ്ങളാലാണ് കെട്ടിടനിര്‍മാണത്തില്‍ ഉരുക്കിന്റെ ഉപയോഗം കഴയുന്നത്ര കുറയ്ക്കാന്‍ ലാറി ബേക്കര്‍ ശ്രമിച്ചത്.

Water on Earth
ചില സാധാരണ ഭക്ഷ്യവസ്തുക്കളില്‍ ഒളിഞ്ഞുകിടക്കുന്ന ജലം. കടപ്പാട്: http://www.gracelinks.org

 

ഊര്‍ജോപഭോഗവും ജലവും തമ്മിലും ബന്ധമുണ്ട്. ഊര്‍ജം ഉല്പാദിപ്പിക്കാന്‍ പലപ്പൊഴും ജലം അത്യാവശ്യമാണ്. അത് ജലവൈദ്യുതപദ്ധതികളില്‍ മാത്രമല്ല, താപവൈദ്യുതനിലയങ്ങളിലും ആണവനിലയങ്ങളിലും തണുപ്പിക്കാനായി ജലംതന്നെ വേണം. അതുപോലെ പലപ്പൊഴും ജലം നമുക്കരികിലെത്തിക്കാന്‍ ഊര്‍ജം വേണം.

ജലമലിനീകരണം

ഇത്ര പ്രധാനപ്പെട്ട വിഭവമാണെങ്കിലും ജലത്തെ മലനീകരിക്കുന്നതില്‍ നമുക്ക് ഒരു മനസാക്ഷിക്കുത്തുമില്ല എന്നതാണ് വാസ്തവം. മനുഷ്യരുടെ പ്രവൃത്തികളുടെ ഫലമായുണ്ടാകുന്ന എല്ലാവിധ മാലിന്യങ്ങളും ചെന്നവസാനിക്കുന്നത് ജലത്തിലാണ്. അത് നാം കൈകഴുകുന്ന ജലം മുതല്‍, കുളിമുറിയിലുപയോഗിക്കുന്നതും പാത്രംകഴുകാനുപയോഗിക്കുന്നതും വീടു വൃത്തിയാക്കാനും വാഹനങ്ങള്‍ കഴുകാനും ഉപയോഗിക്കുന്നതും വ്യാവസായികആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും വരെയുണ്ട്. 

ഈ വെള്ളമെല്ലാം മിക്കപ്പൊഴും ഒരുവിധത്തിലും ശുദ്ധീകരിക്കാതെ നദികളിലേക്കോ സമുദ്രത്തിലേക്കോ എത്തുകയാണ് പതിവ്. പുണ്യനദിയായ ഗംഗയിലെ ജലം തൊടാനറയ്ക്കുന്ന വിധം മലിനമായതെങ്ങനെ എന്ന് പരിശോധിച്ചാല്‍, ജലമലിനീകരണത്തിന്റെ ഭീകരത വ്യക്തമാകും. 

സമുദ്രം ഇത്രവളരെ വിസ്താരമേറിയതാണല്ലൊ എന്നു കരുതി അതിലേക്ക് മാലിന്യങ്ങള്‍ കളയുന്ന സ്വഭാവം പണ്ടേ തുടങ്ങിയതാണ്. ഇന്ന് അക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ചൈനയും ഇന്ത്യയും ഉള്‍പ്പെടുന്നു. ലക്ഷക്കണക്കിനു ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് സമുദ്രത്തിലേക്കു ഓരോവര്‍ഷവും എത്തുന്നത്. ഇതിന്റെ ഫലമായി സമുദ്രജീവികള്‍ ചത്തൊടുങ്ങുന്നു. 

