വടകര: കുന്നുകളും മലകളും വരദാനമാകുന്നത് എങ്ങനെയെന്ന് തിരുവള്ളൂര്‍ പഞ്ചായത്തിലെ ചന്തുമല കാണിച്ചുതരും. മലയുടെ താഴ്വരയിലെ പൈങ്ങോട്ടായി അരീക്കുളങ്ങര പറമ്പ് തെളിനീരുറവകളുടെ സാഗരമാണ്.

വെറും 20 സെന്റില്‍ 13 കിണര്‍, ഒരു കുളം... കടുത്ത വരള്‍ച്ചയിലും വറ്റാത്ത ഈ ഉറവകള്‍ ജീവാമൃതം പകരുന്നത് 15 കുടുംബങ്ങള്‍ക്ക്. തിരുവള്ളൂര്‍ പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളിലൊന്നാണിത്. ജലക്ഷാമം രൂക്ഷമായ പ്രദേശം.

അരീക്കുളങ്ങര പറമ്പിന്റെ താഴെയുള്ള പ്രദേശങ്ങളിലൊന്നും കിണര്‍ കുഴിച്ചാല്‍ വെള്ളം കിട്ടില്ല. അടിവശത്ത് പാറയാണ്. കുറേക്കൂടി താഴെ വെള്ളം കിട്ടണമെങ്കില്‍ കിണര്‍ 20 കോല്‍ ആഴത്തിലെങ്കിലും കുഴിക്കണം. ഇവിടെയാണ് ഏറെ ഉയരത്തിലുള്ള അരീക്കുളങ്ങര പറമ്പ് അദ്ഭുതമാകുന്നത്.

ഇവിടെ വെള്ളംകിട്ടാന്‍ പരമാവധി മൂന്നോ നാലോ കോല്‍ ആഴംമതി. ചില കിണറുകള്‍ക്ക് ആഴം ആറടിമാത്രം. ഏതു വേനലിലും സ്ഫടികംപോലെ തിളങ്ങുന്ന വെള്ളം സുലഭം. അരീക്കുളങ്ങര ബാബു, രവീന്ദ്രന്‍ എന്നിവരുടെ പറമ്പിലാണ് 11 കിണറും ഒരു കുളവുമുള്ളത്.

10 വര്‍ഷംമുമ്പാണ് ഇവിടെ മറ്റൊരു കിണര്‍ കുഴിക്കാന്‍ ഒരാള്‍ക്ക് സമ്മതം നല്‍കിയത്. ഇതിലും പെട്ടെന്നുതന്നെ വെള്ളം കിട്ടി. പിന്നീട് അതൊരു പതിവായി. വെള്ളത്തിനായി നെട്ടോട്ടമോടുന്ന പലരും ബാബുവിനെ സമീപിച്ചു. ആവശ്യം ഒന്നുമാത്രം-കിണര്‍ കുഴിക്കാന്‍ സ്ഥലംതരണം -അങ്ങനെ 10 കിണര്‍കൂടി ഇവിടെ കുഴിച്ചു.

എല്ലാം തട്ടുതട്ടായുള്ള പറമ്പുകളില്‍. രണ്ടുമാസം മുമ്പാണ് ഒടുവിലത്തെ കിണര്‍ കുഴിച്ചത്. ഇതില്‍ നേര്‍ത്ത ഉറവമാത്രമേയുള്ളൂ. മറ്റൊരു കിണറിലും മണ്ണിടിഞ്ഞ് വെള്ളമില്ല. ബാക്കി എല്ലാ കിണറുകളും പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കുളവും ജലസമൃദ്ധം. നട്ടുച്ചയ്ക്കുപോലും നേര്‍ത്ത തണുപ്പാണ് ഈ പ്രദേശത്തിന്. വരള്‍ച്ചയുടെ സൂചനപോലുമില്ലാത്ത ഹരിതഭൂമി.

ഉയര്‍ന്നപ്രദേശമായതിനാല്‍ ഇവിടെനിന്ന് താഴേക്ക് വെള്ളം കൊണ്ടുപോകാന്‍ മോട്ടോറിന്റെ ആവശ്യമൊന്നുമില്ല. നീളമുള്ള പൈപ്പുമാത്രംമതി. വീട്ടുകാര്‍ ടാങ്കിലും മറ്റും വെള്ളം നിറച്ചുവെയ്ക്കുകയാണ് പതിവ്. അപ്പോഴേക്കും കിണറിലെ വെള്ളം കുറയുമെങ്കിലും വൈകാതെതന്നെ പഴയസ്ഥിതിയിലാകും. വഴിനീളെ കാണാം വെള്ളം വഹിക്കുന്ന പൈപ്പുകള്‍.

ചന്തുമലയുടെ മറ്റു ഭാഗങ്ങളിലും ഇതേപോലുള്ള ഉറവകളുണ്ട്. വയല്‍പ്രദേശങ്ങള്‍പോലും ഊഷരഭൂമിയാകുന്ന കാലത്ത് ചന്തുമലയും അരീക്കുളങ്ങര പറമ്പുമെല്ലാം പ്രകൃതി കരുതിവെച്ച അദ്ഭുതമാണ്. കുന്നുകള്‍ക്ക് വിലപറയുന്നവര്‍ക്കുള്ള മുന്നറിയിപ്പും.
 

പ്രാദേശിക പ്രതിഭാസമെന്ന് വിദഗ്ധര്‍

മലയുടെ മുകള്‍ഭാഗത്തുള്ള വെള്ളത്തിന്റെ സാന്നിധ്യം പ്രാദേശിക പ്രതിഭാസമാണെന്ന് സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലെ ഭൂഗര്‍ഭജലവിഭാഗം ശാസ്ത്രജ്ഞന്‍ ഡോ. സി.പി. പ്രിജു. ലോക്കല്‍ വാട്ടര്‍ ടേബിള്‍ അഥവാ 'പെര്‍ച്ച്ഡ് വാട്ടര്‍ ടേബിള്‍' എന്നാണ് ഇതിനെ വിളിക്കുക.