സിഡ്‌നി: ഭൂമുഖത്ത് ഇതുവരെ അരങ്ങേറിയതിൽ ഏറ്റവും ഭീതിജനകമായ ഏടാണ് പെർമിയൻ യുഗത്തിന്റെ അന്ത്യത്തിൽ, ഏതാണ്ട് 25.2 കോടി വർഷം മുമ്പുണ്ടായ ജീവജാതികളുടെ കൂട്ടവംശനാശം. അതിനിടയാക്കിയത് അതിഭീമൻ അഗ്‌നിപർവ്വത സ്ഫോടനങ്ങളും, അതിന്റെ ഫലമായി ഭൗമാന്തരീക്ഷത്തിലുണ്ടായ കാർബൺ ഡയോക്‌സയിഡ് (CO2) വ്യാപനവുമാണ്. ഹരിതഗൃഹവാതകമായ CO2 കണക്കില്ലാതെ അന്തരീക്ഷത്തിൽ വ്യാപിച്ചപ്പോൾ ഭൂമിയുടെ താപനില ഉയർന്നു. അങ്ങനെയുണ്ടായ ആഗോളതാപനത്തിൽ കരയിലും കടലിലും കഴിഞ്ഞിരുന്ന ജീവികളിൽ വലിയൊരു പങ്ക് തുടച്ചുനീക്കപ്പെട്ടു.

ഇത്തരത്തിലുള്ള കൂട്ടവംശനാശ സന്ദർഭങ്ങളിലെല്ലാം തടാകങ്ങളിലും പുഴകളിലും വലിയ തോതിൽ വിഷാണുവ്യാപനം ഉണ്ടായിട്ടുണ്ടെന്ന് പുതിയൊരു പഠനം മുന്നറിയിപ്പ് നൽക്കുന്നു. ഓസ്‌ട്രേലിയ കേന്ദ്രമായി ഒരു അന്തരാഷ്ട്രസംഘം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. താപനം മൂലം ബാക്ടീരിയ, ആൽഗെകൾ എന്നിവയുടെ ശുദ്ധജലത്തിലെ വർധന ആയിരക്കണക്കിന് വർഷം നീണ്ടുനിന്നതായി പഠനം പറയുന്നു. നേച്ചർ കമ്മ്യൂണിക്കേഷനിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

പെർമിയൻ നാശം പോലെ, ഭൂമിയിലെ താപവർധന മൂലമുണ്ടായ വംശനാശ ഏടുകളിലെല്ലാം, അമിതമായ വിഷാണു വ്യാപനം (ടോക്‌സിക് മൈക്രോബിയൽ ബ്ലൂം) ശുദ്ധജല തടാകങ്ങളിലും പുഴകളിലും ഉണ്ടായിട്ടുണ്ട്. അതിനാൽ, ഇത്തരം ജലയിടങ്ങളൊന്നും ജീവികൾക്ക് സുരക്ഷിതമല്ലാതായി മാറി. ഈ ആഘാതത്തെ അതിജീവിച്ച് ജൈവവൈവിധ്യം പുനസ്ഥാപിക്കാൻ ഭൂമിക്ക് ലക്ഷക്കണക്കിന് വർഷങ്ങൾ വേണ്ടിവന്നതായി പഠനത്തിൽ പറയുന്നു.

kumre vieja volcano eruption

കുംബ്രെ ബിയേഹ അഗ്നി പർവ്വത സ്ഫോടനം | AFP

അന്ന് അഗ്നിപർവ്വത സ്ഫോടനമെങ്കിൽ ഇന്ന് മനുഷ്യ ഇടപെടൽ

ഓസ്‌ട്രേലിയയിലെ ഭൗമശാസ്ത്ര രേഖ അനുസരിച്ച്, പെര്‍മിയന്‍ വംശനാശം സംഭവിക്കുമ്പോള്‍ ഉണ്ടായ കാലാവസ്ഥാ വ്യതിയാനം മൂലം ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ശുദ്ധജല ആവാസവ്യവസ്ഥകളിലൊന്നായ സിഡ്‌നി ബേസിന്‍ വിഷസൂപ്പിന് സമാനമായെന്നാണ് കരുതുന്നത്. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല ശേഖരങ്ങളിലൊന്നാണ് സിഡ്‌നി ബേസിന്‍. ഇത്തരത്തിൽ നിലവിലെ മനുഷ്യന്റെ പ്രകൃതിയെ നശിപ്പിക്കുന്ന ഇടപെടലുകള്‍ സമാനമായ കൂട്ടവംശനാശ ഘട്ടത്തിലേക്കാണ് ലോകത്തെ നയിക്കുന്നതെന്നാണ് ശാസ്ത്രലോകം പറയുന്നത്.