കീടനാശിയുടെ ഉപയോഗം മൂലം ഭക്ഷണത്തില്‍ വിഷാംശമെത്തുന്നതിനെപ്പറ്റി മിക്കവരും ബോധവാന്‍മാരാണ്. കൃഷിക്ക് തളിക്കുന്ന കീടനാശിനികള്‍ ഒടുവില്‍ എവിടെയാണ് ചെന്നുചേരുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? സ്വാഭാവികമായും അവ ചെന്നുചേരുന്നത് ഭൂഗര്‍ഭജലത്തിലും നദികളിലും നമ്മുടെ കുടിവെള്ളത്തിലുമാണ്. നമ്മള്‍ 'ശുദ്ധമെന്നു'  കരുതി പണംനല്‍കി വാങ്ങി കുടിക്കുന്ന കുപ്പിവെള്ളത്തില്‍ ഈ വിഷാംശം കലര്‍ന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുള്ളതും ചില കമ്പനികള്‍ക്കെതിരെ നടപടിയെടുത്തിട്ടുള്ളതും ഓര്‍ക്കുക. ആ ജലത്തില്‍ വിഷമെത്തിയത് തങ്ങളുടെ കുഴപ്പംകൊണ്ടല്ലെന്നും അത് ഭൂഗര്‍ഭജലത്തില്‍ ഉണ്ടായിരുന്നതാണെന്നും കമ്പനികള്‍ പറഞ്ഞത് സര്‍ക്കാരോ കോടതിയോ കണക്കിലെടുത്തില്ല. പക്ഷെ, അവര്‍ പറഞ്ഞ കാര്യം സത്യമായായിരുന്നു.

മറ്റൊരു മാലിന്യമാണ് സൂക്ഷ്മമായ പ്ലാസ്റ്റിക് തരികളും നാരുകളും. ചിലതരം ടൂത്ത്‌പേസ്റ്റുകള്‍, സോപ്പുകള്‍, പൗഡറുകള്‍ തുടങ്ങി പല 'സൗന്ദര്യവര്‍ധക' വസ്തുക്കളിലും ചേര്‍ക്കുന്ന സൂക്ഷ്മമായ പ്ലാസ്റ്റിക് തരികളാണ് ആദ്യത്തേത്. അവ നമ്മുടെ ദേഹത്തുനിന്ന് ജലത്തിലൂടെ ഒഴുകി ഒടുവില്‍ കടലിലെത്തുകയും പല മീനുകളുടെയും ഉള്ളിലാവുകയും ചെയ്യുന്നു. അത് മീനുകള്‍ക്ക് ദോഷം ചെയ്യുകയും അവയെ ഭക്ഷിക്കുന്ന നമുക്ക് മാരകരോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. കൃത്രിമനാരുകളില്‍നിന്നും ഉണ്ടാക്കുന്ന വസ്ത്രങ്ങളാണ് സൂക്ഷ്മനാരുകള്‍ സംഭാവന ചെയ്യുന്നത്. വാഷിങ് മെഷീന്‍ ഒരുതവണ തുണികഴുകുമ്പോള്‍ ഏഴുലക്ഷം നാരുകള്‍ പുറംതള്ളുന്നു എന്നാണ് കണക്ക്. ഇത്തരം നാരുകളും ജലമലിനീകരണത്തിന് കാരണമാകുന്നു. 

വന്‍കിട വ്യവസായശാലകളില്‍നിന്നും പുറന്തള്ളുന്ന രാസമാലിന്യങ്ങള്‍ക്ക് പുറമെയാണ് ഇതെല്ലാം എന്നോര്‍ക്കണം.

Water pollution
ടൂത്ത്‌പേസ്റ്റിലടങ്ങിയ സൂക്ഷ്മമായ പ്ലാസ്റ്റിക് തരികള്‍. കടപ്പാട്: wikipedia

 

കാലാവസ്ഥാവ്യതിയാനം എന്ന വില്ലന്‍ 

മേല്‍സൂചിപ്പിച്ച പ്രശ്‌നങ്ങളെ രൂക്ഷമാക്കുന്നതാണ് ആഗോളതാപനവും അതുവഴിയുള്ള കാലാവസ്ഥാവ്യതിയാനവും. ചൂടുകൂടുമ്പോള്‍ ധ്രുവങ്ങളിലെയും പര്‍വതങ്ങളിലെയും മഞ്ഞുരുകി സമുദ്രത്തില്‍ ചേരും. ഒപ്പം താപനില വര്‍ധിക്കുമ്പോള്‍ സമുദ്രജലം വികസിക്കുകയും ചെയ്യും. ഇത് സമുദ്രനിരപ്പ് ഉയരാനും തീരപ്രദേശങ്ങള്‍ നഷ്ടമാകാനും ഇടയാക്കുന്നു. ഇതിന്റെ ഫലമായി കടല്‍ജലം കരയിലേക്കു കൂടുതല്‍ കടന്നുവരും, ഭൂഗര്‍ഭജലം ഉപ്പുരസം കലര്‍ന്നതാകും. 

ഭൂഗര്‍ഭജലത്തില്‍ ഉപ്പുവെള്ളം കലരുന്ന പ്രക്രിയ കേരളത്തില്‍ മുമ്പേ സംഭവിച്ചു തുടങ്ങിയതാണ്. ഡാമുകള്‍ പണിതതിലൂടെ നദികളിലെ പ്രവാഹം കുറഞ്ഞതാണ് കേരളത്തില്‍ പലയിടങ്ങളിലും ഉപ്പുവെള്ളം കരയിലേക്കു കടന്ന് ഭൂഗര്‍ഭജലത്തില്‍ ഉപ്പു കലരാനിടയാക്കിയത്. ആഗോളതാപനത്തിന്റെ ഫലമായി ഇത് കൂടുതല്‍ രൂക്ഷമാകുമ്പോള്‍ നദികളിലെ ജലത്തെ മാത്രം ആശ്രയിക്കേണ്ട സ്ഥിതി വരും. ആകെ ജലത്തിന്റെ പത്തുലക്ഷത്തില്‍ ഒരു ഭാഗം മാത്രമാണിത് എന്നോര്‍ക്കുക.

Global Warming
ആഗോളതാപനത്തിന്റെ ഫലമായി ഒരു മഞ്ഞുമല അടര്‍ന്നു സമുദ്രത്തില്‍ പതിക്കുന്നു. കടപ്പാട്: wikimedia.org

 

ആഗോളതാപനം സംബന്ധിച്ച ആശങ്കകള്‍ക്ക് ആക്കംകൂട്ടിക്കൊണ്ട്, ചരിത്രത്തിലാദ്യമായി ഒരു നദി വഴിമാറി ഒഴുകുന്നതിന് ലോകം സാക്ഷ്യംവഹിക്കുകയാണ്. നദികളുടെ പാതയില്‍ മാറ്റമുണ്ടാകുന്നത് ഭൂമിശാസ്ത്രത്തില്‍ അജ്ഞാതമല്ല. എന്നാല്‍, 'നോക്കിനില്‍ക്കെ' അത് സംഭവിക്കുന്നത് ആദ്യമായാണ്. കാനഡയിലാണ് ഇതു സംഭവിച്ചത്. കാരണം ആഗോളതാപനമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നു. 

കാനഡയില്‍ യുകോണ്‍ പ്രവിശ്യയിലെ കസ്‌കവുള്‍ഷ് മഞ്ഞുമലയില്‍നിന്നാണ് സ്ലിംസ് നദി ( Slims River ) ഒഴുകിയിരുന്നത്. നദി വടക്കോട്ടൊഴുകി ബെറിങ് കടലില്‍ പതിച്ചിരുന്നു. കഴിഞ്ഞ മെയ് 26നും 29നും ഇടയ്ക്ക് നാലു ദിവസങ്ങളിലാണ് നദി അപ്രത്യക്ഷമായത്. കസ്‌കവുള്‍ഷ് മഞ്ഞുമല ഒരു മൈലോളം വടക്കോട്ടു നീങ്ങിയതിന്റെ ഫലമയാണ് ഇത് സംഭവിച്ചതെന്ന് ഗവേഷകര്‍ പറയുന്നു. നദി ഒഴുകിയിരുന്ന സ്ഥലം ഇന്ന് പൊടി മൂടിയ പ്രദേശമായി മാറിയിരിക്കുകയാണത്രെ! ഭാവിയിലേക്കുള്ള ആശങ്കയുയര്‍ത്തുന്ന സൂചനയാണിത്.