'തടാകങ്ങളിലും ആഴം കുറഞ്ഞ സമുദ്രആവാസവ്യവസ്ഥയിലും കൂടുതല്‍ വിഷാംശമുള്ള ആല്‍ഗകള്‍ വളരുന്നത് ഞങ്ങള്‍ കാണുന്നു. താപനിലയിലെ വര്‍ധനവ് ശുദ്ധജല ശേഖരങ്ങളെ കൂടുതല്‍ പോഷക സമ്പുഷ്ടമാക്കുന്നു. ഇത് ശുദ്ധജലശേഖരങ്ങളില്‍ ആല്‍ഗെകളുകളുടെ ക്രമാതീത വര്‍ധനവിനിടയാക്കുന്നു,'  കണക്റ്റിക്കട്ട് യൂണിവേഴ്‌സിറ്റിയിലെ ജിയോളജിസ്റ്റ് ട്രേസി ഫ്രാങ്ക് പറയുന്നു.

ആ കാലഘട്ടത്തിലെ CO2 വ്യാപനത്തിന് അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളാണ് ആക്കം കൂട്ടിയതെങ്കില്‍  ഇപ്പോള്‍ മനുഷ്യന്റെ ഇടപെടലുകളാണ് ആഗോളതാപനത്തിനും കാര്‍ബണ്‍ വ്യാപനത്തിനും ഇടയാക്കുന്നത്. ഇത് ശുദ്ധജല തടാകങ്ങളെയും പുഴകളെയും വിഷസൂപ്പാക്കി മാറ്റുകയാണ്. ആല്‍ഗെകളും ബാക്ടീരിയകളും ശുദ്ധജലതടാകങ്ങളുടെ ഭാഗമാണെങ്കിലും ഇവയുടെ ക്രമാതീതമായ വര്‍ധനവ് ജലത്തിലെ ഓക്‌സിജന്റെ അളവ് കുറയ്ക്കുകയും മറ്റ് ജീവികളുടെ നാശത്തിന് ഇടയാക്കുന്ന ഡെഡ് സോണുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

ആഗോളതാപനവും വനനശീകരണവും മണ്ണൊലിപ്പും മൂലം മണ്ണിലെ പോഷകങ്ങള്‍ ജലസ്രോതസ്സുകളിലേക്ക് കുതിച്ചുകയറുന്നതിലൂടെ ജലശേഖരങ്ങളില്‍ പോഷകങ്ങള്‍ നിറയുകയും ഇത് സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്യും. ഈ കാലഘട്ടത്തില്‍ ഇത് നിലവില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

soil erosion
അസ്സമിലെ കാംരൂപ് ജില്ലയിലെ മണ്ണൊലിപ്പ് | ANI ഫയൽ ചിത്രം

വനനശീകരണവും മണ്ണൊലിപ്പും ശുദ്ധജലത്തെ സൂക്ഷ്മാണുകേന്ദ്രമാക്കുന്നു

പെര്‍മിയന്‍ കാലഘട്ടത്തിലെ വംശനാശത്തിനിടയാക്കിയ അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങള്‍ ആദ്യം ഹരിതഗൃഹ വാതകത്തിന്റെ ത്വരിതഗതിയിലുള്ള വര്‍ദ്ധനവിന് കാരണമായി. ഇത് ഉയര്‍ന്ന ആഗോള താപനിലയ്ക്കും കാട്ടുതീ, വരള്‍ച്ച മൂലമുള്ള വനനശീകരണത്തിനും കാരണമായി. മരങ്ങള്‍ ഇല്ലാതായതോടെ മണ്ണിന്റെ ഘടന ക്ഷയിച്ച് മണ്ണൊലിപ്പുണ്ടായി. തത്ഫലമായി പോഷകങ്ങള്‍ ശുദ്ധജല ആവാസവ്യവസ്ഥയിലേക്ക് ഒലിച്ചിറങ്ങി.