Slims River
കാനഡയില്‍ വഴിമാറി ഒഴുകിയ സ്ലിംസ് നദി. ചിത്രം കടപ്പാട്: DANIEL SHUGAR

 

ഉറ്റുനോക്കുന്ന ജലദൗര്‍ലഭ്യം 

മഴയുടെ മൊത്തം അളവു കുറയുകയും, കുത്തിയൊലിച്ച് പെയ്യുന്ന ശക്തമായ മഴ കൂടുതലാവുകയും ചെയ്യുമ്പോള്‍ മണ്ണിനടിയിലേക്ക് ജലം ഊര്‍ന്നിറങ്ങുന്നതു കുറയും, മണ്ണൊലിപ്പ് കൂടും. മാത്രമല്ല, കടലിലേക്ക് ഒഴുകുന്ന ജലത്തിന്റെ തോതും വര്‍ധിക്കും. ഇതിന്റെ ഫലമായി ഭൂഗര്‍ഭജലം കൂടുതല്‍ ആഴത്തിലാകും. ഇതോടൊപ്പം ഉള്ള വനങ്ങളുംകൂടി നശിപ്പിക്കപ്പെടുമ്പോള്‍ പ്രശ്‌നം രൂക്ഷമാകുന്നു.

'കാടു പ്രധാനമല്ല, മനുഷ്യനാണ് പ്രധാനം' എന്നൊക്കെ പറയുന്നവര്‍ ഇതു മനസിലാക്കാന്‍ ശ്രമിക്കുകയെങ്കിലും വേണം, ജനങ്ങളോടാണ് ഉത്തരവാദിത്തമെങ്കില്‍. അല്ലെങ്കില്‍ അധികം വൈകാതെ നമുക്കു കുടിക്കാന്‍ വെള്ളമില്ലാതാകും എന്നതിനു സംശയമൊന്നും വേണ്ട.

ജലദൗര്‍ലഭ്യം ലോകത്തെ പല ഭാഗങ്ങളെയും ഉറ്റുനോക്കുകയാണെന്ന് ഏക്യരാഷ്ട്രസഭാ പരിസ്ഥിതി പരിപാടി ( UNEP) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ചുവടെയുള്ള ഗ്രാഫ് കാണുക. 

Water Scarcity
ലോകത്ത് പല ഭാഗങ്ങളിലെ 2007ലെ പ്രതിവര്‍ഷ പ്രതിശീര്‍ഷ ശുദ്ധജലലഭ്യത. പ്രതിശീര്‍ഷം പ്രതിവര്‍ഷം എത്ര ഘനമീറ്റര്‍. കടപ്പാട്: UNEP 

 

ഒരുവര്‍ഷം പ്രതിശീര്‍ഷം ലഭിക്കുന്ന ജലത്തിന്റെ അളവാണ് ഇതില്‍ നിറങ്ങളായി അടയാളപ്പെടുത്തിയിരിക്കുന്നത്. ഓറഞ്ചുനിറമുള്ള പ്രദേശങ്ങള്‍ ജലക്ഷാമം നേരിടുന്നവയാണ്: സൗദി അറേബ്യ, യമന്‍, ഒമാന്‍, യുഎഇ തുടങ്ങിയ പ്രദേശങ്ങള്‍ ഇക്കൂട്ടത്തില്‍ പെടും. കടുംമഞ്ഞ നിറമുള്ള പ്രദേശങ്ങള്‍ (ഇന്ത്യയുള്‍പ്പെടെ) സമ്മര്‍ദത്തിലുള്ള പ്രദേശങ്ങളാണ്. ഇളംമഞ്ഞനിറമുള്ള പ്രദേശങ്ങള്‍ പ്രശ്‌നം നേരിടുന്ന, കുഴപ്പമുണ്ടാകാവുന്ന സ്ഥലങ്ങളാണ്. ചൈന, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, സുഡാന്‍, നൈജര്‍, നൈജീരിയ, തുടങ്ങിയ രാജ്യങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. 

വാസ്തവത്തില്‍, കാനഡ, റഷ്യ, ആസ്‌ട്രേലിയ, തുടങ്ങി കടുംനീല നിറത്തില്‍ കാണിച്ചിരിക്കുന്ന കുറച്ചു രാജ്യങ്ങളൊഴികെ മിക്ക പ്രദേശങ്ങളും കടുത്ത ജലക്ഷാമം നേരിടുകയാണ് എന്നാണ് ഈ ഗ്രാഫ് കാണിക്കുന്നത്. ഇത് 2007ലെ സ്ഥിതിയാണെന്ന് ഓര്‍ക്കുക. 

പ്രതിവര്‍ഷം എട്ടുകോടി കുഞ്ഞുങ്ങളാണ് ലോകത്തെല്ലായിടത്തുംകൂടി ജനിക്കുന്നത്. ഓരോ വര്‍ഷം കഴിയുംതോറും അത്രയും മനുഷ്യര്‍ക്കുകൂടി ജലം കണ്ടെത്തേണ്ടിയിരിക്കുന്നു. 

പ്രവചനങ്ങള്‍

കാര്യങ്ങളുടെ ഗൗരവം വ്യക്തമാക്കാനായി ഇതാ രണ്ടു പ്രവചനങ്ങള്‍കൂടി. ഒന്ന് കുറച്ചു പഴയതാണ്, 2014 ലേത്; രണ്ടാമത്തേത് ഏറ്റവും പുതിയതും.

2014ലെ പ്രവചനം എന്താണെന്ന് നോക്കാം. കാലാവസ്ഥാവ്യതിയാനത്തെ സംബന്ധിച്ച പാരിസിലെ കഴിഞ്ഞ സമ്മേളനവുമായി ബന്ധപ്പെട്ടതാണ് ഇത്. 2050ലെ ദിനാവസ്ഥാപ്രവചനമാണ് ഐക്യരാഷ്ട്രസഭയുടെ വെബ്‌സൈറ്റ് തരുന്നത്. അതിങ്ങനെയാണ്: തീവ്രമായ ദിനാവസ്ഥകള്‍ കൂടുതലായുണ്ടാവുകയും കൂടുതല്‍ തീവ്രമാവുകയും ചെയ്യും-അക്കൂട്ടത്തില്‍ അതികഠിനമായ വരള്‍ച്ചയും ശക്തമായ ഉഷ്ണതരംഗങ്ങളും ഉണ്ടാവും. ചിലയിടങ്ങളില്‍ ഒരുവര്‍ഷത്തെ മഴ ഒരുദിവസംകൊണ്ടു പെയ്യും.

ദീര്‍ഘകാലപ്രവചനം ഇങ്ങനെ: തീരപ്രദേശത്തെ നഗരങ്ങള്‍ വെള്ളത്തിലാകും. സമുദ്രത്തിലെ ജീവജാലങ്ങള്‍ നശിക്കും. കൂട്ടത്തോടെ ആക്രമിക്കാനുംമാത്രം കീടങ്ങളുണ്ടാകും. യാത്രാകപ്പലുകള്‍ ധ്രുവപ്രദേശത്തുകൂടി സഞ്ചരിക്കാന്‍ തുടങ്ങും.