പെര്‍മിയന്‍ വംശനാശത്തിന്റെ പശ്ചാത്തലത്തിലെ സൂക്ഷ്മാണുക്കളുടെ വ്യാപനം ആവാസവ്യവസ്ഥയുടെ തകര്‍ച്ചയുടെ ലക്ഷണമായിരുന്നു. പ്രകൃതി തിരികെ അതിന്റെ അഭിവൃദ്ധിയിലേക്ക് മടങ്ങുന്നത് വൈകിച്ചതും ഈ സൂക്ഷ്മാണുക്കളുടെ വ്യാപനമായിരുന്നു. സിഡ്‌നി ബേസിനില്‍ നിന്ന് ലഭിച്ച് മണ്ണ്, ഫോസില്‍, ജിയോകെമിക്കല്‍ ഡാറ്റ എന്നിവ പ്രകാരമാണ് ഇത്തരം നിഗമനങ്ങളിലെത്തിയത്. 

പെര്‍മിയന്‍ കൂട്ടവാശനാശവും അതിന്റെ ഭാഗമായുണ്ടായ ജലശേഖരങ്ങളിലെ സൂക്ഷ്മാണു വ്യാപനവും ആവാസവ്യവസ്ഥയുടെ വീണ്ടെടുപ്പ് 30 ലക്ഷം വര്‍ഷക്കാലത്തോളമാണ് വൈകിപ്പിച്ചത്. വനവത്കരണത്തിനും ഏതാണ്ടത്രയും കാലത്തോളം സമയമെടുത്തു.  

ലോകമെമ്പാടുമുള്ള കൂട്ട വംശനാശ സംഭവങ്ങള്‍ക്ക് ശേഷമുള്ള സൂക്ഷ്മാണുക്കളുടെ വ്യാപനം സാധാരണസംഭവമാണെന്നാണ് പഠനം പറയുന്നത്. 6.6 കോടി വര്‍ഷം മുമ്പ് ദിനോസറുകളുടെ കൂട്ട വംശനാശത്തിന് കാരണമായ ഉല്‍ക്കാപതനം മാത്രമാണ് ഇതിന് അപവാദം. കാരണം ഉല്‍ക്കാപതന വേളയില്‍ അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളിലുണ്ടായ പോലെ അമിതമായ കാര്‍ബണ്‍ വ്യാപനം ഉണ്ടായില്ലെന്നാണ് ശാസ്ത്രലോകം കരുതുന്നത്. 

മുഴുവന്‍ ആവാസവ്യവസ്ഥകളെയും നശിപ്പിക്കുന്ന ഒരു ഘടകമാണ് തീ. കാലിഫോര്‍ണിയയിലും ലോകത്തിന്റെ വിവിധഭാഗങ്ങളിലും മറ്റും നമുക്കത് കാണാം. ഇത് മരങ്ങളെ നശിപ്പിക്കും. വനനശീകരണം മണ്ണൊലിപ്പിനിടയാക്കും മണ്ണിലെ പോഷകങ്ങള്‍ ജലസ്രോതസ്സുകളിലെത്തും. ഇത് ആല്‍ഗെകളുടെയും മറ്റ് സൂക്ഷ്ണാണുക്കളുടെയും പെരുകലിന് ഇടവരുത്തും. കടലിലെയും പുഴകളിലെയും മത്സ്യസമ്പത്തിന്റെയും മറ്റ് ജീവികളുടെയും നാശത്തിന് ഇടവരുത്തും. ലോകത്തിന്റെ അവിടവിടങ്ങളിലായി അത് സംഭവിക്കുന്നു എന്നതാണ് ദാരുണമായ സത്യം.  

Reference : 

https://www.vice.com/en/article/bvzqg5/a-warning-sign-of-a-mass-extinction-event-is-on-the-rise-scientists-say

https://www.nature.com/articles/s41467-021-25711-3

content highlights: Warning sign of Mass extinction happening, Freshwater turning into Toxic Soup