ഇനി ഏറ്റവും പുതിയ പ്രവചനം : '2050 ല്‍ കേരളം ഇല്ലാതെയാകും: സംസ്ഥാനത്തിനു ആയുസ് 33 വര്‍ഷം കൂടി മാത്രം'. ഒരു വേനല്‍ മഴപോലുമില്ലാതെ, വറ്റിവരണ്ട പുഴകളും നദികളുമായി വരണ്ടൊഴുകുന്ന കേരളം 33 വര്‍ഷത്തിനുള്ളില്‍ ഇല്ലാതാകുമെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ 2050 ഓടെ കേരളം പൂര്‍ണമായും ഇല്ലാതാകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കാര്യം അത്ര നിസ്സാരമല്ല എന്നര്‍ഥം. ഇനിയും നാം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാട് ബാക്കിയുണ്ടാകില്ല എന്നുസാരം.

നമുക്ക് എന്തുചെയ്യാനാവും

ജലപ്രശ്‌നം പരിഹരിക്കാനുള്ള കടമ സര്‍ക്കാരിനെയോ ഏതെങ്കിലും ശാസ്ത്രസമൂഹത്തെയോ സന്നദ്ധസംഘടനയെയോ ഏല്‍പ്പിച്ചിട്ട് ഉറക്കത്തിലേക്ക് പോകാമെന്ന് സമൂഹത്തിന് കരുതാനാകില്ല. നമ്മള്‍ ഓരോരുത്തരും ഇതില്‍ പങ്ക് വഹിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ അധികാരികളും ജനങ്ങളും ആദ്യം ചെയ്യേണ്ടത്, മഴ പെയ്ത് കിട്ടുന്ന ജലം വേഗത്തില്‍ ഒഴുകി കടലിലെത്തുന്നതു തടഞ്ഞ് ഭൂമിയില്‍ വെള്ളം പിടിച്ചുനിര്‍ത്തുക എന്നതാണ്. ജലസംരക്ഷണത്തിന് എന്തുചെയ്യാനാകുമെന്ന് നോക്കാം.

ജലസംരക്ഷണം: ജലസംരക്ഷണമാണ് ആദ്യം വേണ്ടത്-ജലം പാഴാക്കാതിരിക്കുക, അതിനുള്ള സാധ്യതകള്‍ കുറയ്ക്കുക, കഴിയുംപോലെ ജലം പുനചംക്രമണം ചെയ്യുക.

കാറില്ലാത്ത വീടുകള്‍ കുറവാണിന്ന്, ഇരുചക്രവാഹനങ്ങളുമുണ്ടാകും. ഇതെല്ലാം ദിവസവും കഴുകിവൃത്തിയാക്കുന്ന ഏര്‍പ്പാട് വേണ്ടെന്ന് വെയ്ക്കണം. അതുപോലെ തോട്ടത്തിലെ പൂച്ചെടികള്‍ നനയ്ക്കാന്‍ ഹോസ് പിടിപ്പിച്ച പൈപ്പ് മണിക്കൂറുകള്‍  തുറന്നിട്ടിരിക്കുന്നത് പലയിടത്തും കാണാം. അത് വേണ്ടെന്നുവയ്ക്കണം. രണ്ടുദിവസത്തിലൊരിക്കല്‍ ആവശ്യത്തിനുമാത്രം നനച്ചാല്‍മതി. അതു പോരെന്നുള്ളവര്‍ക്ക് ഡ്രിപ് ഇറിഗേഷന്‍ എന്ന സംവിധാനം സ്ഥാപിക്കാവുന്നതാണ്. വളരെ കുറച്ചു വെള്ളംകൊണ്ട് ചെടിക്ക് ആവശ്യത്തിനു വെള്ളമെത്തിക്കുന്ന പദ്ധതിയാണിത്. പല്ലുതേക്കല്‍, കുളി തുടങ്ങിയ സംഗതികള്‍ക്ക് നാം പലപ്പോഴും ആവശ്യത്തില്‍ക്കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നു. വേണമെങ്കില്‍ പരമാവധി ഇരുപതു ലിറ്റര്‍ (ഒരു ബക്കറ്റ്) വെള്ളത്തില്‍ കുളിക്കാനാകും. അതുപോലെ ഒന്നോ ഒന്നരയോ ലിറ്റര്‍ വെള്ളംകൊണ്ടു പല്ലുതേക്കാനാകും. ഒരു മഗ്ഗില്‍ വെള്ളമെടുത്ത് അതുപയോഗിച്ചു പല്ലുതേക്കാന്‍ ശ്രമിച്ചാല്‍ അത് നടക്കും.

മഴവെള്ളസംഭരണം: മഴയാണ് ഏറ്റവും പ്രധാനപ്പെട്ട ശുദ്ധജലസ്രോതസ്സ്. കേരളത്തില്‍ മഴ വഴി കിട്ടുന്ന വെള്ളത്തില്‍ നല്ലപങ്ക് നേരെ ഒഴുകി ഓടകളും തോടുകളും നദികളും വഴി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സമുദ്രത്തിലെത്തുകയാണ് പതിവ്. 

മഴവെള്ളം തടഞ്ഞുനിര്‍ത്തി നമ്മുടെ ഉപയോഗത്തിനുശേഷം മാത്രം സമുദ്രത്തിലേക്ക് ഒഴുകാന്‍ അനുവദിക്കുക എന്നതാണ് ചെയ്യേണ്ട മറ്റൊരു കാര്യം. ഇതിനായി കേരളത്തിലെ എല്ലാ കെട്ടിടങ്ങളിലും, നിലവിലുള്ളതായാലും ഇനി പണിയുന്നതായാലും നിര്‍ബന്ധമായി മഴവെള്ളസംഭരണം നടപ്പിലാക്കണം. ഇതിനുള്ള സാമ്പത്തികവും സാങ്കേതികവുമായ സഹായം സര്‍ക്കാരും ബാങ്കുകളും മറ്റു സ്ഥാപനങ്ങളും വഴി ലഭ്യമാക്കുക. സ്വന്തം ഗുണത്തിനാണ് എന്ന ബോധത്തോടെ നടപ്പാക്കേണ്ടത് ജനങ്ങളാണ്.

ഭൂമിയില്‍ വീഴുന്ന വെള്ളം കഴിയുന്നത്ര ഒഴുകിപ്പോകാതെ മണ്ണില്‍ താഴാനായി മഴക്കുഴികളെടുക്കുക, കോണ്‍ക്രീറ്റും മറ്റു ജലം കടക്കാത്ത വസ്തുക്കളും കൊണ്ട് മണ്ണ് മൂടാതിരിക്കുക, തുടങ്ങിയ കാര്യങ്ങള്‍ എല്ലാവരും ശ്രദ്ധിക്കണം.

വനസംരക്ഷണം: ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രശ്‌നം നേരിടാനായി വനസംരക്ഷണത്തില്‍ എല്ലാവരും ശ്രദ്ധിക്കുക, അതുചെയ്യാന്‍ ശ്രമിക്കുന്ന സംഘടനകള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സഹായം കൊടുക്കുക, നാട്ടിലുള്ള മരങ്ങളും കുളങ്ങളും തടാകങ്ങളും മറ്റും സംരക്ഷിക്കാനും മലിനീകരണം തടയാനും സഹായിക്കുക. ജനപങ്കാളിത്തത്തോടെയുള്ള ഇത്തരം ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ജലസംരക്ഷണം ഉറപ്പാക്കാന്‍ കൂടിയേ തീരൂ. 

(തിരുവനന്തപുരം ഭൗമപഠനകേന്ദ്രത്തിലെ മുന്‍ശാസ്ത്രജ്ഞനാണ് ലേഖകന്‍)